അക്കാദിയൻ ഭാഷ
സെമിറ്റിക് ഗോത്രത്തിൽപ്പെട്ട ഒരു ഭാഷ. ഹീബ്രു, അറബി എന്നിവയുമായി ഇതിനു വളരെ അടുപ്പമുണ്ട്. ബാബിലോണിയൻ സംസ്കാരത്തിന്റെ ഉറവിടമായ അക്കാദ് (അഗാദ എന്നു പ്രാചീനനാമം) എന്ന പുരാതന നഗരത്തിലും (ഈ നഗരം ഇന്നത്തെ ഇറാക്കിന്റെ വടക്കുഭാഗത്തായിരുന്നു) മെസൊപ്പൊട്ടേമിയയിലും ബി.സി. 3000-ത്തോടടുത്ത് പ്രചരിച്ചിരുന്നതാണ് ഈ ഭാഷ. ആധുനിക അസീറിയൻ ഭാഷ അക്കേദിയന്റെ ഒരു ദേശ്യഭേദം മാത്രമാണ്. അക്കേദിയനും അതുമായി ബന്ധപ്പെട്ട മറ്റു ഭാഷകളും പൊതുവേ അസീറിയൻ ഭാഷകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. 9-ം ശതകത്തിനുമുമ്പ് മെസൊപ്പൊട്ടേമിയയിൽ നടന്ന ഭൂഖനനത്തിന്റെ ഫലമായി പ്രാചീന അക്കേദിയൻ ഭാഷാലിപികളുടെ സ്വരൂപം മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്.[1]
അക്കാദിയൻ ഭാഷ | |
---|---|
𒀝𒅗𒁺𒌑 അക്കദൂ | |
Native to | അസിറിയയും, ബാബിലോനിയയും |
Region | മെസൊപ്പൊട്ടേമിയ |
Extinct | 100 ഏഡി |
ആഫ്രോ-ഏസിയാറ്റിക്ക്
| |
സുമേറോ-അക്കാദിയൻ ക്യൂനിഫോം | |
Official status | |
Official language in | തുടക്കത്തിൽ അക്കാദ് (മധ്യ മെസൊപ്പൊട്ടേമിയ); വെങ്കല കാലത്തും ഇരുമ്പ് കാലത്തും മിഡിൽ ഈസ്റ്റിന്റെയും ഈജിപ്തിന്റെയും പ്രമുഖ ഭാഷ ആയിരുന്നു. |
Language codes | |
ISO 639-2 | akk |
ISO 639-3 | akk |
അക്കേദിയൻ പൂർവസെമിറ്റിക് ഭാഷാ വിഭാഗത്തിൽപ്പെടുന്നു. ദക്ഷിണ മെസൊപ്പൊട്ടേമിയയിലെ ദേശഭാഷയായ സുമേറിയനിൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ, വ്യക്തിനാമങ്ങളായും തത്സമ-തദ്ഭവങ്ങളായും നിരവധി അക്കേദിയൻ പദങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. വളരെ പ്രാചീനകാലം മുതൽക്കേ ഈ ഭാഷ പ്രചാരത്തിലിരുന്നുവെന്നതിന് ആ ശിലാലിഖിതങ്ങൾ മതിയായ തെളിവുകളാണ്. അക്കേദിയൻ ഭാഷയുടെ പ്രാചീനരൂപം ഈ ശാസനങ്ങളിലാണ് കണ്ടെത്തുന്നത്. അക്കാദ് വംശത്തിൽപ്പെട്ട പ്രമുഖ രാജാവായ സർഗന്റെ കാലത്ത് (ബി.സി. 2400) മെഡിറ്ററേനിയൻ കടൽ മുതൽ പേർഷ്യൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടന്ന സാമ്രാജ്യത്തിന്റെ ഔദ്യോഗികഭാഷയെന്ന നിലയിൽ അക്കേദിയൻ വളരെ വ്യാപകമായി പ്രചരിച്ചിരുന്നു. പക്ഷേ പില്ക്കാലത്ത് ഊർ വംശത്തിന്റെ ഭരണകാലത്തുണ്ടായ നവോത്ഥാനത്തിന്റെ ഫലമായി (ബി.സി. 2000) അക്കേദിയൻ മെസൊപ്പൊട്ടേമിയയുടെ മാത്രം ഭാഷയായി ചുരുങ്ങിപ്പോവുകയും സുമേറിയൻ ഭാഷ മതസാഹിത്യത്തിന്റെ വിശുദ്ധ ഭാഷയായി വ്യാപകമായിത്തന്നെ നിലനിന്നുപോരുകയും ചെയ്തു. സർഗനിക് വംശത്തിന്റെ പൂർവയുഗം, സർഗനിക്യുഗം, ഊർവംശത്തിന്റെ മൂന്നു തലമുറകൾ എന്നിവ ഉൾപ്പെടുന്ന കാലഘട്ടത്തെ, അക്കേദിയൻ ഭാഷയുടെ പ്രാചീനകാലമായി കരുതിപ്പോരുന്നു.[2]
