അത്തനാസിയൂസ്

(വിശുദ്ധ അത്താനാസിനോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രി.വ. നാലാം നൂറ്റാണ്ടിൽ (ജീവിച്ചിരുന്ന ക്രൈസ്തവ സഭാ പിതാവായിരുന്നു അത്തനേഷ്യസ് അഥവാ അത്തനാസിയൂസ് 396-373). ഇംഗ്ലീഷ്:Athanasius. ഈജിപ്തിൽ അലക്സാണ്ഡ്രിയയിലെ മെത്രാനായിരുന്നു അദ്ദേഹം. ദൈവശാസ്ത്രകാരൻ, നാലാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഈജിപ്ഷ്യൻ നേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. യേശു ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച്, യേശുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടന്ന നീണ്ട തർക്കങ്ങളിലെ കേന്ദ്രനായകനായിരുന്നു അദ്ദേഹം. വിവാദനായകനും സ്വന്തം ജീവിതകാലത്തു ഒട്ടേറെ വിമർശനങ്ങൾക്കു പാത്രവുമായിരുന്നുവെങ്കിലും, പിൽക്കാലങ്ങളിൽ ക്രിസ്ത്വവതാരത്തെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ നിലപാടുകൾക്ക് സഭയിൽ പൂർണ സ്വീകാര്യത കിട്ടിയതു മൂലം ഇന്ന് അദ്ദേഹത്തെ വിശ്വാസത്തിന്റെ വലിയ രക്ഷകനെന്ന് മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഘോഷിക്കുന്നു. [അവലംബം ആവശ്യമാണ്]

അൽക്സാണ്ഡ്രിയയിലെ വിശുദ്ധ അത്തനേഷ്യസ് (അത്തനാസിയൂസ്) പാപ്പാ
വിശുദ്ധ അത്തനേഷ്യസിന്റെ ഐക്കൺ
അലക്സാണ്ഡ്രിയയിലെ പാപ്പ, സഭാപണ്ഡിതൻ
ജനനം293-ന്‌ അടുത്ത്
അലക്സാണ്ഡ്രിയ, ഈജിപ്റ്റ്
മരണം373 മേയ് 2
അലക്സാണ്ഡ്രിയ, ഈജിപ്റ്റ്
വണങ്ങുന്നത്ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, പൗരസ്ത്യ ഓർത്തഡോക്സ് സഭ റോമൻ കത്തോലിക്കാ സഭ, ലൂഥറൻ സഭ, ആംഗ്ലിക്കൻ സഭകൾ
പ്രധാന തീർത്ഥാടനകേന്ദ്രംഈജിപ്തിലെ കെയ്റോയിലുള്ള സെന്റ് മാർക്ക് കോപ്റ്റിക്ക് ഓർത്തഡോക്സ് കത്തീഡ്രൽ
ഇറ്റലിയിലെ വെനീസിലുള്ള San Zaccaria
ഓർമ്മത്തിരുന്നാൾമെയ് 15 = 7 Pashons, 89 A.M. (Coptic)
മെയ് 2 (പാശ്ചാത്യം)
ജനുവരി 18 (ബൈസന്റ്റൈൻ)
പ്രതീകം/ചിഹ്നംbishop arguing with a pagan; bishop holding an open book; bishop standing over a defeated heretic

ബാല്യം, യൗവനം

തിരുത്തുക

വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന അത്തനാസിയൂസിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. തനിക്കു മുൻപ് അലക്സാൻഡ്രിയയിലെ മെത്രാനായിരുന്ന അലക്സാൻഡർ വളരെ ചെറുപ്പത്തിലെ, പ്രതിഭാശാലിയും, തീക്ഷ്ണനും ധീരനുമായിരുന്ന അത്തനാസിയൂസിനെ ശ്രദ്ധിക്കാൻ തുടങ്ങി എന്ന് കരുതപ്പെടുന്നു. ക്രി.വ. 319 ൽ അന്നത്തെ പാത്രിയാർക്കീസ് അത്തനാസിയൂസിനെ ദിയാക്കോനായി നിയമിച്ചു. താമസിയാതെ അദ്ദേഹം അലക്സാണ്ഡറുടെ സചീവനായി ഉയർത്തപ്പെട്ടു. നിഖ്യാ സൂനഹദോസിൽ അദ്ദേഹവും പങ്കെടുത്തു.

