പാലക്കാട് ജില്ലയിലെ ഒററപ്പാലം താലൂക്കിലെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ വരുന്ന എട്ടു ദേശങ്ങളെ വെള്ളിനേഴി കലാഗ്രാമം എന്ന് 2017-ൽ കേരള സർക്കാർ നാമകരണം ചെയ്യുകയുണ്ടായി. കേരളീയ കലകളുടെ സംരക്ഷണവും പ്രോത്സാഹനവും കലാകാരന്മാരുടെ ഏകോപനവും ആയിരുന്നു ലക്ഷ്യം. ഇതിൻറെ ഭാഗമായ സാംസ്കാരിക സമുച്ചയം 2019 മാർച്ച 5-ന് കലാകേരളത്തിന് സമർപ്പിച്ചു.

പട്ടിക്കാംതൊടി രാമുണ്ണി മേനോൻ (കടപ്പാട്: vellinezhy.blogspot.com)

ചരിത്രം

തിരുത്തുക

പ്രാചീന നെടുങ്ങനാട്ടിലെ[1] ഒരു ദേശമാണ് വെള്ളിനേഴി.[2] നന്നങ്ങാടികൾ കണ്ടെടുക്കുക വഴി രണ്ടു സഹസ്രാബ്ദമെങ്കിലും പഴക്കം ഇവിടത്തെ ആവാസ സമൂഹത്തിനുണ്ട്. സമ്പന്നമായ കൃഷിത്തടങ്ങളുള്ള നെടുങ്ങനാട്ടിൽ തൂതപ്പുഴയുടെ കരയിലാണ് സ്ഥാനം. നെടുങ്ങേതിരിയുടെ കീഴിൽ വളർന്നുവന്ന സമ്പന്നമായ കലാപാരമ്പര്യമാണ് നെടുങ്ങനാടിൻറെ അടിത്തറ.[3] സകല സമുദായങ്ങളുടെയും ഇടയിൽ വിവിധ കലാരൂപങ്ങളായി നെടുങ്ങനാടിൻറെ ഈ സമ്പത്സമൃദ്ധി കാത്തുസൂക്ഷിക്കപ്പെട്ടു. എ.ഡി. 1487 -നടുത്ത് സാമൂതിരി നെടുങ്ങനാട്ടിലൂടെ കൊട്ടിച്ചെഴുന്നള്ളത്തു[4] നടത്തി കരിമ്പുഴയിൽ കോവിലകം പണിതപ്പോൾ നെടുങ്ങനാട് സാമൂതിരി ഭരണത്തിൻ കീഴിലായി. കരിമ്പുഴയിലെ ഇരുമ്പയിര് കൊണ്ടുണ്ടാകുന്ന നല്ല വാളുകൾക്കു വേണ്ടിക്കൂടിയാണ് സാമൂതിരി നെടുങ്ങനാട് സ്വന്തമാക്കിയതെന്ന ഒരു വീക്ഷണമുണ്ട്.[5] 1766-ൽ ഹൈദരലി മൈസൂർ പടയുമായി വന്നപ്പോൾ സാമൂതിരി ഭരണം അവസാനിച്ചു.[6]

1792-ൽ കമ്പനി ഭരണം തുടങ്ങി. മലബാർ[7] ജില്ല രൂപീകരിക്കപ്പെട്ടു. എ.ഡി.1860-ൽ നെടുങ്ങനാട് താലൂക്ക് വള്ളുവനാട് താലൂക്കിൽ ലയിപ്പിച്ചതോടെ വെള്ളിനേഴി വള്ളുവനാടിന്റെ ഭാഗമായി.[8] വെള്ളപ്പനാട്ട് + അഴി ആയിരിക്കാം വെള്ളിനേഴി എന്നാവുന്നത്.[9] മാമാങ്കത്തിന് ആലിപ്പറമ്പ് ചേരിക്കലിൽനിന്നും സാധന സാമഗ്രികൾ കൊണ്ടുപോയിരുന്നത് തൂതപ്പുഴയിലൂടെ ആയിരുന്നു.

 
കലാഗ്രാമത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ആദ്യ കാർട്ടൂൺ കെ.വി.എം. ഉണ്ണി വരച്ചത് (കടപ്പാട്:www.chethas.com)

ഏതാണ്ട നാനൂറു കൊല്ലം മുൻപ് വെള്ളിനേഴിക്ക് കുടിയേറിയ വള്ളുവക്കോനാതിരി[10] പക്ഷക്കാരായ ഒരു ആര്യ ബ്രാഹ്മണ കുടുംബം ഏഴു തലമുറ മുൻപ് അന്യംനിൽക്കുകയും അടുത്തുള്ള മററൊരു കുടുംബത്തിൽനിന്ന് ദത്തെടുക്കുകയും ചെയ്തതോടെ വെള്ളിനേഴി ഗ്രാമത്തിൻറെ കലാപാരമ്പര്യത്തിന് പുതുയുഗം കുറിക്കപ്പെട്ടു. ഒളപ്പമണ്ണ എന്ന് പ്രസിദ്ധമായ ഈ ഗൃഹത്തിൻറെ സകലവിധത്തിലും സമ്പന്നമായ പാരമ്പര്യത്തിൽ കഥകളി, കളംപാട്ട്, കർണ്ണാടക സംഗീതം തുടങ്ങി അനേകം കലാരൂപങ്ങൾ കൂടുതൽ മിഴിവുററതായി. കല്ലുവഴിച്ചിട്ട[11] എന്നൊരു സ്‌കൂൾ തന്നെ കഥകളിക്കു സ്വന്തമായി. അതിലെ കലാകാരന്മാർ പിന്നീട് കലാമണ്ഡലത്തിൽ ഗുരുനാഥൻമാരായതിലൂടെ കല്ലുവഴിച്ചിട്ട ലോകപ്രശസ്തമായിത്തീർന്നു.

അടക്കാപുത്തൂരിലെ കണ്ണാടിയും, തോട്ടര കത്തിയും കുറുവട്ടൂർ മടവാളും പ്രസിദ്ധമായിരുന്നു. തിരുവാഴിയോട്ടും മാങ്ങോട്ടുമുള്ള കച്ചവടക്കാരായ തരകരുടെ ഇടയിൽ പാന എന്ന കലാരൂപം കാണാം.

കലാഗ്രാമത്തിൻറെ ചീഫ് കോർഡിനേറ്റർ ആയി വെള്ളിനേഴി അച്യുതൻകുട്ടി (Dr. Vellinezhi Achuthankutty) നിയമിക്കപ്പെട്ടു.

കലാഗ്രാമ ദേശങ്ങളും പ്രസിദ്ധിയും

തിരുത്തുക
ക്രമം ദേശപ്പേര് പ്രസിദ്ധി സഹായക വിവരങ്ങൾ
1. വെള്ളിനേഴി കഥകളി, തോററം പാട്ട്
2. അടക്കാപുത്തൂർ കണ്ണാടി (Adakkaputhur Metal Mirror), ശില്പവിദ്യ
3. കുറുവട്ടൂർ ഇരുമ്പായുധ നിർമ്മാണം
4. കുറ്റാനശ്ശേരി ഇരുമ്പായുധ നിർമ്മാണം
5. തിരുനാരായണപുരം
6. തിരുവാഴിയോട്
7. കുളക്കാട് നെയ്ത്ത്
8. ഞാളാകുറുശ്ശി

മൺമറഞ്ഞ ചില പ്രസിദ്ധ കലാകാരന്മാർ

തിരുത്തുക
ക്രമം കലാകാരൻറെ പേര് കലാരൂപം സഹായക വിവരങ്ങൾ
1. കുയിൽത്തൊടി ഇട്ടിരാരിച്ചമേനോൻ കഥകളി കല്ലുവഴിച്ചിട്ടയുടെ സ്ഥാപകൻ
2. പട്ടിക്കാന്തൊടി രാമുണ്ണി മേനോൻ കഥകളി മാതൃകാ ഗുരുനാഥൻ
3. പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടി നായർ കഥകളി മാതൃകാ ഗുരുനാഥൻ, അതുല്യ നടൻ
4. പത്മശ്രീ വാഴേങ്കട കുഞ്ചുനായർ കഥകളി മാതൃകാ ഗുരുനാഥൻ, അതുല്യ നടൻ
5. പത്മശ്രീ കീഴ്പ്പടം കുമാരൻ നായർ കഥകളി മാതൃകാ ഗുരുനാഥൻ, അതുല്യ നടൻ
6. വെള്ളിനേഴി നാണു നായർ കഥകളി മാതൃകാ ഗുരുനാഥൻ, അതുല്യ നടൻ, കഥകളിക്ക്

