വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം

(വടക്കൻപറവൂർ പെരുവാരം മഹാദേവ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെരുവാരത്ത് മേടമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം പത്തുദിവസം ഗംഭീരമായി ആഘോഷിച്ചു വരുന്നു. കൊല്ലവർഷപ്രകാരം കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനം നടക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഇവിടുത്തേത്.

പെരുവാരം ശ്രീ മഹാദേവക്ഷേത്രം
പെരുവാരം ശ്രീ മഹാദേവക്ഷേത്രം is located in Kerala
പെരുവാരം ശ്രീ മഹാദേവക്ഷേത്രം
പെരുവാരം ശ്രീ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°08′35″N 76°14′14″E / 10.143051°N 76.237187°E / 10.143051; 76.237187
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:എറണാകുളം
പ്രദേശം:വടക്കൻ പറവൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവൻ, പാർവ്വതി
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് പെരുവാരം മഹാദേവ ക്ഷേത്രം (Peruvaram Mahadeva Temple). പുരാതനമായ ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീപരമേശ്വരനേയും പടിഞ്ഞാറോട്ട് ദർശനമായി ശ്രീപാർവ്വതീദേവിയേയും ഒറ്റ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിൽ വൃത്താകൃതിയിലാണ്. ഉപദേവതകളായി കന്നിമൂലയിൽ ഗണപതിയും വെളിയിൽ വടക്കുവശത്ത് പാലച്ചുവട്ടിൽ യക്ഷിയും തെക്കുവശത്ത് ധർമ്മശാസ്താവും നാഗദൈവങ്ങളും കുടികൊള്ളുന്നു. ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു മൈൽ കിഴക്കായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഉത്സവകാലത്തൊഴിച്ച് എല്ലാദിവസവും ശ്രീമഹാദേവന് സഹസ്രകുംഭാഭിഷേകം നടത്തപ്പെടുന്നുവെന്നുള്ളത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. മിക്കദിവസങ്ങളിലും ക്ഷീരധാര, കളഭം തുടങ്ങിയ വഴിപാടുകളും നടത്തപ്പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഓരോ കുളം വീതമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ക്ഷേത്രം.
ക്ഷേത്രത്തിന്റെ താന്ത്രികാവകാശം വേഴപ്പറമ്പ് മനയ്ക്കലേക്കാണ്. മേൽശാന്തി പുറപ്പെടാ ശാന്തിയാണ്. ചെറുവല്ല്യാകുളങ്ങര വാര്യം, വയലിൽ വീട് എന്നിവിടത്തേയ്ക്കാണ് കാരായ്മ കഴകം. ആലുവ - പറവൂർ സംസ്ഥാന പാതയിൽ മനയ്ക്കപ്പടി എന്ന സ്ഥലത്ത് വേഴപ്പറമ്പ് മന സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിനോട് ചേർന്ന് പടിഞ്ഞാറായി മേൽശാന്തിയുടെ മഠവും വടക്കുവശത്തായി വയലിൽ വീടും 250 മീറ്റർ തെക്കു പടിഞ്ഞാറായി ചെറുവല്യാകുളങ്ങര വാര്യവും സ്ഥിതി ചെയ്യുന്നു.

ചരിത്രം തിരുത്തുക

പറവൂർ തമ്പുരാൻ (പിണ്ടിനിവട്ടത്ത് സ്വരൂപം) പണികഴിപ്പിച്ചതാണീ ക്ഷേത്രം എന്നു പറയപ്പെടുന്നു. ക്ഷേത്ര നിർമ്മാണ രീതിയും കൊത്തുപണികളുടെ ശൈലിയും നോക്കിയാൽ ഉദ്ദേശം 600-800 കൊല്ലത്തെ പഴക്കം ക്ഷേത്രത്തിനു കല്പിക്കാമെന്ന് ഗവേഷകർ പറയുന്നു. പരശുരാമനാൽ സ്ഥാപിതമായ കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്നായ പറവൂരിന്റെ ഗ്രാമക്ഷേത്രമാണ് പെരുവാരം. പറവൂർ തമ്പുരാന്റെ ഇഷ്ടദേവനായിരുന്നു പെരുവാരത്തപ്പൻ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം പിഴുതെടുക്കുകയും എന്നാൽ കൊണ്ടുപോകുവാൻ കഴിയാതെ അമ്പലത്തിന്റെ വടക്കുവശത്തുള്ള പുല്ലംകുളം എന്ന സ്ഥലത്ത് കുഴിച്ചിട്ടുവെന്നും പറയപ്പെടുന്നു. ടിപ്പു തകർത്ത പെരുംകുളങ്ങര കാവ് എന്ന കാവും ക്ഷേത്രത്തിനു വടക്കായി സ്ഥിതി ചെയ്യുന്നു.

ഐതിഹ്യം തിരുത്തുക

മന്ദം സുബ്രഹ്മണ്യക്ഷേത്രത്തിനും പെരുവാരം മഹാദേവ ക്ഷേത്രത്തിനും ഇടയിലായി വാണിയക്കാട് ഉള്ള ഒരു ചെറിയ ക്ഷേത്രമാണ് കുന്നത്ത് അമ്പലം. ഈ മൂന്ന് ക്ഷേത്രങ്ങളെക്കുറിച്ചും ഒരു കഥ നിലവിലുണ്ട്. ഈ മൂന്നു ക്ഷേത്രങ്ങളും ഒറ്റ രാത്രികൊണ്ട് പണി തീർക്കാനാണത്രേ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പെരുവാരം ക്ഷേത്രം പണി തീരുന്നതിനു മുമ്പായി നേരം വെളുത്തുപോയി. പണിക്കാർ പണി തുടരാതെ നിർത്തപോയി. അതുകൊണ്ടാണത്രേ ഇപ്പോഴും , എന്തെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട പണികൾ അവിടെ എപ്പോഴും കാണും. മന്നം , കുന്നം , പണി തീരാ പെരുവാരം ഈ രീതിയിലുള്ള ഒരു ചൊല്ലും മൂന്നു ക്ഷേത്രങ്ങളെ കുറിച്ച് പറയാറുണ്ട്.

പ്രത്യേകതകൾ തിരുത്തുക

  • ശിവനും പാർവതിയും ഒറ്റ ശ്രീകോവിലിൽ അനഭിമുഖമായി ഇരിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന്.
  • മന്ദത്തപ്പന്റെ പുറപ്പാട്. - വൈക്കത്തിന് ഉദയനാപുരമെന്ന പോലെ പെരുവാരത്തപ്പന് കിഴക്കുവശത്തായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വർഷത്തിലൊരുദിവസം മാത്രം മന്ദത്തപ്പൻ തന്റെ അച്ഛനായ പെരുവാരത്തപ്പന്റെ തിരുവുത്സവത്തിന് എത്തിച്ചേരുന്ന അപൂർവ്വ ചടങ്ങ്. വലിയവിളക്ക് (ഒൻപതാം ഉത്സവം) ദർശിക്കാനെത്തുന്ന മന്ദത്തപ്പൻ വാദ്യമേളങ്ങളോടും, തെയ്യം തുടങ്ങിയ നാടൻ കലാരൂപങ്ങളോടും താലവുമായി പെരുവാരത്തപ്പന്റെ തിരുസന്നിധിയിൽ എത്തിച്ചേർന്ന് ഉത്സവത്തിൽ പങ്കാളിയാകുന്നു.
  • കൊല്ലവർഷപ്രകാരം കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനം നടക്കുന്ന ഉത്സവങ്ങളിൽ ഒന്ന്.

പേരിനു പിന്നിൽ തിരുത്തുക

ശ്രീപരമേശ്വരൻ തന്റെ പരിവാരങ്ങളോടെ കുടികൊള്ളുന്നതിനാൽ പരിവാരം എന്നത് ലോപിച്ച് പെരുവാരം ആയതാണെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ പേരു തന്നെയാണ് സ്ഥലത്തിനും.

ഉപക്ഷേത്രങ്ങൾ തിരുത്തുക

പെരുവാരം മഹാദേവ ക്ഷേത്രത്തിനു കീഴിൽ ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ നിലവിലുണ്ട്.

ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുത്തുക

പെരുവാരം മഹാദേവ ക്ഷേത്രത്തിൽ നിന്നും സുമാർ 250 മീറ്റർ തെക്കുപടിഞ്ഞാറായി ചെറുവല്യാകുളങ്ങര വാര്യത്തിനു നടുവിലായി സ്ഥിതി ചെയ്യുന്നു. ഗുരുവായൂരപ്പനാണു പ്രതിഷ്ഠ. പണ്ട് ചെറുവല്യാകുളങ്ങര വാര്യത്തിന്റെ വകയായിരുന്ന ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ്. ക്ഷേത്രത്തിനു ചുറ്റും വാര്യങ്ങളാണ്. കിഴക്കുവശത്തായി കുളവുമുണ്ട്.

വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം തിരുത്തുക

വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം പെരുവാരം ക്ഷേത്രത്തിനു തൊട്ടു പടഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു. വേട്ടയ്ക്കരനാണ് പ്രതിഷ്ഠ. കേരളത്തിലെ അപൂർവ്വം വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണിത്. എല്ലാ ധനുമാസത്തിലേയും ആദ്യ ശനിയാഴ്ച വേട്ടയ്ക്കൊരുമകൻ സ്വാമി പാട്ട് നടന്നുവരുന്നു.

സമീപ ക്ഷേത്രങ്ങൾ തിരുത്തുക

പെരുവാരം മഹാദേവ ക്ഷേത്രത്തിനു ഏകദേശം രണ്ടു കിലോമീറ്റർ ചുറ്റളവിലായി സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രങ്ങൾ

  1. ദക്ഷിണ മൂകാംബികാ ക്ഷേത്രം -- പെരുവാരത്തു നിന്നും ഏകദേശം 700 മീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. സരസ്വതി ദേവിയാണ് പ്രതിഷ്ഠ. വെള്ളത്തിനു നടുവിലാണ് ക്ഷേത്രം.
  2. കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം -- തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ഈ ശ്രീകൃഷ്ണക്ഷേത്രം പെരുവാരത്തു നിന്നും രണ്ട് കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
  3. തോന്നിയകാവ് ഭദ്രകാളീ ക്ഷേത്രം -- പെരുവാരത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഭദ്രകാളിയാണു മുഖ്യ പ്രതിഷ്ഠ. ക്ഷേത്രത്തിനു ശ്മശാന സാമീപ്യമുള്ളതിനാൽ ചുടല ഭദ്രകാളിയാണെന്നും പറയപ്പെടുന്നു.
  4. കാളികുളങ്ങര ഭഗവതി ക്ഷേത്രം -- ഈ ക്ഷേത്രം പെരുവാരത്ത് നിന്നും 1.5 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഇവിടത്തെ പൊങ്കാല നിവേദ്യമായ തെണ്ട് പ്രസിദ്ധമാണ്.

ക്ഷേത്രത്തിനു തൊട്ടു പടിഞ്ഞാറു വശത്തായി ഒരു ശ്രീരാമസ്വാമി ക്ഷേത്രവും മറ്റൊരു ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട്.