സെപ്റ്റംബർ 11ലെ ഭീകരാക്രമണം

(September 11 attacks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സെപ്റ്റംബർ 11ലെ ഭീകരാക്രമണം - അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.
ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌:തീവ്രവാദ സംഘടനയായ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക്‌ സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയതെന്നു കരുതുന്നു. .

സെപ്റ്റംബർ 11 ഭീകരാക്രമണം
സെപ്റ്റംബർ 11 ഭീകരാക്രമണം
വേൾഡ് ട്രേഡ് സെന്റർ ഇരട്ട ടവറുകൾ കത്തുന്നു.
സ്ഥലം ന്യൂ യോർക്ക് സിറ്റി; അർലിങ്ടൺ കൺ‌ട്രി, വിർജീനിയ; ഷാങ്ക്സ്വിൽ, പെൻ‌സിൽ‌വാനിയ.
തീയതി Tuesday, September 11, 2001
8:46 am (2001-09-11UTC08:46) – 10:28 am (2001-09-11UTC10:29) (UTC-4)
ആക്രമണ സ്വഭാവം Aircraft hijacking, mass murder, suicide attack, Terrorism
മരണസംഖ്യ 2,977 victims[1] and 19 hijackers
പരിക്കേറ്റവർ 6,000+
ഉത്തരവാദി(കൾ) al-Qaeda led by Osama bin Laden
(see also Responsibility and Hijackers)

ഭീകരാക്രമണം നടന്നവിധം

തിരുത്തുക

ആസൂത്രണം

തിരുത്തുക

ഖാലിദ് ഷേക്ക് മുഹമ്മദാണ് ഈ ആക്രമണത്തിന്റെ ആശയം 1996 ൽ ഒസാമ ബിൻ ലാദനു മുൻപിൽ അവതരിപ്പിച്ചത്. 1998 ൽ ബിൻ ലാദൻ ഈ പദ്ധതിയ്ക്ക് അനുമതി നൽകി.

ആക്രമണം

തിരുത്തുക

91,000 ലിറ്റെർ ഇന്ധന ശേഷിയുളള നാലു യാത്രാവിമാനങ്ങളാണ്‌ ഭീകരർ റാഞ്ചിയത്‌. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കാലിഫോർണിയയിലെ ലൊസാഞ്ചലസ്‌ രാജ്യാന്തര വിമാനത്താവളത്തിലേക്കുപോയ അമേരിക്കൻ എയർലൈൻസിന്റെ പതിനൊന്നാം നമ്പർ വിമാനം, ഇതേ റൂട്ടിൽ പോയ യുണൈറ്റഡ്‌ എയർലൈൻസിന്റെ 175ാം നമ്പർ വിമാനം, വാഷിംഗ്‌ടൺ ഡള്ളസ്‌ വിമാനത്താവളത്തിൽ നിന്നും ലൊസാഞ്ചസിലേക്കു പോയ അമേരിക്കൻ എയർലൈൻസിന്റെ 77ാം നമ്പർ വിമാനം, ന്യൂജേഴ്സിയിലെ നെവാർക്കിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കു പോയ യുണൈറ്റഡ്‌ എയർലൈൻസിന്റെ 93ാം നമ്പർ വിമാനം എന്നിവയാണ്‌ റാഞ്ചപ്പെട്ടത്‌. ആദ്യത്തെ വിമാനം(എ.എ. 11) പ്രാദേശിക സമയം രാവിലെ 8:46:40ന്‌ ലോകവ്യാപാര കേന്ദ്രത്തിന്റെ വടക്കേ ടവറിൽ ഇടിച്ചു കയറ്റി.9:03:11ന്‌ രണ്ടാമത്തെ വിമാനം(യു.എ. 175) തെക്കേ ടവറിലും ഇടിച്ചിറക്കി. ഇതിന്റെ ദൃശ്യങ്ങൾ പ്രധാന ചാനലുകൾ തത്സമയം കാണിച്ചിരുന്നു. 9:37:46ന്‌ മൂന്നാമത്തെ വിമാനം (എ.എ. 77) വാഷിം ഗ്‌ ടൺ ഡി.സി.യിലെ വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിൽ ഇടിച്ചു കയറ്റി. റാഞ്ചപ്പെട്ട നാലാമത്തെ വിമാനം (യു.എ. 93) പെൻസിൽവാനിയ സംസ്ഥാനത്തെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഷാങ്ക്സ്‌വില്ലെ എന്ന സ്ഥലത്ത്‌ പാടത്തേക്കു 10:03:11ന്‌ തകർന്നു വീണു. ഇതിന്റെ ഭാഗങ്ങൾ എട്ടു മൈൽ ദൂരത്തേക്കു തെറിച്ചിരുന്നു. നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തു നിൽപ്പിനേത്തുടർന്ന് ഭീകരന്മാർ മനഃപൂർവം വീഴ്ത്തിയതാണോ, അതോ വിമാനം നിയന്ത്രണം വിട്ടു നിലം പതിച്ചതാണോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. നാലു വിമാനങ്ങളിലേയും മുഴുവൻ യാത്രക്കാരും(265 പേർ) കൊല്ലപ്പെട്ടു.

