അലക്സാണ്ടർ ഫ്ലെമിങ്

(അലക്സാണ്ടർ ഫ്ലെമിങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ് (ഓഗസ്റ്റ് 6, 1881 - മാർച്ച് 11, 1955). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായി ടൈം മാസിക തിരഞ്ഞെടുത്തത് ഫ്ലമിങ്ങിനെ ആണ്. 1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.[1] സിഫിലിസ് , ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ .

അലക്സാണ്ടർ ഫ്ലെമിങ്
ജനനം(1881-08-06)ഓഗസ്റ്റ് 6, 1881
ലോഷ്ഫീൽഡ്, സ്കോട്ലാൻഡ്
മരണം11 മാർച്ച് 1955(1955-03-11) (പ്രായം 73)
ദേശീയതസ്കോട്ടിഷ്
അറിയപ്പെടുന്നത്പെൻസിലിൻ കണ്ടുപിടിച്ചു
പുരസ്കാരങ്ങൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (1945)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബാക്ടീരിയോളജി,ഇമ്മ്യൂണോളജി

ജനനവും വിദ്യാഭ്യാസവും

തിരുത്തുക

1881 ഓഗസ്റ്റ് 6-ന് ബ്രിട്ടണിലെ അയർ(Ayr) എന്ന ഗ്രാമത്തിൽ അലക്സാണ്ടർ ഫ്ലെമിങ് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരു കപ്പൽ കമ്പനിയിൽ ക്ലാർക്കായി ഫ്ലെമിങ് ലണ്ടനിലെത്തി. ജോലിയുപേക്ഷിച്ചു മെഡിസിൻ ‍പഠനത്തിനു ചേർന്നു."Alexander Fleming Biography". Retrieved 2010-04-11.

ജീവശാസ്ത്രരംഗത്ത് ആവേശകരമായ ഗവേഷണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. ലൂയി പാസ്ചർ വികസിപ്പിച്ച വാക്സിനേഷൻ വിദ്യ വൈദ്യശാസ്ത്രരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കി. ജർമ്മൻ ശസ്ത്രജ്ഞനായ റോബർട്ട് കോച്ച് ആന്ത്രാക്സിൻറെയും ക്ഷയരോഗത്തിൻറെയും കാരണം കണ്ടെത്തി. ഓരോ രോഗവും പ്രത്യേകം പ്രത്യേകം മൈക്രോബുകളാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.

ലോകമഹായുദ്ധവും ഗവേഷണവും

തിരുത്തുക

1914-ൽ ഒന്നാം ലോകമഹായുദ്ധം തുടങ്ങി. ഫ്ലെമിങ് അടങ്ങിയ ഗവേഷണ സംഘത്തിന് പട്ടാള സർവീസിൽ ‍പോകേണ്ടി വന്നു. ബാക്ടീരിയ വിഷബാധ മൂലം മുറിവുകൾ ‍പഴുത്ത് നരകയാതന അനുഭവിക്കുന്ന പട്ടാളകാർക്കു വേണ്ടി ഒന്നും ചെയ്യാൻ അവർക്കു കഴിഞ്ഞില്ല. ശരീര കലകളെ നശിപ്പിക്കാതെ അവയുൾക്കൊള്ളുന്ന ബാക്ടീരിയകളെ എങ്ങനെ നശിപ്പിക്കാം എന്നതിനെ കുറിച്ചായി ഫ്ലെമിങ്ങിൻറെ ചിന്ത.

1921-ൽ ഒരു ദിവസം ശക്തിയായ ജലദോഷത്തിൻറെ യാതന അനുഭവിക്കുകയായിരുന്ന ഫ്ലെമിങ് തൻറെ മൂക്കിൽ നിന്നൊഴുകിയ ദ്രാവകം ശേഖരിച്ചു. അത് ബാക്ടീരിയയെ വളർത്തുന്ന ഒരു ഡിഷിൽ ഒഴിച്ചു വെച്ചു. അത്ഭുതകരമയ അനുഭവമാണു ഫ്ലെമിങ്ങിനു കാണാൻ ‍കഴിഞ്ഞത്. മൂക്കുനീർ ‍വീണ ഭാഗത്തുണ്ടായിരുന്ന അണുക്കളെല്ലാം നശിച്ചുപോയിരുന്നു. മൂക്കുനീർ ‍മാത്രമല്ല കണ്ണുനീരും ഉമിനീരും അദ്ദേഹം പരീക്ഷിച്ചു. അവയ്ക്കെല്ലാം അണുനാശകശക്തിയുണ്ടെന്ന് കണ്ടറിയുകയും ചെയ്തു.

ശരീരദ്രവങ്ങളിലെ അണുനാശക വസ്തുവിനെ ലൈസോസൈം എന്നദ്ദേഹം വിളിച്ചു. ലയിക്കുന്ന അഥവാ അലിയിക്കുന്ന എന്ന അർത്ഥമാണ് ലൈസിസ് എന്ന വാക്കിനുള്ളത്. ലൈസോസൈം എന്നത് അണുജീവികളെ നശിപ്പിക്കാൻ ശരീരം പുറപ്പെടുവിക്കുന്ന ജീവാഗ്നിയാണെന്ന് അദ്ദേഹം തെളിയിച്ചു. ആ കണ്ടുപിടിത്തത്തിന് ശാസ്ത്രലോകം വേണ്ട പ്രാധാന്യം നൽകിയില്ല. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഏറെക്കാലം കഴിഞ്ഞാണു ലോകം മനസ്സിലാക്കിയത്.

