പീറ്റർ അബലാർഡ്
മദ്ധ്യയുഗത്തിലെ ഒരു ഫ്രഞ്ച് സ്കൊളാസ്റ്റിക് ചിന്തകനും ദാർശനികനും ഒന്നാംകിട ലൊജിഷ്യനും ആയിരുന്നു പീറ്റർ അബലാർഡ് (ജനനം:1079; മരണം ഏപ്രിൽ 21, 1142). അദ്ദേഹത്തിന്റെ പേരിന്റെ ലത്തീൻ രൂപം പെട്രസ് അബലാർഡസ് അല്ലെങ്കിൽ അബൈലാർഡ് എന്നും; ഫ്രെഞ്ച് രൂപം പിയറി അബലാർഡ് എന്നുമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും നിശിതബുദ്ധിയായ ചിന്തകനും ധീരനായ ദൈവശാസ്ത്രജ്ഞനുമെന്ന് ചേംബേഴ്സ് ജീവചരിത്ര നിഘണ്ടു അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.[1] തന്റെ ശിഷ്യ, എലൂയീസ്(Heloise) എന്ന ബാലികയുമായുള്ള അബലാർഡിന്റെ ദുരന്തപ്രേമത്തിന്റേയും രഹസ്യവേഴ്ചയുടേയും കഥ, ഇതിഹാസമാനം കൈവരിച്ചിട്ടുണ്ട്. അബലാർഡിന്റെ വൃഷണഛേദത്തിലും ഇരുവരുടേയും സന്യാസസ്വീകരണത്തിലുമായിരുന്നു ഇതിന്റെ കലാശം.[2]
ജനനം | 1079 |
---|---|
മരണം | 21 ഏപ്രിൽ 1142 |
കാലഘട്ടം | മദ്ധ്യകാല തത്ത്വചിന്ത |
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
ചിന്താധാര | സ്കൊളാസ്റ്റിസിസം |
പ്രധാന താത്പര്യങ്ങൾ | തത്ത്വമീമാംസ, ലോജിക്, ഭാഷാദർശനം, ദൈവശാസ്ത്രം |
ശ്രദ്ധേയമായ ആശയങ്ങൾ | കൺസപ്ച്വലിസം, സ്കൊളാസ്റ്റിസിസം |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
ജീവിതം
തിരുത്തുകയൗവനം
തിരുത്തുകപിയറി ലെ പാലെ എന്ന് ആദ്യം അറിയപ്പെട്ടിരുന്ന അബലാർഡ്, ഫ്രാൻസിലെ ബ്രിട്ടണിയിൽ, നാന്റിസിൽ നിന്ന് പത്തു മൈൽ കിഴക്കുള്ള ലെ പാലെ എന്ന ഗ്രാമത്തിൽ ഒരു ചെറുകിട ബ്രെണ്ടൻ പ്രഭുകുടുംബത്തിലാണ് ജനിച്ചത്. ബാലനായിരിക്കെ പഠനത്തിൽ ഏറെ സാമർദ്ധ്യം പ്രകടിപ്പിച്ച അദ്ദേഹം, പിതാവിന്റെ പ്രോത്സാഹനത്തിൽ സുകുമാര കലകളും, സംവാദചിന്തയും(art of dialectic) പരിശീലിച്ചു. അക്കാലത്ത് സംവാദചിന്തയുടെ അഭ്യാസമെന്നാൽ മുഖ്യമായും, ലത്തീനിലൂടെ പകർന്നുകിട്ടിയ അരിസ്റ്റോട്ടിലിന്റെ യുക്തിയുടെ പരിശീലനമായിരുന്നു. തുടർന്ന്, പിതാവിനെപ്പോലെ സൈന്യത്തിൽ പ്രവേശിക്കുന്നതിനു പകരം അബലാർഡ് വിദ്യാഭ്യാസരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യകാലങ്ങളിൽ തർക്കവും പഠനവുമായി അദ്ദേഹം ഫ്രാൻസ് മുഴുവൻ ചുറ്റിനടന്നു. ഇതിന്റെ ഫലമായി, താൻ അരിസ്റ്റോട്ടിലിനെ പിന്തുടരുന്ന "പെരിപടറ്റിക്ക്" ചിന്തകന്മാരിൽ ഒരാളെപ്പോലെയായിത്തീർന്നെന്ന് അദ്ദേഹം തന്നെ പറയുന്നു.[2] ഉത്തരഫ്രാൻസിലെ കൊമ്പീനിൽ നിന്നുള്ള നാമവാദി(nominalist) ചിന്തകൻ റോസെല്ലിനസായിരുന്നു ഇക്കാലത്ത് അബലാർഡിന്റെ ഗുരു.[1]
പ്രശസ്തിയിലേയ്ക്ക്
തിരുത്തുകയാത്രകൾക്കൊടുവിലെ ഇരുപതു വയസ്സ് തികഞ്ഞിട്ടില്ലായിരുന്ന അബലാർഡ് പാരിസിലിലെത്തി. അവിടെ, നോത്ര് ദാം ഭദ്രാസനത്തോടു ചേർന്നുള്ള വിദ്യാലയത്തിൽ, ലാവോണിലെ അൻസെൽമിന്റെ ശിഷ്യനും യഥാർത്ഥ്യവാദ ചിന്തയുടെ മുൻനിരവക്താക്കളിൽ ഒരാളുമായിരുന്ന ഷമ്പീക്സിലെ വില്യമിന്റെ കീഴിൽ അദ്ദേഹം കുറേക്കാലം പഠിച്ചു. ഇക്കാലത്താണ് അദ്ദേഹം തന്റെ പേര് അബലാർഡ് എന്നു മാറ്റിയത്. താമസിയാതെ ഗുരുവിനെത്തന്നെ സംവാദത്തിൽ തോല്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇതേത്തുടർന്നുണ്ടായ ദീർഘമായ മത്സരം, മദ്ധ്യകാലചിന്തയിൽ അന്നേവരെ മുന്നിട്ടുനിന്നിരുന്ന യാഥാർത്ഥ്യവാദത്തിന്റെ(realism) തിരോധാനത്തിലും നാമവാദത്തിന്റെ(nominalism) സ്വീകാര്യതയിലും കലാശിച്ചു. ഗുരുവിനോടു മത്സരിച്ച്, 22 വയസ്സു മാത്രമുണ്ടായിരുന്നു അബലാർഡ് ആദ്യം മെലൻ എന്ന സ്ഥലത്തും, പിന്നെ നേരിട്ടുള്ള എതിർപ്പിനായി പാരിസിനടുത്തു തന്നെയുള്ള കോർബീലിലും സ്വന്തം വിദ്യാലയം തുടങ്ങി.