മരണ സംഖ്യ, നാശനഷ്ടങ്ങൾ

തിരുത്തുക

ചാവേർ ആക്രമണം വിതച്ച നാശനഷ്ടക്കണക്കുകളെപ്പറ്റി ഇന്നും അവ്യക്തതയുണ്ട്‌. ഏതായാലും ആകെ 2985 പേർ -വിമാന യാത്രക്കാർ 265 ലോകവ്യാപാരകേന്ദ്രത്തിലെ 2595 പേർ (ഇതിൽ 343 പേർ അഗ്നിശമന സേനാംഗങ്ങളാണ്‌), പെൻറഗണിലെ 125 പേർ- കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. 110 നിലകളുള്ള ഇരട്ട സമുച്ചയങ്ങൾക്കു പുറമേ, ലോക വ്യാപാര കേന്ദ്രത്തിലെ അഞ്ചു കെട്ടിടങ്ങൾക്കുകൂടി കേടുപാടുകൾ പറ്റിയിരുന്നു. ഇതുകൂടാതെ, മാൻഹട്ടൻ ദ്വീപിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങൾക്കും നാല്‌ ഭൂഗർഭ സ്റ്റേഷനുകൾക്കും കനത്ത നാശനഷ്ടമുണ്ടായി. വാർത്താവിനിമയ സംവിധാനങ്ങൾ അപ്പാടെ തകർന്നു. പെൻറഗൺ ആസ്ഥാന മന്ദിരത്തിൻറെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. ലോകവ്യാപാര കേന്ദ്ര സമുച്ചയത്തിലുണ്ടായ മരണങ്ങൾ ദയനീയമായിരുന്നു.
ആക്രമണമുണ്ടായ ഉടൻ ഒട്ടേറെപ്പേർ പ്രാണരക്ഷാർഥം ഏറ്റവും മുകളിലത്തെ നിലയിലേക്ക്‌ ഓടിക്കയറി. തങ്ങളെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം ഇത്‌. എന്നാൽ മിക്കവരും മുകളിലത്തെ നിലയിൽ കുടുങ്ങി. ഒടുവിൽ അവസാന ശ്രമമെന്ന നിലയിൽ താഴേക്കു ചാടി. ഇരുന്നൂറോളം പേർ ഇങ്ങനെ താഴേക്കു ചാടി മരിച്ചു. അസോയിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ടു പ്രകാരം ലോകവ്യാപാര കേന്ദ്രത്തിൽ നിന്നും കണ്ടെടുത്ത 1600 ജഡാവശിഷ്ടങ്ങളേ തിരിച്ചറിയാനായുള്ളു. 1100ഓളം പേരുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ പട്ടികയിലുള്ള ആരോടും ബന്ധമില്ലാത്ത പതിനായിരത്തിലേറെ ജഡാവശിഷ്ടങ്ങൾ ബാക്കിയായതായും എ.പി. റിപ്പോർട്ടിൽ പറയുന്നു.

അവസാന സന്ദേശങ്ങൾ

തിരുത്തുക

റാഞ്ചപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരും വൈമാനികരും എല്ലാം തകരുന്നതിനു മുൻപ്‌ ഫോൺ വിളികൾ നടത്തിയിരുന്നു. ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന്‌ ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി. യാത്രക്കാരുടെ സന്ദേശപ്രകാരം എല്ലാ വിമാനങ്ങളിലും മൂന്നിലേറെ ഭീകരർ ഉണ്ടായിരുന്നു. ഇവരിൽ 19 പേരെ പിന്നീടു തിരിച്ചറിഞ്ഞു. യു.എ. 93ൽ നാലും ബാക്കി മൂന്നു വിമാനങ്ങളിൽ അഞ്ചുവീതവും റാഞ്ചികളുണ്ടായിരുന്നു. തീരെച്ചെറിയ കത്തികളും കണ്ണീർ വാതകം, കുരുമുളകു പൊടിയുമുപയോഗിച്ചാണ്‌ ഭീകരന്മാർ നാടകീയമായ റാഞ്ചൽ നടത്തിയതെന്നാണ്‌ യാത്രക്കാരുടെ സന്ദേശത്തിൽനിന്നും മനസ്സിലാകുന്നത്‌. സാധാരണ റാഞ്ചൽ നാടകങ്ങളിൽനിന്നും വ്യത്യസ്തമായി വിമാനങ്ങളുടെ നിയന്ത്രണം പൂർണ്ണമായും റാഞ്ചികൾ കൈക്കലാക്കിയിരുന്നു.

