ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനായിരുന്നു ശ്യാംജി കൃഷ്ണ വർമ്മ(ജനനം 4 ഒക്ടോബർ 1857 - മരണം 30 മാർച്ച് 1930).[1] ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെടുന്ന ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി, ലണ്ടനിലെ ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ശ്യാംജി. ഓക്സ്ഫഡ് സർവകലാശാലയിലെ ബലിയോൾ കോളേജിൽ നിന്നും ബിരുദം നേടിയ ശ്യാംജി, ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളിൽ ദിവാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശ്യാംജി കൃഷ്ണ വർമ്മ
ശ്യാംജി കൃഷ്ണ വർമ്മ
ജനനം
ശ്യാംജി കൃഷ്ണ നഖുവ

(1857-10-04)4 ഒക്ടോബർ 1857
മരണം1930 മാർച്ച് 30
വിദ്യാഭ്യാസംബി.എ.
കലാലയംവിൽസൺ ഹൈ സ്കൂൾ ബോംബെ
ബലിയോൾ കോളേജ്, ഓക്സ്ഫഡ് സർവകലാശാല
തൊഴിൽഅഭിഭാഷകൻ, പത്രപ്രവർത്തകൻ,
സംഘടന(കൾ)ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി
ഇന്ത്യാ ഹൗസ്
ഇന്ത്യൻ സോഷ്യോളജിസ്റ്റ്
അറിയപ്പെടുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനം
ജീവിതപങ്കാളി(കൾ)ഭാനുമതി കൃഷ്ണ വർമ്മ
മാതാപിതാക്ക(ൾ)കർസൻ ഭാനുശാലി (നഖുവ)
ഗോമതിബായ്
വെബ്സൈറ്റ്www.krantiteerth.org

ഇംഗ്ലണ്ടിൽ വച്ച് ദേശീയപ്രസ്ഥാനത്തിനെ പിന്തുണക്കാനായി അദ്ദേഹം, ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ്, ദ ഇന്ത്യൻ ഹൗസ്, ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങൾ ആരംഭിച്ചു. പുരോഗമനാശയക്കാരും, ദേശീയപ്രസ്ഥാനത്തെ പിന്തുണക്കുന്നവരുമായ വിദ്യാർത്ഥികളുടെ ഒരു സംഗമകേന്ദ്രം കൂടിയായിരുന്നു ഈ പ്രസ്ഥാനങ്ങൾ. വീർ സവർക്കർ ഈ പ്രസ്ഥാനങ്ങളിലൂടെ ദേശീയപ്രസ്ഥാനത്തിലേക്ക് ഉയർന്നു വന്ന ഒരു നേതാവായിരുന്നു. തനിക്കെതിരേയുള്ള നിയമ നടപടികളെ തുടർന്ന് 1907 ൽ അദ്ദേഹം പാരീസിലേക്കു പോയി. 1930 മാർച്ച് 30 ന് അദ്ദേഹം അന്തരിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

1857 ഒക്ടോബർ നാലിന് ഗുജറാത്തിലെ, കച്ച് ഗ്രാമത്തിൽ കർസൻ ഭാനുശാലിയുടേയും, ഗോമതിബായിയുടേയും മകനായാണ് ശ്യാംജി ജനിച്ചത്.[2] ഭാനുശാലി എന്നത് കുടുംബപേരായിരുന്നു. പിതാവ് ഒരു പ്രസ്സിലെ ജീവനക്കാരനായിരുന്നു, ശ്യാംജിക്ക് പതിനൊന്നു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അമ്മ മരണമടഞ്ഞു. മുത്തശ്ശിയായിരുന്നു ശ്യാംജിയെ പിന്നീട് വളർത്തിയത്. കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി ഈ കുടുംബം മാണ്ഡവി എന്ന പട്ടണത്തിലേക്ക് താമസം മാറി. കച്ച് ഗ്രാമത്തിലെ ഭുജ് എന്ന സ്ഥലത്തെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബോംബെയിലെ വിൽസൺ സ്കൂളിലായിരുന്നു ഉയർന്ന ക്ലാസ്സുകളിലെ പഠനം. ബോംബെ പഠന കാലത്ത്, അദ്ദേഹം സംസ്കൃതവും വശത്താക്കി.

