വാഗ്‌ഭടാനന്ദൻ

കേരളത്തിലെ ഒരു നവോത്ഥാന നായകൻ
(വാഗ്‌ ഭടാനന്ദ ഗുരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണു് വാഗ്ഭടാനന്ദൻ / വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ (ജീവിതകാലം: 1885 ഏപ്രിൽ 27 - 1939 ഒക്ടോബർ 29). വാഗ്ഭടാനന്ദ ഗുരു എന്നപേരിലും ചിലർ വിളിച്ചിരുന്ന വാഗ്ഭടാനന്ദൻ മലബാറിലെ ഒരു പ്രാധാന സാമൂഹിക പരിഷ്‌കർത്താവാണ്. ഹിന്ദു മതത്തിനുള്ളിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയാണ് ഇല്ലായ്മ ചെയ്ത്, അതിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കാലത്തിനനുസരിച്ച് പരിഷ്കരിക്കരിക്കാൻ ശ്രമിച്ച ഒരു വ്യക്തികൂടിയാണ് വാഗ്ഭടാനന്ദൻ.[2]

വാഗ്‌ഭടാനന്ദൻ
ജനനം(1885-04-27)ഏപ്രിൽ 27, 1885[1]
മരണംഒക്ടോബർ 29, 1939(1939-10-29) (പ്രായം 54)
തൊഴിൽസാമൂഹ്യ പരിഷ്കർത്താവ് , നവോത്ഥാനനായകൻ

ജീവിതരേഖ

തിരുത്തുക

വാഗ്‌ഭടാനന്ദ ഗുരു (ശരിയായ പേര് കുഞ്ഞികണ്ണൻ ഗുരുക്കൾ) ജനിച്ചത് 1885 ൽ (കൊല്ലവർഷം 1060 മേടം 14) കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരി എന്ന ഒരു തീയ്യർ തറവാട്ടിലായിരുന്നു. മാതാപിതാക്കൾ: കോരൻ ഗുരുക്കൾ; ചീരു അമ്മ. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്നതായിരുന്നു പൂർവ്വാശ്രമത്തിലെ പേര്‌.[3]സംസ്കൃത പണ്ഡിതനായ അച്ഛനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പാരമ്പത്ത് രൈരുനായർ , എം കോരപ്പൻ ഗുരുക്കൾ എന്നിവരിൽനിന്ന് തർക്കത്തിലും വ്യാകരണശാസ്ത്രത്തിലും ഉപരിപഠനം.[2] 1905ൽ കോഴിക്കോട്ടെത്തിയ വി കെ ഗുരുക്കൾ , ഡോ. അയ്യത്താൻ ഗോപാലൻറെ പ്രവർത്തനങ്ങളിൽ ആകൃഷ്ഠനായി, ബ്രഹ്മസമാജത്തോടോപ്പം ചേർന്നു പ്രവർത്തിച്ചു. ബ്രഹ്മസമാജ പ്രാർത്ഥനകൾക്കായി കീർത്തനങ്ങളും ഡോ. അയ്യത്താൻ ഗോപാലന്റ പത്നിയായിരുന്ന കൗസല്യഅമ്മാളിൻ്റെ ജീവചരിത്രവും രചിച്ചു. ജാതിയും, അനാചാരവും നിഷേധിച്ച വായത്തസ്വാമികളും സ്വാധീനമായി.1906 ൽ കോഴിക്കോട്ട് എത്തുകയും 'ആത്മപ്രകാശിക' എന്ന പേരിൽ ഒരു സംസ്കൃത വിദ്യാലയം ആരംഭിക്കുകയും ചെയ്തു.[2] മലബാറിൽ സംസ്കൃതഭാഷയെ ജനകീയമാക്കുന്നതിൽ മുൻകൈയെടുത്തു. കേരളത്തിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിരിടുന്നതോടൊപ്പം ഭാരതീയ തത്ത്വചിന്തയുടെ ആധാരമായ 'അദ്വൈത'ദർശനത്തെ സാധാരണ ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ അവതരിപ്പിച്ച് മനുഷ്യനെ മനുഷ്യനാക്കി മാറ്റുകയെന്ന അതിസാഹസികമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്.[2]

1914 മാർച്ചിൽ 'ശിവയോഗി വിലാസം' മാസിക ആരംഭിച്ചു. പിന്നീട് 1920 ൽ തിരുവിതാംകൂറിലും മലബാറിലും 'ആത്മവിദ്യാസംഘം' അദ്ദേഹം സ്ഥാപിച്ചു, ഇതിലൂടെ മതപരിഷ്കരണമായിരുന്നു മുഖ്യലക്ഷ്യം.[2] 'ഐക്യനാണയസംഘം' എന്ന പേരിൽ ഒരു ബാങ്കും വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. അതിന് ശേഷം 1921 ൽ ആത്മവിദ്യാസംഘം 'അഭിനവ കേരളം' എന്ന മുഖപത്രം തുടങ്ങി. അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അവസാനം വരെ ശ്രമിച്ചത്.

അദ്ദേഹത്തിന്റെ വാഗ്മി കഴിവുകൾ കണ്ട് ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയാണ് അദ്ദേഹത്തെ "വാഗ്‌ഭടാനന്ദൻ" എന്ന് നാമകരണം ചെയ്തത്. പിന്നീട് ശിവയോഗിയുടെ ചില വീക്ഷണങ്ങളോട് വിയോജിച്ചുകൊണ്ട് അദ്ദേഹം സ്വന്തം പ്രവർത്തനങ്ങൾ ആരംഭിച്ചു. 1911ൽ കോഴിക്കോട് കല്ലായിയിൽ രാജയോഗാനന്ദ കൗമുദിയോഗശാല സ്ഥാപിച്ചു.

കടത്തനാട്ട് അദ്ദേഹം നടത്തിയ പോരാട്ടം ഏറ്റുമാറ്റ് പോലുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. ശിഷ്യനായ മണൽത്താഴ രാമോട്ടി അവർണർക്ക് കുളിക്കാൻ പുതുപ്പണത്ത് പൊതുകുളമുണ്ടാക്കി. 1931ൽ ഈ കുളത്തിനടുത്ത് നടത്തിയ പ്രഭാഷണ പരമ്പരയോടെയാണ് കുട്ടിച്ചാത്തൻ കാവുകളിൽ ജന്തുബലി ഇല്ലാതായത്.

മനുഷ്യൻ അറിവുനൽകാൻ പാഠശാലകൾ, ആശയരൂപവത്കരണത്തിനും ആശയ സംവാദങ്ങൾക്കും പ്രബോധന സംഘടന, ആശയവിനിമയത്തിന് പത്രസ്ഥാപനങ്ങൾ, മേലാളരുടെ അടിമത്തത്തിൽനിന്നും മോചനം നേടാനും ഇഷ്ടപ്പെട്ട തൊഴിൽ ചെയ്ത് ജീവിക്കാനും സാമ്പത്തിക സ്വാശ്രയത്വത്തിനും പരസ്പരസഹായ സഹകരണ സംഘങ്ങൾ, പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും ഹൃദ്യമാവുന്ന പ്രാർഥനകളും ധ്യാനരീതികളും തുടങ്ങി ആത്മീയാചാര്യൻ, കവി, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, തൊഴിലാളി സംരക്ഷകൻ, വിമർശകൻ, തത്ത്വചിന്തകൻ എന്നിങ്ങനെ വാഗ്ഭടാനന്ദനെ ചികഞ്ഞാൽ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. ഗാന്ധിയൻ ആശയങ്ങളെ സ്വീകരിച്ചുകൊണ്ട് അറിവിന്റെ ആഴങ്ങളിൽനിന്നുള്ള വാക്ചാതുരിയുടെ മുന്നിൽ എതിർത്തവരെ മുഴുവൻ അടിയറവുപറയിച്ച വിജ്ഞാന പോരാളി. 1885-ൽ ജനിച്ച് 1939-ൽ സമാധി വരെയുള്ള ചെറിയ കാലഘട്ടത്തിൽ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ അദ്ദേഹം വലിയ സംഭാവനകൾ നടത്തി :-മാതൃഭൂമി കടപ്പാട്.

ആത്മവിദ്യാസംഘം

തിരുത്തുക

1917 -ൽ ഇദ്ദേഹം ആത്മവിദ്യാ സംഘം സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും അനാചാരങ്ങൾക്ക് എതിരെയും പോരാട്ടമാണ് വാഗ് ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്. കറപ്പയിൽ കണാരൻ മാസ്റ്റർ, കുന്നേത്ത് കുഞ്ഞേക്കു ഗുരിക്കൾ, പാലേരി ചന്തമ്മൻ, വണ്ണാത്തിക്കണ്ടി കണ്ണൻ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകർ. സാമൂഹിക പരിഷ്കരണത്തിനായി പ്രവർത്തിച്ച ഈ സംഘടനക്കെതിരെ ജന്മിമാർ ഒന്നിക്കുകയും സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്കൂളിൽ പോലും കയറ്റാതായി.[2] ഇതിനെതിരായി സംഘം 1924ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്കൂൾ എന്ന വിദ്യാലയമാരംഭിച്ചു. ഊരാളുങ്കൽ ഐക്യനാണയസംഘം എന്നൊരു കാർഷക ബാങ്ക് കൂടി ഇവർ ആരംഭിച്ചു. ഐക്യനാണയസംഘമാണ് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്. ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കൾ മുതൽ പതിനാലു പേർ ഒരു രൂപ ഓഹരിയെടുത്ത് ആരംഭിച്ച സംഘമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റികളിലൊന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യുഎൽസിസിഎസ്).1921ൽ ആത്മവിദ്യാസംഘം മുഖപത്രമായി "അഭിനവകേരളം" തുടങ്ങി.നടാപുരം റോഡിലെ സമ്പന്ന കുടുംബമായ പാലേരി കുടുംബം ആത്മവിദ്യാ സംഗത്തെ (സ്വയം ബോധവത്കരണ വിദ്യാലയം) പിന്തുണച്ചു. പാലേരി ചന്ദമ്മൻ നടാപുരം റോഡിൽ, വടകരയിൽ ഒരു വിദ്യാലയവും ഒരു മഠവും ആരംഭിച്ചു.



വാഗ്ഭടാനന്ദന്റെ ചില വരികൾ

"അഭിനവ കേരളം", "ആത്മവിദ്യാകാഹളം", "ശിവയോഗി വിലാസം" ,"ഈശരവിചാരം" തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അഞ്ചു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

നേതാക്കൾ (കേരള നവോത്ഥാന പ്രസ്ഥാനം):

തിരുത്തുക
  1. കൊല്ലവർഷം 1060 മേടം 14-ന്റെ ഗ്രിഗോറിയൻ തീയതി
  2. 2.0 2.1 2.2 2.3 2.4 2.5 Kurup, K. K. N. (September 1988). "Peasantry and the Anti-Imperialist Struggles in Kerala". Social Scientist. 16 (9): 35–45. JSTOR 3517171.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-03. Retrieved 2012-03-25.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാഗ്‌ഭടാനന്ദൻ&oldid=4088050" എന്ന താളിൽനിന്ന് ശേഖരിച്ചത്