ഊറിലെ മൂന്നാം രാജവംശത്തിന്റെ പതനത്തോടുകൂടി അക്കേദിയൻ ഭാഷയിൽ രണ്ടു മുഖ്യപ്രാദേശികരൂപങ്ങൾ ആവിർഭവിച്ചു. ഇതിൽ ആദ്യത്തേത് മെസൊപ്പൊട്ടേമിയയുടെ ഉത്തരഭാഗത്ത് അസീറിയയിൽ വ്യാപകമായിത്തീർന്ന അസീറിയൻഭാഷയാണ്. മെസൊപ്പൊട്ടേമിയയുടെ ദക്ഷിണഭാഗത്തുള്ള ബാബിലോണിയയിൽ പ്രചരിച്ച ബാബിലോണിയൻ ഭാഷയാണ് രണ്ടാമത്തേത്. അക്കേദിയന്റെ ഈ രണ്ട് പ്രാദേശികരൂപങ്ങൾക്കും പ്രാചീനകാലം, മധ്യകാലം, ആധുനികകാലം എന്ന് മൂന്നു ദശകളുള്ളതായും ഓരോ ദശയ്ക്കും ഭാഷാപരമായ സവിശേഷതകളുള്ളതായും ഭാഷാശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.[3]
അസീറിയൻ ഉപഭാഷ
തിരുത്തുകഅക്കേദിയൻ ഭാഷയുടെ പ്രാദേശിക രൂപമായ ഇത് പ്രാചീന അസീറിയൻ കാലഘട്ടത്തിലെ പ്രധാനഭാഷയായി ഉപയോഗിച്ചുപോന്നിരുന്നു. അസീറിയയിലും ഏഷ്യാമൈനറിലുമുള്ളവർ തമ്മിലുള്ള കത്തിടപാടുകൾക്കും വ്യവസായ സംബന്ധമായ പ്രമാണങ്ങൾക്കും ചരിത്രപരമായ ശാസനങ്ങൾക്കും ഈ ഭാഷ തന്നെയായിരുന്നു മുഖ്യമാധ്യമം. മധ്യകാലമായതോടുകൂടി നിയമം, സമ്മതപത്രം, കത്തുകൾ എന്നിവ അസീറിയൻ ഉപഭാഷയിൽ തന്നെ എഴുതപ്പെട്ടിരുന്നുവെങ്കിലും ചരിത്രലിഖിതങ്ങൾക്കു ബാബിലോണിയൻ ഭാഷയാണ് പ്രയോഗിക്കപ്പെട്ടുപോന്നത്. ആധുനിക അസീറിയൻ യുഗത്തിൽ, അസീറിയൻമാരുടെ പ്രതാപം തളർന്നുതുടങ്ങിയതോടെ അസീറിയൻ ഭാഷയും നിഷ്പ്രഭമാകാൻ തുടങ്ങി. ഈ കാലഘട്ടത്തിൽ മതപരവും ഭരണപരവുമായ കാര്യങ്ങൾക്കു ബാബിലോണിയൻ ഭാഷ ഉപയോഗിക്കപ്പെട്ടുതുടങ്ങിയെങ്കിലും നിയമപരമായ ഇടപാടുകൾക്ക് അസീറിയൻ തന്നെ ഉപയോഗിച്ചുപോന്നിരുന്നു. [4]
ബാബിലോണിയൻ ഉപഭാഷ
തിരുത്തുകബാബിലോണിയൻ ഉപഭാഷ, ബാബിലോണിന് വെളിയിൽ വ്യാപകമായിത്തീർന്നത് അക്കേദിയൻ ഭാഷയുടെ മധ്യകാലഘട്ടത്തിലായിരുന്നു. ഈ കാലഘട്ടത്തിൽ ബാബിലോണിയൻ ഉപഭാഷ പൂർവദേശങ്ങളുടെ അന്താരാഷ്ട്രഭാഷയായി വ്യവഹരിക്കപ്പെട്ടിരുന്നതായി രേഖകൾ ലഭിച്ചിട്ടുണ്ട്. ഈജിപ്തിലെ ടെൽ-എൽ-അമർണാ എന്ന സ്ഥലത്ത് നടന്ന ഉത്ഖനനങ്ങളുടെ ഫലമായി, ഈജിപ്ത്, സിറിയ, പലസ്തീൻ, ഏഷ്യാമൈനർ, അസീറിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സമ്പർക്കഭാഷ ബാബിലോണിയൻ ആയിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. ഏലാം എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്നത്തെ ദക്ഷിണ ഇറാക്കിലും ഈ ഭാഷ പ്രാബല്യത്തിലിരുന്നു. ആധുനിക ബാബിലോണിയൻ ഘട്ടമായപ്പോൾ അരമായ എന്ന പേരിൽ മറ്റൊരു സെമിറ്റിക് ഭാഷ രൂപംകൊണ്ടതോടെ സംസാരഭാഷയെന്ന നിലയിൽ നിന്നും ക്ലാസിക്കൽ സാഹിത്യത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും വാനശാസ്ത്രത്തിന്റെയും ഭാഷയായി മാത്രം ബാബിലോണിയൻ ഭാഷയുടെ ഉപയോഗം ചുരുങ്ങി. ക്രിസ്തുവർഷാരംഭത്തോടുകൂടി ബാബിലോണിയൻ ഭാഷ പൂർണമായും മൃതഭാഷയായിക്കഴിഞ്ഞു. 19-ം ശതകത്തിൽ നടത്തിയ ഭൂഖനനത്തിൽനിന്നു ലഭിച്ച വസ്തുക്കളിൽ നിന്നാണ് പിന്നീട് ഈ ഭാഷയെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്.[5]
അക്കേദിയൻ ലിപി
തിരുത്തുകഎല്ലാ സെമിറ്റിക് ഭാഷകൾക്കും 22 മുതൽ 30 വരെ ധ്വനി ചിഹ്നങ്ങളാണ് ലിപിയുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചുപോന്നിരുന്നത്. അക്കേദിയൻ ലിപിയുടെ സ്ഥിതി ഇതിൽനിന്നും വ്യത്യസ്തമാണ്. സുമേറിയൻ ലിപിയുടെ രൂപാന്തരമായ 600 ലിപി ചിഹ്നങ്ങൾ അക്കേദിയൻ ഭാഷ സ്വായത്തമാക്കിയിരുന്നു.[6]
ഭാഷാസ്വരൂപം
തിരുത്തുകപ്രാചീന അക്കേദിയൻ ഭാഷയ്ക്ക് എട്ടു സ്വരധ്വനികളും ഇരുപതു വ്യഞ്ജനധ്വനികളും സ്വന്തമായുണ്ടായിരുന്നു. ഇവയിൽ സ്വരധ്വനികൾ സന്ദർഭമനുസരിച്ച് ഹ്രസ്വമായും ദീർഘമായും പ്രയോഗിക്കപ്പെട്ടുപോന്നു.
അക്കേദിയനിലെ എല്ലാ നാമങ്ങളെയും പുല്ലിംഗം, സ്ത്രീലിംഗം എന്നു രണ്ടായി വിഭജിച്ചിട്ടുണ്ട്. സംസ്കൃതത്തിലെപ്പോലെ ഏകവചനവും ദ്വിവചനവും ബഹുവചനവും ഈ ഭാഷയിൽ സാർവത്രികമായിരുന്നു. കാരകങ്ങൾ മുഖ്യമായി മൂന്നാണുള്ളത് -- കർതൃകാരകം, കർമകാരകം, സംബന്ധികാകാരകം. മൂലരൂപത്തോട് അത്ത് അല്ലെങ്കിൽ ത് എന്ന പ്രത്യയം ചേർത്ത് സ്ത്രീലിംഗരൂപം നിർമ്മിക്കുന്നു. പുല്ലിംഗ സ്ത്രീലിംഗ രൂപങ്ങൾക്കു പൊതുവേ കാര്യമായ വ്യത്യാസങ്ങളില്ലെങ്കിലും അവയെ വേർതിരിച്ചു കാണിക്കുന്ന മുഖ്യഘടകം ഈ പ്രത്യയങ്ങളാണ്. ദ്വിവചന സമ്പ്രദായം പ്രാചീന കാലത്തു നിലവിലിരുന്നുവെങ്കിലും മധ്യകാലമായപ്പോഴേക്കും ലുപ്തപ്രായമായി. ഉം എന്ന പ്രത്യയം ഏകവചനത്തെയും ഇം സംബന്ധകാരകത്തെയും അം കർമകാരകത്തെയും സൂചിപ്പിക്കുന്ന മുഖ്യ പ്രത്യയങ്ങളാണ്.
ക്രിയകൾക്കു പൊതുവേ രണ്ടു കാലങ്ങളേയുള്ളു -- വർത്തമാനവും ഭാവിയും. വർത്തമാനകാലരൂപം ഭൂതകാലമായും പ്രയോഗിക്കപ്പെടുന്നു.