1875 ൽ ശ്യാംജി ഭാനുമതിയെ വിവാഹം കഴിച്ചു. ഇക്കാലഘട്ടത്തിലാണ്, ആര്യസമാജത്തോടും, ദയാനന്ദ സരസ്വതിയോടും ശ്യാംജി അടുക്കുന്നത്. ഏറെ വൈകാതെ അദ്ദേഹം ആര്യസമാജത്തിൽ അംഗമാവുകയും, അതിന്റെ പ്രചാരണ പരിപാടികൾ ഏറ്റെടുക്കുകയും ചെയ്തു. പണ്ഡിറ്റ് എന്ന പദവി ലഭിക്കുന്ന ആദ്യത്തെ ബ്രാഹ്മീണനല്ലാത്ത വ്യക്തി കൂടിയാണ് ശ്യാംജി. ഓക്സഫഡ് സർവ്വകലാശാലയിൽ അദ്ദേഹത്തിന് സംസ്കൃതം അദ്ധ്യാപകനായ മോനിയർ വില്യംസിന്റെ കീഴിൽ ഒരു ജോലി ലഭിച്ചു.

ഔദ്യോഗിക ജീവിതം

തിരുത്തുക

1885 ൽ അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചുവരുകയും, ഒരു അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു. രത്തം പ്രവിശ്യയിലെ രാജാവ് ശ്യാംജിയെ ദിവാനായി നിയമിച്ചെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് ഈ പദവിയിൽ അധികകാലം തുടരാൻ കഴിഞ്ഞില്ല. കുറച്ചു കാലം മുംബൈയിൽ കഴിഞ്ഞുവെങ്കിലും, പിന്നീട് അജ്മീറിൽ സ്ഥിരതാമസമാക്കി. 1893 മുതൽ 1895 വരെയുള്ള കാലഘട്ടത്തിൽ ഉദയ്പൂർ മഹാരാജാവിന്റെ കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചിരുന്നു.

 
ശ്യാം ജി കൃഷ്ണവർമ്മ 1989ലെ ഭാർതീയസ്റ്റാമ്പ്
 
ക്രാന്തിതീർത്ഥം, ശ്യാംജി കൃഷ്ണവർമ്മയുടെ സ്മൃതികുടീരം, മാണ്ഡവി, കച്ച് (ഇന്ത്യഹൗസിന്റെ രൂപം പിന്നിൽ കാണാം)

ദേശീയപ്രസ്ഥാനം

തിരുത്തുക

ദേശീയപ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലൂന്നിയ ദയാനന്ദസരസ്വതിയുടെ രചനകൾ വായിച്ചാണ് ശ്യാംജി കൃഷ്ണ വർമ്മയും ദേശീയപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. ലോകമാന്യ തിലകന്റെ പ്രവർത്തനങ്ങളിലും ശ്യാംജി വളരെയധികം ആകൃഷ്ടനായിരുന്നു. അതേ സമയം തന്നെ പരാതികളിലും, പ്രാർത്ഥനകളിലും, നിസ്സഹകരണത്തിലും ഊന്നിയുള്ള കോൺഗ്രസ്സിന്റെ സമരരീതികളോട് ശ്യാംജിക്ക് എതിർപ്പായിരുന്നു.

രാഷ്ട്രീയം

തിരുത്തുക

1905 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഒരു ദേശീയ പ്രസ്ഥാനത്തിനു തുടക്കമിടാൻ ശ്യാംജി തീരുമാനിക്കുകയുണ്ടായി. ഇന്ത്യൻ സോഷ്യലിസ്റ്റ് എന്ന തന്റെ ഇംഗ്ലീഷ് മാസിക പുറത്തിറക്കിക്കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു പ്രവേശിച്ചത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ ഒരു ജനകീയ പ്രക്ഷോഭം തന്നെ സൃഷ്ടിക്കുക എന്നതായിരുന്നു ഈ മാസികയുടെ ഉദ്ദേശം. നിരവധി നേതാക്കൾ ഈ മാസികയിലൂടെ ആകൃഷ്ടരായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു വരുകയുണ്ടായി.

ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി

തിരുത്തുക

1905 ഫെബ്രുവരി 18 ന് ശ്യാംജി ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി എന്നൊരു സ്ഥാപനത്തിനു രൂപം നൽകി. ഇന്ത്യയിൽ സ്വയംഭരണം ഉറപ്പാക്കുക, ഈ ലക്ഷ്യത്തിനു വേണ്ടി, ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും പിന്തുണ നേടിയെടുക്കാനായി വ്യാപക പ്രചാരണം നടത്തുക, സ്വാതന്ത്ര്യം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഭാരതീയരിൽ അവബോധം ഉളവാക്കുക എന്നതായിരുന്നു ഈ സൊസൈറ്റിയുടെ സ്ഥാപക ലക്ഷ്യങ്ങൾ.

ഇന്ത്യാ ഹൗസ്

തിരുത്തുക
പ്രധാന ലേഖനം: ഇന്ത്യാ ഹൗസ്

ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ താമസം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. വർണ്ണവിവേചനം വാണിരുന്ന ആ കാലത്ത് കറുത്തവരെന്നു പറഞ്ഞ് ഈ വിദ്യാർത്ഥികൾക്ക് താമസം നിഷേധിക്കിപ്പെട്ടിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ഒരു ഹോസ്റ്റൽ എന്ന രീതിയിലായിരുന്നു ശ്യാംജിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഹൗസ് ആരംഭിക്കുന്നത്.[3] ഹൈഗേറ്റിലെ ക്രോംവെൽ അവന്യൂവിലുള്ള ഈ സ്ഥാപനത്തിൽ തുടക്കത്തിൽ 25 ഓളം പേർക്ക് താമസിക്കാമായിരുന്നു. സോഷ്യൽ ഡെമോക്രോറ്റിക്ക് ഫെഡറേഷൻ നേതാവായിരുന്നു ഹിൻഡ്മാൻ ആയിരുന്നു ഇന്ത്യാ ഹൗസ് ഉദ്ഘാടനം ചെയ്തത്. താമസിയാതെ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഇന്ത്യാ ഹൗസ് മാറി.[4] ഭിക്കാജി കാമ, വീര സവർക്കർ, വീരേന്ദ്രനാഥ് ചതോപാഥ്യായ തുടങ്ങിയ ദേശീയ നേതാക്കൾ ഇന്ത്യാ ഹൗസുമായി അടുത്തു പ്രവർത്തിച്ചിരുന്നവരായിരുന്നു. ഇന്ത്യൻ സോഷ്യാളജിസ്റ്റ് എന്ന തന്റെ പത്രത്തിലെഴുതിയ ഒരു ലേഖനത്തെച്ചൊല്ലി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ അഭിഭാഷകജോലി തടയുകയുണ്ടായി. നൊട്ടോറിയസ് കൃഷ്ണവർമ്മ എന്നാണ് ദ ടൈംസ് അദ്ദേഹത്തെക്കുറിച്ചെഴുതിയത്.[5] ശ്യാംജി ബ്രിട്ടീഷ് പോലീസിന്റെ നോട്ടപ്പുള്ളിയായി, തന്നെ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുമ്പ് ഇന്ത്യാ ഹൗസിന്റെ ചുമതലകൾ വീര സവർക്കറെ ഏൽപ്പിച്ച് അദ്ദേഹം ബ്രിട്ടനിൽ നിന്നും പലായനം ചെയ്തു.

പാരീസ്, ജനീവ

തിരുത്തുക

1907 ൽ ശ്യാംജി പാരീസിൽ എത്തിച്ചേർന്നു. പാരീസിൽ നിന്നും അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ ശ്രമിച്ചുവെങ്കിലും അത് ഫലവത്തായില്ല. ഫ്രാൻസിലെ രാഷ്ട്രീയപ്രവർത്തകരിൽ നിന്നും ശ്യാംജിക്ക് വേണ്ടുവോളം പിന്തുണ ലഭിച്ചിരുന്നു. ശ്യാംജിയുടെ പാരീസിലെ പ്രവർത്തനങ്ങൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന് യൂറോപ്പിൽ നിന്നും ധാരാളം പിന്തുണ നേടിക്കൊടുത്തു. 1914 ൽ പാരീസും, ഇംഗ്ലണ്ടും തമ്മിൽ വിവിധ ഉടമ്പടികൾ ഒപ്പുവെക്കുകയുണ്ടായി. ഈ രാജ്യങ്ങളുടെ പുതിയ നീക്കം, ശ്യാംജിയെ പാരീസ് വിടാൻ നിർബന്ധിതനാക്കി. ശ്യാംജി ജനീവയിലേക്ക് തന്റെ പ്രവർത്തന മേഖല മാറ്റി. ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിസ്സ് സർക്കാർ നടപ്പിലാക്കിയ രാഷ്ട്രീയപ്രവർത്തന നിരോധനങ്ങൾ കാരണം, അദ്ദേഹത്തിന് തന്റെ പ്രവർത്തനങ്ങൾ വിചാരിച്ച രീതിയിൽ തുടരാൻ കഴിഞ്ഞില്ല.

1922 ഓഗസ്റ്റിലും, സെപ്തംബറിലും ഇന്ത്യൻ സോഷ്യോളജിസ്റ്റിന്റെ രണ്ടു ലക്കങ്ങൾ കൂടി അദ്ദേഹം പുറത്തിറക്കി. ആരോഗ്യപരമായ കാരണങ്ങളാൽ പിന്നീട് പ്രസിദ്ധീകരണം തുടരാൻ ശ്യാംജിക്കു സാധിച്ചില്ല. 1930 മാർച്ച് 30 ന് ശ്യാംജി കൃഷ്ണ വർമ്മ അന്തരിച്ചു. 2003ൽ നരേന്ദ്ര മോദി സ്വിറ്റ്സർലാന്റിൽ പോയി അദ്ദേഹത്തിന്റെ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവന്നു.[6]

അവലംബങ്ങൾ

തിരുത്തുക
  • ഗണേഷി ലാൽ, വർമ്മ (1993). ശ്യാംജി കൃഷ്ണ വർമ്മ, ദ അൺനോൺ പേട്രിയട്ട്. ഭാരത സർക്കാർ.
  • മുനിറുദ്ദീൻ (2006). ഹിസ്റ്ററി ഓഫ് ജേണലിസം. അൻമോൾ. ISBN 978-8126123544.
  1. ചന്ദ്ര, ബിപൻ (1989). ഇന്ത്യാസ് സ്ട്രഗ്ഗിൾ ഫോർ ഇൻഡിപെൻഡൻസ്. ഡൽഹി: പെൻഗ്വിൻ ബുക്സ്, ഇന്ത്യ. p. 145. ISBN 978-0-14-010781-4. Retrieved 2014-09-21.
  2. വി., സുന്ദരം. "പണ്ഡിറ്റ് ശ്യാംജി കൃഷ്ണ വർമ്മ". ബോലോജി. Retrieved 2014-09-21.
  3. "ശ്യാംജി കൃഷ്ണയും ഇന്ത്യാ ഹൗസും". ക്രാന്തിതീർത്ഥി.ഓർഗ്. Archived from the original on 2014-11-15. Retrieved 2014-11-15.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "ശ്യാംജി കൃഷ്ണവർമ്മ ആന്റ് ഇന്ത്യാ ഹൗസ്". ഭവൻസ്.ഇൻഫോ. Archived from the original on 2014-11-15. Retrieved 2014-11-15.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "ശ്യാംജി കൃഷ്ണവർമ്മ - ഹിസ് മേക്കിങ് ആന്റ് ദയാനന്ദ സരസ്വതി". ആര്യമാന്ദവ്യ. Archived from the original on 2014-11-15. Retrieved 2014-11-15.
  6. https://www.narendramodi.in/cm-pays-tributes-to-shri-shyamji-krishna-varma-5603
"https://ml.wikipedia.org/w/index.php?title=ശ്യാംജി_കൃഷ്ണ_വർമ്മ&oldid=3792083" എന്ന താളിൽനിന്ന് ശേഖരിച്ചത്