സംവാദം:തിരുക്കുടുംബം

(സംവാദം:തിരുകുടുംബം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുക്കുടുംബം എന്നാണ് സാധാരണ എഴുതിക്കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും. തലക്കെട്ട് അങ്ങനെ വേണം. തിരുകുടുംബത്തിലേക്ക് തിരിച്ചുവിടൽ ആകാം.ജോർജുകുട്ടി (സംവാദം) 12:45, 9 മേയ് 2012 (UTC)Reply

checkY ചെയ്തു--മനോജ്‌ .കെ 14:02, 9 മേയ് 2012 (UTC)Reply

തിരുക്കുടുംബം ചെറുക്കഥ പോലെയാണ്. തിരുകുടുംബം ആണ് ശരിയായരൂപം. തിരു എന്ന വിശേഷണമുള്ള കുടുംബം = തിരുകുടുംബം. Anoop menon (സംവാദം) 14:15, 9 മേയ് 2012 (UTC)Reply

വ്യാകരണം ഒന്നും എനിക്കു നിശ്ചയമില്ല. കേരളക്രിസ്തീയതയിൽ തലമുറകളായി നിലവിലുള്ള പ്രയോഗമാണ് തിരുക്കുടുംബം എന്നു മാത്രം ഉറപ്പു പറയാം. മൂന്നോ നാലോ വയസ്സുള്ളപ്പോൾ അത് ആദ്യം കേട്ട ഓർമ്മയുണ്ടെനിക്ക്. അങ്ങനെ സ്വീകൃതി കിട്ടിയിരിക്കുന്ന പദങ്ങളെ വ്യാകരണം പറഞ്ഞ് തള്ളേണ്ട ഒരു കാര്യവുമില്ല. അതിനാൽ തിരുക്കുടുംബം തന്നെ ശരി.ജോർജുകുട്ടി (സംവാദം) 22:50, 9 മേയ് 2012 (UTC)Reply

വ്യാകരണപരമായും തിരുക്കുടുംബം തന്നെ ശരിയായാവാനാണ് സാധ്യത. മലയാളത്തിലുംമറ്റ് ദ്രവീഡിയൻ ഭാഷകളിലും 2 പദങ്ങൾ കൂടിച്ചേരുമ്പോൾ ആദ്യപദത്തിന്റെ അവസാന അക്ഷരവും രണ്ടാമത്തെ പദത്തിന്റെ ആദ്യ അക്ഷരവും ഏതൊക്കെയെന്നതനുസരിച്ച് ഒരു ഇരട്ടിപ്പ് ഉണ്ടാവാൻ സാധ്യയുണ്ട്. അതായത് ചെറു+കഥയുടെ സ്ഥിതിയായിരിക്കില്ല തിരു+കുടുംബത്തിന്റേത്. ഇരട്ടിപ്പ് വരുന്ന ഒരു ഉദാഹരണമായി പെട്ടന്ന് ഓർമ്മ വരുന്നത് തിരുക്കുറൾ (திருக்குறள்) ആണ്. ---Johnchacks (സംവാദം) 01:52, 10 മേയ് 2012 (UTC)Reply

കുടുംബം- എന്ന ഉത്തരപദം സംസ്കൃതമായതിനാൽ ഇവിടെ മലയാളസന്ധി നിയമമനുസരിച്ചല്ല സന്ധിചെയ്യേണ്ടത്. അതിനാൽ തിരുകുടുംബം മതി (kjbinukj)]] (സംവാദം) 2012 (UTC)


തിരുക്കുടുംബം ആണു ശരി. ‘അനചി ച’ - പാണിനീസൂത്രം പരിഗണിക്കുക. കൂടാതെ, കേരളപാണിനീയം സന്ധിപ്രകരണം 13ഉം 16ഉം കാരികകൾ കാണുക.

ചെറുകഥയിലെ ‘റ‘ യും തിരുക്കുടുംബത്തിലെ ‘ര’യും ആണു് ഈ കർമ്മധാരയൻ സമാസങ്ങളുടെ സന്ധിനിയമങ്ങൾ വ്യത്യസ്തമാക്കുന്നതു്. പലവട്ടം ഉച്ചരിച്ചുപരീക്ഷിച്ചാൽ ഈ ‘സൌകര്യക്കുറവു്’ മനസ്സിലാക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:12, 10 മേയ് 2012 (UTC)Reply

തിരു ശുദ്ധഭേദകമാണ് അതിനാൽ ദ്വിത്വം വേണ്ട പൂർവപദം ധാതുവോ ശുദ്ധഭേദകമോ ആണെങ്കിൽ ദ്വിത്വം വേണ്ട എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള നിയമം- കേരളപാണിനി ധാതുവിന്റെ കാര്യം എടുത്തു പറയുന്നുമുണ്ട്.ഉദാഹരണം - ചെറുപയർ( ചെറു-ശുദ്ധഭേദകം ),കടകോൽ(കട- ധാതു ഉദാഹരണം കേ.പാ. യിൽ നിന്ന്)(kjbinukj)]] (സംവാദം) 2012 (UTC)

സ്വരം ഖരമായൽ സംഭൃതവികാരം കോപിക്കും എന്ന സന്ധിനിയമമേ എനിക്കറിയൂ:) എനിക്കറിയാവുന്ന കാര്യം ഇതാണ്: ചെറുപയറിനെ ചെറുപയർ ആക്കിയത് രാജരാജവർമ്മയുടെ കല്പനയല്ല, ഭാഷ നിത്യജീവിതത്തിൽ ഉപയോഗിച്ച സാധാരണമനുഷ്യരാണ്. അവർ സാധുത നൽകിയ പതിവിനെ ഉദാഹരണമായി 'തിരുമേനി' എടുത്തുകാട്ടി എന്നു മാത്രം. ആ ന്യായം വച്ച്, ചെറുപയറിലെ ശരി തിരുക്കുടുംബത്തിലും ഉണ്ട്. കേരളപാണിനീയത്തിന്റെ പിന്തുണ ഇല്ലെങ്കിലും 'തിരുക്കുടുംബം' ശരി തന്നെയാണ്.ജോർജുകുട്ടി (സംവാദം) 10:59, 13 മേയ് 2012 (UTC)Reply

തലക്കെട്ടിൽ തിരുകുടുംബം തിരിച്ചുകൊണ്ടു വന്നിരിക്കുന്നതായി കാണുന്നു. ചർച്ച നടക്കുമ്പോൾ സമവായം ആകാതെ ഈവിധം തിരുത്തുന്നത് മര്യാദയല്ല.ജോർജുകുട്ടി (സംവാദം) 11:28, 13 മേയ് 2012 (UTC)Reply

ക്രിസ്തീയപശ്ചാത്തലമുള്ള ഈ പദത്തിന്റെ പ്രയോഗസാധുത കിട്ടിയ രൂപം കണ്ടെത്താൻ, പരിചയത്തെ ആശ്രയിക്കുകയേ വഴിയുള്ളു. ബൈബിളിൽ Holy family ഇല്ല. അതുകൊണ്ട് ബൈബിൾ മലയാളം പരിഭാഷകൾ തപ്പുന്നതിൽ കാര്യമില്ല. ഏറണാകുളം അതിരൂപതയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1996-ൽ പ്രസിദ്ധീകരിച്ച കുടുംബപ്രാർത്ഥനയുടെ പുസ്തകത്തിൽ രണ്ടിടത്ത് ഈ വാക്കു കൊടുത്തിരിക്കുന്നത് തിരുക്കുടുംബം എന്നാണ്. വിശുദ്ധ യൗസേപ്പിനോടുള്ള ജപത്തിൽ "തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവൽക്കാരാ" എന്നു കാണാം(പുറം 20). അതുപോലെ, വീടുവെഞ്ചരിപ്പിന്റെ അവസരത്തിൽ ചൊല്ലാനുള്ള പ്രാർത്ഥനയിലും (പുറം 184), "തിരുക്കുടുംബത്തിന്റെ മാതൃകയനുസരിച്ച് സമാധാനപൂർവം ജീവിക്കാനുള്ള" അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.ജോർജുകുട്ടി (സംവാദം) 12:03, 13 മേയ് 2012 (UTC)Reply


  1. . തലക്കെട്ട് സമവായം ഇല്ലാതെ മാറ്റിയതു ശരിയായില്ല.
  2. . ശുദ്ധഭേദകത്തിനു ദ്വിത്വം വേണ്ട എന്നു പാണിനി (നിർബന്ധം) പറഞ്ഞിരിക്കുന്നതു് എവിടെയാണെന്നറിഞ്ഞാൽ കൊള്ളാം.
  3. . വരമൊഴിയല്ല വാമൊഴിയാണു് ഭാഷ. തിരുക്കുടുംബം എന്നാണു നസ്രാണികൾ പറയുന്നതെങ്കിൽ തിരുക്കുടുംബം എന്നുതന്നെ എഴുതണം. സാദ്ധ്യമാവുന്നിടത്തോളം പറയുന്നതു യഥാതഥമായി എഴുതുക എന്നതാണു ശരിയായ മലയാളിയുടെ ശീലം.
  4. . കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ എന്നു കരുതിയാണു് വെറുതെ കാരിക മാത്രം ചൂണ്ടിക്കാണിച്ചതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 13:45, 13 മേയ് 2012 (UTC)Reply


ഈ പദത്തിന്റെ ക്രിസ്തീയപശ്ചാത്തലമൊന്നും തേടിപ്പോകേണ്ട കാര്യമില്ല. പലപദങ്ങളും വാമൊഴിയായി തെറ്റായി ഉപയോഗിക്കുന്നതുകൊണ്ട് അതുതന്നെ വേണം എന്ന് വാശിപിടിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. തിരുക്കുടുംബത്തെ തിരുകുടുംബം എന്നാക്കി പ്രർഥനചൊല്ലിയാലും കുഴപ്പമൊന്നുമില്ല.:) Anoop menon (സംവാദം) 16:07, 13 മേയ് 2012 (UTC)Reply

തിരുക്കുടുംബം എന്ന പ്രയോഗം വാമൊഴിയിൽ മാത്രമല്ല ഉറച്ചിട്ടുള്ളത്, വരമൊഴിയിലും അങ്ങനെ തന്നെയാണ്. ദാഹരണങ്ങൾ. സീറോ മലബാർ സഭയിലെ ക്നാനായ വിഭാഗത്തിന്റെ ദേവാലയപ്രാർത്ഥനകളുടെ പുസ്തകത്തിന്റെ ഒരു pdf പ്രതി ഇവിടെ കാണാം. പുറം 103-ലെ പ്രാർത്ഥനയിൽ വിശുദ്ധ യൗസേപ്പിനെ, "തിരുക്കുടുംബത്തെ പുലർത്തുവാൻ നിരന്തരം അദ്ധ്വാനിച്ചവൻ" എന്നു വിശേഷിപ്പിക്കുന്നു. ഇത് ഒരു സങ്കേതിക പ്രശ്നമല്ല; ഒരു ജനതയുടെ ധാർമ്മികതയുടേയും ജീവിതത്തിന്റേയും ഭാഗമായ സങ്കല്പത്തിനു തലമുറകളിലൂടെ ഉറച്ചുകിട്ടിയ സൂചക ബിംബത്തിന്റെ കാര്യമാണ്. അനൂപിനോട് സൗഹാർദ്ദക്കുറവില്ലാതെ പറയട്ടെ: ക്രിസ്തീയലേഖനങ്ങളിൽ താങ്കൾ നടത്താറുള്ള ഇടപെടലുകളിൽ ഒരുതരം ill will തെളിഞ്ഞു കാണാറുണ്ട്. കൂനൻ കുരിശുസത്യം, ക്രിസ്തുമതം കേരളത്തിൽ, ആബേലച്ചൻ എന്നീ ലേഖനങ്ങളുടെ സംവാദങ്ങളിൽ നടത്തിയ ഇടപെടലുകൾ വായിച്ചാൽ മതി അതു തിരിച്ചറിയാൻ. അത് ഇവിടേയും നിലനിർത്തുന്നതു കൊണ്ടാണ് ഈ വിഷയത്തെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത്.ജോർജുകുട്ടി (സംവാദം) 22:46, 13 മേയ് 2012 (UTC)Reply