സാഹിത്യം
തിരുത്തുകസാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങളെ അധികരിച്ച് രചിച്ചിട്ടുള്ള നിരവധി അക്കേദിയൻ ലിഖിതങ്ങൾ ലഭിച്ചിട്ടുണ്ട്. മെസൊപ്പൊട്ടേമിയയുടെ പല ഭാഗങ്ങളിൽ നിന്നും അക്കേദിയൻ ഭാഷയുടെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന ലിഖിതങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ബി.സി. 18 മുതൽ 16 വരെയുള്ള ശതകങ്ങളിൽ ബാബിലോണിൽ പ്രഖ്യാതമായിരുന്ന ലാർസാരാജവംശത്തിന്റെ കാലത്ത് സാഹിത്യപ്രാധാന്യമുള്ള പല ശിലാലേഖനങ്ങളും വിരചിതമായതായി രേഖകളിൽ നിന്നു മനസ്സിലാക്കാം.
അക്കേദിയൻ ഭാഷയിൽ എഴുതപ്പെട്ട ചരിത്രലിഖിതങ്ങൾ നിരവധിയാണ്. പ്രാചീന അക്കേദിന്റേയും അസീറിയയുടെയും ചരിത്രാംശങ്ങളും രാജാക്കന്മാർ തമ്മിലുള്ള കിടമത്സരങ്ങളുടെ കഥകളും അന്നത്തെ സൈനികവ്യവസ്ഥയുടെ സിദ്ധാന്തങ്ങളും ഈ ചരിത്ര ലിഖിതങ്ങളിൽ നിറഞ്ഞുകിടക്കുന്നു. ഇതു കൂടാതെ തെക്കു പടിഞ്ഞാറൻ ഏഷ്യയുടെയും ഈജിപ്തിന്റെയും ബി.സി. 9 മുതൽ 7 വരെയുള്ള ശതകങ്ങളിലെ ചരിത്രവസ്തുതകളിലേക്ക് ഈ അക്കേദിയൻ ലിഖിതങ്ങൾ വെളിച്ചം വീശുന്നുണ്ട്.
അക്കേദിയൻ മതസാഹിത്യരചനകൾ വളരെ പ്രാധാന്യമർഹിക്കുന്നു. പുരാണേതിഹാസങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാകാവ്യങ്ങളും സ്വതന്ത്രരചനകളായ കീർത്തനങ്ങളും മതപരമായ ചടങ്ങുകൾക്കുവേണ്ടി രചിക്കപ്പെട്ട കാവ്യഖണ്ഡങ്ങളും പ്രത്യേകം പ്രസ്താവാർഹമാണ്. നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഇത്തരം സാഹിത്യ രചനകൾ ഒട്ടുമുക്കാലും ബാബിലോണിയ ഭരിച്ചിരുന്ന കസൈറ്റ് രാജവംശത്തിന്റെ കാലത്ത് ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുകയുണ്ടായി. മന്ത്രവാദം, ഇന്ദ്രജാലം, ചികിത്സാശാസ്ത്രം, നിയമശാസ്ത്രം, ശകുനശാസ്ത്രം, മതസിദ്ധാന്തങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നിരവധി ഗ്രന്ഥങ്ങൾ അക്കേദിയൻ ഭാഷയിൽ രചിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു. പക്ഷേ അവയിൽ പലതും കണ്ടുകിട്ടിയിട്ടില്ല. എങ്കിലും പില്ക്കാലത്ത് അസീറിയൻ-ബാബിലോണിയൻ സാഹിത്യങ്ങളിൽ പല ഉത്കൃഷ്ട ഗ്രന്ഥങ്ങളും രചിക്കുന്നതിന് മാതൃകയായി വർത്തിച്ചിരുന്നത് അക്കേദിയൻ ഭാഷയിലെ ഗ്രന്ഥങ്ങളായിരുന്നുവെന്നതിൽ സംശയമില്ല.[7]
അവലംബം
തിരുത്തുക- ↑ http://www.sron.nl/~jheise/akkadian/ Archived 2005-02-06 at the Wayback Machine. The Akkadian Language
- ↑ http://www.ancientscripts.com/akkadian.html Akkadian
- ↑ http://www.aina.org/aol/peter/brief.htm Brief History of Assyrians
- ↑ http://www.blurbwire.com/topics/Assyrian_language Assyrian Language
- ↑ http://www.informaworld.com/smpp/content~db=all~content=a793139273 The basements of Babylon: Language and literacy
- ↑ http://i-cias.com/e.o/akkadian_l.htm Archived 2010-11-26 at the Wayback Machine. Akkadian language
- ↑ http://www.omniglot.com/writing/akkadian.htm Akkadian cuneiform
പുറംകണ്ണികൾ
തിരുത്തുക- http://www.jewishvirtuallibrary.org/jsource/judaica/ejud_0002_0001_0_00636.html
- [1] Akkadian language
- http://divinity.insights2.org/Akkadian.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്കാദിയൻ ഭാഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |