കർണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും അതിർത്തിയിലായി സ്ഥിതിചെയ്യുന്ന ശിവനസമുദ്ര വെള്ളച്ചാട്ടം (Kannada: ಶಿವನಸಮುದ್ರ) ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ രണ്ടാമത്തെ വെള്ളച്ചാട്ടമാണ്. ശിവനസമുദ്ര എന്ന കൊച്ചു പട്ടണം മാണ്ഡ്യജില്ലയിലാണുള്ളത്. ഡക്കാൻ സമതലങ്ങൾ പിന്നിട്ട് ഒഴുകുന്ന കാവേരീ നദി ഈ സ്ഥലത്തു വെച്ച് രണ്ട് ശാഖകളായി പിരിഞ്ഞ് ഒഴുകുന്നു. ഈ ശാഖകൾക്കിടയിൽ രൂപപ്പെട്ട കരഭാഗമാണ് ഈ ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ പതിനാറാമത്തെ വെള്ളച്ചാട്ടമാണ് ശിവനസമുദ്ര[1]. ഗഗനചുക്കിയെന്നും ഭാരാചുക്കിയെന്നും അറിയപ്പെടുന്ന രണ്ടു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് ശിവസമുദ്ര വെള്ളച്ചാട്ടം. കുടക് ജില്ലയിലെ തലക്കാവേരിയിൽ നിന്നും ഉദ്‌ഭവിച്ച് ഹസൻ, മൈസൂർ, മാണ്ഡ്യ വഴി ഒഴുക്കുന്ന പ്രസിദ്ധമായ കാവേരി നദീതടത്തിൽ ആണ് ശിവനസമുദ്ര സ്ഥിതി ചെയ്യുന്നു. ഏഷ്യയിലെ തന്നെ ആദ്യത്തെ സം‌രംഭമായ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്‌. ശിവനസമുദ്രവെള്ളച്ചാട്ടം ബ്ലഫ് (Bluff) എന്നും അറിയപ്പെടുന്നു.

ശിവനസമുദ്ര വെള്ളച്ചാട്ടം
(Shivanasamudra Falls)
ശിവനസമുദ്ര വെള്ളച്ചാട്ടം
LocationMandya District, കർണ്ണാടക, ഇന്ത്യ
Coordinates12°17′38″N 77°10′05″E / 12.294°N 77.168°E / 12.294; 77.168
TypeSegmented
Total height98 മീറ്റർ (322 അടി)
Number of dropsGaganachukki, Bharachukki
Watercourseകാവേരി നദി
Average
flow rate
934 cubic metres/s (33,000 cubic ft/s)
ശിവനസമുദ്ര റോഡ്‌ മാപ്പ്
തലക്കാട് ശിലാശാസനം
കേശവക്ഷേത്രം - സോമനാഥപുര

പേരിനു പിന്നിൽ

തിരുത്തുക

മാണ്ഡ്യജില്ലയിലാണ് ശിവനസമുദ്ര എന്ന ചെറുപട്ടണം. എന്നാൽ വെള്ളച്ചാട്ടം പൂർണമായും ചാമരാജനഗര ജില്ലയിലാണ്. ശിവനസമുദ്ര എന്ന കന്നടവാക്കിന് ശിവന്റെ സമുദ്രം എന്നാണർത്ഥം. ശിവന്റെ തിരുജഡയിൽ നിന്നും വരുന്ന തീർത്ഥമായി കാവേരിനദിയെ ജനങ്ങൾ കണ്ടുവരുന്നു. ഹൊയ്‌സാല രാജവംശത്തിന്റെ പ്രതാപം വിളിച്ചോതുന്ന നിരവധി ക്ഷേത്രങ്ങൾ ശിവനസമുദ്രയിൽ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടത് രംഗനാഥക്ഷേത്രം എന്ന വിഷ്ണുക്ഷേത്രം ആണ്.

എത്തിച്ചേരാൻ

തിരുത്തുക

മാണ്ഡ്യജില്ലയിലെ മലവല്ലി, ചാമരാജനഗര ജില്ലയിലെ കൊല്ലഗൽ എന്നീ സ്ഥലങ്ങൾക്കിടയിലായി നാഷണൽ ഹൈവേ 209 ന്റെ സമീപത്തായാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഗഗനചുക്കി എന്ന വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തു തന്നെയാണ് ബാരാചുക്കി എന്ന രണ്ടാമത്തേ വെള്ളച്ചാട്ടവും ഉള്ളത്. എന്നാൽ ആ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തേക്കുള്ള യാത്ര കാവേരി നദിക്കു സമാന്തരമായി കുറേദൂരം പോയശേഷം മറുകരയിലൂടെ വളഞ്ഞ്, 18 കിലോമീറ്റർ സഞ്ചരിച്ചു വേണം എത്തിച്ചേരാൻ. ഇവിടെ കൊടുത്തിരിക്കുന്ന റോഡ് മാപ്പ് നോക്കുക.

ബാംഗ്ലൂർ നിന്നും കനകപുര വഴി നാഷ്ണൽ ഹൈവേ 209 വഴി 126 കിലോമീറ്റർ സഞ്ചരിച്ചാൽ ശിവനസമുദ്രയ്ലെ ഗഗന ചുക്കി എന്ന വെള്ളച്ചാട്ടം ഉള്ള സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്. ബാംഗ്ലൂരിൽ നിന്നും വരുന്നവർക്ക് മൈസൂർ റോഡ് വഴി വന്ന് മാണ്ഡ്യയ്‌ക്കു മുമ്പായിട്ടുള്ള ചെന്നപ്പട്ടണം എന്ന സ്ഥലത്തു നിന്നും തിരിഞ്ഞ് നാഷണൽ ഹൈവേ 209 എത്തിച്ചേരാവുന്നതും ആണ്. മാണ്ഡ്യ ടൗണിൽ നിന്നും 51.5 കിലോമീറ്റർ സഞ്ചരിച്ചാൽ ശിവനസമുദ്ര പട്ടണത്തിൽ എത്താം. മൈസൂരിൽ നിന്നും 70 കിലോമീറ്ററും കോയമ്പത്തൂരിൽ നിന്നും 205 കിലോമീറ്ററും ഉണ്ട് ശിവനസമുദ്രയിലേക്ക്.

വിനോദസഞ്ചാരം

തിരുത്തുക

വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു കേന്ദ്രമാണ് ശിവനസമുദ്ര വെള്ളച്ചാട്ടം. മൺസൂൺ കാലത്താണ് ഇവിടെ തിരക്കേറുന്നത്. ജൂലൈ മുതൽ ഒക്‌ടോബർ വരെ ഉള്ള മാസങ്ങളായിരിക്കും ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം. ഗവൺമെന്റ് അധികം നിർമ്മാണപ്രവർത്തനങ്ങൾ ഒന്നും തന്നെ ഇവിടെ നടത്തിയിട്ടില്ല. എങ്കിലും ഉയർത്തി കെട്ടിയ ജലദർശിനി എന്നറിയപ്പെടുന്ന കോൺക്രീറ്റ് പാതകൾ ഇവിടെയുണ്ട്. ഗഗനചുക്കി എന്ന വെള്ളച്ചാട്ടം ഗവൺമെന്റ് നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് ജലദർശിനി കളിൽ കയറി നിന്നും നോക്കിക്കാണാനേ പറ്റുകയുള്ളൂ, അതേ സമയം ബാരാച്ചുക്കിയിൽ വെള്ളച്ചാട്ടത്തിന്റെ അടിവശം വരെ കോൺക്രീറ്റ് പടികൾ നിർമ്മിച്ചിരിക്കുന്നതിനാൽ അവിടെ ഇറങ്ങിച്ചെന്ന് കുളിക്കാനും ജലക്രീഡകൾക്കും ഒക്കെയുള്ള അവസരം ലഭിക്കുന്നു. ശിവനസമുദ്രയിലേക്ക് കയറിച്ചെല്ലാൻ പാസൊന്നും തന്നെ ഗവന്മെന്റ് ഈടാക്കിവരുന്നില്ല; വാഹനങ്ങളുടെ നമ്പർ എഴുതിയെടുത്ത് കടത്തിവിടുന്നു. എന്നാൽ പ്രദേശിവാസികൾ വാഹനങ്ങളിൽ വരുന്നവരോട് പാസ് എന്നു പറഞ്ഞ് നിയമവിരുദ്ധമായി പണം പിരിക്കുന്നുണ്ട്. ഗഗനചുക്കിയിലെ ചെറിയൊരു റെസ്റ്റോറന്റ് ഒഴിച്ചാൽ വെള്ളച്ചാട്ടത്തിന്റെ പരിസരപ്രദേശങ്ങളിലൊരിടത്തും വ്യാപാരസ്ഥാപനങ്ങൾ ഇല്ല. അതുകൊണ്ടുതന്നെ സഞ്ചാരികളായി എത്തുന്നവർ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്ന കാഴ്‌ചകൾ സുലഭമാണ്.

സമീപത്തുള്ള മറ്റു സഞ്ചാര കേന്ദ്രങ്ങൾ

തിരുത്തുക

സഞ്ചാരികളായി ഇവിടെ എത്തുന്നവർക്ക് കാണാൻ പഴയ ഹൊയ്‌സാല പ്രതാപം വിളിച്ചോതുന്ന നിരവധി ക്ഷേത്രങ്ങൾ ശിവനസമുദ്രയിൽ അങ്ങിങ്ങായി ഉണ്ട്. അതുകൂടാതെ അധികം ദൂരെയല്ലാതെ തന്നെ മറ്റുചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ഇവിടെ ഉണ്ട്. അവ:

തലക്കാട്

തിരുത്തുക

വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢിയും പ്രതാപവും നിലനിന്നിരുന്ന കാലത്തെ അനുസ്മരിപ്പിക്കുന്ന നിരവധി ശിവക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണ് തലക്കാട്. ശിവനസമുദ്രയിൽ നിന്നും 24 കിലോമീറ്റർ ദൂരെയായിട്ടാണ് തലക്കാട് എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. കാവേരി നദി വളരേയേറെ വളഞ്ഞൊഴുകുന്ന ഈ സ്ഥലത്തിന് ഒട്ടേറെ ചരിത്ര പ്രത്യേകതകൽ ഉള്ളതാണ്. എ. ഡി. 247 കാലഘട്ടം മുതൽ വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാരായ ഹർഷവർദ്ധന, പുരുഷ, രാഷ്ട്രകൂതസ്, വിഷ്ണുവർദ്ധന തുടങ്ങിയവരുടെ പെരുമ വിളിച്ചോതുന്ന സ്ഥലമെന്ന നിലയിൽ തലക്കാട് വളരെ പ്രസിദ്ധമാണ്.

സോമനാഥപുര കേശവ ക്ഷേത്രം

തിരുത്തുക

ശിവനസമുദ്രയിൽനിന്നും 45 കിലോമീറ്റർ ദൂരെയായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഹൊയ്‌സാല രാജവംശം അവസാനമായി പണികഴിപ്പിച്ച ക്ഷേത്രമാണ് സോമനാഥപുര കേശവക്ഷേത്രം. എ. ഡി. 1268 - ഇൽ പണി കഴിപ്പിച്ചാണ് ഈ ക്ഷേത്രം എന്നു വിശ്വസിക്കപെടുന്നു. ശ്രീകൃഷ്ണനാണിവിടുത്തെ ആരാധനാമൂർത്തി. [2]

മുതുകുത്തൂർ മല്ലികാർജ്ജുനക്ഷേത്രം

തിരുത്തുക

പ്രസിദ്ധമായ മല്ലികാർജ്ജുനക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. തലക്കാടിനടുത്തായിട്ടാണീ സ്ഥലം. കാവേരി നദി ദിശമാറിയൊഴുക്കുന്ന ഈ സ്ഥലമായതിനാൽ ആണ് മുതുകുത്തൂർ എന്ന പേരു വന്നത്. എല്ലാവർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണിവിടെ ഉത്സവം നടക്കുന്നത്. മഹാഭാരതകഥയിലെ പാണ്ഡവരിലൊരാളായ അർജുനൻ ഇവിടെ മലമുകലിൽ വസിച്ചിരുന്നതായി നാട്ടുകാർ വിശ്വസിക്കുന്നു. മല്ലികപ്പൂക്കളാൽ അർച്ചന നടത്തി അർജുനൻ ശിവപ്രീതി നേടിയ സ്ഥലമാണത്രേ ഇത്. തലക്കാട് വെച്ച് 12 വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന പഞ്ചലിംഗദർശനം എന്ന ക്ഷേത്രദർശനപരിപാടീയിലെ അഞ്ച് ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ മല്ലികാർജ്ജുനക്ഷേത്രം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


  1. The 16th largest in the world.
  2. http://mysore.nic.in/tourism_somanathapuram_temple.htm