ജ്യോതിർജീവശാസ്ത്രം

(എക്സോബയോളജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവത്തെ കുറിച്ചും പരിണാമത്തെ കുറിച്ചും വിതരണത്തെ കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജ്യോതിർജീവശാസ്ത്രം അഥവാ ആസ്ട്രോബയോളജി. എക്സോബയോളജി, എക്സോപേലിയോൺടോളജി, ബയോആസ്ട്രോണമി, ക്സീനോബയോളജി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. നമ്മുടെ സൗരയൂഥത്തിൽ ആവാസയോഗ്യമായ അന്തരീക്ഷങ്ങളും സൗരയൂഥത്തിനു പുറത്ത് ആവാസയോഗ്യമായ ഗ്രഹങ്ങളും കണ്ടെത്തുക, ജീവപൂർ‌വ രസതന്ത്രത്തിന്‌ തെളിവുകൾ കണ്ടെത്തുക, ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും ജീവൻ അന്വേഷിക്കുക, ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെ കുറിച്ചും ആദിമ പരിണാമത്തെ കുറിച്ചും ഗവേഷണം നടത്തുക എന്നിവ ഈ ശാസ്ത്ര ശാഖയിൽ ഉൾപ്പെട്ടിരിക്കുന്നു.[1]

ഡി.എ൯.എയുടെ ചിത്രം.പ്രപഞ്ചത്തിൽ ജീവന്റെ അടിസ്ഥാന കണികകൾ Nucleic അമ്ലങ്ങൾ മാത്രം ആകണമെന്നില്ല.

ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, ജീവശാസ്ത്രം, തന്മാത്രാ ജീവശാസ്ത്രം, പരിതഃസ്ഥിതിക ശാസ്ത്രം, ഗ്രഹശാസ്ത്രം, ഭൂമിശാസ്ത്രം, ഭൂഗർഭശാസ്ത്രം, എന്നീ ശാസ്ത്ര ശാഖകളുടെ സഹായത്താൽ ജ്യോതിർജീവശാസ്ത്രം മറ്റു ലോകങ്ങളിൽ ജീവൻ നിലനിൽക്കാൻ ഉള്ള സാധ്യതയെ കുറിച്ച് പഠിക്കുന്നു. ഭൂമിയിലെ ജീവമണ്ഡലത്തിൽ നിന്നും വ്യത്യസ്തമായ ജീവമണ്ഡലങ്ങൾ തിരിച്ചറിയുന്നതിനും ജ്യോതിർജീവശാസ്ത്രം സഹായിക്കുന്നു.[2][3] എന്നാൽ ജ്യോതിർജീവശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഇപ്പോഴും പല മേഖലകളിൽ നിന്നും വെല്ലുവിളികൾ നേരിടുന്നു. ജ്യോതിർജീവശാസ്ത്രത്തിന്റെ പല തത്ത്വങ്ങളും ഇപ്പോഴും ഉഹാപോഹങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്.

പേരിനു പിന്നിൽ

തിരുത്തുക

ആസ്ട്രോബയോളജി (ജ്യോതിർജീവശാസ്ത്രം) എന്ന വാക്ക് ഗ്രീക്ക് പദങ്ങളായ ἄστρον (astron - അസ്ട്രോൻ - നക്ഷത്രം,നക്ഷത്രരാശി എന്നെല്ലാം അർത്ഥം), βίος (bios - ബയോസ് -ജീവൻ എന്ന് അർത്ഥം),-λογία (logia - ലോജിയ- പഠനം എന്ന് അർത്ഥം) എന്നിവയിൽ നിന്നാണ് രൂപപ്പെട്ടത്.

 
ഭൂമിയിൽ കണ്ടുവരുന്ന കോശം പോലുള്ള ഘടനകൾ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവന്റെ അടിസ്ഥാനമാകുമോ എന്ന് ഇനിയും അറിവായിട്ടില്ല. ചിത്രം: ചെടികളിൽ കണ്ടു വരുന്ന Chloroplasts എന്ന പദാർത്ഥം

ജ്യോതിർജീവശാസ്ത്രം ഒരു വളർന്നുവരുന്ന ശാസ്ത്രശാഖയാണെന്നിരിക്കിലും, പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ നിലനില്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തി ഉള്ളതും ശാസ്ത്രീയമായ അടിസ്ഥാനമുള്ളതും ആണ്. ഗ്രഹശാസ്ത്രകാരനായ ഡേവിഡ്‌ ഗ്രിൻസ്പൂൺ ജ്യോതിർജീവശാസ്ത്രത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു : " [ജ്യോതിർജീവശാസ്ത്രം,] ശാസ്ത്രീയമായ ഊഹാ പോഹങ്ങളെ അടിസ്ഥാനമാക്കി ഉള്ള ഒരു തത്ത്വചിന്തയാണ്".[4][5] ഒരു കാലത്ത് ശാസ്ത്രീയ പഠനങ്ങളുടെ പരിധിക്കു പുറത്തായി ജ്യോതിർജീവശാസ്ത്രത്തെ കണക്കാക്കിയിരുന്നെങ്കിലും ഇപ്പോൾ ജ്യോതിർജീവശാസ്ത്രം ഒരു പൂർണ ഔദ്യോഗിക പഠന മേഖലയാണ്. നാസ, 1959ൽ ആദ്യത്തെ ജ്യോതിർജീവശാസ്ത്ര പ്രോജെക്റ്റിനു നേതൃത്വം നൽകുകയും, 1960ൽ ഒരു ജ്യോതിർജീവശാസ്ത്ര പ്രോഗ്രാം നടപ്പാക്കുകയും ചെയ്തു.[1][6] 1976ൽ വിക്ഷേപിച്ച നാസയുടെ വൈക്കിംഗ് ദൗത്യം, ചൊവ്വയിൽ ജീവന്റെ തെളിവുകൾ കണ്ടെത്തുന്നതിനായി സജ്ജീകരിച്ചിരുന്നു.1971ൽ നാസയുടെ നേതൃത്വത്തിൽ സെർച്ച്‌ ഫോർ എക്സ്ട്രാ റ്റെറസ്ട്രിയൽ ഇന്റലിജ൯സ്(SETI) എന്ന പദ്ധതിക്ക് തുടക്കമിട്ടു. വാനം നിരീക്ഷിച്ചു, മറ്റു ഗ്രഹങ്ങളിൽ നിന്നും പ്രപഞ്ചത്തിലെ മറ്റു സംസ്കാരങ്ങളിൽ നിന്നും വന്നേക്കാവുന്ന റേഡിയോ തരംഗങ്ങൾ കണ്ടെത്തുക എന്നതാണ് സെറ്റി പദ്ധതിയുടെ ലക്ഷ്യം. 1997ലെ മാർസ് പാത്ത്‌ഫൈ൯ഡർ പേടകം, ചൊവ്വയിലെ കല്ലുകളിൽ സൂക്ഷ്മ ജീവികളെ കണ്ടെത്തുന്നതിനായി ശാസ്ത്രീയ ഉപകരണങ്ങൾ കരുതിയിരുന്നു.[7]

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജ൯സിയുടെയും സൗരയൂഥ പര്യവേക്ഷണങ്ങളിൽ ജ്യോതിർജീവശാസ്ത്രത്തിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്നു. യൂറോപ്പിൽ ജ്യോതിർജീവശാസ്ത്രത്തിലെ ആദ്യത്തെ പണിശാല 2001 മെയ്‌ 21 നു ഇറ്റലിയിൽ നടന്നു.[8] ഈ പണിശാലയുടെ ഫലമാണ് അറോറ പ്രോഗ്രാം.[9] ഇപ്പോൾ നാസയുടെ കീഴിൽ ഒരു ജ്യോതിർജീവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നു. കൂടാതെ അമേരിക്കൻ ഐക്യ നാടുകളിലും, ബ്രിട്ടനിലും, കാനഡയിലും, അയർലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പല സർവകലാശാലകളും ജ്യോതിർജീവശാസ്ത്രത്തിൽ ഗ്രാജുവേറ്റ് ഡിഗ്രി നൽകുന്നു.

ജ്യോതിർജീവശാസ്ത്രത്തിൽ ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങളിൽ പ്രമുഖമായത്, ചൊവ്വയിൽ ജീവൻ ഉണ്ടോ എന്ന് പഠിക്കലാണ്‌. ചൊവ്വയിൽ മുൻപ് ജലം ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. കാർബൺ അടിസ്ഥാനമായുള്ള ജീവന് ജലം ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ്.[10]

 
ചൊവ്വയിൽ നിന്നും വന്ന ഉൽക്കാശിലയായ ALH84001. ഇതിൽ സൂക്ഷ്മ ജീവികളെ പോലുള്ള രൂപങ്ങൾ ജീവന്റെ പ്രവൃത്തി മൂലം ഉണ്ടായതാണെന്ന് കരുതുന്നു.

വൈക്കിംഗ് ദൌത്യം, ബീഗിൾ-2 എന്നിവ ചൊവ്വയിൽ ജീവൻ കണ്ടെത്തുന്നതിലേക്കായി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങൾ ആണ്. വൈക്കിംഗ് ദൌത്യത്തിൽ നിന്നുള്ള വിവരങ്ങൾ ഉപസംഹരിക്കപ്പെടാൻ ആവാത്തതാണ്.[11] ബീഗിൾ-2 വിവരങ്ങൾ ഒന്നും പ്രക്ഷേപണം ചെയ്തില്ല. ബീഗിൾ-2 ചൊവ്വയുടെ ഉപരിതലത്തിൽ തകർന്നു വീണിട്ടുണ്ടാകും എന്നാണ് അനുമാനിക്കുന്നത്.[12] ജ്യോതിർജീവശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പ്രധാന ദൗത്യം ഒരു പക്ഷെ ജൂപിറ്റർ ഐസി മൂൺസ് ഓർബിറ്റർ ആകുമായിരുന്നിരിക്കാം, വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ പഠനം നടത്താൻ ഉദ്ദേശിച്ചിരുന്ന ഈ ദൗത്യം പക്ഷേ റദ്ദാക്കുകയാണുണ്ടായത്. ഈ അടുത്തിടെയ്ക്ക് ഫീനിക്സ് ബഹിരാകാശപേടകം ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ചും, ജലലഭ്യതയെ കുറിച്ചും മറ്റും പഠനങ്ങൾ നടത്തുകയുണ്ടായി.

2011ൽ നാസ, മാർസ് സയൻസ് ലബോറട്ടറി എന്ന പേടകം അയക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ പേടകം ചൊവ്വയിൽ ജീവന് വേണ്ടിയുള്ള തിരച്ചിൽ തുടരും. യൂറോപ്യൻ ബഹിരാകാശ ഏജ൯സിയുടെ, എക്സോ മാർസ് ആസ്ട്രോബയോളജി റോവർ എന്ന പേടകം ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. ഈ പേടകം 2018ൽ വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്.

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന "കമ്മിഷൻ 51 - ജ്യോതിർജീവശാസ്ത്രം" എന്നതിലൂടെ തുടർച്ചയായി പ്രമുഖ അന്താരാഷ്ട്ര സമ്മേളനങ്ങൾ നടത്താറുണ്ട്‌. കമ്മീഷൻ 51 -ബയോആസ്ട്രോണമി: സെർച്ച്‌ ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജ൯സ് എന്ന സമിതി 1982ലാണ് നിലവിൽ വന്നത്. ഇപ്പോൾ ഇത് ഹവായി സർവകലാശാലയിലെ ജ്യോതിശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ പ്രവർത്തിക്കുന്നു.

സമ്പ്രദായം

തിരുത്തുക

പ്രയത്ന ലഘൂകരണം

തിരുത്തുക

മറ്റു ഗ്രഹങ്ങളിൽ ജീവനെ തേടുമ്പോൾ മുൻകൂട്ടിയുള്ള ചില അനുമാനങ്ങൾ ഒരു ജ്യോതിർജീവശാസ്ത്രകാരന്റെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കും. പ്രപഞ്ചത്തിൽ കാണുന്ന മിക്ക ജീവരൂപങ്ങളും ഭൂമിയിൽ കാണുന്നത് പോലെ കാർബൺ അടിസ്ഥാനമായുള്ളവയാണെന്ന് അനുമാനിക്കുന്നതാണ് ഇതിൽ ആദ്യത്തേത്.[13] കാർബൺ ഇതര മൂലകങ്ങൾ അടിസ്ഥാനമായ ജീവൻ നിലനിൽക്കാൻ സാധ്യത ഉണ്ടെന്നിരിക്കിലും മറ്റു മൂലകങ്ങളെ അപേക്ഷിച്ച് വിവിധ തരത്തിലുള്ള തന്മാത്രകൾ രൂപീകരിക്കാൻ കാർബണിനുള്ള കഴിവ് വളരെ വ്യക്തമാണ്.


ജീവന്റെ ഉൽപ്പത്തിയിലേക്ക് നയിക്കാനും കാർബൺ തന്മാത്രകളെ സങ്കീർണമായ രീതിയിൽ ക്രമീകരിക്കാനും ജലത്തിനുള്ള കഴിവ് നിലനിർത്തി, ജീവന്റെ നിലനിൽപ്പിനു ജലം കൂടിയേ തീരൂ എന്ന അനുമാനവും ഗുണം ചെയ്യും.[14] അമോണിയയോ ജല-അമോണിയ മിശ്രിതമോ ജീവന്റെ ഉൽപ്പത്തിക്കു സഹായിക്കും എന്ന് ചില ഗവേഷകർ പറയുന്നുണ്ട്.[15]

മൂന്നാമത്തെ അനുമാനം സൂര്യനെ പോലുള്ള നക്ഷത്രങ്ങളാണ്. ആവാസ വ്യവസ്ഥകൾ നിലനില്കാൻ സാധ്യതയുള്ള ഗ്രഹങ്ങളുടെ സ്ഥാനം എന്ന ആശയമാണ് ഈ അനുമാനത്തിന് കാരണം.[16] വളരെ വലിയ നക്ഷത്രങ്ങൾക്ക് താരതമ്യേന ചുരുങ്ങിയ ആയുസ്സേ ഉണ്ടാകൂ. അതിനർത്ഥം ഇത്തരത്തിലുള്ള നക്ഷത്രങ്ങൾക്ക് ചുറ്റും ഉള്ള ഗ്രഹങ്ങളിൽ ജീവൻ ഉത്ഭവിച്ചാലും അത് വളരെ സങ്കീർണ്ണമായ ജീവ രൂപങ്ങളിലേക്കു വികസിക്കാനുള്ള സമയം ലഭിക്കുന്നില്ല എന്നതാണ്. വളരെ ചെറിയ നക്ഷത്രങ്ങൾക്ക് ആകട്ടെ ജീവന്റെ നിലനിൽപ്പിനാവശ്യമായ ചൂടും മറ്റും പകരാൻ സാധ്യമല്ല താനും. അതിനാൽ തന്നെ ചെറിയ നക്ഷത്രങ്ങൾക്ക് ചുറ്റും ഉള്ള ഗ്രഹങ്ങളിൽ ജീവൻ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. ഇനി അഥവാ ഈ ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകണമെങ്കിൽ തന്നെ ആ ഗ്രഹങ്ങൾ നക്ഷത്രത്തിനോട് വളരെ അടുത്തായിരിക്കണം. ഇങ്ങനെ നക്ഷത്രത്തിനോട് വളരെ അടുത്തായിരുന്നാൽ ആ ഗ്രഹം ആ നക്ഷത്രവുമായി ഗുരുത്വാകർഷണ ബന്ധനത്തിൽ പെട്ടിരിക്കും. അതിനർത്ഥം ഗ്രഹത്തിന്റെ ഒരു വശം മാത്രം ഇപ്പോഴും നക്ഷത്രത്തിന് നേരെയും മറു വശം എപ്പോഴും ഇരുട്ടിലും ആയിരിക്കും.[17] ഇങ്ങനെ ഉള്ള ഗ്രഹങ്ങളിൽ വളരെ കട്ടി കൂടിയ അന്തരീക്ഷം ഇല്ലാത്ത പക്ഷം ഗ്രഹത്തിന്റെ ഒരുവശം ചുട്ടു പഴുത്തും, മറു വശം തണുത്തുറഞ്ഞും നിലനിൽക്കും. 2005ൽ ഈ ആശയം വീണ്ടും ശാസ്ത്ര സഹൂഹത്തിൽ ഉയർന്നുവന്നു. ഇതിനു കാരണം ചുവപ്പുകുള്ളൻമാരുടെ ആയുസ്സ് വലുതായതിനാൽ, അതിനെ വലം വയ്ക്കുന്ന കട്ടി കൂടിയ അന്തരീക്ഷം ഉള്ള ഗ്രഹങ്ങളിൽ ജീവൻ പരിണമിച്ചേക്കാം എന്ന ആശയമാണ്. പ്രപഞ്ചത്തിൽ ചുവപ്പുകുള്ളൻമാരുടെ എണ്ണം വളരെ കൂടുതലായതിനാൽ ഈ ആശയം വളരെ പ്രസക്തമാണ്.

നമ്മുടെ താരാപഥത്തിൽ 10% നക്ഷത്രങ്ങൾ സൂര്യനെ പോലുള്ളവയാണെന്നാണ് അനുമാനിക്കുന്നത്. സൂര്യനിൽ നിന്നും 100 പ്രകാശവർഷം വരെ ഉള്ള അകലത്തിനിടയിൽ ഇത് പോലെ ഏകദേശം 1000 നക്ഷത്രങ്ങൾ ഉണ്ട്. സെറ്റി പോലുള്ള ദൗത്യങ്ങൾ ഈ നക്ഷത്രങ്ങളിൽ നിന്നും വരുന്ന റേഡിയോ തരംഗങ്ങൾ കൂടുതൽ നിരീക്ഷിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ജീവൻ നിലനിൽക്കുന്നു എന്ന് മനുഷ്യന് അറിയാവുന്ന ഒരേയൊരു ഗ്രഹം ഭൂമി ആയതിനാൽ, മുകളിൽ പറഞ്ഞ അനുമാനങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ യാതൊരു വഴിയും ഇല്ല.

ജ്യോതിർജീവശാസ്ത്രത്തിലെ ഘടകങ്ങൾ

തിരുത്തുക

ജ്യോതിശാസ്ത്രം

തിരുത്തുക
 
OGLE-2005-BLG-390Lb എന്ന സൗരയൂഥേതരഗ്രഹം ചിത്രകാരന്റെ ഭാവനയിൽ

ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട മിക്ക ഗവേഷണങ്ങളും, സൗരയൂഥേതരഗ്രഹങ്ങൾ കണ്ടെത്തുക എന്ന വിഭാഗത്തിൽ പെടുന്നവയാണ്. ഭൂമിയിൽ ജീവൻ ഉത്ഭവിച്ചെങ്കിൽ ഭൂമിക്കു സമാനമായ ഗ്രഹങ്ങളിലും ജീവൻ ഉത്ഭവിച്ചേക്കാം എന്ന അനുമാനമാണ് ഇതിനു അടിസ്ഥാനം. ഇക്കാരണത്താൽ തന്നെ നിരവധി ഉപകരണങ്ങളും പേടകങ്ങളും ഈ ദൗത്യത്തിനായി നിർമ്മാണ ഘട്ടത്തിലാണ്.ഇതിൽ പ്രധാനപ്പെട്ടവ നാസയുടെ ടെറസ്ട്രിയൽ പ്ലാനെറ്റ് ഫൈ൯ഡ൪, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഡാർവിൻ എന്നിവയാണ്. കൂടാതെ 2009 മാർച്ചിൽ നാസ കെപ്ലർ എന്ന പേടകം വിക്ഷേപിക്കുകയുണ്ടായി. ഫ്രഞ്ച് ബഹിരാകാശ ഏജൻസി 2006ൽ കൊറോട്ട് എന്ന ദൗത്യത്തിനു തുടക്കമിട്ടു. ഇത് കൂടാതെ ലോകത്താകമാനം നിരവധി ഭൂതല ഒബ്സേർവേറ്ററികളിൽ ഗവേഷണങ്ങൾ നടക്കുന്നു.

 
നാസയുടെ കെപ്ലർ ദൗത്യം സൗരയൂഥത്തിന് പുറത്തു ഭൂമിക്കു സമാനമായ ഗ്രഹങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2009 മാർച്ചിൽ വിജയകരമായി വിക്ഷേപിച്ചു.

ഭൂമിക്കു സമാനമായ ഗ്രഹങ്ങൾ കണ്ടെത്തുക മാത്രമല്ല ഈ ദൗത്യങ്ങളുടെ ലക്ഷ്യം. മറിച്ച് ഇത്തരം ഗ്രഹങ്ങളിൽ നിന്ന് വരുന്ന പ്രകാശം നേരിട്ട് പിടിച്ചെടുത്ത്, സ്പെക്ട്രോസ്കോപ്പി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനം നടത്തുക എന്നത് കൂടിയാണ്. ഇങ്ങനെ പ്രകാശത്തെ കുറിച്ച് പഠിക്കുന്നതിലൂടെ ആ ഗ്രഹത്തിന്റെ അന്തരീക്ഷ മണ്ഡലത്തിന്റെയും ഉപരിതലത്തിന്റെയും അടിസ്ഥാന ഘടകങ്ങളെ കുറിച്ച് മനസ്സിലാക്കാനും, അവിടെ ജീവൻ നിലനിൽക്കാനുള്ള സാധ്യതയെ കുറിച്ച് പഠിക്കാനും കഴിയുന്നു. നാസയുടെ ഒരു ഗവേഷണ സംഘമായ വിർച്വൽ പ്ലാനെറ്റ് ലബോറട്ടറി[18] കമ്പ്യൂട്ടർ മോഡലിംഗ് ഉപയോഗിച്ച് സൗരയൂഥത്തിന് പുറത്തു കണ്ടെത്താൻ സാധ്യതയുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷവും ഘടനകളും നിർമ്മിച്ച്‌ പഠനങ്ങൾ നടത്തുന്നു.മുകളിൽ പറഞ്ഞ ബഹിരാകാശ പേടകങ്ങൾ പ്രവർത്തന സജ്ജമാകുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഈ കമ്പ്യൂട്ടർ മോഡലുകൾ വച്ച് പരിശോധിച്ച് ഗവേഷണങ്ങൾ നടത്താൻ സാധിക്കുമെന്നാണ് അനുമാനിക്കുന്നത്.

നമ്മുടെ താരാപഥമായ ആകാശഗംഗയിൽ ധൈഷണിക ജീവജാലങ്ങൾ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളുടെ ഏകദേശ എണ്ണം ഡ്രേക്ക് സമവാക്യം നൽകുന്നു. സമവാക്യം ഇപ്രകാരമാണ്[19]:
 
ഇവിടെ, N=ആശയ വിനിമയം നടത്താൻ കഴിവുള്ള നാഗരികതകളുടെ എണ്ണം
R* = അനുയോജ്യമായ പുതുനക്ഷത്രങ്ങൾ (സൂര്യനെ പോലുള്ളവ) പിറക്കുന്നതിന്റെ തോത്. (പ്രതിവർഷത്തിൽ എത്ര നക്ഷത്രം എന്ന തോതിൽ)
fp=ആ നക്ഷതങ്ങളിൽ ഗ്രഹങ്ങൾ ഉള്ളവയുടെ എണ്ണം (ഇപ്പോഴത്തെ തെളിവുകൾ അനുസരിച്ച് സൂര്യനെ പോലുള്ള നക്ഷതങ്ങൾക്ക് ഗ്രഹങ്ങൾ സ്വാഭാവികമാണ്)
ne= ഈ ഓരോ ഗ്രഹ സംഘത്തിലും ഭൂമി പോലുള്ള ഗ്രഹങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ള എണ്ണം
fl =ഇങ്ങനെ ഭൂമി പോലുള്ള ഗ്രഹങ്ങളിൽ ജീവൻ ഉത്ഭവിക്കാൻ സാധ്യത ഉള്ള ഗ്രഹങ്ങളുടെ എണ്ണം.
fi= ജീവൻ ഉത്ഭവിക്കാൻ സാധ്യത ഉള്ള ഗ്രഹങ്ങളിൽ വച്ച് ധൈഷണിക ജീവൻ ഉണ്ടാകാൻ സാധ്യത ഉള്ള ഗ്രഹങ്ങളുടെ എണ്ണം.
fc= ഇങ്ങനെ ഉള്ള ഗ്രഹങ്ങളിൽ വൈദ്യുതകാന്തിക ആശയ വിനിമയ സാങ്കേതികത വികസിക്കാൻ സാധ്യത ഉള്ള ഗ്രഹങ്ങളുടെ എണ്ണം.
L= ആശയ വിനിമയം നടത്താൻ കഴിവുള്ള നാഗരികതകളുടെ ആയുസ്സ്.

അനുബന്ധ വിഷയമായ ഫെർമിയുടെ പ്രഹേളിക പ്രകാരം പ്രപഞ്ചത്തിൽ ധൈഷണിക ജീവൻ സാധാരണമാണെങ്കിൽ അതിനു അനുയോജ്യമായ തെളിവുകൾ ആവശ്യമാണ്‌.എന്നാൽ ഇവ ഇപ്പോൾ ലഭ്യമല്ല.ഇതിനുള്ള ഉത്തരം തേടലാണ് സെറ്റി പോലുള്ള ദൗത്യങ്ങൾ നിർവഹിക്കുന്നത്.

ജ്യോതിർജീവശാസ്ത്രത്തിൽ മറ്റൊരു സജീവമായ ഗവേഷണ മേഖലയാണ് ഗ്രഹവ്യൂഹങ്ങളുടെ രൂപീകരണം. നമ്മുടെ സൗരയൂഥത്തിലെ പ്രത്യേകതകൾ (ഉദാഹരണത്തിന്, വ്യാഴം ഒരു പ്രധിരോധ കവചം പോലെ ഭൂമിയെ സംരക്ഷിക്കുന്നത്.) ഭൂമിയിൽ ധൈഷണിക ജീവന്റെ ഉത്ഭവത്തിലേക്ക്‌ നയിച്ചിരിക്കാം എന്ന് അഭിപ്രായങ്ങൾ ഉണ്ട്.[20][21] എങ്കിലും ഇതുവരെ യാതൊരുവിധ നിഗമനങ്ങളിലും ശാസ്ത്രജ്ഞർ എത്തിയിട്ടില്ല.

ജീവശാസ്ത്രം

തിരുത്തുക
 
ഹൈഡ്രോ തെർമൽ രന്ധ്രങ്ങൾ ഭൂമിയിൽ മാത്രമല്ല പ്രപഞ്ചത്തിന്റെ മറ്റു ഭാഗങ്ങളിലും എക്സ്ട്രീമോഫൈലുകളുടെ ജീവന് സഹായകമായേക്കാം.
 
ഊർജ്ജമുണ്ടാക്കാൻ ഓക്സിജൻ ഉപയോഗിക്കാത്ത ലോറിസിഫെറ എന്ന ഗണത്തിൽ പെട്ട ബഹുകോശ ജീവികൾ

ജ്യോതിർജീവശാസ്ത്രകാരന്മാരുടെ ഒരു കാതലായ ഗവേഷണ മേഖല എക്സ്ട്രീമോഫൈലുകളെ (അതിരൂക്ഷമായ പരിതഃസ്ഥിതിയിലും ജീവിക്കാൻ കഴിയുന്ന ജീവികൾ) കുറിച്ച് പഠിക്കുകയാണ്. ഇത്തരം ജീവികൾക്ക് സമുദ്ര നിരപ്പിൽ നിന്നും കിലോമീറ്ററുകൾക്ക് താഴെ, ഹൈഡ്രോ തെർമൽ രന്ധ്രങ്ങൾക്ക് സമീപവും, കടുത്ത അമ്ലതയിലും ജീവിക്കാൻ സാധിക്കും[22]

മുഖ്യമായും സൗരോർജ്ജത്തെ മാത്രം ആശ്രയിച്ചാണ് ജീവന്റെ നിലനില്പ്പെന്നു 1970കൾ വരെ വിശ്വസിച്ചിരുന്നു. ഭൗമോപരിതലത്തിലെ സസ്യജാലങ്ങൾ സൗരോർജ്ജം സ്വീകരിച്ച് ജലത്തിൽ നിന്നും കാർബൺ ഡൈ ഓക്സൈഡിൽ നിന്നും, പ്രകാശസംശ്ലേഷണം വഴി പഞ്ചസാര ഉത്പാദിപ്പിക്കുകയും തൽഫലമായി ഓക്സിജനെ പുറന്തള്ളുകയും ചെയ്യുന്നു. ഈ ഓക്സിജൻ മറ്റു ജീവജാലങ്ങൾ ശ്വസിക്കുകയും അതുവഴി ഊർജ്ജം ഭക്ഷ്യ ശൃംഖലയിലെ മുകൾ തട്ടിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. പ്രകാശമെത്താത്ത സമുദ്രത്തിന്റെ അഗാധ തലങ്ങളിൽ ഉള്ള ജീവജാലങ്ങൾ സമുദ്രോപരിതലത്തിൽ നിന്നും താഴേക്കു പതിക്കുന്ന പ്ലവകങ്ങളെ ഭക്ഷിക്കുകയോ അവയെത്തിന്നു ജീവിക്കുന്നവയെ ഭക്ഷിക്കുകയോ ചെയ്യുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്.[23] എന്നാൽ 1977ൽ ആൽവിൻ എന്ന സമുദ്ര ഗവേഷണ പേടകം ഗാലപ്പഗോസ് റിഫ്റ്റ് ഭാഗങ്ങളിൽ നടത്തിയ പര്യവേഷണങ്ങളിൽ, ബ്ലാക്ക് സ്മോക്കേഴ്സ് എന്ന് അറിയപ്പെടുന്ന സമുദ്രാന്തർഭാഗത്തെ അഗ്നിപർവത രന്ധ്രങ്ങൾക്ക് ചുറ്റും ജയ൯റ് ട്യൂബ് വേർമ്സ്, ചിപ്പികൾ, കടൽചീപ്പുകൾ, ചെമ്മീൻ വർഗങ്ങൾ തുടങ്ങിയവകളുടെ നിരവധി കൂട്ടങ്ങളുടെ ആവാസസ്ഥലങ്ങൾ കണ്ടെത്തുകയുണ്ടായി.[23] ഇവ സൂര്യ പ്രകാശത്തെ അശേഷം ആശ്രയിക്കാത്തതും, വേറിട്ട ഭക്ഷ്യ ശൃംഖലയിൽപെട്ടതുമാകുന്നു. ഭൗമാന്തർഭാഗങ്ങളിൽ നിന്നും ബഹിർഗമിക്കുന്ന ഹൈഡ്രജൻ, ഹൈഡ്രജൻ സൾഫൈഡ് എന്നീ രാസ പദാർഥങ്ങളെ ഓക്സീകരിച്ചു അവയിലെ ഊർജ്ജം സ്വീകരിച്ച് നിലനിൽക്കുന്ന ബാക്റ്റീരിയങ്ങൾ ഉൾക്കൊള്ളുന്നതാണീ ഭക്ഷ്യ ശൃംഖല. ജീവൻ സൂര്യനെ മാത്രം ആശ്രയിച്ചല്ല എന്ന വിപ്ലവകരമായ കണ്ടെത്തലിലേക്ക്‌ എത്താൻ രാസ സംശ്ലേഷണം ജീവശാസ്ത്രപഠനത്തെ സഹായിച്ചു. ഈ ജീവജാലങ്ങൾ ജലവും മറ്റു ഊർജ്ജവും മാത്രം ഉപയോഗിച്ച് നിലനിൽക്കുന്നു. മഞ്ഞ്, തിളയ്ക്കുന്ന ജലം, അമ്ലം, ആണവ റിയാക്ടറുകളിലെ ജലം, ഉപ്പു പരലുകൾ, വിഷലിപ്തമായ വസ്തുക്കൾ തുടങ്ങി ആവാസ യോഗ്യമല്ലാത്ത അതികഠിനമായ ചുറ്റുപാടുകളിൽ ഇവ നിലനിൽക്കുന്നു.[24] ഇത് അന്യ ‍ഗ്രഹങ്ങളിൽ ആവാസവ്യവസ്ഥകൾ നിലനിൽക്കാനുള്ള സാധ്യത പതിന്മടങ്ങ്‌ വർദ്ധിപ്പിച്ചത് വഴി ജ്യോതിർജീവശാസ്ത്രത്തിൽ പുതിയൊരു പാത വെട്ടിത്തുറന്നു. ഈ ജീവജാലങ്ങളുടെ സ്വഭാവ വർഗീകരണം - അവയുടെ ചുറ്റുപാടും, പരിണാമ ധാരയും - പ്രപഞ്ചത്തിൽ മറ്റിടങ്ങളിൽ ഉള്ള ജീവനെ കുറിച്ച് പഠിക്കാൻ നിർണായകമായ ഘടകമായാണ് കണക്കാക്കുന്നത്. ലൈക്കൻ ഫങ്കൈ ആയ റൈസോകാർപോൻ ജിയോഗ്രഫിക്കം, സന്തോനിയ എലഗൻസ്[25],ബാക്ടീരിയങ്ങളായ ബാസിലസ് സഫൻസിസ്[26],ദീനോകൊക്കാസ് റേടിയോടുരൻസ്‌ [26],ബാസിലസ് സബ്ടിലിസ്[26],ഈസ്ടായ സാക്രോമൈസിസ് സെർവിസിയെ[26]അരബിടോപ്സിസ് താലിയാന[26] പോലുള്ള വിത്തുകൾ, ടാർദിഗ്രാഡ്[26] എന്ന അകശേരുകികൾ തുടങ്ങിയവയ്ക്ക് ബഹിരാകാശത്തിലെ ശൂന്യതയിലും, അണുവികിരണ മേഖലകളിലും നിലനിൽക്കാൻ സാധിക്കും.

2010 ഏപ്രിലിൽ ശാസ്ത്രജ്ഞർ, ആഴം കൂടിയ കടൽ തട്ടിൽ, പൂർണമായും ഓക്സിജൻ മുക്തമായ പരിതഃസ്ഥിതിയിൽ ജീവിക്കുന്ന ലോറിസിഫെറ എന്ന ഗണത്തിൽ പെട്ട ബഹുകോശജീവികളെ കണ്ടെത്തുകയുണ്ടായി.[27] ഇവയുടെ കോശങ്ങളിൽ, ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന മൈറ്റൊകോൺ‍ട്രിയ എന്ന ഘടകത്തിനു പകരം ഹൈഡ്രോജനോസോം എന്നതാണ് കണ്ടെത്തിയത്. ഇവക്കു ഊർജ്ജമുണ്ടാക്കാൻ ഓക്സിജൻ ആവശ്യമില്ല.[28] ഓക്സിജൻ ഇല്ലാത്ത ഗ്രഹങ്ങളിലും ജീവന് സാധ്യതയുണ്ടെന്ന് ഈ കണ്ടെത്തലിൽ നിന്നും വ്യക്തമാണ്.

ജീവന്റെ ഉൽപ്പത്തിയെ കുറിച്ചുള്ള പഠനവും മറ്റൊരു ശക്തമായ ഗവേഷണ മേഖലയാണ്.ഭൂമിയുടെ ആദിമ കാലങ്ങളിൽ അജൈവമായ പദാർഥങ്ങളിൽ നിന്നും ജൈവീകമായ വസ്തുക്കൾ രൂപപ്പെടുവാനുള്ള സാധ്യത വളരെ കൂടുതലായിരുന്നതിനാലാണ് ഇന്ന് നാം കാണുന്ന എല്ലാ വിധ ജീവജാലങ്ങളും ഉത്ഭവിച്ചതെന്നാണ് ഒപരിനും ഹൽടനും പറയുന്നത്. ഈ മേഖലയിലുള്ള പഠനം ചെറിയ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മേൽപ്പറഞ്ഞത്‌ പോലെയാണോ ഭൂമിയിൽ ജീവൻ ഉൽഭവിച്ചതെന്നു ഇപ്പോഴും വ്യക്തമല്ല. മറ്റൊരു സിദ്ധാന്തമായ പാൻസ്പെർമിയ പറയുന്നത്, ഭൂമിയേക്കാളും കൂടുതൽ അനുയോജ്യമായ ഏതെങ്കിലും ഗ്രഹത്തിൽ ജീവൻ ഉൽഭവിച്ചിരിക്കാമെന്നും, ഉൽക്ക പോലുള്ള വസ്തുക്കളുടെ സഹായത്താൽ ആ ജീവൻ ഭൂമിയിൽ എത്തിയിരിക്കാം എന്നുമാണ്. വ്യാഴ ഗ്രഹത്തിന്റെ ഉപഗ്രഹമായ യൂറോപ്പ, സൗരയൂഥത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റൊരു ഗ്രഹമായി കണക്കാക്കുന്നു.[23][29][30][31][32][33]

ആസ്ട്രോജിയോളജി

തിരുത്തുക

ഭൂമി ഒഴികെയുള്ള മറ്റു ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ക്ഷുദ്ര ഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഉൽക്കാ ശിലകൾ എന്നീ വസ്തുക്കളുടെ ഘടന, രൂപീകരണം, ഭൗതിക സ്വഭാവം, ചലനം, ചരിത്രം, രൂപാന്തരം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ്‌ ആസ്ട്രോ ജിയോളജി. ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വച്ച്, ഒരു ഗ്രഹത്തിലോ ഉപഗ്രഹത്തിലോ ജീവൻ നിലനിൽക്കാനുള്ള സാധ്യതയെപ്പറ്റി മനസ്സിലാക്കാൻ സാധിക്കുന്നു.

ആസ്ട്രോ ജിയോളജിയിലെ മറ്റൊരു ശാഖയാണ്‌ ഭൗമ രസതന്ത്രം. ഇതിൽ ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും രാസ ഘടന, പാറയുടെയും മണ്ണിന്റെയും രൂപീകരണം, അവയുടെ രാസ പ്രവർത്തനം, ജല മണ്ഡലവും അന്തരീക്ഷവും തമ്മിലുള്ള പ്രതി പ്രവർത്തനം എന്നിവ അടങ്ങിയിരിക്കുന്നു. പ്രപഞ്ച രസതന്ത്രം, ജൈവ രസതന്ത്രം, ജൈവ ഭൂരസതന്ത്രം എന്നിവ ഭൗമ രസതന്ത്രത്തിലെ വിദഗ്ദ്ധ പഠന മേഖലകളാണ്.

ഭൂമിയിലെ ആദിമ ജീവ ജാലങ്ങളെ കുറിച്ച് ഫോസിലുകൾ നമുക്ക് തെളിവുകൾ നൽകുന്നു.[34] ഈ ഫോസിലുകൾ പഠിക്കുന്നതിലൂടെ പാലിയന്റോളജിസ്റ്റുകൾക്ക് ആദിമ കാലത്ത് ജീവിച്ചിരുന്ന ജീവികളെ കുറിച്ചും അവയുടെ ഉത്ഭവത്തെ കുറിച്ചും മനസ്സിലാക്കാൻ സാധിക്കുന്നു. പടിഞ്ഞാറേ ഓസ്ട്രേലിയയിലെ പൽബാര, അന്റാർട്ടിക്കയിലെ മാക്‌ മർഡോ ഡ്രൈ വാലികൾ എന്നീ സ്ഥലങ്ങൾ ഭൂമിശാസ്ത്ര പരമായി ചൊവ്വയിലെ അന്തരീക്ഷവുമായി സാമ്യത ഉള്ളവയാണ്. അതിനാൽ തന്നെ ഈ പ്രദേശങ്ങൾ ചൊവ്വയിൽ ജീവൻ കണ്ടെത്തുന്നതിനു സഹായകമായേക്കാം.

സൗരയൂഥത്തിലെ ജീവൻ

തിരുത്തുക
 
യൂറോപ്പയിലെ മഞ്ഞു പാളികൾക്കടിയിൽ ജല സമുദ്രം ഉള്ളതിനാൽ അവിടെ ബാക്ടീരിയ പോലുള്ള ജീവജാലങ്ങൾ കണ്ടേക്കാം.

ഭൂമിയിലെ ചുറ്റുപാടുകളിൽ നിന്നും വ്യത്യസ്തമായവയിൽ ജീവിക്കുന്ന ജീവികളെ പറ്റി മനുഷ്യർ പണ്ട് മുതൽക്കേ ചിന്തിച്ചിരുന്നു. എന്നാൽ ജൈവരസതന്ത്രം മുന്നോട്ടു വയ്ക്കുന്ന ചില നിയന്ത്രണങ്ങൾ കാരണം ഈ ചിന്തകൾക്ക് പ്രസക്തിയില്ലതാവുകയാണ് പതിവ്.[35] പ്രപഞ്ചത്തിൽ വലിയ അളവിൽ കാർബൺ ഉള്ളതിനാൽ, ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവൻ ഉണ്ടെങ്കിൽ അതും കാർബൺ അടിസ്ഥാനപ്പെടുത്തിയതു തന്നെ ആകണം എന്ന് കരുതുന്നു. പ്രപഞ്ചത്തിലെ സ്വാഭാവിക അണുക്കളിൽ മനുഷ്യന് അറിയാവുന്നിടത്തോളം കാർബണിനും സിലിക്കണിനും മാത്രമാണ് ജൈവ വിവരങ്ങൾ വഹിക്കാൻ പാകത്തിന് വലിപ്പമുള്ള കണങ്ങൾ ഉള്ളത്. ജീവന്റെ അടിസ്ഥാനം എന്ന നിലയ്ക്ക് കാർബണിനു സിലിക്കണിൽ നിന്നുള്ള വ്യത്യാസം എന്തെന്നാൽ കാർബണിനു സിലികണിനെ അപേക്ഷിച്ച് എത്ര അണുക്കളോടും ചേർന്ന് സഹ സംയോജക ബന്ധത്തിൽ ഏർപെടാൻ കഴിയുന്നു എന്നതാണ്. ജീവന്റെ വ്യാപനത്തിനും വികസനത്തിനും വേണ്ട പ്രവർത്തനങ്ങൾക്ക് ഇത് വളരെയധികം സഹായിക്കുന്നു.. ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, സൾഫർ എന്നിവയുടെ സക്രിയ കാർബണിക ഗ്രൂപ്പുകളും ഇരുമ്പ്, മാഗ്നിഷ്യം, സിങ്ക് എന്നീ ലോഹങ്ങളും ജൈവ സമൂഹത്തിന്റെ വൈവിധ്യമാർന്ന രാസ പ്രതിപ്രവർത്തനങ്ങൾക്ക് ഉൽപ്രേരകമായിത്തീരുന്നു. മറ്റു കാർബണിക തന്മാത്രകളുമായി താരതമ്യം ചെയ്യുമ്പോൾ സിലികൺ കുറഞ്ഞ അളവിൽ പ്രതിപ്രവർത്തിക്കുന്നവയും അതിന്റെ വലിയ തന്മാത്രകൾ നിഷ്ക്രിയമായവയും ആണ്.[35] വ്യക്തമല്ല എങ്കിലും,ഈ പ്രപഞ്ചത്തിലെ ജീവന്റെ നിർമ്മാണ ഘടകങ്ങളുടെ അടിസ്ഥാനം നമ്മുടെതുമായി സാദൃശ്യമുള്ളതാവാം.[35] ഭൂമിയിലെയും പ്രപഞ്ചത്തിലെ മറ്റിടങ്ങളിലെയും ജീവൻ - അവ ഉണ്ടെങ്കിൽ - അവയ്ക്ക് വ്യത്യസ്തമായ നിർമ്മാണ ഘടകങ്ങൾ ആണെങ്കിൽ കൂടിയും അവയുടെ ജൈവ രാസ ഗുണങ്ങൾ സമാനമായിരിക്കും.

ജീവന്റെ നിലനിൽപ്പിനു സൂര്യപ്രകാശം അത്യാവശ്യമാണ് എന്ന ആശയം മൂലം, സൗരയൂഥത്തിൽ മറ്റെവിടെയെങ്കിലും ജീവൻ ഉണ്ടെങ്കിൽ അത് ഗ്രഹങ്ങളുടെ ഉപരിതലത്തിൽ മാത്രം ആയിരിക്കും എന്നാണ് വിശ്വസിച്ചിരുന്നത്.[35] സൗരയൂഥത്തിൽ ജീവൻ കണ്ടെത്തുവാൻ ഏറ്റവും സാധ്യതയുള്ള മൂന്നിടങ്ങൾ ചൊവ്വാ ഗ്രഹവും, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയും, ശനിയുടെ ഉപഗ്രഹമായ റ്റൈടനും ആണ്.[36][37][38][39][40] ചൊവ്വയിലും യൂറോപ്പയിലും ജലം ഉണ്ടാവാം എന്ന കണക്കു കൂട്ടലാണ് ഇതിനു കാരണം. കോശങ്ങളിൽ ലായനിയായി പ്രവർത്തിക്കുന്നതിനാൽ ജലം ജീവന് അത്യാവശ്യമാണെന്ന് കരുതുന്നു.[10] ചൊവ്വയിലെ ധ്രുവങ്ങളിൽ മഞ്ഞു കട്ടകളുടെ രൂപത്തിൽ വൻ തോതിൽ ജല നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. അടുത്തിടക്കു ചൊവ്വയിൽ നിന്ന് ലഭിച്ച തെളിവുകൾ വച്ച്, ഗ്രഹത്തിന്റെ ഉപരിതലത്തിൽ ദ്രാവക രൂപത്തിലും ജലം ഉണ്ടെന്നു അനുമാനിക്കുന്നു.[41][42] കൂടാതെ അവിടെ ഹൈഡ്രോ തെർമൽ രന്ധ്രങ്ങൾ കാണാൻ സാധ്യതയുണ്ട്. ചൊവ്വയിലെ കുറഞ്ഞ അന്തരീക്ഷ മർദ്ദവും കുറഞ്ഞ താപനിലയും വച്ച്, അവിടുത്തെ ജലം ഉപ്പുരസം കൂടിയതാവാനാണ് സാധ്യത.[43] യൂറോപ്പയിൽ ദ്രാവക രൂപത്തിലുള്ള ജലം ഉപരിതലത്തിലെ മഞ്ഞു പാളികളുടെ അടിയിൽ ഉണ്ടാകണം.[30][36][37] ഈ ജലം സ്വാഭാവികമായും സമുദ്രത്തിന്റെ അടിത്തട്ടിൽ ഉള്ള അഗ്നിപർവ്വത രന്ധ്രങ്ങൾ മൂലം ചൂടാകാപ്പെട്ട് ദ്രാവക രൂപത്തിൽ ആയതായിരിക്കണം (ഭൂമിയിൽ ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ വൻ തോതിൽ ജീവജാലങ്ങൾ വസിക്കുന്നതിനാൽ ഈ ആശയത്തിന് വളരെ പ്രാധാന്യമുണ്ട്). എങ്കിലും ജല താപനിലയുടെ പ്രധാന കാരണം അതിനു ചുറ്റും ഉള്ള മറ്റു ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ആകർഷണത്താൽ ഉണ്ടാകുന്ന ഘർഷണ ബലങ്ങൾ ആകണം.[44]

അന്യഗ്രഹ ജീവന് മറ്റൊരു സാധ്യത ഉള്ള ഗ്രഹം ശനിയുടെ ഉപഗ്രഹമായ റ്റൈറ്റൻ ആണ്.[40] ആദിമ ഭൂമിയുടെ സാഹചര്യങ്ങൾക്ക് സമാനമാണ് റ്റൈറ്റനിലെ അന്തരീക്ഷം.[45] അതിന്റെ ഉപരിതലത്തിൽ ഈതൈനിന്റെയോ മീതൈനിന്റെയോ തടാകങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.[46] ടൈറ്റന്റെ ഉപരിതലത്തിനടിയിൽ ജലത്തിന്റെയും അമ്മോണിയയുടെയും സമുദ്രങ്ങൾ കസ്സീനീ പേടകം 2008 മാർച്ചിൽ കണ്ടെത്തി.[47] കൂടാതെ,ശനിയുടെ മറ്റൊരു ഉപഗ്രഹമായ എൻസെലഡസിന്റെ മഞ്ഞു പാളികൾക്കടിയിൽ സമുദ്രമുണ്ടായേക്കാം.

വിമർശനങ്ങൾ

തിരുത്തുക

ഭൂമിക്കു പുറത്തു ജീവൻ കണ്ടെത്തുക എന്നത് ഒരു ബഹുമുഖ ശാസ്ത്ര പര്യവേഷണമാണ്.[48] യുകെയിലെ ഗ്ലാമർഗൻ സർവകലാശാല, 2006ൽ ഈ വിഷയത്തിൽ ബിരുദ പഠനം ആരംഭിച്ചു.[49] നാസ ജ്യോതിർജീവശാസ്ത്ര ഇൻസ്റ്റിട്ട്യൂട്ടിനു അമേരിക്കൻ സർക്കാർ ധനസഹായം നൽകുന്നു. എങ്കിലും ഭൂമിക്കു പുറത്തുള്ള ജീവൻ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇതിന്റെ ഉത്ഭവത്തെയും നിലനിൽപ്പിനെയും പറ്റി ഉള്ള സാങ്കൽപ്പിക സിദ്ധാന്തങ്ങളും പ്രവചനങ്ങളും വളരെ വേറിട്ട്‌ നിൽക്കുന്നു. എന്നാൽ ഇപ്പോൾ അന്യ ജീവനെ കണ്ടെത്താനുള്ള ഗവേഷണങ്ങൾക്ക്‌ വേണ്ടി സിദ്ധാന്തങ്ങൾ ഉരുത്തിരിച്ചെടുക്കുക എന്നതാണ് ജ്യോതിർജീവശാസ്ത്രത്തിന്റെ പ്രായോഗികമായ ദൗത്യം.

ജീവശാസ്ത്രജ്ഞനായ ജാക്ക് കോഹൻ, ഗണിതശാസ്ത്രജ്ഞനായ ഇയാൻ സ്റ്റുവർട്ട് തുടങ്ങിയവർ ക്സീനോ ബയോളജി എന്നത് ജ്യോതിർജീവശാസ്ത്രത്തിൽ നിന്നും വിഭിന്നമാണ് എന്ന് കരുതുന്നു. ജ്യോതിർജീവശാസ്ത്രം എന്നത് സൗരയൂഥത്തിനു പുറത്തു ഭൂമിക്കു സമാനമായ ജീവൻ കണ്ടെത്തുക എന്നതാണെങ്കിൽ, ക്സീനോ ബയോളജി എന്നത്, കാർബൺ അടിസ്ഥാനപ്പെടുത്തിയതോ,ഓക്സിജൻ ശ്വസിക്കാത്തതോ അല്ലാത്ത ജീവനെ കണ്ടെത്തുക എന്നതുമാണെന്ന നിബന്ധന കോഹനും സ്റ്റുവർട്ട് മുന്നോട്ടുവയ്ക്കുന്നു.

ഗവേഷണ ഫലങ്ങൾ

തിരുത്തുക
 
ഭൂമിയിലേക്ക്‌ ജീവനെ കൊണ്ടുവന്നത് ക്ഷുദ്രഗ്രഹങ്ങൾ ആകാം.

2010 വരെ, അന്യ ഗ്രഹങ്ങളിലെ ജീവന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. 1984ൽ അന്ടാർട്ടിക്കയിൽ നിന്നും കണ്ടെത്തിയ ALH 84001 എന്ന ഉൽക്കാശില ചൊവ്വയിൽ നിന്നും വന്നതാണെന്ന് കരുതുന്നു. നാസയുടെ ജോൺസൺ സ്പേസ് സെന്ററിലെ ജ്യോതിർജീവശാസ്ത്രത്തിലെ മുഖ്യ ശാസ്ത്രജ്ഞനായ ഡേവിഡ്‌ മക് കെയും മറ്റുള്ളവരും ഈ ഉൽക്കാശിലയിൽ അന്യ ജീവികളുടെ സൂക്ഷ്മ ഫോസ്സിലുകൾ ഉണ്ടെന്നു കരുതുന്നെങ്കിലും അത്തരം വ്യാഖ്യാനങ്ങൾ വിവാദത്തിലാണ്.[50][51][52][53]

മീതെയ്ൻ

തിരുത്തുക

2004ൽ മാർസ് എക്സ്പ്രസ് പേടകവും ഭൂമിയിലെ ദൂരദർശിനികളും ചൊവ്വയിലെ അന്തരീക്ഷത്തിൽ മീതെയ്നിന്റെ സാന്നിധ്യം സ്പെക്ട്രോസ്കോപ്പി വഴി കണ്ടെത്തുകയുണ്ടായി. കോസ്മിക് കിരണങ്ങളും സൂര്യ വികിരണങ്ങളും മൂലം കുറച്ചു വർഷങ്ങൾക്കുള്ളിൽ ചൊവ്വയിൽ നിന്നും മീതെയ്ൻ പൂർണമായും അപ്രത്യക്ഷമാവാനാണ് സാധ്യത. അതിനാൽ ഇപ്പോഴത്തെ തോതിൽ ചൊവ്വയിൽ മീതെയ്ൻ നിലനിൽക്കണമെങ്കിൽ അത് തുടർച്ചയായി ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കണം.[54][55] മാർസ് സയൻസ് ലബോറട്ടറി റോവർ എന്ന പേടകത്തിന്‌ ചൊവ്വയിലെ കാർബൺ ഡൈഓക്സൈഡിലും (CO2) മീതൈനിലും (CH4) ഉള്ള ഓക്സിജന്റെയും കാർബൺ ഐസോടോപ്പിന്റെയും അനുപാതം വളരെ സൂക്ഷ്മതയോടെ കണ്ടെത്താനും അതുവഴി ഭൗമരസതന്ത്രപരമായതും ജൈവശാസ്ത്രപരമായതുമായ ഉത്ഭവത്തിന്റെ അന്തരം നിർണ്ണയിക്കുവാനും കഴിയും.[56][57][58]

ഗ്രഹയൂഥങ്ങൾ

തിരുത്തുക

നമ്മുടെ സൗരയൂഥത്തിലെ വ്യാഴം പോലുള്ള വാതക ഭീമന്മാരിൽ ചിലതിനു ഖര ഉപരിതലവും ദ്രാവക സമുദ്രവും ഉള്ള ആവാസ യോഗ്യമായ ഉപഗ്രഹങ്ങൾ ഉണ്ടായേക്കാം. സൗരയൂഥത്തിനു പുറത്തു ഇന്നേവരെ കണ്ടെത്തിയിട്ടുള്ള മിക്ക ഗ്രഹങ്ങളും ഉയർന്ന താപനിലയിലുള്ള വാതക ഭീമന്മാരാണ്. അതിനാൽ അവ ആവാസയോഗ്യമല്ല. ശിലകൾ കൊണ്ടും ലോഹങ്ങൾ കൊണ്ടും സമ്പുഷ്ടമായ ഭൂമി ഉൾപ്പെട്ട സൗരയൂഥത്തിന് അപഭ്രംശിതമായ ഘടനയാണോ എന്ന് ഇന്നേവരെ നിർണയിച്ചിട്ടില്ല. മെച്ചപ്പെട്ട അന്വേഷണ രീതികളിലൂടെയും സുദീർഘമായ ഗവേഷണ സമയങ്ങളിലൂടെയും സൗരയൂഥത്തിന് സമാനമായ ധാരാളം ഗ്രഹയൂഥങ്ങളെ തീർച്ചയായും കണ്ടെത്താൻ സാധിക്കും. ഉദാഹരണത്തിന് നാസയുടെ കെപ്ലർ ദൌത്യം നക്ഷത്രത്തിൽ നിന്നുള്ള പ്രകാശ രശ്മികളുടെ വക്രതയുടെ സൂക്ഷ്മ മാറ്റങ്ങൾ അപഗ്രഥിച്ചു ഭൂമിക്കു സമാനമായ ഗ്രഹങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നു. ഇൻഫ്രാറെഡ് ജ്യോതിശാസ്ത്രത്തിലെയും സബ്മില്ലിമീറ്റർ ജ്യോതിശാസ്ത്രത്തിലെയും പുരോഗതി മറ്റുള്ള നക്ഷത്ര സമൂഹങ്ങളുടെ ഘടനയിലേക്ക് വെളിച്ചം വീശി. വിദൂര നക്ഷത്രങ്ങൾക്ക് ചുറ്റും ഉള്ള ക്ഷുദ്രഗ്രഹങ്ങളുടെയും ധൂളീ പടലങ്ങളുടെയും വലയങ്ങൾ ഗ്രഹ രൂപീകരണത്തിന് ഊന്നൽ നൽകുന്നതായി ഇൻഫ്രാറെഡ് ഗവേഷണങ്ങൾ കണ്ടെത്തി.

ഗ്രഹ ആവാസ യോഗ്യത

തിരുത്തുക

ആവാസ യോഗ്യ മേഖലകളിൽ ധാരാളമായി ആവാസ യോഗ്യമായ ഗ്രഹങ്ങൾ ഉള്ളതും, ജീവന്റെ ഉൽപതിയിലേക്ക് നയിച്ച ആദിമ രാസ കണികകകളെ കുറിച്ചുമുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഡോപ്പ്ലർ സ്പെക്ട്രോസ്കോപ്പി, ഗ്രഹങ്ങളുടെ സംക്രമ രീതി എന്നിവ ഉപയോഗിച്ച് സൗരയൂഥത്തിന് പുറത്തു മുൻപ് കരുതിയതിനേക്കാൾ കൂടുതൽ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തിന് പുറത്തു ആദ്യമായി സ്വന്തം നക്ഷത്രത്തിന്റെ ആവാസ യോഗ്യമായ മേഖലയിൽ ഭൂമിക്കു സമാനമായ ഗ്ലീസ് 581 സി എന്ന ഗ്രഹത്തെ റേഡിയൽ വെലോസിറ്റി ഉപയോഗിച്ച് കണ്ടെത്തി.[59]

ജീവന്റെ പാരിസ്ഥിതിക സീമകളെ പറ്റിയും, അതിതീക്ഷ്ണമായ ആവാസ വ്യവസ്ഥകളുടെ പ്രവർത്തനത്തെ പറ്റിയുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയും, തദ്വാര ജീവനെ ആഥിത്യമരുളാനുള്ള ഗ്രഹങ്ങളുടെ പരിതഃസ്ഥിതികൾ എന്തായിരിക്കണമെന്നു പ്രവചിക്കാൻ ഇവ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ചൊവ്വയിലെക്കുള്ള ഫീനിക്സ് ലാന്റർ, മാർസ് സയൻസ് ലബോറട്ടറി, എക്സോ-മാർസ്, ശനിയുടെ ഉപഗ്രഹമായ റ്റൈറ്റനിലേക്കുള്ള കസ്സീനി പേടകം, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെക്കുള്ള ഐസ് ക്ലിപ്പർ തുടങ്ങിയ ദൗത്യങ്ങൾ നമ്മുടെ സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിൽ ജീവൻ കണ്ടെത്താനുള്ള സാധ്യതകളെ കുറിച്ചുള്ള പഠനങ്ങൾ വിപുലപ്പെടുത്തുന്നു.

അപൂർവ ഭൗമ സിദ്ധാന്തം

തിരുത്തുക

ഈ സിദ്ധാന്ത പ്രകാരം ജ്യോതിർജീവശാസ്ത്ര കണ്ടെത്തലുകൾ അനുസരിച്ച് ഭൂമിയിലുള്ള ബഹുകോശ ജീവനുകളെ പോലുള്ളവ ശാസ്ത്രജ്ഞരുടെ നിഗമനങ്ങളെ അപേക്ഷിച്ച് വളരെ അപൂർവമായെക്കാം. അന്യഗ്രഹജീവികൾ വളരെ സാധാരണമാണെങ്കിൽ അവയ്ക്കുള്ള തെളിവുകൾ എന്തുകൊണ്ട് പ്രത്യക്ഷമാകുന്നില്ല എന്ന ഫെർമിയുടെ പ്രഹേളികക്ക് ഈ സിദ്ധാന്തം സാധ്യമായ ഉത്തരം നൽകുന്നു. പക്ഷെ സുപ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞരായ ഫ്രാങ്ക് ഡ്രേക്ക്, കാൾ സാഗൻ എന്നിവരുടെ "സാധാരണത്വസിദ്ധാന്ത"ത്തിനു ഇതു എതിരാണ്. ഈ സിദ്ധാന്ത പ്രകാരം ഭൂമിയിലെ ജീവന് അസാധാരണത്വം ഒന്നും ഇല്ല. മാത്രമല്ല, മറ്റസംഖ്യം ലോകങ്ങളിൽ ഇതിനെ കണ്ടെത്താൻ സാധ്യതയുണ്ട്.

ജീവനുണ്ടാകാൻ സാധ്യമായ വിധത്തിൽ പ്രപഞ്ചത്തിന്റെ അടിസ്ഥാന നിയമങ്ങൾ വർത്തിക്കുന്നു എന്ന് ആന്ത്രോപിക് സിദ്ധാന്തം പ്രസ്താവിക്കുന്നു. ഭൂമിയിലെ ജീവന് സഹായകരമായ എല്ലാ ഘടകങ്ങളും അതേ മാത്രയിൽ മറ്റൊരിടത്ത് നിലനിൽക്കാൻ സാധ്യതയില്ല എന്ന വാദത്തിലൂടെ അന്ത്രോപിക് സിദ്ധാന്തം അപൂർവ ഭൌമ സിദ്ധാന്തത്തെ സാധൂകരിക്കുന്നു. ഹോട്ട് ഡോഗ് ബന്നിനുള്ളിൽ വയ്ക്കാൻ വേണ്ടിയാണ് സോസജുകൾ നീളത്തിൽ ഉണ്ടാക്കുന്നതെന്നും, ഞണ്ടുകൾക്കു ജീവിക്കാൻ വേണ്ടിയാണ് കപ്പലുകൾ നിർമ്മിക്കുന്നതെന്നും ഉള്ള പ്രസ്താവനയോട് തുല്യമാണ് നമ്മുടെ ജീവനു അനുയോജ്യമായ വിധത്തിൽ പ്രപഞ്ചം രൂപപ്പെട്ടിരിക്കുന്നു എന്നത് എന്ന് സ്റ്റീഫൻ ജയ്‌ ഗോൾഡ്‌ താരതമ്യപ്പെടുടിയിരിക്കുന്നു.[60][61]

  1. 1.0 1.1 "About Astrobiology" Archived 2008-10-11 at the Wayback Machine. നാസയുടെ ജ്യോതിർജീവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട്.
  2. "iTWire - Scientists will look for alien life, but Where and How?"
  3. Ward, P. D.; Brownlee, D. (2004). The life and death of planet Earth. New York: Owl Books. ISBN 0-8050-7512-7
  4. "Elusive Earths | SpaceRef - Your Space Reference"[പ്രവർത്തിക്കാത്ത കണ്ണി]
  5. Schulze-Makuch, Dirk; Irwin, Louis N. (2004). Life in the Universe: Expectations and Constraints. Berlin: Springer. ISBN 3-540-30708-7.
  6. The Living Universe: NASA and the Development of Astrobiology, by Steven J. Dick and James E. Strick, Rutgers University Press, New Brunswick, NJ, 2004
  7. Jack D. Famer, David J. Des Marais, and Ronald Greeley (September 5, 1996). "Exopaleontology at the Pathfinder Landing Site" Archived 2004-11-20 at the Wayback Machine.."NASA Ames Research Center".Retrieved 2009-11-21.
  8. "First European Workshop on Exo/Astrobiology" ESA Press Release.European SpaceAgency. 2001.Retrieved 2008-10-20
  9. Science | 1 June 2001 | Vol. 292 | no. 5522 pp. 1626 - 1627| "ESA Embraces Astrobiology" | DOI: 10.1126/science.292.5522.1626
  10. 10.0 10.1 "NOVA | Mars | Life's Little Essential | PBS"
  11. KLEIN, HAROLD P.; GILBERT V. LEVIN (1976 - 10 - 01)."The Viking Biological Investigation: Preliminary Results" Science 194. (4260): 99–105. doi:10.1126/science.194.4260.99. PMID 17793090.Retrieved 2008-08-15.
  12. ""Possible evidence found for Beagle 2 location"" European Space Agency. 21 December 2005. Retrieved 2008-08-18.
  13. "Polycyclic Aromatic Hydrocarbons: An Interview With Dr. Farid Salama" Archived 2008-06-20 at the Wayback Machine. Astrobiology magazine.2000.Retrieved 2008-10-20.
  14. "Astrobiology" Macmillan Science Library: Space Sciences.2006.Retrieved 2008-10-20.
  15. "The Ammonia-Oxidizing Gene" Astrobiology Magazine. August 19, 2006.Retrieved 2008-10-20.
  16. "Stars and Habitable Planets" Sol Company. 2007.Retrieved 2008-10-20.
  17. "M Dwarfs: The Search for Life is On" Archived 2011-05-22 at the Wayback Machine. Red Orbit & Astrobiology Magazine. 29 August 2005.Retrieved 2008-10-20.
  18. "The Virtual Planet Laboratory" NASA. 2008.Retrieved 2008-10-20.
  19. Ford, Steve (August 1995)."What is the Drake Equation?" Retrieved 2008-10-20.SETI League
  20. Jakosky, Bruce; David Des Marais, et al. (September 14, 2001)."The Role Of Astrobiology in Solar System Exploration"[പ്രവർത്തിക്കാത്ത കണ്ണി]NASA. SpaceRef.com.Retrieved 2008-10-20.
  21. Bortman, Henry (September 29, 2004). "Coming Soon: "Good" Jupiters" Astrobiology Magazine.Retrieved 2008-10-20.
  22. Carey, Bjorn (7 February 2005). "Wild Things: The Most Extreme Creatures"Live Science.Retrieved 2008-10-20.
  23. 23.0 23.1 23.2 Chamberlin, Sean (1999)."Creatures Of The Abyss: Black Smokers and Giant Worms"[പ്രവർത്തിക്കാത്ത കണ്ണി]Fullerton College.Retrieved 2007-12-21. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "extremo1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  24. Cavicchioli, R. (Fall 2002)."Extremophiles and the search for extraterrestrial life."Astrobiology 2 (3): :281–92.. doi:10.1089/153110702762027862. PMID 12530238 Retrieved 2008-10-20.
  25. ""Article: Lichens survive in harsh environment of outer space"". Archived from the original on 2012-11-02. Retrieved 2010-04-06.
  26. 26.0 26.1 26.2 26.3 26.4 26.5 The Planetary Report, Volume XXIX, number 2, March/April 2009, "We make it happen! Who will survive? Ten hardy organisms selected for the LIFE project, by Amir Alexander
  27. "First Oxygen-free animals found - BBC News"
  28. "First Animals Found That Live Without Oxygen - Wired News"
  29. "Jupiter's Moon Europa Suspected Of Fostering Life"(PDF). Daily University Science News. 2002.Retrieved 2009-08-08.
  30. 30.0 30.1 Weinstock, Maia (24 August 2000)."Galileo Uncovers Compelling Evidence of Ocean On Jupiter's Moon Europa"Space.com.Retrieved 2008-10-20.
  31. Cavicchioli, R. (Fall 2002)."Extremophiles and the search for extraterrestrial life."Astrobiology 2 (3): :281–92.. doi:10.1089/153110702762027862. PMID 12530238.Retrieved 2009-08-08.
  32. David, Leonard (7 February 2006)."Europa Mission: Lost In NASA Budget"Space.com.Retrieved 2009-08-08.
  33. "Clues to possible life on Europa may lie buried in Antarctic ice" Archived 2009-07-31 at the Wayback Machine.Marshal Space Flight Center (NASA). March 5, 1998.Retrieved 2009-08-08.
  34. "Fossil Succession" U.S. Geological Survey. 14 August 1997. Retrieved 2008-10-20.
  35. 35.0 35.1 35.2 35.3 Pace, Norman R. (January 30, 2001)."The universal nature of biochemistry" Archived 2011-09-17 at the Wayback Machine.Proceedings of the National Academy of Sciences of the USA 98 (3): 805-808. Retrieved 2010-03-20.
  36. 36.0 36.1 Tritt, Charles S. (2002)."Possibility of Life on Europa" Archived 2007-06-09 at the Wayback Machine. Milwaukee School of Engineering. Retrieved 2008-10-20.
  37. 37.0 37.1 Friedman, Louis (December 14, 2005)."Projects: Europa Mission Campaign"The Planetary Society.Retrieved 2008-10-20.
  38. David, Leonard (10 November 1999). "Move Over Mars -- Europa Needs Equal Billing"Space.com.Retrieved 2008-10-20.
  39. Than, Ker (28 February 2007)."New Instrument Designed to Sift for Life on Mars"Space.com.Retrieved 2008-10-20.
  40. 40.0 40.1 Than, Ker (13 September 2005)."Scientists Reconsider Habitability of Saturn's Moon" Science.com.Retrieved 2008-10-20.]
  41. "NASA Images Suggest Water Still Flows in Brief Spurts on Mars" Archived 2011-08-07 at the Wayback Machine.NASA. 2006.Retrieved 2008-10-20.
  42. "Water ice in crater at Martian north pole" Archived 2012-10-06 at the Wayback Machine.European Space Agency. 28 July 2005.Retrieved 2008-10-20.
  43. Landis, Geoffrey A. (June 1, 2001)."Martian Water: Are There Extant Halobacteria on Mars?"[പ്രവർത്തിക്കാത്ത കണ്ണി]Astrobiology 1 (2): 161–164.doi:10.1089/153110701753198927. Retrieved 2008-10-20.
  44. Kruszelnicki, Karl (5 November 2001)."Life on Europa, Part 1"ABC Science.Retrieved 2008-10-20.
  45. "Titan: Life in the Solar System?"BBC - Science & Nature. Retrieved 2008-10-20.
  46. Britt, Robert Roy (28 July 2006). "Lakes Found on Saturn's Moon Titan"Space.com.Retrieved 2008-10-20.
  47. Lovett, Richard A. (March 20, 2008). "Saturn Moon Titan May Have Underground Ocean"National Geographic News.Retrieved 2008-10-20.
  48. "NASA Astrobiology Institute"
  49. ""CASE Undergraduate Degrees"". Archived from the original on 2007-10-28. Retrieved 2010-04-08.
  50. Crenson, Matt (2006-08-06)."After 10 years, few believe life on Mars"."Associated Press"(on "space.com").Retrieved 2008-10-20.
  51. McKay, David S., et al. (1996)"Search for Past Life on Mars: Possible Relic Biogenic Activity in Martian Meteorite ALH84001"."Science",Vol. 273. no. 5277, pp. 924 - 930. URL accessed March 18, 2006.
  52. McKay D. S., Gibson E. K., ThomasKeprta K. L., Vali H., Romanek C. S., Clemett S. J., Chillier X. D. F., Maechling C. R., Zare R. N. (1996). "Search for past life on Mars: Possible relic biogenic activity in Martian meteorite ALH84001". Science 273: 924–930. doi:10.1126/science.273.5277.924. PMID 8688069
  53. ""http://www.nasa.gov/centers/johnson/pdf/403089main_7441-1.pdf"" (PDF). Archived from the original (PDF) on 2010-03-16. Retrieved 2010-04-08. {{cite web}}: External link in |title= (help)
  54. Vladimir A. Krasnopolsky (February 2005)."Some problems related to the origin of methane on Mars" Archived 2008-12-28 at the Wayback Machine.Icarus 180 (2): 359–367.doi:10.1016/j.icarus.2005.10.015
  55. "Planetary Fourier Spectrometer website"(ESA, Mars Express)
  56. "Sample Analysis at Mars (SAM) Instrument Suite" Archived 2010-07-29 at the Wayback Machine.NASA. October 2008.Retrieved 2008-10-09.
  57. Tenenbaum, David (June 09, 2008):). "Making Sense of Mars Methane"Astrobiology Magazine.Retrieved 2008-10-08.
  58. Tarsitano, C.G. and Webster, C.R. (2007). "Multilaser Herriott cell for planetary tunable laser spectrometers". Applied Optics, 46 (28): 6923–6935. doi:10.1364/AO.46.006923
  59. Than, Ker (24 April 2007)."Major Discovery: New Planet Could Harbor Water and Life"Space.com.Retrieved 2008-10-20.
  60. Gould, Stephen Jay (1998). "Clear Thinking in the Sciences". Lectures at Harvard University.
  61. Gould, Stephen Jay (2002). Why People Believe Weird Things: Pseudoscience, Superstition, and Other Confusions of Our Time.

പുസ്തക സ്രോതസ്സുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജ്യോതിർജീവശാസ്ത്രം&oldid=4102038" എന്ന താളിൽനിന്ന് ശേഖരിച്ചത്