വൈശാഖം

(വൈശാഖമാസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാധവമാസം എന്നറിയപ്പെടുന്ന ‘വൈശാഖമാസം‘ മഹാവിഷ്ണുവിനെ ഉപാസിക്കാൻ അത്യുത്തമമാണെന്നാണ്‌ വിശ്വാസം. വൈശാഖ പുണ്യകാലം എന്ന്‌ പറയപ്പെടുന്നു. ഭഗവാൻ മഹാവിഷ്ണുവിനും ലക്ഷ്മിദേവിക്കും ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖം. മാധവന് പ്രിയങ്കരമായതിനാൽ മാധവ മാസം എന്നും അറിയപ്പെടുന്നു. പൊതുവേ മേയ് മാസത്തിലാണ് വൈശാഖ പുണ്യമാസവും കടന്നു വരുന്നത്. 27 ദിവസങ്ങളുള്ള ഈ മാസം ഭഗവാൻ വൈകുണ്ടം വിട്ടു ഭൂമിയിൽ ഭക്തരുടെ ഭവനങ്ങൾ സന്ദർശിക്കാൻ ലക്ഷ്മി ദേവിയോടൊപ്പം എത്തിച്ചേരുമെന്നാണ് വിശ്വാസം. ചാന്ദ്രമാസങ്ങളിൽ ആദ്യത്തേത് ചൈത്രം, പിന്നെ വൈശാഖം, ഇവ രണ്ടും ചേർന്നത് വസന്തം. പ്രകൃതിതന്നെ പൂവണിയുന്ന കാലമാണിത്. സർവസൽകർമ്മങ്ങൾക്കും വസന്തമാണ് ഉത്തമമായി ആചാര്യന്മാർ വിധിക്കുന്നത്. യജ്ഞങ്ങൾ വസന്തത്തിലാണ്. ക്ഷേത്രോത്സവങ്ങളും ഈ കാലഘട്ടത്തിൽ തന്നെ വരും. മഹാവിഷ്ണുവിന്റെയും അവതാരങ്ങളുടെയും പേരിലുള്ള ക്ഷേത്രങ്ങളിൽ ഈ മാസത്തിൽ ദർശനം നടത്തുന്നത് അതീവ വിശേഷവും സർവ്വ അനുഗ്രഹദായകവുമാണെന്നാണ് വിശ്വാസം. കേരളത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ ആണ് വൈശാഖ പുണ്യകാലം.

ചിത്രനക്ഷത്രവും പൌർണമാസിയും ഒരേ ദിവസം വരുന്നതാണ് ചൈത്രമാസം. അതിന് മുമ്പുള്ള പ്രതിപദം മുതൽ ചൈത്രമാസം ആരംഭിക്കും. പിന്നത്തെ അമാവാസി കഴിഞ്ഞാൽ വൈശാഖം ആരംഭം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം ഇത്യാദികളിൽ വിശദമായ പ്രതിപാദനമുണ്ട്. സർവവിദ്യകളിൽ ശ്രേഷ്ഠമായതു വേദവും, സർവ മന്ത്രങ്ങളിൽ ശ്രേഷ്ഠമായതു പ്രണവവും, സർവവൃക്ഷങ്ങളിൽ ശ്രേഷ്ഠമായതു കൽപവൃക്ഷവും, സർവ പക്ഷികളിൽ ശ്രേഷ്ഠമായതു ഗരുഡനും, സർവ നദികളിൽ ശ്രേഷ്ഠമായതു ഗംഗയും, സർവ രത്നങ്ങളിൽ ശ്രേഷ്ഠംമായതു കൗസ്തുഭവും, സർവ മാസങ്ങളിൽ ശ്രേഷ്ഠമായതു വൈശാഖവുമെന്നു സ്കന്ദപുരാണത്തിൽ പറയുന്നു.

വൈശാഖധർമ്മങ്ങളിൽ പ്രഭാത സ്നാനവും, നാരായണ നാമജപവും, പാവങ്ങൾക്ക് ദാനവും ആണ് അത്യുത്തമം എന്ന്‌ വിശ്വാസം. ആറ് നാഴിക പുലരുന്നവരെ ജലാശയങ്ങളിൽ എല്ലാം ഗംഗാദേവിമാരുടെ സാന്നിദ്ധ്യമുണ്ടാകും. ജപം, ഹോമം, പുരാണപാരായണം, സജ്ജനസംസർഗം എന്നിവയും വൈശാഖ കാലത്ത് അത്യന്തം പുണ്യപ്രദങ്ങളാണ്. ഈ സുദിനങ്ങളിൽ, അതിഥിയെ ഭഗവാനായി സങ്കൽപ്പിച്ച് സ്വീകരിയ്‌ക്കണമെന്ന് സങ്കല്പം. മഹാവിഷ്ണു വൈകുണ്ഠം വിട്ട് ഓരോ ഭക്തനേയും നേരിൽകാണാൻ വേഷപ്രച്ഛന്നനായി സമീപിയ്‌ക്കുന്നതും ഈ പുണ്യമാസത്തിലാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വീട്ടിലെത്തുന്ന അതിഥിയെ ഭഗവാനായി സങ്കൽപ്പിച്ച് ‘അതിഥി ദേവോ ഭവ:” എന്ന സങ്കൽപ്പത്തോടെ സ്വീകരിച്ചിരുത്തണമെന്നു പുരാണങ്ങൾ പറയുന്നു. മാത്രമല്ല, അതിഥിയ്‌ക്ക് ഭക്ഷണം, വസ്ത്രം, ധനം തുടങ്ങിയവ നൽകിവേണം യാത്രയയ്‌ക്കാനെന്നും പുരാണങ്ങൾ നിഷ്‌ക്കർഷിക്കുന്നു.

ലക്ഷ്മി നാരായണ ഭജനത്തിന് ഏറ്റവും  യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി നാരായണനാമം ജപിക്കുക. വിഷ്ണു സഹസ്രനാമം , നാരായണീയം,  അഷ്ടാക്ഷരി (ഓം നമോ നാരായണായ ), ദ്വാദശാക്ഷരി (ഓം നമോ ഭഗവതേ വാസുദേവായ), ഭാഗവത പാരായണം, മഹാലക്ഷ്മി അഷ്ടകം, കനകധാരാസ്തവം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി നൽകും.  വൈശാഖമാസം മുഴുവൻ വ്രതം നോറ്റു ഭഗവാനെയും ലക്ഷ്മിദേവിയെയും ധ്യാനിക്കുന്നതു സർവൈശ്വര്യദായകമാണ്. വ്രതം ശ്രദ്ധയും ഭക്തിയോടെയും അനുഷ്ഠിച്ചാൽ ദുഃഖശാന്തി, ഐശ്വര്യം, സമ്പത്തു എന്നിവ ഉണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. വൈശാഖത്തിലെ വെളുത്ത ദ്വാദശി, പൗർണമി എന്നിവയ്ക്ക് വ്രതം എടുക്കുന്നവർക്കും മുഴുവൻ മാസവും വ്രതമെടുത്തത്തിന് തുല്യമായ ഫലം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

എല്ലാ ശുഭകാര്യങ്ങളും ആരംഭിക്കാൻ ഉത്തമമാസമാണ് വൈശാഖം.

വൈശാഖകാലത്ത് അനേകം പുണ്യദിവസങ്ങളുണ്ട്. ആദ്യംതന്നെ അക്ഷയതൃതീയ. അതത്രേ ബലരാമന്റെ ജന്മദിവസം. ആ ദിവസം ചെയ്യുന്ന സൽകർമ്മങ്ങൾക്ക് ഒരിക്കലും ക്ഷയിക്കാത്ത ഫലമുള്ളതിനാലാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. പരശുരാമാവതാരവും, അന്നപൂർണേശ്വരി അവതാര ദിവസവും അക്ഷയതൃതീയ ദിവസം തന്നെയാണ്. വൈശാകത്തിലെ ശുക്ലചതുർശീ ദിവസമാത്രെ നരസിംഹജയന്തി. 27 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പുണ്യ മാസത്തിൽ വേറെയും വിശേഷ ദിവസങ്ങളും ഉണ്ട്. ആദിശങ്കരന്റെ ജന്മദിനമായ ശങ്കര ജയന്തി, ദത്താത്രേയ ജയന്തി, ബുദ്ധപൂർണ്ണിമ തുടങ്ങി ഒട്ടേറെ പ്രധാന ദിനങ്ങളാൽ സമ്പന്നമാണ് വൈശാഖ പുണ്യമാസം. അക്ഷയതൃതീയ, ശുക്ലപക്ഷ ദ്വാദശി, പൗർണ്ണമി എന്നീ മൂന്ന് ദിനങ്ങളിൽ വ്രതം അനുഷ്ഠിച്ചാൽ വൈശാഖം മുഴുവൻ വ്രതം അനുഷ്ഠിച്ചതിന് തുല്ല്യമാണെന്നും പുരാണങ്ങൾ ഓർമ്മപ്പെടുത്തുന്നു. ഇങ്ങനെ മഹാവിഷ്ണുവിന്റെ പല പ്രധാന അവതാരങ്ങളും വരുന്ന ഈ വൈശാഖമാസം വിഷ്ണുപ്രീതിക്ക് ഉത്തമം എന്ന്‌ വിശ്വാസം.

"https://ml.wikipedia.org/w/index.php?title=വൈശാഖം&oldid=4083394" എന്ന താളിൽനിന്ന് ശേഖരിച്ചത്