പറവൂർ ടി.കെ. നാരായണപിള്ള

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

തിരു-കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രിയും ആയിരുന്നു പറവൂർ ടി.കെ എന്നറിയപ്പെട്ടിരുന്ന പറവൂർ ടി.കെ.നാരായണപിള്ള. മികച്ച അഭിഭാഷകനും സംഘാടകനും കൂടിയായിരുന്ന ഇദ്ദേഹം സ്വതന്ത്രകാഹളം, അരുണോദയം എന്നീ പത്രങ്ങളുടെ നടത്തിപ്പിലും പങ്കാളിയായിരുന്നു.

പറവൂർ ടി.കെ. നാരായണപിള്ള
തിരു-കൊച്ചി മുഖ്യമന്ത്രി)
ഓഫീസിൽ
1949–1951
ഗവർണ്ണർചിത്തിരതിരുനാൾ ബാലരാമവർമ (രാജപ്രമുഖൻ)
മുൻഗാമിപട്ടം എ. താണുപിള്ള
പിൻഗാമിസി. കേശവൻ
മണ്ഡലംപറവൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1890-03-25)25 മാർച്ച് 1890
കരുമാലൂർ, വടക്കൻ പറവൂർ, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
മരണം8 ജൂൺ 1971(1971-06-08) (പ്രായം 81)
കരുമാലൂർ, വടക്കൻ പറവൂർ, കേരളം, ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്

ജീവിതരേഖ

തിരുത്തുക

1890-ൽ വടക്കൻ പറവൂരിനടുത്തുള്ള കരുമാലൂരിൽ പ്രസിദ്ധമായ താഴത്തുവീട്ടിൽ കുടുംബത്തിൽ മാധവിയമ്മയുടെയും ചേരാനല്ലൂർ കൃഷ്ണൻ കർത്താവിന്റെയും മകനായി ജനിച്ചു.1911-ൽ ആലുവാ യു. സി. കോളേജിൽ നിന്നും ബി. എ. പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ലോ കോളജിൽനിന്നും നിയമ ബിരുദം നേടിയ ഇദ്ദേഹം ദീർഘകാലം തിരുവനന്തപുരം കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു. 1971 ജുൺ 8-ന് കരുമാലൂരിലെ സ്വവസതിയിൽ വച്ച് ടി.കെ. നാരായണപിള്ള നിര്യാതനായി. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

രാഷ്ടീയ ജീവിതം

തിരുത്തുക

1920-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായ ഇദ്ദേഹം 1924-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പറവൂർ താലൂക്ക് പ്രസിഡണ്ടായും 1932-ൽ തിരു-കൊച്ചി സെക്രട്ടറിയായും 1938-ൽ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മഹാത്മാഗാന്ധി ആരംഭിച്ച നിസ്സഹകരണപ്രസ്ഥാനം, വിദേശവസ്ത്രബഹിഷ്കരണം, മദ്യവർജ്ജനപ്രസ്ഥാനം തുടങ്ങിയ പരിപാടികളിൽ സജീവമായി പങ്കെടുത്തു. കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലും അംഗമായിരുന്നു. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കപ്പെട്ടപ്പോൾ അതിലെ പ്രവർത്തകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട നാരായണപിള്ള പില്ക്കാലത്ത് അതിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് പലതവണ അറസ്റ്റും ജയിൽവാസവും അനുഭവിച്ചു. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂറിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ പറവൂർ നിയോജകമണ്ഡലത്തിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകൾ മൂലം 1948 ഒ. 18-ന് പട്ടം എ. താണുപിള്ള പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. 1949 ജൂല. 1-ന് തിരു-കൊച്ചി സംസ്ഥാനം നിലവിൽവന്നപ്പോൾ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയായി ഇദ്ദേഹം സ്ഥാനമേറ്റു. 1951 ഫെ. 24-ന് ടി.കെ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സി. കേശവന്റെ നേതൃത്വത്തിലുള്ള അടുത്ത മന്ത്രിസഭയിലും ഇദ്ദേഹം അംഗമായിരുന്നു. 1952-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് (ഇന്നത്തെ ചിറയിൻകീഴ്) നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച ടി.കെ. പരാജയപ്പെട്ടു.

മറ്റു വിവരങ്ങൾ

തിരുത്തുക
  • പ്രസിദ്ധ ഗായികമാരായ സുജാത, പരേതയായ രാധിക തിലക് എന്നിവർ പറവൂർ ടി.കെ.നാരയണപിള്ളയുടെ ചെറുമക്കളാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക