പതിനേഴാം നൂറ്റാണ്ടിൽ (ജനനം: 1586[൧]; മരണം 1659 മേയ് 10)[1] കേരളത്തിൽ ജീവിച്ചിരുന്ന ഒരു ക്രിസ്തീയപുരോഹിതനും സുറിയാനി ക്രിസ്തീയസമൂഹത്തിന്റെ നേതാക്കളിൽ ഒരാളുമായിരുന്നു ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാർ. വെട്ടിക്കുന്നേൽ ഇട്ടിത്തൊമ്മൻ കത്തനാർ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. കേരളക്രിസ്തീയതയിലെ പരദേശി പൗരോഹിത്യ മേധാവിത്വത്തിനെതിരായി 1653-ൽ നടന്ന ചരിത്രപ്രസിദ്ധമായ കൂനൻ കുരിശുസത്യത്തിലും അതേ തുടർന്ന് സംഭവിച്ച സുറിയാനി ക്രിസ്തീയതയുടെ വിഭജനവുമായി ബന്ധപ്പെട്ട സംഭവങ്ങളിലും കത്തനാർ നിർണ്ണായകമായ പങ്കു വഹിച്ചു.[2]

ചരിത്രപുരുഷൻതിരുത്തുക

കൂനൻ കുരിശുസത്യം നടക്കുമ്പോൾ 67-നടുത്ത് വയസ്സുണ്ടായിരുന്ന കത്തനാർ, കേരളനസ്രാണിസഭയുടെ സ്വയം ഭരണാവകാശം ഇല്ലാതാക്കിയ ഉദയമ്പേരൂർ സൂനഹദോസിനു മുൻപുള്ള 'നല്ലനാളുകൾ' ഒർമ്മിച്ചിരുന്ന മുതിർന്ന പുരോഹിതന്മാരിൽ ഒരാളായിരുന്നു. പാശ്ചാത്യരായ പുരോഹിതനേതൃത്വത്തിനെതിരെ മട്ടാഞ്ചേരിയിലെ കൂനൻ കുരിശിനു മുൻപിൽ നടന്ന കലാപത്തെ തുടർന്ന്, കേരളനസ്രാണികൾ അവരുടെ ആത്മീയനേതൃത്വത്തിന് വിദേശികളെ ആശ്രയിക്കുന്നതിനു പകരം പരമ്പരാഗതനേതാവായിരുന്ന അർക്കദ്യാക്കോനെ മെത്രാനായി വാഴിക്കുകയാണു വേണ്ടതെന്ന ആശയത്തിന് 1653 ഫെബ്രുവരി മേയ് മാസങ്ങളിൽ ഇടപ്പള്ളിയിലും ആലങ്ങാട്ടും നടന്ന സഭാസമ്മേളനങ്ങളുടെ അംഗീകാരം ലഭിച്ചത് ഇട്ടിത്തൊമ്മൻ കത്തനാരുടെ ശ്രമഫലമായാണ്.[3]

തുടക്കത്തിൽ 'പുത്തൻകൂർ' വിഭാഗം നേരിട്ട പ്രതിസന്ധികളിൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ ബുദ്ധി രക്ഷയായി. കൊച്ചിയിലെ ഒരു യുവരാജാവിന്റെ സഹായത്തോടെ, മുളന്തുരുത്തിയിൽ താമസിച്ചിരുന്ന തോമാമെത്രാനെ പിടികൂടാൻ ഇറ്റലിക്കാരനായ കത്തോലിക്കാമെത്രാൻ ജോസഫ് സെബസ്ത്യാനി നടത്തിയ ശ്രമം പരാജയപ്പെട്ടത് ഇട്ടിത്തൊമ്മൻ കത്തനാരുടെ സാമർത്ഥ്യം മൂലമാണ്.[2] ഉദയമ്പേരൂർ സൂനഹദോസ് സൃഷ്ടിച്ച പരതന്ത്രാവസ്ഥക്കെതിരെയുള്ള കലാപത്തിന്റെ സൂത്രധാരനായിരുന്ന കത്തനാരെ, സുറിയാനി ക്രിസ്ത്യാനികളിൽ വലിയൊരു വിഭാഗം, അവരുടെ ചരിത്രനായകന്മാരിൽ ഒരാളെന്ന നിലയിൽ ബഹുമാനപൂർവം അനുസ്മരിക്കുന്നു. ഇന്നത്തെ ആലപ്പുഴ ജില്ലയിൽ, തിരുവൻവണ്ടൂർ പഞ്ചായത്തിൽ പെട്ട കല്ലിശ്ശേരി വലിയ പള്ളിയിൽ വികാരിയായിരുന്ന കത്തനാരുടെ അന്ത്യവിശ്രമസ്ഥാനം ആ ദേവാലയമാണ്.[1][4] സംസ്കാരസ്ഥാനത്തിനു മുകളിലുള്ള ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:-

