മേരി എലിസബെത്ത് ജെങ്കിൻസ് സറാട്ട് (ജീവിതകാലം: (1820 അല്ലെങ്കിൽ മെയ് 1823 – ജൂലൈ 7, 1865) അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട ഒരു അമേരിക്കൻ ബോർഡിങ്ങ് ഹൗസ് ഉടമയായ വനിതയായിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ശേഷം അവരെ തൂക്കിക്കൊല്ലുകയും അമേരിക്കൻ ഫെഡറൽ സർക്കാരിന്റെ വധശിക്ഷ ഏറ്റുവാങ്ങിയ ആദ്യ വനിതയായിത്തീരുകയും ചെയ്തു. മരണം വരെ തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ച അവർക്കെതിരേയുള്ള കേസ് വിവാദപരമായിരുന്നു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപിക്കപ്പടുകയും പിന്നീട് വിചാരണ ചെയ്യപ്പെട്ടുവെങ്കിലും അപരാധിയെന്നു തെളിയിക്കാൻ സാധിക്കാതെയിരുന്ന ജോൺ എച്ച് സറാട്ട് ജൂനിയറിന്റെ മാതാവായിരുന്നു മേരി സറാട്ട്.

മേരി സറാട്ട്
സറാട്ട് 1850 ൽ
ജനനം
Mary Elizabeth Jenkins

1820 or May 1823
Waterloo, Maryland, U.S.
മരണം1865 ജൂലൈ 07 (aged 42 or 45)
മരണ കാരണംExecution by hanging
അന്ത്യ വിശ്രമംMount Olivet Cemetery
ദേശീയതAmerican
തൊഴിൽBoarding house and Tavern owner
അറിയപ്പെടുന്നത്Conspirator in the assassination of Abraham Lincoln
ക്രിമിനൽ ശിക്ഷDeath
ക്രിമിനൽ പദവിExecuted
ജീവിതപങ്കാളി(കൾ)
John Harrison Surratt
(m. 1840; died 1862)
കുട്ടികൾIsaac (b. 1841)
Elizabeth Susanna "Anna" (b. 1843)
John, Jr. (b. 1844; died 1916)
ലക്ഷ്യംPolitical
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)Conspiracy
Date apprehended
April 17, 1865

1820-കളിൽ ജനിച്ച മേരി സറാട്ട് ചെറുപ്പത്തിൽ കത്തോലിക്കാ മതത്തിലേയ്ക്കു പരിവർത്തിതയാകുകയും ജീവിതകാലം മുഴുവൻ കത്തോലിക്കാസഭയിലെ ഒരു അടിയുറച്ച വിശ്വാസിയായി തുടരുകയും ചെയ്തു. 1840 ൽ ജോൺ ഹാരിസൺ സറാട്ടിനെ വിവാഹം കഴിക്കുകയും ദമ്പതിമാർക്കു മൂന്നു കുട്ടികളുണ്ടാകുകയും ചെയ്തു. ഒരു വ്യവസായ സംരംഭകനായിരുന്ന ജോൺ സറാട്ടിന് ഒരു മദ്യശാല, സത്രം, ഹോട്ടൽ എന്നിവ സ്വന്തമായുണ്ടായിരുന്നു. കോൺഫെഡറേറ്റ് അമേരിക്കൻ സംസ്ഥാനങ്ങളോട് അനുഭാവമുണ്ടായിരുന്ന സറാട്ട് ദമ്പതിമാർ തങ്ങളുടെ മദ്യശാലയിൽ കൂട്ടാളികളായ കോൺഫെഡറേറ്റുകാർക്ക് പലപ്പോഴും ആതിഥ്യമരുളിയിരുന്നു.

1862 ൽ ഭർത്താവിന്റെ മരണശേഷം മേരി സറാട്ടിന് അദ്ദേഹത്തന്റെ എസ്റ്റേറ്റ് സ്വയം കൈകാര്യം ചെയ്യേണ്ടതായിവന്നു. പരസഹായമില്ലാതെ എസ്റ്റേറ്റ് നടത്തി ആയാസപ്പെട്ട അവർ വാഷിങ്ടൺ ഡി.സിയിലെ തന്റെ നഗരഭവനത്തിലേയ്ക്കു ചേക്കേറുകയും അത് ഒരു ബോർഡിംഗ്ഹൗസ് ആയി നടത്തിവരുകയും ചെയ്തു. അവിടെ, ജോൺ വിൽകിസ് ബൂത്തിന് അവരെ പരിചയപ്പെടുത്തപ്പെട്ടു. ലിങ്കന്റെ കൊലപാതക ഗൂഢാലോചനയിൽ പങ്കാളികളായ ജോർജ് അറ്റ്സെറോഡ്റ്റ്, ലൂയിസ് പവൽ എന്നിവരും ബൂത്തിനോടൊത്ത് നിരവധി തവണ ഈ ബോർഡിംഗ് ഹൌസ് സന്ദർശിച്ചിരുന്നതായി പറയപ്പെടുന്നു. അബ്രഹാം ലിങ്കണെ വധിക്കുവാനായി വാഷിങ്ടൺ വിടുന്നതിന് മുമ്പ്, ജോൺ വിൽകിസ് ബൂത്ത്, മേരി സറാട്ടുമായി സംസാരിക്കുകയും തന്റെ കുടിയാന്മാരിലൊരാളായ ജോൺ എം. ലോയ്ഡിനു കൈമാറുവാനായി ബൈനോക്കുലറുകൾ അടങ്ങുന്ന ഒരു പൊതിക്കെട്ട് കൈമാറുകയും ചെയ്തിരുന്നും പറയപ്പെടുന്നു.

എബ്രഹാം ലിങ്കൺ കൊല്ലപ്പെട്ടതിനെത്തുടർന്ന് അടുത്ത മാസം തന്നെ മേരി സറാട്ട് അറസ്റ്റിലാവുകയും മറ്റ് ഉപജാപകരോടൊപ്പം അവരെ സൈനിക ട്രൈബ്യൂണൽ വിചാരണ നടത്തുകയും ചെയ്തു. വെടിക്കോപ്പുകൾ തയ്യാറായിരിക്കുന്നുവെന്ന് മേരി സറാട്ട് തന്നോടു പറഞ്ഞുവെന്ന ലോയ്ഡിന്റെ സാക്ഷ്യം പ്രാഥമികമായി അവർ കുറ്റവാളിയെന്ന നിഗമനത്തിലെത്തിച്ചു. അതുപോലെതന്നെ സാക്ഷിയായ ലൂയിസ് ജെ. വീച്ച്മാൻ, കോൺഫെഡറേറ്റ് ഗ്രൂപ്പുകളുമായും അനുഭാവികളുമായുള്ള മേരിയുടെ ബന്ധത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. വിചാരണക്കുണ്ടായിരുന്ന ഒമ്പത് ജഡ്ജിമാരിൽ അഞ്ചുപേരും പ്രസിഡന്റ് ആൻഡ്രു ജോൺസൺ അവരുടെ പ്രായവും ലിംഗവും പരിഗണിച്ച് മാപ്പു കൊടുക്കേണ്ടതാണെന്ന് ആവശ്യപ്പെട്ടു. ജോൺസൺ അവർക്കു മാപ്പു കൊടുത്തില്ല എന്നിരിക്കിലും അദ്ദേഹം മാപ്പപേക്ഷ സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ വ്യത്യസ്തമായി നിലനിൽക്കുന്നു. 1865 ജൂലൈ 7 ന് അവർ തൂക്കിലേറ്റപ്പെടുകയും പിന്നീട് ഒലിവെറ്റ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. അതുമുതൽ സിനിമ, നാടകം, ടെലിവിഷൻ പരിപാടികൾ എന്നിവയിൽ അവരുടെ ജീവിതം വിഷയമായിട്ടുണ്ട്.

ആദ്യകാലം തിരുത്തുക

മേരി ഏലിസബത്ത് ജെങ്കിൻസ് (ജ്ഞാനസ്നാന സമയത്തെ പേര്, മരിയ യൂഗേനിയ) അർച്ചിബാൾഡിന്റേയും എലിസബത്ത് ആനി (മുമ്പ്, വെബ്സ്റ്റർ) ജെങ്കിൻസിന്റേയും[1][2][3] പുത്രിയായി തെക്കൻ മേരിലാന്റ് പട്ടണമായ വാട്ടർലൂവിനു[4][5] സമീപത്തെ (ഇപ്പോൾ ക്ലിന്റൺ എന്നറിയപ്പെടുന്നു)[6] ഒരു പുകയില പ്ലാന്റേഷനിലാണ് ജനിച്ചത്. അവർ 1820[7] അല്ലെങ്കിൽ 1823 ൽ[8][9][10][11][12][13] ജനിച്ചതാണോ എന്ന കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. മാസത്തെക്കുറിച്ച് അനിശ്ചിതത്വം ഉണ്ടെങ്കിലും, മിക്ക സ്രോതസ്സുകളും മെയ് മാസമാണ് പറയുന്നത്.[14][15][16][17]