അബലാർഡിന്റെ അദ്ധ്യാപനം വൻവിജയമായിരുന്നെങ്കിലും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാൽ ഇടയ്ക്ക് അത് നിർത്തിവയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി. 1108-ൽ അബലാർഡ് മടങ്ങിയെത്തിയപ്പോൾ സെയ്ന്റ് വിക്ടർ എന്ന സ്ഥലത്ത് വില്യം പഠിപ്പിക്കുന്നുണ്ടായിരുന്നു. അവർ വീണ്ടും പ്രതിദ്വന്ദികളായി. ഇത്തവണയും വിജയം അബലാർഡിനു തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മേധാവിത്വം ഇതോടെ അംഗീകരിക്കപ്പെട്ടു. ഒരിക്കൽ കൂടി അദ്ദേഹം മെലനിൾ പഠിപ്പിക്കാൻ തുടങ്ങി. പാരിസിൽ പഠിപ്പിക്കുന്നതിൽ നിന്ന് അബലാർഡിനെ തടയാൻ വില്യമിന് കുറേക്കാലം കഴിഞ്ഞെങ്കിലും ഒടുവിൽ നോത്ര് ദാമിന് അഭിമുഖമായി സൈൻ നദിയുടെ കരയിലുള്ള സെയിന്റ് ജെനവീവ് കുന്നിൽ അദ്ദേഹം ഒരു വിദ്യാലയം തുടങ്ങി. സംവാദചിന്തയിൽ(dialectic) വിജയം സ്ഥാപിച്ചു കഴിഞ്ഞതിനാൽ തത്ത്വചിന്തയിലേയ്ക്ക് ശ്രദ്ധതിരിച്ച അബലാർഡ്, ലവോണിൽ അൻസെൽമിന്റെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ തുടങ്ങി. അവിടേയും അദ്ദേഹത്തിന്റെ വിജയം സമ്പൂർണ്ണമായിരുന്നു. മുൻ തയ്യാറെടുപ്പോ പ്രത്യേക പഠനമോ ഇല്ലാതെ ആ വിഷയവും അദ്ദേഹത്തിന് താമസിയാതെ പഠിപ്പിക്കാനായി. ശിഷ്യന്റെ ക്ലാസുകൽ ഗുരുവിന്റേതിനേക്കാൽ മെച്ചപ്പെട്ടവയെന്ന് അംഗീകരിക്കപ്പെട്ടു. അതോടെ അബലാർഡ് പ്രശസ്തിയുടെ കൊടുമുടിയിലായി. നോത്ര് ദാമിൽ അദ്ധ്യാപകസ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ട അദ്ദേഹം 1115-ൽ ആ സ്ഥാനം ഏറ്റെടുത്തു.
ആകർഷകമായ രൂപവും പെരുമാറ്റവും അബലാർഡിനെ അനുഗ്രഹിച്ചിരുന്നു. താമസിയാതെ, വിവിധദേശക്കാരായ ആയിരക്കണക്കിനു ശിഷ്യന്മാർ അദ്ദേഹത്തിനു ചുറ്റും കൂടി. വിദ്യാർത്ഥികൾ കൊടുത്ത പ്രതിഫലത്തിൽ നിന്നു ലഭിച്ച സമ്പത്തും, എല്ലാവരുടേയും ആരാധനയും മൂലം ലോകത്തിലെ ഏക അപരാജിതദാർശനികനായി താൻ സ്വയം കാണാൻ തുടങ്ങിയെന്ന് അബലാർഡ് പറയുന്നു. എന്നാൽ പ്രശസ്തിയുടെ കൊടുമുടിയിൽ പ്രേമത്തിന്റെ പിടിയിലായതിനെ തുടർന്ന്, അദ്ദേഹത്തിന്റെ അവസ്ഥ താമസിയാതെ മാറി.
