അലിമുക്ക് ആയിരവില്ലി ശ്രീമഹാദേവക്ഷേത്രം, പിറവന്തൂർ

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ പിറവന്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് അലിമുക്ക് ആയിരവില്ലി ശ്രീ മഹാദേവ ക്ഷേത്രം. അലിമുക്ക് നിവാസികളുടെ ദേശദേവതയാണ് ആയിരവില്ലീശ്വരൻ എന്ന് വിളിക്കപ്പെടുന്ന ആയിരവില്ലി ശ്രീ മഹാദേവൻ. പഞ്ചായത്ത് ആസ്ഥാനമായ അലിമുക്ക് ജംഗ്ഷനിൽ നിന്നും അല്പംമാറി നിലകൊള്ളുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടരാജമൂർത്തി(ശ്രീമഹാദേവൻ) ആണ്. കൂടാതെ ഉപദേവതകളായ് ശ്രീപാർവതി, മഹാഗണപതി, കിരാതമൂർത്തി, നാഗദേവതകൾ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ മൂർത്തികളും കുടികൊള്ളുന്നു.

പ്രതിഷ്ഠ

തിരുത്തുക

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടരാജ സ്വരൂപത്തിൽ വാണരുളുന്ന ശ്രീ മഹാദേവനാണ്. കേരളത്തിൽ തന്നെ നടരാജഭാവത്തിലുള്ള ശിവപ്രതിഷ്ഠ അത്യപൂർവമായി മാത്രം കണ്ടുവരുന്ന ഒന്നാണ്. സകല കലകളുടെയും ദേവനായ ഭഗവാൻ പരമശിവൻ ആയിരവില്ലീശ്വരനായി ഭക്തർക്ക് അനുഗ്രഹവർഷം ചൊരിയുന്നു.

ഉപദേവതകൾ

തിരുത്തുക

ക്ഷേത്രഭരണം

തിരുത്തുക

ദേശവാസികളായ ഭക്തജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്ര സേവാസമിതി ക്ഷേത്രഭരണം നിർവഹിക്കുന്നു. ആയിരവില്ലി ക്ഷേത്രദേവസ്വം നമ്പർ.Q136/74 ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സവിശേഷതകൾ

തിരുത്തുക

കേരളത്തിൽ തന്നെ അത്യപൂർവമായ നടരാജമൂർത്തി ഭാവത്തിലാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ. ക്ഷേത്രത്തിനെ പ്രാദേശികമായി 'പാറേമ്പലം' എന്ന് നാട്ടുകാർ വിളിച്ചുപോരുന്നു. ഇതിന് കാരണമായുള്ളത് ക്ഷേത്രപരിസരത്ത് സ്ഥിതി ചെയ്യുന്ന കൂറ്റൻ പാറയാണ്. ഇത്രയും വലിപ്പമുള്ള പാറ അടുത്തെങ്ങും കാണാൻ സാധിക്കുന്നില്ല. ഇത് ക്ഷേത്രത്തിന് അലങ്കാരമായും ദേശവാസികൾക്ക് കൗതുകമായും നിലകൊള്ളുന്നു. മണ്ഡലകാലത്ത് ചിറപ്പും വിളക്കും ഭക്‌തർ വഴിപാടായി നടത്തിവരുന്നു. കൂടാതെ ശിവരാത്രി, നവരാത്രി, തിരുവാതിര തുടങ്ങിയ ആഘോഷങ്ങളും ക്ഷേത്രത്തിൻ്റെ സവിശേഷതയാണ്.

തിരു:ഉത്സവം

തിരുത്തുക

കുംഭമാസത്തിലെ പൂരം നക്ഷത്രത്തിൽ ഭഗവാൻ്റെ തിരുന്നാൾ ആഘോഷിക്കുന്നു. പൂരം നക്ഷത്രത്തിൽ ആറാട്ട് വരത്തക്കവണ്ണം ഏഴ് ദിവസത്തെ ഉത്സവം കൊണ്ടാടുന്നു. ആദ്യ ദിവസം സന്ധ്യയ്ക്ക് ശേഷം തൃക്കൊടിയേറ്റ് നടത്തി ഏഴാംനാൾ വൈകിട്ട് ആറാട്ട് നടത്തി മഹാദീപാരാധനയ്ക്ക് ശേഷം തൃക്കൊടിയിറങ്ങുന്നതോടുകൂടി ഉത്സവം പര്യവസാനിക്കുന്നു. ആറാട്ടിന് ഭഗവാ ആനപ്പുറത്ത് എഴുന്നള്ളി മുക്കടയാറ്റിൽ എത്തുകയും ആറാട്ടിനുശേഷം മുക്കടവ്, വെട്ടിത്തിട്ട, അലിമുക്ക്, പൂവണ്ണുംമ്മൂട്, ചീവോട് വഴി ക്ഷേത്രസന്നിധിയിൽ എത്തി ചേരുകയും ചെയ്യുന്നു. ഉത്സവത്തോടൊപ്പം ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും കൂടി വർഷാവർഷം നടത്തപ്പെടുന്നു.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പുനലൂർ-പത്തനാപുരം റൂട്ടിൽ അലിമുക്ക് ജംഗ്ഷനിൽ നിന്ന് അല്പംമാറി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പുനലൂർ പട്ടണത്തിൽ നിന്നും 5 km സഞ്ചരിച്ചാൽ അലിമുക്ക് വഴി ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ സാധിയ്ക്കും. പത്തനാപുരം പട്ടണത്തിൽ നിന്നും 8 km സഞ്ചരിച്ചാൽ അലിമുക്ക് വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്.