ഷിയാ ഇസ്‌ലാം

ഇസ്ലാം മതത്തിലെ ഒരു വിഭാഗമാണ്‌ ഷിയാ മുസ്ലീം സമൂഹം.
(Shia Islam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാം മതത്തിലെ ഒരു വിഭാഗമാണ്‌ ഷിയാ മുസ്‌ലിം സമൂഹം. ബഹുഭൂരിപക്ഷമായ സുന്നികൾ കഴിഞ്ഞാൽ ഇസ്‌ലാം മതത്തിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള സമൂഹമാണ്‌ ഷിയാക്കൾ. പ്രവാചകനായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ കുടുംബ പരമ്പരയുടെയും നേതൃത്വം (അഹ്‌ലുൽ ബൈത്ത്)മാത്രം അംഗീകരിക്കുന്ന ഈ വിഭാഗം പ്രവാചകനുശേഷം ഇസ്‌ലാമിക സമുദായത്തിന്റെ നേതൃത്വമേറ്റെടുത്ത ആദ്യത്തെ മൂന്നു ഖലീഫമാരെ അംഗീകരിക്കുന്നില്ല. പ്രവാചകന്റെ പത്നിയായ ഖദീജയ്ക്കുശേഷം രണ്ടാമതായി ഇസ്‌ലാം മതവിശ്വാസിയായിത്തീർന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും മരുമകനുമായ അലിയാണ്‌ യഥാർത്ഥത്തിൽ നബിതിരുമേനിയുടെ മരണശേഷം ഖലീഫയാവേണ്ടിയിരുന്നത് എന്നും മറ്റുള്ളവർ അലിക്കവകാശപ്പെട്ട ഖലീഫാ പദവി തട്ടിയെടുക്കുകയാണുണ്ടായത് എന്നും ഷിയാക്കൾ ഉറച്ചു വിശ്വസിക്കുന്നു. അലിയുടെ അനുയായികൾ എന്നപേരിലാണ്‌ ഈ വിഭാഗം സംഘടിച്ചതും ശക്തിയാർജ്ജിച്ചതും. അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ഇസ്‌ലാം മത വിശ്വാസികളിൽ പതിനഞ്ച് ശതമാനം ഷിയാവിഭാഗത്തിൽപ്പെട്ടവരാണ്‌. ഏകദേശം ഇരുനൂറ് ദശലക്ഷം വരുന്ന ഷിയാ മുസ്‌ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്‌.

പേരിനു പിന്നിൽതിരുത്തുക

ഷിയാ എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ്‌ ശീഅത്തു അലി എന്നതിന്റെ അർത്ഥം. ഈ വാചകം ക്രമേണ ഷിയാ എന്ന പേര്‌ മാത്രമായി ലോപിക്കുകയും ഈ വിഭാഗം മുസ്‌ലിംങ്ങൾ ഷിയാ മുസ്‌ലിംകൾ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. [1]

ചരിത്രംതിരുത്തുക

പ്രവാചകന്റെ മരണശേഷം മുസ്‌ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി സമുദായത്തിൽ ഉയർന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളുടെയും തുടർന്നുള്ള സുന്നി-ഷിയാ വിഭജനത്തിന്റെയും പ്രധാന കേന്ദ്രബിന്ദു അലിയായിരുന്നു. യഥാർത്ഥത്തിൽ സ്ഥാനമോഹം ഒട്ടുംതന്നെയില്ലാത്ത വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അലി. എന്നാൽ അലിയാണ്‌ പ്രവാചകനുശേഷം മുസ്‌ലിം സമുദായത്തിന്റെ നേതാവാകേണ്ടതെന്ന അഭിപ്രായമുള്ള ഒരുവിഭാഗം ആ കാലത്ത് മക്ക (ഇസ്‌ലാമിക തലസ്ഥാനം)യിൽ ഉണ്ടായിരുന്നു. പ്രവാചകൻ അന്ത്യനിദ്ര പ്രാപിച്ചപ്പോൾ അന്നത്തെ ഇസ്‌ലാമിക പ്രമുഖർ നബിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളും, അദ്ദേഹത്തിന്റെ സന്തത സഹചാരിയും, സർവ്വോപരി പ്രായത്തിൽ മുതിർന്നയാളുമായ അബുബക്കർ സിദ്ദീഖിനെ ഖലീഫയായി തിരഞ്ഞെടുത്തു. എന്നാൽ മുസ്‌ലിം നേതൃത്വം പ്രവാചകന്റെ വംശപരമ്പരയാൽ മാത്രമെ നയിക്കപ്പെടാവൂ എന്നു വിശ്വസിച്ചിരുന്ന ഒരുവിഭാഗം നബിയുടെ അടുത്ത ചാർച്ചക്കാരിൽ ഒരാളും പുത്രിയുടെ ഭർത്താവുമായ അലിയാണ്‌ ഖലീഫയാകേണ്ടതെന്ന് വാദിച്ചു. എന്നാൽ ഭൂരിപക്ഷം പേരും അബുബക്കറിനെ അനുകൂലിക്കികയും അദ്ദേഹം ഖലീഫയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. അബുബക്കറിന്റെ മരണശേഷം ഉമർ ബ്നു ഖത്താബും അദ്ദേഹത്തിന്റെ കാലശേഷം ഉസ്‌മാൻ ബിൻ അഫ്ഫാൻ യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും ഖലീഫയായി.ഉസ്മാന്റെ ഭരണകാലത്താണ്‌ വിശുദ്ധ ഖുർആൻ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത്. ഉസ്മാന്റെ ഭരണകാലത്തെ ചില നടപടികളിലും അദ്ദേഹം ഖുർആൻ ഏകീകരിക്കാനെടുത്ത തീരുമാനത്തിലും അസഹിഷ്ണുക്കളായി തീർന്ന ചിലർ അദ്ദേഹത്തെ കൊലപ്പെടുത്തി. ഉസ്മാന്റെ ആകസ്മിക മരണത്തെ തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേറ്റു.


ഖലീഫയായി അധികാരമേറ്റ അലി, ഉസ്മാന്റെ ഘാതകർക്കെതിരിൽ ശക്തമായ നടപടി എടുത്തില്ല എന്ന പരാതി തുടക്കത്തിലേ നേരിടേണ്ടിവന്നു.ഇക്കൂട്ടത്തിൽ പ്രവാചകന്റെ പത്നിയായ ആയിശയുടെ നേതൃത്വത്തിൽ ഒരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അലിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടു . ഉസ്മാന്റെ കൊലപാതകികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അലിയെ കാണാൻ നീങ്ങിയ ഈ നിവേദക സംഘത്തിൻറെ നീക്കം അവരും അലിയുടെ സൈന്യത്തിലുള്ള ഒരുവിഭാഗവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി പരിണമിച്ചു. "ഒട്ടകത്തിന്റെ യുദ്ധം" എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ കീഴടക്കി. അലിയുമായി സന്ധി ചെയ്ത ആയിഷ പിന്നീടു പൊതുജീവിതത്തിൽ നിന്ന് പിൻവാങ്ങി. അതേസമയം ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ മുആവിയ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി.'സിഫിൻ യുദ്ധം' എന്ന പേരിലാണ്‌ ഈ ഏറ്റുമുട്ടൽ ചരിത്രരേഖകളിൽ അറിയപ്പെടുന്നത്.തന്ത്രശാലികളായ മുആവിയയുടെ സൈനികർ വിശുദ്ധ ഖുർആന്റെ കൈയ്യെഴുത്തുപ്രതികൾ തങ്ങളുടെ കുന്തമുനകളിൽ കുത്തിനിർത്തിക്കൊണ്ട് അലിയുടെ സൈന്യത്തെ നേരിട്ടു.കടുത്ത വിശ്വാസികളായ അലിയുടെ സൈനികർ ഖുർആനെ ആക്രമിക്കുന്നത് പാപമെന്ന്‌ കരുതുകയും പടപൊരുതാൻ വിസമ്മതിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ അലി മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം അലിയുടെ തന്നെ അനുയായികളിൽ ചിലരുടെ കടുത്ത എതിർപ്പിനിടയാക്കി. തീവ്രവാദികളായ ഇവരിൽ ചിലർചേർന്ന് അലിയെ കൊലപ്പെടുത്തി.


അലിക്ക് ശേഷം ഭരണം ഏറ്റെടുത്ത മൂത്ത പുത്രൻ ഹസ്സൻ ആറു മാസത്തെ ഭരണ ജീവിതത്തിന് ശേഷം സ്വതാത്പര്യ പ്രകാരം ഔദ്യോഗിക സ്ഥാനമൊഴിഞ്ഞു. മുസ്ലിംകൾക്കിടയിൽ ഉയർന്നു വരുന്ന ഭിന്നതകൾ ഇല്ലായ്മ ചെയ്യാൻ വേണ്ടി ആയിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തത്.തുടർന്ന് മുആവിയ,തനിക്ക് ശേഷം ഭരണകർത്താവിനെ തിരഞ്ഞെടുക്കേണ്ടത് പൊതു ജനമായിരിക്കും എന്ന വ്യവസ്ഥയോടെ ഹസ്സനിൽ നിന്ന് ഭരണം ഏറ്റെടുത്തു.അധികം താമസിയാതെ തന്നെ രോഗഗ്രസ്തനായിത്തീർന്ന ഹസ്സൻ മരണമടഞ്ഞു. ഹസ്സനെ വിഷം നൽകി സാവധാനം കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രബലമായൊരഭിപ്രായമുണ്ട്. മുആവിയ ഏ.ഡി 680-ൽ മരണമടഞ്ഞു.ഈ സന്ദർഭത്തിൽ മുആവിയയുടെ പുത്രനായ യസീദ് ഖലീഫാ പദവി ഹുസ്സൈന്‌ വിട്ടുകൊടുക്കാൻ തയ്യാറായില്ല. മുആവിയയുമായി നടന്ന വ്യവസ്ഥ പാലിക്കാതെ ഭരണം ഏറ്റെടുത്ത യസീദിനെ അനുകൂലിക്കാൻ ഹുസൈനും സംഘവും തയ്യാറല്ലായിരുന്നു.യസീദിന്റെ ഭരണത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അവരെ കൂഫയിലേക്ക് ക്ഷണിച്ചു കൊണ്ട് കൂഫക്കാർ അദ്ദേഹത്തിന് കത്തെഴുതി.അങ്ങനെ കൂഫയിലേക്ക് പോകുന്ന വഴിയിൽ ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും കൊലപ്പെടുത്തുകയും ചെയ്തു.ഹുസ്സൈനടക്കം നിരവധിപേർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു.പ്രവാചകന്റെ കുടുംബ പരമ്പരയിലെ അവസാനത്തെ കണ്ണിയായി ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലി(അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ) മാത്രം അവശേഷിച്ചു. അലിയെ നേതാവായി കരുതിക്കൊണ്ട് ഷിയാവിഭാഗം ക്രമേണ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. അതേസമയം തന്റെ മുന്നിലെ എതിർപ്പുകളെ എല്ലാം ഇല്ലാതാക്കികൊണ്ട് യസീദ് ഉമയ്യദ്(അമവി) കുടുംബവാഴ്ചക്ക് തുടക്കമിട്ടു.ഈ സംഭവ വികാസങ്ങളോടെ ഇസ്‌ലാമിക സമുദായം സുന്നി-ഷിയാവിഭാഗങ്ങളായി വേർപിരിഞ്ഞു.

ഹുസ്ിൻ യസീദഉമായി ഏറ്റു മുട്ടിയത് ഭരണത്തിന്റെ അവകാശലംഘനത്തിനും അനീതിക്കും എതിരെയായിരുന്നു.

പ്രമുഖ വിഭാഗങ്ങൾതിരുത്തുക

ദൈവശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ശിയാ വിഭാഗം തന്നെ വിവിധ വിഭാഗങ്ങളായി വേർ‍‌തിരിഞ്ഞിരിക്കുന്നു.

 
Tree of Shia Islam

അടിസ്ഥാന വിശ്വാസങ്ങൾതിരുത്തുക

ശിയാ വിശ്വാസികൾ പൊതുവായി പിന്തുടരുന്ന ദൈവശാസ്ത്രത്തിൻറെ അടിസ്ഥാന തത്ത്വങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അതേ സമയം എല്ലാ ശിയാ വിഭാഗങ്ങളും ഒരേ അളവിൽ ഇവ അം‌ഗീകരിച്ചു കൊള്ളണമെന്നില്ല.

  • ഇമാമത്ത്. പ്രവാചകൻ‌മാർക്ക് പുറമേ മനുഷ്യസമൂഹത്തെ നയിക്കാനായി ദൈവം ഇമാമുമാരെ നിയമിച്ചു തന്നിരിക്കുന്നു. എന്നാൽ ആരൊക്കെയാണ് ഇമാമുകൾ എന്ന വിഷയത്തിൽ വിവിധ ശിയാ വിഭാഗങ്ങൾ‌ക്കിടയിൽ അഭിപ്രായവ്യത്യാസം നില നിൽക്കുന്നുണ്ട്.
  • ഇസ്മത്ത് അഥവാ പാപസുരക്ഷിതത്വം. ദൈവത്താൽ നിയോഗിക്കപ്പെടുന്ന പ്രവാചകൻ‌മാരും ഇമാമുമാരും സമ്പൂർണ്ണമായി പാപകർമ്മങ്ങളിൽ നിന്ന് വിട്ടു നിൽ‌ക്കുന്നവരായിരിക്കും എന്ന വിശ്വാസം.
  • വിശ്വാസത്തിലെ ദ്വാഹിറും (ظاهر) (വിശ്വാസത്തിൻറെ ബാഹ്യമായ പ്രത്യക്ഷീകരണം) ബാത്വിനും (باطن) (വിശ്വാസത്തിൻറെ ആന്തരികമായ പ്രത്യക്ഷീകരണം). വിശ്വാസത്തിന് ബാഹ്യവും ആന്തരികവുമായ വശങ്ങളുണ്ടെന്നും ബാഹ്യവശം മാത്രമാണ് പൊതുജനങ്ങൾ‌ക്ക് പ്രാപ്യമായതെന്നുമുള്ള ഈ വിശ്വാസം ഉയർ‌ത്തിപ്പിടിക്കുന്നത് ഇസ്മാഈലീ ശിയാക്കളാണ്.
  • ത‌അ്‌വീൽ അഥവാ വ്യാഖ്യാനം. പ്രവാചകൻ‌മാർക്കും ഇമാമുമാർക്കും മാത്രമേ മത പാഠങ്ങൾ വ്യാഖ്യാനിക്കാനുള്ള അവകാശമുള്ളൂ എന്ന ഈ വിശ്വാസവും പൊതുവായി ഇസ്മാഈലീ വിഭാഗത്തിൻറേതാണ്.

നിർബന്ധ മതകർമങ്ങൾതിരുത്തുക

  • സൗം അഥവാ വ്രതം. ഹിജ്‌റ വർ‌ഷക്കലണ്ടറിലെ റമദാൻ മാസത്തിൽ പകൽ വ്രതമനുഷ്ഠിക്കുക.
  • ഖുമുസ്. ഖുമുസ് എന്നാൽ അഞ്ചിൽ ഒരു ഭാഗം എന്നാണർ‍‌ത്ഥമാക്കുന്നത്. സമ്പത്തിൻറെ അഞ്ചിലൊരു ഭാഗം നിർ‌ബന്ധമായും ഇമാമിനു നൽകുക.

പ്രമുഖരായ ശിയാ പണ്ഡിതർതിരുത്തുക

ആധുനിക കാലത്തെ പ്രമുഖ ശിയാ വ്യക്തികൾതിരുത്തുക

[2]


ഇതു കൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. [1]
  2. <http://www.islamfortoday.com/shia.htm>
"https://ml.wikipedia.org/w/index.php?title=ഷിയാ_ഇസ്‌ലാം&oldid=3485778" എന്ന താളിൽനിന്ന് ശേഖരിച്ചത്