പെൻസിലിന്റെ ജനനം

തിരുത്തുക
 
പെനിസിലിൻ എന്ന മാന്ത്രിക മരുന്ന്

1928 -ൽ മെഡിക്കൽ ഗവേഷണ കൗൺസിലിൻറെ പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയ്യാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ഫ്ലെമിങ്. സ്റ്റെഫലോകോക്കസ് എന്നയിനം ബാക്ടീരിയയെ കുറിച്ചാണ് ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോകോക്കസ്. പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം ബാക്ടീരിയകളെ വളർത്തിയെടുക്കാൻ തുടങ്ങി.[2]

ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാൻ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തിൽ ഒരുതരം പൂപ്പൽ വളർന്നിരിക്കുന്നതായി ഫ്ലെമിങ്ങിൻറെ ശ്രദ്ധയിൽപ്പെട്ടു. പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിനു പകരം അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്. ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയതായി അദ്ദേഹം കണ്ടു.

ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനക്കായി വേർതിരിച്ചെടുത്തു. പെൻസിലിയം ഇനത്തിൽപ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പൽ അവയിൽനിന്നു വേർതിരിച്ചെടുത്ത പദാർത്ഥങ്ങൾക്ക് ബാക്ടീരിയകളുടെ വളർച്ച തടയാനുള്ള ശേഷിയുള്ളതായി അദ്ദേഹം മനസ്സിലാക്കി. പുതിയ പദാർഥത്തിന് പെൻസിലിൻ[3] എന്ന പേരുനൽകി.[4]

ചെയിനും ഫ്ലോറിയും

തിരുത്തുക
 
ബെൻസൈൽ പെനിസിലിന്റെ ത്രിമാന രൂപം

പെൻസിലിനെ ശുദ്ധരൂപത്തിൽ വേണ്ടത്ര അളവിൽ വേർതിരിച്ചെടുക്കാൻ കഴിയാത്തതിനാൽ അതിൻറെ ഉപയോഗം തെളിയിക്കാൻ ഫ്ലെമിങ്ങിനു കഴിഞ്ഞില്ല. ഒക്സ്ഫഡിലെ വൈദ്യശാസ്ത്ര ഗവേഷകരായിരുന്ന ഏണസ്റ്റ് ചെയിനും ഹോവാർഡ് ഫ്ലോറിയും ഫ്ലെമിങ്ങിനു കഴിയാതിരുന്ന ദൗത്യം 1940 - ൽ പൂർത്തീകരിച്ചു. 1941 ലാണ് മനുഷ്യനിൽ ആദ്യമായി പെൻസിലിൻ പരീക്ഷിച്ചത്. ചെയിനും ഫ്ലോറിയും വികസിപ്പിച്ചെടുത്ത ശുദ്ധമായ പെൻസിലിൻ അലക്സാണ്ടർ ഫ്ലെമിങ് തന്നെയാണ് ലിംബർട്ടിൽ പരീക്ഷിച്ചത്. ഇടവിട്ടു പെൻസിലിൻ കുത്തിവെപ്പുകൾ നൽകപ്പെട്ട ലിംബർട്ട് മരണക്കിടക്കയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.[5] അതോടെ ആ വാർത്ത ലോകമെങ്ങും പ്രചരിച്ചു.[6] പെൻസിലിൻ ലോകപ്രശസ്തി നേടി. 1945 - ൽ ചെയിനും ഫ്ലോറിക്കുമൊപ്പം അലക്സാണ്ടർ ഫ്ലെമിങ് നൊബേൽ സമ്മാനം പങ്കിട്ടു.

1955 മാർച്ച് 11നു ഹൃദയാഘാതത്തെത്തുടർന്ന് അലക്സാണ്ടർ ഫ്ലെമിങ് മരണമടഞ്ഞു.

  1. Karl Grandin, ed. (1945). "Alexander Fleming Biography". Les Prix Nobel. The Nobel Foundation. Retrieved 2008-07-24. {{cite web}}: |author= has generic name (help) [പ്രവർത്തിക്കാത്ത കണ്ണി]
  2. Hare, R. The Birth of Penicillin, Allen & Unwin, London, 1970
  3. Michael, Roberts, Neil, Ingram (2001). Biology. Edition: 2, illustrated. Springer-Verlag. ISBN 0748762388.{{cite book}}: CS1 maint: multiple names: authors list (link)
  4. Diggins, F. The true history of the discovery of penicillin by Alexander Fleming Biomedical Scientist, March 2003, Insititute of Biomedical Sciences, London. (Originally published in the Imperial College School of Medicine Gazette)
  5. http://www.independent.co.uk/arts-entertainment/obituary-sir-edward-abraham-1093226.html
  6. Henry Harris, Howard Florey and the development of penicillin, a lecture given on Sept. 29, 1998, at the Florey Centenary, 1898–1998, Sir William Dunn School of Pathology, Oxford University (sound recording) [1]

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഫ്ലെമിങ്&oldid=3832919" എന്ന താളിൽനിന്ന് ശേഖരിച്ചത്