ബൊനവന്തുരാ

(Bonaventure എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബൊനവന്തുരാ (ഇറ്റാലിയൻ: സാൻ ബൊനവന്തുരാ) എന്നറിയപ്പെടുന്ന ജോൺ ഫിഡാൻസാ (ഇറ്റാലിയൻ: ജിയോവാനി ഡി ഫിഡാൻസാ), (ജനനം: 1221[1] – മരണം:15 ജൂലൈ 1274),ഒരു മദ്ധ്യകാല ഇറ്റാലിയൻ സ്കോളാസ്റ്റിക് ദൈവശാസ്ത്രജ്ഞനും, ദാർശനികനും ഫ്രാൻസിസ്കൻ ചെറിയ സഹോദരന്മാരുടെ സഭയുടെ എട്ടാമത്തെ തലവനും ആയിരുന്നു. അൽബാനോയിലെ കർദ്ദിനാൾ സ്ഥാനമുള്ള മെത്രാനും ആയിരുന്നു അദ്ദേഹം. 1482 ഏപ്രിൽ 14-ന്‌ സിക്സറ്റസ് നാലാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1588-ൽ അഞ്ചാം സിക്സറ്റസ് മാർപ്പാപ്പ ബൊനവന്തുരയെ വേദപാരംഗതനായും അംഗീകരിച്ചു. "ദൈവദൂതനെപ്പോലുള്ള വേദപാരംഗതൻ" (Seraphic Doctor) എന്ന് അദ്ദേഹം അറിയപ്പെടുന്നു. മദ്ധ്യയുഗങ്ങളിലെ ഏറ്റവും പേരുകേട്ട ദൈവശാസ്ത്രജ്ഞനും ക്രൈസ്തവചിന്തകനുമായ തോമസ് അക്വീനാസ്, ബൊനവന്തുരയുടെ സുഹൃത്തും ആശയരംഗത്തെ പ്രതിയോഗിയുമായിരുന്നു.

ബൊനവന്തുരാ
ബൊനവന്തുരാ
കർദ്ദിനാൾ, ദൈവശാസ്ത്രജ്ഞൻ, വേദപാരംഗതൻ
ജനനം1221
ബാനോറീജിയോ, വിറ്റെർബോ പ്രവിശ്യ, ലാറ്റിയം, മാർപ്പാപ്പയുടെ ഭരണപ്രദേശം (ആധുനിക ഇറ്റലി)
മരണം1274 ജൂലൈ 15
ലയൺ, ലയോണായിസ്, ആൾസ് രാജ്യം (ആധുനിക ഫ്രാൻസ്)
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
നാമകരണംഏപ്രിൽ 14, 1482, റോം by സിക്സറ്റസ് നാലാമൻ മാർപ്പാപ്പ
ഓർമ്മത്തിരുന്നാൾ15 ജൂലൈ
ജൂലൈ രണ്ടാം ഞായർ (റോമൻ പഞ്ചാംഗം, 1482-1568) 14 ജൂലൈ (റോമൻ പഞ്ചാംഗം, 1568-1969)
പ്രതീകം/ചിഹ്നംകർദ്ദിനാളിന്റെ തൊപ്പി; കാസ; ദിവ്യകാരുണ്യം; എഴുത്തിലോ വായനയിലോ മുഴുകി ഫ്രാൻസിസ്കൻ വേഷത്തിലിരിക്കുന്ന കർദ്ദിനാൾ

ഇറ്റലിയിലെ ടസ്ക്കനിയിൽ വിറ്റെർബോയ്ക്ക് അടുത്ത് ലാറ്റിയമിലെ ബനോറീജിയോയിലാണ്‌ ബൊനവന്തുരാ ജനിച്ചത്. ജോൺ ഫിഡാൻസാ എന്നായിരുന്നു ആദ്യനാമം. അസ്സീസിസിയിലെ ഫ്രാൻസിസിന്റെ മദ്ധ്യസ്ഥതയാൽ ഗുരുതരമായ ബാലാരിഷ്ടതയിൽ നിന്ന് സൗഖ്യം കിട്ടിയതോടെയാണ്‌ സൗഭാഗ്യം എന്ന് അർത്ഥമുള്ള ബൊനവന്തുരാ എന്ന പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു.

സന്യാസം, വിദ്യാഭ്യാസം

തിരുത്തുക

1243-ൽ ഫ്രാൻസിസ്കൻ സന്യാസസമൂഹത്തിൽ പ്രവേശിച്ച ബൊനവന്തുരാ പാരിസ് സർ‌വകലാശാലയിൽ വിദ്യാർത്ഥിയായി. അവിടെ അലക്സാണ്ടർ ഹേൽസും ജോൺ റോഷലും ഗുരുക്കന്മാരായിരുന്നു. 1253-ൽ അദ്ദേഹം സർ‌വകലാശാലയിലെ ഫ്രാൻസിസ്കൻ അദ്ധ്യാപകപീഠം അലങ്കരിച്ചു. ദൈവശാസ്ത്രത്തിലെ മാസ്റ്റർ ബിരുദത്തിനായി ബൊനവന്തുരാ നിർദ്ദേശിക്കപ്പെട്ടെങ്കിലും, പാരിസ് സർ‌വകലാശാലയുടെ സന്യാസേതര അധികാരികളും സന്യാസവിഭാഗങ്ങളും തമ്മിൽ സർ‌വകലാശാലയുടെ സ്വയംഭരണാധികാരത്തിന്റെ വ്യാപ്തിയേയും പരിമിതികളേയും കുറിച്ചുള്ള തർക്കം നിലനിന്നിരുന്നതിനാൽ, ബിരുദസ്വീകരണം 1257 വരെ വൈകി. തർക്കം പരിഹരിക്കപ്പെടുവോളം സന്യാസികൾക്ക് ബിരുദം നൽകാൻ സർ‌വകലാശാല വിസമ്മതിച്ചിരുന്നു. ഒടുവിൽ ബൊനവന്തുരാ ബിരുദം സ്വീകരിച്ചത്, ആജീവനാന്ത സുഹൃത്തും ആശയരംഗത്തെ പ്രതിയോഗിയുമായിരുന്ന തോമസ് അക്വീനാസിനൊപ്പമാണ്‌.[2][ക] ബൊനവന്തുരയുടെ കഴിവുകൾക്ക് അംഗീകാരമെന്നോണം, മൂന്നു വർഷം മുൻപ് അദ്ദേഹം പ്രമുഖ മദ്ധ്യകാല ചിന്തകനായ പീറ്റർ ലൊംബാർഡിന്റെ നാലു ഭാഗങ്ങളുള്ള "സെന്റൻസുകൾ" എന്ന ഗ്രന്ഥസമുച്ചയത്തെപ്പറ്റി പ്രഭാഷണം നടത്താൻ ക്ഷണിക്കപ്പെട്ടിരുന്നു.

സഭാതലവൻ

തിരുത്തുക

സന്യാസസമൂഹങ്ങളുടെ പൂർണ്ണദാരിദ്ര്യത്തിനുവേണ്ടി വാദിച്ച ഭിക്ഷാംദേഹികളുടെ ആക്രമണത്തിൽ ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ഔദ്യോഗികനിലപാട് വിജയകരമായി വാദിച്ചു ജയിച്ചതിനടുത്ത വർഷം, 1257-ൽ 36 വയസ്സുള്ള ബൊനവന്തുരാ ആ സന്യാസസമൂഹത്തിന്റെ തലവനായി ഉയർത്തപ്പെട്ടു.[3] 1265 നവംബർ 24-ന്‌ ബൊനവന്തുര, യോർക്കിലെ മെത്രാൻ സ്ഥാനത്തേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു; എന്നാൽ ആ സ്ഥാനം അദ്ദേഹം ഒരിക്കലും ഏറ്റെടുത്തില്ല. 1266 ഒക്ടോബറിൽ ഈ നിയുക്തി അദ്ദേഹം തിരസ്കരിക്കുകയും ചെയ്തു.[4] ബൊനവന്തുരായുടെ ഉത്തരവിൻ പ്രകാരമാണ്‌, ഫ്രാൻസിസ്കൻ സന്യാസി ആയിരുന്ന റോജർ ബേക്കണ്‌ ഓക്സ്ഫോർഡ് സർ‌വകലാശാലയിൽ അദ്ധ്യാപനം നടത്തുന്നതിന്‌ വിലക്ക് ഏർപ്പെടുത്തിയതും അദ്ദേഹത്തെ പാരിസ് സർ‌വകലാശാലയുടെ നോട്ടത്തിൽ ആക്കിയത്.

