ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം
വാനരന്മാരുടെ വാസംകൊണ്ടും വ്യത്യസ്തമായ പടയണി രീതികൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ഭഗവതീക്ഷേത്രം ചെങ്ങന്നൂർ താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. പത്തേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രത്തിൽ എട്ടേക്കർ വള്ളികൾ പടർന്നുനില്കുന്ന കാവാണ്. ആദിശക്തി മാതാവിന്റെ(ദുർഗ്ഗ) അവതാരമായ ശ്രീ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. ദാരികനിഗ്രഹത്തിനു ശെഷം രൗദ്രഭാവത്തിൽ ആണ് പ്രതിഷ്ഠ സങ്കൽപ്പം. 1947 മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണീ ക്ഷേത്രം. മൃദംഗവിദ്വാൻ സുശീൽകുമാർ ഇവിടെയാണ് അരങ്ങേറ്റം നടത്തിയത്.[1]
മറ്റു പ്രത്യേകതകൾ
തിരുത്തുകഇവിടെ രണ്ട് ക്ഷേത്രങ്ങൾ ഉണ്ട് .വടക്കെകാവും, തെക്കെകാവും. വടക്കെകാവാണ് പ്രധാന ശ്രീകോവിൽ. ഇവിടെ ഉഗ്രരൂപിണിയായ 'രുധിര മഹാകാളിയാണ്" പ്രതിഷ്ഠ. വടക്കെകാവ് ബുധനൂർ പഞ്ചായത്തിലും തെക്കെകാവ് പുലിയൂർ പഞ്ചായത്തിലും ആണ്. രൗദ്ര മൂർത്തിയായതിനാൽ സ്ത്രീകൾ വടക്കേകാവിൽ പൊതുവേ പോകാറില്ല. കാളി അത്യുഗ്ര ഭാവത്തിൽ ആയതിനാൽ വടക്കേകാവിലെ നടയുടെ പുറത്തെ ഒരു വാതിലെ തുറക്കൂ. അതിനാൽ മറ്റുള്ളവർക്കും അവിടുത്തെ ബിംബം കണ്ടു തൊഴാൻ പറ്റില്ല. കുറുപ്പൻമാരാണ് ഇവിടെ പൂജ നടത്തുന്നത്. അകത്തുകണ്ടത് പുറത്തുപറയില്ല എന്ന പ്രതിജ്ഞയോടെ കുറുപ്പൻമാർ പൂജാദികർമങ്ങൾ നടത്തുന്നു. അടിമുറ്റത്തുമഠത്തിനാണ് ഇവിടുത്തെ തന്ത്രം. തന്ത്രിയാണ് പുലുക്കുറുപ്പിനെ പൂജാരിയായി നിയമിക്കുന്നത്. കൂടാതെ നടപ്പന്തൽ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്താണെങ്കിലും ക്ഷേത്രദർശനം കിഴക്കോട്ടാണ്. മദ്യമാണ് നിവേദ്യം.കണ്ട ചേകോൻ എന്ന ഈഴവ കുടുംബം നിവേദ്യം സമർപ്പിക്കാൻ അവകാശം. കളപ്പൊടിയാണ് ഈ കാവിലെ പ്രസാദം. അരിപ്പൊടി ,മഞ്ഞൾപ്പൊടി ,കരിപ്പൊടി,വാകയിലപ്പൊടി തുടങ്ങിയവ ചേർത്താണ് കളപ്പൊടി ഉണ്ടാക്കുന്നത് .
തെക്കേ കാവിൽ സൌമ്യ ഭാവത്തോടെ ഉള്ള ഭദ്രകാളി ദേവിയാണ് പ്രതിഷ്ഠ. എല്ലാവർക്കും ദർശനം നടത്താൻ പിന്നീട് നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണ പൂജയാണ്. സ്വാതികപൂജയാണിവിടെ, അതായത് രണ്ടുനേരം സാധാരണക്ഷേത്രത്തിലെ പോലെയുള്ള പൂജ. തേനും ,വറപ്പൊടിയും, തിരളിയുമാണ് ഇവിടുത്തെ നിവേദ്യം. ഇണ്ടിളിയപ്പൻ , യക്ഷി, ഭൂതഗണങ്ങൾ ഉപദേവതകൾ ഉണ്ട്. 2008 ഫെബ്രുവരി 18 തീയതി ഒരു ഭക്തന്റെ സമർപ്പണത്തിന്റെ ഭാഗമായി ഒരു പുതിയ ക്ഷേത്രം കൂടി ഈ കാവിൽ പണിയുകയും സിദ്ധവിനായകനെ പ്രതിഷ്ടിക്കുകയും ചെയ്തു. വാനരയൂട്ട് പ്രധാനപ്പെട്ട ഒരു ചടങ്ങാണ്.
ആഘോഷങ്ങൾ
തിരുത്തുക- ചിങ്ങത്തിലെ ചതയത്തിന് കൊടിയെറി മകം നാളിൽ മകമഹോത്സവം നടത്തുന്നു. പതിനാലു ദിവസവും ഇവിടെ കളമെഴുത്തും പാട്ടും നടത്തും.