എഴുത്തുകാരൻതിരുത്തുക

സുറിയാനി ക്രിസ്ത്യാനികൾക്കിടയിലെ ക്നാനായ വിഭാഗത്തിൽ പെടുന്ന ഇട്ടിത്തൊമ്മൻ കത്തനാർ ഒരെഴുത്തുകാരനും കൂടി ആയിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രസ്മൃതിയുടെ കാവ്യരൂപത്തിലുള്ള നാടകീയചിത്രീകരണമായ മാർഗ്ഗം കളിപ്പാട്ടിന്റെ നിലവിലുള്ള പാഠം അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നു കരുതുന്നവരുണ്ട്.[5][6]

വിമർശനംതിരുത്തുക

പതിനേഴാം നൂറ്റാണ്ടിലേയും പിൽക്കാലങ്ങളിലേയും റോമൻ കത്തോലിക്കാ രേഖകളും ലേഖകന്മാരും ഇട്ടിത്തൊമ്മൻ കത്തനാരെ ദുഷ്ടബുദ്ധിയായി ചിത്രീകരിക്കുന്നു.[7][8] ഇരുപതാം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ പ്രവർത്തിച്ച സ്കോട്ട്ലൻഡിൽ നിന്നുള്ള ആംഗ്ലിക്കൻ വേദപ്രചാരകനും മെത്രാനും സഭാചരിത്രകാരനുമായ സ്റ്റീഫൻ നീലിനെപ്പോലെ ഇരുപക്ഷങ്ങളിലും പെടാത്ത സഭാചരിത്രകാരന്മാർ ഈ നിലപാടിലെ പക്ഷപാതം തിരിച്ചറിയുമ്പോഴും, കത്തനാരെ ഉപജാപപ്രിയനും നിഗൂഢസ്വഭാവിയും ആർജ്ജവം ഇല്ലാത്തവനും ആയി വിലയിരുത്തുന്നു. കൂനൻകുരിശു സത്യത്തിനു ശേഷം, തോമ്മാ അർക്കാദ്യാക്കോനെ സുറിയാനി ക്രിസ്ത്യാനികളുടെ വൈദികമേലദ്ധ്യക്ഷനായി അവരോധിക്കുന്നതിനെ പിന്തുണച്ച്, അഹത്തള്ളാ മെത്രാന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട രേഖകൾ വ്യാജമായിരുന്നെന്നും അവ ചമച്ചത് സുറിയാനി ഭാഷയിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന കത്തനാർ ആയിരുന്നെന്നും അവർ കരുതുന്നു.[3]

കുറിപ്പുകൾതിരുത്തുക

^ 1653-ൽ കൂനൻ കുരിശുസത്യം നടക്കുമ്പോൾ ഇട്ടിത്തൊമ്മൻ കത്തനാർക്ക് 67 വയസ്സുണ്ടായിരുന്നു എന്ന സ്റ്റീഫൻ നീലിന്റെ അനുമാനത്തെ [3] അടിസ്ഥാനമാക്കി.

അവലംബംതിരുത്തുക

  1. 1.0 1.1 1.2 MSCR - Malankara Syriac Christian Resources
  2. 2.0 2.1 സ്കറിയ സക്കറിയ, ഉപോദ്ഘാതം, ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ (പുറങ്ങൾ 68-69)
  3. 3.0 3.1 3.2 സ്റ്റീഫൻ നീൽ, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ, ഫ്രം ദ ബിഗിനിങ്ങ് ടിൽ 1707)(പുറം 320)": "....ഈ സമയത്താണ് അഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ നിഗൂഢവ്യക്തിത്വം രംഗത്തു വരുന്നത്.....സമകാലീനരുടെ ദുഷ്പ്രചരണപ്രവണതയെ കണക്കിലെടുത്താൽ പോലും, കത്തനാർ ആർജ്ജവം ഉള്ളവനായിരുന്നെന്നു കരുതുക ബുദ്ധിമുട്ടാണ്....." (...it is not easy to believe that the cattanaar was a man of integrity")
  4. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ വെബ് സൈറ്റ്
  5. 2011 ഏപ്രിൽ 29-ലെ ദ ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത Preserving the purity of Margamkali
  6. ജേക്കബ് വെള്ളിയാൻ, എസ് കുര്യൻ വേമ്പേനി, തനിമയുടെ മധുഗീതി, മാർഗ്ഗം കളിപ്പാട്ട്(പുറം 82)
  7. കേരളത്തിൽ പാലാ രൂപതയിലെ പാഠപുസ്തകസമിതി അംഗീകരിച്ച്, കത്തോലിക്കാ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ വേദോപദേശത്തിന്റെ ഭാഗമാക്കിയിരുന്ന "തിരുസഭാചരിത്രസംഗ്രഹം" (1966-ൽ പാലായിലെ സെന്റ് തോമസ് പ്രസ്സിൽ അച്ചടിച്ചത് (പുറങ്ങൾ 95-96)
  8. ഫാദർ ഗീവർഗീസ് ചേടിയത്ത്, മലങ്കരസഭാ ചരിത്രം (ഒന്നാം ഭാഗം, പുറങ്ങൾ 41-42)
"https://ml.wikipedia.org/w/index.php?title=ഇട്ടിത്തൊമ്മൻ_കത്തനാർ&oldid=3089715" എന്ന താളിൽനിന്ന് ശേഖരിച്ചത്