ആദാമും ഹവ്വായും

(Adam and Eve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഹൂദ-ക്രൈസ്തവ-[[|]] വിശ്വാസങ്ങളനുസരിച്ച് ദൈവം സ്വന്തം രൂപത്തിൽ സൃഷ്ടിച്ച ആദ്യത്തെ ആണും പെണ്ണുമാണ് ആദാമും ഹവ്വായും.ഇസ്ലാം മതം അനുസരിച്ചു ദൈവ സ്വരൂപം അല്ല ഈ സൃഷ്ടി ആകാശം, ഭൂമി, സൂര്യചന്ദ്രന്മാർ, താരാഗണങ്ങൾ തുടങ്ങിയവയെ ഓരോ ദിവസങ്ങളായി സൃഷ്ടിച്ച ശേഷം ആറാംദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചതായി ബൈബിൾ പഴയനിയമത്തിൽ പറയുന്നു. മണ്ണുകൊണ്ടു മനുഷ്യനെ മെനഞ്ഞുണ്ടാക്കിയ ദൈവം, മൂക്കിൽ ശ്വാസം ഊതി ജീവൻ നൽകി. അവന് കൃഷി ചെയ്യാനും താമസിക്കാനുമായി ഏദൻ തോട്ടത്തെ സൃഷ്ടിച്ചു. സകല ജീവജാലങ്ങളുടെമേലും അവന് ആധിപത്യം നൽകി. കായ്കനികളായിരുന്നു ഭക്ഷണം. തോട്ടത്തിന്റെ മധ്യത്തിൽ നിന്നിരുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിലെ ഫലം അനുഭവിക്കുന്നതിൽനിന്നു മാത്രം ദൈവം ആദാമിനെ വിലക്കിയിരുന്നു.

ആദാമും ഹവ്വായും

ആദാം തനിയെ ഇരിക്കുന്നതു നന്നല്ല എന്നു ദൈവം കണ്ടു. [1]. മറ്റു ജീവജാലങ്ങളൊന്നും അവനു മതിയായ തുണ ആയില്ല. അതിനാൽ, ഹവ്വാ എന്ന സ്ത്രീയെ ദൈവം സൃഷ്ടിച്ചു. ആദാമിനെ ഉറക്കിയ ശേഷം അവന്റെ ഒരു വാരിയെല്ല് ഊരിയെടുത്ത് അതിൽനിന്നാണ് ഹവ്വായെ സൃഷ്ടിച്ചതെന്നു ബൈബിൾ വിശദീകരിക്കുന്നു.[2]. പാമ്പിന്റെ രൂപത്തിൽ വന്ന സാത്താന്റെ പ്രേരണക്കു വഴങ്ങി, ഉദ്യാനമദ്ധ്യത്തിൽ നിന്നിരുന്ന വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനി ഹവ്വാ തിന്നു. ആദാമിനും നൽകി; അവനും ഭക്ഷിച്ചു. അതേ തുടർന്ന് അവർ നഗ്നരാണെന്ന ബോധം അവർക്കുണ്ടായി. അത്തിയില കൂട്ടിത്തയ്ച്ച് അരയാട ഉണ്ടാക്കി അവർക്കു നൽകിയ ദൈവം അവർക്ക് കഷ്ടപ്പാടുകൾ വിധിച്ചു നൽകുകയും ഏദൻ തോട്ടത്തിൽനിന്നും നിഷ്കാസനം ചെയ്യുകയും ചെയ്തു. തുടർന്ന് അവർ കഠിനയത്നം ചെയ്തു ജീവിക്കേണ്ടി വന്നു എന്നാണ് ബൈബിൾ കഥ.

പാപത്തിന്റെ ഫലം

തിരുത്തുക

ആദാമിനു കായേൻ, ഹാബേൽ, ശേത്ത് തുടങ്ങിയ പുത്രൻമാരുണ്ടായിരുന്നു. അദ്ദേഹം 930 വയസ്സു വരെ ജീവിച്ചിരുന്നതായി ബൈബിളിൽ പരാമർശമുണ്ട്. ആദാം ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യവർഗം മുഴുവനും പാപമുള്ളവരായിത്തീർന്നെന്നും ആ പാപത്തിനു പരിഹാരം ചെയ്യാൻ മനുഷ്യനായി അവതരിച്ച ദൈവപുത്രനാണ് ക്രിസ്തു എന്നും മിക്കവാറും ക്രിസ്തീയവിഭാഗങ്ങൾ വിശ്വസിക്കുന്നു. വിശുദ്ധ പൗലോസ് യേശുവിനെ രണ്ടാമത്തെ ആദാമായി ചിത്രീകരിച്ചിട്ടുണ്ട്. ഏദൻതോട്ടത്തിൽ (സ്വർഗം) നിന്നു നിഷ്കാസിതനായ ആദാം മക്കയിലെ കാബായിൽ വന്നു കൂടാരമടിച്ച് ദൈവത്തെ ആരാധിച്ചുവെന്നും ഹവ്വായെ അതിനു സമീപത്തു സംസ്കരിച്ചുവെന്നുമാണ് മുസ്ലിങ്ങൾ വിശ്വസിച്ചുവരുന്നത്. ആദാം ജീവിച്ചിരുന്ന കാലവും സ്ഥലവും എവിടെയായിരുന്നു എന്നതിനെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്.

വേറെയും കഥകൾ

തിരുത്തുക
 
ആദാമും ഹവ്വായും ഏദന്തോട്ടത്തിൽ നിന്നും നിഷ്കാസിതരായപ്പോൾ

ആദാമിന്റെ സൃഷ്ടിയോടു സാദൃശ്യമുള്ള കഥകൾ സൂമേറിയരുടെയും ബാബിലോണിയരുടെയും പുരാണങ്ങളിൽ കാണുന്നുണ്ട്. അക്കാദിയൻ പുരാണത്തിലെ അദപ്പാ എന്ന കഥാപാത്രത്തിന് ആദാമിനോടു സാമ്യം കാണുന്നു. ദൈവം നൽകിയ ആഹാരവും നിത്യജീവജലവും അബദ്ധത്തിൽ നിരസിച്ചതിനാൽ മനുഷ്യവർഗത്തിന് അമർത്യത നഷ്ടപ്പെട്ടതായി ആ കഥയിൽ പറയുന്നു.

ആദം എന്ന ഹീബ്രു പദത്തിന് മനുഷ്യൻ എന്നാണ് അർഥം. മനുഷ്യവർഗത്തിനുള്ള പൊതുനാമമായും ഇത് ഉപയോഗിക്കുന്നു. ബൈബിൾ ഉത്പത്തിപുസ്തകത്തിൽ (1. 26-27) ഇതിനെ മനുഷ്യവർഗത്തിന്റെ പൊതുനാമമായി ഉപയോഗിക്കുമ്പോൾ, രണ്ടും മൂന്നും അധ്യായത്തിൽ (2. 4; 3. 24) ആദ്യമനുഷ്യൻ എന്ന അർഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഉത്പത്തി പുസ്തകം നാലാം അധ്യായത്തിനുമുൻപ് ഒരിക്കലും ആദാം എന്ന പദം ഒരു വ്യക്തിയുടെ നാമമായി ഉപയോഗിച്ചിട്ടില്ല. പിൽക്കാലത്തുണ്ടായ ജൂതമത വ്യാഖ്യാനങ്ങളാണ് ആദ്യമനുഷ്യന്റെ പേരായി ആദാം എന്നു വ്യവഹരിക്കാൻ കാരണമാക്കിയതെന്നു ചില വേദശാസ്ത്രപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. മണ്ണ് എന്ന് അർഥമുള്ള ആദാമാ എന്ന ഹീബ്രൂപദവും ആദാം എന്ന പദവും ഒരേ ധാതുവിൽനിന്നു നിഷ്പന്നമാണെന്നു ഭാഷാ ശാസ്ത്രജ്ഞൻമാർ കരുതുന്നു.

ഹവ്വാ എന്നത് ആദ്യവനിതയ്ക്കു പേരായിട്ടാണ് ഹീബ്രൂ ഭാഷയിൽ [3] ഉപയോഗിച്ചിരിക്കുന്നത്. ജീവൻ എന്നാണ് പദത്തിന്റെ അർഥം. ഇതേപ്പറ്റി വിഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും താരതമ്യേന അംഗീകാരം ഈ വ്യാഖ്യാനത്തിനാകുന്നു.

ഇതുംകൂടി കാണുക

തിരുത്തുക
  1. ഉത്പത്തി 2. 18
  2. ഉത്പത്തി 2.21
  3. ഉത്പത്തി 3. 20

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആദാമും ഹവ്വായും എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആദാമും_ഹവ്വായും&oldid=4004866" എന്ന താളിൽനിന്ന് ശേഖരിച്ചത്