കച്ചയേറ്
തിരുത്തുകക്ഷേത്രത്തിൽ ഒരുമാസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനം കുറിച്ചാണ് കച്ചയേറ് നടക്കുന്നത്. ക്ഷേത്രമുറ്റത്ത് കിഴക്കുപടിഞ്ഞാറും തെക്കുവടക്കുമായി നാല്പതോളം മീറ്റർ നീളത്തിലും എട്ടടിയോളം ഉയരത്തിലുമായി വൃക്ഷങ്ങളിൽ വലിച്ചുകെട്ടിയ രണ്ട് വടങ്ങളിലാണ് കച്ചയേറ് നടത്തിയത്.മുപ്പത്തിയൊന്നു മീറ്റർ നീളവും ആറുമുതൽ എട്ടുവരെ ഇഞ്ച് വീതിയുമുള്ള വെളുപ്പ്, കറുപ്പ്, ചുവപ്പ് നിറങ്ങളുള്ള തുണികളാണ് കച്ച.തപ്പിന്റെ മേളം മുറുകുമ്പോൾ കച്ചകൾ കൈയിലേന്തിയ ഭക്തർ ആർപ്പുവിളികളുമായി ക്ഷേത്രമുറ്റത്തേക്ക് ഓടിയെത്തി കച്ചകൾ വടത്തിൽ എറിഞ്ഞുപിടിപ്പിക്കും. ആദ്യത്തെ ഏറിനുതന്നെ വടത്തിൽ കച്ച പതിക്കുന്നത് അനുഗ്രഹമായി ഭക്തർ കരുതുന്നു. ദാരികാസുരനെ നിഗ്രഹിച്ച ഭദ്രാഭഗവതി , അസുരന്റെ വയർ പിളർന്ന് കുടൽമാലകൾ വലിച്ചെറിഞ്ഞു എന്ന ഐതിഹ്യമാണ് കച്ചയേറിനു പിന്നിൽ. കച്ചയേറിനുശേഷം കച്ചകൾ ശരീരത്തിൽ ചുറ്റി ബാലന്മാർ താവടിനൃത്തം ചവിട്ടും.[2]
സാധാരണ ക്ഷേത്രങ്ങളിലെ പോലത്തെ പടയണിരീതിയല്ല ഇവിടുത്തെത്. ഇവിടുത്തെ പടയണിക്ക് കോലങ്ങളില്ല. ഉറഞ്ഞുതുള്ളലില്ല. പടയണിയുടെ ആദ്യപടിയായി ഭദ്രാഭഗവതിയെ എഴുന്നള്ളിച്ച് പടയണി അമ്പലത്തിൽ പ്രതിഷ്ഠിച്ചശേഷം പടയണിവിളി നടക്കുന്നു. തുടർന്ന് തപ്പിന്റെ താളം മുറുകുമ്പോൾ പടയണിവേഷക്കാർ ക്ഷേത്രമൈതാനത്ത് നിരക്കും. തുടർന്ൻ മരമോന്ത, വെളിച്ചപ്പാട്, മരയ്ക്കാത്തി, വേടൻ, കുതിര, ജീവതഎടുത്ത പോറ്റിമാർ, പരദേശി, അപ്പൂപ്പൻ, അമ്മൂമ്മ, കാട്ടാളൻ, കാട്ടാളത്തി, പട്ടര്, ആയമ്മ, കാക്കാൻ, കാക്കാത്തി, ശർക്കര കടക്കാരൻ എന്നീ വേഷക്കാർ അണിനിരക്കും. ഇലന്തയും പടയും എന്നാണ് ഇവർ അറിയപ്പെടുന്നത്. ഓരോ വേഷവും രംഗത്തെത്തി ഹാസ്യരസ പ്രദായകമായ ചേഷ്ടകളും വാചക കസർത്തുക്കളും നടത്തി കാഴ്ചക്കാരെ രസിപ്പിക്കും. സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന നന്മതിന്മകളെ വേർതിരിച്ചുകാട്ടാൻ ഭക്തിഫലിത സമ്മിശ്രമായ സംഭവങ്ങൾ ഇവർ കോർത്തിണക്കിയാണ് ഈ പടയണി അവതരിപ്പിക്കുക. ദാരികാസുരനെ നിഗ്രഹിച്ച് കുടൽമാലകൾ വലിച്ചെറിഞ്ഞ് സംഹാരരുദ്രയായ കാളിയുടെ കോപം ശമിപ്പിക്കുന്നതിനായി ശിവഗണങ്ങൾ കോമാളി വേഷംകെട്ടി വിക്രിയകൾകാട്ടി ഭഗവതിയെ രസിപ്പിച്ച് കോപം ശമിപ്പിച്ചുവെന്ന ഐതിഹ്യത്തിന്റെ ഓർമ പുതുക്കലാണ് ഇവിടത്തെ പടയണി. സാധാരണ പടയണികളിൽനിന്ന് വ്യത്യസ്തമായ ഈ പടയണി ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഉത്സവമാണ്.