ലോട്ടസ് 1-2-3

(Lotus 1-2-3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇപ്പോൾ ഐ.ബി.എമ്മിന്റെ ഭാഗമായ ലോട്ടസ് സോഫ്റ്റ്‌വേർ പുറത്തിറക്കിയ ഒരു സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ് ലോട്ടസ് 1-2-3 (ലോട്ടസ് വൺ-റ്റൂ-ത്രീ). ഐ.ബി.എം. പി.സിയിലെ ആദ്യത്തെ സുപ്രസിദ്ധ ആപ്ലിക്കേഷനുകളിലൊന്നായിരുന്ന ഇത്, 1980-കളുടെ പകുതിയിൽ കോർപ്പറേറ്റ് മേഖലയിൽ ഐ.ബി.എം. പി.സി. കൈവരിച്ച വൻവിജയത്തിനുപിന്നിലെ പ്രധാനഘടകമായിരുന്നു.[1]

ലോട്ടസ് 1-2-3
വികസിപ്പിച്ചത്ഐ.ബി.എം. (മുൻപ് ലോട്ടസ് സോഫ്റ്റ്‌വേർ)
ആദ്യപതിപ്പ്1983
Stable release
9.8 + ഫിക്സ്‌പാക്ക് 6 / 2002
ഓപ്പറേറ്റിങ് സിസ്റ്റംവിൻഡോസ്, മാക്
തരംസ്പ്രെഡ്ഷീറ്റ്
അനുമതിപത്രംപ്രൊപ്രൈറ്ററി
വെബ്‌സൈറ്റ്www.ibm.com/software/lotus/products/123/

തുടക്കത്തിൽ സ്വതന്ത്രമായ സ്പെഡ്ഷീറ്റ് സോഫ്റ്റ്വെയറായും 1990-കളുടെ മദ്ധ്യം മുതൽ ലോട്ടസ് സ്മാർട്ട്സ്വീറ്റ് എന്ന സംയോജിതസോഫ്റ്റ്വെയറിന്റെ ഭാഗമായുമാണ് 1-2-3 പുറത്തിറങ്ങിയത്. ഡോസ് അധിഷ്ഠിതമായ പി.സി.കളിൽ നേതൃസ്ഥാനത്തുനിന്ന സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനായിരുന്നെങ്കിലും വിൻഡോസിന്റെ ആവിർഭാവത്തോടെ രംഗത്തുനിന്നും അപ്രത്യക്ഷമായി. ഇതോടെ മുൻപ് 1-2-3-ക്കുണ്ടായിരുന്ന വിപണിവിഹിതം മൈക്രോസോഫ്റ്റിന്റെ എക്സെൽ നേടിയെടുത്തു.

തുടക്കം

തിരുത്തുക

1980-കളുടെ തുടക്കത്തിൽ വിസികാൽക് എന്ന സ്പ്രെഡ്ഷീറ്റ് പ്രോഗ്രാമായിരുന്നു ആപ്പിൾ കമ്പ്യൂട്ടറിലും ഐ.ബി.എം. പി.സിയിലും പ്രചാരത്തിലിരുന്നത്. ലോട്ടസ് 1-2-3-യുടെ ഉപജ്ഞാതാക്കളായ ലോട്ടസ് ഡെവലപ്മെന്റ് കോർപ്പറേഷൻ 1982-ൽ, മിച്ചെൽ കേപ്പർ, ജോനാഥൻ സാച്ച്സ് എന്നിവർ ചേർന്നാണ് സ്ഥാപിച്ചത്. വിസികാൽക്കിന്റെ വിതരണക്കാരായിരുന്ന വിസികോർപ്പ് എന്ന കമ്പനിയിലെ മുൻജീവനക്കാരനായിരുന്നു മിച്ചെൽ കേപ്പർ. മുൻപ് ഡേറ്റാ ജനറൽ, കോൺസെൻട്രിക് ഡേറ്റാ സിസ്റ്റംസ് എന്നീ കമ്പനികളിൽ പ്രവർത്തിച്ചിരുന്ന ജോനാഥൻ സാച്ച്സ്, അവിടെവച്ച് വിസികാൽക്ക് പോലെയുള്ള രണ്ട് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനുകൾ വികസിപ്പിച്ചിട്ടുണ്ടായിരുന്നു.[2]

മിച്ചെൽ കേപ്പറിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്പനിയിൽ വച്ച് ജോനാഥൻ സാച്ച്സ് ആണ് 1-2-3 പ്രോഗ്രാം വികസിപ്പിച്ചത്. കോൺസെൻട്രിക് ഡേറ്റാ സിസ്റ്റംസിൽ വച്ച് വികസിപ്പിച്ച സ്പ്രെഡ്ഷീറ്റ് പ്രോഗ്രാമിനെ അടിസ്ഥാനമാക്കി സി പ്രോഗ്രാമിങ് ഭാഷയിലാണ് ഇത് വികസിപ്പിക്കാനാരംഭിച്ചത്. പിന്നീട് ഐ.ബി.എം. പി.സിക്കുവേണ്ടി ഇന്റൽ 8088 അസെംബ്ലിഭാഷയിൽ മാറ്റിയെഴുതുകയും ചെയ്തു.[2]

 
ഡോസിൽ പ്രവർത്തിക്കുന്ന ലോട്ടസ് 3.0

1983 ജനുവരി 26-ന് ലോട്ടസ് 1-2-3 പുറത്തിറങ്ങുകയും വളരെപ്പെട്ടെന്നുതന്നെ വിൽപ്പനയിൽ വിസികാൽക്കിനെ കടത്തിവെട്ടുകയും ചെയ്തു. ഇക്കാലത്ത് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ മൾട്ടിപ്ലാൻ എന്ന സ്പ്രെഡ്ഷീറ്റ് പ്രോഗ്രാം വിസികാൽക്കിൽ നിന്നും വ്യത്യസ്തമായ സമ്പർക്കമുഖം ഉപയോഗിച്ചപ്പോൾ, വിസികാൽക്കിന് സമാനമായ സമ്പർക്കമുഖമാണ് 1-2-3-യിൽ ഉപയോഗിച്ചത്. ഉദാഹരണത്തിന് കളങ്ങളെ പ്രധിനിധാനം ചെയ്യുന്നതിന് വിസികാൽക്ക് ഉപയോഗിക്കുന്ന A1 ശൈലിയും[൧] മെനുവിലേക്കെത്തുന്നതിന് സ്ലാഷ് (/) ഉപയോഗിക്കുന്ന രീതിയും അതേപടി 1-2-3-യിൽ പകർത്തിയിരുന്നു. മികച്ചരീതിയിൽ തയ്യാറാക്കിയിരുന്ന ഈ പ്രോഗ്രാം താരതമ്യേന പ്രശ്നരഹിതവുമായിരുന്നു. പൂർണ്ണമായും എക്സ്86 അസെംബ്ലി ഭാഷയിൽ എഴുതിയിരുന്നതിനാലും[൨] ഡോസിന്റെയോ ബയോസിന്റെയോ വേഗതകുറഞ്ഞ ടെക്സ്റ്റ്ഔട്ട്പുട്ട് ഫങ്ഷനുകൾക്കുപകരം നേരിട്ട് വീഡിയോ മെമ്മറിയിലേക്ക് എഴുതുന്നതിനാൽ മികച്ച വേഗതയും 1-2-3-ക്കുണ്ടായിരുന്നു.

ഐ.ബി.എം. പി.സിയുമായുള്ള യോജിപ്പ്

തിരുത്തുക

വീഡിയോ മെമ്മറിയിലേക്ക് നേരിട്ട് എഴുതുന്നതിനാൽ ഐ.ബി.എം. പി.സിയുടെ ഹാർഡ്വെയർ രൂപകൽപ്പന കൃത്യമായി അനുസരിക്കുന്ന കമ്പ്യൂട്ടറുകളിൽ മാത്രമേ 1-2-3 ശരിയായി പ്രവർത്തിക്കുമായിരുന്നുള്ളൂ. ഇതുകൊണ്ടുതന്നെ എൺപതുകളുടെ തുടക്കം മുതൽ മദ്ധ്യം വരെ രംഗത്തെത്തിയ ഐ.ബി.എം. പി.സിയുടെ പകർപ്പുകൾ, യഥാർത്ഥ പി.സി.യുമായി 100% അനുരൂപമാണോ എന്നു നോക്കുന്നതിനുള്ള അനൗദ്യോഗികമായ പരിശോധനോപാധികളിലൊന്നായും 1-2-3 ഉപയോഗിക്കപ്പെട്ടു. മൈക്രോസോഫ്റ്റ് ഫ്ലൈറ്റ് സിമുലേറ്ററായിരുന്നു ഇത്തരത്തിലുള്ള മറ്റൊരു ആപ്ലിക്കേഷൻ.

സ്പ്രെഡ്ഷീറ്റുകൾ ധാരാളം മെമ്മറി ഉപയോഗപ്പെടുത്തുമെന്നതിനാൽ, ഐ.ബി.എം. പി.സികളിലെ മെമ്മറി ശേഷി വർദ്ധിപ്പിക്കലിന്, ഉദാഹരണമായി ആപ്ലിക്കേഷനുകൾക്ക് 640 കെ.ബിക്കു മുകളിൽ മെമ്മറി ലഭ്യമാക്കുന്ന എക്സ്പാൻഡെഡ് മെമ്മറി പോലുള്ള സാങ്കേതികമുന്നേറ്റങ്ങൾക്ക്, പ്രധാന പ്രേരകഘടകമായി വർത്തിച്ച ആപ്ലിക്കേഷനാണ് 1-2-3.

പി.സിയുടെ വൻപ്രചാരത്തിന് കാരണമായ ആപ്ലിക്കേഷനുമാണിത്. പി.സിയിൽ മാത്രം പ്രവർത്തിക്കുകയും മറ്റൊരു തട്ടകത്തിലും പ്രവർത്തിക്കാത്തതുമായ 1-2-3-ക്കുവേണ്ടി മാത്രമായി ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഐ.ബി.എം. പി.സി. വിറ്റഴിക്കപ്പെട്ടു. സ്പ്രെഡ്ഷീറ്റ് വിപണിയിലെ 1-2-3-യുടെ കുത്തക ഏതാണ്ട് ഒരു ദശകത്തോളം വെല്ലുവിളിയില്ലാതെ തുടർന്നു. പി.സിക്കുപുറമേ മറ്റനവധി തട്ടകങ്ങൾക്കുവേണ്ടിയും 1-2-3 പതിപ്പുകൾ പിൽക്കാലങ്ങളിൽ പുറത്തിറങ്ങിയിരുന്നു.

സവിശേഷതകൾ

തിരുത്തുക

ഒരു സ്പ്രെഡ്ഷീറ്റ് എന്നതിനുപുറമേ ചാർട്ട്/ഗ്രാഫ് തയ്യാറാക്കുന്നതിനുള്ള സൗകര്യവും 1-2-3-യിൽ തുടക്കം മുതലേ ഉണ്ടായിരുന്നു. കൂടാതെ ഒരു ഡേറ്റാബേസ് ആപ്ലിക്കേഷന്റെ പ്രാഥമികസൗകര്യങ്ങളും ഇതിൽ അടങ്ങിയിരുന്നു. 1-2-3 എന്ന പേര്, ഈ മൂന്ന് പ്രധാന കഴിവുകളെ സൂചിപ്പിക്കുന്നതാണ്. സ്പ്രെഡ്ഷീറ്റിന്റെ തെരഞ്ഞെടുത്ത ചതുരങ്ങൾക്കകത്തെ ഒന്നോ രണ്ടോ നിരകളെ അടിസ്ഥാനമാക്കി വിവരങ്ങൾ ക്രമീകരിക്കുക എന്നത്, നേരത്തേ പറഞ്ഞ ഡേറ്റാബേസ് സൗകര്യത്തിന് ഉദാഹരണമാണ്. തിരഞ്ഞെടുത്ത മേഖലയിലെ ടെക്സ്റ്റിന്റെ അരികുകൾ നേരെയാക്കാനുള്ള (ജസ്റ്റിഫൈ) സൗകര്യം മൂലം വേഡ് പ്രോസസറിന്റെ പ്രാഥമികസവിശേഷതകൾ കൂടിയും ഇതിനുണ്ടെന്ന് കണക്കാക്കാം.

വളരെ ഉപയോക്തൃസൗഹാർദ്ദമായ സമ്പർക്കമുഖമായിരുന്നു ലോട്ടസ് 1-2-3-യുടേത്. കീബോഡുപയോഗിച്ച് ലഭ്യമാകുന്ന പോപ്പപ്പ് മെനുകളും ഒറ്റ കീയിൽ പ്രവർത്തിക്കുന്ന നിർദ്ദേശങ്ങളും വേഗത്തിലുള്ള പ്രവർത്തനത്തിന് സഹായകരമായി. എഫ്.1 കീ അടിക്കുമ്പോൾ സന്ദർഭോചിതസഹായം ലഭ്യമാകുന്ന ആദ്യത്തെ ആപ്ലിക്കേഷനുകളിലൊന്നുമായിരുന്നു ഇത്.

ആദ്യപതിപ്പിൽത്തന്നെ അവതരിപ്പിച്ച മാക്രോ സൗകര്യവും 2.0 പതിപ്പിൽ ഉൾക്കൊള്ളിച്ച ആഡ്-ഇൻസ് സൗകര്യവും 1-2-3-യുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തി. ഇതുമൂലം നിരവധി ഇതര സോഫ്റ്റവെയർ നിർമ്മാതാക്കൾ 1-2-3-യിൽ പ്രവർത്തിക്കുന്ന പ്രത്യേക ആവശ്യങ്ങൾക്കുള്ള മാക്രോ, ആഡ്-ഇൻ പാക്കേജുകൾ വികസിപ്പിച്ച് വിൽക്കാനാരംഭിച്ചു. എഫ്.9 പോലുള്ള ധനകാര്യാവശ്യങ്ങൾക്കുള്ള വർക്ക്ഷീറ്റുകൾ മുതൽ സമ്പൂർണ്ണസൗകര്യങ്ങളടങ്ങിയ വേഡ്പ്രോസസറുകൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. ഒരു സമയം ഒറ്റ പ്രോഗ്രാം മാത്രം പ്രവർത്തിപ്പിക്കാനാവുന്ന ഡോസിൽ, ഒരു പരിപൂർണ്ണ ഓഫീസ് സ്വീറ്റായിത്തന്നെ 1-2-3 ഉപയോഗിക്കപ്പെട്ടു. രണ്ടാം പതിപ്പിൽ അവതരിപ്പിച്ച മാക്രോ സൗകര്യം, വാക്യഘടനയുടെയും നിർദ്ദേശങ്ങളുടെയും സങ്കീർണ്ണതയിൽ വികസിതമായ ഒരു ബേസിക് ഇന്റർപ്രെട്ടറിനോട് തത്തുല്യമായിരുന്നു. സ്ട്രിങ് ചരങ്ങൾ കൈകാര്യം ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ടായിരുന്നു.

1-2-3-യുടെ മൂന്നാംപതിപ്പുമുതൽ ഒരു ഫയലിൽ ഒന്നിലധികം വർക്ക്ഷീറ്റുകൾ ഉൾപ്പെടുത്താനുള്ള സൗകര്യമായി. ഈ പതിപ്പ് സി പ്രോഗ്രാമിങ് ഭാഷയിലാണ് തയ്യാറാക്കപ്പെട്ടത്. ചാർട്ട്/ഗ്രാഫുകൾ തയ്യാറാക്കാനുള്ള പ്രോഗ്രാം ഭാഗങ്ങൾ ഫോർത്ത് എന്ന പ്രോഗ്രാമിങ് ഭാഷയിലുമായിരുന്നു എഴുതപ്പെട്ടത്.

ചാർട്ട്/ഗ്രാഫ് സൗകര്യം പ്രോഗ്രാമിലെ ഒരു പ്രധാനഘടകമായിരുന്നതിനാൽ ഗ്രാഫിക്സ് ഉപകരണങ്ങളുമായുള്ള പൊരുത്തം പ്രധാനമായിരുന്നു. മിക്ക പ്രധാന ഗ്രാഫിക്സ് മാനകങ്ങളെയും 1-2-3 പിന്തുണച്ചിരുന്നു. തുടക്കത്തിൽ സി.ജി.എ., ഹെർക്കുലീസ് ഗ്രാഫിക്സ് മാനകങ്ങൾക്കും പിൽക്കാലത്ത് ഇ.ജി.എ., എ.ടി.&ടി., വി.ജി.എ. മാനകങ്ങൾക്കും പിന്തുണയുണ്ടായിരുന്നു.

1-2-3-യുടെ ആദ്യകാലപതിപ്പുകൾ ഫയൽനാമങ്ങൾക്ക് .WKS എന്ന എക്സ്റ്റെൻഷനായിരുന്നു ഉപയോഗിച്ചിരുന്നത്.[3] 2.0 പതിപ്പിൽ തുടക്കത്തിൽ എക്സ്റ്റെൻഷൻ .WK1[4] എന്നും പിന്നീട് .WK2 എന്നും ഉപയോഗിച്ചു.[5] 3.0, 4.0 പതിപ്പുകൾക്ക് യഥാക്രമം .WK3[6], .WK4 എന്നീ എക്സ്റ്റെൻഷനുകളാണ് ഉപയോഗിച്ചിരുന്നത്.[7]

എതിരാളികൾ

തിരുത്തുക

ലോട്ടസ് 1-2-3-യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അനവധി ആപ്ലിക്കേഷനുകൾ രംഗപ്രവേശം ചെയ്തിരുന്നു. 1985-ൽ പുറത്തിറങ്ങിയ മൊസൈക് സോഫ്റ്റ്വെയറിന്റെ ദ് ട്വൻ ആയിരുന്നു ഇക്കൂട്ടത്തിൽ ആദ്യത്തേത്. ഇതിനുപിന്നാലെ ആഡം ഓസ്ബോണിന്റെ നേതൃത്വത്തിൽ വന്ന മറ്റൊരാപ്ലിക്കേഷനാണ് വി.പി.-പ്ലാനെർ. ഇവക്കുരണ്ടിനും 1-2-3-യുടെ ഫയലുകൾ വായിക്കാം എന്നു മാത്രമല്ല ഒരേ നിർദ്ദേശഘടനയായതിനാൽ 1-2-3-യിലെ മിക്ക മാക്രോ പ്രോഗ്രാമുകളും അതേപടി പ്രവർത്തിപ്പിക്കാനും സാധിച്ചിരുന്നു.

മുൻപൊക്കെ, പകർപ്പവകാശനിയമം പ്രോഗ്രാമിന്റെ സോഴ്സ്കോഡിന് മാത്രമേ ബാധകമാകൂ എന്നായിരുന്നു പൊതുധാരണ. എന്നാൽ അനുരൂപികളായ ഇത്തരം പ്രോഗ്രാമുകൾക്കെതിരെയുള്ള നിയമനടപടികളിൽ ലോട്ടസിനുണ്ടായ വിജയം, കാഴ്ചയിലും അനുഭവത്തിലുമുള്ള സമാനതകൾക്കുമേലും പകർപ്പവകാശലംഘനം ബാധകമാകുമെന്ന് തെളിയിച്ചു. 1-2-3-ക്ക് അനുരൂപമായ നിർദ്ദേശങ്ങളും മെനു ഘടനയുമുള്ള ഏതൊരു പ്രോഗ്രാമും നിരോധിക്കണമെന്നായിരുന്നു ലോട്ടസിന്റെ ആവശ്യം. മുൻപൊക്കെ പ്രോഗ്രാമിലെ നിർദ്ദേശങ്ങൾ പകർപ്പവകാശനിയമത്തിന്റെ പരിധിയിൽ വന്നിരുന്നില്ല, പക്ഷേ 1-2-3-യുടെ നിർദ്ദേശങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന മെനുവിൽ ഉൾക്കൊള്ളുന്നതായിരുന്നു എന്ന വ്യത്യാസമുണ്ടായിരുന്നു. മൊസൈക് സോഫ്റ്റ്വെയറിനെതിരെയുള്ള കേസിൽ ലോട്ടസ് വിജയിക്കുകയും ചെയ്തു. എന്നാൽ ഇതേ ആവശ്യം മുൻനിർത്തി, ബോർലാൻഡിന്റെ ക്വാട്രോ പ്രോക്കെതിരെ ലോട്ടസ് നടത്തിയ നിയമനടപടിയിൽ, വെറും അനുരൂപമായ നിർദ്ദേശമെനുവോ ഭാഷയോ പകർപ്പവകാശലംഘനമല്ലെന്ന് കോടതി വിധിച്ചു. അമേരിക്കൻ പകർപ്പവകാശനിയമത്തിന്റെ 102(ബി) വകുപ്പുപ്രകാരം നിർദ്ദേശമെനു, പകർപ്പവകാശയോഗ്യതയില്ലാത്ത ഒരു ഉപയോഗരീതി മാത്രമാണെന്ന് 1995-ൽ ഫസ്റ്റ് സർക്യൂട്ട് കോടതി നിരീക്ഷിക്കുകയും ചെയ്തു.

അധഃപതനം

തിരുത്തുക

1-2-3-യുടെ വരവിനൊപ്പം മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്ന മൾട്ടിപ്ലാൻ എന്ന സ്പെഡ്ഷീറ്റ് കാലക്രമേണ എക്സെലിനു വഴിമാറി. എക്സെലിന്റെ ആദ്യപതിപ്പ് മാക്കിന്റോഷിനുവേണ്ടി 1985-ലാണ് പുറത്തിറങ്ങിയത്. പി.സി.ക്കുവേണ്ടിയുള്ള എക്സെൽ പതിപ്പ് 1987-ൽ വിൻഡോസ് 2.x-നോടൊപ്പമാണ് പുറത്തുവന്നത്. എങ്കിലും ഇക്കാലത്ത് വിൻഡോസ് അത്ര പ്രചാരത്തിലാകാതിരുന്നതിനാൽ സ്പെഡ്ഷീറ്റ് വിപണിയിൽ ലോട്ടസിന്റെ പിടിയയക്കാൻ അതിനായിരുന്നില്ല. എങ്കിലും ലോട്ടസ് ഇക്കാലത്ത് ചില സാങ്കേതികതിരിച്ചടികൾ നേരിടുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ മാക്രോ അസെംബ്ലറിൽ തയ്യാറാക്കിയിരുന്ന 1-2-3, അതിന്റെ മൂന്നാം പതിപ്പിൽ, വഹനീയതക്കുവേണ്ടി സി പ്രോഗ്രാമിങ് ഭാഷയിൽ പൂർണ്ണമായും മാറ്റിയെഴുതി. വിവിധ തട്ടകങ്ങൾക്കായുള്ള വഹനീയതക്കും മുൻ 1-2-3 പതിപ്പുകളിലെ ഫയലുകൾക്കും മാക്രോകൾക്കും ഒപ്പം അനുരൂപത നിലനിർത്തുന്നതിനുള്ള ശ്രമഫലമായി ഈ പതിപ്പ് ഒരുവർഷത്തിലധികം വൈകിയാണ് പുറത്തിറങ്ങിയത്. സി കമ്പൈലർ നൽകുന്ന വലിപ്പമേറിയ ഓബ്ജക്റ്റ് കോഡ്, താണതരം കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടായതുമൂലം 1-2-3-യുടെ രണ്ടു പതിപ്പുകൾ സമാന്തരമായി പുറത്തിറക്കുകയും ചെയ്തു. അതായത്, സിയിൽ നിർമ്മിച്ച പതിപ്പ് 3, ഉന്നതശ്രേണിയിലുള്ള കമ്പ്യൂട്ടർക്കായും പഴയ 2.01 അസെംബ്ലർ കോഡ് അടിസ്ഥാനത്തിലുള്ള 2.2 പതിപ്പ് എക്സ്റ്റെൻഡെഡ് മെമ്മറിയില്ലാത്ത പി.സികൾക്കുമായി പുറത്തിറക്കി.

1989-ൽ 1-2-3-യുടെ ഈ പതിപ്പുകൾ പുറത്തിറക്കുമ്പോഴേക്കും ലോട്ടസിന്റെ വിപണിവിഹിതം കൈയടക്കാവുന്നവിധത്തിൽ മൈക്രോസോഫ്റ്റ് വളർന്നുകഴിഞ്ഞിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ വിൻഡോസിന്റെ പ്രചാരം വളരെ വർദ്ധിക്കുകയും എക്സെൽ ക്രമേണ സ്പ്രെഡ്ഷീറ്റ് രംഗത്തെ 1-2-3-യുടെ നേതൃസ്ഥാനം തട്ടിയെടുക്കുകയും ചെയ്തു. വിൻഡോസിനുവേണ്ടിയുള്ള ഒരു 1-2-3 പതിപ്പിനുവേണ്ടിയുള്ള ശ്രമവും ഫലവത്തായില്ല. പഴയ പതിപ്പിൽ സചിത്രസമ്പർക്കമുഖം കൂട്ടിച്ചേർത്തെന്നതൊഴിച്ചാൽ യാതൊരു മാറ്റവുമില്ലാത്ത പതിപ്പാണ് 1991-ൽ ലോട്ടസ് 1-2-3 ഫോർ വിൻഡോസ് പതിപ്പ് 1.0 എന്ന പേരിൽ പുറത്തിറക്കാനായത്. സമ്പർക്കമുഖത്തിലും സവിശേഷതകളിലും ചില മാറ്റങ്ങൾ വരുത്തി 1993-ൽ ഡോസിനുവേണ്ടിയും വിൻഡോസിനുവേണ്ടിയും പ്രത്യേകം പ്രത്യേകം നാലാം പതിപ്പും 1994-ൽ വിൻഡോസിനുവേണ്ടിയുള്ള അഞ്ചാം പതിപ്പും പുറത്തിറക്കി. എങ്കിലും ഇവക്കൊന്നും പഴയ പ്രതാപമുണ്ടായിരുന്നില്ല.[8]

തൊണ്ണൂറുകളുടെ മദ്ധ്യമായപ്പോഴേക്കും ഒറ്റക്കൊരു സ്പ്രെഡ്ഷീറ്റ് എന്നതിനുപകരം ലോട്ടസിന്റെ ഓഫീസ് ആപ്ലിക്കേഷൻ സ്വീറ്റായ ലോട്ടസ് സ്മാർട്ട്സ്വീറ്റിന്റെ ഭാഗമായി 1-2-3 മാറി. ലോട്ടസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഇതിനിടെ ഐ.ബി.എമ്മിൽ ലയിക്കുകയും ചെയ്തു. ചെലവുകുറഞ്ഞ ഓഫീസ് സ്വീറ്റായിരുന്ന സ്മാർട്ട്സ്വീറ്റ്, പല കമ്പ്യൂട്ടറുകൾക്കുമൊപ്പം മുൻകൂർ ഇൻസ്റ്റോൾചെയ്ത് വിൽക്കുകയും ചെയ്തിരുന്നു. എന്നാൽ 32 ബിറ്റിൽ പ്രവർത്തിക്കുന്ന വിൻഡോസ് 95 പുറത്തിറങ്ങിയതോടെ 1-2-3-യുടെ പ്രചാരത്തിന് വീണ്ടും കോട്ടം തട്ടി. ഇക്കാലത്ത് ഐ.ബി.എമ്മിന്റെ പരാജയമായ ഓ.എസ്./2-വിനുവേണ്ടി ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ലോട്ടസിന് 1-2-3-യുടെ ഒരു 32 ബിറ്റ് വിൻഡോസ് പതിപ്പ് പുറത്തിറക്കാൻ 1997 വരെ കാലതാമസം നേരിട്ടു. സ്മാർട്ട്സ്വീറ്റ് 97-നൊപ്പമുള്ള ഈ പതിപ്പ് 1-2-3 97 ആയിരുന്നു. ഇതിനുശേഷം 1-2-3 മില്ലെനിയം എഡിഷൻ എന്നൊരു പതിപ്പും 2002-ൽ 1-2-3 അവസാന പതിപ്പായ 9.8-ഉം പുറത്തിറക്കി. എന്നാൽ ഇവയിലൂടെയൊന്നും സ്പ്രെഡ്ഷീറ്റ് രംഗത്ത് ലോട്ടസിന് ഒരു ഉയർത്തെഴുന്നേൽപ്പിന് സാധിച്ചില്ല.

