റബ്ബർ മരം

ചെടിയുടെ ഇനം
(Hevea brasiliensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റബ്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റബ്ബർ (വിവക്ഷകൾ) എന്ന താൾ കാണുക. റബ്ബർ (വിവക്ഷകൾ)

അന്തരീക്ഷത്തിൽ ഈർപ്പം സ്ഥിരമായി നിലനിൽക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു മരമാണ് റബ്ബർ. 1850-കളിൽ വരെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ബ്രസീലിലായിരുന്നു റബർ ഉണ്ടായിരുന്നത്. കോളനിവത്കരണത്തിന്റെ ഭാഗമായി ഈ വൃക്ഷം ലോകമെമ്പാടുമുള്ള അനുയോജ്യകാലാവസ്ഥകളിലേക്ക് പടരുകയുണ്ടായി.

റബ്ബർ മരം
Hevea brasiliensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
H. brasiliensis
Binomial name
Hevea brasiliensis

മരത്തിന്റെ തൊലിക്കടിയിൽ നിന്നും ഊറിവരുന്ന ദ്രാവകം ഉറക്കുമ്പോഴാണ് ഇലാസ്തികതയുള്ള റബ്ബർ ആകുന്നത്. ഇതുപയോഗിച്ച് പെൻസിൽ കൊണ്ടെഴുതിയ എഴുത്തുകൾ ഉരച്ചുമായ്ച്ചുകളയാം (റബ്ബ് ചെയ്യാം - rub) എന്ന അറിവാണ്, മരത്തിനും അതിൽനിന്നുണ്ടാകുന്ന ഉല്പന്നത്തിനും റബർ (Rubber)എന്ന നാമം നൽകുന്നതിന് കാരണമായത്. ഇംഗ്ലീഷ് രസതന്ത്രജ്ഞനായ പ്രീസ്റ്റ്‌ലിയാണ് ഇത് കണ്ടുപിടിച്ചത്. ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാർ കരയുന്ന മരം എന്ന അർ‍ത്ഥത്തിൽ, കാവു-ചു എന്നാണ് വിളിച്ചിരുന്നത്. ആമസോൺ നദിയുടെ തീരത്തുള്ള പാരാ തുറമുഖത്തുനിന്ന് ആദ്യമായ് കയറ്റി അയക്കപ്പെട്ടതിനാൽ പാരാറബ്ബർ എന്നും അറിയപ്പെടുന്നു.

പ്രത്യേകതകൾ

തിരുത്തുക

റബ്ബർ ഒരു ഇലകൊഴിയും വൃക്ഷമാണ്. ഏറെ ബലമില്ലാത്ത ഇതിന്റെ തടി അധികം വളവില്ലാതെ നേരെ വളരുന്നു. സാധാരണ ചുവട്ടിൽ നിന്നും ശാഖകളുണ്ടാകില്ല. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ റബ്ബർ ഇലകൊഴിക്കുകയും ഒരു മാസത്തിനുള്ളിൽ വീണ്ടും തളിർക്കുകയും ചെയ്യുന്നു. കമ്പുകളുടെ അഗ്രഭാഗങ്ങളിലും ഇലകളുടെ കക്ഷങ്ങളിലും പൂങ്കുലകളിലായി പൂകൽ 300 കായ്ക്കൾ ഉണ്ടാകുന്നു. ഓരോ കായിലും ഓരോ വിത്തുകൾ ഉൾക്കൊള്ളുന്ന മൂന്നറകൾ ഉണ്ടാകും. ഉണങ്ങിയ കായ്കൾ ശബ്ദത്തോടുകൂടി പൊട്ടിത്തെറിക്കുകയും വിത്തുകൾ ഒരു പുതിയവൃക്ഷത്തിനനുയോജ്യമായ ദൂരത്തിൽ ചിതറി വീഴുകയും ചെയ്യുന്നു.

