പരുമല തിരുമേനി എന്ന പേരിൽ അറിയപ്പെടുന്ന ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത 1895-ൽ താൻ നടത്തിയ യെരുശലേം (ഊർശ്ലേം) സന്ദർശനത്തെക്കുറിച്ച് അതേ വർഷം അച്ചടിച്ചു പ്രസിദ്ധീകരിച്ച കൃതിയാണ് ഊർശ്ലേം യാത്രാവിവരണം. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ യാത്രാവിവരണഗ്രന്ഥം ഊർശ്ലേം യാത്രാവിവരണം ആണെന്നു കരുതപ്പെടുന്നു.[1] (മലയാളത്തിലെ ആദ്യ യാത്രാവിവരണഗ്രന്ഥമായ വർത്തമാനപ്പുസ്തകം 1785-ൽ എഴുതപ്പെട്ടെങ്കിലും അച്ചടിച്ചു പ്രസിദ്ധീകരിച്ചത് 1936-ൽ ആണ്.)

ഊർശ്ലേം യാത്രാവിവരണം എന്ന കൃതിയുടെ കറന്റ് ബുക്സ് പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട

യാത്രയുടെ വിശദാംശങ്ങൾതിരുത്തുക

ബൈബിളിൽ വിവരിക്കപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിക്കണമെന്നുള്ള ദീർഘനാളത്തെ ആഗ്രഹവും യെരുശലേമിലെ സഭാതലവനായിരുന്ന ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ബാവായുടെ[൧] ക്ഷണവുമാണ് യെരുശലേം സന്ദർശനത്തിന് പരുമല മാർ ഗ്രീഗോറിയോസിനെ പ്രേരിപ്പിച്ചത്. യാത്രാസംഘത്തിൽ മാർ ഗ്രീഗോറിയോസിനെ കൂടാതെ വട്ടശേരിൽ ഗീവറുഗീസ് മല്പാൻ, വെട്ടിക്കൽ കൊച്ചുപൗലോസ് റമ്പാൻ, തുമ്പമൺ കരിങ്ങാട്ടിൽ അച്ചൻ, തെക്കൻപറവൂർ തോപ്പിൽ ലൂക്കോസ് അച്ചൻ, കടമ്പനിട്ട പുത്തൻപുരക്കൽ ഗീവർഗീസ് അച്ചൻ, വിദേശിയായ സ്ലീബാ ശെമ്മാശൻ, പരുമല തോപ്പിൽ ഫിലിപ്പോസ് എന്ന ചെറുപ്പക്കാരനായ സഹായി എന്നിങ്ങനെ മറ്റ് എഴ് ആളുകൾ കൂടിയുണ്ടായിരുന്നു. ഇവരിൽ ആദ്യത്തെ ആറു പേരും 1895 ജനുവരി 28-ന് പരുമലയിൽ നിന്നും യാത്ര പുറപ്പെട്ടു. ശെമ്മാശനും സഹായിയും നേരത്തെ തന്നെ ബോംബെക്ക് തിരിച്ചിരുന്നു.[2]

ജലമാർഗ്ഗം യാത്ര ആരംഭിച്ച മാർ ഗ്രീഗോറിയോസും സംഘവും കേരളത്തിലെ പല സ്ഥലങ്ങളും ദേവാലയങ്ങളും സന്ദർശിച്ച് ഫെബ്രുവരി 7-ന് സ്വദേശമായ മുളന്തുരുത്തിയിലും 16-ന് കൊച്ചിയിലും എത്തി. അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന ജോസഫ് മാർ ദീവന്ന്യാസോസ് അഞ്ചാമനെ സന്ദർശിച്ച് അനുഗ്രഹങ്ങൾ വാങ്ങിയ സംഘം ഒലവക്കോട് നിന്ന് തീവണ്ടി മാർഗ്ഗം മദ്രാസിലെ ആർക്കോണത്തും അവിടെ നിന്നും മറ്റൊരു തീവണ്ടിയിൽ ബോംബെയിലും എത്തി. ബോംബെയിൽ മാർച്ച് 5-ന് എത്തിയെങ്കിലും കപ്പൽയാത്രക്ക് താമസം നേരിട്ടു. മാർച്ച് 20-ന് തുടങ്ങിയ കപ്പൽയാത്ര 18 ദിവസങ്ങൾക്ക് ശേഷം യോപ്പാ തുറുമഖത്ത് ഏപ്രിൽ 7-ന് പകൽ 11 മണിക്ക് എത്തിയതോടെ അവസാനിച്ചു. അഞ്ചര മണിയോടെ യെരുശലേമിലെത്തിയ സംഘം പതിമൂന്ന് ദിവസങ്ങൾ അവിടെ ചെലവഴിച്ചു.

യെരുശലേമിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും വിശുദ്ധവാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്ത സംഘം ഏപ്രിൽ 22-ന് തിരികെ യോപ്പയിൽ എത്തി. മൂന്നു ദിവസം അവിടുത്തെ കോപ്റ്റിക് ദയറായിൽ താമസിച്ച സംഘം ഏപ്രിൽ 25-ന് യോപ്പയിൽ നിന്ന് കപ്പൽ കയറി. മേയ് 13-ന് ബോബെയിൽ കപ്പലിറങ്ങിയ സംഘം മേയ് 17-ന് ഷൊർണ്ണൂരും അവിടെ നിന്ന് പല പ്രദേശങ്ങളും സന്ദർശിച്ച് ജൂൺ 6-ന് പരുമലയിൽ തിരികെയെത്തി.

യാത്രാവിവരണരചനയും പ്രസിദ്ധീകരണവുംതിരുത്തുക

ഊർശ്ലേം യാത്ര കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ശേഷം ഒരു മാസം കൊണ്ടു തന്നെ യാത്രാവിവരണം എഴുതി തീർക്കുകയും കോട്ടയത്ത് പഴയ സെമിനാരിയിൽ പ്രവർത്തിച്ചിരുന്ന മാർത്തോമാസ് അച്ചുകൂടത്തിൽ പ്രസിദ്ധീകരണത്തിനായി ഏല്പിക്കുകയും ചെയ്തു. തന്റെ യാത്രാനുഭവങ്ങൾ സഭാംഗങ്ങൾക്കു പങ്കു വെക്കുക എന്നതായിരുന്നു ഈ ഗ്രന്ഥരചനയുടെ ഉദ്ദേശം. 1895 ജൂലൈയിൽ ഇടവക പത്രികയിൽ ഊർശ്ലേം യാത്രാവിവരണം പ്രസിദ്ധീകരിക്കുന്നതിനെ പറ്റി പരസ്യം ചെയ്തിരുന്നു. തുടർന്ന് രണ്ടുമാസത്തിനുള്ളിൽ പ്രിന്റ് ചെയ്ത അയിരം കോപ്പികൾ വിറ്റ് തീർന്നു. 1895-ൽ തന്നെ രണ്ടാം പതിപ്പും പ്രസിദ്ധീകരിക്കുകയുണ്ടായി.[3]

പിൽക്കാല പതിപ്പുകൾതിരുത്തുക

1895-ന് ശേഷം പല പ്രസാധകരുടെയും പേരിൽ ഈ ഗ്രന്ഥത്തിന് നിരവധി പതിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ പ്രചാരം കൂടുതലും സമുദായാംഗങ്ങളുടെയിടെയിൽ മാത്രമായിരുന്നു. ഭാഷാഗവേഷകനും ചരിത്രകാരനുമായ ഡോ:സാമുവേൽ ചന്ദനപ്പള്ളിയാണ് ഊർശ്ലേം യാത്രാവിവരണത്തിന്റെ സാഹിത്യമൂല്യം മലയാള സാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ചത്. അദ്ദേഹം മാർ ഗ്രീഗോറിയോസിന്റെ മറ്റ് രചനകളോടൊപ്പം ഊർശ്ലേം യാത്രാവിവരണവും ചേർത്ത് പവിത്രരചനകൾ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. വായനാസൗകര്യത്തിനായി ഡോ: ചന്ദനപ്പള്ളി ഊർശ്ലേം യാത്രാവിവരണത്തിന് അദ്ധ്യായങ്ങളും ഉപശീർഷകങ്ങളും നൽകി (മൂലകൃതിയിൽ ഖണ്ഡികകളായി തിരിച്ചുള്ള പ്രതിപാദനമാണ് ഗ്രന്ഥകാരനായ മാർ ഗ്രീഗോറിയോസ് നടത്തിയിട്ടുള്ളത്). ഈ പരിഷ്കരിച്ച പതിപ്പാണ് മദുരൈ കാമരാജ് സർവകലാശാലയിലും കോട്ടയം മഹാത്മാഗാന്ധി സർ‌വ്വകലാശാലയിലും എം.എയ്ക്ക് പാഠപുസ്തകമായത്. [4]

ഈ കൃതിയുടെ ശതാബ്ദിയായപ്പോൾ (1996-ൽ) പുസ്തകത്തിന്റെ മറ്റൊരു പതിപ്പ് പത്രപ്രവർത്തകനായ പോൾ മണലിൽ 'പരുമല തിരുമേനിയുടെ ഊർശ്ലേം യാത്രാവിവരണം' എന്ന പേരിൽ ഡോ:സുകുമാർ അഴിക്കോടിന്റെ അവതാരികയോടു കൂടി പുറത്തിറക്കി. കറന്റ് ബുക്സ് വിതരണം ഏറ്റെടുത്ത ഈ പതിപ്പ് കൂടുതൽ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. ഈ പതിപ്പിൽ യാത്രാവിവരണത്തെ വിശുദ്ധനാട്ടിലേക്ക്, ബോംബെയിൽ, പെട്ടിയിൽ എട്ടാത്മാക്കൾ, കപ്പൽയാത്രയുടെ അവസാനം, വിശുദ്ധനാട്ടിൽ, വിശുദ്ധ കബറിടത്തിൽ, ഗദ്‌സീമ്മോൻ തോട്ടത്തിൽ, ബേത്‌ലഹേമിൽ, പുത്തൻ തീയുടെ അനുഭവം, വിശുദ്ധനഗരമേ വിട എന്നീ തലക്കെട്ടുകളിൽ പത്ത് അധ്യായങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നു.

ഈ പതിപ്പുകൾക്ക് പുറമേ സോഫിയ ബുക്സ്, കോട്ടയം മൂലകൃതിയുടെ അതേ രൂപത്തിലുള്ള[4] ഒരു പതിപ്പ് 2002-ൽ പുറത്തിറക്കുകയുണ്ടായി.

കൃതിയിൽ നിന്ന്തിരുത്തുക

യെരുശലേമിലേക്കുള്ള കപ്പൽ പുറപ്പെടുവാൻ താമസം നേരിട്ടതിനാൽ യാത്രാ സംഘത്തിന് ബോംബെ നഗരം ചുറ്റിക്കണുവാനുള്ള അവസരം ലഭിച്ചു. ബോംബെ നഗരക്കാഴ്ചകളെ മാർ ഗ്രീഗോറിയോസ് വിവരിക്കുന്നത് ഇങ്ങനെയാണ്:[5]

യെരുശലേമിലെ തന്റെ ആദ്യ കാഴ്ചകളെ ഗ്രന്ഥകാരൻ ഇപ്രകാരം വർണ്ണിക്കുന്നു:[5]:

ക്യംതാ പള്ളി(ഉയിർപ്പ് ദേവാലയം), ഗത്‌സെമന തോട്ടം, ബേത്‌ലഹേം, മർക്കോസിന്റെ ഭവനം എന്നറിയപ്പെടുന്ന സുറിയാനിക്കാരുടെ ദയറ തുടങ്ങി യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന വിവിധ സ്ഥലങ്ങളുടെ വിവരണവും അവയുടെ വേദപുസ്തക പശ്ചാത്തലവും ഈ കൃതിയിൽ ഗ്രന്ഥകാരൻ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധവാരത്തിൽ തങ്ങൾ പങ്കെടുത്ത ചടങ്ങുകളുടെ സംക്ഷിപ്ത വിവരണവും ഉയിർപ്പ് ദിനത്തോടനുബന്ധിച്ച് അർമേനിയരും സുറിയാനിക്കാരും യവനായക്കാരും ഈഗുപ്തായക്കാരുമടങ്ങുന്ന വിവിധദേശക്കാർ പങ്കെടുത്ത ആഘോഷമായ പ്രദക്ഷിണത്തെ പറ്റിയുള്ള സാമാന്യം ദീർഘമായ വിവരണവും ഈ കൃതിയിലുണ്ട്. ഗത്‌സെമന തോട്ടത്തിലെ വിവിധ കാഴ്ചകൾക്കൊപ്പം യേശു തന്റെ ശിഷ്യന്മാരെ കർത്തൃപ്രാർത്ഥന പഠിപ്പിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു പാറക്കു കിഴക്കു മാറി ഒരു ഫ്രഞ്ച് വനിത കുറേ സ്ഥലം വാങ്ങിച്ച് പണികഴിപ്പിച്ചതായ കെട്ടിടത്തിന്റെ ഭിത്തികളിൽ മുപ്പതോളം ഭാഷകളിൽ ഒരോ മാർബിൾ ഫലകങ്ങളിലായി കർത്തൃപ്രാർത്ഥന കൊത്തി വെച്ചിട്ടുള്ളതായും അവയിൽ ഒന്നിൽ സംസ്കൃതം എന്ന തലവാചകം കണ്ട് സൂക്ഷിച്ച് നോക്കിയപ്പോൾ ഈ പ്രാർത്ഥന ഇംഗ്ലീഷ് അക്ഷരങ്ങളിൽ മലയാളവാചകമായി എഴുതിയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.[6]

അവലോകനങ്ങൾതിരുത്തുക

ഡോ:പി.ജെ. തോമസ് രചിച്ച 'മലയാള സാഹിത്യവും ക്രിസ്ത്യാനികളും' എന്ന ഗ്രന്ഥത്തിൽ 'ചർച്ചയും പൂരണവും' എന്ന അനുബന്ധഭാഗം എഴുതിയ സ്കറിയാ സക്കറിയ ഊർശ്ലേം യാത്രാവിവരണത്തിന്റെ രചനാശൈലിയിൽ വലിയ മതിപ്പ് പ്രകടിപ്പിച്ച് കാണുന്നില്ല. അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇങ്ങനെയാണ് : "പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലുണ്ടായ കൃതി എന്ന നിലയിൽ വിലയിരുത്തുമ്പോൾ ഇതിന്റെ ഭാഷാഭംഗിയോ സാഹിത്യഗുണമോ ഏറെ പ്രശംസനീയമായി അനുഭവപ്പെടുകയില്ല. ഇക്കാലത്ത് മലയാള ഗദ്യം ഏതാണ്ട് പൂർണവികാസം പ്രാപിച്ചിരുന്നു എന്നു പറയാം."[7]

എന്നാൽ സുകുമാർ അഴീക്കോട് ഈ കൃതിയെ സാമാന്യം ഭേദപ്പെട്ട ഒരു മലയാള ഗ്രന്ഥമായാണ് പരിഗണിക്കുന്നത്. ഊർശ്ലേം യാത്രാവിവരണം ശതാബ്ദിപ്പതിപ്പിന്റെ അവതാരികയിൽ അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെടുന്നു. "ഒയ്യാരത്ത് ചന്തുമേനോന്റെയും കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെയും സമകാലീനനാണ് ഗ്രീഗോറിയോസ് തിരുമേനി. അവരുടെ ശൈലിയുടെ കേരളീയതക്കുള്ള മുഴുവൻ ഭംഗിയും ഈ രചനയിൽ കാണില്ല. ക്രൈസ്തവ വൈദികത്വത്തിന് അനുപേക്ഷണീയമായ ചില ശൈലീ വിലക്ഷണങ്ങൾ ഇതിൽ ഉണ്ടായിരിക്കാം. എങ്കിലും പാരായണസുഗമത കാണാവുന്ന ഒരു ശൈലിയാണ് ഇതിലുള്ളതെന്ന് ആരും സമ്മതിക്കും.നിരീക്ഷണത്തിലെ സൂക്ഷമത കൊണ്ടും പ്രതിപാദനത്തിന്റെ ലാളിത്യം കൊണ്ടും വിശ്വാസപരമായ സത്യസന്ധത കൊണ്ടും ഈ കൃതി വായനക്കാരുടെ മനസ്സിൽ പതിഞ്ഞു നിൽക്കുക തന്നെ ചെയ്യും."[5]

കുറിപ്പുകൾതിരുത്തുക

^ അന്തോഖ്യൻ സുറിയാനി സഭയുടെ യെറുശലേമിലെ മേലധ്യക്ഷൻ. റോമാസാമ്രാജ്യത്തിൽ നിലവിലിരുന്ന പെന്റാർക്കി സമ്പ്രദായപ്രകാരം ഇദ്ദേഹത്തിനെ അഞ്ചാം പാത്രിയർക്കീസ് എന്ന് അറിയപ്പെടുന്നു. 1876-ൽ ഗ്രന്ഥകാരന് മെത്രാൻ സ്ഥാനം നൽകപ്പെട്ടപ്പോൾ ഇദ്ദേഹത്തിന്റെ നാമമാണ് നൽകിയത്. [4]

അവലംബംതിരുത്തുക

  1. എരുമേലി, മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, കറന്റ് ബുക്സ്, 2008 ജൂലൈ
  2. ഫാ.ഡോ. ജേക്കബ് കുര്യൻ, വിശുദ്ധിയുടെ പരിമളം-പരുമലതിരുമേനിയുടെ സംക്ഷിപ്ത ജീവിതചിത്രം
  3. ആമുഖപഠനം, പരുമല തിരുമേനിയുടെ ഊർശ്ലേം യാത്രാവിവരണം, കറന്റ് ബുക്സ്, 1999 ഒക്ടോബർ
  4. 4.0 4.1 4.2 വാങ്മുഖം, ഊർശ്ലേം യാത്രാവിവരണം, സോഫിയ ബുക്സ്, കോട്ടയം, 2005 ഒക്ടോബർ
  5. 5.0 5.1 5.2 പരുമല തിരുമേനിയുടെ ഊർശ്ലേം യാത്രാവിവരണം, കറന്റ് ബുക്സ്, 1999 ഒക്ടോബർ
  6. (മാർ)ഗ്രീഗോറിയോസ്, പരുമല (1999). പരുമല തിരുമേനിയുടെ ഊർശ്ലേം യാത്രാവിവരണം. കറന്റ് ബുക്സ്. പുറം. 95. അതിന്റെ ഭിത്തികളിൽ 30-ൽ കുറയാത്ത ഭാഷകളിൽ കർത്താവിന്റെ പ്രാർത്ഥന ബഹുചിത്രമായി ഒരോ മാർബിൾ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട്. ഇതിൽ ഒന്നിന്റെ തലവാചകത്തിൽ സംസ്കൃതം എന്ന് എഴുതിയിരിക്കുന്നത് കണ്ട് സൂക്ഷിച്ചു നോക്കിയപ്പോൾ കർത്താവിന്റെ പ്രാർത്ഥന ഇംഗ്ലീഷ് അക്ഷരത്തിൽ മലയാള വാചകമായി എഴുതിയിരിക്കുന്നത് കണ്ടു.
  7. മലയാള സാഹിത്യവും ക്രിസ്ത്യാനികളും, ഡി.സി. ബുക്സ്, കോട്ടയം, 1989 ജനുവരി
"https://ml.wikipedia.org/w/index.php?title=ഊർശ്ലേം_യാത്രാവിവരണം&oldid=3703957" എന്ന താളിൽനിന്ന് ശേഖരിച്ചത്