ഫ്രഡറിക് ഡഗ്ലസ്സ്

(Frederick Douglass എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ അടിമ വിമോചനപ്പോരാളിയായിരുന്നു ഫ്രഡറിക് ഡഗ്ളസ്സ്. പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രസിദ്ധൻ. വശ്യവും പണ്ഡിതോചിതവുമായ പ്രസംഗചാതുരിയും സാമർഥ്യവും കൊണ്ട് 19-ആം നൂറ്റാണ്ടിലെ പ്രഗൽഭനായ അടിമവിമോചകനെന്ന ഖ്യാതി നേടുവാൻ ഇദ്ദേഹത്തിനു സാധിച്ചു. കിഴക്കൻ മെരിലാൻഡിലെ തുക്കാഹോവിൽ (Tuckahoe) 1817 ഫെബ്രുവരിയിലാണ് ജനനം. വെള്ളക്കാരനായ അച്ഛന്റേയും നീഗ്രോ അടിമയായിരുന്ന ഹാരിയറ്റ് ബെയ്ലി എന്ന അമ്മയുടേയും മകനായി ജനിച്ച ഇദ്ദേഹത്തിന്റെ യഥാർഥ നാമം ഫ്രഡറിക് അഗസ്റ്റസ് വാഷിങ്ടൺ ബെയ്ലി എന്നാണ്. ചെറുപ്പത്തിലേ അടിമപ്പണിക്കു നിയോഗിക്കപ്പെട്ട ഇദ്ദേഹം സ്വപ്രയത്നത്തിലൂടെ വിദ്യാഭ്യാസം നേടി. കപ്പലിൽ ജോലിക്കായി നിയോഗിക്കപ്പെട്ടപ്പോൾ നാവികനെന്ന വ്യാജേന 1838-ൽ ന്യൂയോർക്കിലേക്ക് ഒളിച്ചുകടന്ന് അടിമപ്പണിയിൽനിന്നും രക്ഷപ്പെട്ടു. പിന്നീട് ന്യൂ ബെഡ്ഫോഡിലെത്തി ഫ്രഡറിക് ഡഗ്ലസ്സ് എന്ന പേരു സ്വീകരിച്ച് മൂന്നു വർഷം സാധാരണ തൊഴിലാളിയായി ജീവിച്ചു.

ഫ്രഡറിക് ഡഗ്ലസ്സ്
ഡഗ്ലസ്, ഏതാണ്ട് 1874ൽ
ജനനം
ഫ്രഡറിക് ഡഗ്ളസ്സ്

(ഏകദേശം) ഫെബ്രുവരി 1818ൽ[1]
താൽബോട്ട് കൗണ്ടി, മേരിലാൻഡ്, അമേരിക്കൻ ഐക്യനാടുകൾ
മരണംഫെബ്രുവരി 20, 1895 (ഏതാണ്ട് 77 വയസ്സ് പ്രായം)
വാഷിങ്ടൺ ഡി.സി., അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽഅബോളീഷനിസ്റ്റ്, രചയിതാവ്, എഡിറ്റർ, നയതന്ത്രജ്ഞൻ
ജീവിതപങ്കാളി(കൾ)അന്ന മുറെ-ഡഗ്ലസ് (1838–1882)
ഹെലെൻ പിറ്റ്സ് (1884-1895) (അദ്ദേഹത്തിന്റെ മരണംവരെ)
കുട്ടികൾ5
മാതാപിതാക്ക(ൾ)ഹാരിയട്ട് ബെയ്‌ലിയും, (ഒരുപക്ഷേ) ആരൺ ആന്റണിയും[2]
ഒപ്പ്

