വി.പി. സിങ്

സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു.
(വി.പി.സിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌ അഥവാ വി. പി. സിംഗ്‌ (ജൂൺ 25, 1931 - നവംബർ 27 2008).[1] സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു. പതിനൊന്നു മാസമാണ് വി. പി. സിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്. പിന്നോക്ക വിഭാഗങ്ങൾക്ക്‌ തൊഴിൽസംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതാണ്‌ സിംഗിന്റെ പ്രധാന ഭരണനേട്ടം. ഈ നിയമം ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയിൽ വൻമാറ്റങ്ങൾ വരുത്തി.[2]

വിശ്വനാഥ് പ്രതാപ് സിങ്
विश्वनाथ प्रताप सिंह
10ആമത്തെ പ്രധാനമന്ത്രി
ഓഫീസിൽ
2 ഡിസംബർ 1989 – 10 നവംബർ 1990
മുൻഗാമിരാജീവ് ഗാന്ധി
പിൻഗാമിചന്ദ്രശേഖർ
പ്രതിരോധ വകുപ്പ് മന്ത്രി
ഓഫീസിൽ
2 ഡിസംബർ 1989 – 10 നവംബർ 1990
മുൻഗാമികെ.സി.പന്ത്
പിൻഗാമിചന്ദ്രശേഖർ സിംഗ്
സാമ്പത്തിക വകുപ്പ് മന്ത്രി
ഓഫീസിൽ
31 ഡിസംബർ 1984 – 23 ജനുവരി 1987
പ്രധാനമന്ത്രിരാജീവ് ഗാന്ധി
മുൻഗാമിപ്രണബ് മുഖർജി
പിൻഗാമിരാജീവ് ഗാന്ധി
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
9 ജൂൺ 1980 – 19 ജൂലൈ 1982
മുൻഗാമിബനാറസി ദാസ്
പിൻഗാമിശ്രീപതി മിശ്ര
വ്യക്തിഗത വിവരങ്ങൾ
ജനനം (1931-06-25) 25 ജൂൺ 1931  (93 വയസ്സ്)
അലഹബാദ്, ആഗ്ര,
 ബ്രിട്ടീഷ് രാജ്
മരണം27 നവംബർ 2008
രാഷ്ട്രീയ കക്ഷിജനമോർച്ച (1987–1988; 2006–2008) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (1987 മുമ്പ്)
ജനതാ ദൾ (1988–2006)
അൽമ മേറ്റർഅലഹബാദ് സർവ്വകലാശാല
പൂനെ സർവ്വകലാശാല
ഒപ്പ്

ഒരു സമ്പന്നമായ രാജകീയ കുടുംബത്തിലാണ് വിശ്വനാഥ് പ്രതാപ് സിംഗ് ജനിച്ചത്. ഡെറാഡൂണിലെ സമ്പന്നർ മാത്രം പഠിക്കുന്ന സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോൺഗ്രസ്സിൽ ചേർന്ന് രാഷ്ട്രീയജീവിതത്തിനു തുടക്കം കുറിച്ചു. 1980 ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി.[3] 1984 ലെ പൊതു തിരഞ്ഞെടുപ്പോടുകൂടിയാണ് ദേശീയരാഷ്ട്രീയത്തിലേക്ക് ശ്രദ്ധയൂന്നാൻ തുടങ്ങിയത്. 1984 ലെ രാജീവ് ഗാന്ധി മന്ത്രിസഭയിൽ സാമ്പത്തിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്വർണ്ണത്തിനുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കുക വഴി, സ്വർണ്ണക്കള്ളക്കടത്ത് തടയാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. ബോഫോഴ്സ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതൃത്വവുമായി തെറ്റി ജനമോർച്ച എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. ജനമോർച്ച പിന്നീട്, ലോക് ദൾ, ജനതാ പാർട്ടി, കോൺഗ്രസ് (എസ്.) എന്നിവരുമായി ലയിച്ച് ജനതാ ദൾ എന്ന പാർട്ടി രൂപീകരിച്ചു.

1989 ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കുപോലും ഭൂരിപക്ഷം കിട്ടാതിരുന്ന സമയത്ത്, പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച്, ഇടതുപക്ഷത്തിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെ നാഷണൽ ഫ്രണ്ട് അധികാരത്തിൽ വന്നു, സിംഗ് ആയിരുന്നു പ്രധാനമന്ത്രി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയത് സിംഗ് ആണ്. ഇത് ഹിന്ദുസമുദായത്തിലെ തന്നെ ഉയർന്ന വർഗ്ഗക്കാരുടെ അപ്രീതി നേടാൻ കാരണമാക്കി. പക്ഷേ ഇത്തരം എതിർപ്പുകളെ, ഒരു കൂട്ടുമുന്നണിയിലായിരുന്നിട്ടുപോലും സിംഗ് ലാഘവത്വത്തോടെ നേരിടുകയാണുണ്ടായത്.[4]

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായ ശേഷം അർബുദ രോഗംമൂലം സജീവ രാഷ്ട്രീയത്തോടു വിടപറഞ്ഞു. 2008 നവംബർ 27-ന് ഡൽഹിയിൽ വച്ച് അന്തരിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

1931 ജൂൺ 25 ന് ഉത്തർപ്രദേശിലെ അലഹാബാദിലാണ് വിശ്വനാഥ് പ്രതാപ് സിംഗ് ജനിച്ചത്. ഒരു രാജകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് രാജാ ബഹാദൂർ രാംഗോപാൽ സിംഗ്.[5] മൻഡ എന്ന രാജകുടുംബത്തിന്റെ പ്രതാപം ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു സിംഗ് ജനിച്ചത്. സിംഗിന് നല്ല രീതിയിലുള്ള വിദ്യാഭ്യാസം തന്നെ ലഭിച്ചിരുന്നു. ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്കൂളിലാണ് അഞ്ചു വർഷക്കാലം സിംഗ് പഠിച്ചത്.[6] അലഹബാദ്, പൂനെ സർവ്വകലാശാലകളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഇവിടെ നിന്നും ബി.എ,എൽ.എൽ.ബി, ബി.എസ്.സി ബിരുദങ്ങൾ കരസ്ഥമാക്കി.[7]

ഉത്തർപ്രദേശ് മുഖ്യമന്ത്രി

തിരുത്തുക

അലഹബാദിലെ പ്രാദേശിക രാഷ്ട്രീയത്തിലൂടെയാണ് സിംഗ് വളർന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി ചേർന്നു. ജനതാ പാർട്ടിയിൽ നിന്നും ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഉത്തർപ്രദേശിൽ അധികാരം തിരിച്ചുപിടിച്ചപ്പോൾ, വിശ്വനാഥ് പ്രതാപ് സിംഗിനെയാണ് ഇന്ദിര മുഖ്യമന്ത്രിയായി നിയമിച്ചത്.[8] കൊള്ളക്കാരേയും, മറ്റും കൊണ്ട് കലുഷിതമായിരുന്നു സംസ്ഥാനത്തെ, പ്രത്യേകിച്ച് ഗ്രാമീണമേഖലയിലെ ജനജീവിതം. വിശ്വനാഥ് അധികാരത്തിലെത്തിയതിനുശേഷം, ഇത്തരം സാമൂഹ്യവിരുദ്ധരെ അടിച്ചമർത്താനുള്ള നടപടികൾ ത്വരിതമാക്കി. 1983 ൽ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയിരുന്നു ചില ഭീകരർ ക്രമസമാധാനത്തിനടിമപ്പെട്ടത് ദേശീയ തലത്തിൽ സിംഗിനെ അറിയപ്പെടാനിടയാക്കി.

കേന്ദ്ര മന്ത്രി

തിരുത്തുക

1984 ലെ പൊതു തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ, സാമ്പത്തികവകുപ്പും, പ്രതിരോധ വകുപ്പും രാജീവ് ഏൽപ്പിച്ചുകൊടുത്തത് സിംഗിനേയായിരുന്നു. സാമ്പത്തിക വകുപ്പിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സിംഗ് ശ്രമിച്ചു. സ്വർണ്ണ കള്ളക്കടത്ത് കുറക്കാൻ വേണ്ടി സ്വർണ്ണത്തിന്മേൽ ഏർപ്പെടുത്തിയിരുന്നു നികുതി കുറച്ചു.[9] കൂടാതെ അനധികൃതമായി പിടിക്കപ്പെടുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ ഒരു ഭാഗം അത് പിടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സമ്മാനമായും പ്രഖ്യാപിച്ചു. നികുതി വെട്ടിപ്പു നടത്തുന്നവരെ പിടികൂടാൻ വേണ്ടി സിംഗ് എൻഫോഴ്സമെന്റ് വകുപ്പിന് കൂടുതൽ അധികാരം നൽകി. കൂടാതെ നികുതി വെട്ടിപ്പു നടത്തുന്നവരെ കണ്ടെത്താൻ വ്യാപകമായ അന്വേഷണവും ആരംഭിച്ചു. ധിരുഭായി അംബാനി, അമിതാഭ് ബച്ചൻ തുടങ്ങിയവർ പോലും അന്വേഷണപരിധിക്കുള്ളിൽ വന്നു. പോളിയസ്റ്റർ ഫിലിമിന്റെ ഉത്പാദനത്തിലെ മുഖ്യ അസംസ്കൃതവസ്തുവായ പ്യൂരിഫെഡ് ടെലിഫ്താലിക് ആസിഡിന്റെ ഇറക്കുമതിയിൽ ചില നിയന്ത്രണങ്ങൾ സിംഗ് ഏർപ്പെടുത്തി. ഈ ഉൽപ്പന്നത്തെ ഓപ്പൺ ജനറൽ കാറ്റഗറിയിൽ നിന്നും നീക്കം ചെയ്തു.[10] ഇതുവഴി, റിലയൻസിന് വൻ തുക നികുതി അടക്കേണ്ടതായി വന്നു. ഇതുപോലുള്ള കാര്യങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സിംഗിനെ സാമ്പത്തിക വകുപ്പിൽ നിന്നും നീക്കം ചെയ്യാൻ രാജീവ് ഗാന്ധി നിർബന്ധിതനായി. സിംഗിന്റെ സേവനം പ്രതിരോധ വകുപ്പിലാണ് കൂടുതൽ ആവശ്യമെന്ന് പറഞ്ഞ് രാജീവ് ഗാന്ധി സിംഗിനെ സാമ്പത്തിക വകുപ്പിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.[11]

പ്രതിരോധ വകുപ്പിൽ നടക്കുന്ന ആയുധകച്ചവടത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ചന്വേഷിക്കുകയായിരുന്നു സിംഗ് ആദ്യം ചെയ്തത്. ഈ അന്വേഷണത്തിനിടയിലാണ് ദേശീയ രാഷ്ട്രീയത്തെത്തന്നെ പിടിച്ചു കുലുക്കിയ ബോഫോഴ്സ് കുംഭകോണത്തിന്റെ രേഖകൾ പുറത്തു വന്നത്. വി.പി.സിംഗിന്റെ കയ്യിൽ ഈ വൻ ആയുധകോഴയുടെ രേഖകൾ ഉണ്ടെന്നുള്ള വാർത്ത പുറം ലോകമറിഞ്ഞു.[12] ഈ വാർത്ത രാജീവ് ഗാന്ധിയുടെ പ്രതിച്ഛായക്ക് വല്ലാതെ കോട്ടം തട്ടി. സിംഗിന് എന്തെങ്കിലും പ്രവർത്തിക്കാൻ കഴിയുന്നതിനു മുന്നേ തന്നെ അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ നിന്നും പുറത്താക്കി. വൈകാതെ സിംഗ് കോൺഗ്രസ്സ് അംഗത്വം രാജിവെച്ചു.[13]

