ദ്രൗപദി

(Draupadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദു ഐതിഹ്യങ്ങളിൽ പാണ്ഡവപത്നിയായ ദ്രൗപദി ദ്രുപദപുത്രിയാണ്. പാഞ്ചാലി എന്ന പേരിലും അറിയപ്പെടുന്നു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണ പരാമർശങ്ങളുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. വ്യാസന്റെ ബോധപൂർവമായ ഒരു നായികാസൃഷ്ടിയാണ് ദ്രൗപദി എന്ന് അഭിപ്രായമുണ്ട്.

ദ്രൗപദി
നേപ്പാളിലെ ദ്രൗപതിയുടെ പ്രതിമ
മാതാപിതാക്കൾദ്രുപദൻ,Prashati
സഹോദരങ്ങൾധൃഷ്ടദ്യുമ്നൻ, ശിഖണ്ഡി
മക്കൾUpapandavas

പാഞ്ചാല രാജാവായ ദ്രുപദന്റെ ഒരു പ്രതികാരശപഥത്തിൽ നിന്നാണ് ദ്രൗപദിയുടെ ഉദ്ഭവം. വൈരിയായ ദ്രോണനെ വധിക്കാൻവേണ്ടി ഒരു പുത്രനും, വീരശൂരപരാക്രമിയായ അർജ്ജുനനു നല്കാൻ ഒരു പുത്രിയും വേണമെന്ന സങ്കല്പത്തോടെ പഞ്ചാഗ്നി മധ്യത്തിൽ തപസ്സനുഷ്ഠിച്ച് യജ്ഞം നടത്തിയ ദ്രുപദനു ലഭിച്ച സന്താനങ്ങളിലൊരുവളായ ദ്രൗപദി കൃഷ്ണവർണയും മുഗ്ധാപാംഗിയും ആയിരുന്നു.

യജ്ഞസേനൻ എന്ന ദ്രുപദൻ പാഞ്ചാലദേശത്തെ സോമകരാജാവിന്റെ പുത്രനായിരുന്നു . ആയുധവിദ്യ അഭ്യസിക്കാനായി അദ്ദേഹം ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തുന്നു. അവിടെവച്ചാണ് സുപ്രസിദ്ധനായ ദ്രോണരുമായി ദ്രുപദൻ പരിചയപ്പെടുന്നത് . അവർ അടുത്ത സ്നേഹിതന്മാരായിത്തീര്ന്നു . വിദ്യാഭ്യാസകാലത്ത് ദ്രുപദൻ ദ്രോണരോട് ഇങ്ങനെ പറഞ്ഞിരുന്നു . " സുഹൃത്തേ നീ എന്റെ ആത്മാവിന്റെ അംശമാണ് . വിദ്യാഭ്യാസത്തിനു ശേഷം എന്റെ പിതാവ് എന്നെ പാഞ്ചാലത്തിന്റെ അടുത്ത രാജാവായി അവരോധിക്കുന്നതാണ്. അപ്പോൾ എന്റെ രാജ്യത്തിന്റെ സമ്പത്ത് നിന്റെ സ്വന്തമെന്നു നീ ധരിക്കുക . നിന്റെ ദാരിദ്ര്യം തീരുന്നതും രാജബന്ധുവായി നീ സുഖിക്കുന്നതുമാണ് ".

വിദ്യാഭ്യാസ ശേഷം അവർ പിരിയുകയും , ദ്രോണർ ഉടനെ തന്നെ കൃപിയെ വിവാഹംചെയ്തു അവളിൽ അശ്വത്ഥാമാവ് എന്ന തേജസ്വിയായ പുത്രൻ ജനിക്കുകയും ചെയ്തു . ദ്രുപദനാകട്ടെ പാഞ്ചാലത്തിന്റെയും കൌശ്യത്തിന്റെയും അനിഷേധ്യ നേതാവും രാജാവുമായിത്തീർന്നു . ദ്രോണർ ദാരിദ്രനായിരുന്നു . അതിനാൽ കുട്ടിക്ക് പാല് വാങ്ങിക്കൊടുക്കാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല . അശ്വത്ഥാമാവിന്റെ കൂട്ടുകാരായ ബാലന്മാർ ഒരിക്കൽ അവനു അരിമാവ് കലക്കി കൊടുത്തു. അത് കുടിച്ചശേഷം താൻ ശക്തിമാനായി എന്ന ഭാവത്തിൽ അവൻ ഓടുവാൻ തുടങ്ങി .അപ്പോൾ സുഹൃത്തുക്കൾ അവനെ കളിയാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു . " വിഡ്ഢീ നീ കുടിച്ചത് പാലല്ല . അരിമാവാണ്. നിന്റെ അച്ഛന് പാല് വാങ്ങാൻ പണമില്ല . വിദ്യയുള്ളവന് ധനദേവതയായ ലക്ഷ്മി ശത്രുവായിത്തീരും." അശ്വത്ഥാമാവ് കരഞ്ഞുകൊണ്ട് ഈ വിവരം പിതാവിനെ അറിയിച്ചു . ദ്രോണർക്കു ഇതുകേട്ട് വലിയ വിഷമമായി . അപ്പോൾ അദ്ദേഹത്തിനു ദ്രുപദന്റെ പഴയ വാക്കുകൾ ഓര്മ്മ വന്നു .