അടിമത്തത്തിനെതിരായ പോരാട്ടം

തിരുത്തുക

1841-ൽ മസ്സാച്ചുസെറ്റ്സിലെ നാൻറ്റെക്കിൽ (Nantucket) അടിമത്തത്തിനെതിരായുള്ള സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടു നടത്തിയ ഉജ്ജ്വല പ്രസംഗം മസ്സാച്ചുസെറ്റ്സിലെ അടിമത്തവിരുദ്ധ സൊസൈറ്റിയുടെ ഏജന്റായി ഇദ്ദേഹം നിയമിക്കപ്പെടാൻ കാരണമായി. തുടർന്ന് ന്യൂ ഇംഗ്ലണ്ടിലും മറ്റു പല സ്ഥലങ്ങളിലും അടിമത്തത്തിനെതിരായി നിരന്തരം പ്രഭാഷണം നടത്തി. ഒരു അടിമയായി വളർന്നുവന്നയാളാണിദ്ദേഹം എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നതരത്തിൽ ഗംഭീരമായിരുന്നു ഇദ്ദേഹത്തിന്റെ വാഗ്ധോരണി. നരേറ്റീവ് ഒഫ് ദ് ലൈഫ് ഒഫ് ഫ്രഡറിക് ഡഗ്ലസ്സ് എന്ന ആത്മകഥാഗ്രന്ഥം 1845-ൽ പ്രസിദ്ധീകരിച്ചു. ഇതിനെത്തുടർന്നുണ്ടായ പ്രതിബന്ധങ്ങളും എതിർപ്പുകളുംമൂലം ഡഗ്ളസ്സ് ഇംഗ്ലണ്ടിലേക്കു പോയി. 1845 മുതൽ 1847 വരെയുള്ള കാലത്ത് നടത്തിയ അടിമത്ത വിരുദ്ധ പ്രസംഗങ്ങൾ ഇംഗ്ലണ്ടിൽ ഡഗ്ളസിനെ ശ്രദ്ധേയനാക്കി. ഇംഗ്ലണ്ടിലെ സുഹൃത്തുക്കൾ പണം സ്വരൂപിച്ച് മുൻ ഉടമയ്ക്ക് നൽകി ഇദ്ദേഹത്തെ അടിമയെന്ന ബന്ധനത്തിൽ നിന്നും ഔദ്യോഗികമായി മോചിപ്പിച്ചു. 1847-ൽ യു. എസ്സിൽ മടങ്ങിയെത്തിയ ഡഗ്ളസ്സ് 60 വരെയും പ്രഭാഷണങ്ങൾ തുടർന്നു. അടിമത്തവിരുദ്ധ പ്രചാരണത്തിനായി നോർത്ത് സ്റ്റാർ എന്ന ഒരു പ്രസിദ്ധീകരണവും ഇദ്ദേഹം 1863 വരെ നടത്തിയിരുന്നു. പിന്നീട് ഇത് ഫ്രഡറിക് ഡഗ്ളസ് പേപ്പർ എന്ന പേരിലും പ്രസിദ്ധീകരിച്ചു തുടങ്ങി. എബ്രഹാം ലിങ്കണുമായി ആശയ വിനിമയം നടത്തുവാനും അടുപ്പം സ്ഥാപിക്കുവാനും ഡഗ്ളസ്സിനു കഴിഞ്ഞിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ഇദ്ദേഹം നീഗ്രോകളെ സംഘടിപ്പിച്ച് യൂണിയൻ സേനയിൽ ചേർത്തിരുന്നു. 1850-കളുടെ അന്ത്യത്തോടെ റിപ്പബ്ളിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സമീപനം സ്വീകരിച്ച ഡഗ്ളസ്സിന് 1870-കൾ മുതൽ ചില ഉന്നത ഔദ്യോഗികസ്ഥാനങ്ങളിലേക്കുള്ള നിയമനം യു. എസ്. ഗവൺമെന്റ് നൽകിയിരുന്നു. ഒടുവിൽ 1889 മുതൽ 1891 വരെ ഹെയ്തിക്കുവേണ്ടിയുള്ള മന്ത്രിയായി നിയമിതനായി.

  • മൈ ബോണ്ടേജ് ആൻഡ് മൈ ഫ്രീഡം (1855),
  • ലൈഫ് ആൻഡ് ടൈംസ് ഒഫ് ഫ്രഡറിക് ഡഗ്ലസ് (1881)

എന്നീ രണ്ട് ആത്മകഥാഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1895 ഫെബ്രുവരി 20-ന് ഇദ്ദേഹം വാഷിങ്ടണിൽ നിര്യാതനായി

  1. "Frederick Douglass". Retrieved 2011-04-20.
  2. http://nationalhumanitiescenter.org/tserve/freedom/1609-1865/essays/aafamilies.htm

പുറം കണ്ണികൾ

തിരുത്തുക

ഡഗ്ലസ് സ്രോതസ്സുകൾ ഓൺലൈനിൽ

Resource Guides

ജീവചരിത്രപരമായ വിവരങ്ങൾ

ഫ്രെഡറിക് ഡഗ്ലസ് അനുസ്മരണങ്ങൾ


പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
New title
United States Equal Rights Party Vice-Presidential Nominee
1872
പിൻഗാമി
Marietta Stow (National Equal Rights Party)
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഗ്ളസ്സ്, ഫ്രഡറിക് (1817-95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഫ്രഡറിക്_ഡഗ്ലസ്സ്&oldid=4118293" എന്ന താളിൽനിന്ന് ശേഖരിച്ചത്