ഉദ്ധാരണശേഷിക്കുറവ്

പുരുഷന്മാരിലെ ലൈംഗിക പ്രശ്നം
(ഉദ്ധാരണക്കുറവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരുഷന്മാരിൽ ലിംഗത്തിന് ഉദ്ധാരണം ഉണ്ടാകാത്ത അവസ്ഥയെ 'ഉദ്ധാരണക്കുറവ് അഥവാ ഉദ്ധാരണശേഷിക്കുറവ്' എന്ന് വിളിക്കുന്നു. ഇംഗ്ലീഷിൽ 'ഇറക്ടൈൽ ഡിസ്ഫക്ഷൻ' (Erectile dysfunction) എന്ന് വിളിക്കുന്നു. ഏതു പ്രായത്തിലുള്ള പുരുഷന്മാർക്കും ഉദ്ധാരണക്കുറവ് ഉണ്ടാകാം. ഇതിന് ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങളുണ്ട്. ഇവയിൽ പലതും ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളും ആകാം. പ്രായമേറുമ്പോൾ പുരുഷന്മാർക്ക് ഏറ്റവും സാധാരണമായ ലൈംഗിക പ്രശ്നം ഉദ്ധാരണക്കുറവ് ആണ്. ഏകദേശം 40% പുരുഷന്മാരെ 40 വയസ്സ് ആകുമ്പോഴേക്കും ഉദ്ധാരണക്കുറവ് ബാധിക്കുന്നു, 70% പുരുഷന്മാരും 70 വയസ്സ് ആകുമ്പോഴേക്കും ഉദ്ധാരണക്കുറവ് അനുഭവിക്കുന്നു. ചെറുപ്പക്കാരിലും ഈ രോഗം കണ്ടുവരാറുണ്ട്. പ്രമേഹം, അമിത കൊളസ്ട്രോൾ പോലെയുള്ള രോഗാവസ്ഥകൾ, മാനസിക സമ്മർദം, ആൻഡ്രോപോസ് തുടങ്ങിയവ ഉള്ളവരിൽ പ്രശ്നം കൂടുതൽ ഗുരുതരമാകാം.

കാരണങ്ങൾ

തിരുത്തുക

ഉദ്ധാരണ പ്രശ്‌നങ്ങളുടെ കാരണങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. ഒന്ന് ശാരീരികവും മറ്റൊന്ന് മാനസികവും.

ശാരീരിക കാരണങ്ങളെ വീണ്ടും മൂന്നായി തിരിക്കാവുന്നതാണ്. ഉദ്ധാരണത്തിനാവശ്യമായ ചോദനകൾ ലിംഗത്തിലേക്കെത്താത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ് ആദ്യത്തേത്. ലൈംഗികചോദനകൾ ശരിയായി സഞ്ചരിക്കാത്തത് തലച്ചോറിന്റെയോ സുഷുമ്‌നാനാഡിയുടെയോ സുഷുമ്‌നയിൽ നിന്ന് അരക്കെട്ടിലേക്കുള്ള അസംഖ്യം ചെറു ഞരമ്പുകളിലെയോ പ്രശ്‌നമാവാം. പ്രമേഹം അഥവാ ഡയബറ്റീസ്, തലച്ചോറിനെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് പോലുള്ള രോഗങ്ങൾ, ഞരമ്പുകൾക്കേൽക്കുന്ന ക്ഷതങ്ങൾ, പക്ഷാഘാതം, ഞരമ്പിൽ രക്തം കട്ടപിടിക്കൽ, സുഷുമ്‌നയ്‌ക്കോ നട്ടെല്ലിനോ ഏറ്റ ക്ഷതം, വിറ്റാമിൻ ബി 12 ന്റെ അപര്യാപ്തത, മൈലൈറ്റിസ്‌ പോലുള്ള രോഗങ്ങൾ, അരക്കെട്ടിലോ, ബ്ലാഡറിലോ, പ്രൊസ്ട്രേറ്റ് ഗ്രന്ഥിയിലോ ഒക്കെ കാൻസറോ മറ്റോ വന്ന് നടത്തിയ വലിയ സർജറികൾ എന്നിവയും ഉദ്ധാരണപ്രശ്‌നമുണ്ടാക്കുന്ന ഞരമ്പുസംബന്ധിച്ച കാരണങ്ങളിൽപെടും.

ലിംഗത്തിലേക്ക് വേണ്ടത്ര രക്തം കയറാത്ത പ്രശ്‌നമാണ് രണ്ടാമത്തേത്. ഇതിനെ ധമനീജന്യ പ്രശ്‌നങ്ങളെന്നു വിളിക്കാം. ലിംഗത്തിലെ കാവർണോസ അറകളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ പ്രശ്‌നംകൊണ്ടാകുമിത്. ഈവഴിക്കുള്ള ധമനികളിലെവിടെയെങ്കിലും കൊഴുപ്പ് അടിഞ്ഞു ‘അതിറോസ്‌ക്ലീറോസിസ്’ മൂലം തടസ്സമുണ്ടായിട്ടുണ്ടാവാം. അമിതമായി എണ്ണയും കൊഴുപ്പും അടങ്ങിയ ആഹാരങ്ങൾ, കൊളസ്ട്രോൾ, പുകവലി, രക്താതിമർദ്ദം, അരക്കെട്ടിന്റെ ഭാഗത്തേൽക്കുന്ന റേഡിയേഷൻ തുടങ്ങിയവ അതിറോസ്‌ക്ലീറോസിസ് സാധ്യത കൂട്ടും. ധമനികൾക്കേൽക്കുന്ന ക്ഷതങ്ങൾ, വീഴ്ച തുടങ്ങിയവയും ധമനീജന്യ ഉദ്ധാരണപ്രശ്‌നങ്ങൾക്ക് വഴിവെക്കാം. ചന്തികുത്തിയുള്ള വീഴ്ച, ഇടുപ്പെല്ല് പൊട്ടൽ, കാലുകൾ ഇരുവശത്തേക്കും അകന്നുള്ള വീഴ്ച എന്നിവയും ധമനികൾക്ക് കേടുവരുത്താം. ചുരുങ്ങിയ ലിംഗം എന്ന അവസ്ഥയ്ക്കും ഇത് കാരണമാകാം. പൊതുവേ പ്രായമായ പല പുരുഷന്മാരിലും ലിംഗം ചുരുങ്ങിയും, വലിപ്പം കുറഞ്ഞും കാണപ്പെടുന്നത് ഇതുമായി ബന്ധപെട്ടു കിടക്കുന്നു.

ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാതെ (ഉദ്ധാരണം നീണ്ടുനിൽക്കാൻ ഇതുവേണം) തിരിച്ചിറങ്ങിപ്പോകുന്ന പ്രശ്‌നമാണ് അടുത്തത്. സിരാസംബന്ധിയായ പ്രശ്‌നമാണിത്. കാവർണോസയിലെ മൃദുപേശികളിലും മറ്റുമുള്ള സിരകളുടെ പ്രശ്‌നമാണിത്. സ്ഖലനം കഴിഞ്ഞശേഷവും ഉദ്ധാരണം ചുരുങ്ങാത്ത രോഗാവസ്ഥയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയകൊണ്ടും ഇത്തരം സിരാപ്രശ്‌നങ്ങൾ വരാം.

ഹൃദ്രോഗം, മൃദു പേശികളെ ബാധിക്കുന്ന പൈറോണീസ് രോഗം, അതിമദ്യാസക്തി, വ്യായാമക്കുറവ്, അമിതാധ്വാനം, പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിലെ കുറവ്, ആൻഡ്രോപോസ്, ലൈംഗികവിരക്തി തുടങ്ങിയവയും ഉദ്ധാരണശേഷിക്കുറവിന് കാരണമാകാം.

മാനസികരോഗങ്ങൾ കൊണ്ടും ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകാകുന്നതിന് പല കാരണങ്ങളുണ്ട്. വിഷാദരോഗം, ഉത്കണ്ഠ വൈകല്യം തുടങ്ങിയ മാനസികപ്രശ്നങ്ങൾ, ജോലിസ്ഥലത്തെ മാനസിക സമ്മർദം, ക്ഷീണം, കുടുംബ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, പങ്കാളിയോടുള്ള താൽപര്യക്കുറവ്, വെറുപ്പ്, പങ്കാളിയുടെ വൃത്തിയില്ലായ്മ, ശരീര ദുർഗന്ധം, മാനസികമായ ലൈംഗികതാൽപര്യക്കുറവ് തുടങ്ങിയ പലതും ഉദ്ധാരണശേഷിക്കുറവിന് കാരണമായേക്കാം. പ്രത്യേകിച്ച് ചെറുപ്പക്കാരിൽ കാണുന്ന ഉദ്ധാരണ പ്രശ്നങ്ങളുടെ മുഖ്യകാരണം തിരിച്ചറിയപ്പെടാത്ത മാനസിക പ്രശ്നങ്ങൾ മൂലമാകാം. ഇത്തരക്കാർക്ക് സ്വയംഭോഗം ചെയ്യുമ്പോൾ ഉദ്ധാരണം ഉണ്ടാവുകയും സംഭോഗത്തിന് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ചിലരിൽ ഉത്കണ്ഠ മൂലവും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