അവർക്ക് രണ്ടു സഹോദരന്മാരായിരുന്നു ഉണ്ടായിരുന്നത്; 1822-ൽ ജനിച്ച ജോൺ ജെങ്കിൻസും 1825-ൽ ജനിച്ച ജെയിംസ് ജെങ്കിൻസും.[18][19] 1825-ന്റെ അവസാനത്തിൽ മേരിക്ക് രണ്ടോ അല്ലെങ്കിൽ അഞ്ചോ വയസു പ്രായമുള്ളപ്പോൾ[20][21][22] പിതാവ് മരണമടയുകയും സ്വത്ത് പാരമ്പര്യമായി മേരിയുടെ മാതാവിൽ എത്തിച്ചേരുകയും ചെയ്തു (യഥാർത്ഥത്തിൽ ഹിസ് ലോർഡ്ഷിപ്പ് കൈൻഡ്നെസ് എസ്റ്റേറ്റിന്റ ഭാഗം).[23]

പിതാവ് മതശാഖകളുമായി ബന്ധപ്പെടാത്ത ഒരു പ്രൊട്ടസ്റ്റൻറും മാതാവ് എപ്പിസ്കോപ്പാലിയനുമാരുന്നെങ്കിലും[24][25][26] സറാട്ട് 1835 നവംബർ 25-ന് വിർജീനിയിലെ അലക്സാണ്ട്രിയയിലുള്ള ദ അക്കാദമി ഫോർ യംഗ് ലേഡീസ് എന്ന പെൺകുട്ടികളുടെ റോമൻ കാത്തലിക് വനിതാ ബോർഡിംഗ് സ്കൂളിലായിരുന്നു പ്രവേശനം നേടിയത്.[27][28] മേരിയുടെ മാതാവുവഴിയുള്ള അമ്മായിയായ സാറാ ലാതാം വെബ്സ്റ്റർ, ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നതിനാൽ അവർ സ്കൂളിൽ അയക്കപ്പെട്ടിരുന്നിടത്ത് ഇതിന്റെ സ്വാധീനമുണ്ടായിരുന്നിരിക്കാം.[29] രണ്ടുവർഷത്തിനുള്ളിൽ, മേരി റോമൻ കത്തോലിക്കാ മതത്തിലേയ്ക്ക്[30][31] പരിവർത്തനം ചെയ്യപ്പെടുകയും അവരുടെ മാമോദീസാ സമയത്തെ മരിയ യൂഗേനിയ എന്ന നാമം സ്വീകരിക്കുകയും ചെയ്തു.[32][33] നാലു വർഷം അവൾ അക്കാദമി ഫോർ യങ്ങ് ലേഡീസിൽ അന്തേവാസിയാകുകയും[34][35] 1839 ൽ വിദ്യാലയം അടച്ചുപൂട്ടിയതോടെ അവിടെനിന്നു വിടവാങ്ങുകയും ചെയ്തു.[36][37] അവരുടെ പിൽക്കാല ജീവിതം മുഴുവൻ അവർ ഒരു ഉറച്ച ഒരു കത്തോലിക്കാ വിശ്വാസിയായിത്തന്നെ തുടർന്നു.[38][39]

വിവാഹജീവിതം തിരുത്തുക

1839 ൽ 16 അല്ലെങ്കിൽ 19 വയസുള്ളപ്പോൾ മേരി ജെങ്കിൻസ്, 26 വയസുകാരനായ ജോൺ ഹാരിസൺ സറാട്ടുമായി കണ്ടുമുട്ടി.[40][41][42] 1600-കളുടെ അവസാനത്തിൽ അദ്ദേഹത്തിന്റെ കുടുംബം മേരിലാന്റിൽ താമസിമുറപ്പിച്ചിരുന്നു.[43][44] ഒരു അനാഥനായിരുന്ന അദ്ദേഹത്തെ ഒരു എസ്റ്റേറ്റിന്റെ ഉടമസ്ഥതയുണ്ടായിരുന്ന വാഷിംഗ്ടൺ ടി.സി.യിൽനിന്നുള്ള ധനാഢ്യരായ റിച്ചാർഡ്, സാറ നീലെ ദമ്പതികൾ ദത്തെടുക്കുകയായിരുന്നു.[45][46] നീലസ് ദമ്പതിമാർ തങ്ങളുടെ കൃഷിയിടം മക്കൾക്കിടയിൽ പങ്കുവച്ചപ്പോൾ അതിൽ ഒരോഹരി സറാട്ടിന് അനന്തരാവകാശമായി നൽകിയിരുന്നു.[47][48] അദ്ദേഹത്തിന്റെ പശ്ചാത്തലത്തെ ചരിത്രകാരനായ കേറ്റ് ക്ലിഫോർഡ് ലാർസൻ "ചോദ്യം ചെയ്യാവുന്നത്"[49] എന്നും വിവാഹേതര ബന്ധത്തിലുള്ള ഒരു കുട്ടിയായിരിക്കാമെന്നും വിവരിക്കുന്നു.[50][51][52] 1840 ആഗസ്തിലാണ് മേരിയും സറാട്ടും വിവാഹം കഴിച്ചത്.[53][54][55] വിവാഹത്തിനുമുൻപ് ജോൺ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം നടത്തുകയും[56][57] ദമ്പതികൾ വാഷിങ്ടൺ ഡി.സി.യിലെ ഒരു കത്തോലിക്കാ പള്ളിയിൽവച്ച് വിവാഹിതരാകുകയും ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്നു.[58][59] മേരിലാൻഡിലെ ഓക്സൺ ഹിൽ എന്ന സ്ഥലത്ത് ജോൺ ഒരു മിൽ വാങ്ങുകയും ദമ്പതികൾ അവിടേയ്ക്കു താമസം മാറ്റുകയും ചെയ്തു.[60] അടുത്ത ഏതാനു വർഷങ്ങളിൽ അവർക്ക് ഇസാക് (ജനനം ജൂൺ 2, 1841), എലിസബത്ത് സൂസന്ന ("അന്ന" എന്ന വിളിപ്പേര്, 1843 ജനുവരി 1), ജോൺ ജുനിയർ (ജനനം ഏപ്രിൽ 1844) എന്നിങ്ങനെ മൂന്നു കുട്ടികൾ ജനിച്ചു.[61][62][63]

1843-ൽ, ജോൺ സറാട്ട് തന്റെ വളർത്തുപിതാവിൽനിന്ന് ഡിസി/മെരിലാൻഡ് അതിർത്തിലെ "ഫോക്സ്ഹാൾ" എന്നുപേരായതും 236 ഏക്കർ (96 ഹെക്ടർ) വിസ്തൃതിയുള്ളതുമായ ഒരു തുണ്ടുഭൂമി (ഏകദേശം ഇന്നത്തെ വീലർ റോഡിനും ഓവൻസ് റോഡിനും ഇടയിലുള്ള പ്രദേശം) വിലയ്ക്കു വാങ്ങിയിരുന്നു. റിച്ചാർഡ് നീൽ 1843 സെപ്റ്റംബറിൽ മരണമടയുകയും ഒരു മാസം കഴിഞ്ഞ് ഫോക്സ് ഹില്ലിനു ചേർന്നുകിടന്ന 119 ഏക്കർ (48 ഹെക്ടർ) സ്ഥലം ജോൺ വാങ്ങുകയും ചെയ്തു. ജോണിന്റെ മാതാവിനെ നീൽ ഫാം നടത്തിപ്പിൽ സഹായിക്കുന്നതിനായി ജോണും മേരി സറാട്ടും അവരുടെ കുട്ടികളും1845 ൽ കൊളംബിയ ഡിസ്ട്രിക്റ്റിയിലെ ജോണിന്റെ ബാല്യകാല ഭവനത്തിലേയ്ക്കു തിരിച്ചു വന്നു. എന്നാൽ സാറാ നീൽ രോഗാവസ്ഥയിലാകുകയും 1845 ഓഗസ്റ്റിൽ മരിക്കുകയും ചെയ്തു. അവരുടെ മരണത്തിനു തൊട്ടുമുമ്പ് നീൽ ഫാമിലെ ബാക്കിയുള്ള ഭാഗത്തിന്റെ അവകാശം ജോണിന്റെ പേരിലേയ്ക്ക് മാറ്റിയിരുന്നു. അക്കാലത്ത് ഓക്സൺ ഹില്ലിലെ സെന്റ് ഇഗ്നേഷിയസ് പള്ളി നിർമ്മിക്കാൻ പണം സ്വരൂപിക്കുന്നതിൽ മേരി സറാട്ട് ഇടപെട്ടിരുന്നു (1850 ലാണ് ഇത് നിർമിച്ചത്). എന്നാൽ ജോൺ സറാട്ട് തന്റെ പത്നിയുടെ അമിതമായ മത പ്രവർത്തനങ്ങളിൽ വളരെ അസ്വസ്ഥനായിരുന്നു. അടുത്ത കുറേ വർഷങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റം മോശമായി വന്നു. പലപ്പോഴും ജോൺ മദ്യപിച്ച് അബോധാവസ്ഥയിലാകുകയും പലപ്പോഴും തന്റെ വായ്പ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മാനസികാവസ്ഥ അത്യന്തം അസ്വസ്ഥമായതും അക്രമാസക്തവും ആയിരുന്നു.

