ദേവസ്വം ഉടമ്പടി വിളംബരം 1906
തിരുവതാംകൂർ രാജ്യത്തിന് കീഴിലുള്ള ക്ഷേത്രപരിപാലനം ആ രാജ്യം വാണിരുന്ന രാജാക്കന്മാർ തങ്ങളുടെ കടമയായി കണ്ടിരുന്നു. ക്ഷേത്രങ്ങളുടെ വരുമാനം രാജ്യത്തിന്റെ ചെലവുകൾക്കായി അവർ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. എന്നാൽ ബ്രിറ്റീഷുകാർ വേലു തമ്പി ദളവയുമായി ഉണ്ടായ യുദ്ധത്തിന്റെ സകല ചെലവും തിരുവതാംകൂർ വഹിക്കണം എന്ന നിലപാട് എടുത്തതോടു കൂടി ആ രാജ്യത്തിന് അത് താങ്ങാൻ ആകാത്ത തുകയായി വളർന്നു. ഈ അവസരത്തിൽ തിരുവതാംകൂർ രാജ്യം നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ആക്കുന്നതിനെ കുറിച്ച് പോലും അന്ന് ദിവാൻ ആയി സ്ഥാനം ഏറ്റടുത്ത കേണൽ മൺറോ ആലോചിച്ചു. ഇത് ഒഴിവാക്കാൻ കണ്ട ഒരു മാർഗ്ഗം ദേവസ്വം വരുമാനം കൂടി ചേർത്ത് രാജ്യ വരുമാനം (പണ്ടാരം വക) വർദ്ധിപ്പിക്കുക എന്നതായിരുന്നു. ഇത്തരത്തിൽ വരുമാനം വർധിപ്പിച്ചു മൂന്നു വർഷത്തിനുള്ളിൽ ബ്രിട്ടീഷ് ഗവേണ്മെന്റിനുള്ള കുടിശ്ശിക പിരിച്ചെടുക്കുവാൻ മൺറോയ്ക്ക് കഴിഞ്ഞു. എന്നാൽ ഇത് ക്ഷേത്രങ്ങളുടെ തകർച്ചക്ക് തുടക്കം ആവുകയും ചെയ്തു.[1][2]