നിഖ്യാ സൂനഹദോസിൽ

തിരുത്തുക

ദൈവസ്വഭാവത്തിൽ പിതാവായ ദൈവത്തിനു യേശു സമനല്ലെന്നും, പിതാവിന്റെ സൃഷ്ടിയായിരിക്കുകയാൽ, പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നുമുള്ള നിലപാട് അരിയൂസ് എന്നൊരാൾ പഠിപ്പിച്ചു തുടങ്ങിയപ്പോൾ, അലക്സാണ്ഡർ അതിനെ എതിർത്തു. ഇതു ഒരു വലിയ വിവാദ വിഷയമായി മാറി. റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ, ക്രിസ്തുമതത്തിന് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള ക്രി.വ. 313-ലെ വിളംബരം (Edict of Milan) ഇറക്കി അധിക കാലം കഴിയുന്നതിനു മുൻപായിരുന്നു ഇത്. ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകർത്തെങ്കിലോ എന്നു ഭയന്ന ചക്രവർത്തി, തർക്കം പരിഹരിക്കാനായി തന്റെ തലസ്ഥാനമായിരുന്ന കോൺസ്റ്റന്റിനോപ്പിളിനു സമീപം ബോസ്പോറസ് കടൽപ്പാതക്ക് മറുകരയുള്ള നിഖ്യായിൽ ക്രി.വ. 325 ൽ ക്രിസ്തുമത നേതാക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചു ചേർത്തു. ഇത് ഒന്നാം നിഖ്യാ സൂനഹദോസ് എന്ന പേരിൽ അറിയപ്പേടുന്നു. സൂനഹദോസ്, അരിയൂസിന്റെ നിലപാടിനെ തിരസ്കരിക്കുകയും യേശു പിതാവിനോടു കൂടി ഏക സത്ത(Homoousios) യായിരിക്കുന്ന പുത്രനായ ദൈവമാണെന്ന നിലപാട് അംഗീകരിക്കുകയും ചെയ്തു.

മെത്രാൻ സ്ഥാനത്തേക്ക്

തിരുത്തുക

നിഖ്യാ സൂനഹദോസിൽ അന്നു ഒരു ശമ്മാശ്ശൻ മാത്രമായിരുന്ന അത്തനാസിയൂസ്, അലക്സാൻഡ്റിനൊപ്പം പങ്കെടുക്കുകയും പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സൂനഹദോസ് കഴിഞ്ഞ് ഏറെ കഴിയുന്നതിനു മുൻപ് അലക്സാൻഡർ മരിച്ചതിനെ തുടർന്നു അത്തനാസിയൂസ് അലക്സാൻഡ്രിയയിലെ മെത്രാനായി. വിവാദങ്ങൾ നിഴൽ വീഴ്ത്തിയ പിന്തുടർച്ചയായിരുന്നു ഇത്. മെത്രാനായി അഭിഷിക്തനാകുമ്പോൾ അത്തനാസിയൂസിന്, സഭാ നിയമം അനുശാസിക്കുന്ന 30 വയസ്സു കഴിഞ്ഞിരുന്നില്ല എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്.

വിവാദങ്ങൾക്കു നടുവിൽ

തിരുത്തുക

നിഖ്യായിൽ അരിയൂസിന്റെ നിലപാടുകൾ തിരസ്കരിക്കപ്പെട്ടുവെന്നു തൊന്നിയെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ആരിയനിസം പല പുതിയ രൂപങ്ങളിലും അവതരിക്കപ്പെടാൻ തുടങ്ങിയപ്പോൾ അതിനെ എതിർക്കുന്നവരിൽ മുൻപനായി നിലകൊണ്ട അത്തനാസിയൂസ് ഒന്നിനു പുറകേ ഒന്നായി വിവാദങ്ങളിലേക്കു വലിച്ചെറിയപ്പെട്ടു. രാഷ്ട്രീയമായ താത്പര്യങ്ങൾക്കു മുൻതൂക്കം നൽകിയ കോൺസ്റ്റന്റൈനും പിൻഗാ‍മികളും ആരിയനിസത്തോടുള്ള തങ്ങളുടെ നിലപാട് ഇടക്കിടെ മാറ്റിക്കോണ്ടിരുന്നു. കോൺസ്റ്റന്റൈന്റെ സഹോദരിയടക്കം കൊട്ടാരത്തിലെ പലരും ആരിയൂസിനെ പിന്തുണക്കാനുണ്ടായിരുന്നതും, ഇടക്ക് ക്രിസ്തുമതത്തെത്തന്നെ തിരസ്കരിച്ച് പഴയ ബഹുദൈവ വിശ്വാസത്തിൽ അഭയം കണ്ടെത്തിയ ജൂലിയൻ (ക്രൈസ്തവചരിത്രകാരന്മാരുടെ ഭാഷയിൽ, വിശ്വാസം ത്യജിച്ച ജൂലിയൻ - Julian the Apostate) ചക്രവർത്തിപദത്തിലെത്തിയതും പ്രശ്നം സങ്കീർണമാക്കി. ആരിയൂസിനും കൂട്ടർക്കും കല്പിച്ച ബഹിഷ്കരണം പിൻവലിക്കാനോ മറ്റേതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിനോ അത്തനാസിയൂസ് തയ്യാറായില്ല. യേശുവിന്റെ ദൈവസ്വഭാവത്തിന്റെ പൂർണതയെ ചോദ്യം ചെയ്തവരുമായി ഒരു തരത്തിലുമുള്ള ഒത്തുതീർപ്പിനില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ ചക്രവർത്തിമാരുടെ അപ്രീതിക്കു പത്രമായ അത്തനാസിയൂസ് സ്വയം പലവട്ടം അലക്സാൻഡ്രിയയിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടു. ഈജിപ്തിൽ അത്തനാസിയൂസ് വളരെ ജനസമ്മതനായിരുന്നു. ഈ വിവാദത്തിൽ കോൺസ്റ്റാന്റിനോപ്പിളും ഏഷ്യയും ആരിയൂസിനെ പിന്തുണച്ചെങ്കിലും ഈജിപ്തിലെ ജനങ്ങൾ അത്തനാസിയൂസിനൊപ്പം ഉറച്ചു നിന്നു.[1]

അക്കാലങ്ങളിലെ അദ്ദേഹത്തിന്റെ ജീവിതകഥ തന്നെ നാടുകടത്തപ്പെടലിന്റേയും തിരിച്ചു വരവിന്റേയും ഒരു പരമ്പരയായി തോന്നും. ആ പരമ്പരക്കിടയിലെ തിരിച്ചുവരവുകളിലൊന്നിൽ, താരതമ്യേനയുള്ള പ്രശാന്തതയിൽ അദ്ദേഹം ക്രി.വ.373-ൽ മരിച്ചു.

വിലയിരുത്തൽ, വിമർശനം

തിരുത്തുക

താൻ പങ്കെടുത്ത ആശയ സംവാദങ്ങളിൽ അത്തനാസിയൂസിന്റെ ശൈലി പ്രതിപക്ഷബഹുമാനമോ സഹിഷ്ണുതയോ ഉള്ളതായിരുന്നില്ല എന്നു പരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. സഭാപിതാവെന്ന നിലയിൽ തന്റെ മുൻ ഗാമിയായിരുന്ന ഒരിജനും പിൻപേ വന്ന കപ്പദോച്ചിയൻ പിതാക്കന്മാരും അഗസ്റ്റിനും ചെയ്തതു പോലെ, വാദങ്ങളെ യുക്തിസഹമായ മറുവാദങ്ങൾ കൊണ്ടു മാത്രമല്ല അദ്ദേഹം എപ്പോഴും നേരിട്ടത്. [2] ക്രൈസ്തവസഭകളിൽ ഇടക്കാലങ്ങളിൽ കടന്നു കൂടിയ അസഹിഷ്ണുതയുടെ ഒരു പ്രധാന പങ്ക് അത്തനാസിയൂസിൽ നിന്നു കിട്ടിയതാണെന്നു ആരോപിക്കപ്പെട്ടിട്ടുണ്ട്.


സ്വന്തം ജീവിതകാലത്തു വിവാദനായകനും ഒട്ടേറെ വിമർശനങ്ങൾക്കു പാത്രവുമായിരുന്നുവെങ്കിലും, പിൽക്കാലങ്ങളിൽ ക്രിസ്ത്വവതാരത്തെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ നിലപാടുകൾക്ക് സഭയിൽ പൂർണ സ്വീകാര്യത കിട്ടിയതു മൂലം ഇന്ന് അദ്ദേഹത്തെ വിശ്വാസത്തിന്റെ വലിയ രക്ഷകനെന്ന് മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഘോഷിക്കുന്നു.

നുറുങ്ങുകൾ

തിരുത്തുക
  • വലിയ ക്രൈസ്തവതാപസനായിരുന്ന ഈജിപ്തിലെ അന്തോനീസിന്റെ(ക്രി.പി. 251-356)ഏറ്റവും അറിയപ്പെടുന്ന ജീവചരിത്രം അത്തനാസിയൂസ് എഴുതിയാണ് എന്നു പറയപ്പെടുന്നു. [3]
  • പുതിയനിയമത്തിലെ ഇന്നു അംഗീകരിക്കപ്പെടുന്ന 27 ഗ്രന്ഥങ്ങളുടെ പട്ടിക അതേ രൂപത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ടു കാണുന്നത്, ക്രി.പി. 367-ൽ അത്തനാസിയൂസ് തന്റെ അധികാരസീമയിലുള്ള പള്ളികൾക്കു എഴുതിയ ഈസ്റ്റർ സന്ദേശത്തിലാണ്. [4]
  • ക്രിസ്തുമതത്തിന്റെ മുഖ്യധാരയിൽപെടുന്ന വിഭാഗങ്ങളെല്ലാം അംഗീകരിക്കുന്ന വിശ്വാസപ്രമാണത്തിന്റെ പാഠഭേദങ്ങളിലൊന്ന് അത്തനാസിയൂസിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, "അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം" അദ്ദേഹം എഴുതിയതല്ല എന്നാണ് ഇന്നത്തെ പണ്ഡിതമതം. [5]
  • അത്തനാസിയൂസിന്റെ സംഭവ ബഹുലമായ ജീവിതത്തിൽ പല നാടകീയ മുഹൂർത്തങ്ങളും കണ്ടെത്തനാകും. ഒരിക്കൽ നായാട്ടു കഴിഞ്ഞ് കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തിക്കു മുൻപിൽ അപ്രതീക്ഷിതമായി ചാടിവീണ്, തനിക്ക് നീതി ലഭ്യമാക്കിത്തരണം എന്നു അദ്ദേഹം ആവശ്യപ്പെട്ട കഥ പ്രസിദ്ധമാണ്.[6]
  1. Bertrand Russel: A History of Western Philosophy: Chapter, First Four Centuries of Christianity
  2. Athanasius, that great fourth century doctor of Church known for his dogged opposition to the 'heresy' Arianism, is said to have called its followers devils, Antichrists, maniacs, Jews, polytheists, atheists, dogs, wolves, lions, hares, chameleons, hydras, eels, cuttlefish, gnats, beetles and leeches. (ഡോ. രാധാകൃഷ്ണന്റെ Eastern Religions and Western Thought എന്ന പുസ്തകത്തിൽ, എ.പി. സ്റ്റാൻലിയുടെ പൗരസ്ത്യസഭയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയിൽ നിന്നു ഉദ്ധരിച്ചിരിക്കുന്നത് - പുറം 325).
  3. <http://www.fordham.edu/halsall/basis/vita-antony.html
  4. http://www.christianodyssey.com/history/athanasius.htm
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-17. Retrieved 2007-12-26.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-09. Retrieved 2007-12-25.
"https://ml.wikipedia.org/w/index.php?title=അത്തനാസിയൂസ്&oldid=3991116" എന്ന താളിൽനിന്ന് ശേഖരിച്ചത്