"ദ്രാവിഡഭാഷകളുടെ മുഖ്യലക്ഷണം എന്തെന്നാൽ വാക്യത്തിലെ ഓരോരോ പദത്തിന്നു മുഖ്യമായ അർഥപ്രതീതി ഉണ്ടായിരിക്കുക തന്നെ. ഈ അർഥപ്രതീതിക്കുവേണ്ടി ഉച്ചാരണത്തിൽ നല്ല വ്യവസ്ഥ വേണം. ഭാഷാസ്വഭാവാനുരോധേന അപദാദി ഇത്യാദിയിലെ ഖരത്തെ മൃദുവായി ഉച്ചരിക്കുന്നു. സമാസത്താലോ അർഥസംശ്ലിഷ്ടതയാലോ പദങ്ങൾ അടുത്തടുത്തുച്ചരിച്ച് ഏകാർഥീഭാവം കാണിക്കുന്നുവെങ്കിൽ ഉത്തരപദാദിയിലെ ഖരത്തേയും മൃദുവായി ഉച്ചരിക്കുന്നു. ഈ മൃദുച്ചാരണം ഇഷ്ടമില്ലാത്തെടുത്തു ഖരത്തെ ഇരട്ടിക്കുന്നു. ഖരം മൃദുകൊണ്ടുതന്നെ തുടങ്ങുന്നുവെങ്കിൽ അവിടെയും ഇരട്ടിക്കുന്നതു സാമാന്യവിധികളെ അനുകരിച്ചിട്ടുമാത്രമാകയാൽ മൃദുക്കളുടെ ദ്വിത്വം ഭാഷാസ്വഭാവാനുരോധമല്ലെന്നു തെളിയുന്നു. ഈ ദ്വിത്വം ഭൂരിപക്ഷാശ്രിതമാണെങ്കിൽ അതു വ്യാകരണത്തിൽ ഒരു വിധിയായിരിക്കും. അല്ലാത്ത പക്ഷം വ്യാകരണസൂത്രം സർവ്വഗ്രാഹിയായിട്ടില്ലെന്നും വരാം. ഈ ദ്വിത്വം വിഭാഷയാകുന്ന പക്ഷം ഇതിനെ നിയമിക്കേണ്ടുന്ന ഭാരവും വൈയാകരണന്റേതുതന്നെ." -ശേഷഗിരിപ്രഭു (കേരളപാണിനീയവിമർശം - ഭാഷാപോഷിണി 1074 ചിങ്ങം)

- ViswaPrabha (വിശ്വപ്രഭ) (സംവാദം) 00:51, 14 മേയ് 2012 (UTC)Reply

ജോർജുകുട്ടി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

  1. ദയവായി എഴുതാത്തതു വായിക്കരുത്.എന്റെ കുറിപ്പ് ഒന്നുകൂടെ വായിച്ചുനോക്കുക,കേ.പാ അങ്ങനെ പരഞ്ഞതായി എങ്ങും എഴുതിയിട്ടില്ല.

പരഞ്ഞത് കെരളഭാഷാ വ്യാകരണത്തിൽ ഇ വി എൻ ആണ്- ഇതും അപവാദങ്ങൾ ഉള്ള ഒരു സാമാന്യനിയമം തന്നെ ഉദാഹരണങ്ങൾ;- തിരുകല്യാണം, തിരുകണി- പ്രത്യുദാഹരണങ്ങൾ:- തിരുക്കാപ്പ്, തിരുക്കാഴ്ച്, തിരുക്കണി

  1. തിരുക്കുടുംബം എന്നത് വരമൊഴിയിലുമുണ്ട് എന്നു താങ്കൾ പറയുന്നു, ഉദാഹരിക്കുന്നത് പ്രാദേശിക ക്രിസ്തീയ സാഹിത്യം. തെളിവ് അതു പോരെന്നാണ് എന്റെ അഭിപ്രായം
  2. മുകളിലെ ഉദാഹരണങ്ങൾ ശ്രദ്ധിക്കുക, തിരുകണിയും തിരുക്കണിയും സാധുവായ രൂപങ്ങൾതന്നെയെങ്കിലും തിരുക്കല്യാണം എന്നൊരു രൂപമില്ല. അതിനു ഞാൻ കാണുന്നകാരണം ഉത്തരപദം സംസ്കൃതം ആണെന്നതാണ്
  3. സ്വരം ഖരമായൽ സംഭൃതവികാരം കോപിക്കും!
  4. കർമ്മധാരയൻ?ഈ പദം വിഗ്രഹിക്കുന്നതെങ്ങനെ. എന്റെ അഭിപ്രായത്തിൽ ഇവിടെ നിത്യസമാസമാണ്- സ്വപദവിഗ്രഹമില്ലാത്തതിനാൽ


ബിനു (സംവാദം) 06:29, 14 മേയ് 2012 (UTC)Reply


ദയവായി ബിനുസാർ സ്വന്തം സംവാദങ്ങളിൽ ഒപ്പിടാൻ ശീലിക്കൂ. അതു വളരെ എളുപ്പമാണു്. എഴുതിയതിന്റെ ഒടുവിലായി, സേവു ചെയ്യുന്നതിനു തൊട്ടുമുമ്പ്, വെറുതെ നാലുപ്രാവശ്യം ~ ഈ ചിഹ്നം കൊടുത്താൽ മതി. - സാധാരണ കീബോർഡുകളിൽ ടാബ് കീയ്ക്കു മുകളിലായി, 1 നു തൊട്ടു് ഇടതുവശത്ത്, കാണാം. (ഷിഫ്റ്റ് അമർത്തി വേണം ഞെക്കാൻ) ദാ ഇതുപോലെ: ~ ~ ~ ~ (ഇടയ്ക്കു സ്പേസില്ലാതെ).


