പുരാതന ബാബിലോണിൽ ക്രിസ്തുവിനു മുൻപ് പതിനെട്ടാം(1790-നടുത്ത്) നൂറ്റാണ്ടിൽ എഴുതപ്പെട്ട നിയമസംഹിതയാണ് ഹമ്മുറാബിയുടെ നിയമാവലി. ചരിത്രത്തിലെ ഏറ്റവും പുരാതനമായ നിയമസംഹിതകളിൽ പെടുന്ന അത്, അതിശയകരമായ പൂർണ്ണതയിൽ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. ബാബിലോണിലെ ആറാമത്തെ രാജാവായിരുന്ന ഹമ്മുറാബിയാണ് ഈ സംഹിത രൂപപ്പെടുത്തിയത്.[1] ഏഴടി നാലിഞ്ച് ഉയരമുള്ള ശിലയിൽ രേഖപ്പെടുത്തിയ നിയമാവലിയുടെ ഒരു സമ്പൂർണ്ണമാതൃക ഇന്ന് ലഭ്യമാണ്.[2] അക്കേദിയൻ ഭാഷയുടെ ക്യൂനിഫോം ലിപിയിലാണ് അതിന്റെ രചന.[3]

ഹമ്മുറാബിയുടെ നിയാമാവലിയുടെ ഒരു ചിത്രം.
ഹമ്മുറാബിയുടെ നിയമാവലി രേഖപ്പെടുത്തിയിരിക്കുന്ന ശിലയുടെ മേൽഭാഗം

കണ്ടെത്തൽ

തിരുത്തുക

ഹമ്മുറാബിയുടെ നിയമാവലി രേഖപ്പെടുത്തിയിരിക്കുന്ന ശില, ജാക്ക് ഡി മോർഗന്റെ നേതൃത്വത്തിലുള്ള പര്യവേഷകസംഘത്തിലെ ഈജിപ്ത് വിദഗ്‌ധൻ ഗുസ്താവ് ജെക്വീർ 1901-ൽ കണ്ടെത്തിയതാണ്. ക്രിസ്തുവിന് മുൻപ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എലാമിലെ രാജാവായിരുന്ന ഷുട്രുക് നഹൂണ്ടെ കൊള്ള ചെയ്തുകൊണ്ടുപോയ ആ ശില കണ്ടുകിട്ടിയത് ഇറാനിലെ കൂസെസ്ഥാനിൽ പഴയ സൂസാ പട്ടണത്തിലാണ്.[4] പാരിസിലെ ലൂവർ സംഗ്രഹാലയത്തിലാണ് ഇപ്പോൾ അത്.[5]

ഹമ്മുറാബി

തിരുത്തുക

ജനങ്ങൾക്ക് നിയമം എത്തിച്ചുകൊടുക്കാൻ ദൈവങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവനാണ് താനെന്ന് ഹമ്മുറാബി (ഭരണകാലം ക്രി.മു.1796 -1750) പ്രഖ്യാപിച്ചു. നിയമാവലിയുടെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: "(ദേവന്മാരായ) അനുവും ബേലും, ഉന്നതരാജനും ദൈവഭയമുള്ളവനുമായ എന്നെ നാട്ടിൽ നീതിയുടെ ഭരണം നടപ്പിൽ വരുത്താൻ പേരുചൊല്ലി വിളിച്ചു."[6]

പുരാതനപൗരസ്ത്യദേശത്ത് രൂപമെടുത്ത പല നിയമസം‌ഹിതകളിൽ ഒന്നാണ് ഹമ്മുറാബിയുടെ നിയമം.[7][8] ഊരിലെ രാജാവ് ഊർ നാമുവിന്റെ സംഹിത(ക്രി.മു. 2500), എഷ്നുനാലിന്റെ നിയമങ്ങൾ (ക്രി.മു. 1930) ഇസിനിലെ ലിപിറ്റ് ഇഷ്ടാറിന്റെ നിയമസംഹിത (ക്രി.മു. 1870) തുടങ്ങിയവ ഈ ഗണത്തിലെ പൂർവസംഹിതകളും[9]ഹിത്തിയരുടേയും അസീറിയക്കാരുടേയും നിയമങ്ങളും മോശെയുടെ നിയമവും ഇതിന്റെ പിൽക്കാല മാതൃകകളുമാണ്. ഭൂമിശാസ്ത്രപരമായി അടുത്ത പ്രദേശങ്ങളിലും സമാനസംസ്കൃതികളിലുമാണ് ഈ സംഹിതകൾ രൂപപ്പെട്ടത്. സമാനമായ പല ഭാഗങ്ങളും ഈ നിയമാവലികളിലുണ്ട്.

