അയൂബ് ഖാൻ മുഹമ്മദ്
പാകിസ്താനിലെ മുൻ പ്രസിഡന്റായിരുന്നു അയൂബ് ഖാൻ. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഹസാറാ ജില്ലയിൽ റിഹാനാ ഗ്രാമത്തിൽ 1907 മേയ് 14-ന് സൈനികോദ്യോഗസ്ഥനായിരുന്ന മീർദാദ്ഖാന്റെ പുത്രനായി ജനിച്ചു.
ജീവിതരേഖ
തിരുത്തുകഅലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ പഠനം നടത്തിയ ശേഷം സൈന്യത്തിൽ ചേർന്നു. തുടർന്ന് സാൻഡേഴ്സ്റ്റിലെ ബ്രിട്ടീഷ് റോയൽ മിലിറ്ററി അക്കാദമിയിൽനിന്ന് സൈനികവിദ്യാഭ്യാസം നേടുകയും 14-ആം പഞ്ചാബ് റെജിമെന്റിൽ ചേർന്നു സൈനികസേവനം ആരംഭിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ബർമാ മുന്നണിയിലെ ഒരു സേനാവിഭാഗത്തിന്റെ അധിപനും പിന്നീട് സർവീസസ് സെലക്ഷൻ ബോർഡിന്റെ അധ്യക്ഷനുമായി സേവനം അനുഷ്ഠിച്ചു.
പകിസ്താൻ രൂപീകരണത്തിനു ശേഷം
തിരുത്തുക1947-ൽ പാകിസ്താൻ രൂപവത്കരിക്കപ്പെട്ട ശേഷം വസീറിസ്താനിലുണ്ടായ കലാപങ്ങളെ അടിച്ചമർത്തുന്നതിൽ നിർണായകമായ പങ്ക് അയൂബ് ഖാൻ വഹിച്ചു. പ്രശസ്ത സേവനങ്ങളെ പുരസ്കരിച്ച് ഇദ്ദേഹം മേജർ ജനറലായി ഉയർത്തപ്പെട്ടു. പാകിസ്താനിലെ ആദ്യത്തെ സർവസൈന്യാധിപൻ ആയതിനുശേഷം (1951) അവിടത്തെ സൈനികസംവിധാനം പുനഃസംഘടിപ്പിക്കുന്നതിൽ അയൂബ് മുൻകൈയെടുത്തു.
പകിസ്താൻ പ്രസിഡന്റ്
തിരുത്തുകപ്രസിഡന്റ് ഇസ്കന്ദർ മിഴ്സ 1958 ഒക്ടോബർ 7-ന് പാക് ഭരണഘടന റദ്ദാക്കിയപ്പോൾ അയൂബ് ഖാൻ സൈനികത്തലവനും സൈനിക ഭരണാധികാരി (Martial Law Administration) യും ആയി. 1958 ഒക്ടോബർ 27-ന് പാകിസ്താൻ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം കൈയേറ്റു. അടിസ്ഥാന ജനാധിപത്യത്തിൽ അധിഷ്ഠിതമായ ചില ഭരണപരിഷ്കാരങ്ങൾ ഇദ്ദേഹം നടപ്പിലാക്കി. 1965-ൽ അയൂബ് ഖാൻ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്തായിരുന്നു ഇന്ത്യ-പാക് സംഘർഷം വർധിച്ചതും അതൊരു യുദ്ധത്തിൽ എത്തിച്ചേർന്നതും. ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന ഈ യുദ്ധം താഷ്ക്കെന്റ് കരാറോടെ അവസാനിച്ചു. കമ്യൂണിസ്റ്റ് ചൈന-പാകിസ്താൻ അതിർത്തിനിർണയം സമാധാനപരമായി നടന്നത് അയൂബിന്റെ ശ്രമഫലമായിട്ടായിരുന്നു. പഷ്തൂണിസ്താൻ വാദവും പൂർവപാകിസ്താന്റെ (ബാംഗ്ലാദേശ്) സ്വയംഭരണവാദവും വിദ്യാർഥി പ്രക്ഷോഭങ്ങളും രാഷ്ട്രീയക്കുഴപ്പങ്ങളും കാരണം 1969 മാർച്ച് 26-ന് അയൂബിന് പ്രസിഡന്റുസ്ഥാനം ഒഴിയേണ്ടി വന്നു. പകരം ജനറൽ യാഹ്യാ ഖാൻ അധികാരമേറ്റു. അയൂബ് ഖാൻ രചിച്ച ഫ്രണ്ട്സ്, നോട്ട് മാസ്റ്റേഴ്സ് എന്ന ആത്മകഥ(1967) പ്രസിദ്ധമാണ്. ഇദ്ദേഹം 1974 ഏപ്രിൽ 19 ന് അന്തരിച്ചു.
ഇതുകൂടികാണുക
തിരുത്തുകഅവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അയൂബ് ഖാൻ, മുഹമ്മദ് (1907 - 74) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |