ശ്രീകാകുളം കാർഷിക പ്രക്ഷോഭം

ശ്രീകാകുളം മേഖലയിൽ നിവസിച്ചിരുന്ന ഗിരിജന കർഷകർ, തങ്ങളുടെ കൃഷിഭൂമി അന്യാധീനപ്പെടുന്നതിനെതിരെ നടത്തിയ പ്രതിഷേധമാണ് ശ്രീകാകുളം കാർഷിക പ്രക്ഷോഭം[1],[2]. 1958-ൽ തുടങ്ങിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് അവിഭക്ത ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നെങ്കിലും പാർട്ടി പിളർന്നതോടെ നേതാക്കന്മാരിൽ ഭൂരിഭാഗവും സി.പി.ഐ (എം.എൽ) വിഭാഗത്തിൽ ചേർന്നു. 1965-72 കാലത്താണ് പ്രക്ഷോഭം മൂർധന്യത്തിലെത്തിയത്. ഇതേ സമയത്തു നടന്ന നക്സൽബാരി സംഭവങ്ങൾ ശ്രീകാകുളം കാർഷിക പ്രക്ഷോഭത്തിന് കൂടുതൽ ഊർജം നൽകി.[3]

പശ്ചാത്തലം തിരുത്തുക

 
ആന്ധ്ര പ്രദേശ് സംസ്ഥാനം: ജില്ലകൾ

ആന്ധ്രപദേശിന്റെ വടക്കേയറ്റത്ത്, ഒഡീഷയോടു ചേർന്നു കിടക്കുന്ന തീരദേശ ജില്ലയാണ് ശ്രീകാകുളം. 1950-ലാണ് വിശാഖപട്ടണം ജില്ലയുടെ ഭാഗമായിരുന്ന ചീപ്പുറുപള്ളി, ബൊബ്ബിലി, സലൂർ, പാർവതീപുരം, പലകൊണ്ട എന്നീ മലനാടൻ താലൂക്കുകളും ഇച്ഛാപുരം, നരസണ്ണാപേട്ട്,ശ്രീകാകുളം, തെക്കലി, സോംപേട്ട എന്നീ തീരദേശതാലൂക്കുകളും, ചേർത്ത് ശ്രീകാകുളം ജില്ല രൂപീകരിക്കപ്പെട്ടത്[4]. 1978 -ൽ ചീപ്പുറുപള്ളി, ബൊബ്ബിലി, സലൂർ, പാർവതീപുരം താലൂക്കുകൾ പുതുതായി രൂപീകരിച്ച വിസിയനഗരം ജില്ലയിൽ ഉൾപെടുത്തപ്പെട്ടു [5].

ഏജൻസി മേഖല തിരുത്തുക

ബ്രിട്ടീഷിന്ത്യൻ കാലഘട്ടത്തിൽ വിശാഖപട്ടണം ജില്ലയിൽ ഉൾപെട്ടിരുന്ന പലകൊണ്ട, പാർവതീപുരം, പതപട്ടണം, സലൂർ എന്നീ മലയിടുക്കു താലൂക്കുകൾ ഹിൽ ട്രാക്റ്റ് ഏജൻസി എന്ന പേരിലാണ് പരക്കെ അറിയപ്പെട്ടത്. കാരണം ദുർഗമമായ മലയിടുക്കുകളുടെ നടത്തിപ്പിനായി ഏജന്റ് എന്നു സഥാനപ്പേരുള്ള പ്രത്യേക ഉദ്യോഗസ്ഥൻ (മിക്കപ്പോഴും തദ്ദേശ കലക്ടർ) നിയമിക്കപ്പെട്ടിരുന്നു[6],[7],[8] ഇന്നും ഈ മലയിടുക്കു മേഖല ഏജൻസി എന്ന പേരിൽ തുടരുന്നു[9][10]. സവര, ജടപു, മുഖദോര,കൊണ്ടദോര, എന്നീ ഗോത്രങ്ങളിൽ പെട്ട ഗിരിവർഗക്കാരാണ് ഇവിടെ പാർത്തിരുന്നത്[11]. അവരുടെ പ്രധാന ഉപജീവനമാർഗം കൃഷിയായിരുന്നു. കൃഷിഭൂമി സ്വകാര്യസ്വത്തായിരുന്നില്ല, മറിച്ച് സമൂഹത്തിൻറെ പൊതുസ്വത്തായിരുന്നു[12]. എന്നാൽ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കാലം മുതൽ പല വിധത്തിലുമുള്ള ഭൂനിയമങ്ങൾ ഗിരിവർഗക്കാർക്ക് ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം നിഷേധിച്ചു, തക്കതായ രേഖകളോ, പ്രമാണങ്ങളോ ഇല്ലാത്തതായിരുന്നു ഒരു കാരണം.[13] ,[14] മാത്രമല്ല പുറമെ നിന്നുള്ള ധനികരായ കുടയേറ്റക്കാർ കുറഞ്ഞ വിലക്ക് കൃഷിഭുമി കൈവശമാക്കാൻ തുടങ്ങി[9]. സാമ്പത്തികാവശ്യങ്ങൾക്ക് കൃഷിയിടങ്ങൾ പണയം വെച്ചവരുടെ ഭൂമി കൊള്ളപലിശക്കാരും തട്ടിയെടുത്തു[15],[16]. ഇവ രണ്ടും തടയാനായി ബ്രിട്ടീഷിന്ത്യൻ ഭരണകൂടം ദി ഏജൻസി ട്രാക്റ്റ് ഇൻററസ്റ്റ് അൻഡ്ലാൻഡ് ട്രാൻസഫർ ആക്റ്റ് 1917 കൊണ്ടുവന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാനായില്ല[14]. ഈ മേഖലയിൽ മാംഗനീസ് അയിരിൻറേയും പലനിറങ്ങളിലുള്ള ഗ്രാനൈറ്റ് പാറകളുടേയും ശേഖരം കണ്ടെത്തിയതോടെ വലിയതോതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഭൂമികൈയേറ്റം ആരംഭിച്ചു[17]. വനഭൂമി പുറമെക്കാർക്കു കൈമാറ്റം ചെയ്യരുതെന്ന നിബന്ധന ഉൾപെടുത്തിയ ദി ഏജൻസി ട്രാക്റ്റ് ഇൻററസ്റ്റ് അൻഡ്ലാൻഡ് ട്രാൻസഫർ ആക്റ്റ് 1917 എന്ന നിയമത്തിൻറെ പരിഷ്കരിച്ച പതിപ്പ് ആന്ധ്രപ്രദേശ് ഭുപരിഷ്കരണനിയമം 1959 നടപ്പിലാക്കാൻ സംസ്ഥാന സർകാർ മുൻകൈ എടുത്തില്ല[1],[14],[18]. വനഭൂമിയുടെ തോത് കുറവായതോടെ വനവിഭവങ്ങളും ദുർലഭമായി. പൊഡു എന്ന പേരിലറിയപ്പെട്ട സ്ഥലമാറ്റകൃഷി സാധ്യമല്ലാതായി. പരമ്പരയായി സ്വയംപര്യാപ്തരായിരുന്ന ഗിരിജനങ്ങളുടെ സ്ഥിതി പരുങ്ങലിലായി[3],[9],[13],[14],[19]. ഗത്യന്തരമില്ലാതെ ഗിരിവർഗക്കാർ ജമീന്ദർമാരുടെ കൃഷിയിടങ്ങളിലും ഖനികളിലും കൂലിവേലക്കാരായി. പക്ഷെ അവർക്ക് ന്യായമായ കൂലി ലഭിച്ചിരുന്നില്ല[1].

വികസനപദ്ധതികൾ തിരുത്തുക

പ്ലാനിംഗ് കമീഷൻ രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്തു തന്നെ ഭൂപരിഷ്കരണനിയമങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്തിരുന്നു[20],[21]. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇതു നടപ്പായില്ല[22].

ഗിരിജനസംഘം തിരുത്തുക

ഇത്തരം അന്യായങ്ങൾക്കെതിരെ ഗിരിവർഗക്കാരെ ബോധവത്കരിച്ചതും 1958-ൽ ദളം എന്നപേരിലറിയപ്പെട്ട ഗിരിജന സംഘം രൂപീകരിച്ചതും കമ്യൂണിസ്റ്റ് പ്രവർത്തകരായ പി. രാമുലു, വേംപടപു സത്യനാരായണ(സത്യം മാസ്റ്റർ), ആദിബട്ല കൈലാസം എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ്[1],[23],[24]. തരിമേല നാഗി റെഡ്ഡി, നാഗഭൂഷൺ പട്നായിക്, സുബ്ബറാവു പാണിഗ്രഹി, പഞ്ചടി കൃഷ്ണമൂർത്തി, പഞ്ചടി നിർമല എന്നിങ്ങനെ പലരും ഈ പ്രസ്ഥാനത്തിൽ സജീവപങ്കാളികളായി. ഗിരിജനസംഘത്തിൻറെ സംഘടിതമായ പ്രക്ഷോഭവും ഇടപെടലുകളും മൂലം സ്ഥിതിഗതികൾ കുറയൊക്കെ മെച്ചപ്പെട്ടു. കൂലി നിരക്ക് വർധിച്ചു. പക്ഷെ ഭൂവുടമകൾ എതിർനീക്കങ്ങൾ ആരംഭിച്ചു.[3],[16]. വിദ്യാഭ്യാസ വകുപ്പിൻറെ സമ്മർദ്ദം മൂലം പാർവതീപുരം ഏജൻസിയിലെ ഗവർമെൻറ് പ്രൈമറി സ്കൂളിലെ അധ്യാപകനായിരുന്ന വേംപടപു സത്യനാരായണക്ക് ജോലി രാജിവെക്കേണ്ടിവന്നു. അതോടെ സത്യംമാസ്റ്റർ മുഴുവൻ സമയവും ഗിരിജനസംഘ പ്രവർത്തനങ്ങളിൽ ഏർപെട്ടു. സവാര,ജടപു വർഗത്തിൽപെട്ട രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു.[1]

സായുധ പ്രക്ഷോഭം തിരുത്തുക

ഗിരിജനസംഘത്തിൻറെ പ്രവർത്തനങ്ങൾ സമാധാനപരമായിട്ടാണ് ആരംഭിച്ചത്. അജ്ഞതയും അന്ധവിശ്വാസവും അകറ്റാനായി നിശാക്ലാസുകളും ബോധവത്കരണത്തിനായി സമ്മേളനങ്ങളും, റാലികളും, കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു. ഗിരിജനങ്ങൾക്ക് ആവേശം പകരാനായി സുബ്ബറാവു പാണിഗ്രഹി വിപ്ലവഗാനങ്ങളും നാടകങ്ങളും രചിച്ചു.[25]

പ്രകോപനം തിരുത്തുക

 
ശ്രീകാകുളം കമ്യൂണിസ്റ്റ് വിപ്ലവ സ്മാരകം . കോഠാ റോഡ്, ശ്രീകാകുളം

1967 ഒക്റ്റോബർ 31-ന് പാർവതീപുരം ഏജൻസിയിൽ ഉൾപെട്ട മൊണ്ടെംകല്ലു ഗ്രാമത്തിൽ കർഷകറാലി സംഘടിപ്പിക്കപ്പെട്ടിരുന്നു. റാലിയിൽ പങ്കെടുക്കാൻ പോവുകയായിരുന്ന ഒരുകൂട്ടം കർഷകരെ ലെവിഡി എന്നസ്ഥലത്തു വെച്ച് ഭൂവുടമകൾ കൈയേറ്റം ചെയ്തു, രണ്ടു പേരെ വെടിവെച്ചുകൊല്ലുകയും ചെയ്തു[1],[2],[3],[16]. ദൃക് സാക്ഷികളുണ്ടായിട്ടും അധികാരസ്ഥർ ഇതെക്കുറിച്ച് കേസെടുക്കുകയോ അപരാധികളെ പിടികൂടുകയോ ഉണ്ടായില്ല. ചാരു മജുംദാർ സത്യം മാസ്റ്ററുമായി ബന്ധപ്പെടുകയും സായുധപ്രക്ഷോഭത്തിന് പ്രോത്സാഹനം നൽകുകയും ചെയ്തുവെന്നും കനു സന്യാലിനോടൊപ്പം ചർച്ചകൾക്കായി ശ്രീകാകുളം സന്ദർശിച്ചെന്നും പറയപ്പെടുന്നു[1],[26].

പ്രധാന സംഭവങ്ങൾ തിരുത്തുക

1968 ജനവരിയിൽ സായുധസംഘങ്ങൾ ഭൂവുടമകളുടേയും കൊള്ളപ്പലിശക്കാരുടേയും വീടുകളും ധാന്യപ്പുരകളും ആക്രമിച്ചു, കൊള്ളയടിച്ചു, പണയാധാരങ്ങൾ നശിപ്പിച്ചു. മാർച് നാലിന് പൊലീസും സായുധകർഷകരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു കർഷകർ കൊല്ലപ്പെട്ടു. ഗരുഡഭദ്ര, പെദഗുട്ടലി, ദുഡ്ഡുകല്ലു, മൊണ്ടെകല്ലു, മല്ലിവീഡു, ദക്ഷിണി, കൊഹർജോള എന്നീ ഗ്രാമങ്ങളിലും കൊള്ളയും കൊലയും വ്യാപകമായി. സായുധപ്രക്ഷോഭം അതിരു കടന്നു, അക്രമാസക്തമായി, കൊലപാതകങ്ങൾ മിക്കതും വിവേചനബോധമില്ലാത്തവയായി. പൊലീസിന് അക്രമം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ അന്നത്തെ ആന്ധ്രപ്രദേശ് സർകാർ ശ്രീകാകുളം ഡിസ്റ്റർബ്ഡ് മേഖലയാണെന്നു പ്രഖ്യാപിച്ച് സപ്രഷൻ ഓഫ് ഡിസ്റ്റർബൻസസ് ആക്റ്റ് നടപ്പിലാക്കി, സെൻട്രൽ റിസേർവ് പൊലീസ് വിന്യസിക്കപ്പെട്ടു. ഗിരിജനങ്ങൾക്ക് മലന്പാതകൾ സുപരിചിതമായിരുന്നതിനാൽ അവർക്ക് സിആർപിഎഫിൽ നിന്ന് സുഗമമായി രക്ഷപ്പെടാനായി.1970 ജൂലൈ പത്തിന് ബോറിഹിൽസിൽ വെച്ച് സത്യനാരായണയുംആദിബട്ല കൈലാസവും മറ്റു ചെല പ്രമുഖ നേതാക്കളും സിആർപിഎഫിൻറെ വെടിയേറ്റു മരിച്ചതോടെ സായുധപ്രക്ഷോഭത്തിനു ക്ഷീണം തട്ടി[1],[3],[24].

പാർവതീപുരം നക്സലൈറ്റ് ഗുഢാലോചന കേസ് തിരുത്തുക

35 കൊലപാതകങ്ങൾ, 77ഭവനഭേദനങ്ങൾ, പോലീസുകാരുടെ നേർക് നൂറോളം അക്രമങ്ങൾ എന്നിങ്ങനെ നിരവധി കുറ്റങ്ങൾക്ക്, 1970-ൽ പാർവതീപുരം ഗൂഢാലോചനകേസ് എന്ന പേരിൽ പൊലീസ് ക്രിമിനൽ കേസ് ഫയൽ ചെയ്തു. മുൻനിര നക്സലൈറ്റ് നേതാക്കളും ഗിരിജനസംഘ നേതാക്കളും അനുയായികളും പ്രതിചേർക്കപ്പെട്ടു. പക്ഷെ ഇതിനകം തന്നെ മിക്ക നേതാക്കളും കൊല്ലപ്പെടുകയോ അറസ്റ്റു ചെയ്യപ്പെടുകയോ ചെയ്തിരുന്നു. വിചാരണയും വിധി പ്രഖ്യാനവും വർഷങ്ങളോളം നീണ്ടുപോയി.1976-ൽ കനു സന്യാൽ, നാഗഭൂഷൺ പട്നായിക്, എന്നിവരടക്കം പതിനഞ്ചു പേർക്ക് ആജീവനാന്തത്തടവും പത്തുപേർക് അഞ്ചുവർഷത്തെ കഠിനതടവും വിധിക്കപ്പെട്ടു.[27].

അനന്തരഫലങ്ങൾ തിരുത്തുക

നേതാക്കന്മാരുടെ നിര്യാണവും അറസ്റ്റും കാരണം പ്രസ്ഥാനത്തിന് ഉലച്ചിൽ തട്ടി. ഭിന്നാഭിപ്രായങ്ങളും, വ്യക്തിസ്പർധകളും കാരണം പാർട്ടി പ്രാദേശികതലത്തിൽ വിവിധ ഗ്രൂപ്പുകളായി പിളർന്നു[28]. കൃഷിഭൂമി കർഷകന് ,സാമൂഹ്യനീതി, ന്യായമായ കൂലി, സമത്വം എന്നീ മുഖ്യ ഉദ്ദേശ്യങ്ങളിൽ നിന്ന് വേറിട്ട് വർഗശത്രുവിനെ കൊന്നൊടുക്കുക എന്നതിലേക്ക് പ്രസ്ഥാനം വഴിമാറിയത് അണികളിൽ അസ്വാസ്ഥ്യം സൃഷ്ടിച്ചതും പ്രസ്ഥാനത്തെ ക്ഷീണിപ്പിച്ചുവെന്ന് അനുമാനിക്കപ്പെടുന്നു.,[29],[30]

തുടക്കത്തിൽ ശ്രീകാകുളം പ്രക്ഷോഭത്തെ, നക്സൽബാരിയിലെന്നപോലെ ക്രമസമാധാന പ്രശ്നമായാണ് സംസ്ഥാന സർകാറും കേന്ദ്രസർകാറും കണ്ടത്. അന്നത്തെ കേന്ദ്ര ആഭ്യന്തമന്ത്രി വൈ.ബി.ചവാൻ ലോക്സഭയിൽ അപ്രകാരം പ്രസ്താവിക്കുകയും ചെയ്തു.[31] 1966-ൽത്തന്നെ അന്നത്തെ ആന്ധ്ര പ്രദേശ് സർകാർ ഗിരിജനക്ഷേമ വകുപ്പ് (ഡിപാർട്മെൻറ് ഓഫ് ട്രൈബൽ വെൽഫെയർ) സൃഷ്ടിച്ചിരുന്നു. 1974-75--ൽ ട്രൈബൽ സബ്കമിറ്റിയും നിലവിൽ വന്നു. പക്ഷെ ഇവയൊന്നും വേണ്ടത്ര ഫലം നൽകിയില്ല. വളരെ പിന്നീടാണ് ഈ പ്രക്ഷോഭത്തിൻറെ കാർഷിക-സാമൂഹിക-സാമ്പത്തിക വശങ്ങൾ കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സർകാറുകൾ വികസന പദ്ധതികൾക്ക് പ്രാധാന്യം നൽകിയത്.[32],[33],[34],[35],[36],[37].

ആഭ്യന്തരവകുപ്പിൻറെ 2021-ലെ കണക്കനുസരിച്ച് ഇന്ന് ഇന്ത്യയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള എഴുപതു ജില്ലകളിൽ അഞ്ചെണ്ണം ആന്ധ്രപ്രദേശിലാണ്. ശ്രീകാകുളം, വിസിയനഗരം, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി എന്നിവയാണവ[38]. ഈ എഴുപതുജില്ലകൾ റെഡ് കൊറിഡോർ അഥവാ റെഡ് സോൺ എന്നും വിശേഷിപ്പിക്കപ്പെടുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമനുസരിച്ച് (യു.എ.പി.എ) നക്സലൈറ്റ്-മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണ്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Reddy, N. Subba (1977). "Crisis of Confidence among the Tribal People and the Naxalite Movement in Srikakulam District". Human Organization. Society for Applied Anthropology. 36 (2): 142–149. Retrieved 2022-01-15.
  2. 2.0 2.1 Calman, Leslie (2019) [1985]. "The Srikakulam Naxalite Movement". Protest in Democratic India: Authorities response to challenge (2 ed.). New York: Routledge. pp. 17–136. ISBN 9780367284558.
  3. 3.0 3.1 3.2 3.3 3.4 Undurthi, Vindhya (1994). Srikakulam Movement in Space within the struggle by Ilina Sen. New Delhi: Kali for Women. pp. 25–49. ISBN 978-8185107202.
  4. "Srikakulam District formation". 2021-12-15. Retrieved 2021-12-30.
  5. "Formation of Vizianagaram district". NIC, MEITY, Govt.of India. 2021-12-29. Retrieved 2021-12-30.
  6. Carmichael, D.F (1869). "III. Political History of the District . Section xiii- Formationof Agency established (Act 24 of 1839)". A Manual of the District of Vizagapatnam in the Presidency of Madras. William Thomas. pp. 234–236.
  7. Gupta, S.C (1915-08-16). "Act XXIV of 1839 The Ganjam Vizagapatam Act 1839 in The Madras Code" (PDF). hcmadras.tn.nic.in. pp. 73–75. Retrieved 2021-12-30.
  8. Ahmad, ZA (1937). "Excluded Areas Under the new constitution in Congress Political and Economic Studies". archiv.org. Retrieved 2021-12-31.
  9. 9.0 9.1 9.2 Arnold, David (1984). Rebellious Hillmen The Gudem Rampa Risings 1839-1924 (in Subaltern Studies edited by Ranajit Guha). New Delhi: Oxford University Press. pp. 88–142.
  10. "District Survey Report Srikakulam District" (PDF). Ministry of Mines and Geology, Govt. of Andhra Pradesh. 2018-06-30. Retrieved 2021-12-30.
  11. "Tribes and tribal areas of Andhra Pradesh- Basic Statistics". 2004-03-31. Retrieved 2021-12-30.
  12. Rao, Bandlamudi Nageswara (2014). Mapping the Tribal Economy:A Case Study from a South-Indian State. Newcastle upon Tyne, UK: Cambridge Scholars Publishing. pp. 1–5. ISBN 9781443867351.
  13. 13.0 13.1 Guha, Ramachandra; Gadgil, Madhav (1989). "State Forestry and social conflict in British India" (PDF). Past & Present : A journal of Historical studies. 123: 142–173. Retrieved 2021-12-31.
  14. 14.0 14.1 14.2 14.3 von Furer-Haimendorf, Christoph (1982). "2.Fate of Tribal Land". Tribes of India: The Struggle for Survival. Berkeley: University of California. pp. 51–78.
  15. D, Ramesh; Haranath, Ch Bapu (2020-02-28). "Factors inhibiting and promoting changes in development and welfare programmes among the tribal communities: A study in the tribal areas of Andhra Pradesh" (PDF). andhrauniversity.edu. Andhra University. Retrieved 2021-12-29.
  16. 16.0 16.1 16.2 Krishna, MA (2019-07-28). "T.Nagi Reddy On Adivasis And Their Struggles- Recalling Srikakulam Girijana Peasant Revolt 50 Years Later". countercurrents.org. Counter Currents. Retrieved 2021-12-29.
  17. Smythies, E.A (1925). "India's Forest Wealth". indianculture.gov.in. London: Humphry Milford. Retrieved 2021-12-31.
  18. "Andhra Pradesh Scheduled Areas Land Transfer Regulation, 1959 (Regulation No. 1 of 1959)". BareActs Live. Chawla Publications. 1959-03-04. Retrieved 2022-01-07.
  19. Atlury, Murali (1990). "Forest Conservation and Peasant Politics in Andhra, 1912-1922". Proceedings of the Indian History Congress. Indian History Congress,. Vol. 51: 577–592. {{cite journal}}: |volume= has extra text (help)CS1 maint: date and year (link) CS1 maint: extra punctuation (link)
  20. "Implementation of Land Reforms: A Review by the Land Reforms Implementation Committee of the National Development Council" (PDF). niti.gov.in. New Delhi: Government of India, Planning Commission. 1966-08-01. Retrieved 2022-01-15.
  21. Donthi, Ravinder (2013-12-12). "Tribal Development Programs In Andhra Pradesh – An Overview" (PDF). thedawnjournal.in. the DawnJournal.
  22. Suchitra, M (2012-11-10). "Plans for Andhra's scheduled castes, tribes remain on paper". downtoearth.org.in. Retrieved 2022-01-18.
  23. Pachauri, Surendra Kumar (1984). Dynamics of Rural Development in tribal areas. New Delhi: Concept Publishing Company. pp. 90–114.
  24. 24.0 24.1 Singh, Prakash (2012). Irregular Warfare: The Maoist Challenge to India’s Internal Security. Florida, USA: Joint Special Operations University. pp. 23–25. ISBN 978-1099552373.
  25. Chattopadhyay, Asok (2018-12-02). "Subbarao died a martyr's death". Frontierweekly.com. Frontier. Retrieved 2022-01-19.
  26. Majumdar, Charu (1969-03-01). "Srikakulam: Will it be the Yenan of India?". Liberation.
  27. "Parvatipuram Conspiracy case: Judgement ends Naxalite phase of Indian politics". indiatoday.in. IndiaToday. 1976-09-30. Retrieved 2022-01-15.
  28. Karat, Prakash (1985). "Naxalism Today". cpim.org. Communist Party of India(Marxist). Retrieved 2022-01-18.
  29. Paul, Bappaditya (2014). The First Naxal: An Authorised Biography of Kanu Sanyal. Sage. ISBN 978-8132117872.
  30. Dasgupta, Biplab (1973-02-01). "Naxalite Armed Struggles and the Annihilation Campaign in Rural Areas". Economic and Political Weekly. 8(4/6): 173–188. Retrieved 2022-01-19.
  31. Banerjee, Sumanta (2002-06-01). "Naxalbari:Between Past and Future". Economic and Political Weekly: 2115–2116. Retrieved 2022-01-15.
  32. "Development Challenges in Extremist Affected Areas: Report of an expert group to the Planning Commission,Govt. of India". ruralindiaonline.org. Peoples Archive of Rural India. 2008-04-01. Retrieved 2022-01-17.
  33. Mehrotra, S, ed. (2014). Countering Naxalism with Development: challenges of social justice and state security. New Delhi: Sage.
  34. Mukherji, N. (2012). 1. (2012). The Maoists in India: tribals under siege. London: Pluto Press. London: Pluto Press.
  35. Mitra, D.M (2011). "Genesis and Spread of MaoistViolence and Appropriate State Strategy to Handle it: Study sponsored by Bureau of Police Research and Development , Ministry of Home Affairs, NewDelhi" (PDF). bprd.nic.in. Institute of Social Sciences, New Delhi. Retrieved 2022-01-17.
  36. Behera, Anshuman (2019). "Politics of Good Governance and Development in Maoist Affected Scheduled Areas in India: A Critical Engagement" (PDF). Studies in IndianPolitics: 44–55. doi:10.1177/2321023019838649. Retrieved 2022-01-17.
  37. "Tribal Sub plan GOs: The GOs which are related toTribal SubPlan". aptribes.gov.in. Tribal Welfare Dept,A.P. Archived from the original on 2022-01-18. Retrieved 2022-01-18.
  38. Vasishta, Praveen (2021-06-19). "Review of Categorization of Districts affected by Left Wing Extremism: Ministry of Home Affairs Left Wing Extremism Division (F. No. I l-1 801 51 681201 4 LWE-III)" (PDF). crpf.gov.in. Retrieved 2022-01-20.