ഉളിയന്നൂർ മഹാദേവക്ഷേത്രം
എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ഉളിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചിരപുരാതന ക്ഷേത്രമാണ് ഉളിയന്നൂർ മഹാദേവക്ഷേത്രം. പെരിയാർ രണ്ടായി പിരിഞ്ഞ് ഉണ്ടായ ഉളിയന്നൂർ ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഐതിഹ്യം
തിരുത്തുകപെരിയാറ്റിൻ കരയിലുള്ള ഈ ക്ഷേത്രംപരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ഉളിയന്നൂരുണ്ട്. ഇങ്ങനെ ഒരു അപൂർവ്വത ഈ ക്ഷേത്രത്തിന് സ്വന്തം.[1] ദേശീയപാത-47 ൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ക്ഷേത്രം നിൽക്കുന്നത്. പന്തിരുകുലത്തിലെ പുകൾപെറ്റ പെരുന്തച്ചനാൽനിർമ്മിക്കപ്പെട്ട ക്ഷേത്രം കൂടിയാണിത്. പെരുന്തച്ചന്റെ സ്വന്തം ഗ്രാമവും ഇതുതന്നെയായിരുന്നുവത്രേ.[2][3] തന്മൂലം ഉളിയന്നൂർ പെരുന്തച്ചൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.[2][4][5] ബി.സി. 525-ൽ തദ്ദേശീയ ബ്രാഹ്മണരുടെ നിർദ്ദേശാനുസരണം അദ്ദേഹം ഇവിടെ ക്ഷേത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം.[6] പരശുരാമൻ പ്രതിഷ്ഠിച്ച ശിവലിംഗപ്രതിഷ്ഠയിൽ നിന്നും 20 മീറ്ററോളം ദൂരെമാറിയാണ് പെരുന്തച്ചൻ ക്ഷേത്രം നിർമ്മിച്ചത്.[6]
ക്ഷേത്ര രൂപകല്പന
തിരുത്തുകക്ഷേത്രം നിൽക്കുന്നത് വളരെ ഉയർന്ന സ്ഥലത്താണ്. പെരിയാറ്റിങ്കരറ്റിൽ ഇത്രയും സ്ഥലം ക്ഷേത്രത്തിനുവേണ്ടി ഉയർത്തിയെടുത്തതാണന്നാണ് വിശ്വാസം. നദിയിൽ നിന്നും തന്നെയാവാം ഇതിനായി മണ്ണ് എടുത്തത്. ഒരേ ശ്രീകോവിലിൽ തന്നെ അനഭിമുഖമായി ശിവ-പാർവ്വതിമാർ കുടികൊള്ളുന്നു ഇവിടെ. വളരെ മനോഹരമായിത്തന്നെയാണ് ക്ഷേത്ര മതിൽക്കെട്ടും പണിതീർത്തിരിക്കുന്നത്. ചുവന്ന വെട്ടുകല്ലിനാൽ പടുതൂയർത്തിയ കൂറ്റൻ മതിൽക്കെട്ടാണ് ക്ഷേത്രത്തിനു ചുറ്റും നിലകൊള്ളുന്നത്. ക്ഷേത്രത്തിലെ പല നിർമ്മാണശൈലികളും വളരെ വൈദഗ്ദ്ധ്യമേറിയ രീതിയാലായിരുന്നു പണിതീർത്തതെങ്കിലും പലതും ഇന്ന് നാശോന്മുഖമായി തീർന്നിരിക്കുന്നു. മൈസൂർ സുൽത്താനായ് ടിപ്പുവിന്റെ പടയോട്ട കാലത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകളും കുറച്ചൊന്നുമല്ല ഈ ക്ഷേത്രത്തിനു പറയാനുള്ളത്.[7]
ശ്രീകോവിൽ
തിരുത്തുകകേരള തനിമയിൽ പെരുന്തച്ചൻ നിർമ്മിച്ച ഇവിടുത്തെ വർത്തുളാകൃതിയിലുള്ള ശ്രീകോവിൽ വളരെ വിസ്തൃതിയുള്ളതാണ്. ഏകദേശം 42 മീറ്റർ ചുറ്റളവുണ്ടിതിന്.[7] ഈ ശ്രീകോവിലിനുള്ളിലായി അനഭിമുഖമായി ശിവ-പാർവ്വതിമാർ കുടികൊള്ളുന്നു. ടിപ്പുവിന്റെ പടയോട്ട കാലത്ത് സോപാനത്തിനരികിലുള്ള ദ്വാരപാലകരുടെ പ്രതിഷ്ഠകൾക്കും നാശങ്ങൾ ഉണ്ടായിട്ടുണ്ട്. കരിങ്കല്ലിനാൽ നിർമ്മിച്ചിരിക്കുന്ന ശ്രീകോവിൽ പ്ലാവിന്തടിയാൽ മുകൾഭാഗം മേഞ്ഞിരിക്കുന്നു. ഇതിനുമുകളിലായി ഓട് ഇട്ട് ഭംഗിയാക്കിയിട്ടുണ്ട്.
ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാട്ട് ദർശനമായി പാർവ്വതിയും ദർശനം നൽകുന്നു. അർദ്ധനാരീശ്വരസങ്കല്പമാണ് ഇതിന്റെ പിന്നിൽ. ഇവിടത്തെ ശിവലിംഗം വളരെ വലുതാണ്. ആറടി ഉയരം വരും. സ്വയംഭൂലിംഗമാണ്. അതിനാൽ ചെത്തിമിനുക്കലുകളോ അഷ്ടബന്ധകലശമോ നടത്തിയിട്ടില്ല. പരശുരാമൻ ദ്വാപരയുഗത്തിൽ ധ്യാനത്തിലൂടെ ശിവനെയും പാർവ്വതിയെയും പ്രത്യക്ഷപ്പെടുത്തി അവരെ ശക്തിപഞ്ചാക്ഷരി ധ്യാനരൂപത്തിൽ സ്വയംഭൂവായി കുടിയിരുത്തി എന്ന് ഐതിഹ്യം. അത്യുഗ്രമൂർത്തിയായ മഹാദേവന്റെ കോപം ശമിപ്പിയ്ക്കുന്നതിനായി പെരിയാർ കിഴക്കേ നടയിലൂടെ ഒഴുകിപ്പോകുന്നു.
മുഖമണ്ഡപം
തിരുത്തുകസമചതുരാകൃതിയിൽ കിഴക്കേനടയിൽ മാത്രം മുഖമണ്ഡപം പണിതീർത്തിട്ടുണ്ട്. പാർവ്വതിനടയിൽ നമസ്കാരമണ്ഡപം ഇല്ലെങ്കിലും ഈ അടുത്തിടയ്ക്ക് ചെറിയ ഒരു മുഖപ്പ് പണിതീർത്തിരിക്കുന്നു. മുഖമണ്ഡപത്തിൽ നന്ദികേശ്വര പ്രതിഷ്ഠയുണ്ട്. കരിങ്കല്ലിൽ തീർത്തിരിക്കുന്ന ഈ നന്ദികേശ്വര പ്രതിഷ്ഠയേയും ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ഈ നന്ദികേശ്വര പ്രതിഷ്ഠ പിച്ചളയിൽ പൊതിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ നശിക്കാതെ കാക്കുന്നു.
നാലമ്പലം
തിരുത്തുകവിശാലയായ നാലമ്പലമാണീവിടുത്തേത്. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ സിമന്റ് കൊണ്ട് തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിന്റെ മുൻവശം മാത്രമേ പൂർണ്ണമായി പണിതീർത്തിട്ടുള്ളു. പാർവ്വതീനടയ്ക്കരികിലുള്ള നാലമ്പല ചുമരുകൾ വെറും ഭിത്തിയിൽ മാത്രമായി ഒതുക്കിയിരിക്കുന്നു. നാലമ്പലത്തിനോട് ചേർന്നുതന്നെ വലിയ ബലിക്കല്പുരയും പണിതീർത്തിട്ടുണ്ടിവിടെ. നാലമ്പലവും ബലിക്കൽപ്പുരയും ഓട് മേഞ്ഞിരിക്കുന്നു. നാലമ്പലത്തിനുള്ളിൽ തെക്കു കിഴക്കേമൂലയിലായി തിടപ്പള്ളിയും പണിതീർത്തിരിക്കന്നു.