ഇനി മുകളിൽ പരാമർശിച്ച പുസ്തകത്തെക്കുറിച്ചു്:

പറ്റിയ ആളെയാണു് ഉദ്ധരിച്ചതു്! മുച്ചൂടും വലിച്ചുകീറിക്കളയണമെന്നു അന്നു ഞാൻ പറഞ്ഞ പുത്തകമാണു് മേൽപ്പറഞ്ഞതു്. :( ആവശ്യമില്ലാത്തതൊക്കെ (അവനവനു പൊതുവായൊരു നിയമം / കാരണം കണ്ടെത്താൻ കഴിയാത്തതൊക്കെ) എടുത്തുകളഞ്ഞോളാൻ പറയുന്നതാണു് അഭിനവവ്യാകരണപരിഷ്കാരം!) - ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:52, 14 മേയ് 2012 (UTC)Reply

ഭക്തിയെ കൊച്ചാക്കാനുള്ള വിഭക്തിയുടെ ശ്രമം പഴയകഥയാണല്ലോ. വിഭക്തിയുടെ ഭാഗമെങ്കിലും നന്നായി വാദിച്ചെങ്കിൽ വേണ്ടില്ലായിരുന്നു. ഇവിടെ അതുമില്ല. കേരളപാണിയെ ആശ്രയിച്ചു തുടങ്ങിയ ബിനു ഇപ്പോൾ അങ്ങേരെ കൈവിട്ട് ഒരു മൂന്നക്ഷരപ്പേരിനെ ശരണമാക്കിയിരിക്കുന്നു! തിരുക്കുടുംബമാണ് നടപ്പുള്ള പ്രയോഗം എന്നതിന് ഞാൻ ഏടുത്തുകാട്ടിയ ഉദാഹരണങ്ങൾ "പ്രാദേശിക ക്രിസ്തീയസാഹിത്യം" ആണു പോലും!! പിന്നെ എവിടുന്നാണു തെളിവു വേണ്ടത്? "അന്തർദ്ദേശീയ മതേതരസാഹിത്യത്തിൽ" നിന്നു വേണം എന്നാണെങ്കിൽ ഞാൻ തോറ്റു. കാരണം ഇവിടെ തർക്കവിഷയം മതപരവും കേരളീയവുമാണ്. കേരളത്തിനുള്ളിലെ പ്രദേശഭേദം എന്നാണു സൂചിപ്പിച്ചതെങ്കിൽ അതിൽ വസ്തുതയില്ല. തിരുക്കുടുംബം മുഖ്യമായും ഒരു കത്തോലിക്കാ 'ഡിവോഷനൽ' സങ്കല്പമാണ്. കേരളത്തിലെ ഭൂരിപക്ഷ കത്തോലിക്കാ വിഭാഗമാണ് സീറോ മലബാർ സഭ. ആ സഭയിലെ വിശ്വാസികൾക്ക് കേരളം മുഴുവനും, എന്നല്ല ലോകത്ത് അവർ ഉള്ള സ്ഥലങ്ങളിലൊക്കെ, ചൊല്ലാനായി ചിട്ടപ്പെടുത്തിയ പ്രാർത്ഥനകളിൽ നിന്നാണ് ഞാൻ മൂന്നു ഉദാഹരണങ്ങൾ രണ്ടു കുറിപ്പുകളിലായി മുകളിൽ കൊടുത്തത്.ജോർജുകുട്ടി (സംവാദം) 11:50, 14 മേയ് 2012 (UTC)Reply

സ്വരത്തിനെന്തേ ഖരത്വമേറിടാൻ തിരുത്തുക

എന്റെ വാദങ്ങളും താങ്കളുടെ പ്രതിവാദങ്ങളും ഒന്നു സംഗ്രഹിക്കുന്നു

  1. ഞാൻ പറഞ്ഞത്-തിരു ശുദ്ധഭേദകമാണ് അതിനാൽ ദ്വിത്വം വേണ്ട

പൂർവപദം ധാതുവോ ശുദ്ധഭേദകമോ ആണെങ്കിൽ ദ്വിത്വം വേണ്ട എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള നിയമം- കേരളപാണിനി ധാതുവിന്റെ കാര്യം എടുത്തു പറയുന്നുമുണ്ട്

താങ്കളുടെ മറുപടി- ശുദ്ധഭേദകത്തിനു ദ്വിത്വം വേണ്ട എന്നു പാണിനി (നിർബന്ധം) പറഞ്ഞിരിക്കുന്നതു് എവിടെയാണെന്നറിഞ്ഞാൽ കൊള്ളാം. ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നതിന് മുകളിൽ എടുത്തെഴുതിയിരിക്കുന്ന വാക്യം തന്നെ തെളിവ്.എന്റെ മറുപടിയിൽ ഞാൻ അതു വ്യക്തമക്കിയിട്ടുണ്ട്

  1. മുകളിൽ കൊടുത്തിരിക്കുന്ന വാക്യഭാഗമടങ്ങുന്ന കുറിപ്പിനുള്ള മറുപടി നോക്കുക-ദയവായി എഴുതാത്തതു വായിക്കരുത്.എന്റെ കുറിപ്പ് ഒന്നുകൂടെ വായിച്ചുനോക്കുക,കേ.പാ അങ്ങനെ പറഞ്ഞതായി എങ്ങും എഴുതിയിട്ടില്ല.

പറഞ്ഞത് കെരളഭാഷാ വ്യാകരണത്തിൽ ഇ വി എൻ ആണ്- ഇതും അപവാദങ്ങൾ ഉള്ള ഒരു സാമാന്യനിയമം തന്നെ ഉദാഹരണങ്ങൾ;- തിരുകല്യാണം, തിരുകണി- പ്രത്യുദാഹരണങ്ങൾ:- തിരുക്കാപ്പ്, തിരുക്കാഴ്ച്, തിരുക്കണി

അതിനുള്ള താങ്കളുടെ മറുപടി- കേരളപാണിയെ ആശ്രയിച്ചു തുടങ്ങിയ ബിനു ഇപ്പോൾ അങ്ങേരെ കൈവിട്ട് ഒരു മൂന്നക്ഷരപ്പേരിനെ ശരണമാക്കിയിരിക്കുന്നു. "ശുദ്ധഭേദകത്തിനു ദ്വിത്വ വേണ്ട'എന്നു പറഞ്ഞത് കേരളപാണിനിയെ അവലംബിച്ചല്ല എന്ന് 1-എന്നു് അക്കമിട്ട് എഴുതിയിരിക്കുന്ന ഭാഗം വയിച്ചാൽ മനസ്സിലകും- താങ്കൾ അതു ശ്രദ്ധിച്ചില്ല. തിരുകുടുംബമാണു ശരി എന്നു ഉറപ്പിച്ചു പറയാൻ കാരണം ഇതു മാത്രമാണ്-ശുദ്ധഭേദകം(ചെറു, തിരു എന്നിവ പോലെയുള്ളവ)പൂർവപദവും ഉത്തരപദം സംസ്കൃതവുമായി വരുന്നിടത്ത് ദ്വിത്വം മലയാളത്തിലെ ഒരു പദത്തിൽ പോലുമില്ല.അത്തരം മറ്റേതെങ്കിലും പദം താങ്കൾക്ക് ചൂണ്ടിക്കാട്ടനാവുമോ

  1. പ്രാദേശിക എന്ന വിശേഷണമാണോ താങ്കളെ ചൊടിപ്പിച്ചത്?- മദ്ധ്യകേരളത്തിൽ നിന്നു പ്രസിദ്ധീകരിച്ച ഒരു പുസ്തകം മാത്രമാണ് താങ്കൾ തെളിവായി ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടാണ് അതു പ്രാദേശികസാഹിത്യമാണെന്നു പറഞത്

എന്തായാലും ചർച്ച 'കകാരത്തിന്റെ ദ്വിത്വത്തിൽ തുടങ്ങി ശകാരത്തിന്റെ ഖരത്വത്തിലേത്തിയ പോലെ തോന്നുന്നു ബിനു (സംവാദം) 11:45, 15 മേയ് 2012 (UTC)ബിനുReply

  1. ചർച്ച നടക്കുമ്പോൾ സമവായം ആകാതെ തന്നിഷ്ടത്തിനു തീരുമാനമെടുത്ത് നടപ്പാക്കുന്ന പതിവ് വിക്കിയിൽ ഇല്ല. ആ തെറ്റ് തിരുത്തുകയാണു ബിനു ആദ്യം ചെയ്യേണ്ടത്.
  2. വ്യാകരണപ്പുസ്തകങ്ങളെ ആശ്രയിച്ച് വിശ്വപ്രഭ ഒരു നിലപാടും ബിനു മറ്റൊരു നിലപാടും എടുക്കുന്നു. ആ വഴി പോയാൽ ഒരിടത്തും എത്തുകയില്ലെന്നതിന് അതു തന്നെ തെളിവ്.
  3. ഒരു മതവിഭാഗത്തിന്റെ വിശ്വാസപാരമ്പര്യത്തിൽ പിറന്ന് അതിൽ സജീവമായി ഇന്നും നിലനിൽക്കുന്ന ഈ വാക്കിന്, വിശ്വാസികൾക്കിടയിൽ നിലവിലുള്ള രൂപം ഏതോ അതാണു ശരി. വായ്മൊഴിയിലും വരമൊഴിയിലും അവർക്കിടയിൽ നിലവിലുള്ള രൂപം തിരുക്കുടുംബം ആണെന്നതിന് ഞാൻ ഒന്നല്ല, രണ്ടു പുസ്തകങ്ങളിൽ നിന്നു തെളിവു ഹാജരാക്കി. നാട്ടിൽ ആയിരുന്നെങ്കിൽ 50 പുസ്തകങ്ങളെങ്കിലും കണ്ടെത്താൻ കഴിയുമായിരുന്നു.
  4. സീറോ മലബാർ സഭയുടെ പ്രാർത്ഥനാമജ്ഞരികളെ "മദ്ധ്യകേരളത്തിൽ പ്രസിദ്ധീകരിച്ചവ" എന്നു പറഞ്ഞ് തള്ളുന്നതും മറ്റും, ഇമ്മാതിരി മതസമൂഹങ്ങളെക്കുറിച്ചുള്ള ബിനുവിന്റെ അറിവുകേടു വെളിവാക്കുന്നേയുള്ളു. കേന്ദ്രീകൃതമായ സംഘടനാക്രമമുള്ള പ്രസ്ഥാനങ്ങളാണ് അവ. ചങ്ങനാശേരിയിലും, കോട്ടയത്തും, ആലപ്പുഴയിലും, മാനന്തവാടിയിലും, തമിഴ്നാട്ടിലെ കന്യാകുമാരിയിലും ഒക്കെ സീറോമലബാർ കത്തോലിക്കർ ചൊല്ലുന്നത് ഒരേ പ്രാർത്ഥനകളാണ്; ഉപയോഗിക്കുന്നത് ഒരേ പുസ്തകങ്ങളാണ്. കേരളത്തിനു വെളിയിലുള്ള അവരുടെ രൂപതകളും അതേ പ്രാർത്ഥനകൾ ചൊല്ലുകയും അതേ പുസ്തകങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. ഞാൻ ലിങ്കു ചെയ്ത രണ്ടാമത്തെ പുസ്തകം അമേരിക്കയിൽ ചിക്കാഗോയിലെ ക്നായായ കത്തോലിക്കരുടെ ഏതോ പള്ളിയിൽ ഉപയോഗിക്കുന്നതാണ്.
  5. സ്വരം ഖരമാകുന്നതിനെപ്പറ്റിയുള്ള ചെറിയാൻ കെ.ചെറിയാന്റെ വരികൾ എടുത്തെഴുതിയതിന്റെ കുറ്റം ഞാൻ ഏൽക്കുന്നു. അതിനെ സുകൃതജപം പോലെ ആവർത്തിക്കേണ്ട കാര്യമൊന്നുമില്ല. ചർച്ചകളിൽ posturing, grandstanding ഒന്നും എനിക്കു പതിവില്ല. ഉത്തമബോദ്ധ്യമുള്ളതേ എഴുതൂ. എല്ലാവരും അങ്ങനെ ചെയ്യണം എന്നാവശ്യപ്പെടുന്നതിൽ സ്വരത്തിന്റെ ഖരത്വം കാണേണ്ടതില്ല.ജോർജുകുട്ടി (സംവാദം) 13:09, 15 മേയ് 2012 (UTC)Reply

രണ്ടും ഒരു പോലെ ഉപയോഗത്തിലുണ്ട്. സീറോ-മലബാർ സഭയുടെ പ്രാർഥനകളിൽ ക്കു എന്നു കൂടുതലായും ഉപയോഗിക്കുന്നു. ഇവിടെയും, ഇവിടെയും കു ഉപയോഗിക്കുന്നു. ഇവിടെ ഒരു പേജിൽ തന്നെ രണ്ടും ഉപയോഗിക്കുന്നു. ഇവിടെയും ചില ക്കു കൾ ഉണ്ട്.--റോജി പാലാ (സംവാദം) 17:35, 15 മേയ് 2012 (UTC)Reply

തിരുക്കുടുംബം ആണ് വ്യാപകമായി നിലവിലുള്ള പഴയരൂപം എന്നാണ് ഇപ്പോഴും എന്റെ അഭിപ്രായവും അറിവും. ലേഖനത്തിന്റെ പേര് അങ്ങനെ വച്ചശേഷം തിരുകുടുംബത്തിലേക്കു തിരിച്ചുവിടൽ ആണു വേണ്ടതെന്നും കരുതുന്നു. ഇതര രൂപവും പതിവുണ്ട് എന്നു കാണുന്നതിനാൽ ഞാൻ ചർച്ചയിൽ നിന്നു പിൻവാങ്ങുന്നു. "സ്വരം ഖരമാക്കിയതിനു" ബിനുവിനോടു മാപ്പു ചോദിക്കുന്നു.ജോർജുകുട്ടി (സംവാദം) 22:25, 15 മേയ് 2012 (UTC)Reply

  തിരുക്കുടുംബം എന്നാക്കിയിരിക്കുന്നു--റോജി പാലാ (സംവാദം) 03:56, 16 മേയ് 2012 (UTC)Reply

=ശകാരത്തിൻ ശേഷമെങ്ങും

കകാരം ദ്വിത്വമാർന്നിടും=

ഞാൻ പുതുതായി പഠിച്ച കാരികയാണിത്

ജോർജുകുട്ടീ, താങ്കളുടേത് വളരെ വൈകരികമായ പ്രതികരണമാണ്- പലതിനും മറുപടി തന്നെ അനാവശ്യം

  1. ചർച്ച നടക്കുമ്പോൾ സമവായം ആകാതെ തന്നിഷ്ടത്തിനു തീരുമാനമെടുത്ത് നടപ്പാക്കുന്ന പതിവ് വിക്കിയിൽ ഇല്ല. ആ തെറ്റ് തിരുത്തുകയാണു ബിനു ആദ്യം ചെയ്യേണ്ടത്.

ലേഖനം വായിക്കുന്നവരെ ഈ കുസന്ധി വഴിതെറ്റിക്കേണ്ടെന്നു കരുതിയാണു് തിരുത്തിയത്-ലേഖത്തിലേതും തലയിലെഴുത്തിലേതും രണ്ടു രൂപങ്ങളാണ്-തെറ്റിനും വേണ്ടേ ഒരു വ്യവസ്ഥയൊക്കെ,സ്വീകാര്യമായിരുന്നില്ലെങ്കിൽ തിരുത്ത് റദ്ദാക്കാമായിരുന്നല്ലോ.എന്തേ അതു ചെയ്യതെ ശാസിച്ചും ശകാരിച്ചും എന്നെ നന്നാക്കാൻ പുറപ്പെട്ടു. .

  1. ഒരു മതവിഭാഗത്തിന്റെ വിശ്വാസപാരമ്പര്യത്തിൽ പിറന്ന് അതിൽ സജീവമായി ഇന്നും നിലനിൽക്കുന്ന ഈ വാക്കിന്, വിശ്വാസികൾക്കിടയിൽ നിലവിലുള്ള രൂപം ഏതോ അതാണു ശരി. വായ്മൊഴിയിലും വരമൊഴിയിലും അവർക്കിടയിൽ നിലവിലുള്ള രൂപം തിരുക്കുടുംബം ആണെന്നതിന് ഞാൻ ഒന്നല്ല, രണ്ടു പുസ്തകങ്ങളിൽ നിന്നു തെളിവു ഹാജരാക്കി. നാട്ടിൽ ആയിരുന്നെങ്കിൽ 50 പുസ്തകങ്ങളെങ്കിലും കണ്ടെത്താൻ കഴിയുമായിരുന്നു.

രണ്ടു രൂപങ്ങളും പ്രയോഗത്തിലുണ്ടെന്നു് ഇവിടെത്തന്നെ പലരും പറഞ്ഞിട്ടുണ്ട്.

  1. സീറോ മലബാർ സഭയുടെ പ്രാർത്ഥനാമജ്ഞരികളെ "മദ്ധ്യകേരളത്തിൽ പ്രസിദ്ധീകരിച്ചവ" എന്നു പറഞ്ഞ് തള്ളുന്നതും മറ്റും, ഇമ്മാതിരി മതസമൂഹങ്ങളെക്കുറിച്ചുള്ള ബിനുവിന്റെ അറിവുകേടു വെളിവാക്കുന്നേയുള്ളു. കേന്ദ്രീകൃതമായ സംഘടനാക്രമമുള്ള പ്രസ്ഥാനങ്ങളാണ് അവ. ചങ്ങനാശേരിയിലും, കോട്ടയത്തും, ആലപ്പുഴയിലും, മാനന്തവാടിയിലും, തമിഴ്നാട്ടിലെ കന്യാകുമാരിയിലും ഒക്കെ സീറോമലബാർ കത്തോലിക്കർ ചൊല്ലുന്നത് ഒരേ പ്രാർത്ഥനകളാണ്; ഉപയോഗിക്കുന്നത് ഒരേ പുസ്തകങ്ങളാണ്. കേരളത്തിനു വെളിയിലുള്ള അവരുടെ രൂപതകളും അതേ പ്രാർത്ഥനകൾ ചൊല്ലുകയും അതേ പുസ്തകങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. ഞാൻ ലിങ്കു ചെയ്ത രണ്ടാമത്തെ പുസ്തകം അമേരിക്കയിൽ ചിക്കാഗോയിലെ ക്നായായ കത്തോലിക്കരുടെ ഏതോ പള്ളിയിൽ ഉപയോഗിക്കുന്നതാണ്.

അജ്ഞത ചൂണ്ടിക്കാണിച്ചതിനു നന്ദി- ഭക്തി -,

  1. സ്വരം ഖരമാകുന്നതിനെപ്പറ്റിയുള്ള ചെറിയാൻ കെ.ചെറിയാന്റെ വരികൾ എടുത്തെഴുതിയതിന്റെ കുറ്റം ഞാൻ ഏൽക്കുന്നു. അതിനെ സുകൃതജപം പോലെ ആവർത്തിക്കേണ്ട കാര്യമൊന്നുമില്ല. ചർച്ചകളിൽ posturing, grandstanding ഒന്നും എനിക്കു പതിവില്ല. ഉത്തമബോദ്ധ്യമുള്ളതേ എഴുതൂ. എല്ലാവരും അങ്ങനെ ചെയ്യണം എന്നാവശ്യപ്പെടുന്നതിൽ സ്വരത്തിന്റെ ഖരത്വം കാണേണ്ടതില്ല.

ഭക്തി-വിഭക്തി ദ്വന്ദ്വവാദം ഉപേക്ഷിച്ചോ-സംവാദത്തിലേക്ക് യാതൊരു സാംഗത്യവും ഇല്ലാത്ത കാര്യങ്ങൾ വലിച്ചുകൊണ്ടു വരുന്നത് താങ്കൾ ഈ സംവാദത്തിൽ ഉടനീളം തുടർന്നുപോരുന്നു- ഒരു പക്ഷേ താങ്കളിതിനെ കാണുന്നത് -എങ്ങനെയും ജയിക്കേണ്ട ഒരു യുദ്ധമയിട്ടായിരിക്കും - സംവാദത്തെ സൗഹൃദത്തിന്റെ പങ്കുവെക്കലായി കാണാൻ കഴിയാതെ പോയതാണ് താങ്കളുടെ പ്രശ്നം നന്ദി ബിനു (സംവാദം) 11:03, 16 മേയ് 2012 (UTC)ബിനുReply

വൃധാവ്യായാമം തിരുത്തുക

തിരുക്കുടുംബം ഒരു പാതിരി മലയാൾമ വാക്കാണ്. പാതിരിമലയാളം വ്യാകരണമനുസരിച്ചല്ല പ്രവർത്തിക്കുന്നത. അന്നതെഥെ പ്രാദേശിക പ്രയോഗങ്ങളാൺ അതിനാധാരം ഈ പദത്തിൻ ക്രൈസ്തവസമൂഹത്തിലല്ലാതെ പ്രസക്തി ഇല്ലെന്നുതന്നെ പറയാം. ബൈബിലിൽ പ്രയോഗിച്ചിട്ടുല്ല പലവാക്യങ്ങളും വ്യാകരണപരമായും നിരുക്തപരമായും ശരിയല്ല. എന്നാൽ അവ ശരിയാായാണ കരുതാറുള്ളത. അതുപോലെ ഓരോപദത്തിനും കാലികവും സാാമൂഹികവും പ്രാദേശികവും ആയ ധ്വനിഭേദവൗമ് ഉണ്ട്. ഇത്തരം പ്രയോഗങ്ങളെ അംഗീകരിക്കയും ബഹുമാാനിക്കയും ആൺ പുതിയ വ്യാകരണ തത്വം . ഉപയോഗത്തിൻലുള്ളവക്ക വ്യാകരണം കണ്ടെത്തുകയാണ ശരി. ഇത്തരം ചർച്ചകൊണ്ട മലയാളഭാഷക്ക് ഒരു പ്രയോജനവും ഉണ്ടാാകുമെന്ന് കരുതാൻ നിവൃത്തിയില്ല--Harishr (സംവാദം) 03:50, 4 സെപ്റ്റംബർ 2012 (UTC)Reply

വ്യാകരണത്തിനൊക്കും വിധം ഭാഷയെ രൂപപ്പെടുത്തുകയല്ല മറിച്ച് ഭാഷയെ പിന്തുടർന്ന് വ്യാകരണം നിർമിക്കുകയാണ് എല്ലാ സ്വാഭാവികഭാഷയുടെ കാര്യത്തിലും പതിവ്, ഇത് പാതിരിമലയാളത്തിന്റെ കാര്യത്തിൽ മാത്രം പിന്തുടരുന്ന നയമല്ല.ബിനു (സംവാദം) 05:33, 5 സെപ്റ്റംബർ 2012 (UTC)Reply

വൃഥാവ്യായാമം! തിരുത്തുക

വൃഥാവിൽ?ബിനു (സംവാദം) 07:15, 4 സെപ്റ്റംബർ 2012 (UTC)Reply

തൃശൂർ പട്ടണത്തിൽ സ്ഥാപിച്ചിരുന്ന ഒരു ബിൽബോർഡിൽ തിരുകുടുംബം എന്നാണ് എഴുതിയിരുന്നത്. --Anoop Manakkalath (സംവാദം) 06:55, 4 സെപ്റ്റംബർ 2012 (UTC)Reply

തിരുകുടുംബം എന്നാണ് തൃശൂർ ജില്ലയിൽ ഞാനും കണ്ടിരിക്കുന്നത്. --Vssun (സംവാദം) 08:35, 4 സെപ്റ്റംബർ 2012 (UTC)Reply

തിരുക്കുടുംബത്തെക്കാൾ തിരുകുടുംബം എന്ന പദം വളരെ മനോഹരം! അല്ലെങ്കിൽ തന്നെ മലയാളത്തിൽ ഇരട്ടിപ്പ് വരുന്ന പദങ്ങളെ കുറേശെയായി തുടച്ചുനീക്കികൊണ്ടിരിക്കുകയാണ്. ഇരട്ടിപ്പ് മാറുമ്പോൾ ആ പദങ്ങൾക്ക് എന്തൊരു ഭംഗിയാണ്! എന്തിനാണ് ചിലർ പരമ്പരാഗതമായ ചില അഭംഗികൾക്കു വേണ്ടി അലമുറയിടുന്നത്? മലയാളികൾക്ക് പണ്ടേ ഇരട്ടിപ്പിനോട് ഭയങ്കര താൽപര്യം ആണ്.ഇംഗ്ലീഷ് ഭാഷയിലെ lily എന്ന പൂവ് ഉദാഹരണമായി എടുക്കുക. മലയാളത്തിൽ ലില്ലി എന്നേ എഴുതൂ. ലിലി എന്നു മതിയായിരുന്നു. ത, പ തുടങ്ങിയ പദങ്ങൾക്ക് ഒരാവശ്യവും ഇല്ലാതെയാണ് മലയാളത്തിൽ ഇരട്ടിപ്പ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. നമ്മുടെ ഭാഷയിൽ ഇരട്ടിപ്പുള്ള പല പദങ്ങളും മറ്റു ഭാഷകളിൽ ഇരട്ടിപ്പ് ഇല്ലാതെയാണ് എഴുതുന്നത് എന്ന് ഓർക്കുക. ഉദാഹരണത്തിന് സുൽത്താൻ. ഇംഗ്ലീഷ് ഭാഷയിൽ sultan എന്നേയുള്ളൂ. ഹിന്ദിയിലും ത മാത്രമാണ് ഉപയോഗിക്കുക. കാർത്തിക എന്ന വാക്ക് ഇംഗ്ലീഷിൽ kartika എന്ന് മതി. ഹിന്ദിയിലും ഒരു ത മതി. കാർതിക, സുൽതാൻ എന്നീ പ്രയോഗങ്ങൾ എത്ര സുന്ദരം! ഭാഷയുടെ ഉച്ചാരണത്തിൽ വ്യത്യാസം വരുന്നുമില്ല!

ഭാഷയെ ദോഷമായി ബാധിക്കാത്ത ചില പ്രയോഗങ്ങൾ എങ്കിലും നമുക്ക് ഇരട്ടിപ്പ് ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്.

പഴയ പ്രയോഗം പുതിയ പ്രയോഗം നീലത്താമര നീലതാമര വിഷുപ്പക്ഷി വിഷുപക്ഷി ഉണക്കത്തേങ്ങ ഉണക്കതേങ്ങ നെൽപ്പാടം നെൽപാടം തേങ്ങാപ്പാൽ തേങ്ങാപാൽ തിരുക്കുടുംബം തിരുകുടുംബം

പരമ്പരാഗത പദങ്ങളിൽ നിന്ന് ഇന്നു നാം പല പദങ്ങളും മാറ്റി ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം കൂടി ഇവിടെ ചൂണ്ടികാണിക്കുന്നു.അത് ഭാഷക്ക് അഴകാണ്! പരമ്പരാഗതം ഇപ്പോൾ അദ്ധ്യാപകൻ അധ്യാപകൻ അദ്ധ്യായം അധ്യായം ROBERT ROY PAIVA 06:11, 29 ഡിസംബർ 2017 (UTC)

തിരുക്കുടുംബം Akhil Aprem😀be happy 15:26, 30 ഡിസംബർ 2017 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തിരുക്കുടുംബം&oldid=2660765" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തിരുക്കുടുംബം" താളിലേക്ക് മടങ്ങുക.