ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി
ബ്രിട്ടീഷ് ഇന്ത്യയിൽ സ്വയം ഭരണം (ഹോം റൂൾ) സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1905-ൽ ലണ്ടനിൽ ശ്യാംജി കൃഷ്ണവർമ്മ സ്ഥാപിച്ച ഒരു സംഘടനയാണ് ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ഇംഗ്ലീഷ്: Indian Home Rule Society അഥവാ IHRS). ലണ്ടനിലെ പ്രമുഖ ദേശീയവാദികളായിരുന്ന മാഡം കാമ, ദാദാഭായ് നവറോജി, എസ്.ആർ. റാണ എന്നിവരുടെ പിന്തുണയോടെയാണ് ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി രൂപംകൊള്ളുന്നത്.[1][2] ബ്രിട്ടീഷ് ഭരണത്തോടു വിധേയത്വ സമീപനമുണ്ടായിരുന്ന ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന സംഘടനയോടുള്ള എതിർപ്പാണ് ഈ സംഘടനയുടെ രൂപീകരണത്തിനു വഴിതെളിച്ചത്.[3]
1905 ഫെബ്രുവരി 18-ന് അക്കാലത്തെ വിക്ടോറിയൻ പൊതുജന പ്രസ്ഥാനങ്ങളുടെ മാതൃകയിലാണ് ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപിതമായത്.[4] ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വയംഭരണം സ്ഥാപിക്കുക, അതിനുള്ള പ്രചരണപ്രവർത്തനങ്ങൾ ഏതു മാർഗ്ഗത്തിലൂടെയും നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഈ സംഘടനയ്ക്ക് ഒരു ലിഖിത ഭരണഘടനയുണ്ടായിരുന്നു.[5] ഇന്ത്യാക്കാർക്കു മാത്രമാണ് സംഘടനയിൽ അംഗത്വം നൽകിയിരുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ബ്രിട്ടനിൽ ജീവിച്ചിരുന്ന നിരവധി ഇന്ത്യാക്കാർ ഇതിൽ ചേരുവാൻ മുന്നോട്ടു വന്നു. ഇന്ത്യയിലെ വിപ്ലവകാരികളിൽ നിന്നു പണവും ആയുധങ്ങളും ഈ സംഘടനയ്ക്കു ലഭിച്ചിരുന്നു.[6][7] ബ്രിട്ടനിൽ ഇന്ത്യൻ ദേശീയവാദികളുടെ സായുധപോരാട്ടത്തിനു വഴിതെളിച്ച ഈ പ്രസ്ഥാനം ലണ്ടനിലെ ഇന്ത്യാ ഹൗസിന്റെ രൂപവൽക്കരണത്തിലും ശ്യാംജി കൃഷ്ണ വർമ്മയുടെ ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പത്രത്തിന്റെ സ്ഥാപനത്തിലും നിർണ്ണായക പങ്കുവഹിച്ചിരുന്നു. 1907-ൽ ശ്യാംജി കൃഷ്ണവർമ്മയുടെ പ്രവർത്തന കേന്ദ്രം പാരീസിലേക്കു മാറ്റിയതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. ഇതേത്തുടർന്ന് വി.ഡി സാവർക്കറുടെ അഭിനവ് ഭാരത് സൊസൈറ്റി പോലുള്ള സംഘടനകൾ രൂപംകൊണ്ടു.[3][8]
അവലംബം
തിരുത്തുക- ↑ Innes 2002, പുറം. 171
- ↑ Joseph 2003, പുറം. 59
- ↑ 3.0 3.1 Owen 2007, പുറം. 62
- ↑ Owen 2007, പുറം. 67
- ↑ Fischer-Tine´ 2007, പുറം. 330
- ↑ Owen 2007, പുറം. 63
- ↑ Parekh 1999, പുറം. 158
- ↑ Majumdar 1971, പുറം. 299
- Fischer-Tinē, Harald (2007), Indian Nationalism and the ‘world forces’: Transnational and diasporic dimensions of the Indian freedom movement on the eve of the First World War. Journal of Global History (2007) 2, pp. 325–344, Cambridge University Press., ISSN 1740-0228.
- Innes, Catherine Lynnette (2002), A History of Black and Asian Writing in Britain, 1700-2000, Cambridge University Press, ISBN 0-521-64327-9.
- Joseph, George Verghese (2003), George Joseph, the Life and Times of a Kerala Christian Nationalist., Orient Longman, ISBN 81-250-2495-6.
- Majumdar, Ramesh C (1971), History of the Freedom Movement in India (Vol I), Firma K. L. Mukhopadhyay, ISBN 81-7102-099-2.
- Owen, N (2007), The British Left and India, Oxford University Press, ISBN 0-19-923301-2.
- Parekh, Bhiku C. (1999), Colonialism, Tradition and Reform: An Analysis of Gandhi's Political Discourse., SAGE, ISBN 0-7619-9383-5.