പൗരസ്ത്യ ക്രൈസ്തവ സഭകളിൽ ഓശാന ഞായറിന് തൊട്ടു തലേന്നുള്ള ശനിയാഴ്ചയാണ് ലാസറിന്റെ ശനി (ഇംഗ്ലീഷ്: Lazarus Saturday) എന്നറിയപ്പെടുന്നത്. യേശു ബേഥാന്യയിലെ ലാസറിനെ ഉയിർപ്പിച്ച ബൈബിൾ സംഭവമാണ് ഇന്നേ ദിവസം അനുസ്മരിക്കുന്നത്. കേരളത്തിൽ ചിലയിടങ്ങളിൽ ഇന്നേ ദിവസം കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷിക്കുന്ന ഒരു പതിവ് ക്രൈസ്തവർക്കിടയിൽ ഉള്ളതിനാൽ ഈ ദിനം കൊഴുക്കട്ട ശനി, കൊഴുക്കട്ട പെരുന്നാൾ എന്നിങ്ങനെയും അറിയപ്പെടുന്നു.

ബൈബിൾ പശ്ചാത്തലം

തിരുത്തുക
 
യേശു ലാസറിനെ ഉയിർപ്പിക്കുന്നതിന്റെ ഒരു ചിത്രീകരണം

യോഹന്നാന്റെ സുവിശേഷം 11-ആം അദ്ധ്യായത്തിലാണ് ലാസറിനെ ഉയിർപ്പിച്ച യേശുവിന്റെ അത്ഭുത പ്രവർത്തി വിവരിച്ചിരിക്കുന്നത്. അവിടെയുള്ള വിവരണ പ്രകാരം യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തുള്ള ബെഥാന്യ എന്ന ഗ്രാമത്തിലാണ് ലാസർ എന്നയാൾ അദ്ദേഹത്തിന്റെ സഹോദരിമാരായ മാർത്തയോടും മറിയയോടും ഒപ്പം ജീവിച്ചിരുന്നത്. ലാസർ ദീനമായി കിടന്നിരുന്ന വേളയിൽ അദ്ദേഹത്തിന്റെ സഹോദരിമാർ യേശുവിന്റെ അടുക്കലേക്ക് ആളയച്ചു കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു. എന്നാൽ അന്നു ഇരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം പാർത്തു. ഒടുവിൽ യേശു ബെഥാന്യയിലെത്തുമ്പോഴേക്കും ലാസറിനെ കല്ലറയിൽ വെച്ച് നാലുദിവസം കഴിഞ്ഞിരുന്നുവെങ്കിലും യേശു ലാസറിനെ മരണത്തിൽ നിന്നും ഉയിർപ്പിക്കുന്നു. ഈ സംഭവത്തെ തുടർന്ന് മഹാപുരോഹിതന്മാരും പരീശന്മാരും അവർ അവനെ കൊല്ലുവാൻ ആലോചിച്ചുറപ്പിക്കുന്നു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു പോയി ശിഷ്യന്മാരുമായി അവിടെ പാർത്തു. യോഹന്നാന്റെ സുവിശേഷത്തിലെ അടുത്ത അദ്ധ്യായത്തിൽ യേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസറും കുടുംബവും പാർത്ത ബേഥാന്യയിലേക്കു പെസഹാക്കു ആറു ദിവസം മുമ്പെ വീണ്ടും വന്നതായും അവിടെ അവർ യേശുവിന് ഒരു അത്താഴം ഒരുക്കിയതായും അവിടെ നിന്നും യേശു പിറ്റേന്ന് കഴുതപ്പുറത്തേറി യെരുശലേമിലേക്ക് പോകുന്നതായും വിവരിച്ചിരിക്കുന്നു.

കൊഴുക്കട്ട പെരുന്നാൾ ആചരണം

തിരുത്തുക
 
കൊഴുക്കട്ട ശനി(ലാസറിന്റെ ശനി)യിൽ തയ്യാറാക്കിയിരിക്കുന്ന കൊഴുക്കട്ടകൾ

വലിയനോമ്പ് അഥവാ അൻപത് നോമ്പിന്റെ 41-ആം ദിവസമായ ലാസറിൻറെ ശനിയാഴ്ചയെ കേരളത്തിൽ കൊഴുക്കട്ട പെരുന്നാൾ അല്ലെങ്കിൽ കൊഴുക്കട്ട ശനി എന്ന് കൂടി അറിയപ്പെടുന്നു. ഈ ദിവസം കേരളത്തിൽ ചിലയിടങ്ങളിൽ ക്രൈസ്തവർ കൊഴുക്കട്ട ഉണ്ടാക്കുന്ന ഒരു പതിവുണ്ട്. വീട്ടിലെ കാരണവർ പ്രാർത്ഥിച്ച ശേഷമാണ് കുടുംബത്തിലെ മറ്റു അംഗങ്ങൾക്ക് വിതരണം ചെയ്യുന്നത്. യേശു നാല്പത് ദിവസം നോമ്പ് നോറ്റു വീടിയത് പോലെ ക്രൈസ്തവരും നാൽപതു ദിവസം നോമ്പ് എടുക്കുകയും അത് പൂർത്തിയാക്കുകയും ചെയ്യുന്നു. പിന്നീടുള്ള പത്തു ദിവസങ്ങളിൽ യേശുവിന്റെ കഷ്ടാനുഭവത്തെയും അനുസ്മരിച്ചു കൊണ്ട് നോമ്പ് തുടരുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീക്ഷ്ണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.[1] കൊഴുക്കട്ടയ്ക്കുള്ളിൽ തേങ്ങയ്‌ക്കൊപ്പം ശർക്കരയോ പനം ശർക്കരയോ ചേർക്കുന്നു.

ഇന്നേ ദിവസം കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷിക്കുന്ന പതിവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. ലാസറിൻറെ ഭവനത്തിലെത്തിയ യേശുവിന് ലാസറിൻറെ സഹോദരിമാരായ മാർത്തയും മറിയവും തിടുക്കത്തിൽ മാവുകുഴച്ചുണ്ടാക്കിയ ഒരു വിഭവം കൊണ്ട് വിരുന്നു നൽകിയത്രേ. വലിയ വിരുന്നായ പെസഹായ്ക്കു മുൻപ് യേശു ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത് എന്ന് കരുതാം. ആ വിരുന്നിൻറെ ഓർമയാണ് അന്നേ ദിവസം കൊഴുക്കട്ടകൾ തയ്യാറാക്കുന്നതിൽ കൂടി അനുസ്മരിക്കുന്നത് എന്നതാണ് അവയിലൊന്ന്.[2] പീഡാനുഭവചരിത്രത്തിൽ യേശുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നതാണ് മറ്റൊരു അഭിപ്രായം.[3] യേശുവിനെ തൈലാഭിഷേകം നടത്താൻ ഭക്തസ്ത്രീകൾ കരുതിവച്ച സുഗന്ധദ്രവ്യങ്ങൾ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേർത്ത കൊഴുക്കട്ടയെന്നതാണ് ഇനിയുള്ളൊരു അഭിപ്രായം.[3]

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാസറിന്റെ_ശനി&oldid=3696699" എന്ന താളിൽനിന്ന് ശേഖരിച്ചത്