എം. കുഞ്ഞിരാമൻ നമ്പ്യാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
കുഞ്ഞിരാമൻ നമ്പ്യാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുഞ്ഞിരാമൻ നമ്പ്യാർ (വിവക്ഷകൾ) എന്ന താൾ കാണുക. കുഞ്ഞിരാമൻ നമ്പ്യാർ (വിവക്ഷകൾ)

കാസർഗോഡ് ജില്ലയിലെ ഒരു രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ പ്രവർത്തകനും സഹകാരിയുമായിരുന്നു എം. കുഞ്ഞിരാമൻ നമ്പ്യാർ (12 മാർച്ച് 1924 - 14 ജൂൺ 2014). 1982 മുതൽ 1984 വരെ മൂന്നു വർഷത്തോളം ഉദുമ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയി പ്രവർത്തിച്ചു. 21 വർഷക്കാലം പനത്തടി പഞ്ചായത്ത് പ്രസിഡന്റ്, 30 വർഷം പനത്തടി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

ബാല്യം, വിദ്യാഭ്യാസം

തിരുത്തുക

മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന കോടോത്ത് കുഞ്ഞമ്പു നായരുടെയും മാവില മാണിക്യം അമ്മയുടെയും മകനായി 1924 മാർച്ച് 12-ന് കാസർഗോഡ് ജില്ലയിലെ ചെമ്മനാടായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നീലേശ്വരം രാജാസ് ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

സഹോദരനായ എം.കെ. നമ്പ്യാർ മദ്രാസ് അസംബ്ലി മണ്ഡലത്തിലേക്ക് മത്സരിച്ച സമയത്താണ് കുഞ്ഞിരാമൻ നമ്പ്യാർ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. മദ്രാസ് സംസ്ഥാനത്തിൽ അവിഭക്ത പനത്തടി പഞ്ചായത്തിന്റെ പട്ടേലർ ആയിട്ട് സേവനമനുഷ്ഠിച്ചു. 1982-ൽ ഉദുമ മണ്ഡലത്തിൽ നിന്നും ഇടതു പക്ഷത്തിന്റെ പിന്തുണയോടെയാടെ മത്സരിച്ച് ജയിച്ചാണ് എം.എൽ.എ ആയത്. കോൺഗ്രസുകാരാനായിരുന്നെങ്കിലും സ്വതന്ത്രനായി മത്സരിച്ച ഇദ്ദേഹത്തിന് ഇടതുപക്ഷം അവരുടെ സ്ഥാനാർഥിയെ പിൻവലിപ്പിച്ച് പിന്തുണ കൊടുക്കുകയാണുണ്ടായത്.[1] ഘടകകക്ഷികൾക്ക് കോൺഗ്രസ് ആവശ്യത്തിലധികം സീറ്റ് നൽകുന്നുവെന്ന പരാതിയായിരുന്നു നേതൃത്വത്തോട് പിണങ്ങി സ്വതന്ത്രനായി മത്സരിക്കുവാൻ കുഞ്ഞിരാമൻ നമ്പ്യാരെ പ്രേരിപ്പിച്ചത്.[2]

കെ.കരുണാകരന്റെ അഭ്യർത്ഥനയെ തുടർന്ന്[3] മാതൃസംഘടനയായ കോൺഗ്രസ്സ് (ഐ)-യിലേക്ക് മടങ്ങിപ്പോകുന്നതിനായി 1984 ഡിസംബർ 8-ന്[4] നിയമസഭാംഗത്വം രാജി വെച്ചു. തുടർന്ന് 1985-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞിരാമൻ ന‌മ്പ്യാർ കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥിയായി ഇതേ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും സി.പി.ഐ.(എം) സ്ഥാനാർത്ഥിയായിരുന്ന കെ. പുരുഷോത്തമനോട് 816 വോട്ടുകൾക്ക് ഇദ്ദേഹം പരാജയപ്പെട്ടു.

എ.ഐ.സി.സി. അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1985*(1) ഉദുമ നിയമസഭാമണ്ഡലം കെ. പുരുഷോത്തമൻ സി.പി.എം., എൽ.ഡി.എഫ്. എം. കുഞ്ഞിരാമൻ നമ്പ്യാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 ഉദുമ നിയമസഭാമണ്ഡലം എം. കുഞ്ഞിരാമൻ നമ്പ്യാർ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.

വിദ്യാഭ്യാസ രംഗത്ത്

തിരുത്തുക

കാഞ്ഞങ്ങാട് ദുർഗാ ഹൈസ്കൂൾ, പടന്നക്കാട് നെഹ്രു കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായി പ്രവർത്തിച്ചിരുന്നു.

നിര്യാണം

തിരുത്തുക

ഹോസ്ദുർഗ് താലൂക്കിലെ ഒടയഞ്ചാലിൽ താമസിച്ചിരുന്ന ഇദ്ദേഹം 2014 ജനുവരി 14-ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

കുടുംബം

തിരുത്തുക

ഭാര്യ: കോടോത്ത് ശാന്തകുമാരി. മക്കൾ: ഡോ.ജയപ്രസാദ്​,​ പ്രമീള, ഡോ. പ്രവീണ. സഹോദരൻ എം.കെ. നമ്പ്യാർ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

  1. "ഉദുമ മുൻ എം.എൽ.എ എം.കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു". മാതൃഭൂമി. ജൂൺ 14, 2014. Archived from the original on 2014-06-15. Retrieved ജൂൺ 14, 2014.
  2. "ഉദുമ മുൻ എംഎൽഎ എം കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി". ദേശാഭിമാനി. ജൂൺ 14, 2014. Retrieved ജൂൺ 14, 2014.
  3. "ഉദുമ മുൻ എം.എൽ.എ എം.കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു". കേരള കൗമുദി. ജൂൺ 14, 2014. Retrieved ജൂൺ 14, 2014.
  4. http://www.niyamasabha.org/codes/mem_1_7.htm
"https://ml.wikipedia.org/w/index.php?title=എം._കുഞ്ഞിരാമൻ_നമ്പ്യാർ&oldid=3625839" എന്ന താളിൽനിന്ന് ശേഖരിച്ചത്