പി. പൽപ്പു

കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാള്‍

ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച[1][2] കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു (പത്മ‌നാഭൻ പല്പു എൽ.എം.എസ്., ഡി.പി.എച്ച്. (കാന്റർബറി) എഫ്.ആർ.ഐ.പി.എച്ച്. (ലണ്ടൻ) ജനനം: 1863 നവംബർ 2-മരണം: 1950 ജനുവരി 25. ഡോക്ടറും ബാക്ടീരിയോളജി വിദഗ്ദ്ധനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭൻ പല്പു. ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രവർത്തനങ്ങളിലൂടെയാണ്‌ കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്ധ്യനേതാവായിത്തീർന്നത്. റിട്ടി ലൂക്കോസ് ഇദ്ദേഹത്തെ ഈഴവരുടെ രാഷ്ട്രീയ പിതാവ് ("political father") എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 1903-ൽ ഇദ്ദേഹം ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.[3]

പി. പൽപ്പു


ജീവ ചരിത്രംതിരുത്തുക

ബാല്യകാലംതിരുത്തുക

ഡോ. പത്മനാഭൻ പൽപു എന്ന ഡോ. പൽ‌പു 1863 നവംബർ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ (പഴയ തിരുവിതാംകൂർ) പേട്ടയിൽ.[4] സ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തിൽ ജനിച്ചു. അച്ഛൻ ഭഗവതീ പത്മനാഭൻ തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ച ഒരാളായിരുന്നു. വിദ്യാഭ്യാസത്തിലും സാമർത്ഥ്യത്തിലും മുൻപിലായിരുന്ന അദ്ദേഹത്തിന്‌ അവർണ്ണൻ[5][6] എന്ന ഒറ്റ കാരണത്താൽ പല ഉന്നതോദ്യോഗത്തിൽ നിന്നും വിലക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഈഴവർ അക്കാലത്ത് പൊതുവിൽ കള്ളുചെത്തൽ പോലുള്ള ജോലികളാണ് ചെയ്തിരുന്നതെങ്കിലും ചിലർ വൈദ്യവൃത്തിയും ചെയ്തിരുന്നു.[7] അമ്മ അയിക്കരവിളാകം തോപ്പിൽ വീട്ടിൽ മാതപ്പെരുമാൾ സ്നേഹസമ്പന്നയും ഈശ്വരഭക്തയും ആയിരുന്നു. ശ്രീനാരായണഗുരു തിരുവനന്തപുരത്ത് സഞ്ചരിച്ചിരുന്ന കാലത്ത് പല്പുവിനേയും കുടുംബത്തേയും സന്ദർശിക്കാറുണ്ടായിരുന്നു.

അച്ഛൻ തന്നെയായിരുന്നു പല്പുവിന്റെ ആദ്യഗുരു. മണലിൽ എഴുത്ത് പഠിച്ച ശേഷം അഞ്ചാമത്തെ വയസ്സിൽ 1868 ൽ രാമൻപിള്ള ആശാന്റെ കീഴിൽ എഴുത്തിനിരുന്നു. പഠിത്തത്തിൽ പല്പു സമർത്ഥനായിരുന്നു. 1875 ജൂലൈയിൽ പല്പു എ. ജെ. ഫെർണാണ്ടസ് എന്ന സായിപ്പിന്റെ കീഴിൽ വിദ്യാർത്ഥിയായി. എന്നാൽ കുടുംബം അക്കാലങ്ങളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും നേരിടേണ്ടി വന്നു. 1878 മാർച്ച് മാസത്തിൽ മൂന്നാം ഫോറത്തിൽ പ്രവേശിക്കാനുള്ള പരീക്ഷ അദ്ദേഹം വിജയിച്ചു. അതനുസരിച്ച് തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളിൽ പ്രവേശിച്ചു. ജ്യേഷ്ഠൻ വേലായുധനും അദ്ദേഹത്തോടൊപ്പം അവർണ്ണർക്കായി നീക്കിയിട്ടിരുന്ന ബെഞ്ചിലിരുന്ന് പഠിച്ചു. ഫെർണാണ്ടസ് സായിപ്പ് പല്പുവിന്റെ അവസ്ഥ കണ്ട് ഒരു നേരത്തെ ഭക്ഷണം നൽകി സഹായിച്ചു. 1883 ൽ മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. എന്നാൽ ജ്യേഷ്ഠൻ വേലായുധൻ ഉപരിപഠനത്തിനായി എഫ്.എ.ക്ക് ചേർന്നതിനാലുണ്ടായ സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാൻ പല്പു കോളേജിൽ ചേർന്നില്ല. എന്നാൽ, ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വാദ്ധ്യാരായി ഇടക്ക് ജോലി ചെയ്ത് പല്പു ചെലവിനുള്ള തുക കണ്ടെത്തുകയും അടുത്ത വർഷം 1884 ൽ കോളേജിൽ ചേരുകയും ചെയ്തു. അങ്ങനെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി.

വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂർ സർക്കാർ നടത്തിയ പരീക്ഷയിൽ നാലാമനായി എത്തിയെങ്കിലും സംസ്ഥാനത്തെ ജാതി വ്യവസ്ഥയുടെ ഫലമായി അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. വയസ് അധികമായിരുന്നു എന്നാണ് അതിനു കാരണമായി കാണിച്ചത്. എന്നാൽ ഹതാശനാകാതെ പല്പു മദ്രാസ് മെഡിക്കൽ കോളേജിൽ ‍ചേർന്നു.

ഉദ്യോഗംതിരുത്തുക

പഠനം പൂർത്തിയാക്കി തിരുവിതാംകൂർ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ച അദ്ദേഹത്തിനു ജാതീയ കാരണങ്ങളാൽ ജോലിയും നിഷേധിക്കപ്പെട്ടു[8]. തുടർന്ന് അദ്ദേഹം മൈസൂർ സർക്കാരിന്റെ കീഴിൽ ഒരു ഭിഷഗ്വരനായി സേവനം തുടങ്ങി..[7][9] മാസം 100 രൂപാ ശമ്പളത്തിലായിരുന്നു ആദ്യത്തെ ജോലി. ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അത്. എന്നാൽ, വാക്സിന് ഗുണനിലവാരമില്ല എന്ന പേരിൽ സർക്കാർ സ്ഥാപനം അടച്ചു. തുടർന്ന്, ബാംഗ്ലൂരിൽ മൈസൂർ സർക്കാരിന്റെ കീഴീൽ ഒരു പുതിയ വാക്സിൻ നിർമ്മാണശാല തുടങ്ങിയപ്പോൾ പല്പു അതിന്റെ മേൽനോട്ടക്കാരനായി നിയമിതനായി. എന്നാൽ മേലുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരം മൂലം ആ സ്ഥാപനത്തിനും പഴയ സ്ഥിതി വന്നു ചേർന്നു. മൈസൂർ സർക്കാരിന്റെ കീഴിൽ സീനിയർ സർജനായി ജോലി ചെയ്തിരുന്ന ഡോ. ബെൻസന്റെ ആവശ്യപ്രകാരം വീണ്ടും ഒരു വാക്സിൻ നിർമ്മാണശാല തുടങ്ങുകയും അതിൽ പല്പുവിന്റെ സേവനം ലഭ്യമാക്കുകയും ചെയ്തു. കുറച്ചു കാലത്തിനുശേഷം ഡോ. ബെൻസൻ വിരമിച്ചപ്പോൾ പുതിയ ഉദ്യോഗസ്ഥൻ വരികയും അദ്ദേഹത്തിന് വാക്സിൻ നിർമ്മാണത്തിൽ താല്പര്യം കുറയുകയും സ്ഥാപനം നിർത്തുകയും ചെയ്തു. തുടർന്ന് പല്പുവിനെ മറ്റു ജോലികളിൽ നിയോഗിച്ചു.

എന്നാൽ, തന്റെ സ്ഥിരോത്സാഹം മൂലം സർക്കാരിന് ലഭിച്ച വരുമാനത്തിന്റെ നീക്കിയിരിപ്പിൽ 120 രൂപ ലിംഫ് ശേഖരണത്തിനായി ഡോ. പല്പു അനുവദിച്ചെടുത്തു. അദ്ദേഹം കന്നുകുട്ടികളെ വാങ്ങി വാക്സിൻ നിർമ്മാണം ആരംഭിച്ചു. അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി. താമസിയാതെ സർക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിക്കുകയും ലിംഫ് നിർമ്മാണത്തിന് കൂടുതൽ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറംരാജ്യങ്ങളിലേക്കെല്ലാം കയറ്റി അയക്കപ്പെടാനും ഗുണനിലവാരം പുലർത്തുന്നതിനുള്ള വിജ്ഞാപനം ലഭിക്കാനും ഇടയായി.[10]

ഇതിനിടക്ക് സർക്കാരിന് മെമ്മോറിയലുകളും മറ്റും അയച്ച് മദ്രാസ് സർക്കാർ സ്കൂളുകളിലും തസ്തികകളിലും താണജാതിക്കാരെക്കൂടി പ്രവേശിപ്പിക്കാൻ ഡോ. പല്പുവിന് കഴിഞ്ഞിരുന്നു.

താമസിയാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിൻ നിർമ്മിക്കനുള്ള പദ്ധതിയുടെ ചുമതല പല്പുവിനെ ഏൽപ്പിക്കപ്പെട്ടു. അങ്ങനെ വിദേശരാജ്യത്ത് ഉപരിപഠനം നടത്താനുള്ള സാധ്യത തെളിഞ്ഞു. എന്നാൽ കുത്സിതബുദ്ധിക്കരായ ചില മേലുദ്യോഗസ്ഥരുടെ ഇടപെടൽ മൂലം അതെല്ലാം നഷ്ടമായി. ഡോ. പല്പുവിനെ ജോലിയിൽ തരം താഴ്തുകയും മറ്റു രീതിയിൽ വാക്സിൻ ഉണ്ടാക്കാൻ അവർ ആരംഭിക്കുകയും ചെയ്തു. എന്നാൽ ആ രീതികൾക്ക് പല അപാകതകളും ഉണ്ടായിരുന്നതിനാൽ ജനങ്ങളുടെ പരാതി വർദ്ധിച്ചു വന്നു. താമസിയാതെ സർക്കാർ പല്പുവിനെ തിരിച്ചു വിളിച്ചു. പല്പു പുതിയ രീതി നിർത്തലാക്കി തനതായ രീതിയിൽ വാക്സിൻ നിർമ്മാണം പുനരാരംഭിച്ചു. ജനങ്ങളുടെ പരാതി കുറഞ്ഞു. എന്നാൽ വീണ്ടും മേലുദ്യോഗസ്ഥർ പല്പുവിനെ പ്ലേഗ് ബാധയുടെ ചുമതാലയേല്പിച്ചു. 1894 മുതൽ 98 വരെയുള്ള കാലയളവിൽ ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി, മെഡിക്കൽ സ്റ്റോർ തുടങ്ങിയവയുടെ ചുമതലയും പല്പുവിന് ലഭിച്ചു.