 
ലയോൺസിലെ രണ്ടാം സൂനഹദോസിൽ, ബൈസാന്തിയ ചക്രവർത്തിയുടെ പ്രതിനിധികളെ സ്വീകരിക്കുന്ന ബൊനവന്തുരാ

കർദ്ദിനാൾ, ലയോൺസ്, മരണം

തിരുത്തുക

ബൊനവന്തുരായുടെ ഇടപെടൽ മൂലമാണ്‌ ഗ്രഗോരിയോസ് പത്താമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേയ്ക്കും അൽബാനോയിലെ മെത്രാൻ സ്ഥാനത്തേയ്ക്കും ഉയർത്തുകയും ലത്തീൻ, ഗ്രീക്ക് സഭകൾ തമ്മിലുള്ള ഐക്യം ലക്ഷ്യമാക്കിയ 1274-ലെ ലയോൺസ് സൂനഹദോസിൽ അദ്ദേഹം ഉണ്ടായിരിക്കണമെന്ന് നിർബ്ബന്ധിക്കുകയും ചെയ്തു. അവിടെ, അദ്ദേഹത്തിന്റെ പ്രയത്നഫലമായി ലത്തീൻ, ഗ്രീക്ക് സഭകൾ തമ്മിൽ ഐക്യം സ്ഥാപിച്ചു കഴിഞ്ഞതിനു പിന്നാലേ ബൊനവന്തുരാ, സംശയകരമായ സാഹചര്യത്തിൽ പെട്ടെന്ന് അന്തരിച്ചു. അമിതാദ്ധ്വാനമാണ്‌ മരണകാരണമായി പറയപ്പെടുന്നതെങ്കിലും ബൊനവന്തുരായെ വിഷം കൊടുത്തു കൊല്ലുകയായിരുന്നെന്ന് കത്തോലിക്കാ വിജ്ഞാനകോശം സൂചിപ്പിക്കുന്നു.[5] പീറ്റർ ലൊംബാർഡിന്റെ നാലു പുസ്തകത്തിന്റെ വ്യാഖ്യാനം എഴുതിയ കൈ ആണ്‌ അദ്ദേഹത്തിന്റെ ആകെ നിലവിലുള്ള ഭൗതികാവശിഷ്ടം. അവ, ബാനോറീജിയോയിലെ വിശുദ്ധ നിക്കോളാസിന്റെ പള്ളിയിൽ സം‌രക്ഷിക്കപ്പെടുന്നു.

വ്യക്തിത്വവും വീക്ഷണം

തിരുത്തുക
 
Legenda maior, 1477

വിനീതഭാവവും ലാളിത്യവും ബൊനവന്തുരയുടെ സ്വഭാവത്തിന്റെ പ്രത്യേകതകളായിരുന്നു. താപസന്റെ ലളിതജീവിതമാണ്‌ അദ്ദേഹം നയിച്ചത്. കർദ്ദിനാൾ സ്ഥാനത്തേയ്ക്കുയർത്തുന്ന അറിയിപ്പുമായി മാർപ്പാപ്പയുടെ ദൂതൻ എത്തിയപ്പോൾ ബൊനവന്തുരാ പാത്രം കഴുകുകയായിരുന്നു എന്നു പറയപ്പെടുന്നു.[3] അദ്ദേഹത്തിന്റെ രചനകളിലും, എതിരാളികളെപ്പോലും ആകർഷിക്കുന്ന ഈ വിനീതഭാവം പ്രകടമാകുന്നു. താൻ പൂർ‌വികരുടെ രചനകൾ കേവലം സമാഹരിക്കുക മാത്രമാണെന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്.