വിത്തുവഴിയാണ് പ്രവർദ്ധനം നടക്കുന്നത്. അനുയോജ്യമായ അന്തരീക്ഷത്തിൽ ആറേഴ് ദിവസങ്ങൾക്കുള്ളിൽ വിത്തു മുളക്കുന്നു. കാലാവസ്ഥാ വ്യത്യാസമനുസരിച്ച് വിവിധസ്ഥലങ്ങളിൽ പ്രവർദ്ധന സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. തെക്കേ ഇന്ത്യയിൽ മൺസൂൺ മഴക്കാലത്തിനു അവസാനമാകുമ്പോഴേക്കും വിത്തുകൾ ഉണ്ടാകുന്നു

റബ്ബർ ച്ചെടികൾക്ക് കുറഞ്ഞത് 200 സെന്റീമീറ്റർ വാർഷിക വർഷപാതവും 21 °C-ൽ കൂടിയ താപനിലയും ആവശ്യമാണ്. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവ് ഇതിനില്ല. മാത്രമല്ല വെള്ളക്കെട്ടിനെ ചേറുക്കാനും ഇതിന് കഴിവില്ല. തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി ലഭിക്കുന്ന ശ്രീലങ്കയിലെ പടിഞ്ഞാറോട്ട അഭിമുഖമായുള്ള കുന്നുകളും കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചെരിവുകളും റബ്ബർ കൃഷിക്ക് വളരെ പറ്റിയതാണ്[1].

നടീൽ രീതി

തിരുത്തുക

ബഡ്ഡു ചെയ്ത തൈകൾ ജൂൺ മാസത്തിലോ സെപ്റ്റംബർ മാസത്തിലോ നടാവുന്നതാണ്. 75 സെമീ നീളത്തിലും 75 സെന്റീമീറ്റർ വീതിയിലും 75 സെന്റീമീറ്റർ ആഴത്തിലുമുള്ള കുഴികളിലാണ്‌ നടുന്നത്. ഇങ്ങനെ നിർമ്മിച്ച കുഴിയിൽ 55 സെന്റീമീറ്റർ ഉയരത്തിൽ മേൽമണ്ണ് ഇട്ട് നിറക്കുക. 13 കിലോഗ്രാം കാലിവളാം അല്ലെങ്കിൽ കമ്പോസ്റ്റോ 15 ഗ്രാം റോക്ക് ഫോസ്ഫേറ്റിനോട് കൂട്ടിച്ചേർത്തത് മേൽമണ്ണുമായി കലർത്തി ബാക്കി 20 സെന്റീ മീറ്റർ നിറയ്ക്കുക. വളഞ്ഞുപിരിഞ്ഞതോ ഒന്നിൽക്കൂടുതൽ തായ്‌വേരുകൾ ഉള്ളതോ ആയ തൈകൾ ഒഴിവാക്കി; തായ് വേരുകൾ മണ്ണിൽ ഇറങ്ങത്തക്കവിധം കുഴിയെടുത്ത് നടുകയും ചുവട്ടിലേക്ക് കൂടുതൽ മണ്ണ് ചേർത്ത് കൊടുക്കുകയും ചെയ്യുക.

തൈകൾ നടുമ്പോൾ തന്നെ പ്ലാറ്റ്ഫോം വെട്ടുകയും മണ്ണൊലിപ്പ് തടയുന്നതിലേക്കായി കോണ്ടൂർ ബണ്ടുകളും ഉണ്ടാക്കേണ്ടതാണ്‌. റബ്ബറിന്‌ പുതയായി ആവരണവിളകളും തൈ നടുന്ന സമയം തന്നെ നടാവുന്നതുമാണ്‌.

വിളവെടുപ്പ് (ടാപ്പിങ്)

തിരുത്തുക
പ്രധാന ലേഖനം: റബർ ടാപ്പിങ്
 
മഴക്കാലത്ത് വെട്ടാനായി റബ്ബർ മരത്തിൽ ഷേഡ് ഇട്ടിരിക്കുന്നു

റബർ മരത്തിന്റെ പട്ട(പുറം തൊലി)യിൽ നിയന്ത്രിതമായി മുറിവേല്പ്പിച്ച് അതിന്റെ കറ എടുക്കുന്ന പ്രക്രിയയാണ്‌ ടാപ്പിങ്ങ് എന്ന് പറയുന്നത് [2][3]. ഏകദേശം ഏഴുവർഷത്തോളം വളർന്ന റബ്ബർമരത്തിന്റെ തൊലിവെട്ടിയാണ് പാലെടുക്കുന്നത്. വിദഗ്ദ്ധനായ ടാപ്പിങ് തൊഴിലാളി, മരത്തിന്റെ തൊലി വെട്ടി ചെരിഞ്ഞ ഒരു ചാലുണ്ടാക്കുന്നു. ഇതിനായി വളഞ്ഞ ഒരു പ്രത്യേകതരം കത്തിയാണ് ഉപയോഗിക്കുന്നത്. ഈ ചാലിലൂടെ റബറിന്റെ പശ അഥവാ പാൽ ഊറീവരുന്നു. ഈ പശ ശേഖരിക്കുന്നതിന് ചാലിന്റെ താഴത്തെ അറ്റത്ത് ഒരു പാത്രം ഘടിപ്പിച്ചിരിക്കും. പൊതുവേ ചിരട്ടയാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. പൊതുവേ ടാപിങ് പ്രഭാതത്തിലാണ് നടത്താറുള്ളത്. വൈകുന്നേരമാകുമ്പോഴേക്കും താഴെ ഘടിപ്പിച്ചിട്ടുള്ള പാത്രത്തിൽ ശേഖരിക്കപ്പെടുന്ന പാൽ വലിയ പാത്രങ്ങളിൽ പകർത്തിക്കൊണ്ടുപോകുന്നു[1].

ജൂൺ - സെപ്റ്റംബർ മാസങ്ങളിലാണ്‌ ടാപ്പിങ് നടത്തുന്നത്. ടാപ്പിങ്ങിന്‌ തിരഞ്ഞെടുക്കേണ്ട മരങ്ങൾക്ക്; ഒട്ടുബന്ധത്തിൽ നിന്നും 125 സെന്റീ മീറ്റർ ഉയരത്തിൽ 50 സെന്റീ മീറ്റർ വണ്ണം ഉണ്ടായിരിക്കണം. തോട്ടത്തിലെ 50 ശതമാനം മരങ്ങളെങ്കിലും നിശ്ചിത വണ്ണം ഇല്ലെങ്കിൽ‍ ടാപ്പിങ്ങ് ലാഭകരമായിരിക്കില്ല. 50 സെന്റിമീറ്ററിൽ കുറഞ്ഞ വണ്ണത്തിലുള്ള മരങ്ങളുടെ പട്ടയുടെ കനം കുറവായിരിക്കുകയും തടിയിൽ കൊള്ളാതെ ടാപ്പിങ്ങ് നടത്തുന്നതിന്‌ കഴിയാതിരിക്കുകയും ചെയ്യും. തോട്ടത്തിലെ മരങ്ങളിൽ നിരകൾക്ക് സമാന്തരമായി ഒരേ വശത്തുതന്നെ മാർക്കു ചെയ്യുന്നത് ടാപ്പിങ്ങ് കൂടുതൽ സൗകര്യപ്രദമാക്കും. ഒരു ഏക്കറിൽ നിന്നും ദിവസം ശരാശരി 10 കിലോഗ്രാം ഉണങ്ങിയ റബ്ബർ ലഭിക്കാറുണ്ട്[4].

മരത്തിൽ വെട്ടുന്ന ചാൽ, അതിനെ പൂർണ്ണമായും ചുറ്റി കൂട്ടിമുട്ടാത്തരീതിയിലായിരിക്കണം ടാപ്പിങ് നടത്തേണ്ടത്. ഇങ്ങ്നെ സംഭവിക്കുന്നത്, മരത്തിന്റെ വേരിൽ നിന്നും വെള്ളവും വളവും ലഭിക്കുന്നത് തടയുകയും മരം നശിച്ചുപോകാനിടവരുകയും ചെയ്യുന്നു[1].

മാർക്കിംഗ് രീതി

തിരുത്തുക
 
റബർമരത്തിൽനിന്ന് പാൽ ശേഖരിക്കുന്നു

ടെമ്പ്ലേറ്റും മാർക്കിംഗ് കത്തിയുമുപയോഗിച്ചാണ്‌ റബ്ബറിന്‌ മാർക്ക് ചെയ്യുന്നത്. 125 സെന്റീ മീറ്റർ നീളമുള്ള മരക്കഷണത്തിൽ 30° ചരിവിൽ ടെമ്പ്ലേറ്റുകൾ ഉറപ്പിക്കുന്നത് മാർക്കിംങ്ങ് എളുപ്പത്തിലാക്കുന്നതിന്‌ ഉപകരിക്കും. സാധാരണയായി ടെമ്പ്ലേറ്റിന്റെ വീതി ഒരു വർഷം വെട്ടുന്ന പട്ടയുടെ വീതി ആയിരിക്കും 125 സെന്റീ മീറ്റർ ഉയരത്തിൽ മരത്തിന്റെ ചുറ്റളവിന്റെ നേർപകുതി കണക്കാക്കി മരത്തിന്റെ രണ്ട് വശങ്ങളിലും സ്കെയിൽ ഉപയോഗിച്ച് നേർവരകൾ വരക്കുന്നു. മുന്നിൽ വരച്ചിരിക്കുന്നതിനെ മുൻകാന എന്നും പിറകിൽ വരക്കുന്നതിനെ പിൻകാന എന്നും പറയുന്നു. പിൻകാനയുടെ നീളം ഏകദേശം 30 സെന്റീ മീറ്റർ കൂടി നീട്ടി വരയ്ക്കുന്നു. രണ്ടു കാനകളും വരച്ചതിനുശേഷം ടെമ്പ്ലേറ്റ് മുൻകാനയോട് ചേർത്തുപിടിച്ച് മരത്തിന്റെ ഇടതുവശത്തേക്ക് ചുറ്റി പിൻകാനവരെ മാർക്ക് ചെയ്യുന്നു. ടെമ്പ്ലേറ്റിന്റെ മുകളിലെ ഭാഗത്തുകൂടിയും താഴത്തെ ഭാഗത്തു കൂടിയും, ടെമ്പ്ലേറ്റിന്റെ പൊഴികളിൽ കൂടിയും മാർക്കിങ്ങ് കത്തി ഉപയോഗിച്ച് മാർക്കുചെയ്യുന്നു. മുകളിൽ വരച്ചത് പിന്നീട് കത്തി ഉപയോഗിച്ച് വെട്ടുചാലായി തിരിക്കുന്നു. ടെമ്പ്ലേറ്റിന്റെ പൊഴികളിൽക്കൂടി വരച്ച വരകൾക്ക് സമാന്തരമായിട്ടായിരിക്കണം എപ്പോഴും വെട്ടുചാൽ നിലനിർത്തേണ്ടത്[3].

വെട്ടുചാലിന്റെ ചരിവ് നിശ്ചിത അളവിൽ (30°) കൂടിയാൽ മുൻകാന തറനിരപ്പിൽ എത്തുമ്പോൾ ത്രികോണാകൃതിയിൽ വെട്ടാനാകാതെ കുറച്ചു പട്ട പാഴാകാൻ ഇടയുണ്ട്. ചരിവ് കുറഞ്ഞാൽ വെട്ടുമ്പോൾ ഊറിവരുന്ന പാൽ പുറത്തേക്ക് കവിഞ്ഞൊഴുകുന്നതിനും കാരണമാകും.

സംസ്കരണം

തിരുത്തുക
 
റബറിനെ പായയാക്കി മാറ്റാനുള്ള യന്ത്രങ്ങൾ
 
റബ്ബർ പുകപ്പുര
 
ഉണക്കാനിട്ടിരിക്കുന്ന റബർഷീറ്റുകൾ

റബ്ബറിൽ നിന്നെടുക്കുന്ന പശ അഥവാ പാൽ, നേരിട്ടോ സംസ്കരിച്ചോ വിപണനം നടത്തുന്നു. നേരിട്ടുള്ള വിപണനത്തിനായി റബ്ബർ പാൽ ഉറക്കാതെ സൂക്ഷിക്കുന്നതിനായി രാസവസ്തുക്കൾ ചേർക്കുന്നു. ഭാരതത്തിൽ പ്രധാനമായും പായ (ഷീറ്റ്) രുപത്തിലാണു വിപണനത്തിനായി റബ്ബറിനെ സംസ്കരിക്കുന്നത്. ഇതിന്‌ മൂന്നു ഘട്ടങ്ങളുണ്ട്[1].

1. ഉറയ്ക്കൽ (Coagulation) - ദ്രാവകരൂപത്തിലുള്ള പശയെ ഖരരൂപത്തിലാക്കുന്ന പ്രക്രിയയാണിത്. റബ്ബർ പാൽ ചതുരാകൃതിയിലുള്ള വലിയ പാത്രങ്ങളിലൊഴിച്ച് അസെറ്റിക് അമ്ലവുമായി പ്രവർത്തിപ്പിക്കുന്നു (ഫോർമിക് അമ്ലം, സൾഫൂരിക് അമ്ലം എന്നിവയും ഉപയോഗിക്കാറുണ്ട്.). ഇതോടെ തട്ടുകളിലെ പശ ഖരരൂപത്തിലായി മാറുന്നു.

2. പരത്തൽ - ഖരരൂപത്തിലുള്ള റബ്ബറിനെ യന്ത്രസഹായത്തോടെ പരത്തി പായ രൂപത്തിലാക്കുന്നു.

3. പുകയ്ക്കൽ - പരത്തിയെടുക്കുന്ന റബ്ബർ പായകൾ, പുകപ്പുരകളിൽ മരം കത്തിച്ച് പുക കൊള്ളിക്കുന്നു. ഇത്തരത്തിൽ തയ്യാറാക്കിയ റബ്ബർ പായകൾ കെട്ടുകളാക്കി വിൽക്കുന്നു.

റബറും തേനും

തിരുത്തുക

ധാരാളം തേനുല്പാദിപ്പിക്കുന്ന ഒരു സസ്സ്യം കൂടിയാണ് റബർ. തേനീച്ച കർഷകർ തേനീച്ച പെട്ടികൾ റബർ തോട്ടങ്ങളിൽ സ്ഥാപിച്ച് വൻ തോതിൽ തേനുല്പാദനം നടത്തുന്നു. റബർ മരം തളിർക്കുന്ന കാലത്താണ് തേനുല്പാദിപ്പിക്കപ്പെടുന്നത്. മറ്റ് സസ്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി റബർ മരത്തിന്റെ തളിരിലാണ് തേൻ പുറപ്പെടുവിക്കപ്പെടുന്നത്. റബർ പൂവിൽ തേനുണ്ടാവാറില്ല.

ചരിത്രം

തിരുത്തുക

ആമസോൺ നദീതീരത്തുണ്ടായിരുന്ന ഈ വൃക്ഷം അങ്ങോട്ടേയ്ക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി ഇംഗ്ലീഷുകാർ തിരിച്ചറിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹെന്രി വിക്‌ഹാം എന്ന ഇംഗ്ലീഷുകാരനാണ്, റബ്ബർ മരത്തിന്റെ വിത്തുകൾ ലണ്ടനിലെത്തിച്ചത്. ഈ വിത്തുകൾ പിന്നീട് റബ്ബറിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്കായി ഇന്ത്യയിലേക്കയച്ചു. എന്നാൽ ഇന്ത്യയിൽ റബ്ബർകൃഷി അത്ര വിജയകരമായിരുന്നില്ല. ഇതിനെത്തുടർന്ന് ഇംഗ്ലീഷുകാർ റബ്ബർ ശ്രീലങ്കയിൽ കൃഷി ചെയ്യാൻ ശ്രമിച്ചു. കൊളംബോക്ക് 17 മൈൽ പുറത്തുള്ള ഹെനറത്ത്ഗോഡ (heneratgoda) എന്ന സ്ഥലത്താണ് ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത്. ശ്രീലങ്കയിലെ റബ്ബർ കൃഷി നല്ല വിജയമായിരുന്നു. 1877-ൽ റബ്ബർ മലേഷ്യയിലെത്തി[1]‌. തെക്കുകിഴക്കൻ ഏഷ്യയിലെങ്ങും റബർ കൃഷി പിന്നീട് പടർന്നു.

ഇന്ന് മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക, ബ്രസീൽ, വിയറ്റ്നാം, നൈജീരിയ, ലൈബീരിയ, കംബോഡിയ, കോംഗോ, ഫിലിപ്പൈൻസ്, ഘാന, ന്യൂഗിനിയ, ബർമ്മ, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ റബ്ബർകൃഷിയുണ്ട്.

ഉപയോഗങ്ങൾ

തിരുത്തുക

ഇന്നു മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുവാണ് റബ്ബർ. മനുഷ്യൻ തന്റെ സുഖഭോഗങ്ങൾക്കായുപയോഗിക്കുന്ന മിക്കവസ്തുക്കളിലും റബ്ബറിന്റെ സാന്നിദ്ധ്യമുണ്ട്. ടയർ, സ്പോഞ്ച് മുതലായവയാണ് ഏറ്റവും പരിചിതമായ ഉദാഹരണങ്ങൾ. ബലം കുറഞ്ഞ തടി വീഞ്ഞപ്പെട്ടികളുണ്ടാക്കാനും വിറകായും ഉപയോഗിക്കുന്നു. കായും വിറകായുപയോഗിക്കാറുണ്ട്. തടി സംസ്കരിച്ച് ബലപ്പെടുത്തി വീട്ടുപകരണങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്.

