എലെ, ഡെക്കാസെ
ഫ്രഞ്ച് രാജ്യതന്ത്രജ്ഞനായിരുന്ന എലെ, ഡെക്കാസെ 1780 സെപ്റ്റംബർ 28-ന് ജനിച്ചു. നിയമബിരുദമെടുത്തശേഷം 1806 മുതൽ ന്യായാധിപനായി സേവനമനുഷ്ഠിച്ചു തുടങ്ങി. ലൂയി XVIII-നെ പിന്തുണച്ചിരുന്ന ഡെക്കാസെ 1815 ജൂലൈയിൽ പൊലീസ് വകുപ്പിൽ പ്രിഫക്റ്റ് ആയി നിയമിതനായി. സെപ്റ്റ്ബറിൽ പൊലീസ് വകുപ്പിന്റെ മന്ത്രിയാകുവാനും സാധിച്ചു. ഈ കാലഘട്ടത്തിൽ മിതവാദി നേതാവായിത്തീർന്നിരുന്ന ഇദ്ദേഹം തീവ്രവാദികൾക്കു ഭൂരിപക്ഷമുണ്ടായിരുന്ന ചേംബർ ഒഫ് ഡെപ്യൂട്ടീസ് പിരിച്ചുവിടാൻ ചക്രവർത്തിയെ നിർബന്ധിച്ചു (1816 ആഗസ്റ്റ്). തുടർന്ന് ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമ മാർഗങ്ങളിലൂടെ മിതവാദികൾക്കു ഭൂരിപക്ഷം ലഭിക്കത്തക്ക സാഹചര്യമൊരുക്കി.
എലെ, ഡെക്കാസെ | |
---|---|
ഫ്രാൻസിലെ നാലാമത്തെ പ്രധാനമന്ത്രി | |
ഓഫീസിൽ 19 November 1819 – 20 February 1820 | |
Monarch | Louis XVIII |
മുൻഗാമി | Marquis Dessolles |
പിൻഗാമി | Duc de Richelieu |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Saint-Martin-de-Laye | 28 സെപ്റ്റംബർ 1780
മരണം | 24 ഒക്ടോബർ 1860 Paris | (പ്രായം 80)
രാഷ്ട്രീയ കക്ഷി | Constitutional Monarchist, Orleanist |
ആഭ്യന്തര മന്ത്രിയായി
തിരുത്തുകജീൻ ഡിസ്സോളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 1818-ൽ ഇദ്ദേഹം ആഭ്യന്തരകാര്യ മന്ത്രിയായി നിയമിതനായി. ചില ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം തീവ്രവാദികളുടെ എതിർപ്പുമൂലം ഫലവത്തായില്ല. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം മൂലം ഡിസ്സോൾ രാജിവച്ചപ്പോൾ 1819 നവംബർ 19-ന് ഡെക്കാസെയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്നു. എന്നാൽ തീവ്രവാദി നേതാവായിരുന്ന ഡി ബാറിയുടെ മരണത്തിനുത്തരവാദി ഡെക്കാസെ ആണെന്ന് ആരോപണമുണ്ടായതോടെ 1820 ഫെബ്രുവരിയിൽ അധികാരമൊഴിയേണ്ടിവന്നു.
പിന്നീട് ഡെക്കാസെ പ്രഭു പദവിയിലേക്കുയർത്തപ്പെട്ടു. തുടർന്നിദ്ദേഹം ഇംഗ്ലണ്ടിലെ അംബാസഡറായി നിയമിതനായി. 1821-ൽ ഫ്രാൻസിൽ മടങ്ങിയെത്തി പ്രഭുസഭയിൽ അംഗമായിത്തുടർന്നു. 1860 ഒക്ടോബർ 24-ന് ഇദ്ദേഹം നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.britannica.com/EBchecked/topic/154961/Elie-Duke-Decazes
- http://www.answers.com/topic/lie-duc-decazes
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡെക്കാസെ, എലെ (1780 - 1860) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |