അലൻ ഹിൽസ് 84001

(ALH84001 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1984 ഡിസംബർ 27നു അന്റാർട്ടിക്കയിലെ അലൻ ഹിൽസ് എന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ ഒരു ഉൽക്കാ ശിലയാണ് അലൻ ഹിൽസ് 84001(ALH 84001[1]).യു.എസിലെ ANSMET എന്ന പ്രോജെക്ടിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. SNCകൾ(ഷെർഗോട്ടൈറ്റ്, നാഖ്ലൈറ്റ്, ചസ്സിഗ്നൈറ്റ്),എന്ന സമൂഹത്തിലെ മറ്റുള്ളവയെ പോലെ തന്നെ ഇതും, ചൊവ്വയിൽ നിന്ന് വന്നതാണെന്ന് കരുതുന്നു. കണ്ടെത്തൽ സമയത്ത് ഇതിന്റെ ഭാരം 1.93 kg ആയിരുന്നു.ഇതിൽ ചൊവ്വയിലെ ബാക്ടീരിയകളുടെ സൂക്ഷ്മ ഫോസിലുകൾ ഉണ്ടെന്ന 1996ലെ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തലിലൂടെ ഇതു ലോകമാസകലം ഉള്ള തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചു.

അലൻ ഹിൽസ് 84001
ALH 84001 എന്ന ഉൽക്കാശിലയുടെ ഒരു ഖണ്ഡം
വർഗം അകോൺഡ്രൈറ്റ്
തരം ചൊവ്വയിൽ നിന്നുള്ള ഉൽക്കാശില
സമൂഹം ALH 84001
ഷോക്ക് സ്റ്റേജ് B
കാലാവസ്ഥാ ഗണം A/B
രാജ്യം അന്റാർട്ടിക്ക
പ്രവിശ്യ അലൻ ഹിൽസ്, പടിഞ്ഞാറൻ ഐസ് ഫീൽഡ്
നിർദ്ദേശാംഗം 76°55′13″S 156°46′25″E / 76.92028°S 156.77361°E / -76.92028; 156.77361
പതനം ദൃശ്യമായിട്ടുണ്ടോ ഇല്ല
കണ്ടെത്തിയ തിഥി 1984
മൊത്തം ഭാരം 1930.9 g

ചരിത്രം

തിരുത്തുക

450 കോടി വർഷങ്ങൾക്കു മുൻപ് ഉരുകിയ ശിലകളിൽ നിന്നും ഖനീഭവിക്കപ്പെട്ടതാകാം എന്ന് കരുതുന്ന ഈ ഉൽക്കാശില, സൗരയൂഥത്തിലെ ഏറ്റവും പഴക്കം ചെന്ന ശിലാ ഖണ്ഡങ്ങളിൽ ഒന്നാകാം എന്ന് കരുതുന്നു.ഭൂമിക്കു പുറത്തുനിന്നുള്ള ശിലകളുടെ സ്രോതസ്സ് കണ്ടെത്തുന്നതിലേക്കായി രൂപപ്പെടുത്തിയ സിദ്ധാന്തങ്ങൾ അനുസരിച്ച്,ഈ ഉൽക്കാ ശില ചൊവ്വയിൽ ഉത്ഭവിച്ചതും,മറ്റു ചൊവ്വാ ഉൽക്കാശിലകളുമായി ബന്ധപ്പെട്ടതുമാണ്. 2005 സെപ്റ്റംബറിൽ,മനോവയിലെ ഹവായി സർവകലാശാലയിലെ വിക്കി ഹാമിൽടൻ, ചൊവ്വയെ വലം വെക്കുന്ന മാർസ് ഗ്ലോബൽ സർവേയർ,മാർസ് ഒഡീസ്സി എന്നീ പേടകങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ച്,ALH 84001ന്റെ ഉത്ഭവത്തെപ്പറ്റി ഒരു വിശകലനം അവതരിപ്പിച്ചു.ഇതു പ്രകാരം, ഈ ഉൽക്കാശിലയുടെ ഉത്ഭവ സ്ഥാനം ചൊവ്വയിലെ, വാല്ലെസ് മാറിനെറിസ് എന്ന മലയിടുക്കിലെ ഇയോസ് ചാസ്മ എന്ന പ്രദേശമാണ്.[2]ചൊവ്വയിലെ പൊടിപടലങ്ങളാൽ മൂടപ്പെടാത്ത പ്രദേശങ്ങളിലെ വിവരങ്ങൾ മാത്രമേ ഈ പഠനത്തിൽ ഉൾപ്പെടുത്തിയുള്ളൂ എന്ന കാരണത്താൽ ഈ വിശകലനം അന്തിമമായ ഫലം നൽകുന്നില്ല.

390 മുതൽ 400 കോടി വരെ വർഷങ്ങൾക്കു മുൻപ്,ഒന്നോ ഒന്നിൽ അധികമോ ഉൽക്കാശിലകൾ ചൊവ്വയുടെ ഉപരിതലത്തിൽ വന്നിടച്ചത് മൂലം ഉണ്ടായ പ്രകമ്പനങ്ങളാൽ അടരുകയും, ചൊവ്വയിൽ തന്നെ നിലനിൽക്കുകയും ചെയ്തതാകാം ALH 84001 എന്ന് സിദ്ധാന്തങ്ങൾ പറയുന്നു.പിന്നീട് ഏകദേശം 1.5 കോടി വർഷങ്ങൾക്കുമുൻപ് ഉണ്ടായ മറ്റൊരു പൊട്ടിത്തെറിയിൽ അത് ചൊവ്വയിൽ നിന്നും തെറിച്ചു പോവുകയും,ഏകദേശം 13,000 വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ നിപതിക്കുകയും ചെയ്തു.സമേറിയം-നിയോഡൈമിയം(Sm-Nd),റുബിടിയം-സ്ട്രോന്ഷിയം(Rb-Sr),പൊട്ടാസ്സിയം-അർഗോൻ(K-Ar), കാർബൺ-14 എന്നീ റേഡിയോ മെട്രിക് ഡേറ്റിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ തിഥികൾ നിശ്ചയിച്ചത്.[3][4]

ചൊവ്വയിൽ ദ്രാവക ജലം നിലനിന്നിരുന്ന കാലത്താകാം ALH 84001 ഉൽഭവിച്ചതെന്നു സാങ്കൽപ്പിക സിദ്ധാന്തങ്ങൾ പറയുന്നു.[5] ജീവന്റെ തെളിവുകൾക്ക് സാധ്യതയുള്ള മറ്റു ഉൽക്കാ ശിലകൾ പക്ഷേ ALH 84001ന്റെ അത്രയും പ്രശസ്തമല്ല. മറ്റുള്ളവ ജല നിബിഡമായ ചൊവ്വയിൽ നിന്നുമല്ല ഉത്ഭവിച്ചത്‌ എന്നതാണ് ഇതിനു കാരണം.ഇതുവരെ കണ്ടെത്തിയിട്ടുള്ള ഉൽക്കാ ശിലകളിൽ, ALH 84001 മാത്രമാണ് അത്തരമൊരു കാലയളവിൽ നിന്നുമുള്ളത്.[5]

ജൈവ രൂപങ്ങളുടെ സാധ്യത

തിരുത്തുക

1996 ഓഗസ്റ്റ് 6നു,[5] ശാസ്ത്രജ്ഞർ, ALH 84001ൽ ചൊവ്വയിൽ നിന്നുള്ള ജീവന്റെ തെളിവുകൾ കാണാൻ സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ചതോടെ ഈ ഉൽക്കാശില വളരെ വാർത്താ പ്രാധാന്യം നേടി. നാസയിലെ ഡേവിഡ്‌ മക്-കേയ്‌ ആണ് ഈ വിവരം സയൻസ് എന്ന മാസികയിലൂടെ പ്രസിദ്ധീകരിച്ചത്.[6]

 
ALH 84001 എന്ന ഉൽക്കാശിലാ ഖണ്ഡത്തിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ കണ്ടെത്തിയ ശൃംഖലാ ഘടന

ഇലക്ട്രോൺ മൈക്രോസ്കോപിലൂടെ ഉള്ള നിരീക്ഷണങ്ങളിൽ, ബാക്ടീരിയ പോലുള്ള ജീവന്റെ ഫോസ്സിലുകൾ ആണെന്ന് കരുതുന്ന ഘടനകൾ ഇതിൽ കണ്ടെത്തുകയുണ്ടായി.ഈ സൂക്ഷ്മ ഘടനകൾ 20-100 നാനോ മീറ്റർ വ്യാസമുള്ളവയാണ്‌. അതുകൊണ്ട് തന്നെ ഇവ സൈദ്ധാന്തികമായ നാനോ ബാക്ടീരിയകളുടെ സമാന വലിപ്പമുള്ളവയും കണ്ടെത്തപ്പെട്ട സമയത്ത് അതുവരെ അറിവായിട്ടുള്ള കോശ ജീവനുകളേക്കാൾ ചെറുതുമാണ്.യഥാർത്ഥത്തിൽ ഇവ ജൈവ രൂപങ്ങളുടെ ഫോസിലുകൾ ആണെങ്കിൽ,ഭൂതലത്തിൽ നിന്നും ഉള്ള ജൈവ പ്രക്രിയകളുടെ ഫലമായി ഉത്ഭവിച്ച ഘടനകൾ അല്ലാത്ത പക്ഷം, അന്യ ഗ്രഹ ജീവന്റെ നിലനിൽപ്പിനു സൂചകമായ ആദ്യ തെളിവുകളായിരിക്കും.[7]

അന്യ ഗ്രഹ ജീവന്റെ സാധ്യതയെപ്പറ്റിയുള്ള പ്രഖ്യാപനങ്ങൾ, ആ സമയത്ത് വളരെ വിവാദങ്ങൾ സൃഷ്ടിക്കുകയും, അവ കൂടുതൽ ചൊവ്വാ പര്യവേഷണങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ചൊവ്വയിലെ ജീവന്റെ പ്രഖ്യാപനം അത്യന്തം ദുർബലമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളവ ആണെങ്കിലും, ഈ ഫോസിലുകൾ അന്യ ഗ്രഹ ജീവന് പ്രത്യക്ഷ സൂചകങ്ങൾ ആണെന്ന് അനേകം പേർ അനുമാനിച്ചു. മാത്രമല്ല ഇത് ലോകമാസകലം വാർത്താ പ്രാധാന്യം നേടുകയും, അതിലുപരി യു.എസ്. രാഷ്ട്രപതി ബിൽ ക്ലിന്റൺ ടെലിവിഷനിലൂടെ ഔദ്യോഗികമായി ഇതിന്റെ പ്രഖ്യാപനം നടത്തുകയും ചെയ്തു.[8]

ഈ ഉൽക്കാശിലയിൽ ജൈവ കണങ്ങൾ കണ്ടെത്തുന്നതിനായി നിരവധി പരിശോധനകൾ നടത്തിയിട്ടുണ്ട്.അമിനോ അമ്ലങ്ങൾ, പോളി സൈക്ലിക്ക് ആരോമടിക് ഹൈഡ്രോകാർബണുകൾ (PAH) എന്നിവ ഇതിൽ നിന്നും കണ്ടെത്തുകയും ചെയ്തു.ഇതിലെ ജൈവ കണങ്ങൾ, ചൊവ്വയിൽ നിന്നും ഉത്ഭവിച്ചതാണോ അതോ ഭൂമിയിലെ അന്റാർട്ടിക് മഞ്ഞിൽ നിന്നും പറ്റിപ്പിടിച്ചതാണോ എന്നും ഉള്ള തർക്കങ്ങൾ ഇപ്പോഴും നടക്കുകയാണ്.[9][10]

ഉൽക്കാശിലയിൽ നിന്നും കണ്ടെത്തിയ കാർബണേറ്റ് ഗ്ലോബ്യൂലുകൾ, ഉയർന്ന താപനിലയിൽ (650°C നു മുകളിൽ) ചൊവ്വയിലെ അഗ്നിപർവ്വത പ്രക്രിയയോ പതന പ്രക്രിയയോ മൂലം ഉത്ഭവിച്ചതാകാം എന്നതുനു തെളിവുകൾ ലഭിച്ചതായി മുൻപേ തന്നെ കേസ് വെസ്റ്റേൺ റിസേർവ് സർവകലാശാലയിലെ റാൽഫ് ഹാർവിയും, ടെന്നെസ്സീ സർവകലാശാലയിലെ ഹാരി മക്സ്വീനും പറഞ്ഞുട്ടുണ്ട്.[11] ഇത്രയും ഉയർന്ന താപനിലകളിൽ, ഈ ഗ്ലോബ്യൂലുകൾ, ജൈവ പ്രക്രിയകൾ മൂലം രൂപപ്പെട്ടതാകാൻ വളരെ സാധ്യത കുരവാനെന്നും ഇവർ പറയുന്നു. എന്നാൽ പിന്നീട് ഈ ഗ്ലോബ്യൂലുകൾ താഴ്ന്ന താപനിലയിൽ രൂപപ്പെട്ടതാണെന്ന പ്രബന്ധവുമായി ഈ ശാസ്ത്രകാരന്മാർ തന്നെ മുന്നോട്ടുവന്നു. ഇക്കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിച്ച ഒട്ടുമിക്ക എല്ലാ ശാസ്ത്രീയ പ്രബന്ധങ്ങളും, ഈ കാർബണേറ്റുകൾ ചൊവ്വയിൽ തന്നെ ഉത്ഭവിച്ചതാനെന്നു അംഗീകരിക്കുന്നു.[12]

നാനോമീറ്ററുകൾ മാത്രം വലിപ്പമുള്ള രൂപങ്ങൾ RNA പോലുള്ള ജീവന്റെ അടിസ്ഥാന ഘടകങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തത്ര ചെറുതാണെന്നായിരുന്നു ആദ്യ കാലത്തെ മറ്റൊരു വാദം. എന്നാൽ പ്രകൃതിയിൽ നാനോ ബാക്ടീരിയകൾ നിലനിൽക്കുന്നു എന്നതിന്റെ തെളിവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.[13]കൂടാതെ സൂക്ഷ്മ-ജീവശാസ്ത്രജ്ഞർ,ALH 84001 ലെ സൂക്ഷ്മ ജീവികളുടെ വലിപ്പത്തിന് സമാനമായ നാനോ ബാക്ടീരിയകളെ ലാബിൽ വിജയകരമായി സൃഷ്ടിക്കുകയും ചെയ്തു.[14]

ഈ ഉൽക്കാശിലയിൽ കണ്ടെത്തിയ ജൈവിക ഘടനകൾ ചൊവ്വയിലെ ജീവന്റെ തെളിവുകൾ അല്ലെന്നും, ഇവ ഭൂമിയിലെ ബയോ ഫിലിംസിന്റെ ഫലമായി ഉണ്ടായതാണെന്നും ചിലർ വാദിക്കുന്നു. പക്ഷേ നാസ പറയുന്നത്, മറ്റുള്ള ചൊവ്വാ ഉൽക്കാശിലകളിൽ, ALH84001 ൽ കണ്ടെത്തിയതിൽ നിന്നും വ്യത്യസ്തമായ ജൈവ ഘടനയാണ് കണ്ടെത്തിയതെന്നാണ്. ALH 84001ൽ കണ്ടെത്തിയ ജൈവ രൂപങ്ങൾ അതിലുള്ള മറ്റു രാസ ഘടകങ്ങളുമായി സ്വാഭാവികമായിതന്നെ ഇഴുകിച്ചേർന്ന രൂപത്തിലാണ് കാണപ്പെട്ടത്.അതിനാൽ തന്നെ ഇവ ഭൂമിയിൽ നിന്നും പറ്റിപ്പിടിച്ചതാവാൻ സാധ്യത കുറവാണ്.[12]

ഈ ഉൽക്കാശിലയിലെ ജൈവ രൂപങ്ങളുടെ ഉത്ഭവം എങ്ങനെയായിരുന്നു എന്ന് ഇതുവരെ പരിപൂർണമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇതിനു സമാനമായ ജീവ രൂപങ്ങൾ, ഹ്യൂസ്ടനിലുള്ള ഹെർണാട്സ് എഞ്ചിനീയറിംഗ് ഇങ്ക്. ലെ ജീവ ശാസ്ത്രകാരന്മാരായ D.C. ഗോൾഡനും കൂട്ടരും ലാബിൽ നിർമ്മിക്കുകയുണ്ടായി.[15] ഡേവിഡ്‌ മക് കെയ് പറയുന്നത്, ഈ ഫലങ്ങൾ അതിശുദ്ധമായ രാസ പദാർഥങ്ങൾ ഉപയോഗിച്ചത് കൊണ്ടാണ് ലഭിച്ചതെന്നും[5], ഇത് ALH 84001 ലെ ഘടനകളെ വിശദീകരിക്കുകയില്ലെന്നുമാണ്.

2009 നവംബറിൽ ജോൺസൻ സ്പേസ് സെന്ററിലെ ഡേവിഡ്‌ മക് കെയ് ഉൾപ്പെട്ട ഒരു സന്ഖം ശാസ്ത്രജ്ഞർ, പണ്ടുകാലത്ത് ചൊവ്വയിൽ ജീവൻ ഉണ്ടായിരുന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് പ്രഖ്യാപിച്ചു. കൂടുതൽ ആധുനികമായ ഉപകരണങ്ങളുടെ സഹായത്താൽ ALH 84001 നെ പരിശോധിച്ച ശേഷമാണ് ഇവർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.[16][17]ഇവരുടെ കണ്ടെത്തലുകൾ ഇങ്ങനെ ഉപസംഹരിക്കപ്പെട്ടിരിക്കുന്നു:

ALH 84001 എന്ന ഉൽക്കാശിലയിലെ ജൈവ ഘടനകളുടെ ഉത്ഭവത്തെ പറ്റി ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ സിന്ധാന്തങ്ങളും തെറ്റാണെന്നോ ശരിയാണെന്നോ കണ്ടെത്തിയിട്ടില്ല.[12]
കൂടാതെ മറ്റുള്ള ചൊവ്വാ ഉൽക്കാ ശിലകളിലും ഇതേപോലുള്ള ജൈവ ഘടനകൾ കണ്ടെത്തിയതിനാൽ, ജൈവോൽഭവ സിദ്ധാന്തത്തിനു കൂടുതൽ ബലം നൽകുന്നതായും അവർ പറയുന്നു.[12]

വിദ്യാർത്ഥിനിയുടെ പങ്ക്

തിരുത്തുക

അർകൻസാസ് സർവകലാശാലയിലെ വിദ്യാർത്ഥിനിയായ ആൻ ടോൺടാൻ ALH 84001 നെ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ വിശകലനം (SEM) ചെയ്യുകയും ഇതിലുള്ള നാനോ ബാക്ടീരിയകലാണെന്നു സംശയിക്കുന്ന ഫോസിലുകളും, ഭൂമിയിലെ നാനോ ബാക്ടീരിയകളുടെ ഫോസിലുകളും തമ്മിൽ താരതമ്യം ചെയ്യുകയും ചെയ്തു. ഈ വിദ്യാർത്ഥിനിയെ നാസയിലെ ഡേവിഡ്‌ മക് കെയ് തന്റെ കീഴിൽ SEM ഗവേഷണങ്ങൾ നടത്താൻ 10 ആഴ്ചത്തേക്ക് ക്ഷണിക്കുകയും ഉൽക്കാ ശിലയിലാണ് ഗവേഷണങ്ങൾ നടത്തുന്നതെന്നുള്ള യാധാർധ്യം മറച്ചു വയ്ക്കുകയും ചെയ്തു.[18] ഈ രീതിയെ സിംഗിൾ ബ്ലൈണ്ട് എന്ന് പറയുന്നു.ALH 84001 ൽ കണ്ടെത്തിയ ജൈവ രൂപങ്ങൾ ഭൂമിയിലെതുമായി വളരെ സാമ്യമുണ്ടെന്ന് ടോൺടാൻ റിപ്പോർട്ട് ചെയ്തു.

  1. "Meteoritical Bulletin Database: Allan Hills 84001".
  2. Birthplace of famous Mars meteorite pinpointedNew Scientist article.URL accessed March 18, 2006.
  3. Nyquist, L. E.; Wiesmann, H.; Shih, C.-Y.; Dasch, J. (1999). "Lunar Meteorites and the Lunar Crustal SR and Nd Isotopic Compositions". Lunar and Planetary Science 27: 971. Bibcode: 1996LPI....27..971N
  4. Borg, Lars; et al. (1999). "The Age of the Carbonates in Martian Meteorite ALH84001". Science 286 (5437): 90–94. doi:10.1126/science.286.5437.90
  5. 5.0 5.1 5.2 5.3 Crenson, Matt (2006-08-06)."After 10 years, few believe life on Mars"Associated Press (on usatoday.com).Retrieved 2009-12-06.
  6. McKay, David S.; et al. (1996). "Search for Past Life on Mars:Possible Relic Biogenic Activity in Martian Meteorite ALH84001". Science 273 (5277): 924–930. doi:10.1126/science.273.5277.924
  7. McSween, H. Y. (1997). "Evidence for life in a martian meteorite?". GSA Today 7 (7): 1–7. PMID 11541665
  8. Clinton, Bill (1996-08-07). "President Clinton Statement Regarding Mars Meteorite Discovery"NASA.Retrieved 2006-08-07.
  9. Bada, J. L.; Glavin, D. P.; McDonald, G. D.; Becker, L. (1998). "A Search for Endogenous Amino Acids in Martian Meteorite ALH84001". Science 279 (5349): 362–365.
  10. Becker L., Glavin D. P., Bada J. L. (1997). "Polycyclic aromatic hydrocarbons (PAHs) in Antarctic Martian meteorites, carbonaceous chondrites, and polar ice". Geochimica et Cosmochimica Acta 61: 475–481.doi:10.1016/S0016-7037(96)00400-0
  11. Harvey, R. P., and J. H. Y. McSween, "A possible high-temperature origin for the carbonates in the Martian meteorite ALH84001", Nature, 382(6586), 49-51, (1996).
  12. 12.0 12.1 12.2 12.3 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-03-16. Retrieved 2010-04-14. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-03-16. Retrieved 2010-04-14.
  13. Cisar J, Xu D, Thompson J, Swaim W, Hu L, Kopecko D (2000). "An alternative interpretation of nanobacteria-induced biomineralization". PNAS 97 (21): 11511–11515. doi:10.1073/pnas.97.21.11511.PMID 11027350
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-30. Retrieved 2010-04-14.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-18. Retrieved 2010-04-14.
  16. [http://www.nasa.gov/centers/johnson/news/releases/2009/J09-030.html "New Study Adds to Finding of Ancient Life Signs in Mars Meteorite"] Archived 2014-05-03 at the Wayback Machine.NASA. 2009-11-30. http://www.nasa.gov/centers/johnson/news/releases/2009/J09-030.html Archived 2014-05-03 at the Wayback Machine.. Retrieved 2009-12-01.
  17. Thomas-Keprta, K., S. Clemett, D. McKay, E. Gibson and S. Wentworth 2009. Origin of Magnetite Nanocrystals in Martian Meteorite ALH84001 journal Geochimica et Cosmochimica Acta: 73. 6631-6677.
  18. Taylor, Michael Ray, 1999. Dark Life. 0684841916, p. 90.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അലൻ_ഹിൽസ്_84001&oldid=3979732" എന്ന താളിൽനിന്ന് ശേഖരിച്ചത്