ദ്രുപദൻ യാഗാദികളും മറ്റും നടത്തി കുരുക്കൽക്കു തുല്യം ഐശ്വര്യത്തോടെ വസിക്കുകയാണ് . അപ്പോഴാണ്‌ ദ്രോണരും പത്നിയും ദ്രുപദന്റെ അടുക്കൽ പോയത് . പഴയ മൈത്രിയെപ്പറ്റി ദ്രോണര് ഓർമ്മപ്പെടുത്തിയെങ്കിലും ദ്രുപദൻ അറിഞ്ഞഭാവം പോലും കാണിച്ചില്ല . വാസ്തവത്തിൽ ദ്രോണരെ കണ്ടപ്പോൾ തന്നെ ദ്രുപദന് ആളെ മനസ്സിലായിരുന്നു . എന്നാൽ വെറുമൊരു യാച കന്റെ സുഹൃത്താണ് താനെന്നതു രാജാവായ തന്റെ യശസ്സിനു കളങ്കമാകുമല്ലോ എന്ന ദുരഭിമാനമാണ് ദ്രുപദനെ അപ്പോൾ ബാധിച്ചത് . അതുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു . "എന്തേ സ്വാമീ വിളിച്ചത് ? സുഹൃത്തെന്നോ ? സൌഹൃദവും ശത്രുത്വവുമെല്ലാം തുല്യന്മാർ തമ്മിലാണ് വേണ്ടത് . ദരിദ്രൻ ധനവാനും , യാചകൻ രാജാവിനും , ഭീരു ധീരനും , മൂഡൻ പണ്ഡിതനും എങ്ങനെ മിത്രമാകും ?. എനിക്ക് മുൻപ് വിദ്യ അഭ്യസിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു . അതുകൊണ്ടാണ് ഗുരുകുലത്തിൽ വസിച്ചതും നിന്റെ സുഹൃത്തായതും . ഇപ്പോൾ ഞാൻ രാജാവും നീ ദരിദ്രനായ യാചകനുമാണ് . അങ്ങനെയുള്ള നീ എങ്ങനെ എന്റെ മിത്രമാകും ?. അല്ലെങ്കിലും കുട്ടിക്കാലത്ത് അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതൊക്കെ ആരാണ് മനസ്സില് വയ്ക്കുന്നത് ? . എന്തായാലും വന്ന സ്ഥിതിക്ക് ഒരു നേരത്തെ ഭക്ഷണം കഴിച്ചിട്ട് പോകാം ."

ദ്രുപദന്റെ വാക്കുകൾ രാജോചിതമെങ്കിലും ക്രൂരമായിരുന്നു . ദ്രോണർ അതുകേട്ടു കുപിതനാവുകയും താൻ ഇതിനു പക വീട്ടുമെന്ന് ശപഥം ചെയ്തശേഷം പത്നിയോടും പുത്രനോടുമൊത്തു അവിടെനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു . നേരെ പോയ ദ്രോണർ പിന്നീട് ഹസ്തിനപുരിയിലെത്തുകയും ഭീഷ്മരുടെ ആവശ്യപ്രകാരം പാണ്ഡവരുടെയും കൌരവരുടെയും ഗുരുവായിത്തീരുകയും ചെയ്തു . വിദ്യാഭ്യാസം കഴിഞ്ഞു ഗുരുദക്ഷിണ നല്കേണ്ട സമയമായപ്പോൾ ദ്രോണർ രാജകുമാരന്മാരോട് ആവശ്യപ്പെട്ടത് ശത്രുവായ ദ്രുപദനെ ആക്രമിക്കുവാനും അവനെ പിടിച്ചുകെട്ടി തന്റെ കാൽക്കൽ കൊണ്ടിടുവാനുമായിരുന്നു . ഗുരുവിന്റെ നിര്ദ്ദേശപ്രകാരം അര്ജുനനും സഹോദരങ്ങളും ദ്രുപദനെ യുദ്ധത്തിൽ തോല്പ്പിക്കുകയും , തുടർന്ന് അദ്ദേഹത്തെ പിടിച്ചുകെട്ടി ദ്രോണരുടെ കാൽക്കൽ കൊണ്ടിടുകയും ചെയ്തു . അപ്പോൾ ദ്രോണർ ദ്രുപദനെ കണക്കിന് പരിഹസിക്കുകയും , അദ്ദേഹത്തിൻറെ രാജ്യത്തെ പാതിയായി പകുത്തു ദക്ഷിണ പാഞ്ചാലം സ്വന്തമാക്കി അതിനെ ഭരിക്കുകയും ചെയ്തു . തുടർന്ന് മരണംവരെ ദ്രോണരായിരുന്നു ദക്ഷിണപാഞ്ചാലത്തിന്റെ രാജാവ് .

ദ്രുപദൻ ദ്രോണരോട് മാപ്പിരന്നു തല്ക്കാലം വൈരം അവസാനിപ്പിച്ചെങ്കിലും ചവിട്ടേറ്റ സര്പ്പത്തെപ്പോലെ ആ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു . ദ്രോണരെ കൊല്ലുവാൻ ശക്തിയുള്ള ഒരു പുത്രനും , വീരന്മാരിൽ വീരനായ അർജുനന് നല്കുവാൻ യോഗ്യയായ ഒരു മകളും തനിക്കുണ്ടാകണമെന്നു ദ്രുപദൻ ആഗ്രഹിച്ചു . അതിനായി ആഭിചാരം പോലെയുള്ള കര്മ്മം ചെയ്യാൻ അറിയാവുന്ന ആചാര്യന്മാരെ തിരക്കി ദ്രുപദന്റെ ദൂതന്മാരായ ബ്രാഹ്മണർ ഓടിനടന്നു . അപ്പോഴാണ്‌ അഗ്നിയുടെ ഉപാസകനായ ഉപയാജൻ എന്നൊരു മുനിയെ ഗംഗാതീരത്തിൽ രാജാവ് കണ്ടെത്തിയത് . അദ്ദേഹത്തിനു യാജൻ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നു . ഉപയാജനോട് ദ്രുപദൻ തന്റെ ആവശ്യം പറഞ്ഞെങ്കിലും , ഈ നീചകർമ്മം ചെയ്യാൻ ആദ്യം ഉപയാജൻ സമ്മതിച്ചില്ല . ദ്രുപദൻ ഒരു വര്ഷം ഉപയാജനെ ശുശ്രൂഷിച്ചു .പ്രസന്നനായ ഉപയാജൻ തന്റെ ജ്യേഷ്ഠനും മഹാമാന്ത്രികനുമായ യാജനെ കണ്ടാൽ കാര്യം സാധിക്കുമെന്ന് രാജാവിനെ അറിയിച്ചു . ഒടുവിൽ മുനി സഹോദരന്മാരായ യാജനും ഉപയാജനും രാജാവിന് വേണ്ടി വലിയൊരു യാഗം നടത്തി . യാഗം 18 മാസം നീണ്ടു നിന്നു. യാഗാവസാനം അഗ്നിയിൽ നിന്നും ആയുധങ്ങൾ ധരിച്ചുകൊണ്ട് ധൃഷ്ടദ്യുമ്നൻ എന്ന പുരുഷനും , "കൃഷ്ണ" എന്ന സ്ത്രീരത്നവും ഉയര്ന്നുവന്നു . ധൃഷ്ടദ്യുമ്നൻ അഗ്നിയിൽ നിന്നും സംഭൂതനായ സമയത്ത് , " ഈ വീരൻ യുദ്ധത്തിൽ ദ്രോണരെ വധിക്കും" എന്നൊരു അശരീരി യുണ്ടായി . കൃഷ്ണയാണ് പാഞ്ചാലി അഥവാ ദ്രൗപദി . ഇവൾ അഷ്ടലക്ഷ്മികളിൽ ഒരാളായ വിജയലക്ഷ്മിയുടെ അംശമായിരുന്നു .

മഹാഭാരതയുദ്ധത്തിനു കാരണം

തിരുത്തുക

മഹാഭാരതയുദ്ധത്തിനു പെട്ടെന്നുള്ള ഒരു കാരണമായി ഭവിച്ചത് പാഞ്ചാലിയായിരുന്നു. ഒരിക്കൽ പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം കാണാനെത്തിയ കൗരവാദികൽ അവിടത്തെ കൊത്തുപണികൾ കണ്ടു മയങ്ങിപ്പോവുകയും ബുദ്ധിഭ്രമത്തിനിരയായി സ്ഫടികത്തെ ജലമെന്നും , ജലത്തെ സ്ഫടികമെന്നും തെറ്റിദ്ധരിച്ചു ജലത്തിൽ വീണും , തറയിലിഴഞ്ഞും ഇളിഭ്യരായിത്തീരുകയും ചെയ്തു . ഇതുകണ്ട് ദ്രൗപദിയും ഭീമനും കുടുകുടെ ചിരി തുടങ്ങി . കുരുടന്റെ മകനും കുരുടനാണെന്നു പറഞ്ഞു ദ്രൗപദി ദുര്യോധനനെയും സഹോദരങ്ങളെയും കളിയാക്കി . ഇതിൽ മനം നൊന്ത ദുരഭിമാനിയായ ദുര്യോധനൻ അന്ന് മുതൽ ദ്രൗപദിയെ ഒരു പാഠം പഠിപ്പിക്കാൻ തക്കം നോക്കിയിരുന്നു . അങ്ങനെയാണ് ചൂതിൽ പാണ്ഡവരെ ജയിക്കുന്നതും സഭയിൽ വസ്ത്രാക്ഷേപം ചെയ്തു ദ്രൗപദിയെ അപമാനിക്കുന്നതും . തന്നെ കടന്നു പിടിച്ച ദുശ്ശാസ്സനന്റെ മാറ് പിളര്ന്ന രക്തംകൊണ്ടു മാത്രമേ തന്റെ മുടി കെട്ടിവയ്ക്കൂവെന്നു ദ്രൗപദി പ്രതിജ്ഞ ചെയ്തു .

ഇതുകൂടാതെ , സ്വയംവരത്തിനു മുന്നോടിയായി നടന്ന ആയുധപരീക്ഷയിൽ അർജുനനു തുല്യനായ കർണ്ണനെയും , തങ്ങളെയും പരസ്യമായി അവഹേളിച്ചു പാണ്ഡവരെ വരിച്ച ദ്രൗപദിയെ തുടക്കം മുതൽക്കു തന്നെ കൌരവര്ക്കും കർണ്ണനും പുച്ഛമായിരുന്നു . "സൂതപുത്രനെ ഞാൻ വരിക്കില്ല " എന്ന് പറഞ്ഞാണ് ദ്രൗപദി കർണ്ണനെ ഒഴിവാക്കിയത് . ആയുധപരീക്ഷയിൽ കര്ണ്ണൻ ജയിക്കുമെന്ന് ദ്രൌപദിക്ക് ഉറപ്പായിരുന്നു .

പുരാണത്തിൽ

തിരുത്തുക

സുന്ദരിയായ അവൾ വളർന്ന് സർവാസ്ത്രശാസ്ത്ര വിശാരദയായി. ബഹുമുഖ വ്യക്തിത്വത്തിനുടമയായ കൃഷ്ണയെ അത്യന്തം വിഷമകരമായ ധനുർപ്രയോഗ മത്സരത്തിൽ വിജയിച്ച അർജ്ജുനൻതന്നെ വരിച്ചു. എന്നാൽ അഞ്ച് സഹോദരന്മാരുടെയും മുറപ്രകാരമുള്ള ധർമപത്നിയാവുക എന്നത് ദ്രൗപദിയുടെ നിയോഗമായിരുന്നു.

ദ്രൗപദി തന്റെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുകയും, തുറന്നു പറയേണ്ട സന്ദർഭങ്ങളിൽ സധൈര്യം പറയുകയും ചെയ്തിരുന്നു. മഹാഭാരതത്തിലെ കഥാതന്തു ഈ കഥാപാത്രത്തിലൂടെ വികസിക്കുന്നു. ഏതൊരു മഹാവിപത്തിലും പതറാതെ കർത്തവ്യം അനുഷ്ഠിക്കാനും ചെയ്യിക്കാനുമുള്ള മനക്കരുത്ത് ദ്രൌപദി പ്രകടിപ്പിക്കുന്നുണ്ട്.

രാജസൂയയാഗം കഴിഞ്ഞ സന്ദർഭത്തിൽ തങ്ങളുടെ മായാമന്ദിരത്തിൽ കടന്ന സുയോധനൻ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോൾ ദ്രൗപദി അറിയാതെ ഒന്നു ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്. തുടർന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കലും പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും മറ്റും ദ്രൗപദിയുടെ സഹനശക്തിയെയും ഒപ്പം സൂക്ഷ്മമായ ധർമാവലോകന പാടവത്തെയും വെളിപ്പെടുത്തുന്നു....

ഓരോ പാണ്ഡവന്മാരിലായി ദ്രൗപദിക്ക് അഞ്ച് ആൺമക്കൾ ഉണ്ട്.

  1. പ്രതിവിന്ധ്യൻ (അച്ഛൻ: യുധിഷ്ഠിരൻ)
  2. സുതസോമൻ (അച്ഛൻ: ഭീമൻ)
  3. ശ്രുതസേനൻ (അച്ഛൻ: അർജ്ജുനൻ)
  4. ശതാനികൻ (അച്ഛൻ: നകുലൻ)
  5. ശ്രുതകർമ്മാവ് (അച്ഛൻ: സഹദേവൻ)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ      
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ
"https://ml.wikipedia.org/w/index.php?title=ദ്രൗപദി&oldid=4072234" എന്ന താളിൽനിന്ന് ശേഖരിച്ചത്