1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും തൃണവൽകരിച്ചുകൊണ്ട് അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു. പൽപ്പുവിന്റെ സീനിയർമാരായിരുന്ന ഡോക്ടർമാർ പ്ലേഗിനെ ഭയന്ന് സേവനരംഗത്തുനിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത് ഡോക്ടർ പൽപ്പുവായിരുന്നു പ്ലേഗ് നിവാരണത്തിനുള്ള സ്‌പെഷ്യൽ ഓഫീസർ. മൈസൂരുവിലെ പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായിരുന്നു അദ്ദേഹം. സ്വന്തം ജീവൻപോലും അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്ലേഗ് രോഗം ബാധിച്ചവരെ പരിചരിക്കാൻ അദ്ദേഹം തയ്യാറായി. മരണപത്രം നേരത്തേ കൂട്ടി ഒപ്പിട്ട് അധികാരികൾക്ക് സമർപ്പിച്ചിട്ടാണ് അദ്ദേഹം കർമനിരതനായത്. പ്ലേഗ് ക്യാമ്പിൽ ദിനംപ്രതി ശരാശരി അമ്പത് വീതം മരണമുണ്ടായിരുന്നു. ചില ദിവസങ്ങളിൽ നൂറ്റമ്പത് മരണംവരെ ഉണ്ടായിട്ടുണ്ട്. ബെംഗളൂരുവിൽ മാത്രം പതിനയ്യായിരം പേരാണ് പ്ലേഗ് മൂലം മരണമടഞ്ഞത്. ഡോ. പൽപ്പുവിന്റെ ക്യാമ്പിൽനിന്ന് നോക്കിയാൽ എട്ട് ശ്മശാനങ്ങളിൽ രാപകൽ ദേദമെന്യേ ശവം കത്തിക്കൊണ്ടിരിക്കുന്നത് കാണാമായിരുന്നു. [11]ഡോ. പൽപ്പു നാട്ടിലുള്ള തന്റെ ഒരു സ്‌നേഹിതനയച്ച കത്തിൽ ഇങ്ങനെ എഴുതി:'എന്റെ ക്യാമ്പിന് ചുറ്റുമുള്ള എട്ടു ചുടലകളിലായി എട്ടു ശവങ്ങൾ ഇപ്പോൾ വെന്തുകൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങൾ വെന്തുകഴിഞ്ഞാൽ ഉടൻ ചിതയിൽവെക്കത്തക്കവിധം നാല്പത്തിമൂന്നു ശവങ്ങൾ കഴുകി തയ്യാറാക്കിവെച്ചിരിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ കാശിയിലെ ശ്മശാനത്തിൽ ദണ്ഡുമൂന്നി നിന്നിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിനെപ്പോലെ അധികാര ദണ്ഡുമായി ഞാൻ നിൽക്കുന്നു. മനുഷ്യൻ എലികളെപ്പോലെ ചത്തുവീഴുകയും ജീവിതത്തെക്കാൾ അധികം മരണത്തെ പ്രദർശിപ്പിക്കയും ചെയ്യുന്നു ബംഗളൂരു നഗരം. മരണം മരണവും ചുമതല ചുമതലയും.' [12] പ്ലേഗ് ബാധ ആപത്കരമാം വിധം പടരാതെ നിയന്ത്രിക്കാൻ പല്പുവിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോൾ ഇന്ത്യാ സർക്കാരിലെ സർജന്റ് ജെനറലും സാനിട്ടറി കമ്മീഷണറും മൈസൂർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഡോ. പല്പുവിന്റെ ക്യാമ്പുകൾ മറ്റു ക്യാമ്പുകളേ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവർ കണ്ടെത്തി. ഡോക്ടർ പൽപ്പുവിന്റെ പൊതുജനാരോഗ്യ സംരക്ഷണപാടവത്തെ അവർ പുകഴ്ത്തി. അദ്ദേഹത്തിന്റെ സേവനത്തെ മാനിച്ച് എത്രയും പെട്ടെന്ന് ഉപരിപഠനത്തിന്‌ വിദേശത്തേക്കയക്കാൻ അവർ ശുപാർശ ചെയ്തു. ബ്രീട്ടിഷ് രാജ്ഞി ആഫ്രിക്കയിയിൽ ജോലി വാഗ്ദാനം നൽകി എങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.[13]

ഉപരിപഠനംതിരുത്തുക

ആതുരസേവനരംഗത്തെ സ്തുത്യർഹമയ സേവനങ്ങൾ മാനിച്ച് മൈസൂർ സർക്കാർ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു. ഇംഗ്ലണ്ടിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം പഠിച്ചു. പാരീസ്, ജർമ്മനി, ജനീവ, റോം തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിലും അദ്ദേഹം ഒന്നരവർഷക്കാലം പഠനം നടത്തി. കേംബ്രിഡ്ജിലും, പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം പ്രവർത്തിച്ചു. കേംബ്രിഡ്ജിൽ നിന്ന് ഡിപ്ലോമ ഇൻ പബ്ലിക് ഹെല്ത്തും, ലണ്ടനിൽ നിന്ന് എഫ്.ആർ.പി.എച്ച്. ബിരുദവും നേടി. എം.ആർ.സി.എസ്സിനു രജിസ്റ്റർ ചെയ്തെങ്കിലും പരീക്ഷയ്ക്കിരിക്കാൻ അദ്ദേഹത്തിനായില്ല. ഇന്ത്യയിൽ സാമാന്യം പ്രശസ്തനായിരുന്ന അദ്ദേഹത്തിന്‌ വിദേശത്ത് നിരവധി ജോലി വാഗ്ദാനങ്ങൾ ലഭിച്ചു. എന്നാൽ, അതെല്ലാം തിരസ്കരിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനായ രണ്ടാമത്തെ വൈദ്യനായിരുന്നു ഡോ. പല്പു.

ഉയർന്ന ഉദ്യോഗംതിരുത്തുക

ഉപരിപഠനം കഴിഞ്ഞതോടെ ഡോ. പല്പുവിന് കൂടുതൽ ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചു. മൈസൂർ സിറ്റി ഹെൽത്ത് ഓഫീസർ ആയിട്ടായിരുന്നു അതിൽ ആദ്യത്തേത്. 1905-ൽ മൈസൂർ സർക്കാരിന്റെ സാനിട്ടറി കമ്മീഷണരുടെ പേർസണൽ അസിസ്ന്റന്റായി നിയമിതനായി. 1907 ൽ ഡപ്യൂട്ടി സാനിറ്റേഷൻ കമ്മീഷണറായി. ഇക്കാലയളവിൽ 'വിഷൂചിക' എന്ന സാംക്രമിക അസുഖം പൊട്ടിപ്പുറപ്പെട്ടു. കുടിവെള്ളത്തിലെ രോഗാണുബാധയാണ്‌ കാരണമെന്ന് ഡോ. പല്പു കണ്ടെത്തി. [14]എന്നാൽ കുടിവെള്ളവിതരണത്തിന്റെ ചുമതലക്കാരനായിരുന്ന ഒരാളുടെ ബന്ധുവായ മറ്റൊരു ഉദ്യോഗസ്ഥൻ ശ്രീനിവാസ റാവു സർ‌വ്വശക്തിയും ഉപയോഗിച്ച് ആ കണ്ടെത്തലിനെ എതിർത്തു. കുടിവെള്ള സാമ്പിളുകളിലെല്ലാം രോഗാണുബാധ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം മൂലം റാവു അതെല്ലാം മറച്ചു. സർക്കാർ ഡോ. പല്പുവിനെ ഉദ്യോഗത്തിൽ തരംതാഴ്തി. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ജോലി രാജിവെക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.[15]

മൈസൂരിൽ പ്ലേഗു വീണ്ടും വിനാശം സൃഷ്ടിച്ചപ്പോൾ സർക്കാർ പല്പുവിനെ മടക്കി വിളിച്ചു. ഇത്തവണ ജയിൽ സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നൽകി. പിന്നീട് അദ്ദേഹം മദ്രാസ് സർക്കാരിന്റെ കീഴിലും ബറോഡ സർക്കാരിന്റെ കീഴീലും ജോലി നോക്കി. ജോലിക്കിടയിൽ ആരോഗ്യപ്രദർശനങ്ങളും ആരോഗ്യവിവരദായിയായ നാടകങ്ങളും അദ്ദേഹം സംഘടിപ്പിക്കുകയും അതെല്ലാം രാജാവിന്റേയും മറ്റും പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു

ബറോഡയിൽ നിന്ന് മൈസൂരിൽ തിരിച്ചെത്തി ഡോ. പല്പു താൻ പണ്ട് ജോലി ചെയ്ത ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി ജോലി നോക്കി. നീണ്ട 35 വർഷത്തെ പൊതുജനസേവത്തിനുശേഷം അദ്ദേഹം 1920 ൽ വിരമിച്ചു.

സാമൂഹിക പ്രവർത്തനങ്ങൾതിരുത്തുക

തിരുവിതാംകൂറ് രാജ്യത്ത് സർക്കാർ ജോലിയിൽ അധഃകൃതർക്ക് പ്രവേശനമില്ലായിരുന്നു. അഞ്ചുരൂപയിൽ മേലെ ശമ്പളമുള്ള ഒരു ജോലിയും ഈഴവർക്ക് ലഭിക്കുമായിരുന്നില്ല. ഡോ. പല്പുവിന്റെ ജോലി സാധ്യത അന്നത്തെ ദിവാൻ തള്ളിക്കളഞ്ഞു. താൻ ജനിച്ച മണ്ണിൽ തന്നോട് കാണിക്കപ്പെട്ട അനീതിക്കെതിരെ പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഫലമായി മദ്രാസ് സർക്കാരിലേക്കും മറ്റും മെമ്മോറിയലുകൾ അയച്ച് അവിടത്തെ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും താണജാതിക്കർക്ക് പ്രവേശനം നേടിയെടുത്തു.

മെഡിക്കൽ സ്കൂളിൽ തനിക്കു പ്രവേശനം നിഷേധിച്ചതിന്റേയും, ജ്യേഷ്ഠനും തനിക്കും ഉദ്യോഗം നിരസിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ച് അദ്ദേഹം തിരുവിതാം‌കൂർ ദിവാന്‌ പരാതി ബോധിപ്പിച്ചു. അധികൃതർ കാട്ടുന്ന അനീതികൾക്കെതിരെ പത്രമാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങൾ എഴുതി. 1885 മുതൽ 1924 വരെ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ വാണിരുന്നത്. അക്കാലത്ത് പരദേശികളായ തമിഴ് ബ്രാഹ്മണർക്കായിരുന്നു ഉദ്യോഗം ലഭിച്ചിരുന്നത്. ഈ തള്ളിക്കയറ്റത്തിനെതിരെ പ്രക്ഷോഭം നടത്താൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. 1890-ൽ നടന്ന ഈ പ്രക്ഷോഭത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. നായർ, ഈഴവർ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാ ജാതിക്കാരും ഒരുമിച്ച് അതിൽ പങ്കെടുത്തു.

കഷ്ടതയനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ തന്റെ ജാതീയരിൽ മാത്രം ഒതുങ്ങിയില്ല. മൈസൂരിലെ തെരുവുകളിൽ അന്തിയുറങ്ങിയ അസംഖ്യം പാവങ്ങൾക്ക് തണുപ്പിൽ നിന്നു രക്ഷപെടാനായി തന്റെ ചിലവിൽ അദ്ദേഹം കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി. മൈസൂരിലായിരുന്നപ്പോൾ അദ്ദേഹം വാലിഗാർ സമുദായത്തിന് തങ്ങളുടേ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനായി ഒരു സംഘടന രൂപവത്കരിച്ചു.

കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമർശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ പല ലേഖനങ്ങളും എഴുതി. തന്റെ സ്വന്തം ചിലവിൽ ഈഴവരുടെ അധഃസ്ഥിതിയെ ചൂണ്ടിക്കാണിച്ച് താൻ അയച്ച പരാതികളും പത്രങ്ങളിൽ താൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ക്രോഡീകരിച്ച് അദ്ദേഹം ‘കേരളത്തിലെ തിയ്യന്മാരോടുള്ള പെരുമാറ്റം’ എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഈ പുസ്തകവും അതിന്റെ മലയാളം പരിഭാഷയും കേരളത്തിലെ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയായി.

സി. കേശവന്റെ രാഷ്ട്രീയ തത്ത്വചിന്തയെ സ്വാധീനിച്ചവരിലൊരാളായിരുന്നു പൽപ്പു.[16]

ഈഴവ മെമ്മോറിയൽ, മലയാളി മെമ്മോറിയൽതിരുത്തുക

ജനപങ്കാളിത്തംകൊണ്ടും ഉന്നയിച്ച ആവശ്യങ്ങളുടെ സവിശേഷതകൊണ്ടും – ജാതി വിവേചനമില്ലാതെ വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കുമുള്ള അവകാശം – ശ്രദ്ധേയമായ മുന്നേറ്റങ്ങളായിരുന്നു മലയാളി മെമ്മോറിയലും (1891) ഈഴവ ഈഴവ മെമ്മോറിയലും (1896). ആദ്യത്തേതിൽ സർക്കാർ സർവീസിലെ പരദേശ ബ്രാഹ്മണാധിപത്യത്തെക്കുറിച്ചും രണ്ടാമത്തേതിൽ ഈഴവരുടെ അവശതകളെക്കുറിച്ചുമാണു പരാമർശിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടികളുടെ അഭാവത്തിൽ മധ്യവർഗസമൂഹം നേരിട്ടു സംഘടിപ്പിച്ച നീക്കങ്ങളായിരുന്നു അവ. താഴെനിന്നു മുകളിലേക്കു പടർന്ന സമരങ്ങൾ. അധികാരത്തിനും അർഥത്തിനുംവേണ്ടി പിൽക്കാലത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുക്കൾ. [17]ഈഴവ മെമ്മോറിയലിന് ആധാരമായതു മലയാളി മെമ്മോറിയലാണെന്നതാണു വൈരുധ്യം. മലയാളി മെമ്മോറിയൽ സമർപ്പിച്ചപ്പോൾ സമർപ്പിച്ചപ്പോൾ തദ്ദേശീയരിലെ മുന്നാക്കക്കാരോടുള്ള ഭരണകൂടത്തിന്റെ സമീപനത്തിൽ കുറച്ചൊക്കെ മാറ്റം വന്നെങ്കിൽ, ഈഴവരുടെ ആവശ്യം ഭരണകൂടം പുച്ഛിച്ചു തള്ളുകയാണുണ്ടായത്. ഇതിനെതിരെയാണ് ഈഴവ മെമ്മോറിയൽ രൂപപ്പെട്ടത്. [18]

1895ൽ ഡോ.പി.പൽപുവും സർക്കാരിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ചും സിവിൽ സർവീസ് നിയമനരീതിയെക്കുറിച്ചും തിരുവിതാംകൂർ ദിവാനു പരാതി സമർപ്പിച്ചു. വിദ്യാഭ്യാസം സിദ്ധിച്ച ഈഴവരുടെ സംഖ്യ 1875ൽ 3 ശതമാനം ആയിരുന്നത് 1891ൽ 12 ശതമാനമായിട്ടും ജാതിയുടെ പേരിൽ സർക്കാർ ഉദ്യോഗം നിഷേധിക്കുന്നതിനെ പരാതിയിൽ അദ്ദേഹം ശക്തമായി അപലപിക്കുന്നുണ്ട്.[19] മാത്രമല്ല, സമുദായത്തെ ‘‘അയോഗ്യരാക്കുന്ന ഈ തടസ്സം അവർ ഹിന്ദുമതത്തിൽ ഹിന്ദുമതത്തിൽ തുടരുന്ന കാലത്തോളമേ ഉള്ളു’’ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പരാതി സമർപ്പണത്തെത്തുടർന്നു തിരുവിതാംകൂറിനകത്തും പുറത്തും തങ്ങൾക്കനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള ശ്രമവും പൽപു നടത്തുകയുണ്ടായി. [20]ജി.പി.പിള്ളയെക്കൊണ്ടു പ്രശ്നം ഇന്ത്യൻ നാഷനൽ സോഷ്യൽ കോൺഫറൻസിൽ അവതരിപ്പിക്കുകയും അതുവഴി ദേശീയതലത്തിൽ ചർച്ചയ്ക്കു തുടക്കം കുറിക്കുകയും ചെയ്തു. ‘തിരുവിതാംകോട്ടുകാരനായ ഒരു തീയൻ’ എന്ന തൂലികാനാമത്തിൽ ഡോ. പൽപു ബ്രിട്ടിഷ് - ഇന്ത്യൻ പത്രങ്ങളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. [21]

