ഹെറാത്ത്

(Herat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഒരു പ്രധാനപ്പെട്ട നഗരമാണ് ഹെറാത്ത് (പേർഷ്യൻ: هرات), പുരാതനകാലത്ത് ആറിയ എന്നും അറീയപ്പെട്ടിരുന്നു. 3,97,500-ത്തോളം പേർ അധിവസിക്കുന്ന ഹെറാത്ത് അഫ്ഗാനിസ്താനിലെ മൂന്നാമത്തെ വലിയ നഗരവും ഹെറാത്ത് പ്രവിശ്യയുടെ ആസ്ഥാനവുമാണ്. മദ്ധ്യ അഫ്ഗാനിസ്താൻ മലകളിൽ നിന്ന് പുറപ്പെട്ട് കാരകും മരുഭൂമിയിലേക്ക് പ്രവഹിക്കുന്ന ഹരി റുദ് നദിയുടെ തീരത്താണ് ഹെറാത്ത് സ്ഥിതി ചെയ്യുന്നത്. പേർഷ്യൻ ഭാഷികളായ താജിക്കുകളാണ് ഇവിടെ അധിവസിക്കുന്ന പ്രധാന ജനവിഭാഗം. ഇവർ കിഴക്കൻ ഇറാനിലെ പേർഷ്യൻ ഭാഷികളോട് സാമ്യമുള്ളവരുമാണ്[1][2].

ഹെറാത്ത്

هرات
നഗരം
Skyline of ഹെറാത്ത്
പതാക ഹെറാത്ത്
Flag
രാജ്യം Afghanistan
പ്രവിശ്യഹെറാത്ത് പ്രവിശ്യ
ജില്ലഹെറാത്ത് ജില്ല
ഉയരം
920 മീ(3,020 അടി)
ജനസംഖ്യ
 (2006)
 • ആകെ3,49,000
 Central Statistics Office of Afghanistan
സമയമേഖലUTC+4:30 (Afghanistan Standard Time)

ഫലഭൂയിഷ്ടമായ മേഖലയിൽ സ്ഥിതിചെയ്യുന്ന ഹെറാത്തിൽ നിന്നുള്ള വീഞ്ഞ് പേരുകേട്ടതാണ്. പുരാതനകാലം മുതലേ പേരുകേട്ട ഒരു നഗരമായ ഇവിടെ അനവധി പഴയകാലകെട്ടിടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിലെ സൈനികാക്രമണങ്ങളിൽ നാശനഷ്ടങ്ങൾക്ക് വിധേയമായിട്ടുണ്ട്. അലക്സാണ്ടർ പണിതീർത്തതെന്നു പറയപ്പെടുന്ന ഒരു കോട്ടയും ഹെറാത്തിലുണ്ട്.

മദ്ധ്യകാലത്ത് ഖുറാസാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായിരുന്ന ഹെറാത്ത്, ഖുറാസാന്റെ മുത്ത് എന്നറിയപ്പെട്ടിരുന്നു. തിമൂറി സാമ്രാജ്യകാലത്ത് ഇത് സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങളിലൊന്നായിരുന്നു. മദ്ധ്യപൂർവ്വദേശത്തേയും മദ്ധ്യ-ദക്ഷിണ ഏഷ്യയിലേയും പുരാതന വ്യാപാരപാതയിൽ നിലകൊള്ളുന്ന ഹെറാത്തിൽ നിന്നും ഇറാനിലേക്കും തുർക്ക്മെനിസ്താനിലേക്കും, അഫ്ഗാനിസ്താനിലെ മസാർ-ഇ ഷറീഫിലേക്കും കന്ദഹാറിലേക്കുമുള്ള പാതകൾ ഇപ്പോഴും തന്ത്രപ്രധാനമായവയാണ്. അഫ്ഗാനിസ്താനിൽ നിന്നും ഇറാനിലേക്കുള്ള കവാടമായ ഹെറാത്ത്, കടത്തുനികുതിവരുമാനകാര്യത്തിൽ രാജ്യത്ത് ഏറ്റവും മുൻപിലാണ്.

ചരിത്രം

തിരുത്തുക

സൊറോസ്ട്രിയൻ മതഗ്രന്ഥമായ അവെസ്തയിലെ വിദേവ്ദാത്തിൽ പരാമർശിക്കുന്ന പതിനാറ് പ്രദേശങ്ങളിൽ ആറാമത്തേതാണ് ഹറോവിയ/ഏറിയ എന്ന ഹെറാത്ത്.[3][4] ഹഖാമനി കാലത്തിനു മുൻപ്, ഹെറാത്ത്, ഹേറോയ്‌വ/ഏറിയ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

പതിമൂന്നാം നൂറ്റാണ്ടിൽ ചെങ്കിസ് ഖാന്റെ സൈന്യം ഹെറാത്ത് ആക്രമിക്കുകയും കൊള്ളയടിച്ച് തകർക്കുകയും ചെയ്തിരുന്നു. എന്നാൽ 200 വർഷങ്ങൾക്കു ശേഷം, തിമൂറി കാലഘട്ടത്തിൽ ഇത് ഏഷ്യയിലെ പ്രധാന നഗരമായി മാറുകയും കലാസാംസ്കാരികകേന്ദ്രമെന്ന് നിലയിൽ അറിയപ്പെടുകയും ചെയ്തു.[5]

തിമൂറി സാമ്രാജ്യകാലം

തിരുത്തുക
 
ഷാ രൂഖിന്റെ പ്രതിമ

പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിമൂറിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകൻ ഷാ രൂഖിന്റെ ഭരണകാലത്ത് ഹെറാത്ത് തിമൂറി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഷാ രൂഖിന്തേയ്യും അദ്ദേഹത്തിന്റെ പിൻ‌ഗാമികളുടേയും (പ്രത്യേകിച്ച് ഹുസൈൻ ബൈഖാറയുടെ) ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളർന്നു.[6][7]

പതിനഞ്ചാം നൂറ്റാണ്ട്, ഹെറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യസമ്പൂർണ്ണമായ കാലമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാലത്ത് നിരവധി കലാകാരന്മാരും സാഹിത്യകാരന്മാരും ചിന്തകരും കരകൗശലവിധഗ്ദ്ധരും ഹെറാത്തിലേക്ക് ആകർഷിക്കപ്പെട്ടു. മുൻപ് മംഗോളിയൻ ആക്രമണങ്ങളിൽ തകർന്ന ഈ മേഖലയിലെ വ്യാപാരം മുൻ‌കാലങ്ങളിലെപ്പോലെ വീണ്ടും സജീവമായി. ഹെറാത്തിലെ കോട്ട ഷാ രൂഖിന്റെ കൽപ്പനപ്രകാരം പുതുക്കി നിർമ്മിക്കപ്പെട്ടു.

ഷാരൂഖിന്റെ പിൻ‌ഗാമിയായിരുന്ന ഉലൂഘ് ബെഗ് സമർഖണ്ഡ് കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയതെങ്കിലും ഉലൂഘ് ബെഗിന്റേയും പുത്രൻ അബ്ദ് അൽ ലത്തീഫിന്റേയും ഭരണം വളരെക്കുറച്ചുകാലമേ നീണ്ടുനിന്നുള്ളൂ. പിന്നീട് 1455-ൽ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, ഹെറാത്തിൽ ഭരണം ഏറ്റെടുത്തെങ്കിലും ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഹെറാത്തിൽ അധികാരമേറ്റ സുൽത്താൻ ഹുസൈൻ ഇബ്ൻ ബൈഖാറ ദീർഘനാൾ (1469-1506) ഹെറാത്തിൽ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു.[6]

പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം

തിരുത്തുക

1507-ൽ ഹെറാത്ത് ഉസ്ബെക്കുകളായ ഷൈബാനി രാജവംശത്തിലെ മുഹമ്മദ് ഷൈബാനി ഖാൻ ആക്രമിച്ചു കീഴടക്കി. എന്നാൽ മുൻ‌കാല അധിനിവേശങ്ങൾ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാൻ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയിൽ തുടരാൻ അനുവദിക്കുകയും നഗരവാസികളീൽ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.

1510-ൽ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി പേർഷ്യയിലെ സഫവികൾ ഹെറാത്ത് കൈക്കലാക്കി. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഹെറാത്ത്, സഫവികളുടെ നിയന്ത്രണത്തിലായിരുന്നു. എങ്കിലും ഉസ്ബെക്കുകൾ ഇവിടെ ഇടക്കിടെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇടക്ക് ചില അവസരങ്ങളിൽ ഹെറാത്ത് ഉസ്ബെക്ക് നിയന്ത്രണത്തിലാകുകയും ചെയ്തിട്ടുണ്ട്. പേർഷ്യക്കാരുടെ നിയന്ത്രണത്തിലായതോടെ മുൻപ് അധികവും സുന്നികളായിരുന്ന ഹെറാത്തിലെ തദ്ദേശീയർ, ഷിയാ വിശ്വാസത്തിലേക്ക് ക്രമേണ മാറി[8].

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവും പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, ഹെറാത്ത്, അബ്ദാലി പഷ്തൂണുകളുടെ കേന്ദ്രമായി.[5] 1715/16-ൽ അബ്ദാലികൾ പേർഷ്യക്കാരിൽ നിന്നും ഹെറാത്ത് പിടിച്ചടക്കി.[9] പിന്നീട് 1732-ൽ നാദിർ ഷാ വീണ്ടും ഹെറാത്ത് പിടീച്ചടക്കിയെങ്കിലും ഷായുടെ മരണശേഷം, 1747-ൽ അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള ദുറാനി സാമ്രാജ്യത്തിന്റെ കീഴിലായി. ഏതാണ്ട് 70 വർഷത്തിനു ശേഷം ദുറാനി സാമ്രാജ്യം ശീഥിലമാകുമ്പോൾ രാജവംശത്തിന്റെ അവസാന അഭയകേന്ദ്രമായിരുന്നു ഹെറാത്ത്. 1818-ൽ മഹ്മൂദ് ഷാ ദുറാനി, ഹെറാത്തിൽ അഭയം തേടുകയും ഹെറാത്തിൽ നിന്നും ഭരണം തുടരുകയും ചെയ്തു. മഹ്മൂദിന്‌ശേഷം പുത്രൻ കമ്രാൻ ഇവിടെ നിന്നും ഭരണം നടത്തി.[7]

ചരിത്രാവശിഷ്ടങ്ങൾ

തിരുത്തുക
 
ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളി

തിമൂറി കാലത്തെ ഹെറാത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 1450x1350 മീറ്റർ വിസ്തൃതിയുള്ള ഈ പട്ടണത്തിന്റെ ചുറ്റുമതിൽ1940 വരെ നിലനിന്നിരുന്നു. ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും തുടങ്ങുന്ന പരസ്പരം ലംബമായ രണ്ട് വീഥികൾ നഗരത്തെ നാലു ഭാഗങ്ങളായി വിഭജിക്കുന്നു. ഈ വീഥികൾ പട്ടണത്തിന്റെ ഒത്ത നടുക്ക് സന്ധിക്കുന്നു. ഈ സംവിധാനം ചഹാർ സൂഖ് അഥവാ ചാർ സൂഖ് എന്നറിയപ്പെടുന്നു. പട്ടണത്തിന്റെ നാലു കാൽഭാഗങ്ങളിൽ വടക്കുപടിഞ്ഞാറുഭാഗത്താണ് കർത്തുകൾ മുപ് നിർമ്മിച്ച കോട്ട സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ വെള്ളിയാഴ്ചനമസ്കാരപ്പള്ളി വടക്കുകിഴക്കുഭാഗത്താണ്.

ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളിക്ക് പത്താം നൂറ്റാണ്ടുമുതലോ അതിനു മുൻപോ ഉള്ള ചരിത്രമുണ്ട്. ചെങ്കിസ് ഖാൻ തകർത്ത് ഈ പള്ളി, കർത്തുകൾ പുനരുദ്ധരിച്ചിരുന്നു. ഹുസൈൻ ബൈഖാറയുടെ കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിയും കവിയുമായിരുന്ന മീർ അലി ഷീറിന്റെ നേതൃത്വത്തിൽ വീണ്ടും ഇത് പുതുക്കിപ്പണിതു.

 
മൂസല്ല സമുച്ചയത്തിന്റെ അവശിഷ്ടങ്ങളായ ആറു ഗോപുരങ്ങളും ഇടത്തേ അറ്റത്ത് ഗോഹർഷാദിന്റെ ശവകുടീരവും കാണാം

അഫ്ഘാനിസ്താനിലെ ഇസ്ലാമികചരിത്രാവശിഷ്ടങ്ങളിൽ മഹത്തരമായ ഒന്നായ മൂസല്ല സമുച്ചയം ഹെറാത്തിലെ തിമൂറി കാലഘട്ടത്തിലെ നിർമ്മിതികളിൽ പേരുകേട്ടതാണ്. 1417-ലാണ് ഈ സമുച്ചയത്തിന്റെ പണി തുടങ്ങിയത്. ഷാ രൂഖിന്റെ ഭാര്യയായിരുന്ന ഗോഹർഷാദ് ബീഗം ആയിരുന്നു ഇത് പണികഴിപ്പിച്ചത്. ഗോഹർഷാദിന്റേയും, ഷാരൂഖിന്റെ ഒരു പുത്രൻ ഘിയാസ് അൽ ദീൻ ബൈസൺ ഘോറിന്റേയും ശവകുടീരം ഈ സമുച്ചയത്തിനടൂത്താണ് സ്ഥിതി ചെയ്യുന്നത്.

പേരുകേട്ട കലാ-സാഹിത്യാസ്വാദകനായിരുന്ന ഘിയാസ് അൽ ദീൻ ബൈസൺ ഘോർ ഹെറാത്തിൽ ഖിത്താബ് ഖാന എന്ന പേരിൽ ഒരു ഗ്രന്ഥശാല സ്ഥാപിച്ചിരുന്നു. ഇതിന്റെ പണി, 1426-ലാണ് പൂർത്തിയായത്. ഇവിടെ എഴുത്തുകാർ നിരവധി കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതി സൂക്ഷിക്കുന്ന പണിയിൽ ഏർപ്പെട്ടിരുന്നു. ഇന്ന് തെഹ്രാനിലെ ഗുലിസ്താൻ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള ഫിർദോസിയുടെ ഷാ നാമെ ഇവിടെനിന്നും ലഭിച്ചതാണ്.

തിമൂറി ഭരണാധികാരികൾ, പട്ടണത്തിന് പുറത്ത് വലിയ പൂന്തോട്ടങ്ങൾ തീർത്തിരുന്നു. ഗസീംഗാഹിലുള്ള ബാഗ്-ഇ-മൊറാദ് (ബാഗ്-ഇ ജഹാങ് ആറാ) പോലെയുള്ള തോട്ടങ്ങളിലായിരുന്നു രാജാവും മറ്റും അധികസമയവും കഴിഞ്ഞിരുന്നത് എന്നതിനാൽ ഈ ബാഗുകൾ (പൂന്തോട്ടങ്ങൾ) യഥാർത്ഥത്തിൽ ഇവിടത്തെ അധികാരകേന്ദ്രങ്ങളായിരുന്നു

നഗരത്തിന് അഞ്ച് കിലോമീറ്റർ കിഴക്കായുള്ള ഗാസിർഗാഹ് മറ്റൊരു പ്രധാനപ്പെട്ട പുരാതനനിർമ്മിതിയാണ്. സൂഫി കവിയും തത്ത്വചിന്തകനുമായിരുന്ന ഖാജ അബ്ദ് അല്ലാ അൻസാരിയാണ് ഈ ആശ്രമം സ്ഥാപിച്ചത്. 1006-ൽ ഇദ്ദേഹം ഹെറാത്തിലാണ് ജനിച്ചത്. 1428-ലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം പുനരുദ്ധരിച്ചത്[6].

ഇതും കാണുക

തിരുത്തുക
  1. H. F. Schurmann, The Mongols of Afghanistan: an Ethnography of the Moghols and Related Peoples of Afghanistan. The Hague: Mouton, 1962:[1] ; p. 75: "... the Tajiks of Western Afghanistan [are] roughly the same as the Khûrâsânî Persians on the other side of the line ..."
  2. Afghanistan's Provinces– Herat at NPS
  3. Voglesang, Willem (2002). "6 - Scythian Horsemen". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 91–93. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Frantz Grenet (CNRS/Ecole Pratique des Hautes Etudes, Paris) (2005). "Chapter 2 - An archeological approch to Avestan Geography". Birth of the Persian Empire Volume I. New York: IB Tauris & Co. Ltd. London. p. 31. ISBN 1845110625. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. 5.0 5.1 William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 1 - Descriptive". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 7. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. 6.0 6.1 6.2 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 209–212. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  7. 7.0 7.1 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter V The Struggle for Herat". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 82. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. Vogelsang, Willem (2002). The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 214–215. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help); Text "14-Towards the Kingdom of Afghanistan" ignored (help)
  9. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 39. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഹെറാത്ത്&oldid=3839452" എന്ന താളിൽനിന്ന് ശേഖരിച്ചത്