സാമുവൽ പീപ്സിന്റെ ഡയറി
പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടണിലെ നാവികസേനാ കാര്യാലയത്തിലെ ഒരുദ്യോഗസ്ഥനായിരുന്ന സാമുവൽ പീപ്സ് (Samuel Pepys - 1633-1703) സൂക്ഷിച്ചിരുന്ന കുറിപ്പുകളാണ് സാമുവൽ പീപ്സിന്റെ ഡയറി എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നത്. ജീവിച്ചകാലഘട്ടത്തിലെ പ്രധാനചരിത്രസംഭവങ്ങൾ പലതും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്കൊപ്പം അകൃത്രിമമായി രേഖപ്പെടുത്തിയിട്ടുള്ള പീപ്സിന്റെ ഡയറി, പതിനേഴാം നൂറ്റാണ്ടിലെ ബ്രിട്ടണെക്കുറിച്ച് വിവരങ്ങൾ തരുന്ന ഒരമൂല്യരേഖയെന്നതിനു പുറമേ, മനുഷ്യസ്വഭാവത്തിലേക്ക് ഉൾക്കാഴ്ചകൾ പകരുന്ന ഒരു സാഹിത്യരചന കൂടി ആയി പരിഗണിക്കപ്പെടുന്നു.
സാമുവൽ പീപ്സ് | |
---|---|
ജനനം | |
മരണം | 26 മേയ് 1703 | (പ്രായം 70)
അന്ത്യ വിശ്രമം | സെയ്ന്റ് ഒലേവ്സ്, ലണ്ടൺ, ഇംഗ്ലണ്ട് |
തൊഴിൽ | നാവികസേനാഭരണാധികാരി and പാർലമെന്റ് അംഗം |
അറിയപ്പെടുന്നത് | ഡയറി |
ജീവിതപങ്കാളി(കൾ) | എലിസബത്ത് മർച്ചന്റ് ഡി സെയ്ന്റ് മൈക്കൾ |
ഡയറിയുടെ കഥ
തിരുത്തുക1660-ൽ ഇരുപത്തിഏഴാമത്തെ വയസ്സിലാണ് പീപ്സ് ഡയറി എഴുതി തുടങ്ങിയത്. അന്നു നിലവിലുണ്ടായിരുന്ന തോമസ് ഷെൽട്ടന്റെ ചുരുക്കെഴുത്തുരീതിയിൽ, കൂടുതൽ ഗോപനത്തിനുവേണ്ടി സ്വന്തമായുണ്ടാക്കിയ ചില കോഡുകളും കൂടി ചേർത്താണ് എഴുതിയത്. കാഴ്ചശക്തി വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ മോശമാകാൻ തുടങ്ങിയതിനാൽ പത്തുവർഷം കഴിഞ്ഞ് 1669-ൽ പീപ്സ് എഴുത്തു നിർത്തിയതുകൊണ്ട്, അത്രയുംകാലത്തെ ദൈർഘ്യമാണ് ഡയറിക്കുള്ളത്. പീപ്സിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്കൊപ്പം മാതൃവിദ്യാലയമായ കേംബ്രിഡ്ജിലെ മാഗ്ദലീൻ കോളജിന് കൈമാറപ്പെട്ട ഡയറി അവിടെ അത് ആരും ശ്രദ്ധിക്കാതെ ഒന്നരനൂറ്റാണ്ടുകാലം കിടന്നു. പത്തൊൻപതാം നൂറ്റാണ്ടിലാണ് അത് ശ്രദ്ധിക്കപ്പെട്ടതും ലിപ്യന്തരം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടതും. ആദ്യത്തെ ലിപ്യന്തരീകരണം മൂന്നു വർഷം കൊണ്ടാണ് നടന്നത്. എന്നാൽ പിന്നീട്, ഡയറിയിൽ ഉപയോഗിച്ചിരുന്ന ചുരുക്കെഴുത്തിന്റെ താക്കോൽ (key) ഡയറി സൂക്ഷിച്ചിരുന്നതിനടുത്തുനിന്ന് തന്നെ കിട്ടിയപ്പോൾ ലിപ്യന്തരീകരണം എളുപ്പമായി.