നാലാമത്തെ വിമാനത്തിനു സംഭവിച്ചത്‌

തിരുത്തുക

റാഞ്ചപ്പെട്ട വിമാനങ്ങളിൽ നാലാമത്തേതിൽ(യു.എ. 93)മാത്രമാണ്‌ യാത്രക്കാർ സാഹസികമായ ചെറുത്തുനിൽപ്പു നടത്തിയത്‌. ഈ വിമാനമുപയോഗിച്ച്‌ അമേരിക്കൻ ഭരണസിരകേന്ദ്രമായ വൈറ്റ്‌ ഹൌസ്‌ ആക്രമിക്കുകയായിരുന്നത്രേ ഭീകരരുടെ ലക്ഷ്യം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് സന്ദേശങ്ങൾ പ്രകാരം ടോഡ്‌ ബീമർ, ജെറിമി ഗ്ലിക്ക്‌ എന്നീ യാത്രക്കാരുടെ നേതൃത്വത്തിൽ വിമാനത്തിന്റെ നിയന്ത്രണം തിരികെപ്പിടിക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ ഈ അതിസാഹസികമായ ശ്രമങ്ങൾക്കിടയിലാണ്‌ നാലാമത്തെ വിമാനം പെൻസിൽവാനിയയിൽ തകർന്നു വീണത്‌.

എന്തുകൊണ്ട്‌ സെപ്റ്റംബർ 11?

തിരുത്തുക

ചരിത്രത്തിൽ ഈ ഭീകരാക്രമണം 9/11 എന്നായിരിക്കും അറിയപ്പെടുക. തീയതി രേഖപ്പെടുത്താൻ അമേരിക്കയിൽ നിലവിലുളള ശൈലി പ്രകാരം ഇതു സൂചിപ്പിക്കുന്നത്‌ സെപ്റ്റംബർ(9), 11 എന്നാണ്‌. പക്ഷേ അൽഖയ്ദ ആക്രമണത്തിനായി ഈ തീയതി തിരഞ്ഞെടുത്തത്‌ വേറെ ചില ഉദ്ദേശ്യങ്ങളോടെയാണെന്നു കരുതപ്പെടുന്നു. 9-1-1 എന്നത്‌ അമേരിക്കക്കാർക്ക്‌ ഹൃദ്യസ്ഥമായ അക്കങ്ങളാണ്‌. ഏതു വലിയ ആപത്തുണ്ടായാലും ടെലിഫോണെടുത്ത്‌ 9-1-1 വിളിച്ചാൽ മതി എന്ന വിശ്വാസമാണ്‌ അമേരിക്കൻ ജനതയ്ക്ക്‌. മറ്റൊരു തരത്തിൽ, ഈ വിളിയിൽ തീരുന്ന പ്രശ്നങ്ങളേ അവർ കണ്ടിട്ടുള്ളു. ലോക പോലീസായി മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുകയും ചിലപ്പോൾ ആക്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെ സ്വന്തം മണ്ണിൽ അത്ര ഭീകരമായ യുദ്ധങ്ങളോ കെടുതികളോ അന്യമായിരുന്നു. എന്തു വന്നാലും തങ്ങൾ സുരക്ഷിതരാണ്‌ എന്ന അമേരിക്കൻ അമിതവിശ്വാസത്തിന്‌ പ്രഹരമേൽപ്പിക്കുകയായിരുന്നു ഭീകരരുടെ ഉദ്ദേശ്യമെന്നുവേണം കരുതാൻ.ലോക വ്യാപാര കേന്ദ്രത്തിന്റെ സമുച്ചയങ്ങളിൽ കുടുങ്ങിയ എത്രയോ പേർ 9-1-1 എന്ന അക്കം അമർത്തിയിട്ടുണ്ടാവാം. പക്ഷേ ഈ മാന്ത്രിക അക്കങ്ങൾക്കപ്പുറമായിരുന്നു ചാവേർ അക്രമകാരികൾ വിതച്ച നാശം. ആക്രമണത്തിനായി 9/11 തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റൊരു കാരണവും ഉണ്ടാകാനിടയില്ല.

ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ

തിരുത്തുക

ചാവേർ ആക്രമണം കഴിഞ്ഞയുടനെ ഇതിനു പിന്നിൽ അൽഖയ്ദ ആയിരിക്കാമെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. ചാവേർ ആക്രമണത്തെ പ്രകീർത്തിച്ചെങ്കിലും ഒസാമ ബിൻലാദൻ തുടക്കത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. സെപ്റ്റംബർ 16ന്‌ ഖത്തറിലെ അൽജസീറ ചാനൽ വഴി പുറത്തുവിട്ട സന്ദേശത്തിൽ ലാദൻ ചാവേർ ആക്രമണത്തിൽ തൻറെ പങ്ക്‌ ആവർത്തിച്ചു നിഷേധിച്ചു. ലാദന്‌ രാഷ്ട്രീയ അഭയം നൽകിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണകൂടവും ഭീകരാക്രണത്തിൽ അയാൾക്കുള്ള പങ്ക്‌ തള്ളിക്കളഞ്ഞു.

സംഭവം കഴിഞ്ഞയുടനെ പലസ്തീൻ തീവ്രവാദ സംഘടനയായ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ഫോർ ദ്‌ ലിബറേഷൻ ഓഫ്‌ പലസ്തീൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഉടൻതന്നെ സംഘടനയുടെ മുതിർന്ന നേതാവ്‌ ഇതു തിരുത്തിപ്പറഞ്ഞു. പലസ്തീൻ നേതാവ്‌ യാസർ അരാഫത്ത്‌ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അമേരിക്കയുമായി ശത്രുത പുലർത്തുന്ന രാജ്യങ്ങളിൽ ഇറാഖിലെ സദ്ദാം ഹുസൈൻ ഒഴികെ മറ്റെല്ലാവരും ചാവേർ ആക്രമണത്തെ അപലപിച്ചു. ലിബിയയിലെ ഗദ്ദാഫി, ഇറാനിലെ മുഹമ്മദ്‌ ഖത്താമി, ക്യൂബയിലെ ഫിദൽ കാസ്ട്രോ എന്നിവർ ഇതിൽപ്പെടുന്നു. ലോക ജനതയ്ക്കു നേരെ അമേരിക്ക നടത്തുന്ന അതിക്രമങ്ങളുടെ ഫലമെന്നാണ്‌ സദ്ദാം ഹുസൈൻ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്‌. ഏതായാലും ഭീകരാക്രമണത്തിനു പിന്നിൽ അൽഖയ്ദ തന്നെയാണെന്നായിരുന്നു അമേരിക്കയുടെ വിശ്വാസം. ഇതിനെ പിന്തുണയ്ക്കുന്ന പല രേഖകളും കണ്ടെത്തിയതായി അവർ അവകാശപ്പെടുകയും ചെയ്തു.

അൽഖയ്ദയുടെ പങ്ക്‌

തിരുത്തുക

9/11 കമ്മീഷൻറെ റിപ്പോർട്ട്‌ പ്രകാരം ചാവേർ ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ്‌ അമേരിക്കയിൽ പ്രവേശിച്ചത്‌. ഇതിൽ അവശേഷിച്ച 19 പേർ ചേർന്നാണ്‌ ചാവേർ ആക്രമണം നടത്തിയത്‌. ചാവേർ ആക്രമണം കഴിഞ്ഞ്‌ അധികമാകും മുൻപ്‌ എഫ്‌.ബി.ഐ. ഇവരെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടു. എന്നാൽ എഫ്‌.ബി.ഐയുടെ പട്ടികയിലെ എട്ടു പേരുകളെപ്പറ്റി ഇപ്പോഴും സംശയമുണ്ട്‌. ഇതിൽ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണെന്ന് ചില കേന്ദ്രങ്ങൾ വാദിക്കുന്നു. ഏതായാലും 9/11 കമ്മീഷൻ റിപ്പോർട്ട്‌ പ്രകാരം ചാവേറുകൾ താഴെപ്പറയുന്നവരാണ്‌. പൗരത്വം ബ്രായ്ക്കറ്റിൽ

അമേരിക്കൻ എയർലൈൻസ്‌ 11ലെ ചാവേറുകൾ

തിരുത്തുക
  • വലീദ്‌ അൽ ഷെഹ്‌രി (സൗദി അറേബ്യ)
  • വേയിൽ അൽ ഷെഹ്‌രി (സൗദി അറേബ്യ)
  • മുഹമദ് അത്ത (ഈജിപ്ത്‌)
  • അബ്ദുൽ അസീസ് അൽ ഒമരി (സൗദി അറേബ്യ)
  • സതാം അൽ സൗഖാമി

യുണൈറ്റഡ്‌ എയർലൈൻസ്‌ 175ലെ ചാവേറുകൾ

തിരുത്തുക
  • മർവാൻ അൽ ഷെഹി(യു.എ.ഇ)
  • ഫയസ്‌ ബനിഹമ്മദ്‌ (യു.എ.ഇ)
  • മുഹമ്മദ്‌ അൽ ഷെഹ്‌രി (സൗദി അറേബ്യ)
  • ഹംസ അൽ ഗാമിദി (സൗദി അറേബ്യ)
  • അഹമ്മദ്‌ അൽ ഗാമിദി (സൗദി അറേബ്യ)

അമേരിക്കൻ എയർലൈൻസ്‌ 77ലെ ചാവേറുകൾ

തിരുത്തുക
  • ഖാലിദ്‌ മിഹ്‌ധാർ (സൗദി അറേബ്യ)
  • മജീദ്‌ മൊകദ്‌ (സൗദി അറേബ്യ)
  • നവാഫ്‌ അൽ ഹാസ്മി (സൗദി അറേബ്യ)
  • സലേം അൽ ഹാസ്മി (സൗദി അറേബ്യ)
  • ഹാനി ഹാൻജൌർ (സൗദി അറേബ്യ)

യുണൈറ്റഡ്‌ എയർലൈൻസ്‌ 93ലെ ചാവേറുകൾ

തിരുത്തുക
  • അഹമ്മദ്‌ അൽ ഹസ്നവി (സൗദി അറേബ്യ)
  • അഹമ്മദ്‌ അൽ നാമി (സൗദി അറേബ്യ)
  • സിയാദ്‌ ജാറ (ലെബനൻ)
  • സയീദ്‌ അൽ ഖാംദി (സൗദി അറേബ്യ)

പ്രത്യാഘാതങ്ങൾ

തിരുത്തുക

രാജ്യാന്തര തലത്തിൽ

തിരുത്തുക

ചാവേറാക്രമണത്തിൻറെ പ്രത്യാഘാതങ്ങൾ രാജ്യാന്തര തലത്തിലേക്കു കത്തിപ്പടരാൻ അധിക നാൾ വേണ്ടിവന്നില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അൽഖയ്ദ ഭീകരരെ വേട്ടയാടാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ആക്രമിച്ചതായിരുന്നു ഇതിൽ പ്രധാനം. ചാവേർ ആക്രമണം കഴിഞ്ഞ്‌ ഒരു മാസമായപ്പോഴായിരുന്നു ഇത്‌. ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങൾ ഇതിൽ അമേരിക്കയോടൊപ്പം ചേർന്നു. സ്വന്തം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടത്തിനെതിരായിട്ടും പാകിസ്താൻ പ്രസിഡണ്ട് പർവേഷ്‌ മുഷാറഫ്‌ അമേരിക്കയ്ക്ക്‌ പിന്തുണ നൽകി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ അഫ്ഗാനിസ്ഥാനെ ആക്രമിക്കാനായി വിട്ടുനൽകിയ പാകിസ്താൻ ഒരുമുഴം നീട്ടിയെറിയുകയായിരുന്നു. ഈ ഉപകാരത്തിനു പ്രതിഫലമായി പാകിസ്താന്‌ ഒട്ടേറെ സഹായങ്ങൾ ലഭിച്ചു. 9/11നു ശേഷം ഒട്ടേറെ രാജ്യങ്ങൾ നയങ്ങളിൽ വൻ അഴിച്ചുപണി നടത്തി. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകൾക്ക്‌ മിക്ക രാജ്യങ്ങളും കടിഞ്ഞാണിട്ടു. ഭീകരതയെ സഹായിക്കുന്നു എന്നു സംശയമുള്ളവരുടെ നിക്ഷേപങ്ങൾ മരവിപ്പിക്കപ്പെട്ടു. എല്ലാ രാജ്യങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന ശക്തമാക്കി. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും 9/11 കാരണമായി.

ദേശസ്നേഹ ദിനം

തിരുത്തുക

ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 11 ന് അമേരിക്ക ദേശസ്നേഹ ദിനം (Patriot Day) ആചരിക്കുന്നു.[2]

  1. "Local events honor 9/11 victims, heroes". Loveland Reporter-Herald. September 11, 2009. Retrieved August 29, 2010.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Patriot Day". Archived from the original on 2022-08-25. Retrieved 2022-08-29.