എലൂയീസ്
തിരുത്തുകനോത്ര് ദാം പരിസരത്തിൽ അവളുടെ അമ്മാവൻ ഫുൾബർട്ട് എന്നയാളുടെ സംരക്ഷണയിൽ ജീവിക്കുകയായിരുന്നു എലൂയീസ് അക്കാലത്ത്. ക്ലാസിക്കൽ വിജ്ഞാനത്തിന് പേരെടുത്തിരുന്ന അവൾ, ലത്തീനു പുറമേ ഗ്രീക്ക്, എബ്രായ ഭാഷകളിലും നൈപുണ്യം നേടിയിരുന്നു. അദ്ധ്യാപനത്തിന്റെ പേരിൽ ഫുൾബർട്ടിന്റെ ഭവനത്തിൽ പ്രവേശനം നേടിയെടുത്ത അബലാർഡ് അവളുടെ കാമുകനായി. ഈ "നേട്ടം" അബലാർഡ് പറഞ്ഞു നടക്കുകകൂടി ചെയ്തപ്പോൾ അത് അദ്ദേഹത്തിന്റെ അദ്ധ്യാപനത്തെ ബാധിച്ചു. കാര്യം അറിഞ്ഞ ഫുൾബർട്ട് അവരെ വേർപെടുത്തിയെങ്കിലും അവർ രഹസ്യമായി കണ്ടുമുട്ടിക്കൊണ്ടിരുന്നു. എലൂയീസ് ഗർഭിണിയായതിനെ തുടർന്ന് അബലാർഡ് അവളെ തന്റെ നാടായ ബ്രിട്ടണിയിൽ സ്വന്തം സഹോദരിയുടെ അടുത്തേയ്ക്കയച്ചു. അവിടെ ജനിച്ച അവരുടെ ആൺകുട്ടിയ്ക്ക് ഒരു ജ്യോതിശാസ്ത്ര നിരീക്ഷണോപകരണത്തിന്റെ പേരിനെ ആശ്രയിച്ച്, "അസ്ത്രോലാബ്" എന്നാണ് പേരിട്ടത്.
ഫുൾബർട്ടിന്റെ കോപം ശമിപ്പിക്കാനായി, എലൂയീസിനെ വിവാഹംകഴിക്കാൻ അബലാർഡ് സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ, തന്റെ അക്കാദമിക ഭാവിയെ ബാധിക്കാതിരിക്കാനായി, വിവാഹം രഹസ്യമാക്കി വയ്ക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ വിവാഹം നടന്നയുടൻ ഫുൽബർട്ട് അത് പരസ്യമാക്കി. എന്നാൽ എലൂയീസ് അത് നിഷേധിക്കുകയും അബലാർഡിന്റെ നിർദ്ദേശാനുസരണം അർജന്റൂയിൽ എന്ന സ്ഥലത്തെ കന്യാസ്ത്രീമഠത്തിൽ പ്രവേശിക്കുകയും ചെയ്തു. എലൂയീസിന്റെ ഉപേക്ഷിക്കാനാണ് അബലാർദ് തുനിയുന്നതെന്ന് വിശ്വസിച്ച ഫുൾബർട്ട് ഒരു രാത്രിയിൽ തന്റെ ആളുകളെ അയച്ച്, കൈക്കൂലി കൊടുത്തു സ്വാധീനിച്ച അബലാർഡിന്റെ ഒരു വേലക്കാരന്റെ സഹകരണത്തോടെ അദ്ദേഹത്തെ വൃഷണഛേദം ചെയ്തു. അബലാർഡിന്റെ ആദ്ധ്യാപനജീവിതത്തിന് അതോടെ തൽക്കാലം അവസാനമായി. എലൂയീസ് കന്യാസ്ത്രിയാകാൻ നിർബ്ബന്ധിതയായി. ആഗ്രഹിക്കാത്ത സന്യാസജീവിതം സ്വീകരിക്കാൻ താൻ നിർബ്ബന്ധിക്കപ്പെടുന്നതിനെ ചോദ്യം ചെയ്ത് എലൂയീസ് അബലാർഡിന് കത്തുകളയച്ചു.
പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു കൈയെഴുത്തുപുസ്തകത്തിൽ നിന്നു കണ്ടുകിട്ടിയ 113 അജ്ഞാതലേഖനങ്ങൾ, അബലാർദും എലൂയീസും പ്രേമത്തിന്റെ ആദ്യഘട്ടത്തിൽ കൈമാറിയവയാണെന്ന് ചരിത്രകാരൻ കോൺസ്റ്റന്റ് മ്യൂസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
സന്യാസജീവിതം
തിരുത്തുകഡെനിസിന്റെ ആശ്രമം
തിരുത്തുകഅപ്പോൾ ഏതാണ്ട് നാല്പതു വയസ്സുണ്ടായിരുന്ന അബലാർഡ്, പാരിസിനടുത്തുള്ള വിശുദ്ധ ഡെനിസിന്റെ സന്യാസാശ്രമത്തിൽ, തന്റെ കഷ്ടതകളെ ഒതുക്കി ഒതുങ്ങിക്കഴിയാൻ തീരുമാനിച്ചു. എന്നാൽ ആശ്രമഭിത്തികൾക്കുള്ളിൽ ആശ്വാസം കിട്ടാതെ വന്നതുകൊണ്ടും പഠനത്തിലുള്ള താത്പര്യം തിരികെ വന്നതിനാലും, മറ്റുള്ളവരുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം അജ്ഞാതമായ ഒരാശ്രമത്തിൽ തന്റെ വിദ്യാലയം വീണ്ടും തുടങ്ങി. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഭക്തിയുടെ ചൈതന്യം നിറഞ്ഞവയായിരുന്നു. വീണ്ടും വിദ്യാർത്ഥികൾ കൂട്ടമായി അദ്ദേഹത്തെ ശ്രവിക്കാനെത്തുകയും പഴയ സ്വാധീനം തിരികെ കിട്ടുകയും ചെയ്തു. എന്നാൽ ഇപ്പോഴും അദ്ദേഹത്തിന് ഒട്ടേറെ ശത്രുക്കളുണ്ടായിരുന്നു. അവരുടെ ആക്രമണങ്ങൾക്കു മറുപടി പറയുക അദ്ദേഹത്തിന് പഴയതുപോലെ എളുപ്പമായിരുന്നില്ല.
സർവോത്തമ ദൈവശാസ്ത്രം(Theologia 'Summi Boni') എന്ന പേരിൽ അബലാർഡ് തന്റെ പ്രഭാഷണങ്ങൾ പ്രസിദ്ധീകരിച്ച ഉടനെ എതിരാളികൾ, അതിൽ അദ്ദേഹം ദൈവിക ത്രിത്വത്തിനു നൽകിയിരുന്ന യുക്ത്യധിഷ്ഠിത വ്യാഖ്യാനത്തെ വിമർശിക്കാൻ തുടങ്ങി. 1121-ൽ പാരിസിനു വടക്കുകിഴക്കുള്ള സോയിസൺ എന്ന സ്ഥലത്തു നടന്ന പ്രാദേശിക സഭാസമ്മേളനത്തിൽ ത്രിത്വത്തിലെ ഘടകങ്ങളുടെ വ്യക്തിത്വത്തെ നിഷേധിക്കുന്ന സാബല്ലിയസിന്റെ പാഷണ്ഡത അദ്ദേഹത്തിൽ ആരോപിക്കപ്പെട്ടു. അബലാർഡിന്റെ വ്യാഖ്യാനത്തെ സഭാസമ്മേളനം അപലപിക്കുകയും പുസ്തകം അഗ്നിക്കിരയാക്കുകയും ചെയ്ത കഴിഞ്ഞ് സോയിസണിൽ തന്നെയുള്ള വിശുദ്ധ മെഡാർഡിന്റെ ആശ്രമത്തിൽ അദ്ദേഹത്തെ അടച്ചിട്ടു. അബലാർഡിന്റെ ജീവിതത്തിലെ ഏറ്റവും തിക്തമായ അനുഭവങ്ങളിൽ ഒന്നായിരുന്നു അത്.
വിശുദ്ധ ഡെനിസിന്റെ ആശ്രമത്തിൽ മടങ്ങിയെത്തിയ അബലാർഡിന് അവിടത്തെ സാഹചര്യങ്ങളും മുൻപത്തേതിൽ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെട്ടു. ഇതിൽ ഒരളുവരേ കുറ്റം അബലാർഡിന്റെ തന്നെ ആയിരുന്നു. മറ്റു സന്യാസിമാരെ അരിശം കൊള്ളിക്കുന്നതിൽ അബലാർഡ് ഒരു പ്രത്യേകതരം ആനന്ദം കണ്ടെത്തി. ഉദാഹരണത്തിന്, ഒന്നാം നൂറ്റാണ്ടിൽ ആഥൻസിലെ മെത്രാനായിരുന്ന അരയോപാഗസുകാരൻ ദിയൊനുസ്യോസിനെ വിശുദ്ധ ഡെനിസിന്റെ ആശ്രമത്തിലെ മറ്റു സന്യാസികൾ തങ്ങളുടെ ആശ്രമത്തിന്റെ സ്ഥാപകനായി കരുതിയിരുന്നു. അരയോപാഗസുകാരൻ ദിയൊനുസ്യോസ് ആഥൻസിലെ മെത്രാനായിരുന്നെന്ന