ധ്വജസ്തംഭവും വൻ മതിൽക്കെട്ടും
തിരുത്തുകക്ഷേത്രത്തിൽ ഈയടുത്ത കാലത്ത് കൊടിമരപ്രതിഷ്ഠ നടത്തിയിരുന്നു. ശിവന്റെ നടയ്ക്കുനേരെയാണ് കൊടിമരം. മതിൽക്കെട്ടിന്റെ പണി നടന്നുകൊണ്ടിരിയ്ക്കുന്നു.
ഉപദേവന്മാർ
തിരുത്തുകപ്രധാന ശ്രീകോവിലിൽ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയും ഗണപതിയും നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ ദർശനമായി അയ്യപ്പനും, വടക്കുപടിഞ്ഞാറേമൂലയിൽ സുബ്രഹ്മണ്യനും നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും വടക്കുപടിഞ്ഞാറേമൂലയിൽ മഹാവിഷ്ണുവും വടക്കുകിഴക്കേമൂലയിൽ ദുർഗ്ഗയും തെക്കുകിഴക്കേമൂലയിൽ യക്ഷിയുമാണ് ഉളിയന്നൂർ ക്ഷേത്രത്തിലെ ഉപദേവതകൾ. കൂടാതെ മാടത്തിലപ്പൻ ക്ഷേത്രവും തുല്യപ്രാധാന്യത്തോടെ പണികഴിച്ചിട്ടുണ്ട്.
പൂജാവിധികളും, വിശേഷങ്ങളും
തിരുത്തുകനിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ മഹാക്ഷേത്രത്തിൽ രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെയും ദർശനമാകാം. ധനുമാസത്തിൽ ചതയം നാളിൽ കൊടിയേറി തിരുവാതിര നാളിൽ ആറാട്ടായി 10 ദിവസം ഉത്സവമുണ്ട് (തിരുവാതിര ദിവസം ആറാട്ട് കണക്കാക്കി 10 ദിവസം പിന്നിലേയ്ക്ക് നോക്കി കൊടിയേറുന്നു. മിക്കവാറും ചതയം തന്നെയാണ് അന്ന് നാളെങ്കിലും ചിലപ്പോൾ അവിട്ടം, പൂരൂരുട്ടാതി നാളുകളും ആകാം). കൂടാതെ കുംഭമാസത്തിൽ ശിവരാത്രിയും പ്രധാനമാണ്.
ക്ഷേത്രത്തിൽ എത്തിചേരാൻ
തിരുത്തുക-->
അവലംബം
തിരുത്തുക- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
- ↑ 2.0 2.1 ഐതിഹ്യമാല -കൊട്ടാരത്തിൽ ശങ്കുണ്ണി
- ↑ പറയിപെറ്റ പന്തിരുകുലം (കവിത) - ഡോ. ടി. ഗോവിന്ദൻ നായർ, മദ്രാസ്
- ↑ ഇന്നലത്തെ മഴ - എൻ. മോഹനൻ (കറന്റ് ബുക്സ്, തൃശ്ശൂർ -1999)
- ↑ നമ്പൂതിരി.കോം, അഗ്നിഹോത്രി
- ↑ 6.0 6.1 "ക്ഷേത്ര വെബ് സൈറ്റ്". Archived from the original on 2013-06-25. Retrieved 2011-05-11.
- ↑ 7.0 7.1 "ഉളിയന്നൂർ ക്ഷേത്ര വെബ് സൈറ്റ്". Archived from the original on 2013-06-25. Retrieved 2011-05-11.