ബൊനവന്തുരായുടെ രചനാശൈലി, വ്യക്തതയും, ക്രമവും, ആത്മാർത്ഥതയും പ്രകടിപ്പിച്ചു. ബ്രെവിലോക്വിയം(Breviloquium) എന്ന കൃതി ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ വിദഗ്‌ധ സംഗ്രഹമാണ്‌. അദ്ദേഹത്തിന്റെ "ആത്മഗതങ്ങൾ"(Soliloquium), "ദൈവത്തിലേയ്ക്കുള്ള മനസ്സിന്റെ യാത്ര" (Itinerarium mentis in Deum) എന്നീ രചനകൾ യോഗാത്മഭക്തിയുടെ രത്നങ്ങൾ(jewels of mystic piety) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[3] ബൊനവന്തുരയുടേതായി മദ്ധ്യയുഗങ്ങളിൽ കണക്കാക്കപ്പെട്ടിരുന്ന ചില രചനകൾ ഇന്ന് "വ്യാജ ബൊനവന്തുരാ"(Pseudo-Boneventura) എന്ന രചനാസമുച്ചയത്തിലാണ്‌ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.

യഥാർത്ഥ ജ്ഞാനം ഭൗതികപ്രപഞ്ചത്തിൽ നിന്ന് ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്നതല്ല, ഇന്ദ്രിയാതീതലോകത്തെക്കുറിച്ച് ആത്മാവു വഴി ലഭിക്കുന്നതാണെന്ന് അദ്ദേഹം വാദിച്ചു. തോമസ് അക്വീനാസിനെ സ്നേഹിച്ചിരുന്നെങ്കിലും തത്ത്വചിന്തയ്ക്കു കൊടുക്കുന്ന അമിത പ്രാധാന്യത്തെ എതിർത്ത ബൊനവന്തുരാ, അക്വീനാസിന്റെ പല നിഗമനങ്ങളേയും വിമർശിച്ചു. അവിശ്വാസിയായിരുന്ന അരിസ്റ്റോട്ടിന് സഭാപിതാക്കൾക്കൊപ്പം സ്ഥാനം നൽകരുതെന്ന് ലാളിത്യത്തെ സ്നേഹിച്ച ഫ്രാൻസിസിന്റെ അനുയായിയായ ബൊനവന്തുരാ, ഡോമിനിക്കിന്റെ വഴി പിന്തുടർന്ന അക്വീനാസിനെപ്പോലുള്ളവരെ ഓർമ്മിപ്പിച്ചു. അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയ്ക്ക് നക്ഷത്രങ്ങളിലൊന്നിന്റെ ഒരു നിമിഷത്തെ ചലനത്തെപ്പോലും വിശദീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ദൈവം തത്ത്വചിന്തയുടെ നിഗമനമല്ല, ജീവിക്കുന്ന സാന്നിദ്ധ്യമാണ്‌ [ക]എന്ന് അദ്ദേഹം വിശ്വസിച്ചു. ദൈവത്തെ അനുഭവിക്കുകയെന്നതാണ്‌ നിർ‌വചിക്കുന്നതിനേക്കാൾ നല്ലത്. നന്മയാണ്‌ സത്യത്തേക്കാൾ മേലേയുള്ളത്. ലളിതനന്മകൾ എല്ലാ ശാസ്ത്രങ്ങളേയും അതിലംഘിക്കുന്നു.[3]