പ്രതിപക്ഷത്തേക്ക്

തിരുത്തുക

ജനമോർച്ച, ജനതാ ദൾ, നാഷണൽ ഫ്രണ്ട്

തിരുത്തുക

കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് സിംഗ്, ആരിഫ് മുഹമ്മദ് ഖാന്റേയും, അരുൺ നെഹ്രുവിന്റേയും ഒപ്പം ജനമോർച്ച എന്ന പുതിയൊരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചു.[14] അലഹബാദ് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് സിംഗ് വീണ്ടും ലോക് സഭയിലേക്കെത്തി.[15][16] ജനതാപാർട്ടിയുടെ നേതാവായിരുന്നു ജയപ്രകാശ് നാരായണന്റെ ജന്മദിനമായ 1988 ഒക്ടോബർ 11 ന് ജനതാ ദൾ എന്നൊരു പാർട്ടി രൂപീകരിക്കപ്പെട്ടു. ജനമോർച്ച, ജനതാ പാർട്ടി, ലോക്ദൾ, കോൺഗ്രസ്സ് (എസ്) എന്നീ പാർട്ടികൾ ലയിച്ചാണ് ജനതാ ദൾ രൂപംകൊണ്ടത്. വി.പി.സിംഗ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സിനെ എതിർക്കുന്ന മറ്റു ചില പ്രാദേശിക പാർട്ടികൾ കൂടി ജനതാ ദളിനെ പിന്തുണക്കുകയുണ്ടായി. ദ്രാവിഡ മുന്നേറ്റ കഴകം, തെലുഗുദേശം പാർട്ടി, ആസാം ഗണ പരിഷത്, എന്നീങ്ങനെയുള്ള ദേശീയ പാർട്ടികൾ ജനതാദളുമായി ചേർന്ന് നാഷണൽ ഫ്രണ്ട് എന്ന ഒരു ദേശീയ മുന്നണി രൂപീകരിച്ചു. ബി.ജെ.പിക്കും, കോൺഗ്രസ്സിനും ഉള്ള ബദൽ എന്ന നിലയിലായിരുന്നു നാഷണൽ ഫ്രണ്ട് രൂപംകൊണ്ടത്.[17] വി.പി.സിംഗ് കൺവീനറും, എൻ.ടി. രാമറാവു പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.

1989 ലെ പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക

1989 ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയപാർട്ടിക്കും വ്യക്തമായി ഭൂരിപക്ഷം ലഭിച്ചില്ല. എന്നാൽ ഇടതുപക്ഷ പാർട്ടികളുടെ പുറത്തു നിന്നുള്ള പിന്തുണയോടെ, മന്ത്രിസഭ രൂപീകരിക്കുവാനുള്ള നേരിയ ഭൂരിപക്ഷം നാഷണൽ ഫ്രണ്ടിനു ലഭിച്ചു.[18][19] മന്ത്രിസഭയിൽ ചേരാനുള്ള ക്ഷണം ഇടതുപക്ഷം നിരസിക്കുകയായിരുന്നു. മന്ത്രിസഭയെ പുറത്തു നിന്നും പിന്തുണക്കാനുള്ള തീരുമാനത്തിൽ സി.പി.ഐ(എം) അടക്കമുള്ള ഇടതുപക്ഷകക്ഷികൾ ഉറച്ചു നിൽക്കുകയായിരുന്നു.

പ്രധാനമന്ത്രി

തിരുത്തുക

ഡിസംബർ 1 ന് പാർലിമെന്റിലെ സെൻട്രൽ ഹാളിൽ ചേർന്ന നാഷണൽ ഫ്രണ്ടിന്റെ സമ്മേളനത്തിൽ വി.പി.സിംഗ് നാടകീയമായി ദേവി ലാലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. നാഷണൽ ഫ്രണ്ടിന്റെ അവകാശവാദം രാഷ്ട്രപതി അംഗീകരിച്ചതുമുതൽ വി.പി.സിംഗ് തന്നെയായിരിക്കും പ്രധാനമന്ത്രി എന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഈ നീക്കം അംഗങ്ങളെ അത്ഭുതപ്പെടുത്തി. എന്നാൽ ഹരിയാനയിൽ നിന്നുമുള്ള നേതാവായ ദേവി ലാൽ ഈ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ വിസമ്മതം യോഗത്തെ അറിയിക്കുകയും, കൂടാതെ വി.പി.സിംഗിനെത്തന്നെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു.[20] നാഷണൽ ഫ്രണ്ടിന്റെ പാർലിമെന്ററി യോഗം വി.പി.സിംഗിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 2 ഡിസംബർ 1989 മുതൽ 10 നവംബർ 1990 വരെയുള്ള കാലയളവിൽ മാത്രമാണ് വി.പി.സിംഗ് പ്രധാനമന്ത്രി പദം അലങ്കരിച്ചത്.[21]

പിന്നോക്ക സംവരണം

തിരുത്തുക
പ്രമാണം:V P Singh by Arjun.jpg

സാമൂഹികമായും, വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസമേഖലയിലും, സർക്കാർ സേവനമേഖലയിലും സംവരണം നടപ്പിലാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ മൊറാർജി ദേശായി സർക്കാർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഒരു പാർലിമെന്റേറിയനായിരുന്നു ബി.പി. മണ്ഡലിന്റെ നേതൃത്വത്തിലായിരുന്നു കമ്മീഷൻ പ്രവർത്തിച്ചിരുന്നത്. വിദ്യാഭ്യാസമേഖലയിലും, സർക്കാർ ജോലിയിലും ഒരു നിശ്ചിതശതമാനം സമൂഹത്തിലെ പിന്നോക്കക്കാർക്ക് നൽകിയിരിക്കണം എന്നതായിരുന്നു മണ്ഡൽ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നത്.[22] മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ വി.പി.സിംഗ് സർക്കാർ തീരുമാനിച്ചു. ഈ തീരുമാനത്തെത്തുടർന്ന് വടക്കേ ഇന്ത്യയിൽ സമരങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഏർപ്പെടുത്തുന്ന സംവരണത്തിനെതിരേ വിദ്യാർത്ഥികൾ കൂട്ടത്തോടെ തെരുവിലിറങ്ങി. കോൺഗ്രസ്സും, ബി.ജെ.പിയും വിദ്യാർത്ഥിസമരങ്ങൾക്ക് പുറത്തുനിന്നും പിന്തുണ നൽകി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു നടന്ന ഒരു സമരത്തിനിടെ വിദ്യാർത്ഥിയായ രാജീവ് ഗോസ്വാമി ആത്മഹത്യ ചെയ്തു.[23]

അദ്വാനിയുടെ രഥയാത്ര

തിരുത്തുക

രാമജന്മഭൂമിയിൽ ക്ഷേത്രം പണിയുക എന്ന ഉദ്ദേശവുമായി ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റ് അദ്വാനിയുടെ നേതൃത്വത്തിൽ ഒരു രഥയാത്ര സംഘടിപ്പിക്കുകയുണ്ടായി.[24][25] വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ യാത്രയിലൂടെ ജനങ്ങളുടെ പിന്തുണ പിടിച്ചു പറ്റുക എന്നതായിരുന്നു ബി.ജെ.പി. നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാൽ അയോദ്ധ്യയിലെ തർക്ക പ്രദേശത്ത് യാത്ര എത്തുന്നതിനു മുമ്പ് തന്നെ അദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടു. അദ്വാനിയുടെ രഥയാത്ര മതവികാരങ്ങളെ ഹനിക്കുമെന്നു, തദ്വാരാ സമാധാനത്തിനു ഭംഗം സംഭവിക്കുമെന്നും പറഞ്ഞ് സിംഗിന്റെ പ്രത്യേക ഉത്തരവു പ്രകാരമാണ് സമസ്തിപൂർ എന്ന സ്ഥലത്തു വെച്ച് അദ്വാനിയെ അറസ്റ്റു ചെയ്യുന്നത്. 1990 ഒക്ടോബർ 30 ന് അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ അദ്വാനി പ്രഖ്യാപിച്ച കർ-സേവയും ഇതോടെ തടയപ്പെട്ടു. ബി.ജെ.പി നാഷണൽ ഫ്രണ്ടിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. വി.പി.സിംഗ് വിശ്വാസവോട്ട് തേടേണ്ടി വന്നു.[26]

പാർലിമെന്റിൽ വിശ്വാസവോട്ട് തേടാൻ സിംഗിനായില്ല. താൻ മതേതരത്വത്തിനായാണ് നിലകൊണ്ടതെന്നും, ബാബരി മസ്ജിദ് സംരക്ഷിക്കുവാൻ തനിക്കു കഴിഞ്ഞുവെന്നും സിംഗ് തന്റെ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പറയുകയുണ്ടായി. ഏതു തരത്തിലുള്ള ഇന്ത്യയെയാണ് നിങ്ങൾക്കാവശ്യമെന്ന് ഈ ചർച്ചയിൽ സിംഗ് തന്റെ എതിരാളികളോട് ചോദിക്കുകയുണ്ടായി.[27] 346 ന് എതിരേ 142 വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു. സിംഗിന് സഭയിൽ വിശ്വാസം തെളിയിക്കാനായില്ല. സിംഗ് ഉടൻ തന്നെ രാജിവെച്ചു.[28]

പ്രധാനമന്ത്രി പദത്തിനുശേഷം

തിരുത്തുക

തൊട്ടു പിന്നാലെ നടന്ന പൊതു തിരഞ്ഞെടുപ്പിൽ സിംഗ് വിജയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിക്ക് പ്രതിപക്ഷത്തിരിക്കാനേ കഴിഞ്ഞുള്ളു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ കോൺഗ്രസ്സ് നല്ല ഭൂരിപക്ഷത്തോടെയാണ് ലോക സഭയിലെത്തിയത്. വൈകാതെ സിംഗ് സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. മതേതര ഇന്ത്യക്കുവേണ്ടി പ്രയത്നിച്ചു. ഇതിനു വേണ്ടി അദ്ദേഹം രാജ്യം മുഴുവൻ സഞ്ചരിച്ചു. 1996 ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെട്ടു. സ്വാഭാവികമായി, സിംഗ് പ്രധാനമന്ത്രി പദത്തിലേക്കെത്തുമെന്ന് എല്ലാവരും ധരിച്ചു. കമ്മ്യൂണിസ്റ്റ് നേതാവായ ജ്യോതി ബസു, സിംഗിന് പ്രധാനമന്ത്രി പദവി വച്ചു നീട്ടിയെങ്കിലും സിംഗ് അത് നിരസിച്ചു. ഒരു മതേതര സർക്കാരിനായാണ് എല്ലാവരും ആഗ്രഹിച്ചിരുന്നത്. അധികാരസ്ഥാനത്തിനായി യാതൊരു അത്യാഗ്രഹവും ഇല്ലാതിരുന്ന ഒരു മനുഷ്യനായിരുന്നു വി.പി.സിംഗ്. രാഷ്ട്രപതി സ്ഥാനത്തേക്ക് കെ.ആർ.നാരായണനെ നിർദ്ദേശിച്ചത് വി.പി.സിംഗ് ആയിരുന്നു. പിന്നീട് നാരായണൻ ഏറ്റവും വോട്ടുകൾ നേടി രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്ന വ്യക്തിയായി മാറി.