 
ഹമ്മുറാബിയുടെ നിയമാവലി രേഖപ്പെടുത്തിയിരിക്കുന്ന ശിലയുടെ പിൻഭാഗം.


ഒരു രാജ്യത്തിന്റെ ഭരണത്തെ നിയന്ത്രിക്കുന്ന മൗലിക നിയമങ്ങളെ മാറ്റി മറിക്കാൻ രാജാവിനുപോലും അധികാരമില്ല എന്നതിന്റെ നല്ല ഉദാഹരണമായി ഹമ്മുറാബിയുടെ നിയമം ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഭരണഘടനാനുസൃതമായ ശാസനം (constitutional government) നിയമവാഴ്ച (Rule of Law) എന്നീ ആധുനികസങ്കല്പങ്ങളുടെ ആദിരൂപമാണിത്.


വിവിധ ഉല്പന്നങ്ങൾക്ക് ബാധകമായ അളവുരീതികളും മറ്റും നിഷ്കർഷിക്കുന്ന ഒരു നിയമസഹിതയുടെ പിൻബലമുള്ള ആദ്യത്തെ സമ്പദ്‌വ്യവസ്ഥ ഉടലെടുത്തത് ബാബിലോണിലും അയൽനാടുകളിലുമാണ്. സുമേറിലെ ആദ്യകാല നിയമങ്ങൾ ഏറ്റവും പുരാതനമായ ധനശാസ്ത്രസമവാക്യങ്ങളാണ്. വില, പലിശ, സ്വകാര്യസ്വത്ത്, പിന്തുടർച്ച തുടങ്ങിയ വിഷയങ്ങളിൽ ആധുനികകാലത്തെ പല നിയമങ്ങളിലും അവ പ്രതിഫലിക്കുന്നുണ്ട്.[10]

ചില നിയമങ്ങൾ

തിരുത്തുക

താഴെ പറയുന്നവ, ഹമ്മുറാബിയുടെ നിയമസംഹിതയിലെ വ്യവസ്ഥകൾക്ക് ഉദാഹരണങ്ങളാണ്:[11]

  • ഒരുവൻ മറ്റൊരുവനെ ഏതെങ്കിലും ആരോപണത്തിൽ പെടുത്തി വിലക്കിലാക്കുകയും പിന്നീട് ആരോപണം തെളിയാതെ വരുകയും ചെയ്താൻ, വിലക്ക് വരുത്തിവച്ചവൻ കൊല്ലപ്പെടണം.
  • തനിക്കെതിരെ മറ്റൊരാൾ ആരോപണം ഉന്നയിച്ചതിന്റെ പ്രയാസത്തിൽ ഒരുവൻ നദിയിൽ ചാടി മുങ്ങി മരിച്ചാൽ, ആരോപണം ഉന്നയിച്ചയാൾ അയാളുടെ വീടിന് അവകാശിയാകും. എന്നാൽ അയാൾ മുങ്ങാതെ രക്ഷപെട്ടാൽ, ആരോപണം ഉന്നയിച്ചവന് വധശിക്ഷ നൽകുകയും ആരോപിതൻ ആരോപകന്റെ വീടിന് അവകാശിയാവുകയും ചെയ്യും.
  • മൂപ്പന്മാർ സമക്ഷം മറ്റൊരാൾക്കെതിരായി ആരോപണം ഉന്നയിച്ചിട്ട് അത് തെളിയിക്കുന്നതിൽ പരാജയപ്പെടുന്നവന് വധശിക്ഷ നൽകണം.
  • ഒരാൾ മറ്റൊരാൾക്കുവേണ്ടി പണിത വീട്, പണിയുടെ പോരായ്മകൾ മൂലം ഇടിഞ്ഞ് വീണ് ഉടമസ്ഥൻ മരിച്ചാൽ, നിർമ്മാതാവിന് വധശിക്ഷ നൽകണം. (ഉടമസ്ഥന്റെ മകൻ കൊല്ലപ്പെട്ടാൽ നിർമ്മാതാവിന്റെ മകനെ കൊല്ലണം എന്നാണ് ഈ നിയമത്തിന്റെ മറ്റൊരു പാഠം.)
  • മുലയൂട്ടി വളർത്താനായി മാതാപിതാക്കളിൽ നിന്ന് ഏറ്റെടുത്ത കുഞ്ഞ് തന്റെ കൈവശം മരിച്ചെന്നിരിക്കെ, മറ്റൊരു കുഞ്ഞിനെ കണ്ടെത്തി മരിച്ചുപോയ കുട്ടിയാണെന്ന നാട്യത്തിൽ വളർത്തിയവളുടെ മുലകൾ അരിഞ്ഞുകളയണം.
  • ഒരാളുടെ ആൺകുട്ടിയെ അപഹരിക്കുന്നവന് വധശിക്ഷ നൽകണം.
  • പെണ്ണിനെ വിവാഹം കഴിച്ചവൻ അവളുമായി ലൈംഗികബന്ധം പുലർത്തിയിട്ടേയില്ലെങ്കിൽ, ആ പെണ്ണ് അയാളുടെ ഭാര്യയല്ല.
  • ഗർഭിണിയെ ആരെങ്കിലും തല്ലിയതിന്റെ ഫലമായി ഗർഭം അലസിയാൽ, തല്ലിയവന്റെ മകളെ കൊല്ലണം.

ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രം അടങ്ങുന്ന ഇത്തരം 282 നിയമങ്ങൾ ഹമ്മുറാബിയുടെ സംഹിതയിലുണ്ട്. സംഹിതയുടെ തുടക്കം സ്വയം പരിചയപ്പെടുത്തുന്ന ഹമ്മുറാബിയുടെ ആമുഖത്തിലും സമാപനം, തന്റെ നിയമങ്ങൾ ഫലപ്രദമാകുമെന്ന് ആശിച്ച് അതിനു വേണ്ടി പ്രാർത്ഥിക്കുന്ന ഹമ്മുറാബിയുടെ തന്നെ ഉപസംഹാരത്തിലുമാണ്.

വിലയിരുത്തൽ

തിരുത്തുക
 
ഹമ്മുറാബിയുടെ വെണ്ണക്കൽ രൂപം അമേരിക്കൻ ജനപ്രതിനിധി സഭയിൽ

ഏറെ വൈവിദ്ധ്യമുള്ള ഒരു സംഹിതയാണ് ഹമ്മുറാബി സൃഷ്ടിച്ചത്. മന്ത്രവാദക്കുറ്റം ആരോപിക്കപ്പെട്ടവനും വ്യഭിചാരത്തിന്റെ നിഴൽ വീണവൾക്കുമെല്ലാം നിരപാരാധിത്വം തെളിയിക്കാൻ യൂഫ്രട്ടീസ് നദിയിൽ ചാടുന്നതൊഴിച്ചുള്ള മാർഗ്ഗമൊന്നും അത് അനുവദിച്ചില്ല. ഏറ്റവും നല്ല നീന്തൽക്കാരന്റെ ഭാഗം ചേരാൻ ദൈവങ്ങളെ നിർബന്ധിക്കുന്ന [ക] ഇത്തരം പ്രാകൃതഘടകങ്ങളെക്കെ പരിഗണിക്കുമ്പോഴും ഹമ്മുറാബിയുടെ നിയമാവലിയിൽ പ്രകടമാകുന്ന പ്രബുദ്ധത അംഗീകരിക്കാതെ വയ്യ. ദൈവങ്ങളെ പുകഴ്ത്തുന്ന ആമുഖത്തോടെ തുടങ്ങുന്ന ഈ സംഹിതയുടെ ബാക്കിഭാഗം അതിശയകരമാം വിധം മതനിരപേക്ഷമായിരിക്കുന്നു. നീതിന്യായ പാലനത്തിനുള്ള വിശദമായ നടപടിക്രമങ്ങളും വിവാഹബന്ധങ്ങളിലെ ക്രൂരത പരിമിതപ്പെടുത്താനുള്ള ശ്രമവുമെല്ലാം അതിന്റെ പ്രത്യേകതകളാണ്. പിന്നീട് ഒരു സഹസ്രാബ്ദത്തിനുശേഷം അസീറിയയിൽ നിലനിന്ന നിയമങ്ങളേയും, ആധുനിക കാലത്തെ രാഷ്ട്രങ്ങളിൽ ചിലതിന്റെയെങ്കിലും നിയമവ്യവസ്ഥകളേയുംകാൾ പ്രബുദ്ധത അത് പ്രകടമാക്കിയെന്ന് സംസ്കാരത്തിന്റെ കഥയിൽ വിൽ ഡുറാന്റ് നിരീക്ഷിക്കുന്നു.[12]

