ഇഡു

ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ

കാസർ‌ഗോഡ് ജില്ലയിൽ പയ്യന്നൂർ മുതൽ വടക്ക് മേൽ‌പ്പറമ്പുവരെയുള്ള പ്രദേശങ്ങൾക്കിടയിൽ ചില ദൈവസ്ഥാനങ്ങൾക്കടുത്തു കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺ‌തിട്ടകളെയാണ്‌ ഇഡു എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ഇഡുവിന്റെ ചരിത്രം. ഇഡുവെന്ന തുളു വാക്കിനർത്ഥം ലക്ഷ്യം എന്നാണ്. ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ. തെക്കൻ കർണാടകത്തിലെ ബില്ലവസമുദായം അയോധനവിദ്യ പഠിക്കാനായി സമാനമായ ഇഡുക്കൾ ഉപയോഗിച്ചിരുന്നു.[1]

ചെറുവത്തൂർ കൊവ്വലിൽ വീരഭദ്രക്ഷേത്രത്തിനു സമീപമുള്ള ഇഡു

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

പഴയ തുളുനാടിന്റെ പലഭാഗങ്ങളിലുമാണ് ഇഡു കണ്ടുവരുന്നത്. ചെറുവത്തൂർ കൊവ്വൽ, കുട്ടമത്ത്, കോട്ടച്ചേരി കുന്നുമ്മൽ, പിലിക്കോട് രായമംഗലം ക്ഷേത്രസമീപമുള്ള കൊട്ടുമ്പുറം, ചെറുവത്തൂർ റെയിൽ‌വേ സ്റ്റേഷനു പടിഞ്ഞാറുള്ള കാരി, മേൽ‌പ്പറമ്പിനടുത്ത് ആലിൻ‌കീഴ്, തൃക്കരിപ്പൂർ മാണിക്കനാൽ, മാവുങ്കാൽ, വെള്ളിക്കോത്തിനടുത്ത് ഇടുവിൻ‌കുന്ന് മുതലായ പ്രദേശങ്ങളിലാണ്‌ ഇന്നും ഇഡു നിലനിൽ‌ക്കുന്നത്. ചെറുവത്തൂരിടുത്ത് ഹൈവേ റോഡിനു സമീപം കൊവ്വൽ വീരഭദ്രക്ഷേത്രത്തിനു മുമ്പിലായി സ്ഥിതിചെയ്യുന്ന ഇഡുവാണ്‌ ഇന്നു കാണപ്പെടുന്ന ഇഡുകളിൽ ഏറ്റവും വലുത്.

പദോല്പത്തി

തിരുത്തുക

ഇഡു എന്ന വാക്കിന്റെ ഉല്പത്തി തുളുവിൽ നിന്നാണെന്നു കരുതുന്നു. ഉത്തരകേരളത്തിലെ തെയ്യങ്ങളുടെ തൗളവ പശ്ചാത്തലം നോക്കുമ്പോൾ ഈ നിഗമനമാണ്‌ ശരിയെന്നു വിലയിരുത്തുന്നു. ഇഡുവുമായി ബന്ധപ്പെട്ട പൂർ‌വചരിത്രത്തിലെ അമ്പെയ്‌ത്ത് എന്ന അനുഷ്‌ഠാനവും അമ്പെയ്‌ത്തും ലക്ഷ്യവും തമ്മിലുള്ള ബന്ധവും ഇഡുവിന്റെ തുളുബന്ധം അരക്കിട്ടുറപ്പിക്കുന്നു.

പുരാവൃത്തങ്ങൾ

തിരുത്തുക

വിവിധ പുരാവൃത്തങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇഡുവിന്റെ പിന്നിലെ കഥകൾ.

ഒറ്റക്കോലവുമായി ബന്ധപ്പെട്ട കഥ

തിരുത്തുക

പലതരത്തിലുള്ള പുരാവൃത്തങ്ങൾ ഇഡുവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് നരസിംഹാവതാരവുമായി ബന്ധപ്പെട്ട കഥയാണ്‌. ഹിരണ്യവധാർ‌ത്ഥം സ്ഥംഭം പിളർ‌ന്ന് നരസിംഹം പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരരൂപം കണ്ടു ഭയന്ന അഷ്‌ടദിക്‌പാലകർ ഓടി ഒളിച്ചുവത്രേ. എന്നാൽ അഗ്നി മാത്രം ഹിരണ്യന്റെ കോട്ടവാതിൽ‌ക്കൽ നിലയുറപ്പിച്ചു. സുരനരപക്ഷിമൃഗാദികളാലും രാവും പകലും ആകാശത്തും ഭൂമിയിലും ആയുധങ്ങളാലും വധിക്കപ്പെടരുതെന്ന വരലബ്‌ധിയുള്ള ഹിരണ്യനെ അഗ്നി ദഹിപ്പിച്ചിരിക്കുമോ എന്ന സംശയത്താൽ നരസിംഹമൂർത്തി അഗ്നിക്കകത്ത് പ്രവേശിച്ച് ഹിരണ്യനെ അന്വേഷിച്ചത്രെ. ഈ ഒരു സംഭവം ഒറ്റക്കോലം കെട്ടിയാടുമ്പോൾ തെയ്യം തീയിൽ ചാടുന്ന ചടങ്ങിലൂടെ പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. ഹിരണ്യന്റെ കോട്ടയെ സൂചിപ്പിക്കാനായി വിഷ്‌ണുമൂർത്തിയെ കെട്ടിയാടുന്ന ഇടങ്ങിളിലൊക്കെ ഇഡു കെട്ടിയതാവാം എന്നു കരുതുന്നു.

ബാണാസുരനുമായി ബന്ധപ്പെട്ട കഥ

തിരുത്തുക

ചിലയിടങ്ങളിൽ ഇഡുവിനെ ബാണന്റെ കോട്ട എന്നു വിളിച്ചുവരുന്നു. വരബലത്താൽ ശിവൻ തന്റെ കോട്ടയുടെ കാവൽക്കാരനായി ബാണാസുരനെ നിയമിക്കുന്നു. ബാണാസുരന്റെ മകളായ ഉഷയുമായി ശ്രീകൃഷ്‌ണപൗത്രനായ അനിരുദ്ധൻ പ്രണയത്തിലാണ്. ഇതിൽ കുപിതനായ ബാണാസുരൻ ഒരിക്കൽ അനിരുദ്ധനെ പിടിച്ച് തടവിലിടുന്നു. പൗത്രനെ രക്ഷിക്കാനായി ശ്രീകൃഷ്‌ണൻ സൈന്യവുമായി എത്തിയപ്പോൾ ബാണൻ രക്ഷയ്‌ക്കായി ശിവനെ സമീപിക്കുന്നു. ബാണന്റെ രക്ഷകൻ എന്ന നിലയിൽ ശിവൻ വൈഷ്‌ണവാംശമായ ശ്രീകൃഷ്‌ണനുമായി യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയിൽ ശിവൻ ശിവജ്വരവും വിഷ്‌ണു വിഷ്‌ണുജ്വരവും ഉണ്ടാക്കുന്നു. അവസാനം വിഷ്‌ണുജ്വരം വിജയിക്കുന്നു. യുദ്ധം നടന്നത് ബാണന്റെ കോട്ടവാതിൽ‌ക്കലായതിനാൽ ഇഡുവും കോട്ടയും തമ്മിലുള്ള ബന്ധം ഇവിടേയും അനാവൃതമാവുന്നു. അങ്ങനെ ബാണന്റെ കോട്ടയാണ്‌ ഇഡുവിലൂടെ സൂചിതമാകുന്നത് എന്നൊരു പുരാവൃത്തവും ചിലയിടങ്ങളിൽ കേട്ടുവരുന്നു.

ചരിത്രം

തിരുത്തുക

ഇഡുവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ അധികം ലഭ്യമല്ല. ഇഡുവിനെപറ്റി കേരളം സന്ദർ‌ശിച്ച ഫൗസാറ്റ് തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പരാമർ‌ശിക്കുന്നു."കുറുമ്പ്രനാടിന്റെ തെക്കൻ ഭാഗമായ ഒരു പ്രദേശത്ത് ഒരു വിചിത്രമായ വിനോദം ഞാൻ കാണുകയുണ്ടായി. മധ്യഭാഗം ഏകദേശം രണ്ടടി ഉയർ‌ന്നതും രണ്ട് വശങ്ങളിലേക്കു ചരിവുള്ളതുമായ അർ‌ദ്ധവൃത്താകൃതിയിലുള്ള ഒരു മൺ‌തിട്ട അവിടെ ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ എന്നു തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ ഈ സ്ഥാനത്തിന്റെ ഇടതു-വലതു ഭാഗങ്ങളിൽ ഇരുപത്തിയഞ്ചുവാര അകലെ തയ്യാറായി നിന്നിരുന്നു. ഓരോ കളിക്കാരനും ഏകദേശം പതിനെട്ട് ഇഞ്ച് നീളമുള്ള വില്ലും ഈർ‌ക്കിൽ കൊണ്ടുണ്ടാക്കിയ അമ്പും കൈയ്യിലേന്തിയിട്ടുണ്ട്. മൺ‌തിട്ടയുടെ ഒത്ത നടുവിൽ സ്ഥാപിച്ച വാഴത്തടയുടെ മേൽ കുത്തിനിർത്തിയ കുറ്റിയിൽ 'ലക്ഷ്യം' ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് പോരാളികൾ എയ്‌തുതുടങ്ങുന്നു. ലക്ഷ്യത്തിലേക്ക് കൃത്യതയോടെ അമ്പെയ്തു കൊള്ളിക്കുന്നയാൾ നിലത്തുവീണ മറ്റ് അമ്പുകൾ വാരിയെടുക്കുന്നു. അട്ടഹാസങ്ങളുടേയും ആരവങ്ങളുടേയും അകമ്പടിയോടെ ഈ വിനോദം തുടർ‌ന്നുകൊണ്ടേയിരിക്കും." പഴമക്കരുടെ ഓർ‌മ്മകളിലും ഇന്നത്തെ ഇഡു കേന്ദ്രീകരിച്ച് അമ്പെയ്‌ത്തുമത്സരം നടന്നിരുന്നതായ് തെളിവുകളുണ്ട്.

അനുഷ്‌ഠാനം

തിരുത്തുക

ചിങ്ങമാസത്തിലായിരുന്നു ഇഡുവിൽ അമ്പെയ്‌ത്തു മത്സരങ്ങൾ നടന്നുവന്നിരുന്നത്. ഒറ്റക്കോലത്തിനുള്ള ഏർ‌പ്പാടുകൾ തുടങ്ങുന്നതിനോടൊപ്പം തന്നെ അമ്പെയ്‌ത്തിനുള്ള ഒരുക്കങ്ങളും ചെയ്യുന്നു. മാസാരംഭത്തിൽ തന്നെ തിരിയോലകൾ മലയൻ‌പണിക്കരെ ഏൽ‌പ്പിക്കണം. മലയൻ‌പണിക്കരാണ്‌ ഇതിനെ അമ്പുകളാക്കി മാറ്റുന്നത്. ഇഡുവിൽ അത്തം നാൾ മുതൽ അമ്പെയ്‌ത്തു തുടങ്ങുന്നു. ആദ്യദിവസങ്ങളിൽ ഇഡുവിന്റെ വടക്കേചെരുവിൽ ലക്ഷ്യമായി അടക്കയായിരുന്നുവത്രേ കെട്ടിത്തൂക്കിയിരുന്നത്. പിന്നീട് ലക്ഷ്യങ്ങൾ ഇഡുവിന്റെ മധ്യഭാഗത്തേക്കു മാണുന്നു. പൊതിച്ച തേങ്ങ വെള്ളത്തിൽ കുതിർ‌ത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുക്കുന്ന കാമ്പ് ആയിരിക്കും അപ്പോൾ ലക്ഷ്യമായി വെയ്‌ക്കുന്നത്. തലേ ദിവസം രാത്രി തന്നെ നിശ്ചിതസ്ഥാനത്ത് ലക്ഷ്യം ഉറപ്പിച്ചിരിക്കും. അത്തം നാളിൽ സ്ഥനാധികാരിയായ അച്ഛൻ ഒരമ്പെടുത്ത് എയ്‌തുതുടങ്ങിയാൽ മത്സരം ആരഭിക്കുകയായി. സന്ധ്യയ്‌ക്ക് ദൈവസ്ഥാനത്ത് വിളക്കു വെയ്‌ക്കും വരെ ഇതു തുടരും. ഇരുന്നെയ്‌ത്ത്, നടന്നെയ്‌ത്ത് എന്നിങ്ങനെ രണ്ടുതരം രീതികൾ ഈ വിനോദത്തിനുണ്ട്.

ചെറുവത്തൂർ കൊവ്വലിൽ സമീപപ്രദേശങ്ങളായ ചന്തേര, പള്ളിക്കര, തൃക്കരിപ്പൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ വന്ന് അമ്പെയ്‌ത്തു മത്സരത്തിൽ പങ്കെടുത്തിരുന്നുവത്രേ. വിവിധ ജനസമുദായങ്ങളുടെ കൂട്ടായ്‌മയായിരുന്നു ഈ വിനോദത്തിന്റെ പ്രത്യേകത. പ്രാചീനസമൂഹങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ഇതിലൂടെ കാണാനാവുന്നത്. ആയോധനകലയ്‌ക്കും വീരാരാധനയ്‌ക്കും അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും ഇതു കാണിച്ചു തരുന്നു.

ചിത്രങ്ങൾ

തിരുത്തുക

പുസ്‌തകം : കാസർഗോഡ് ചരിത്രവും സമൂഹവും

  1. പുസ്തകം - കാസർ‌ഗോഡ്: ചരിത്രവും സമൂഹവും. - കാസർഗോഡ് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരണം
"https://ml.wikipedia.org/w/index.php?title=ഇഡു&oldid=3651388" എന്ന താളിൽനിന്ന് ശേഖരിച്ചത്