ഹാൻസ് ഗോട്ട്ലിബ് ഡെൽബ്രൂക്
ജർമൻ ചരിത്രകാരനായിരുന്നു ഹാൻസ് ഗോട്ട്ലിബ് ഡെൽബ്രൂക്. രാഷ്ട്രീയ ചരിത്രവും സൈനിക ചരിത്രവുമാണ് ഇദ്ദേഹം വിഷയമാക്കിയിട്ടുള്ളത്. ഉത്തര-പൂർവ ജർമനിയിലെ റൂജൻ (Rugen) ദ്വീപിലെ ബർജിനിൽ (Bergen) 1848 നവംബർ 11-ന് ഇദ്ദേഹം ജനിച്ചു. ജർമനിയിലെ ഹെയ്ഡൽബർഗ്, ഗ്രീഫ് സ് വാൾഡ്, ബോൺ എന്നീ സർവകലാശാലകളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രഷ്യയിലെ വ്ളാദിമിർ രാജകുമാരന്റെ ട്യൂട്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബർലിൻ സർവകലാശാലയിൽ ആധുനിക ചരിത്രത്തിന്റെ പ്രൊഫസറായി (1896-1921) ഇദ്ദേഹം നിയമിതനായിരുന്നു. പ്രഷ്യയിലെ ലാൻടാഗ് (1882-85), ജർമൻ റീഷ്സ്റ്റാഗ് (1884-90) എന്നീ നിയമനിർമ്മാണ സഭകളിൽ അംഗമായിരിക്കുവാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. അക്കാലത്തെ ഒരു പ്രമുഖ ആനുകാലിക പ്രസിദ്ധീകരണമായിരുന്ന പ്രഷ്യൻ അനൽസിന്റെ (Preussische Jahrbucher) എഡിറ്ററായി 1883 മുതൽ 1919 വരെ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒരു ചരിത്ര പണ്ഡിതനെന്ന അംഗീകാരം നേടിയ ഇദ്ദേഹം യുദ്ധകാര്യചരിത്രത്തെപ്പറ്റി ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ ജർമൻ ഭാഷയിൽ രചിച്ച് പ്രശസ്തി നേടി. ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധത്തേയും രാഷ്ട്രീയത്തേയും പറ്റി ഗ്രന്ഥരചന നടത്തി. ജർമനിയുടെ വിദേശനയത്തെപ്പറ്റി അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഒന്നാം ലോകയുദ്ധം അവസാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പാരിസ് സമാധാന സമ്മേളനത്തിൽ ഇദ്ദേഹം സംബന്ധിച്ചിരുന്നു. 1929 ജൂലൈ 14-ന് ഇദ്ദേഹം ബർലിനിൽ നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://encyclopedia2.thefreedictionary.com/Delbr%C3%BCck,+Hans+Gottlieb+Leopold
- http://www.geni.com/people/Hans-Delbr%C3%BCck/6000000000007408189
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡെൽബ്രൂക്, ഹാൻസ് ഗോട്ട്ലിബ് (1848-1929) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |