മധ്യേഷ്യയിലുള്ള ഒരു മരുഭൂമിയാണ് കാരകും മരുഭൂമി (തുർക്ക്മെൻ : Garagum) തുർക്മെൻ ഭാഷയിൽ 'കറുത്ത മണ്ണ്' എന്നാണ് ഈ പേരിന്റെ അർത്ഥം. തുർക്ക്മെനിസ്ഥാന്റെ ആകെ വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗവും ഈ മരുഭൂമിയാണ് . 3,50,000 ചതുരശ്ര കിലോമീറ്ററാണ് മരുഭൂമിയുടെ വിസ്തീർണ്ണം. ജനസാന്ദ്രത വളരെ കുറഞ്ഞ പ്രദേശമാണിത് (6.5 ചതുരശ്ര കിലോമീറ്ററിന് ഒരാൾ). വർഷത്തിൽ 70 മുതൽ 150 മില്ലിമീറ്റർ വരെയാണ് ഇവിടുത്തെ മഴയുടെ ലഭ്യത.[1] അരാൽ കടലിനു സമീപത്ത് കസാക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന മറ്റൊരു മരുഭൂമിയാണ് അരാൽ കാരകും മരുഭൂമി.

കാരകും മരുഭൂമി
മരുഭൂമി
Karakum Desert
കാരകും മരുഭൂമി, തുർക്ക്മെനിസ്ഥാൻ
രാജ്യം തുർക്ക്മെനിസ്ഥാൻ
സ്ഥലംകാരകും
വിസ്തീർണ്ണം
 • ആകെ3,50,000 കി.മീ.2(1,40,000 ച മൈ)
Dimensions
 • നീളം800 കിമീ(500 മൈ)
 • വീതി500 കിമീ(300 മൈ)
സമയമേഖലUTC+5 (TMT)
 • Summer (DST)UTC+5 (പിന്തുടരുന്നില്ല)

മറ്റു പേരുകൾതിരുത്തുക

കാരകും മരുഭൂമി പല പേരുകളിൽ അറിയപ്പെടുന്നു.

 • കരാ കും (Kara Kum)
 • കാര കും
 • ഗരാഗും (Garagum), (തുർക്മെൻ) ഉച്ചാരണം [ɡaɾaˈɡum]
 • ഗരാ ഗും (Gara Gum)
 • കരാക്കുമി (Karakumy), (റഷ്യൻ) : Караку́мы, tkərɐˈkumɨ]
 • Қарақұм (കസാഖ്)

സ്ഥാനംതിരുത്തുക

 
കാരകും മരുഭൂമിയുടെ ഉപഗ്രഹ ദൃശ്യം

തുർക്ക്മെനിസ്ഥാന്റെ പകുതിയിലധികം ഭാഗത്തായി വ്യാപിച്ചിരിക്കുന്ന കാരകും മരുഭൂമി കാസ്പിയൻ കടലിനു കിഴക്കായും അരാൽ കടലിനു വടക്കായും അമു ദര്യ നദിയുടെയും കൈസിൽ കും മരുഭൂമിയുടെയും വടക്കുകിഴക്കായും സ്ഥിതിചെയ്യുന്നു. അരാൽ കടലിനോടു ചേർന്നു കാണപ്പെടുന്ന മറ്റൊരു മരുഭൂമിയാണ് അരാൽ കാരകും. കടലിലെ ജലനിരപ്പ് കുറഞ്ഞതിന്റെ ഫലമായി രൂപംകൊണ്ട അരാൽ കാരകും മരുഭൂമിക്ക് 15440 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. സോവിയറ്റ് യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു. വൻ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് കടലിലെ ജലനിരപ്പ് കുറച്ചത്. അരാൽ കടൽ ഉത്തര ദിശയിൽ വികസിക്കുകയും ദക്ഷിണ ദിശയിൽ ചുരുങ്ങുകയും ചെയ്യുന്നതിനാൽ മരുഭൂമിയുടെ വലിപ്പം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.[2]

അതിരുകൾതിരുത്തുക

കാരകും മരുഭൂമിയുടെ വടക്കു ഭാഗത്ത് സരിക്കാമിഷ് ബേസിൻ (Sarykamysh Basin),കിഴക്കു ഭാഗത്ത് അമു ദര്യ, തെക്കു കിഴക്കു ഭാഗത്ത് ഗരാബിൽ അപ്‌ലാൻഡ്സ് (Garabil uplands), ബഡ്കിസ് സ്റ്റെപ്പി മേഖല, (Badkhyz steppe region), തെക്കുഭാഗത്ത് കോപ്പെറ്റ്-ഡാഗ് പർവ്വത നിരകൾ (Kopet-Dag Mountains), പടിഞ്ഞാറ് ഭാഗത്ത് ഉസ്ബോയ് നദി (Uzboy river) എന്നിവ സ്ഥിതിചെയ്യുന്നു.[1] മരുഭൂമിയ്ക്കു സമീപം ട്രാൻസ് കാസ്പിയൻ റെയിൽവേ കടന്നുപോകുന്നുണ്ട്‌.

കാലാവസ്ഥതിരുത്തുക

 
കാരകും മരുഭൂമിയിലെ മണലാരണ്യം

താരതമ്യേന ചൂടു കൂടിയ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. വേനൽക്കാലത്ത് 34 ഡിഗ്രി സെൽഷ്യസ് വരെയും ശൈത്യകാലത്ത് മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഇവിടുത്തെ താപനില. മധ്യേഷ്യയിലെ ഏറ്റവും ചൂടു കൂടിയ മരുഭൂമിയാണിത്.[1] കുറഞ്ഞ അളവിലാണ് മഴ പെയ്യുന്നത്. വർഷത്തിൽ 70-150 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിക്കുന്നത്.

ജലസേചനംതിരുത്തുക

 
മരുഭൂമിയിലൂടെ കടന്നു പോകുന്ന കാരകും കനാൽ.

ഹിന്ദുക്കുഷ് മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന മർഘബ് (Marghab), തേജൻ (Tejan) എന്നീ നദികൾ കാരകും മരുഭൂമിയിലൂടെ കടന്നുപോകുന്നു. ഈ നദീ തീരങ്ങളിൽ പ്രധാനമായും പരുത്തിയാണ് കൃഷി ചെയ്യുന്നത്. മരുഭൂമിയുടെ മധ്യ ഭാഗത്ത് ആൾട്ടിൻ അസൈർ (Altyn Asyr) എന്ന കൃത്രിമ തടാകം സ്ഥിതിചെയ്യുന്നു.[3] ലോകത്തിലെ ഏറ്റവും നീളം കൂടിയ ജലസേചന കനാലുകളിൽ ഒന്നായ കാരകും കനാൽ ഈ മരുഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. 1954-ലാണ് ഈ കനാൽ നിർമ്മിച്ചത്. ഇതിന്റെ നീളം 1375 കിലോമീറ്ററാണ്. വർഷം തോറും 13 മുതൽ 20 വരെ ക്യുബിക് കിലോമീറ്റർ ജലമാണ് ഇതിലൂടെ കടന്നു പോകുന്നത്.[1] കനാലിൽ ഉണ്ടായ ചോർച്ചയുടെ ഫലമായി ചെറിയ തടാകങ്ങളും കുളങ്ങളും ഇവിടെ രൂപംകൊണ്ടിട്ടുണ്ട്. ഇവ മണലിന്റെ ലവണാംശം വർദ്ധിപ്പിച്ചിരിക്കുന്നു.[2]

ധാതു നിക്ഷേപംതിരുത്തുക

ക്ഷാര സ്വഭാവമുള്ള ധാതുക്കളുടെ വൻ നിക്ഷേപമാണ് ഇവിടെയുള്ളത്. ഏറെ വർഷങ്ങൾക്കു മുമ്പ് അമുദര്യാ നദി കാരകും മരുഭൂമിയിലൂടെ ഒഴുകിയപ്പോൾ വലിയ അളവിൽ മണലും ചെളിയും അടിഞ്ഞുകൂടി. ഇതോടൊപ്പം ധാരാളം ധാതുക്കളും ഇവിടെ നിക്ഷേപിക്കപ്പെട്ടു.[1] ധാതു-നിക്ഷേപമുള്ള ധാരാളം ചതുപ്പുനിലങ്ങൾ ഇവിടെ കാണാൻ സാധിക്കും. ഈ മരുഭൂമിയിലെ ദർവാസാ ഗ്യാസ് ക്രെയ്റ്റർ എന്ന ഭാഗത്ത് പ്രകൃതി വാതകത്തിന്റെയും എണ്ണയുടെയും വൻ നിക്ഷേപമുണ്ട്.[1]

നരകത്തിന്റെ കവാടംതിരുത്തുക

 
കാരകും മരുഭൂമിയിലെ നരകത്തിന്റെ കവാടം
പ്രധാന ലേഖനം: നരകത്തിന്റെ കവാടം

കാരകും മരുഭൂമിയുടെ മധ്യഭാഗത്ത് ദേർവേസ് എന്ന സ്ഥലത്തുള്ള ഒരു ഗർത്തമാണ് ദേർവേസ് ഗ്യാസ് ക്രേറ്റർ. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമാണിത്. മീഥെയ്ൻ പോലുള്ള പ്രകൃതിവാതകങ്ങളുടെ ജ്വലനം മൂലം എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ഗർത്തമാണിത്. 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവുമുളള ഈ ഗർത്തത്തിൽ നിന്ന് ഉയർന്നു പൊങ്ങുന്ന തീജ്വാലകൾ കണ്ടു ഭയന്ന പ്രദേശ വാസികളാണ് ഇതിനെ നരകത്തിന്റെ കവാടം (Door to Hell) എന്നു വിളിച്ചത്. 1971-ൽ റഷ്യൻ പര്യവേഷകർ എണ്ണപ്പാടമാണെന്നു കരുതി ഈ പ്രദേശം കുഴിച്ചു നോക്കിയപ്പോഴാണ് ഗർത്തം രൂപംകൊണ്ടത്. ഗർത്തത്തിൽ നിന്നും പുറത്തേക്കു പ്രവഹിച്ചു കൊണ്ടിരുന്ന വിഷ വാതകങ്ങൾ ദർവേസയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ഗവേഷകർ ഇതു കത്തിച്ചുകളയാൻ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ വാതകം മുഴുവൻ കത്തിത്തീരുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ കത്തിച്ചു തുടങ്ങിയ നാൾ മുതൽ ഗർത്തം എരിഞ്ഞു കൊണ്ടേയിരിക്കുകയാണ്. നാൽപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും തീ അണഞ്ഞിട്ടില്ല. തീജ്വാലകൾ രാത്രിയിൽ ഒരുക്കുന്ന മനോഹരമായ ദൃശ്യം കാണുവാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.[4][5]

മറ്റു പ്രത്യേകതകൾതിരുത്തുക

 
ഇവിടെയുള്ള ഒട്ടകങ്ങൾ

കാരകും മരുഭൂമിയിലെ ജനസാന്ദ്രത വളരെ കുറവാണ്. 6.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഒരാൾ എന്ന അനുപാതത്തിലാണ് ജനസാന്ദ്രത. സസ്യങ്ങളും മറ്റു ജന്തുക്കളും കുറവാണ്. ചെറിയ പുല്ലുകളും കുറ്റിച്ചെടികളും മരങ്ങളും കാണപ്പെടുന്നു. ഒട്ടകങ്ങൾ, ആടുകൾ, ചെമ്മരിയാടുകൾ എന്നിവയാണ് പ്രധാന മൃഗങ്ങൾ. മരുഭൂമിയുടെ കിഴക്കു പടിഞ്ഞാറ് ദിശയിൽ വീശുന്ന പൊടിക്കാറ്റിൽ കീടനാശിനികളുടെ അംശം കലർന്നിരിക്കുന്നു. അന്റാർട്ടിക്കയിലെ പെൻഗ്വിനുകളുടെ രക്തത്തിൽ ഇവ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഗ്രീൻലാൻഡിലെയും നോർവെയിലെയും വനാന്തരങ്ങളിലും ഇവിടുത്തെ പൊടി പടലങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.[1]

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 1.4 1.5 1.6 "Karakum Desert, Turkmenistan". Britanica Encyclopedia. 2015 നവംബർ 6. ശേഖരിച്ചത് 2015 നവംബർ 23. Check date values in: |accessdate= and |date= (help)
 2. 2.0 2.1 "Aral Sea Crisis". Columboia.edu. ശേഖരിച്ചത് 2015 നവംബർ 23. Check date values in: |accessdate= (help)
 3. "Project to go down in history in Turkmenistan". Open Central Asia Magazine. ശേഖരിച്ചത് 2015 നവംബർ 23. Check date values in: |accessdate= (help)
 4. "ദർവേസിലെ നരക കവാടം". ചന്ദ്രിക. 2015 ജൂൺ 20. മൂലതാളിൽ നിന്നും 2015 നവംബർ 25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015 നവംബർ 23. Check date values in: |accessdate=, |date=, and |archivedate= (help)
 5. "DOOR TO HELL IS IN TURKMENISTAN: GIANT FLAMING HOLE IN KARIKUM DESERT". INQUISITR. 2015 ജൂലൈ 28. ശേഖരിച്ചത് 2015 നവംബർ 23. Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാരകും_മരുഭൂമി&oldid=3513210" എന്ന താളിൽനിന്ന് ശേഖരിച്ചത്