വടശ്ശേരി പരമേശ്വരൻ

(Parameshvara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന ദൃഗ്ഗണിതം രചിച്ച പ്രതിഭയാണ്‌ വടശ്ശേരി പരമേശ്വരൻ. 1431 ലാണ് പരമേശ്വരൻ ദൃഗ്ഗണിതമെഴുതിയത് എന്ന് ഗ്രന്ഥത്തിൽ തന്നെ സൂചനയുണ്ട്.

വടശ്ശേരി പരമേശ്വരൻ നമ്പൂതിരി
ജനനം1366
മരണം1455

ആര്യഭടീയ ഗണിതത്തെ അടിസ്ഥാനമാക്കിയാണ് ദൃഗ്ഗണിതം രചിക്കപ്പെട്ടത്. ഇദ്ദേഹം പ്രമുഖ ജ്യോതി ശാസ്തജ്ഞനായിരുന്ന നീലകണ്ഠ സോമയാജിയുടെ ഗുരുവിന്റെ പിതാവായിരുന്നു. ടെലസ്‌കോപ്പുകളോ മറ്റ്‌ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത പതിനാലാം നൂറ്റാണ്ടിൽ ഇദ്ദേഹം ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷണം നടത്തി.

ജീവചരിത്രം

തിരുത്തുക

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ആലത്തൂർ ഗ്രാമത്തിലെ വടശ്ശേരി ഇല്ലത്തിൽ 1360-ലാണ്‌ വടശ്ശേരി പരമേശ്വരൻ നമ്പൂതിരി ജനിച്ചതു്.[1] ഗണിതപഠന പാരമ്പര്യമുള്ളതായിരുന്നു വടശ്ശേരി ഇല്ലം. മുഹൂർത്തരത്‌നം, മുഹൂർത്തപദവി എന്നീ ഗ്രന്ഥങ്ങളുടെ കർത്താവായ തലക്കുളത്ത് ഗോവിന്ദഭട്ടതിരിയുടെ (1237-1295) ശിഷ്യനായിരുന്നു പരമേശ്വരന്റെ മുത്തച്ഛൻ. അപൂർവ്വ പ്രതിഭാശാലിയായിരുന്ന സംഗമഗ്രാമ മാധവൻ, രുദ്രൻ തുടങ്ങിയവരായിരുന്നു പരമേശ്വരന്റെ അദ്ധ്യാപകർ. പരമേശ്വരന്റെ മകൻ വടശ്ശേരി ദാമോദരനും (1410-1545) ഗണിതജ്ഞനായിരുന്നു. നീലകണ്‌ഠ സോമയാജിയെന്ന മഹാഗണിതജ്ഞന്റെ ഗുരു വടശ്ശേരി ദാമോദരനായിരുന്നു. 1455-ൽ തൊണ്ണൂറ്റയഞ്ചാം വയസ്സിൽ വടശ്ശേരി പരമേശ്വരൻ അന്തരിച്ചു.

മാതാപിതാക്കളെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല. മറ്റൊരു ഗുരുനാഥനായി രുദ്രൻ എന്ന പേര് തന്റെ രചനകളിൽ പല പ്രാവശ്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ കുറിച്ചു് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

സംഭാവനകൾ

തിരുത്തുക

കേരളം സംഭാവന ചെയ്‌ത ഏറ്റവും പ്രതിഭാശാലിയായ ഗണിതജ്ഞരിലൊരാളാണ്‌ വടശ്ശേരി പരമേശ്വരൻ. ദൃഗ്ഗണിതം എന്നത്‌ വെറുമൊരു ഗ്രന്ഥം മാത്രമല്ല, ഒരു ഗണിതപദ്ധതി കൂടിയാണ്‌. ജ്യോതിശാസ്‌ത്രത്തിൽ കൃത്യമായ ഗ്രഹനക്ഷത്ര ഗണനയ്‌ക്ക്‌ ഈ പദ്ധതി സഹായിക്കുന്നു. ഭാരതീയജ്യോതിശാസ്‌ത്രത്തിന്‌ കേരളം സംഭാവന ചെയ്‌ത രണ്ട്‌ പ്രമുഖ ഗണിതരീതികളാണ് ദൃക്‌,. പരഹിതം ആര്യഭടന്റെ ഗണിതരീതി ആസ്‌പദമാക്കി, ഗണനഫലങ്ങൾക്കു കൃത്യതയുണ്ടാക്കാൻ വേണ്ടി സൂക്ഷ്‌മായി നവീകരിച്ച പദ്ധതികളാണ്‌ പരഹിതവും ദൃക്കും.

പരഹിതസമ്പ്രദായം

തിരുത്തുക

തിരുനാവായ സ്വദേശിയായ ഹരിദത്തൻ (എഡി 650 - 700) എന്ന ഗണിതജ്ഞൻ എഡി. 683-ൽ ആവിഷ്‌ക്കരിച്ചതാണ്‌ പരഹിതപദ്ധതി. ആര്യഭടന്റെ ഗണിതരീതികളിലെ പോരായ്‌മകൾ തിരുത്തി സൂക്ഷ്‌മമാക്കിയതാണ്‌ ഇത്‌. മഹാമാർഗനിബന്ധനം, ഗ്രഹാചാരനിബന്ധനം എന്നീ സംസ്‌കൃതകൃതികൾ വഴി ഹരിദത്തൻ പരഹിതസമ്പ്രദായം അവതരിപ്പിച്ചു. ഇതിൽ മാഹാമാർഗനിബന്ധനം ഇതുവരെ കണ്ടെത്താൻ ചരിത്രകാരൻമാർക്കായിട്ടില്ല. കേരളത്തിൽ ജ്യോതിശാസ്‌ത്രപഠനവും നക്ഷത്രനിരീക്ഷണവും വ്യാപകമാക്കാൻ ഹരിദത്തന്റെ സംഭാവന സഹായിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പ്രചാരം ലഭിച്ച പരഹിതസമ്പ്രദായം, അറുന്നൂറ്‌ വർഷത്തോളം കേരളത്തിലെ ജ്യോതിശാസ്‌ത്രപഠനമേഖലയിൽ ചോദ്യംചെയ്യപ്പെടാതെ തുടർന്നു.

ദൃക് സമ്പ്രദായം

തിരുത്തുക

പക്ഷേ, പരഹിതസമ്പ്രദായത്തിലും പിഴവുകളുണ്ടായിരുന്നു. അവ പരിഹരിക്കാനാണ്‌ വടശ്ശേരി പരമേശ്വരൻ 1430-ൽ ദൃക്‌ സമ്പ്രദായത്തിന്‌ രൂപം നൽകിയത്‌.[2] നിലവിലുണ്ടായിരുന്ന ഗണിതക്രിയകളുടെ വീഴ്‌ചകളും അവയ്‌ക്കുള്ള കാരണങ്ങളും വർഷങ്ങളോളമെടുത്ത്‌ പഠിക്കുകയും, അരനൂറ്റാണ്ടിലേറെ വാനനിരീക്ഷണം നടത്തുകയും ഗ്രഹണം, ഗ്രഹയോഗം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തന്റെ നിഗമനങ്ങൾ പരീക്ഷിക്കുകയും ചെയ്‌താണ്‌ അദ്ദേഹം ദൃഗ്ഗണിതം രചിച്ചതെന്ന്‌ നീലകണ്‌ഠ സോമയാജി തന്റെ ആര്യഭടീയഭാഷ്യത്തിൽ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഗ്രഹത്തിന്റെയും വിവിധ കാലങ്ങളിലെ സ്ഥാനം കൃത്യമായി നിർണയിക്കാനുള്ള ഗണിതരീതി പരമേശ്വരൻ ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദൃഗ്ഗണിതത്തിന്റെ താളിയോലകൾ കണ്ടെത്തിയത്‌ പ്രശസ്‌ത പണ്ഡിതൻ കെ.വി.ശർമയാണ്‌. പക്ഷേ, ഈ മഹാഗ്രന്ഥത്തെക്കുറിച്ചോ അത്‌ രചിച്ച വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയുന്ന മലയാളികൾ കുറവാണ്‌.

ഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങൾ വടശ്ശേരി പരമേശ്വരൻ രചിച്ചു എന്നാണ്‌ കരുതുന്നത്‌. ദൃഗ്ഗണിതം(1430), മൂന്നുകൃതികൾ ഉൾപ്പെട്ട ഗോളദീപിക(1443), ഗ്രഹണാഷ്ടകം, ഗ്രഹണമണ്ഡനം, ഗ്രഹണന്യായദീപിക, ചന്ദ്രഛായാഗണിതം, വാക്യകാരണം എന്നിവ പരമേശ്വരൻ രചിച്ച മൗലിക കൃതികളാണ്‌. ആര്യഭടീയം (ഭടദീപിക), മഹാഭാസ്‌കരീയം, മഹാഭാസ്‌കരീയഭാഷ്യം, ലഘുഭാസ്‌കരീയം, സൂര്യസിദ്ധാന്തം, ലഘുമാനസം, ലീലാവതി തുടങ്ങിയ കൃതികളുടെ വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. പരമേശ്വരൻ രചിച്ച വാക്യദീപിക, ഭാദീപിക എന്നീ കൃതികൾ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ആചാരസംഗ്രഹം, ജാതകപദ്ധതി, സദ്‌വർഗഫലം തുടങ്ങി ഒട്ടേറെ കൃതികൾ വേറെയും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌.

  1. ഗണിതവിജ്ഞാനകോശം-പള്ളിയറ ശ്രീധരൻ (കറന്റ് ബുക്സ്, തൃശൂർ-2000)
  2. ശാസ്ത്രചരിത്രം-കേരളശാസ്ത്രസാഹിത്യ പരിഷത്ത്-1993


കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി
ആര്യഭടൻ | വടശ്ശേരി പരമേശ്വരൻ | സംഗമഗ്രാമ മാധവൻ | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവൻ | ശങ്കര വാര്യർ | മേൽപ്പത്തൂർ നാരായണ ഭട്ടതിരി | അച്യുത പിഷാരടി | പുതുമന ചോമാതിരി | തലക്കുളത്തൂർ ഭട്ടതിരി| കൈക്കുളങ്ങര രാമവാര്യർ| ശങ്കരനാരായണൻ
"https://ml.wikipedia.org/w/index.php?title=വടശ്ശേരി_പരമേശ്വരൻ&oldid=3831668" എന്ന താളിൽനിന്ന് ശേഖരിച്ചത്