തന്റെ സംഹിതക്ക് ഹമ്മുറാബി എഴുതിയ ഉപസംഹാരത്തേക്കാൾ ഹൃദയഹാരിയായതൊന്നും പ്രാചീനനിയമസംഹിതകളിൽ കണ്ടെത്താനാവില്ല. ശക്തന്മാരുടെ മുഷ്കിൽ നിന്ന് ദുർബ്ബലരെ രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമായി പറയുന്നു.[12]



പുരാതനകാലത്തെ നിയമദാതാവെന്ന നിലയിലുള്ള ഹമ്മുറാബിയുടെ പ്രശസ്തി മൂലം, ആധുനിക സർക്കാർ സ്ഥാനങ്ങളിൽ പലതിന്റേയും കാര്യാലയങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നു.

കുറിപ്പുകൾ

തിരുത്തുക

ക. ^ A man accused of sorcery, or a woman charged with adultery, was invited to leap into the Euphrates; and the gods were on the side of the best swimmers.[12]

  1. Gabriele Bartz, Eberhard König, (Arts and Architecture), Könemann, Köln, (2005), isbn3-8331-1943-8.
  2. http://www.commonlaw.com/Hammurabi.html Archived 2007-09-21 at the Wayback Machine. Code of Hammurabia C. H. W. Johns
  3. http://www.historyguide.org/ancient/hammurabi.html Retrieved July-15-09
  4. David Graves, Jane Graves (1995). "Archaeological History of the Code of Hammurabi". Electronic Christian Media. Retrieved September 14 2007. {{cite web}}: Check date values in: |accessdate= (help); Unknown parameter |dateformat= ignored (help)
  5. Gabriele Bartz, Eberhard König. (2005). Louvre (Arts and Architecture). Köln: Könemann. ISBN 3-8331-1943-8.
  6. Edited by Richard Hooker; Translated by L.W. King (1910) (1996). "Mesopotamia: The Code of Hammurabi". Washington State University. Archived from the original on 2011-05-14. Retrieved September 14 2007. {{cite web}}: |author= has generic name (help); Check date values in: |accessdate= (help); Unknown parameter |dateformat= ignored (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  7. wwlia.org (2006). "Was Hammurabi really the first law maker in history?". wwlia.org - Legal information. Archived from the original on 2008-10-07. Retrieved September 14 2007. {{cite web}}: Check date values in: |accessdate= (help); Unknown parameter |dateformat= ignored (help)
  8. L. W. King (2005). "The Code of Hammurabi: Translated by L. W. King". Yale University. Archived from the original on 2007-09-16. Retrieved September 14 2007. {{cite web}}: Check date values in: |accessdate= (help); Unknown parameter |dateformat= ignored (help)
  9. Charles F. Horne, Ph.D. (1915). "The Code of Hammurabi : Introduction". Yale University. Archived from the original on 2007-09-08. Retrieved September 14 2007. {{cite web}}: Check date values in: |accessdate= (help); Unknown parameter |dateformat= ignored (help)
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-09. Retrieved 2009-09-11.
  11. http://www.wsu.edu/~dee/MESO/CODE.HTM Archived 2011-05-14 at the Wayback Machine. Code of Hammurabi
  12. 12.0 12.1 12.2 വിൽ ഡുറാന്റ്, സംസ്കാരത്തിന്റെ കഥ ഒന്നാം ഭാഗം, നമ്മുടെ പൗരസ്ത്യപൈതൃകം - പുറങ്ങൾ 219-221 & 230-232.