ആദ്യമായി കേന്ദ്ര സംഗീതനാടക അക്കാഡമി പുരസ്‌കാരം നേടി

7. കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് കളമെഴുത്ത് പാട്ട്, കഥകളി അതുല്യ ഗായകൻ

സാംസ്കാരിക സമുച്ചയം

തിരുത്തുക

"കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കളരിയും നിരവധി കലാകാരന്മാരുടെ ജന്മഗ്രാമവുമായ വെള്ളിനേഴിക്ക് അഭിമാനമായി ഇനി സാംസ്‌കാരിക സമുച്ചയം ശിരസുയർത്തും. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി മാർച്ച് അഞ്ചിന് സാംസ്‌കാരിക സമുച്ചയം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിക്കും. ടൂറിസം വകുപ്പ് രണ്ടുകോടി ചെലവിലാണ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. 6870 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ടു നിലകളിലായാണ് നിർമ്മാണം. താഴത്തെ നിലയിൽ പൂമുഖം, മ്യൂസിയം, ലോബി, ലൈബ്രറി, പരിശീലന ഹാൾ, പഠന കളരി, ശുചിമുറി എന്നിവയ്ക്ക് പുറമേ അന്തരിച്ച കലാകാരന്മാരുടെ സ്മാരകങ്ങളോടു കൂടിയ ഉദ്യാനവും പ്രവേശനകവാടവും ഉണ്ട്. ചുറ്റുമതിൽ, ഉദ്യാനം, ആംഫി തീയറ്റർ, ഇരിപ്പിടങ്ങൾ എന്നിവകൂടി ഒരുക്കാൻ പദ്ധതിയുണ്ട്. വെള്ളിനേഴി ഹൈസ്‌കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി വിദ്യാഭ്യാസ വകുപ്പ്, ടൂറിസം വകുപ്പിന് ഉപയോഗാനുമതി നൽകിയ 73 സെന്റിലാണ് സമുച്ചയത്തിന്റെ നിർമ്മാണം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് നിർമ്മാണ ചുമതല."[12]

  1. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി. 1860 വരെ. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
  2. എഡി. വെള്ളിനേഴി അച്യുതൻകുട്ടി (2018). "വെള്ളിനേഴി കലാഗ്രാമം സ്മരണിക". {{cite journal}}: Cite journal requires |journal= (help)
  3. എഡി.എസ്. രാജേന്ദു (2011). വള്ളുവനാടിന്റെ കലാചരിത്രം, കുറുമാപ്പള്ളിയുടെ കൃതികൾ. ചെർപ്പുളശ്ശേരി.{{cite book}}: CS1 maint: location missing publisher (link)
  4. കുഞ്ഞികൃഷ്ണ മേനോൻ (1909). കൊട്ടിച്ചെഴുന്നള്ളത്ത്. കോഴിക്കോട്.{{cite book}}: CS1 maint: location missing publisher (link)
  5. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി. 1860 വരെ. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
  6. എസ് രാജേന്ദു (2016). മൈസൂർ പടയോട്ടം 250 വർഷങ്ങൾ. ശുകപുരം, എടപ്പാൾ: വള്ളത്തോൾ വിദ്യാപീഠം.
  7. Logan (1887). Malabar (2 vols). Madras.{{cite book}}: CS1 maint: location missing publisher (link)
  8. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി. 1860 വരെ. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
  9. എഡി. വെള്ളിനേഴി അച്യുതൻകുട്ടി (2018). "വെള്ളിനേഴി കലാഗ്രാമം സ്മരണിക". {{cite journal}}: Cite journal requires |journal= (help)
  10. എസ് രാജേന്ദു (2012). വള്ളുവനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി. 1792 വരെ. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
  11. കെ.പി.എസ്. മേനോൻ. കഥകളി രംഗം. കോഴിക്കോട്: മാതൃഭൂമി.
  12. കേരള കൗമുദി (18/02/2019). "വെള്ളിനേഴി കലാഗ്രാമം മാർച്ച് അഞ്ചിന് നാടിന് സമർപ്പിക്കും".{{cite news}}: CS1 maint: numeric names: authors list (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെള്ളിനേഴി_കലാഗ്രാമം&oldid=3931808" എന്ന താളിൽനിന്ന് ശേഖരിച്ചത്