അഫ്ഗാനിസ്താനിലെ ഹെറാത്തിൽ സ്ഥിതി ചെയ്യുന്ന തിമൂറി സാമ്രാജ്യകാലത്തെ ഒരു ചരിത്രാവശിഷ്ടമാണ് മൂസല്ല സമുച്ചയം. രാജ്യത്തെ ഇസ്ലാമികചരിത്രാവശിഷ്ടങ്ങളിൽത്തന്നെ മഹത്തരമായ ഒന്നാണിത്. 1417-ലാണ് ഈ സമുച്ചയത്തിന്റെ പണി തുടങ്ങിയത്. തിമൂറിന്റെ മകനും ചക്രവർത്തിയുമായിരുന്ന ഷാ രൂഖിന്റെ ഭാര്യയായിരുന്ന ഗോഹർഷാദ് ബീഗം ആയിരുന്നു ഇത് പണികഴിപ്പിച്ചത്. ഒരു മദ്രസ, ഒരു നമസ്കാരപ്പള്ളി എന്നിവയടങ്ങുന്ന ഈ സമുച്ചയത്തിന്റെ പണി 1432-ൽ പൂർത്തിയായി[1] ഹെറാത്തിലെ പഴയ പട്ടണത്തിന്റെ വടക്കാണ് ഈ ചരിത്രസ്മാരകം സ്ഥിതി ചെയ്യുന്നത്.[2]

മൂസല്ല സമുച്ചയത്തിന്റെ അവശിഷ്ടങ്ങളായ ആറു ഗോപുരങ്ങളും ഇടത്തേ അറ്റത്ത് ഗോഹർഷാദിന്റെ ശവകുടീരവും കാണാം
ഗോഹർഷാദിന്റെ ശവകുടീരം

സമുച്ചയത്തിന്റെ ഒരു ഭാഗം ഗോഹർഷാദിന്റെ തന്നെ ഖബറിടമാണ്. ഗോൺബാദ് ഇ സബ്സ് (പച്ച ശവകുടീരം) എന്നും ഈ ശവകുടീരം അറിയപ്പെടുന്നു.. സമർഖണ്ഡിലെ തിമൂറിന്റെ ശവകുടീരമായ ഗുർ-ഇ മീർ പോലെത്തന്നെ വാരികളുള്ള താഴികക്കുടം ഇതിനുണ്ട്. 1457-ൽ കൊല്ലപ്പെടുകയായിരുന്ന ഗോഹർഷാദ് ബീഗത്തിനു വേണ്ടി ഷാ രൂഖാണ് ഈ ശവകുടീരം പണികഴിപ്പിച്ചത്. എന്നാൽ ഗോഹർഷാദിനെ അടക്കം ചെയ്തത് മൂസല്ല സമുച്ചയത്തിലാണോ അതോ ഹെറാത്തിന് 111 കിലോമീറ്റർ പടിഞ്ഞാറുള്ള കുശാനിലെ ഷഡ്ഭുജാകൃതിയിലുള്ള ശവകുടീരത്തിലാണോ എന്ന കാര്യം തർക്കത്തിലാണ്.

മൂസല്ല സമുച്ചയത്തിലെ മദ്രസ നിർമ്മിച്ചത് ഹുസൈൻ ബൈഖാറയാണ്. അഫ്ഘാനിസ്താനിലെ മിക്ക തിമൂറിദ് കെട്ടിടങ്ങളും 1885-ൽ ബ്രിട്ടീഷുകാരുടെ കാലത്ത് തകർക്കപ്പെട്ടെങ്കിലും ശവകുടീരവും ആറ് ഗോപുരങ്ങളും ഹെറാത്തിൽ ഇപ്പോഴുമുണ്ട്. ഷാ രൂഖിന്റെ പുത്രനായിരുന്ന ഘിയാസ് അൽ ദീൻ ബൈസൺ ഘോറിന്റെ ഭൗതികാവശിഷ്ടവും ഈ കുടീരത്തിലാണ് അടക്കിയിരിക്കുന്നത്. പേരുകേട്ട കലാസ്വാദകനും പ്രോത്സാഹകനുമായിരുന്ന ഇദ്ദേഹം 1433-ൽ തന്റെ 37-ആം വയസിലാണ് മരണമടഞ്ഞത്. അമിതമദ്യപാനമാണ് ഇയാളുടെ അകാലമരണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു[1].

നാശനഷ്ടങ്ങൾ

തിരുത്തുക

1885-ൽ റഷ്യൻ സേനക്കെതിരെ ബ്രിട്ടീഷുകാർ നടത്തിയ ഒരു യുദ്ധസന്നാഹത്തിനു വേണ്ടിയായിരുന്നു മൂസല്ല സമുച്ചയം തകർത്തത്. 1884-ൽ റഷ്യൻ സാറിന്റെ പട, മാർവ് മരുപ്പച്ചയിലെ തുർക്ക്മെനുകളെ പരാജയപ്പെടുത്തുകയും അഫ്ഗാനിസ്താനും ഇറാനും വടക്കുള്ള എല്ലാ പ്രദേശങ്ങളും അധീനതയിലാക്കുകയും ചെയ്തു. തുടർന്ന് ഹെറാത്തിനും മാർവിനും ഇടയിലുള്ള പഞ്ച്ദീഹിലും റഷ്യൻ സൈന്യം എത്തിച്ചേർന്നു. പഞ്ച്ദീഹിനു ശേഷം, റഷ്യക്കാർ ഹെറാത്തിലേക്ക് കടക്കുമോ എന്ന ശങ്കയിലായിരുന്ന ബ്രിട്ടീഷുകാർ, യുദ്ധത്തിനുള്ള മൊന്നൊരുക്കത്തിന്റെ ഭാഗമായി, ഈ കെട്ടിടസമുച്ചയം തകർത്തു. റഷ്യക്കാരുടെ മുന്നേറ്റത്തിനെതിരെ നഗരത്തിലെ കൊത്തളങ്ങളിൽ നിന്നും വെടിയുതിർക്കുന്നതിനുള്ള സൗകര്യത്തിനായിരുന്നു ഇത്. യുദ്ധമേഖലയിലേക്കുള്ള വീക്ഷണം ഈ കെട്ടിടങ്ങൾ തടയുന്നുണ്ടായിരുന്നു.

പഞ്ച്ദീഹിൽ ബ്രിട്ടീഷ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും ഒരു പോരാട്ടത്തിനു മുതിരാതെ റഷ്യക്കാർ പിൻ‌വാങ്ങി. അങ്ങനെ പുരാതനമായ ഈ ചരിത്രസ്മാരകം പൊളിച്ചത് അനാവശ്യമായ നടപടിയായി. ഈ തകർക്കലിനു ശേഷം സമുച്ചയത്തിൽ, 9 മിനാരങ്ങളും ഗോഹർഷാദിന്റെ ശവകുടീരവും മാത്രമാണ് അവശേഷിച്ചത്. ഈ 9 മിനാരങ്ങളിൽ 3 എണ്ണം, 1931-ലും 1951-ലും സംഭവിച്ച ഭൂകമ്പങ്ങളിലാണ് തകർന്നത്.[2]

  1. 1.0 1.1 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 211. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 269. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മൂസല്ല_സമുച്ചയം&oldid=665975" എന്ന താളിൽനിന്ന് ശേഖരിച്ചത്