പോൾ ടിലിക്
ഇരുപതാം നൂറ്റാണ്ടിലെ(ജനനം: 1886 ആഗസ്റ്റ് 20; മരണം: 1965 ഒക്ടോബർ 22) ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞനും ക്രിസ്തീയ അസ്തിത്വവാദചിന്തകനും ആയിരുന്നു പോൾ ജൊഹാനസ് ടിലിക്.[1] ജർമ്മനിയിൽ ജനിച്ച അദ്ദേഹം 47 വയസ്സുള്ളപ്പോൾ അമേരിക്കയിലേക്കു കുടിയേറി. സമകാലീനരായ റുഡോൾഫ് ബുൾട്ട്മൻ, കാൾ ബാർട്ട്, റീനോൾഡ് നീബർ എന്നിവർക്കൊപ്പം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം എണ്ണപ്പെടുന്നു. ദൈവശാസ്ത്രത്തിലേയും ആധുനികസംസ്കൃതിയിലേയും പ്രശ്നങ്ങളെ സാധാരണ വായനക്കാരിൽ എത്തിക്കാൻ സഹായിച്ച "ആയിരിക്കാനുള്ള ധൈര്യം" (The Courage to Be -1952), "വിശ്വാസത്തിന്റെ ഗതികശാസ്ത്രം" (Dynamics of Faith -1957) എന്നീ ഗ്രന്ഥങ്ങളുടെ പേരിലാണ് അദ്ദേഹം വ്യാപകമായി അറിയപ്പെടുന്നത്. മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട "ക്രമീകൃത ദൈവശാസ്ത്രം" (Systematic Theology - 1951–63)എന്ന കൃതിയാണ്, ദൈവശാസ്ത്രത്തിന് ടിലിക് നൽകിയ മുഖ്യസംഭാവന. അസ്തിത്വവാദചിന്തയിലൂന്നിയ ആധുനിക ജീവിത നിരൂപണം ഉയർത്തിക്കാട്ടിയ മനുഷ്യാവസ്ഥയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ, ക്രിസ്തീയവെളിപാടിലെ ബിംബങ്ങളെ ഉപയോഗിക്കുന്ന 'പാരസ്പര്യശൈലി' (method of correlation) അദ്ദേഹം മുന്നോട്ടു വച്ചത് ഈ രചനയിലാണ്.[2][3]
അവലംബം
തിരുത്തുക- ↑ Paul Tillich, Encouraging Leaps of Faith Archived 2010-12-07 at the Wayback Machine., Existential Primer - name pronounced “til-ik"
- ↑ "Tillich, Paul Johannes Oskar", The Concise Oxford Dictionary of World Religions. Ed. John Bowker. Oxford University Press, 2000. Oxford Reference Online. Oxford University Press.
- ↑ "Tillich, Paul." Encyclopædia Britannica. 2008. Encyclopædia Britannica Online. retrieved 17 February 2008 [1].