ശ്രീപാർവതിയുടെ ഒരു മൂർത്തിഭേദം. സമൃദ്ധിയുടെ ഈശ്വരി. ആദിപരാശക്തിയുടെ ആഹാരം നൽകുന്ന മാതൃഭാവം. ഒരു കൈയിൽ അന്നപാത്രവും മറു കൈയിൽ കരണ്ടിയും വഹിച്ചിരിക്കുന്ന രൂപമാണ് ഭഗവതിയുടേത്. ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് നാലു കൈകളോടുകൂടിയ ഒരു സങ്കല്പവും ചില രൂപശില്പങ്ങളിൽ കാണുന്നുണ്ട്. സർവ്വർക്കും ആഹാരം നൽകുന്ന പരാപ്രകൃതിയാണ് അന്നപൂർണയെന്ന് ദേവീപുരാണങ്ങൾ പറയുന്നു. ശാകംഭരിയാണ് സമാനമായ മറ്റൊരു ശക്തിരൂപം. കാശിയിലുള്ള (വാരണാസി) അന്നപൂര്ണാക്ഷേത്രം പ്രസിദ്ധമാണ്. കേരളത്തിലെ കണ്ണൂർ ചെറുകുന്നിലുള്ള അന്നപൂർണേശ്വരീ ക്ഷേത്രം പ്രധാനമാണ്.

ഐതിഹ്യംതിരുത്തുക

പരാശക്തിയുടെ അന്നപൂർണാഭാവത്തിന്റെ പിന്നിലുള്ള കഥ ഇപ്രകാരമാണ്. തന്റെ ഭിക്ഷാടനയോഗത്തെക്കുറിച്ചു ചിന്താമഗ്നനായിരുന്ന ശിവനെ സമീപിച്ച് ഒരിക്കൽ 'വർക്കത്തില്ലാത്ത ഭാര്യയാണ് ഈ ദുര്യോഗത്തിനു കാരണം' എന്ന് നാരദൻ അറിയിച്ചു. അതിനുശഷം അടുക്കളയ്ക്കകത്ത് കടന്നുചെന്ന് അവിടെ പട്ടിണികൊണ്ട് നിരുൻമേഷയായി ഇരുന്നിരുന്ന പാർവതിയോട് 'ഈ ദുഃഖത്തിനു കാരണം ഭർത്താവിന്റെ കഴിവില്ലായ്മയാണ്' എന്നും ഏഷണി പറയുകയുണ്ടായി. മഹർഷിയുടെ വാക്കുകളിൽ മനസ്സു പതിഞ്ഞ പാർവതി, പിറ്റേന്നാൾ ശിവൻ ഭിക്ഷാടനത്തിനുപോയ സമയംനോക്കി കുട്ടികളേയും കൂട്ടി പിതൃഗൃഹത്തിലേക്ക് പുറപ്പെട്ടു. കാര്യമറിഞ്ഞ നാരദൻ വഴിയിൽവച്ച് ദേവിയെ ഭർത്താവിന്റെ മറ്റ് അസാമാന്യഗുണങ്ങൾ പറഞ്ഞു ധരിപ്പിച്ച് സമാശ്വസിപ്പിച്ച് കൈലാസത്തിലേക്കുതന്നെ മടക്കി അയച്ചു. മാത്രമല്ല, ശിവൻ ഭിക്ഷയ്ക്കു ചെല്ലുന്ന ഗൃഹങ്ങളിൽ കാലേകൂട്ടിച്ചെന്ന് സ്വയം ഭിക്ഷമേടിച്ചുകൊണ്ടു വരുവാനും മഹർഷി ദേവിയോട് ഉപദേശിച്ചു. ഭഗവതി അതനുസരിച്ച് പ്രവർത്തിച്ചു. ശിവൻ പതിവുപോലെ ചെന്നപ്പോൾ ഭിക്ഷയൊന്നും ലഭിച്ചില്ല. നിരാശനായി വിശന്നുവലഞ്ഞ് മടങ്ങിവന്നു. കരുണാമയിയായ ദേവി നേരത്തേ സംഭരിച്ചുവച്ചിരുന്ന അന്നം അദ്ദേഹത്തിനു നല്കി. അത്യന്തം സന്തുഷ്ടനായ ഭഗവാൻ ഉടനെ ദേവിയെ പ്രേമാധിക്യത്തോടുകൂടി കെട്ടിപ്പുണർന്നു. അപ്പോൾ അവരുടെ ശരീരങ്ങൾ പരസ്പരം യോജിച്ച് ഐക്യം പ്രാപിച്ചു. ശിവൻ അങ്ങനെയാണത്രേ അർധനാരീശ്വരനായത് (നോ: അർധനാരീശ്വരൻ). ശിവന് അന്നം ഊട്ടുന്ന ശ്രീപാർവതിയെ ആണ് 'അന്നപൂർണേശ്വരി' ആയി സങ്കല്പിച്ചിട്ടുള്ളത്. ഒരു ധ്യാനശ്ളോകം താഴെകൊടുക്കുന്നു:

രക്താം വിചിത്രനയനാം നവചന്ദ്രചൂഡാ-

മന്നപ്രദാനനിരതാം സ്തനഭാരനമ്രാം

നൃത്യന്തമിന്ദുസകലാഭരണം വിലോക്യ

ഹൃഷ്ടാം ഭജേ ഭഗവതീം ഭവദുഃഖഹന്ത്രീം.


ഭക്തൻമാർക്ക് അഭീഷ്ടവരങ്ങൾ നല്കുന്നതിൽ സദാസന്നദ്ധയും ദയാപൂർണയും ആയ അന്നപൂർണേശ്വരിയെക്കുറിച്ച് അനേകം സ്തോത്രങ്ങളുണ്ടെങ്കിലും ആദിശങ്കരാചാര്യർ എഴുതിയിട്ടുള്ളതാണ് ദേവ്യുപാസകർക്കിടയിൽ ഏറ്റവും പ്രസിദ്ധം.

നിത്യാനന്ദകരീ, വരാഭയകരീ, സൌന്ദര്യരത്നാകരീ

നിർധൂതാഖിലഘോരപാവനകരീ, പ്രത്യക്ഷമാഹേശ്വരീ

പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ, മാതാന്നപൂർണേശ്വരീ.

എന്നിങ്ങനെ അത് ആരംഭിക്കുകയും,

അന്നപൂർണേ സദാപൂർണേ

ശങ്കരപ്രാണവല്ലഭേ

ജ്ഞാനവൈരാഗ്യസിധ്യർഥം

ഭിക്ഷാം ദേഹി നമോസ്തുതേ.

എന്നിങ്ങനെ അവസാനിക്കുകയും ചെയ്യുന്നു.

അന്നപൂർണാഷ്ടകമെന്നാണ് ഈ സ്തോത്രരത്നത്തിന്റെ പേര്. ഈ സ്തോത്രം വേദവ്യാസരചിതമാണെന്നും ഒരുപക്ഷമുണ്ട് (ശബ്ദകല്പദ്രുമം). കാശിയിലും കേരളത്തിലെ ചില ക്ഷേത്രങ്ങളിലും അന്നപൂർണേശ്വരീ പ്രതിഷ്ഠകളുണ്ട്. പരശുരാമൻ കാശിയിൽ ചെന്ന് അന്നപൂർണാദേവിയെ പൂജിച്ചു പ്രത്യക്ഷപ്പെടുത്തിയതായി ചില ഐതിഹ്യങ്ങളിൽ കാണുന്നു. ചൈത്രമാസം (മീനം) വെളുത്ത നവമിദിവസം അന്നപൂർണാദേവിയുടെ പൂജ സവിശേഷമായി ചിലയിടങ്ങളിൽ (ഉദാ. ബംഗാൾ) കൊണ്ടാടി വരുന്നുണ്ട്.

അന്നപൂർണാദേവിയുടെ ഉപാസനാക്രമം തന്ത്രസാരത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നപൂർണേശ്വരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്നപൂർണേശ്വരി&oldid=3084403" എന്ന താളിൽനിന്ന് ശേഖരിച്ചത്