എൺപതുകളിൽ 1-2-3-യുടെ പിൻഗാമിയെന്നവണ്ണം ലോട്ടസ് വികസിപ്പിച്ച, സ്പ്രെഡ്ഷീറ്റ്, ഗ്രാഫ്, ഡേറ്റാബേസ്, വേഡ്പ്രോസർ എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച സംയോജിതസോഫ്റ്റ്വെയറായ ലോട്ടസ് സിംഫണിയും വിജയം കണ്ടിരുന്നില്ല.

കുറിപ്പുകൾ

തിരുത്തുക
  • ^ നിരകൾക്ക് A, B, C എന്നിങ്ങനെയുള്ള അക്ഷരങ്ങളും വരികൾക്ക് 1,2,3 എന്നിങ്ങനെ തുടർച്ചയായ സംഖ്യകളും ഉപയോഗിക്കുന്ന രീതിയാണ് A1 ശൈലി. മൈക്രോസോഫ്റ്റ് മൾട്ടിപ്ലാനിൽ അവതരിപ്പിച്ച R1C1 ശൈലിയിൽ വരികൾക്കും നിരകൾക്കും സംഖ്യകൾ തന്നയായിരുന്നു ഉപയോഗിച്ചിരുന്നത്. മൈക്രോസോഫ്റ്റ് എക്സെൽ പോലെയുള്ള ആധുനിക സ്പ്രെഡ്ഷീറ്റ് പ്രോഗ്രാമുകളിൽ ഈ രണ്ടു രീതികളിലേക്കും ആവശ്യാനുസരണം മാറാനുള്ള സൗകര്യമുണ്ട്.
  • ^ 1-2-3-യുടെ 3.0 പതിപ്പിൽ സി പ്രോഗ്രാമിങ് ഭാഷയിലേക്ക് മാറുന്നതുവരെ[9] അസെംബ്ലി ഭാഷയിൽത്തന്നെയായിരുന്നു അത് വികസിപ്പിച്ചിരുന്നത്.
  1. Whatever Happened To Lotus 1-2-3? Archived 2009-01-09 at the Wayback Machine., By Barbara Darrow, CRN, February 01, 2002, Acquired 2007-10-31
  2. 2.0 2.1 Oral history interview with Jonathan Sachs, Conducted by Martin Campbell-Kelly on 7 May 2004, Charles Babbage Institute, University of Minnesota.
  3. WKS File Extension - Open .WKS files
  4. WK1 File Extension - Open .WK1 files
  5. WK2 File Extension - Open .WK2 files
  6. WK3 File Extension - Open .WK3 files
  7. WK4 File Extension - Open .WK4 files
  8. "ലോട്ടസ് 1-2-3". മ്യൂസിയം ഓഫ് യുസർ ഇന്റർഫേസെസ് (in ഇംഗ്ലീഷ്). മെരിലാൻഡ് സർവകലാശാല. Archived from the original (html) on 2017-09-27. Retrieved 15 ഒക്ടോബർ 2012.
  9. പീറ്റർ എച്ച്. ലൂയിസ് (1988 മാർച്ച് 13). "THE EXECUTIVE COMPUTER; Lotus 1-2-3 Faces Up to the Upstarts" (html). ന്യൂയോർക്ക് ടൈംസ് (in ഇംഗ്ലീഷ്). Retrieved 2012 ഒക്ടോബർ 14. Release 3.0 is being written in the computer language known as C, to provide easy transportability among PC's, Macs and mainframes. {{cite news}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോട്ടസ്_1-2-3&oldid=4117822" എന്ന താളിൽനിന്ന് ശേഖരിച്ചത്