നിയന്ത്രണവും ചികിത്സയും

തിരുത്തുക

പ്രായമായ ആളുകൾക്ക് ഉദ്ധാരണം ഉണ്ടാകാൻ കൂടുതൽ സമയം വേണ്ടി വന്നേക്കാം. ഇവർക്ക് ഉദ്ധാരണത്തിന് നേരിട്ടുള്ള സ്പർശനം ഇതിന് ആവശ്യമാണ്. അതിനാൽ ലിംഗഭാഗത്തു നേരിട്ട് ഉത്തേജിപ്പിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ അനുയോജ്യമാണ്. ഇവരുടെ പങ്കാളിയുടെ മനോഭാവവും ഇതിൽ പ്രധാനമാണ്. ദീർഘനേരം ബാഹ്യകേളി അഥവാ ഫോർപ്ലേയ്ക്ക് സമയം ചിലവഴിക്കുന്നത് മതിയായ ഉദ്ധാരണം ലഭിക്കാൻ പുരുഷന്മാരെ സഹായിക്കുന്നു. ചെറുപ്പക്കാർക്കും ഫോർപ്ലേ കൂടുതൽ ദൃഢതയും ഉദ്ധാരണവും കൈവരിക്കുന്നതിന് സഹായിക്കും.

വയാഗ്രയുടെ കണ്ടുപിടിത്തം, ലിംഗത്തിൽ ഘടിപ്പിക്കുന്ന സ്റ്റെന്റ് എന്നിവ ഇത്തരം പ്രശ്നങ്ങൾക്കുള്ള മികച്ച ചികിത്സ രീതിയാണ്. എന്നാൽ പലപ്പോഴും ആളുകൾ മടിയോ, നാണക്കേടോ, അറിവില്ലായ്മ കൊണ്ടോ ഇത്തരം പ്രശ്നങ്ങൾ മൂടി വയ്ക്കുകയോ അശാസ്ത്രീയമായ ചികിത്സ രഹസ്യമായി തേടുകയോ ചെയ്യാറുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷമാകും വരുത്തുക. അതിനാൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആരോഗ്യ വിദഗ്ധരുടെ സേവനം തേടാൻ മടി കാണിക്കരുത് എന്ന്‌ വിദഗ്ദർ ചൂണ്ടി കാണിക്കുന്നു. ഒരു സെക്സോളജിസ്റ്റ്, സെക്സ് തെറാപ്പിസ്റ്റ് അല്ലെങ്കിൽ യൂറോളജിസ്റ്റ്, ആൻഡ്രോളജിസ്റ്റ് തുടങ്ങിയ വിദഗ്ദ ഡോക്ടർമാർക്ക് ഇക്കാര്യത്തിൽ ശാസ്ത്രീയമായ ചികിത്സ നൽകാൻ സാധിക്കുന്നതാണ്. പ്രമേഹമോ മറ്റു ഗുരുതര രോഗങ്ങളോ ഉള്ളവർ അവ നിയന്ത്രിക്കാനും ശരിയായ ചികിത്സ തേടാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചെറുപ്പക്കാരിൽ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ മുഖ്യ കാരണം പ്രമേഹം, അമിത കൊളസ്ട്രോൾ, മാനസിക സമ്മർദം എന്നിവ മൂലമാകാമെന്നു പഠനങ്ങൾ കാണിക്കുന്നു.