ഇടവിളകൾ

തിരുത്തുക

മരം നട്ട് ഒന്നാം വർഷത്തിനും മൂന്നാം വർഷത്തിനും ഇടയിൽ ഇടവിളകൾ കൃഷിചെയ്യുന്നതാണ്‌ ഉത്തമം. അതിലൂടെ മരത്തിന്‌ തടസ്സമില്ലാതെ ആദായകരമായി കൃഷി ഇറക്കുന്നതിന്‌ സഹായിക്കും. വാർഷിക വിളകളായ കൈതച്ചക്ക, പച്ചക്കറികൾ, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, വാഴ എന്നിവയും ഏകവർഷ ഔഷധസസ്യങ്ങളും നടാവുന്നതാണ്. തൈകൾക്ക് കാലാകാലങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള അളവിൽ വളം നൽകണം. കൂടാതെ ഇടവിളക്ക് നിർദ്ദേശിച്ചിട്ടുള്ളതിൽ കൂടുതൽ അളവിലും വളം നൽകണം. സ്ഥലം, സൂര്യപ്രകാശത്തിന്റെ ലഭ്യത, അന്തരീക്ഷത്തിലും മണ്ണിലും ഉണ്ടാകേണ്ട ഈർപ്പത്തിന്റെ അളവ് എന്നീ കാര്യങ്ങളിൽ വിളകൾ തമ്മിൽ മത്സരിക്കുന്നതിന്‌ ഇടനൽകാത്ത രീതിയിലായിരിക്കണം ഇടവിളകൾ കൃഷി ചെയ്യേണ്ടത്.[5]. കേരളത്തിൽ ശുപാർശചെയ്തിട്ടുള്ള ഇടവിളകൾ.

കൈതച്ചക്ക

തിരുത്തുക

75 സെ.മീ വീതിയിലും 25 സെ.മീ താഴ്ചയിലും ചാലുകൾ നിർമ്മിച്ച് ചാണകമോ കമ്പോസ്റ്റോ ഇട്ട് രണ്ട് നിരയായി നടാം. ഒരു ഹെക്ടറിൽ ഇപ്രകാരം 10000 (പതിനായിരം) തൈകൾ വരെ നടാം. തൈകൾ തമ്മിൽ 60 X 30 സെ.മീ അകലം വേണം. ആദ്യത്തെ വിളവെടുപ്പിന്‌ 18 മാസം വേണ്ടിവരും. നാലുവർഷം കൊണ്ട് വിളവെടുത്ത് പൂർത്തിയാക്കാം.[5].

 
റബ്ബറിന്‌ ഇടവിളയായി പൈനാപ്പിൾ കൃഷി

മിക്കവാറും എല്ലാത്തരം വാഴകളും ഇടവിളയായി കൃഷിചെയ്യാവുന്നതാണ്‌.

ഇഞ്ചി/മഞ്ഞൾ

തിരുത്തുക

കിഴങ്ങുവർഗ്ഗങ്ങൾ

തിരുത്തുക

പച്ചക്കറികൾ

തിരുത്തുക

പച്ചമരുന്നുകൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 287–289. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ലാൽസി കുരുവിള ,കർഷകശ്രീ മാസിക, ജൂൺ 2008, താൾ 30
  3. 3.0 3.1 പി.ജി.സലീ.കുമാർ. കർഷകശ്രീമാസിക. ഏപ്രിൽ 2009. പുറം 26-28
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 667. 2010 ഡിസംബർ 06. Retrieved 2013 മാർച്ച് 06. {{cite news}}: Check date values in: |accessdate= and |date= (help)
  5. 5.0 5.1 കർഷകശ്രീ മാസിക. 2008 ജൂൺ താൾ 42.
"https://ml.wikipedia.org/w/index.php?title=റബ്ബർ_മരം&oldid=3525043" എന്ന താളിൽനിന്ന് ശേഖരിച്ചത്