ഒൻപതാം നൂറ്റാണ്ടിലെ ആശ്രമാധിപൻ ഹിൽഡുയിന്റെ സാക്ഷ്യം അവർ വിശ്വസിച്ചിരുന്നു. എന്നാൽ, അവരെ അരിശം കൊള്ളിക്കാനായി അബലാർഡ്, അരയോപാഗസുകാരൻ ദിയൊനുസ്യോസ് കൊരിന്തിലെ മെത്രാനായിരുന്നു എന്ന സഭാചരിത്രകാരൻ ബീഡിന്റെ സാക്ഷ്യം എടുത്തുകാട്ടി. ചരിത്രപരമായ ഈ "പാഷണ്ഡത" സ്വാഭാവികമായും പീഡനങ്ങളിലേയ്ക്കു നയിച്ചപ്പോൾ, അബലാർഡ് ആശ്രമാധിപന് ഒരു കത്തെഴുതി. അതിൽ അദ്ദേഹം, കൊരീന്തിലെ മെത്രാനായിരുന്ന ദിയൊനുസ്യോസ്, ആഥൻസിലെ മെത്രാനായിരുന്ന അരയോപാഗസുകാരൻ ദിയൊനുസ്യോസിൽ നിന്ന് ഭിന്നനായിരുന്നെന്ന കേസറിയായിലെ യൂസീബിയസിന്റേയും, ജെറോമിന്റേയും സാക്ഷ്യങ്ങൾ താൻ അംഗീകരിക്കുന്നെന്നും എന്നാൽ ബീഡിന്റെ അഭിപ്രായത്തെ മാനിച്ച്, അരയോപാഗസുകാരൻ ദിയൊനുസ്യോസ്, കൊരീന്തിലെ കൂടി മെത്രാൻ ആയിരുന്നെന്നും വേണമെങ്കിൽ കരുതാമെന്നും എഴുതി.[2]
പരിശുദ്ധാത്മാവിന്റെ ആശ്രമം, ബ്രിട്ടണി
തിരുത്തുകആശ്രമത്തിലെ ജീവിതം അബലാർഡിന് തീരെ അസഹ്യമായിത്തീരുകയും ഒടുവിൽ അദ്ദേഹത്തെ അവിടം വിട്ടുപോകാൻ അനുവദിക്കുകയും ചെയ്തു. നോജന്റ് സർ സൈനിനടുത്തുള്ള ഒറ്റപ്പെട്ട ഒരു സ്ഥലത്ത് അദ്ദേഹം മുളയും പുല്ലും ഉപയോഗിച്ച് ഒരു കുടിൽ കെട്ടി സന്യാസം തുടങ്ങി. അദ്ദേഹത്തിന്റെ പുതിയ ആവാസസ്ഥനത്തെക്കുറിച്ചുള്ള വാർത്ത പരന്നപ്പോൾ, പാരീസിൽ നിന്നുള്ള വിദ്യാർത്ഥികൾ അവിടെയെത്തി സമീപത്തുള്ള കാടു തെളിച്ച് അവിടെ തമ്പടിച്ചു. അങ്ങനെ അദ്ദേഹം വീണ്ടും അദ്ധ്യാപനത്തിന്റെ സംതൃപ്തി അനുഭവിക്കാൻ തുടങ്ങി. ഈ പുതിയ കൂട്ടായ്മയ്ക്ക് അബലാർഡ് പരിശുദ്ധാത്മാവിന്റെ സമൂഹം എന്നു പേരിട്ടു.
എന്നാൽ ഈ പുതിയ സ്ഥലത്തും പീഡനങ്ങൾ ഉണ്ടാകുമെന്നു ഭയന്ന അബലാർഡ് ഒടുവിൽ അവിടം വിട്ട്, അകലെ ബ്രിട്ടണിയിലെ മറ്റൊരാശ്രമത്തിന്റെ അധിപനാകാനുള്ള ക്ഷണം സ്വീകരിച്ചു പോയി. അവിടേയും അദ്ദേഹം കാലാവസ്ഥയുടെ കാഠിന്യവും, ചുറ്റുപാടുമുണ്ടായിരുന്ന അരാജകത്വവും കൊണ്ട് വിഷമിച്ചു. ആശ്രമം തന്നെ പ്രാകൃതവും ക്രമമില്ലാത്തതുമായിരുന്നു. എങ്കിലും പത്തു വർഷത്തോളം അതൊക്കെ സഹിച്ച് കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം അവിടം വിട്ടുപോയത്.
ദുരിതങ്ങളുടെ കഥയും മറ്റും
തിരുത്തുകഇതിനിടെ അർജന്റുയൂലിലെ എലൂയീസിന്റെ സന്യാസഭവനം പിരിച്ചുവിടപ്പെട്ടിരുന്നു. തുടർന്ന്, അബലാർഡ് ഉപേക്ഷിച്ചുപോന്ന പരിശുദ്ധാത്മാവിന്റെ ആശ്രമത്തിൽ പുതുതായി സ്ഥാപിച്ച പുതിയ സന്യാസസമൂഹത്തിന്റെ അധിപയായി എലൂയീസ് സ്ഥാനമേറ്റു. ആ സ്ഥാപനത്തിന്റെ ആത്മീയോപദേഷ്ടാവെന്ന നിലയിൽ അബലാർഡ് ഇടയ്ക്ക് അവിടം സന്ദർശിച്ചിരുന്നു.
ഇക്കാലത്ത് മാതൃകാപരമായ ജീവിതം കൊണ്ട് തന്റെ സന്യാസ സമൂഹത്തിലുള്ളവർക്കിടയിൽ മതിപ്പു നേടിയെടുത്ത എലൂയീസ് ക്രമേണ അതിന്റെ അധിപയുടെ പദവിയിൽ എത്തിച്ചേർന്നു.
ആശ്രമാധിപന്റെ സ്ഥാനം ഉപേക്ഷിച്ചതിനെ തുടർന്നു അജ്ഞാതമായൊരു സ്ഥലത്തെ ഏകാന്തതയിൽ കഴിഞ്ഞ അബലാർഡ്, മറ്റു രചനകൾക്കൊപ്പം തന്റെ പ്രസിദ്ധമായ "ദുരിതങ്ങളുടെ കഥ"-യും (Historia Calamitatum) എഴുതി. ഇതിനോടു പ്രതികരിച്ച് എലൂയീസ് എഴുതിയ ആദ്യത്തെ കത്ത്, മനുഷ്യവികാരങ്ങളുടേയും സ്ത്രൈണപ്രേമത്തിന്റേയും ചിത്രീകരണമെന്ന നിലയിൽ ശ്രദ്ധേയമായ ഒരു രചനയാണ്. എന്നാൽ പിന്നീട് എഴുതിയ മറ്റു രണ്ടു കത്തുകളിൽ അവൾ, അബലാർഡ് അവളോട് ഉപദേശിച്ചതുപോലെയുള്ള വിരക്തിയുടെ മനോഭാവം കൈക്കൊള്ളുകയും അദ്ദേഹത്തെ സഹോദരനായി സങ്കല്പിക്കുകയും ചെയ്യുന്നു.
അവസാന പ്രതിസന്ധി
തിരുത്തുക1136-ൽ സാലിസ്ബറിയിലെ ജോൺ അബലാർഡിന്റെ പ്രസംഗം ശ്രവിച്ചിരുന്നു. അപ്പോൾ, തന്റെ ആദ്യകാലനേട്ടങ്ങളുടെ രംഗത്തേയ്ക്ക് മടങ്ങിയെത്തിയ അബലാർഡ് ജെനവീസ് മലയിൽ പഠിപ്പിക്കുകയായിരുന്നു. എന്നാൽ അത് അല്പകാലത്തേയ്ക്ക് മാത്രമേ തുടരാനായുള്ളു. അവസാനത്തെ ഒരു വലിയ പ്രതിസന്ധി കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. പരിശുദ്ധാത്മാവിന്റെ ആശ്രമത്തിലെ നാളുകൾ മുതൽ, അബലാർഡിന്റെ മുഖ്യശത്രുവായിരുന്നത് ക്ലേയർവോയിലെ ബെർണർദീനോസ് ആയിരുന്നു. ബെർണർദീനോസിന്റെ തീക്ഷ്ണവും അചഞ്ചലവുമായ വിശ്വാസം, യുക്തി ഉപയോഗിച്ചുള്ള അബലാർഡിന്റെ അന്വേഷണങ്ങളെ പാഷണ്ഡതയായി കണ്ടു. താൻ നശിപ്പിക്കാനാഗ്രഹിക്കുന്ന തിന്മയുടെ ഏറ്റവും തെളിവുള്ള മാതൃകയായി അദ്ദേഹം അബലാർഡിനെ വിലയിരുത്തി.
1141-ൽ ഇരുവരും തമ്മിലുള്ള തർക്കത്തിലെ പ്രാഥമികവാദങ്ങൾക്കൊടുവിൽ, അബലാർഡ് ഉയര്ത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ബോദ്ധ്യത്തിൽ ബെർണർദീനോസ് ഒന്നുകൂടി ഉറച്ചു. സെൻസ് എന്ന സ്ഥലത്തു ചേർന്ന സഭാസമ്മേളനത്തിൽ തനിക്കെതിരെ ഉന്നയിയ്ക്കപ്പെട്ട എണ്ണമറ്റ ആരോപണങ്ങൾക്കു മറുപടി പറയാൻ അബലാർഡ് ഒരുങ്ങി. എന്നാൽ ബെർണർദീനോസ് വാദം തുടങ്ങിയപ്പോൾ അബലാർഡ്, വിഷയത്തിൽ മാർപ്പാപ്പയുടെ തീരുമാനം ആവശ്യപ്പെട്ടു. അടുത്ത വർഷം റോം തന്നെ അബലാർഡിന്റെ ആശയങ്ങളെ അപലപിക്കുന്നതു വരെ ബെർണർദീനോസ് അടങ്ങിയിരുന്നില്ല.
മരണം
തിരുത്തുകതന്റെ നിലപാട് വാദിക്കാനായി റോമിലേയ്ക്കു യാത്ര തിരിച്ച അബലാർഡ് ഇടയ്ക്ക് ക്ലൂണിയിലെ ബെനഡിക്ടൻ ആശ്രമത്തിൽ തങ്ങി. അവിടെ ഏതാനും മാസങ്ങൾ താമസിച്ചു കഴിഞ്ഞപ്പോൾ ഗുരുതരമായ രോഗാവസ്ഥയിലായ അദ്ദേഹത്തെ സുഹൃത്തുക്കൾ ചാലോൺ സുർ സവോനിലെ വിശുദ്ധ മാർസലിന്റെ ആശ്രമത്തിലേയ്ക്കു മാറ്റി. അവിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. "എനിക്കറിയില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ അന്തിമമൊഴി എന്നു പറയപ്പെടുന്നു.
ആദ്യം വിശുദ്ധ മാർസലിന്റെ ആശ്രമത്തിലെ സംസ്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം പിന്നീട് എലൂയീസ് അധിപയായിരുന്ന പരിശുദ്ധാത്മാവിന്റെ ആശ്രമത്തിലേയ്ക്ക് രഹസ്യമായി മാറ്റി. 1163-ൽ മരിച്ച എലൂയീസിനേയും അദ്ദേഹത്തോടൊപ്പം സംസ്കരിച്ചു.
അസ്ട്രോലാബ്
തിരുത്തുകഅബലാർഡിന്റേയും എലൂയീസിന്റേയും മകൻ അസ്ട്രോലാബിനെ, അബലാർഡ് അവസാന നാളുകൾ ചിലവഴിച്ച ക്ലൂണി ആശ്രമത്തിലെ "സമ്പൂജ്യനായ പീറ്റെർ എന്ന സന്യാസി അനുസ്മരിക്കുന്നുണ്ട്. എലൂയീസിനുള്ള ഒരു കത്തിൽ പീറ്റർ ഇങ്ങനെ എഴുതിയിരുന്നു: "നിങ്ങളുടെ പേരിൽ ഞങ്ങൾക്കു കൂടി പ്രിയപ്പെട്ടവനായിരിക്കുന്ന അസ്ട്രോലാബിന്, വലിയ ഇടവകകളിലൊന്നിൽ സ്ഥാനം കിട്ടാൻ എന്നാലാവുന്നതെല്ലാം ചെയ്യാൻ എനിക്കു സന്തോഷമേയുള്ളു".[3] 1150-നടുത്ത് ഫ്രാൻസിൽ നാന്റിസിലെ ഭദ്രാസനപ്പള്ളിയിൽ 'പെട്രസ് അസ്ട്രലാബിയസ്' എന്നൊരാൾ ഉണ്ടായിരുന്നതായി രേഖയുണ്ട്. ഇപ്പോൾ സ്വിറ്റ്സർലൻഡിലുള്ള ഹൗട്ടറീവ് എന്ന സ്ഥലത്തെ സിസ്റ്റേർസിയൻ ആശ്രമവുമായി ബന്ധപ്പെട്ട രേഖകളിലും ഇതേ പേര് പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഇവിടെയൊക്കെ പരാമർശിക്കപ്പെടുന്നത് ഒരേ വ്യക്തിതന്നെയാണെന്നുറപ്പില്ല. പരിശുദ്ധാത്മാവിന്റെ ആശ്രമത്തിൽ ഏതോ ഒരു വർഷം ഒക്ടോബർ 29-നോ 30-നോ അസ്ട്രോലാബ് മരിച്ചതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് ഏതു വർഷമാണെന്ന് നിശ്ചയമില്ല. .[4]"[3]
അബലാർഡിന്റെ ചിന്ത
തിരുത്തുകമുന്നേ അംഗീകരിപ്പെട്ടിരുന്ന മതസിദ്ധാന്തങ്ങളെ യുക്തിപൂർവം തെളിയിക്കാൻ ശ്രമിക്കുന്ന സ്കൊളാസ്റ്റിക് അന്വേഷ രീതിയുടെ സ്ഥാപകനെന്ന നിലയിലാണ് അബലാർഡിന്റെ പ്രാധാന്യം. അദ്ദേഹത്തിന്റെ സ്വന്തം വ്യാഖ്യാനങ്ങൾ നിരാകരിക്കപ്പെട്ടിരിക്കാമെങ്കിലും, അദ്ദേഹം അവയിൽ എത്തിച്ചേർന്നത്, പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ വികസിതരൂപം പ്രാപിച്ച് സഭാനേതൃത്വത്തിന്റെ അംഗീകാരം നേടിയ ചിന്താപദ്ധതിയെ ആശ്രയിച്ചാണ്.
പാശ്ചാത്യ ക്രിസ്തീയലോകത്ത് അരിസ്റ്റോട്ടിലിന്റെ ദാർശനികമേധാവിത്വം സ്ഥാപിച്ചെടുക്കുന്നതിൽ അബലാർഡിനു ഗണ്യമായ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിനു അരനൂറ്റാണ്ടിനു ശേഷം അരിസ്റ്റോട്ടിൽ പാശ്ചാത്യലോകം അരിസ്റ്റോട്ടിലിന്റെ പ്രാമാണികതയെ പൂർണ്ണമായും അംഗീകരിച്ചു. അരിസ്റ്റോട്ടിലിന്റെ ഒർഗനാനും(Organon) ഇതരകൃതികളും പാശ്ചാത്യവിദ്യാശാലകളിൽ ലഭ്യമായിത്തുടങ്ങിയത് ഇക്കാലത്തായിരുന്നു. അതിനു മുൻപ് നിലവിലിരുന്ന യാഥാർത്ഥ്യവാദം പ്ലേറ്റോയുടെ ചിന്തയെ ആണ് ആശ്രയിച്ചിരുന്നത്.
സംവാദദർശനത്തിനു പുറമേ, അബലാർഡ് ഏറ്റവും കൂടുതൽ സംഭാവന നൽകിയ മേഖല സന്മാർഗ്ഗശാസ്ത്രമാണ്. മനുഷ്യകർമ്മങ്ങളുടെ ധാർമ്മികമൂല്യം അളക്കുന്നതിൽ കർത്താക്കളുടെ വ്യക്തിനിഷ്ടമായ ലക്ഷ്യത്തിനുള്ള പ്രാധാന്യത്തിലേയ്ക്ക് അദ്ദേഹം വിരൽചൂണ്ടി. അബലാർഡിന്റെ കാലത്തിനു ശേഷം അരിസ്റ്റോട്ടിലിന്റെ സന്മാർഗ്ഗചിന്ത പൂർണ്ണമായും ലഭ്യമായെങ്കിലും സന്മാർഗ്ഗസംബന്ധിയായ അന്വേഷണങ്ങൾ സ്കൊളാസ്റ്റിക് ചിന്തയിൽ വിരളമായിരുന്നു എന്നോർക്കുമ്പോൾ, ഈ രംഗത്തെ അബലാർഡിന്റെ സംഭാവനകളുടെ പ്രാധാന്യം വ്യക്തമാകും.
പിൽക്കാലങ്ങളിൽ
തിരുത്തുകസമകാലീനരേയും മദ്ധ്യകാലചിന്തയുടെ ഗതിയേയും അസാധാരണമാം വിധം സ്വാധീനിച്ച അബലാർഡ് മദ്ധ്യകാലത്തിനു ശേഷം പ്രധാനമായും അറിയപ്പെട്ടത് എലൂയീസുമായുള്ള പ്രണയത്തിന്റെ പേരിലാണ്. അദ്ദേഹത്തിന്റെ രചനകളുടെ ഒരു ശേഖരം പ്രസിദ്ധീകരിക്കപ്പെട്ടത് 1836-ൽ മാത്രമാണ്. അതിനു മുൻപ് 1721-ൽ "Scito te ipsum" എന്ന ഏകരചന മാത്രമായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്.
1836-ലെ സമാഹാരത്തിൽ അദ്ദേഹത്തിന്റെ "Sic et Non" (Yes and No) എന്ന കൃതിയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വിശ്വാസസംബന്ധമായ കാര്യങ്ങളിൽ സഭാപിതാക്കന്മാരുടെ രചനകളിലെ വിരുദ്ധാഭിപ്രായങ്ങൾ ചർച്ചയ്ക്കു വേണ്ടി ശേഖരിച്ചതായിരുന്നു അത്. അഭിപ്രായവ്യത്യാസങ്ങളെ സമന്വയിപ്പിക്കാനുള്ള ഒരു ശ്രമവും അതിൽ ഇല്ലാതിരുന്നുവെന്നത് അതിനെ പ്രത്യേകം ശ്രദ്ധേയമാക്കി. അരിസ്റ്റോട്ടിലിന്റേയും, പോർഫിറിയുടേയും, ബോത്തിയസിന്റേയും യുക്തിശാസ്ത്രസംബന്ധിയായ രചനകളെ നിരൂപണം ചെയ്യുന്ന "ഡയലെക്ടിക്കാ" എന്ന രചനയും 1836-ലെ സമാഹാരത്തിൽ ഉണ്ടായിരുന്നു.
ജന്മപാപത്തെ സംബന്ധിച്ച ഹിപ്പോയിലെ ആഗസ്തീനോസിന്റെ സിദ്ധാന്തത്തെ ഭേദഗതി ചെയ്ത് അബലാർഡ് രൂപപ്പെടുത്തിയ "ലിംബോ" (Limbo) എന്ന സങ്കല്പം ഇന്നസന്റ് തൃതീയൻ മാർപ്പാപ്പ അംഗീകരിച്ചു. ജ്ഞാനസ്നാനം ലഭിക്കായ്കയാൽ ജന്മപാപത്തോടെ മരിക്കുന്ന ശിശുക്കൾ, നേരത്തെ വിശ്വസിക്കപ്പെട്ടിരുന്നതുപോലെ നരകത്തിൽ എത്തുന്നതിനു പകരം, സ്വർഗ്ഗനരകങ്ങൾക്കു പുറമേയുള്ള 'ലിംബോ' എന്ന സന്നിഗ്ദ്ധലോകത്ത് എത്തിച്ചേരുമെന്നാണ് ഈ സിദ്ധാന്തം. അവിടെ ദൈവദർശനത്തിൽ നിന്നുളവാകുന്ന സ്വർഗ്ഗീയാനന്ദത്തിന് അവസരമില്ലെങ്കിലും വേദനയില്ലാതെ അവർ കഴിയുന്നു.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 ചേംബേഴ്സ് ജീവചരിത്ര നിഘണ്ടു, പുറം 3
- ↑ 2.0 2.1 2.2 Medeival Source Book, Peter Abelard, ആപത്തുകളുടെ ചരിത്രം(HIstoria Calamitatum)
- ↑ 3.0 3.1 അബലാർഡിന്റേയും എലൂയീസിന്റേയും കത്തുകൾ ബെറ്റി റാഡിസ്(പരിഭാഷ), (Harmondsworth: Penguin, 1974),പുറം 287
- ↑ മരണരേഖയിലെ പരാമർശം "Petrus Astralabius magistri nostri Petri filius" എന്നാണ്. ഏനിഡ് മക്ലിയോഡ്, എലൂയീസ് (London: Chatto & Windus, 2nd edn., 1971, പുറങ്ങൾ. 253, 283-84
- ↑ വത്തിക്കാൻ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ, ജ്ഞാനസ്നാനം ലഭിക്കാതെ മരിക്കുന്ന ശിശുക്കളുടെ സ്വർഗ്ഗപ്രതീക്ഷ