ആരോഗ്യകരമായ ജീവിതശൈലി ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം നിലനിർത്താൻ ഏറ്റവും അത്യാവശ്യമാണ്. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക വഴി വിറ്റാമിൻ ലഭ്യതക്കുറവ് മൂലമുള്ള പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം, ശരിയായ ഉറക്കം (ഏകദേശം 8 മണിക്കൂർ ഉറക്കം), മാനസിക സമ്മർദം കുറയ്ക്കൽ, പുകവലി, അതിമദ്യാസക്തി എന്നിവ നിയന്ത്രിക്കുക എന്നിവ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്. എണ്ണയും കൊഴുപ്പും മധുരവും അന്നജവും ഉപ്പും അമിതമായടങ്ങിയ അനാരോഗ്യകരമായ ആഹാരം കുറയ്ക്കേണ്ടത് ലൈംഗിക പ്രശ്നങ്ങളെ അകറ്റാൻ ഏറെ അത്യാവശ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയർ വർഗ്ഗങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ (നട്സ്), കടൽ മത്സ്യം, മുട്ട എന്നിവ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതിനാൽ അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി, സിങ്ക്, എൽ-ആർജിനിൻ, എൽ-കാർനിറ്റിൻ, ഒമെഗാ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളുടെ പ്രാധാന്യം ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്. മറ്റൊന്ന് കൃത്യമായ വ്യായാമമാണ്. ശാരീരിക വ്യായാമം ശരീരത്തിലെ രക്തയോട്ടവും, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ആൻഡ്രൊജൻ ഹോർമോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തുക വഴി ഉദ്ധാരണശേഷിക്കുറവിനെ ചെറുക്കുന്നുണ്ട്.

ഉദ്ധാരണക്കുറവിനുള്ള ഏറ്റവും പ്രയോജനകരമായ വ്യായാമങ്ങളിൽ ഒന്നാണ് കെഗൽ വ്യായാമം. ഉദ്ധാരണക്കുറവിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന്, പെൽവിക് പേശികളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. പുരുഷന്മാരിൽ, കെഗൽ വ്യായാമം ബൾബോകാവെർനോസസ് പേശികളെ ലക്ഷ്യം വയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ ചികിത്സയ്ക്ക് രോഗലക്ഷണങ്ങൾ കുറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയും എന്നത് ശ്രദ്ധേയമാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ സെക്സോളജിസ്റ്റ്, സെക്സ് തെറാപ്പിസ്റ്റ് തുടങ്ങിയ വിദഗ്ദർ ഉൾപ്പെടുന്ന പ്രത്യേക ചികിത്സ വിഭാഗം തന്നെയുണ്ട്. നമ്മുടെ നാട്ടിൽ പല ആളുകളും അനാവശ്യമായ ലജ്ജയോ മടിയോ വിചാരിച്ചു ഡോക്ടർമാരിൽ നിന്നോ ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരിൽ നിന്നോ പങ്കാളിയിൽ നിന്നോ ഇക്കാര്യങ്ങൾ മറച്ചു വെക്കുകയും ചികിത്സ തേടാൻ മടിക്കുകയും ചെയ്യാറുണ്ട്. ഇത് ബന്ധങ്ങളെ മോശമായി ബാധിക്കുകയും പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. അടിസ്ഥാന കാരണങ്ങൾ തിരിച്ചറിയാതെ ആളുകൾ സ്വയം ചികിത്സ ചെയ്യുന്നതും, തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒറ്റമൂലികൾ പത്രങ്ങളിൽ നിന്നോ, ഓൺലൈൻ മാധ്യമങ്ങൾ വഴിയോ, കൂട്ടുകാരിൽ നിന്നോ ലഭിക്കുന്നവ പരീക്ഷിക്കുന്നതും അപകടങ്ങൾ വരുത്തി വെക്കാറുണ്ട്. മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഒരു മാനസികാരോഗ്യ വിദഗ്ദരുടെ നേതൃത്വത്തിൽ ശരിയായ ചികിത്സ തേടേണ്ടതും അനിവാര്യമാണ്. [1][2][3][4][5].

  1. "Erectile dysfunction - Symptoms and causes - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Erectile dysfunction - Illnesses & conditions". www.nhsinform.scot.[പ്രവർത്തിക്കാത്ത കണ്ണി]
  3. "A Visual Guide to Erectile Dysfunction". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
  4. "5 natural ways to overcome erectile dysfunction". www.health.harvard.edu.
  5. "Kegel Exercises for Men: Erectile Dysfunction (ED) Benefits". www.emedicinehealth.com.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഉദ്ധാരണശേഷിക്കുറവ്&oldid=4080970" എന്ന താളിൽനിന്ന് ശേഖരിച്ചത്