1998 ൽ സിംഗിന് അർബുദരോഗമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹം പൊതു വേദികളിൽ നിന്നും ഒഴിഞ്ഞു നിന്നു. 2008 നവംബർ 27 ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ വെച്ച് വിശ്വനാഥ് പ്രതാപ് സിംഗ് അന്തരിച്ചു.[29] 2008 നവംബർ 29 ന് ഗംഗാ നദിക്കരയിൽ എല്ലാ വിധ ബഹുമതികളോടെയും അദ്ദേഹത്തിന്റെ സംസ്കാരം നടന്നു.

  1. "വിശ്വനാഥ് പ്രതാപ് സിംഗ്". വി.പി.സിംഗിന്റെ ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-11-06. Retrieved 2013-07-04.
  2. "മണ്ഡൽ മെമ്മറീസ്". ദ ഹിന്ദു. 2012-09-29.
  3. വിശ്വനാഥ് പ്രതാപ് സിംഗ്. സ്റ്റുഡന്റ്സ് ബ്രിട്ടാനിക്ക. p. 44-45. ISBN 0-85229-760-2.
  4. എം.എൽ, മാഥൂർ. എൻസൈക്ലോപീഡിയ ഓഫ് ബാക്ക് വേഡ് ക്ലാസ്സ്. കാൽപാസ്. p. 124-126. ISBN 81-7835-270-2.
  5. "വിശ്വനാഥ് പ്രതാപ് സിംഗ്". വി.പി.സിംഗിന്റെ ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-11-06. Retrieved 2013-07-04. വി.പി.സിംഗ് - ലഘു ജീവചരിത്രം
  6. വി.പി.സിംഗ്. പോർട്രെയിറ്റ് ഓഫ് എ ലീഡർ. പ്രസ്സ് ആന്റ് പബ്ലിസിറ്റി സിൻഡിക്കേറ്റ്. വി.പി.സിംഗ് വിദ്യാഭ്യാസകാലഘട്ടം
  7. "വിശ്വനാഥ് പ്രതാപ് സിംഗ്". വി.പി.സിംഗിന്റെ ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-11-06. Retrieved 2013-07-04. വി.പി.സിംഗ് - വിദ്യാഭ്യാസ കാലഘട്ടം
  8. "ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രിമാർ". ഉത്തർപ്രദേശ് നിയമസഭ. Retrieved 2013-07-05.
  9. "ഫിനാൻസ് മിനിസ്റ്റർ ഓഫ് ഇന്ത്യ സിൻസ് ഇൻഡിപെൻഡൻസ്". ഇന്ത്യാടിവി ന്യൂസ്. Retrieved 2013-07-05.
  10. "ദ കോർപ്പറേറ്റ് ബെഗ്ഗേഴ്സ്". ബിസിനസ്സ്ആന്റ്ഇക്കോണമി. Retrieved 2013-07-04.[പ്രവർത്തിക്കാത്ത കണ്ണി]
  11. "ഇൻ ഇൻഡ്യ ഇക്കണോമിക് ഗെയിൻസ് ആന്റ് ന്യൂ പെരിൾസ്". ന്യൂയോർക്ക് ടൈംസ്. 1987-03-02.
  12. "ഇന്ത്യാ ഗവൺമെന്റ് ലോഡ്ജസ് ഫസ്റ്റ് ചാർജസ് ഇൻ വെപ്പൺ സ്കാൻഡൽ". ദ ന്യൂയോർക്ക് ടൈംസ്. 1990-01-23.
  13. "ടർമോയിൽ ആന്റ് എ സ്കാൻഡൽ ടേക്ക് എ ടോൾ ഓൺ ഗാന്ധി". ന്യൂയോർക്ക് ടൈംസ്. 1987-08-24.