നുറുങ്ങുകൾ

തിരുത്തുക
  • ബൊനവന്തുരായുടെ പാണ്ഡിത്യത്തിനു മുമ്പിൽ കണ്ണു മഞ്ഞളിച്ച നിരക്ഷരനായ ഒരു സന്യാസി, നിസ്സാരരും അറിവില്ലാത്തവരുമായ തന്നെപ്പോലുള്ളവർ ദൈവപ്രീതി നേടാൻ എന്താണു ചെയ്യുക എന്ന് അത്ഭതപ്പെട്ടപ്പോൾ "ദൈവത്തെ സ്നേഹിക്കുന്നതു മാത്രം ധാരാളമാണെന്ന് നിനക്കറിഞ്ഞു കൂടേ" എന്ന് ബൊനവന്തുരാ അയാളോടു ചോദിച്ചു. നിരക്ഷരയായ ഒരു പാവം സ്ത്രീയ്ക്ക് ഒരു ദൈവശാസ്ത്രവിശാരദനൊപ്പം ദൈവത്തെ പ്രീതിപ്പെടുത്താൻ പറ്റുമോ എന്ന് അയാൾ വീണ്ടും ചോദിച്ചു. "അതേ" യെന്ന് ബൊനവന്തുരാ മറുപടിയും പറഞ്ഞു. അതുകേട്ട സന്യാസി ഇങ്ങനെ വിളിച്ചുകൂവിക്കൊണ്ട് തെരുവിലൂടെ ഓടി: "സന്തോഷിക്കുക; എന്തെന്നാൽ, ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ, സ്വർഗ്ഗരാജ്യത്തിൽ ബ്രദർ ബൊനവന്തുരായേക്കാൾ ഉയർന്ന സ്ഥാനം നിങ്ങൾ നേടും."[3][6]
  • ആശയരംഗത്ത് പ്രതിയോഗികളായിരുന്നെങ്കിലും ബൊനവന്തുരായും അക്വീനാസും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഒരിക്കൽ പാരിസിലെ ബൊനവന്തുരയുടെ മുറിയിൽ അക്വീനാസ് കടന്നു ചെന്നപ്പോൾ, ബൊനവന്തുരാ, തന്റെ സഭയുടെ സ്ഥാപകനായിരുന്ന ഫ്രാൻസിസിന്റെ ജീവചരിത്ര രചനയിൽ മുഴുകി ധ്യാനിച്ചിരിക്കുകയായിരുന്നു. അതു കണ്ട അക്വീനാസ്, "വിശുദ്ധനെ വിശുദ്ധനോടൊത്തായിരിക്കാൻ വിടുന്നതാണ്‌ ശരി"(Let us leave a Saint to work for a Saint) എന്നു മന്ത്രിച്ച് ഇറങ്ങിപ്പോന്നു എന്ന കഥ പ്രസിദ്ധമാണ്‌.[5]

കുറിപ്പുകൾ

തിരുത്തുക

ക.^ അക്വീനാസും ബൊനവന്തുരയും ബിരുദം സ്വീകരിച്ചത് ഒരേദിവസം ഒരുമിച്ചാണെന്നും ആരാണ്‌ ആദ്യം അതു സ്വീകരിക്കുക എന്നതിനെച്ചൊല്ലി ദൈവശാസ്ത്രത്തിലെ പ്രതിയോഗികളെന്നതിനൊപ്പം സുഹൃത്തുകളും ആയിരുന്ന അവർക്കിടയിൽ "എളിമ-മത്സരം" (contest of humility) നടന്നെന്നും ഒരു പാരമ്പര്യമുള്ളതായി കത്തോലിക്കാവിജ്ഞാനകോശം തോമസ് അക്വീനാസിനെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നു.[7]

ഖ. ^ "God is not a philosophical conclusion but a living presence."

  1. എം. വാൽഷ്, പ്രസിദ്ധീകരിച്ച ബട്ട്‌ലറുടെ വിശുദ്ധന്മാരുടെ ജീവിതം. (ന്യൂ യോർക്ക്: ഹാർപ്പർ കോളിൻസ് പ്രസാധകർ, 1991), 216.
  2. നൗൾസ്, ഡേവിസ് (1988). മദ്ധ്യകാലചിന്തയുടെ വികാസം (പരിഷ്കരിച്ച രണ്ടാം പതിപ്പ്, ed.). Edinburgh Gate: Longman Group. ISBN 0-582-4946-5. {{cite book}}: Check |isbn= value: length (help)CS1 maint: extra punctuation (link)
  3. 3.0 3.1 3.2 3.3 3.4 വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം വാല്യം, വിൽ ഡുറാന്റ്, പുറങ്ങൾ 959-60
  4. Fryde, E. B. (1996). ഹാൻഡ്‌ബുക്ക് ഓഫ് ബ്രിട്ടീഷ് ക്രോണോളജി (പരിഷ്കരിച്ച മൂന്നാം പതിപ്പ് ed.). കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സർ‌വകലാശാലാ പ്രെസ്. p. 282. ISBN 0-521-56350-X. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. 5.0 5.1 St. Bonaventure, കത്തോലിക്കാ വിജ്ഞാനകോശം
  6. ദൈവത്തിന്റെ നിസ്വൻ(God's Pauper), നിക്കോസ് കസൻ‌ദ്സക്കിസ്, വിവർത്തനം, ജോസഫ് മറ്റം (പുറം 313)
  7. Saint Thomas Aquinas, Catholic Encyclopedia
"https://ml.wikipedia.org/w/index.php?title=ബൊനവന്തുരാ&oldid=4022742" എന്ന താളിൽനിന്ന് ശേഖരിച്ചത്