ഗൗതമപുത്രനായ ശരദ്വാനമഹർഷിയുടെ പുത്രിയാണ് കൃപി. ഭരദ്വാജപുത്രനായ ദ്രോണരാണ് കൃപിയെ വിവാഹം കഴിച്ചത്. ദ്രോണർക്ക് കൃപിയിൽ ജനിച്ച പുത്രനായിരുന്നു അശ്വത്ഥാമാവ്. [1]ഗൗതമമുനിക്ക് അഹല്യയിൽ രണ്ടു പുത്രന്മാർ ജനിച്ചു. (ശതാനന്ദൻ, ശരദ്വാനൻ). മൂത്ത പുത്രനായ ശതാനന്ദൻ മിഥിലാപുരിയിലെ രാജാവായിരുന്ന ജനകന്റെ കുലഗുരുവായി. രണ്ടാമത്തെ പുത്രനായ ശരദ്വാനൻ വേദശാത്രങ്ങളിൽ തീരെ താല്പര്യം കാണിക്കാഞ്ഞതിനാൽ പിതാവായ ഗൗതമൻ അദ്ദേഹത്തെ വേദവിദ്യക്കു പകരം ആയുധവിദ്യ ആഭ്യസിഭിച്ചു. ആയുധവിദ്യയിൽ (പ്രത്യേകിച്ച് ധനുർവിദ്യ) അപാരപാണ്ഡിത്യം നേടിയ അദ്ദേഹത്തെ ജയിക്കാൻ മൂന്നു ലോകത്തും ആരുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസ പൂർത്തീകരണത്തെ തുടർന്ന് ഗുരുപദേശമനുസരിച്ച് അദ്ദേഹം തപസ്സ് ചെയ്യാൻ ആരംഭിച്ചു.[2]

ആയുധവിദ്യയിൽ അഗ്രഗണ്യനായ ശർദ്വാനനു തപഃശക്തികൂടി കൈവന്നാൽ ഉണ്ടായേക്കാവുന്ന ഭവിഷക്തു മുൻകൂട്ടി മനസ്സിലാക്കി ദേവേന്ദ്രൻ ജ്വാലാവതി എന്ന അപ്സരസ്സിനെ മഹർഷിയുടെ അടുത്തേക്ക് അയച്ചു. സുന്ദരിയായ ജ്വാലാവതിയുടെ സൗന്ദര്യത്തിൽ അല്പനേരം ഭ്രമിച്ചുപോയ അദ്ദേഹത്തിൽ നിന്നും രണ്ടു ഇരട്ട സന്താനങ്ങൾ ഉണ്ടായി. ഒരു ആൺ കുട്ടിയും (കൃപർ) രണ്ടാമത് ഒരു പെൺകുട്ടിയും (കൃപി). കുട്ടികൾ ഉണ്ടായങ്കിലും ശർദ്വാൻ തന്റെ തപസ്സ് തുടർന്നു പോന്നു. കാട്ടിൽ ഉപേക്ഷിച്ച ഈ ഇരട്ട കുട്ടികളെ കണ്ട് ചന്ദ്രവംശ രാജാവായിരുന്ന ശന്തനു എടുത്തു വളർത്തി. ഗംഗാദേവിയുടെ വിരഹദുഃഖത്തിൽ കഴിഞ്ഞിരുന്ന ശന്തനു മഹാരാജാവിനു ഇത് വളരെ സാന്ത്വനം ലഭിച്ചിരുന്നു. മഹാരാജാവിനുണ്ടായ മാറ്റത്തിൽ ഹസ്തിനപുരി ആകെ സന്തോഷിച്ചു. ശന്തനുവിന്റെ കൃപാകടാക്ഷത്താൽ വളർന്ന പൈതങ്ങളെ കൃപർ എന്നും കൃപി എന്നും പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം തന്റെ തപസ്സ് മതിയാക്കി ശരദ്വാൻ ഹസ്തിനപുരിയിൽ വന്ന് ശന്തനുവിൽ നിന്നും രണ്ടു മക്കളേയും തന്റെ ആശ്രമത്തിലേക്ക് കൂട്ടികൊണ്ടു പോയി വളർത്തി.


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-17. Retrieved 2011-09-03.
  2. മഹാഭാരതം -– ഡോ.പി.എസ്.നായർ -- ISBN 81-85315-01-9 വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=കൃപി&oldid=4072119" എന്ന താളിൽനിന്ന് ശേഖരിച്ചത്