പശ്ചാത്തലം
തിരുത്തുകചാൾസ് ഒന്നാമൻ രാജാവിന്റെ ശിരഛേദത്തിൽ കലാശിച്ച പാർലമെന്റും രാജാവും തമ്മിൽ നടന്ന നീണ്ട പോരാട്ടത്തിനും തുടർന്നു ഭരണം കയ്യേറ്റ ഒലിവർ ക്രോംവെലിന്റെ ഏകാധിപത്യത്തിനും ശേഷം, ബ്രിട്ടന്റെ ചരിത്രത്തിലെ അസാധാരണമായ ഒരു കാലഘട്ടമായിരുന്നു അത്. പുനസ്ഥാപനകാലം (Restoration Period) എന്ന് അത് അറിയപ്പെടുന്നു. ഭരിച്ചിരുന്നത് രസികൻ രാജാവ് (Merry monarch) എന്നറിയപ്പെട്ടിരുന്ന, ഒരുപിടി വെപ്പാട്ടിമാരും പതിനാറോ അതിലധികമോ മക്കളും ഉണ്ടായിരുന്ന, ചാൾസ് രണ്ടാമനായിരുന്നു. സ്വന്തംനിലയിൽ ഒരു സാഹിത്യസൃഷ്ടിയെന്നതിനുപുറമേ പീപ്സിന്റെ ഡയറി കൗതുകകരമായ ആ കാലഘട്ടത്തിലെ ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റേയും ലണ്ടണിലെ സാമൂഹ്യജീവിതത്തിന്റേയും വിശ്വസനീയമായ ഒരു രേഖയാണ്.
ഡയറിയിലെ പീപ്സ്
തിരുത്തുകവിചിത്രരുചികൾ
തിരുത്തുകഡയറിയിൽ വായനക്കാർ കണ്ടെത്തുന്ന പീപ്സ് വളരെ സങ്കീർണ്ണമായ വ്യക്തിത്വത്തിനുടമയാണ്. [1][2]പുസ്തകങ്ങളിലും, നാടകങ്ങളിലും സംഗീതത്തിലും അദ്ദേഹം തത്പരനായിരുന്നു. മദ്യവും സുന്ദരിമാരും പീപ്സിന്റെ ദൗർബല്യങ്ങളായിരുന്നു. അതോടൊപ്പം, പുതുമയും രസവും ഉള്ള എല്ലാക്കാര്യങ്ങളും അദ്ദേത്തെ ആകർഷിച്ചു. പീപ്സിന്റെ ചില രുചികൾ വിചിത്രങ്ങളായിരുന്നു. ഒരു നാടകശാലയിൽ മുൻപിലിരുന്ന ഒരു സ്ത്രീ തുപ്പിയത് പീപ്സിന്റെ മേൽ വീണെങ്കിലും അവൾ സുന്ദരിയാണെന്നു കണ്ടപ്പോൾ അദ്ദേഹം അതും ഒരു തമാശയായി എടുത്തു. ഒരിക്കൽ, വൃക്കയിലെ കല്ല് മാറ്റാനുള്ള വേദനാജനകമായി ശസ്ത്രക്രിയക്കു വിധേയനായ പീപ്സ് തുടർന്നുവന്ന വർഷങ്ങളിൽ ആ ശസ്ത്രക്രിയയുടെ വാർഷികം സുഹൃത്തുക്കൾക്കു വിരുന്നു നൽകി ആഘോഷിച്ചു. ഒരു റ്റെന്നീസ് പന്തിന്റെ വലിപ്പമുണ്ടായിരുന്ന ആ കല്ല് അദ്ദേഹം പ്രത്യേകം ഒരു പേടകം ഉണ്ടാക്കി അതിൽ സൂക്ഷിക്കുകയും ചെയ്തു. നേരത്തെ ചാൾസ് ഒന്നാമൻ രാജാവിന്റെ ശിരഛേദം കൺടിട്ടുള്ള പീപ്സ് തന്നെ രാജവാഴ്ചയുടെ പുനസ്ഥാപനത്തിനു ശേഷം ഒരു ദിവസം 'രാജഘാതകനായ' ഒലിവർ ക്രോംവെലിന്റെ മാന്തിയെടുത്ത ശവത്തെ തൂക്കിലിടുന്നതു കാണാൻ പോയി. ഒരു ദിവസം അദ്ദേഹം ജോലിസ്ഥലത്തേക്കുപോയത്, ഭാര്യയെ ഒരു തൂക്കിക്കൊല നടക്കാൻ പോകുന്ന സ്ഥലത്ത് അത് കാണാൻ കൊണ്ടുപോയി ആക്കിയിട്ടാണ്.
സഹൃദയൻ
തിരുത്തുകഡയറിയുടെ മറ്റൊരുഭാഗത്ത് അതേ പീപ്സ് തന്നെ ഉണർച്ചയുടേയും സ്വപ്നത്തിന്റേയും അവസ്ഥകൾ തമ്മിലുള്ള വ്യത്യാസമെന്തെന്നു സുഹൃത്തുക്കളുമായി ചർച്ചചെയ്യുന്നത് കാണാം. എന്നാൽ ഷേക്സ്പിയറുടെ റോമിയോയും ജൂലിയറ്റും കണ്ടിട്ട് പീപ്സ് എഴുതിയത് ഇത്രമോശം നാടകം താൻ കണ്ടിട്ടേയില്ല എന്നാണ്. ഷേക്സ്പിയറുടെ തന്നെ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം പീപ്സിന് അത്രപോലും ഇഷ്ടപ്പെട്ടില്ല. ആ 'പൊട്ടനാടകം' (insipid ridiculous play) ഇനി കാണുകയില്ലെന്നു പീപ്സ് ശപഥം ചെയ്യുകപോലും ഉണ്ടായി. എന്നാൽ മാക്ബത്ത് അദ്ദേഹം ആസ്വദിച്ചു. ബെൻ ജോൺസന്റെ എവരി മാൻ ഇൻ ഹിസ് ഹ്യൂമറും പീപ്സിന് ഇഷ്ടമായി. സൂക്ഷ്മദർശിനികളെക്കുറിച്ച് റോബർട്ട് ഹുക്ക് എഴുതിയ പുസ്തകം പീപ്സ് താത്പര്യപൂർവം വായിച്ചു. പിന്നൊരുദിവസം അദ്ദേഹം റോമൻ കവി ഓവിഡിന്റെ രൂപാന്തരീകരണം (Metamorphosis) എന്ന കൃതി ഭാര്യ എലിസബത്തിനു വായിച്ചു കൊടുക്കുന്നു. മറ്റോരവസരത്തിൽ ഭാര്യ കലഹിച്ചപ്പോൽ അവളെ നിശ്ശബ്ദയാക്കുവാൻ പീപ്സ് ചെയ്തത് ബോയിലിന്റെ ഹൈഡ്രോസ്റ്റാറ്റിക്സ് ഉറക്കെ വായിക്കുക ആയിരുന്നു. ഫ്രഞ്ച് ഭാഷയിലുള്ള ഒരു ഇക്കിളി നോവൽ രസിച്ചു വായിച്ച ഉടനേ കത്തിച്ചു കളഞ്ഞ പീപ്സ് തോമസ് ഹോബ്സിന്റെ രാഷ്ട്രതന്ത്രസംബന്ധിയായ ലെവയത്താൻ എന്ന ക്ലാസിക് ഇംഗ്ലണ്ടിൽ നിരോധിക്കപ്പെട്ടിരുന്നിട്ടും കണ്ടുപിടിച്ചു വായിക്കാൻ പാടുപെടുന്നതുകാണാം. ഇഷ്ടപ്പെടാത്ത പുസ്തകങ്ങൾ ചിലപ്പോൽ പീപ്സിനെ ക്ഷോഭിപ്പിച്ചു. "ദെക്കാർത്തിന്റെ സംഗീതത്തെക്കുറിച്ചുള്ള ഗ്രന്ഥം എനിക്കു മനസ്സിലായില്ല. എഴുതിയ ആൾ വലിയ പണ്ഡിതനാണെന്നു പറയുന്നെങ്കിലും അയാൾക്കും അതു മനസ്സിലായിട്ടുണ്ടാവില്ല" എന്ന് പീപ്സ് ഒരിടത്ത് എഴുതി. പള്ളിപ്രസംഗങ്ങളെപ്പോലും പീപ്സ് വിലയിരുത്തുന്നുണ്ട്. 1665 ജനുവരി 15-ന് പ്രസംഗിച്ചത് ഒരു യുവവിഡ്ഢി (a most insipid young coxcomb) ആയിരുന്നത്രെ. വേറൊരു ദിവസം വേറൊരു പാതിരി കാരണവന്മാരുടെ പാപങ്ങൾക്ക് മക്കളെ ശിക്ഷിക്കുന്ന ദൈവത്തിന്റെ നീതിയെക്കുറിച്ച് സുന്ദരമായി പ്രസംഗിച്ചു. ഇനിയുമൊരിക്കൽ ഒരു പ്രസംഗകൻ "ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് വിഡ്ഢിത്തം വിളമ്പുന്നതും" പീപ്സിന് കേട്ടിരിക്കേണ്ടി വന്നു.
പ്ലേഗും പീപ്സും
തിരുത്തുകഡയറിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്ന ഒരു വിശേഷത ബ്രിട്ടീഷ് ചരിത്രത്തിലെ രണ്ടു ദുരന്തങ്ങളുടെ ദൃക്സാക്ഷിവിവരണം അതിൽ ഉണ്ടെന്നുള്ളതാണ്. 1665-ലെ പ്ലേഗും 1666-ൽ ലണ്ടണിലുണ്ടായ അഗ്നിബാധയുമാണ് ആ ദുരന്തങ്ങൾ. മുഴുവൻ യാത്രക്കാരും മരിച്ച നിലയിൽ ഗോട്ടൻബർഗ്ഗ് എന്ന സ്ഥലത്ത് വന്നെത്തിയ ഒരു ലന്തക്കപ്പലിനെക്കുറിച്ച് 1664 സെപ്റ്റംബർ 24-ന് എഴുതിയകറിപ്പിൽ, പ്ലേഗിന്റെ വരവു വായനക്കാർക്ക് കാണാം. പക്ഷേ അതിനിടയിലും 1665 ജൂൺ ഒന്നാം തിയതി പീപ്സ് വെസ്റ്റ്മിനിസ്റ്റർ ഹാളിൽ പോയി "ഏറ്റവും സുന്ദരമായ പുഷ്പത്തെ കണ്ടെത്തി പുഷ്പവുമായി രസിച്ചു". എന്നാൽ 6 ദിവസം കഴിഞ്ഞ് ജൂൺ 7-ന് കുരിശടയാളത്തിനൊപ്പം "കർത്താവേ ഞങ്ങളിൽ കനിയേണമേ" എന്ന് എഴുതിവച്ചിരിക്കുന്ന പ്ലേഗ് ബാധിതരുടെ മൂന്നു വീടുകൾ വഴിക്കു കണ്ടപ്പോൽ പെട്ടെന്ന് മരണത്തിന്റെ ഓർമ്മ വന്ന പീപ്സ് ഉടനെ സ്വത്തുക്കളെല്ലാം തുല്യമായി പിതാവിനും ഭാര്യക്കും അവകാശം കാണിച്ച് വില്പ്പത്രം എഴുതി. പക്ഷേ ഈ മനോഭാവം താൽക്കാലികമായിരുന്നു. ഓഗസ്റ്റ് 11-ന് വിഷമാവസ്ഥയിലായ ഒരു പിതാവ് വിവാഹിതയായ മകളേയും കൂട്ടി പീപ്സിനെ കാണാൻ വന്നു. അവളുടെ, നാവികനായ ഭർത്താവിനെ, കടലിൽ ജോലിക്ക് പോകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിക്കാനാണ് അവർ വന്നത്. ഡയറിയിലെ കോഡുഭാഷയിലുള്ള കുറിപ്പനുസരിച്ച്, പീപ്സ് അവളെ കൂടുതൽ മുതലെടുക്കാതെ, ചുംബിക്കുക മാത്രം ചെയ്ത് വിട്ടയച്ചു. എന്നാൽ അവർ പോയിക്കഴിഞ്ഞപ്പോൾ, അവസരം നഷ്ടപ്പെടുത്തിയതിൽ പശ്ചാത്തപിച്ച അദ്ദേഹം അവരെ വിളിക്കാൻ പിന്നാലെ ആളയച്ചു. അവരെ കണ്ടുകിട്ടാതെ ആൾ തിരികെവന്നപ്പോൾ പീപ്സിന് നിരാശ തോന്നി. തുടർന്നുള്ള ഒരു ദിവസത്തെ കുറിപ്പിൽ, പ്ലേഗുമൂലം ആ ആഴ്ചയിൽ 6102 പേർ മരിച്ചതായി കാണാം. അത് ഔദ്യോഗികകണക്കാണെന്നും ശരിക്കുള്ള മരണസംഖ്യ പതിനായിരത്തിൽ കവിയുമെന്നും വിശദീകരണവുമുണ്ട്. ഇതിനിടെ വിഗ്ഗുകളിലുപയോഗിക്കുന്ന തലമുടി, പ്ലേഗ് ബധിച്ചു മരിച്ചവരുടേതാണെന്ന സംശയത്തിൽ ആളുകൾ അവ വാങ്ങാൻ മടിച്ചേക്കാമെന്നതുകൊണ്ട്, പ്ലേഗ് കഴിയുമ്പോൾ വിഗ്ഗുകളുടെ ഫാഷൻ ഏതുവഴിക്കുതിരിയുമെന്ന് പീപ്സ് അത്ഭുതപ്പെടുന്നുമുണ്ട്.
ലണ്ടണിലെ അഗ്നിബാധ
തിരുത്തുക1666-ൽ ലണ്ടണിലുണ്ടായ വലിയ തീപ്പിടുത്തമാണ് എലികളേയും പ്രാണികളേയും നശിപ്പിച്ച് ബ്യൂബോണിക് പ്ലേഗിന് അറുതി വരുത്തിയത് എന്നു വാദിക്കപ്പെട്ടിട്ടുണ്ട്.[3] തീയുടെ വിശദമായ വിവരണം ഡയറി തരുന്നുണ്ട്. ആദ്യം പീപ്സിന്റെ സ്ഥിതി കാഴ്ചക്കാരന്റേതായിരുന്നു. ഒടുവിൽ തീ അദ്ദേഹത്തിന്റെ വീടിനേയും വിഴുങ്ങുമെന്നായപ്പോൾ, വീട്ടിൽ നിന്ന് വിലപിടിപ്പുള്ളതൊക്കെ രക്ഷപ്പെടുത്തി താമസം മാറ്റാൻ പീപ്സ് ഒരുങ്ങുന്നു. സ്വരുക്കൂട്ടിവച്ചിരുന്ന പണമെല്ലാം പീപ്സ് തോട്ടത്തിൽ കുഴിച്ചിടുക പോലും ചെയ്തു. ഏതായാലും ആ വീടിനെ തീ സ്പർശിച്ചില്ല. വലിയ വീടുകളെ തീ വിഴുങ്ങുമ്പോഴും കൂടു വിട്ടുപോകാൻ മടിച്ച്, ജനലുകളേയും ബാൽക്കണികളേയും ചുറ്റി പറന്നു നടന്ന പ്രാവുകളെപ്പോലും പീപ്സ് മറക്കുന്നില്ല. "ചെകുത്താന്റെ വർഷമായ" ആയിരത്തി666-ൽ[4] ഉണ്ടായ അഗ്നിബാധ നോസ്ട്രൊദാമസ് പ്രവചിച്ചിരുന്നുവെന്ന് പറയുന്നവരുണ്ട്.[5] നോസ്ട്രൊദാമസിനെക്കുറിച്ച് പീപ്സ് ഒരു കഥ പറയുന്നു. "മരിക്കുന്നതിനു മുൻപ്, തന്നെ സംസ്കരിക്കാൻ പോകുന്ന പട്ടണത്തിലുള്ളവരെക്കൊണ്ട്, അവർ തന്റെ ശവകുടീരം പിന്നീട് മാന്തുകയില്ല എന്നു നോസ്ട്രൊദാമസ് പ്രതിജ്ഞ ചെയ്യിച്ചെങ്കിലും, 60 വർഷത്തിനു ശേഷം അവരത് മാന്തി. അപ്പോൽ ശവത്തിന്റെ നെഞ്ചിൽ കണ്ട ഒരു ഓട്ടുഫലകത്തിൽ, പ്രതിജ്ഞലംഘിച്ച് ഇന്നവർഷം ഇന്നമാസം ഇത്രാം തിയതി തന്റെ ശവം മാന്താൻ പോകുന്ന ആ പട്ടണവാസികൾ എത്ര ദുഷ്ടന്മാരാണ് എന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു".
കുടുംബകലഹം
തിരുത്തുകഡയറിയുടെ അവസാനഭാഗമാകുമ്പോൾ പീപ്സിന്റെ ദാമ്പദ്യജീവിതം പ്രശ്നഭരിതമാകുന്നത് കാണാം. പീപ്സിന്റെ ദാമ്പദ്യബാഹ്യബന്ധങ്ങളായിരുന്നു കാരണം. 1667 ഓഗസ്റ്റ് 18-ന് പള്ളിയിലെ ആൾത്തിരക്കിനിടയിൽ പീപ്സ് ചെയതതിതാണ്. "ഞാൻ, കാണാൻ മോശമില്ലാത്ത ഒരു യുവതിയോട് ചേർന്നുനിന്ന് അവളെ പുണരാൻ നോക്കി. അവൾ വഴങ്ങാതെ മാറിപ്പൊയ്ക്കോണ്ടിരുന്നു. ഒടുവിൽ അവൾ പോക്കറ്റിൽ നിന്ന്, ഇനി ഞാൻ തൊട്ടാൽ കുത്താനായി, ഒരു മൊട്ടുസൂചി എടുക്കുന്നത് കണ്ടു." ഈ അനുഭവത്തിനു ശേഷം പീപ്സ് ആ യുവതിയെ വിട്ടുപോയെങ്കിലും പള്ളിയുടെ മറ്റൊരു കോണിൽ പുതിയ ഒരു ഇരയെ കണ്ടെത്തി. ലൈഗികസദാചാരത്തിൽ ഇത്ര പിന്നിലായിരുന്ന പീപ്സ് വീട്ടിൽ ജോലിചെയ്തിരുന്ന പതിനേഴ് വയസ്സുകാരി ഡെബ് വില്ലെറ്റ് എന്ന പെൺകുട്ടിയേയും ചൂഷണം ചെയ്യുന്നുണ്ടായിരുന്നു. അവരെ ആലിംഗനബദ്ധരായി കണ്ട പീപ്സിന്റെ ഭാര്യ എലിസബത്ത് വലിയ കോലാഹലമുണ്ടാക്കി. സംഗതി പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തിയ ഭാര്യയുമായി 'സല്പ്പേര്' നിലനിലനിർത്താനായി ഒരു ഒത്തുതീർപ്പ് നടത്താതെ പീപ്സിന് വഴിയില്ലെന്നു വന്നു. ഡെബ് വില്ലെറ്റിനെ അദ്ദേഹം പറഞ്ഞു വിട്ടു. ഈ ഒത്തുതീർപ്പ് നിലവിലിരിക്കെയാണ് ഡയറി സമാപിക്കുന്നത്. അവസാനത്തെ കുറിപ്പ് 1669 മാർച്ച് 31-നാണ്. ഏതായാലും എലിസബത്ത് പിന്നെ അധികം ജീവിച്ചിരുന്നില്ല. അതേവർഷം സെപ്തംബറിൽ അവർ മരിച്ചു. അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. ഡെബ് വില്ലെറ്റുമായുള്ള ബന്ധം പീപ്സ് തുടർന്നു എന്ന് ചില തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ അടുത്ത കാലത്ത് വാദിക്കപ്പെട്ടിട്ടുണ്ട്.[6]
വിലയിരുത്തൽ