  14. "വി.പി.,മോശ ഓഫ് പുവർ, ഡെഡ്". ടെലിഗ്രാഫ് ഇന്ത്യ. 2008-11-28.
  15. ആനന്ദ്.വി, കൃഷ്ണ (2011). ഇന്ത്യ സിൻസ് ഇൻഡിപെൻഡൻസ്,മേക്കിംഗ് സെൻസ് ഓഫ് ഇന്ത്യൻ പൊളിറ്റിക്സ്. പിയേഴ്സൺ. p. 306-307. ISBN 978-81-317-3465-0.
  16. "ഗൂഗിൾ വാർത്ത". ഗൂഗിൾ(ടൈംസ് വാർത്ത). 1988-06-20.
  17. "ന്യൂ ഒപ്പോസിഷൻ ഫ്രണ്ട് ഇൻ ഇന്ത്യ". ന്യൂയോർക്ക് ടൈംസ്. 1988-09-18.
  18. "നാഷണൽ ഫ്രണ്ട് ടു ഫോംസ് ഗവൺമെന്റ് ഇൻ ഇന്ത്യ". ഡെസർട്ട് ന്യൂസ്. 1989-11-28.
  19. "കമ്മ്യൂണിസ്റ്റ് ബാക്സ് ഓപ്പോസിഷൻ". ഗെയിൻസി വില്ലേ. 1989-11-29.
  20. "ഇന്ത്യൻ ഒപ്പോസിഷൻ ചൂസസ് എ പ്രീമിയർ". ന്യൂയോർക്ക് ടൈംസ്. 1989-12-02.
  21. "ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാർ". ഭാരതസർക്കാർ. Retrieved 2013-07-05.
  22. "മണ്ഡൽ കമ്മീഷൻ". പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്. Archived from the original on 2016-12-25. Retrieved 2013-07-05.
  23. "രാജീവ് ഗോസ്വാമി ഡെഡ്". ട്രൈബ്യൂൺഇന്ത്യ. 1990-02-24.
  24. "അദ്വാനിയുടെ രഥയാത്ര". അദ്വാനിയുടെ ഔദ്യോഗിക വെബ് വിലാസം. Archived from the original on 2012-08-22. Retrieved 2013-07-05.
  25. "അദ്വാനീസ് രഥയാത്ര-ചാരിയോട്ട് ഓഫ് ഫയർ". ഇന്ത്യാ ടുഡേ. 2009-12-24.
  26. "ഇന്ത്യാ പ്രൈം മിനിസ്റ്റർ ലോസസ് ഇറ്റ്സ് മെജോറിറ്റി ഇൻ ടെംപിൾ ഇഷ്യൂ". ന്യൂയോർക്ക് ടൈംസ്. 24-ഒക്ടോബർ-1990. {{cite news}}: Check date values in: |date= (help)
  27. "വി.പി.സിംഗ്.പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ ഹു ട്രൈ‍ഡ് ടു ഇംപ്രൂവ് ദ് ലോട്ട് ഓഫ് പുവർ". ഇൻഡിപെൻഡൻസ് ദിനപത്രം. 19-ഡിസംബർ-2008. {{cite news}}: Check date values in: |date= (help)
  28. "ഇന്ത്യാ കാബിനറ്റ് ഫോൾസ് അസ് ലോസ് ഓഫ് കോൺഫിഡൻസ്". ന്യൂയോർക്ക് ടൈംസ്. 08-നവംബർ-1990. {{cite news}}: Check date values in: |date= (help)
  29. "വി.പി.സിംഗ് ഡൈസ്". ന്യൂയോർക്ക് ടൈംസ്. 29-നവംബർ-2008. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=വി.പി._സിങ്&oldid=3973565" എന്ന താളിൽനിന്ന് ശേഖരിച്ചത്