ആൻഡ്രോപോസ്
മധ്യവയസിൽ അല്ലെങ്കിൽ വാർദ്ധക്യത്തിൽ പുരുഷന്മാരിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ (Testosterone) അഥവാ ആൻഡ്രജൻ (Androgen) അളവ് കുറയുന്നതിനെ വിവരിക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയമായ പദമാണ് ആൻഡ്രോപോസ് (Andropause). 'പുരുഷ ആർത്തവവിരാമം' എന്നും ഇതറിയപ്പെടാറുണ്ട്. പുരുഷന്മാരെ സംബന്ധിച്ചു വളരെ വെല്ലുവിളികൾ നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായ ഒരു കാലഘട്ടമാണ് ഇത്.
40 അല്ലെങ്കിൽ 50 വയസിനോടടുത്ത പുരുഷന്മാരിൽ ആണ് ഈ അവസ്ഥ കൂടുതൽ കാണപ്പെടുന്നത്. 55 വയസ് പിന്നിട്ട ധാരാളം പുരുഷന്മാരിൽ ഈ അവസ്ഥ സാധാരണമാണ്. മുപ്പത് വയസിന് ശേഷം പുരുഷന്മാരിൽ ഹോർമോണിന്റെ ഉത്പാദനം വർഷം തോറും ഒരു ശതമാനം എന്ന അളവിൽ കുറയാറുണ്ട്. ഏകദേശം അറുപത് വയസ് പിന്നിട്ട പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് ചെറുപ്പത്തിനെ അപേക്ഷിച്ചു പകുതിയായി കുറയാറുണ്ട്.
വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണം, പുകവലി, അതിമദ്യാസക്തി, മാനസിക സമ്മർദം, പ്രമേഹം, അമിത കൊളസ്ട്രോൾ, രക്താതിമർദ്ദം, അമിതവണ്ണം തുടങ്ങിയ ചില അസുഖങ്ങൾ, ജനതികമായ കാരണങ്ങൾ, പാരമ്പര്യം എന്നിവ ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമാനമായി സ്ത്രീകളിൽ, താരതമ്യേന കുറഞ്ഞ കാലയളവിൽ (45- 55 വയസ്) അണ്ഡോത്പാദനം അവസാനിക്കുകയും ഈസ്ട്രജൻ ഹോർമോൺ ഉത്പാദനം കുറയുകയും ചെയ്യുന്നു. ഇത് ആർത്തവവിരാമം എന്നറിയപ്പെടുന്നു. പുരുഷന്മാരിൽ, ടെസ്റ്റോസ്റ്റിറോണിന്റെയും മറ്റ് ഹോർമോണുകളുടെയും ഉത്പാദനം വർഷങ്ങളോളം കുറയുന്നു. 'ആൻഡ്രോജന്റെ കുറവ്, വൈകിയുണ്ടാകുന്ന ഹൈപ്പോഗൊനാഡിസം, ടെസ്റ്റോസ്റ്റിറോൺ കുറവ്' എന്നീ പദങ്ങൾ ഒരേ ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ക്ഷീണം, ഉറക്കമില്ലായ്മ, മൂഡ് വ്യത്യാസം, പേശികളുടെ വളർച്ച കുറവ്, അമിതവണ്ണം, എല്ലുകളുടെ ബലക്കുറവ്, , ലൈംഗിക താല്പര്യക്കുറവ്, ലിംഗത്തിന്റെ ഉദ്ധാരണക്കുറവ്, ലിംഗ വലിപ്പം കുറയുക അല്ലെങ്കിൽ ചുരുങ്ങിയ ലിംഗം, ഗുഹ്യരോമ വളർച്ചയിൽ ഉണ്ടാകുന്ന കുറവ് വിഷാദരോഗം, കോപം, ശാരീരിക രോമവളർച്ചക്കുറവ് എന്നിവ ആൻഡ്രോപോസിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ബീജത്തിന്റെ ഗുണനിലവാരം കുറയുന്നതിനാൽ ഇത് പ്രത്യുൽപാദനക്ഷമതയെയും ബാധിക്കാറുണ്ട്. എന്നിരുന്നാലും, ഈ ലക്ഷണങ്ങൾ എല്ലാവർക്കും അനുഭവപ്പെടില്ല. ഏറിയും കുറഞ്ഞും വ്യത്യാസമുണ്ടാകാം.
കൃത്യമായ വ്യായാമം, പോഷക സമൃദ്ധമായ ആഹാരം, പുകവലി, മദ്യപാനം തുടങ്ങിയ ലഹരികൾ ഒഴിവാക്കൽ, മാനസിക സമ്മർദ്ദം ഒഴിവാക്കുക, ഉല്ലാസ വേളകൾ കണ്ടെത്തുക, ശരിയായ ചികിത്സ തുടങ്ങിയവ ആൻഡ്രോപോസ് എന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാനോ ചെറുക്കുവാനോ വളരെയധികം സഹായിക്കും. ഭാരം ഉയർത്തി പരിശീലിക്കപ്പെടുന്ന ജിംനേഷ്യത്തിലെ വ്യായാമങ്ങൾ ടെസ്റ്റൊസ്റ്റിറോൺ അളവ് നിലനിർത്താൻ ഉപയുക്തമാണ് എന്ന് പറയപ്പെടുന്നു.
ശരിയായ അളവിൽ വിറ്റാമിൻ ബി മൂലകങ്ങൾ, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി, സിങ്ക്, സെലിനിയം തുടങ്ങിയ പോഷകങ്ങൾ ശരീരത്തിൽ ടെസ്റ്റൊസ്റ്റിറോൺ ഉത്പാദനം ഉണ്ടാകാനും പുരുഷന്മാരുടെ ആരോഗ്യത്തിനും ആവശ്യമാണ്. അതിനാൽ ഇവ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ പ്രത്യേകം തെരെഞ്ഞെടുത്തു കഴിക്കുവാനും പതിവായി വ്യായാമം ചെയ്യേണ്ടതും ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ അത്യാവശ്യമാണ് എന്ന് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പുവര്ഗങ്ങൾ, മത്സ്യം, മുട്ട, മാംസം (കൊഴുപ്പ് കുറഞ്ഞത്) തുടങ്ങിയവ മേല്പറഞ്ഞ പോഷകങ്ങളുടെ നല്ല ശ്രോതസാണ്. അതോടൊപ്പം അമിതമായ മധുരം, എണ്ണം, കൊഴുപ്പ്, ഉപ്പ്, അന്നജം, കൊഴുപ്പ് അടങ്ങിയ മാംസം തുടങ്ങിയവ നിയന്ത്രിക്കേണ്ടതുണ്ട്. [1][2][3]
അവലംബം
തിരുത്തുക- ↑ "The 'male menopause'". www.nhs.uk.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Male menopause: Myth or reality? - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Andropause: Exploring the Male Menopause - News-Medical.net". www.news-medical.net.[പ്രവർത്തിക്കാത്ത കണ്ണി]