തിരുത്തുകപ്രസിദ്ധീകരണമുദ്ദേശിച്ച് എഴുതിയതല്ല പീപ്സിന്റെ ഡയറി. മുന്തിയതരം ശൈലിയോ ആഖ്യാനരീതിയോ അതിന് അവകാശപ്പെടാനില്ല. എന്നാൽ ഈ പരിമിതികൾ തന്നെ അതിന് ആകർഷണീയതയും വിശ്വസനീയതയും നൽകുന്നു. എല്ലാം തുറന്നു പറയുന്നതെന്നവകാശപ്പെട്ട് ആത്മകഥകൾ എഴുതിയവർ പലരുണ്ട്. മറയില്ലാത്ത ജീവചരിത്രങ്ങൾക്ക് എല്ലാക്കാലത്തേയും മാതൃകയായി പരിഗണിക്കപ്പെടാറുള്ളത് ജെയിംസ് ബോസ്വെൽ എഴുതിയ സാമുവൽ ജോൺസന്റെ ജീവചരിത്രമാണ്. അഗസ്റ്റിനും റുസ്സോയും അവരുടെ ആത്മകഥകൾക്ക് പേരിട്ടതുതന്നെ കുംബസാരങ്ങൾ (Confessions) എന്നാണ്. എന്നാൽ സത്യസന്ധമായ 'കൺഫഷൻസ്' എഴുതിയ ഒരേയൊരാൾ പീപ്സ് ആണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ബോസ്വെല്ലിന്റേയും റൂസ്സോയുടേയും അഗസ്റ്റിന്റേയും കൃതികളുമായി പീപ്സിന്റെ ഡയറിയെ താരതമ്യപ്പെടുത്തുന്ന ഈ അഭിപ്രായം രസകരമാണ്.
അഞ്ചു മിനിട്ട് അടുപ്പിച്ച് നുണ പറയാതിരിക്കാൻ റൂസ്സോക്ക് കഴിയുമായിരുന്നില്ല. അഗസ്റ്റിനാണെങ്കിൽ വിശുദ്ധിയുടെ ബന്ധനത്തിലായിരുന്നു. സാമുവൽ പീപ്സ് വിശുദ്ധനല്ലായിരുന്നു. ആരെങ്കിലും സ്വന്തം ബോസ്വെൽ ആയിരുന്നെങ്കിൽ അത് പീപ്സ് ആയിരുന്നു എന്ന് പറയാം. പീപ്സിന് ബൊസ്വെല്ലിന്റെ ജീവിതപ്രേമം ഉണ്ടായിരുന്നു. ചുരുക്കെഴുത്തിന്റെ മറയിൽ എഴുതിയിരുന്നതുകൊണട്, പീപ്സിന് ബോസ്വെല്ലിനെപ്പോലെ ലജ്ജയില്ലാതെ എഴുതാനും ധൈര്യം വന്നു. പീപ്സ് തന്റെതന്നെ ഹീറോയും ആയിരുന്നു[7]
അവലംബം
തിരുത്തുക- ↑ സാമുവൽ പീപ്സിന്റെ ഡയറി Full Books.com - http://www.fullbooks.com/The-Diary-of-Samuel-Pepys1.html
- ↑ Diary of Samuel Pepys(Abridgement by Richard Gallienne(300 പുറം)
- ↑ Historic UK.com - The great plauge of 1665 - http://www.historic-uk.com/HistoryUK/England-History/GreatPlague.htm
- ↑ ബൈബിളിലെ വെളിപാടുപുസ്തകം 13:18
- ↑ Nostrodamus FAQs - http://alumnus.caltech.edu/~jamesf/Nfaqs.html Archived 2008-03-07 at the Wayback Machine.
- ↑ BBC Report: "Mystery of Pepys' Affair solved" - http://news.bbc.co.uk/1/hi/england/leicestershire/6051128.stm
- ↑ The Literature Network - Master Samuel Pepys - http://www.online-literature.com/andrew_lang/lost-leaders/19/