ഇത്തരം ശ്രമങ്ങൾ വിഫലമായതോടെയാണ് 1896 സെപ്റ്റംബർ 3ന് 13,176 ഈഴവ സമുദായാംഗങ്ങൾ ഒപ്പിട്ടു ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഭീമഹർജിയായി ഈഴവ മെമ്മോറിയൽ രൂപംകൊള്ളുന്നത്. മെമ്മോറിയലിന്റെ ഉള്ളടക്കം ഇങ്ങനെ: “ അടിയങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ഇതര ജാതിക്കാരോട് ഒത്തുനോക്കിയാൽ വളരെ മോശവും, വിശേഷിച്ച് ഇക്കാലത്ത് പരിഷ്കാരത്തിന് അവശ്യംവേണ്ടതായ ഇംഗ്ലീഷ് പഠിത്തമുള്ളവർ തീരെ ചുരുക്കവുമാണ് .... ഇതിനു കാരണം പഠിത്തത്തിന് സൗകര്യമില്ലായ്മ ഒന്നുമാത്രമല്ല. വിദ്യാഭ്യാസത്തിന്റെ പ്രയോജനമെന്ന് ജനങ്ങൾ വിചാരിക്കുന്ന ...സർക്കാരുദ്യോഗങ്ങളിൽ അടിയങ്ങൾക്ക് നിശ്ശേഷം അർഹതയില്ലെന്നു വച്ചിരിക്കുന്നതും പ്രധാനമായൊരു കാരണമാണ്... അതിനാൽ ... മേലാലെങ്കിലും എല്ലാ ഗവൺമെന്റ് പള്ളിക്കൂടങ്ങളിലും കടന്നു പഠിച്ചുകൊള്ളത്തക്കവണ്ണവും, യോഗ്യതാനുസാരം അടിയങ്ങൾക്കും സർക്കാർ ഉദ്യോഗം കിട്ടത്തക്കവണ്ണവും ... കല്പനയുണ്ടാവണമെന്ന് കൊള്ളുന്നു.” [22]ഇത്രയൊക്കെയായിട്ടും സർക്കാർ നിലപാടു മാറ്റമില്ലാതെ തുടർന്നതിനാൽ പ്രശ്നം ബ്രിട്ടിഷ് പാർലമെന്റിൽ ഉന്നയിക്കുകയും 1900ൽ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിനു നേരിട്ടു പരാതി നൽകുകയും ചെയ്തു. തുടർന്ന്, പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാനും നിലപാടിൽ തെല്ലൊന്ന് അയവുവരുത്താനും തിരുവിതാംകൂർ ഭരണകൂടം നിർബന്ധിതമായി. ഇതോടെ സമരത്തിനു തിരശീലയും വീണു.[23]

സ്വാമി വിവേകാനന്ദനുമായിതിരുത്തുക

തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ അഞ്ചുരൂപയ്ക്ക് മുകളിൽ ശമ്പളമുള്ള ഒരു ജോലിയും അന്ന് ഈഴവർക്ക് ലഭിക്കുമായിരുന്നില്ല. ഡോ. പല്പുവിന്റെ ജോലി സാദ്ധ്യതയും അന്നത്തെ ദിവാൻ തള്ളിക്കളഞ്ഞിരുന്നു. ജനിച്ച മണ്ണിൽ തന്നോട് കാട്ടിയ അനീതിക്കെതിരെ പോരാടാനാണ് അദ്ദേഹം തീരുമാനിച്ചത്. ഈഴവർക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിനിടെ സ്വാമി വിവേകാനന്ദൻ നൽകിയ ഉപദേശമാണ് ജീവിതത്തിൽ വഴിത്തിരിവായത്. 1891 ൽ സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചപ്പോൾ ഡോ പല്പുവിന്റെ അതിഥിയായി സ്വാമി വിവേകാനന്ദൻ താമസിച്ചു. 'നിങ്ങളുടെ രാജ്യത്ത് നിന്നുതന്നെ ഒരു ആദ്ധ്യാത്മിക ഗുരുവിനെ കേന്ദ്രമാക്കി പ്രവർത്തിക്കുകയായിരിക്കും ഫലപ്രദം' എന്ന സ്വാമി വിവേകാനന്ദന്റെ ഉപദേശം അദ്ദേഹത്തെ ശ്രീനാരായണഗുരുവിലേക്ക് എത്തിച്ചു. [24]

ശ്രീനാരായണഗുരുവുമൊത്ത്തിരുത്തുക

ഡോ. പൽപുവിന്റെ കർമപദ്ധതികൾ സാക്ഷാത്കരിക്കപ്പെട്ടതു ശ്രീനാരായണ ഗുരുവിലൂടെയാണ്. സാമൂഹിക അനീതികൾക്കെതിരായ പോരാട്ടങ്ങൾക്കായി ഒരു ആത്മീയപുരുഷനെ കേന്ദ്രീകരിച്ചു സംഘടനയുണ്ടാക്കുക എന്ന വിവേകാനന്ദനിർദേശം കേട്ടപ്പോൾ ഡോ. പൽപുവിന്റെ മനസ്സിൽ തെളിഞ്ഞതു ഗുരുവിന്റെ മുഖം തന്നെ. അരുവിപ്പുറം പ്രതിഷ്ഠയോടെ ശ്രീനാരായണ ഗുരുവിലേക്ക് അദ്ദേഹം ആകർഷിക്കപ്പെട്ടു. അവശ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കിടെ പലതവണ ശ്രീനാരായണ ഗുരുവിനെ കണ്ടു. [25]പല്പുവിന്റെ ആശയങ്ങളും കർമ്മപരിപാടികളും ഗുരുവിന് ഇഷ്ടമായി. സാമൂഹികനീതി ലഭ്യമാക്കാനുള്ള പരിശ്രമത്തിന്റെ ഫലമായി 1903 മേയ് 15 ന് ഗുരുവിന്റെ ആശീർവാദത്തോടെയും അനുഗ്രഹത്തോടെയും ശ്രീനാരായണധർമ്മ പരിപാലന യോഗം ജന്മമെടു. ശ്രീനാരായണഗുരു സ്ഥിരാദ്ധ്യക്ഷനും ഡോ പല്പു ഉപാദ്ധ്യക്ഷനും കുമാരനാശാൻ സെക്രട്ടറിയുമായി യോഗം പ്രവർത്തനം ആരംഭിച്ചു.[26]

കുമാരനാശാൻതിരുത്തുക

ശ്രീ നാരായണ ഗുരുവും ആയുള്ള ഒരു കൂടിക്കാഴ്ചയിലാണ് സമർഥരായ ചെറുപ്പക്കാരുണ്ടെങ്കിൽ കൂടെ വിട്ടാൽ വിദ്യാഭ്യാസം നൽകാൻ തയാറാണെന്ന് ഡോ. പൽപു അറിയിച്ചതും ശ്രീനാരായണ ഗുരു കുമാരനാശാനെ അയച്ചതും. [27]എസ്എൻഡിപി യോഗത്തിന്റെ രൂപീകരണവും സെക്രട്ടറിയുടെ ചുമതലയും ആശാന്റെ പ്രവർത്തനങ്ങൾക്ക് ഉത്തേജനമായി.

ശ്രീനാരായണ ധർമ്മ പരിപാലന യോഗംതിരുത്തുക

സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തിൽ ആദ്യമായുണ്ടായത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്‌. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്തങ്ങൾക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവർത്തിക്കുന്നതായി ഡോ. പല്പു മനസ്സിലാ‍ക്കി. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയിൽ ആ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്പു മനസ്സിലാക്കി. നാരാ‍യണഗുരുവുമായും അദ്ദേഹത്തിന്റെ അനുയായികളുമായും മറ്റും ചർച്ചകൾ നടത്തി ഗുരുവിന്റെ പൂർണ്ണ അനുഗ്രഹവും അനുയായികളുടെ പിന്തുണയും സമ്പാദിച്ചു. ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാ‍രായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.[28]

ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, അവശ സമുദായങ്ങളെ സാമൂ‍ഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പു ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും അവശ സമുദായങ്ങൾക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ “വിവേകോദയം” മാസിക ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്. [29]

ഡോക്ടർ പല്പു ജീവാർപ്പണം ചെയ്തു ശ്രീനാരായണ ഗുരുവിന്റെ പേരിലും ആധ്യക്ഷത്തിലും കെട്ടിപ്പടുത്ത പ്രസ്​ഥാനം ജാത്യാഭിമാനത്തിലേക്കു ചുരുങ്ങുന്നതു കണ്ട് ശ്രീനാരായണ ഗുരു മനസ്സിലും പ്രവൃത്തിയിലും അതിനെ വിട്ടതായി 1928 ൽ ഡോക്ടർ പൽപ്പുവിനു കത്തെഴുതി. തുടർന്ന് ഡോക്ടർക്കും ഇത്തരം അപചയം മനസ്സിലാവുകയും അദ്ദേഹം പെരുച്ചാഴികൾ എന്ന ഉപമ ഇത്തരം സങ്കുചിത മനസ്സുകളെ സൂചിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു. [30]

ദേശീയ ധാരയിൽതിരുത്തുക

അദ്ദേഹത്തിന്റെ അടുത്ത നീക്കം ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധ തിരുവിതാംകൂർ സർക്കാരിന്റെ അനീതികളുടെ നേരെ കൊണ്ടുവരിക എന്നതായിരുന്നു. സ്വാമി വിവേകാനന്ദൻറ്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ ഒരു കത്തുമായി ഡോ. പൽപ്പു ബാരിസ്റ്റർ പിള്ളയെ ലണ്ടനിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് നിയമസഭാ സാമാജികരിലൂടെ ഈ പ്രശ്നം ബ്രിട്ടീഷ് നിയമസഭയിൽ അവതരിപ്പിച്ചു. ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയപ്പോൾ ഡോ. പൽപ്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയിൽ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരു നിവേദനം സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഭലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.

ദേശീയ മുഖ്യധാരയിലെ പല നേതാക്കളുമായി ഡോ. പൽപ്പു അടുത്ത ബന്ധം പുലർത്തി. സ്വാമി വിവേകാനന്ദൻ, സരോജിനി നായിഡു എന്നിവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഉൾപ്പെടും. പലരും അദ്ദേഹത്തെ ഒരു ജാതിയുടെ വക്താവായി അധിക്ഷേപിച്ചപ്പോൾ സരോജിനി നായിഡു അദ്ദേഹത്തെ ഒരു മഹാനായ വിപ്ലവകാരി എന്നു വാഴ്ത്തി. സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചപ്പോൾ അദ്ദേഹം സ്വാമിയെ ഒരു റിക്ഷയിൽ ഇരുത്തി വലിച്ച് മൈസൂർ നഗരം ചുറ്റിക്കാണിച്ചു. ഈ യാത്രയിൽ വയ്ച്ചാണ് വിവേകാനന്ദൻ അദ്ദേഹത്തിനോട് ജനലക്ഷങ്ങളെ ആത്മീയവൽക്കരിക്കാനും വ്യവസായവൽക്കരിക്കാനും ആവശ്യപ്പെട്ടത്. മൈസൂർ ഗവർണ്മെന്റ് അദ്ദേഹത്തെ പ്ലേഗിനുള്ള മരുന്നായ ലിം‌ഫ് നിർമ്മാണം പഠിക്കുവാൻ യൂറോപ്പിലേക്കയച്ചു. ബാംഗ്ലൂരിൽ പ്ലേഗ് പടർന്നുപിടിച്ച് 15,000-ത്തോളം ആളുകൾ മരിച്ചപ്പോൾ അദ്ദേഹം പകർച്ചാവ്യാധിയെ വകവെക്കാതെ രോഗികളെ ശുശ്രൂശിച്ച് അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.

മൈസൂർ സർക്കാരിൽ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാർ എക്കൊണോമിക് യൂണിയൻ എന്ന സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിൽ നിന്നുള്ള ലാഭം പൊതുജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം വിനയോഗിച്ചു. കുമാരൻ ആശാൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കൾക്ക് ആശയങ്ങൾ പകർന്നത് ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങളാണ്. ശ്രീ നാ‍രായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.

കുടുംബജീവിതംതിരുത്തുക

ഡോ പല്പുവിന്‌ 28 വയസ്സുള്ളപ്പോൾ നാരായണഗുരുവിന്റെ സഹപാഠിയായിരുന്ന കൃഷ്ണൻ വൈദ്യന്റെ സഹോദരിയായിരുന്ന പി.കെ.ഭഗവതിയ‌മ്മയെ കല്യാണം കഴിക്കുകയുണ്ടായി. (1891 സെപ്റ്റംബർ 13). രണ്ട് പെണ്മക്കളും മൂന്ന് ആണ്മക്കളും ആ ദമ്പതിമാർക്ക് ഉണ്ടായി.

മരണംതിരുത്തുക

1950 ജനുവരി 25-നു അദ്ദേഹം അന്തരിച്ചു.

അവലംബംതിരുത്തുക

 1. https://keralakaumudi.com/news/news.php?id=936307&u=dr-palpu-936307
 2. "ഡോ.പല്പുവും നടരാജഗുരുവും യതിയും..." ദേശാഭിമാനി. മൂലതാളിൽ നിന്നും 2016-03-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-09.
 3. Lukose, Ritty A. (2010). "Recasting the Secular: Religion and Education in Kerala, India". എന്നതിൽ Mines, Diane P.; Lamb, Sarah (സംശോധകർ.). Everyday Life in South Asia (2nd പതിപ്പ്.). Indiana University Press. പുറങ്ങൾ. 209–210. ISBN 9780253354730.
 4. Sadasivan, S. N. (2000). A Social History Of India. New Delhi: A.P.H. Publishing. പുറങ്ങൾ. 482–488. ISBN 81-7648-170-X.
 5. Wilson, Caroline (2011). "The social transformation of the medical profession in urban Kerala : Doctors, social mobility and the middle classes". എന്നതിൽ Donner, Henrike (സംശോധാവ്.). Being Middle-class in India: A Way of Life. Abingdon, Oxon: Routledge. പുറങ്ങൾ. 193–194. ISBN 978-0-415-67167-5.
 6. Nossiter, Thomas Johnson (1982). "Kerala's identity: unity and diversity". Communism in Kerala: a study in political adaptation. University of California Press. പുറങ്ങൾ. 25–27. ISBN 978-0-520-04667-2.
 7. 7.0 7.1 Gadgil, Madhav (2005). Ecological Journeys. Orient Blackswan. പുറങ്ങൾ. 82–83. ISBN 9788178241128.
 8. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 761. 2012 സെപ്തംബർ 24. ശേഖരിച്ചത് 2013 മെയ് 12. {{cite news}}: Check date values in: |accessdate= and |date= (help)
 9. Ramusack, Barbara N. (2004). The Indian Princes and their States. Cambridge University Press. പുറം. 214. ISBN 9781139449083.
 10. https://www.mathrubhumi.com/social/social-issues/dr-palpu-s-contribution-in-preventing-plague-pandamic-1.5147433
 11. https://www.mathrubhumi.com/social/social-issues/dr-palpu-s-contribution-in-preventing-plague-pandamic-1.5147433
 12. https://www.mathrubhumi.com/social/social-issues/dr-palpu-s-contribution-in-preventing-plague-pandamic-1.5147433
 13. https://www.mathrubhumi.com/social/social-issues/dr-palpu-s-contribution-in-preventing-plague-pandamic-1.5147433
 14. https://keralakaumudi.com/news/news.php?id=936307&u=dr-palpu-936307
 15. https://keralakaumudi.com/news/news.php?id=936307&u=dr-palpu-936307
 16. Kumar, Udaya (2009). "Subjects of New Lives". എന്നതിൽ Ray, Bharati (സംശോധാവ്.). Different Types of History. Pearson Education India. പുറം. 326. ISBN 9788131718186.
 17. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
 18. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
 19. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
 20. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
 21. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
 22. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
 23. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
 24. https://keralakaumudi.com/news/news.php?id=936307&u=dr-palpu-936307
 25. https://www.manoramaonline.com/news/editorial/2020/09/02/prominent-figures-about-guru.html
 26. https://keralakaumudi.com/news/news.php?id=936307&u=dr-palpu-936307
 27. https://www.manoramaonline.com/news/editorial/2020/09/02/prominent-figures-about-guru.html
 28. https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BB.%E0%B4%A1%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AF%E0%B5%8B%E0%B4%97%E0%B4%82
 29. https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BB.%E0%B4%A1%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AF%E0%B5%8B%E0%B4%97%E0%B4%82
 30. https://www.madhyamam.com/opinion/open-forum/democratic-struggles-of-dr-palpu-594354

കുറിപ്പുകൾതിരുത്തുക

കൂടുതൽ വായനയ്ക്ക്തിരുത്തുക

 • Jeffrey, Robin (1974). "The social origins of a caste association, 1875-1905: The founding of the S.N.D.P. Yogam". South Asia: Journal of South Asian Studies. 1. 4 (1): 39–59. doi:10.1080/00856407408730687. (subscription required)
"https://ml.wikipedia.org/w/index.php?title=പി._പൽപ്പു&oldid=3840283" എന്ന താളിൽനിന്ന് ശേഖരിച്ചത്