1851 ൽ, നീൽ ഫാംഹൌസ് അഗ്നി വിഴുങ്ങി (ഫാംഹൌസിനു തീവച്ചത് ഒരു രക്ഷപ്പെട്ട കുടുംബ അടിമയാണെന്നു സംശയിക്കപ്പെട്ടു). ജോൺ സറാട്ട്, ഓറഞ്ച് ആന്റ് അലക്സാണ്ട്രിയ റെയിൽറോഡ് കമ്പനിയിൽ ജോലി കണ്ടുപിടിച്ചു. മേരിയും കുട്ടികളും ക്ലിന്റണു സമീപമുള്ള തൻറെ കസിൻ തോമസ് ജെങ്കിൻസിന്റെ വീട്ടിലേയ്ക്ക് താമസം മാറ്റി. ഒരു വർഷത്തിനുള്ളിൽ, ജോൺ ഇപ്പോഴത്തെ ക്ലിന്റണു സമീപം 200 ഏക്കർ (81 ഹെക്ടർ) കൃഷിഭൂമി സ്വന്തമാക്കിയിരുന്നു. 1853 ആയപ്പോൾ അദ്ദേഹം അവിടെ ഒരു മദ്യശാലയും സത്രവും നിർമ്മിച്ചു. മേരിയും കുട്ടികളും പുതിയ താമസസ്ഥലത്തേയ്ക്കു പോകാൻ ആദ്യം തയ്യാറായില്ല. അവർ പഴയ നീൽ കൃഷിയിടത്തിൽത്തന്നെ താമസിച്ചു. എന്നാൽ 1853 മേയ് മാസത്തിൽ കടം വീട്ടുവാനായി ജോൺ നീൽ ഫാമും, ഫോക്സ് ഹാൾ എന്നിവ വിറ്റൊഴിവാക്കിയതോടെ ഡിസംബറിൽ സട്ടറിന്റെ പുതിയ വീട്ടിലേയ്ക്കു മാറുവാൻ അവർ നിർബന്ധിതയായിത്തീർന്നു. മദ്യശാലയിൽനിന്നു നേടിയ പണവും തന്റെ മറ്റു സ്വത്തുക്കൾ വിറ്റുകിട്ടിയ പണവും ഉപയോഗിച്ച് 1853 ഡിസംബർ 6 ന് ജോൺ സറാട്ട് വാഷിംഗ്ടൺ ടി.സി.യിലെ 541 എച്ച് തെരുവിൽ ഒരു നഗരഭവനം വാങ്ങുകയും വീട് വാടകയ്ക്ക് കൊടുക്കാൻ തുടങ്ങുകയും ചെയ്തു. 1854-ൽ ജോൺ തന്റെ സത്രത്തോടു ചേർന്ന് ഒരു ഹോട്ടൽ നിർമ്മിക്കുകയും സറാട്ട്സ് ഹോട്ടൽ എന്ന നാമകരണം നടത്തുകയും ചെയ്തു.

ആഭ്യന്തര യുദ്ധവും വിധവത്വവും തിരുത്തുക

 
ജോൺ എച്ച്. സറാട്ട് ജൂണിയർ 1868 ൽ. മേരി സറാട്ടിന്റെ പുത്രൻ ഒരു കോൺഫെഡറേറ്റ് വാർത്താവാഹകനായിരുന്നു.

1861 ഏപ്രിൽ 12-ന് അമേരിക്കൻ ആഭ്യന്തര യുദ്ധം ആരംഭിച്ചു. അതിർത്തി സംസ്ഥാനമായ മേരിലാന്റ് അമേരിക്കൻ ഐക്യനാടുകളുടെ (യൂണിയൻ) ഭാഗമായി തുടർന്നു. പക്ഷേ, സറാട്ട് കുടുംബം കോൺഫെഡറേറ്റ് അനുഭാവികളായിരുന്നു, അവരുടെ മദ്യശാല സ്ഥിരമായി സഹകോൺഫെഡറേറ്റുകാർക്ക് ആഥിത്യമരുളിയിരുന്നു. കോൺഫെഡറേറ്റ് ചാരന്മാർക്കുള്ള സുരക്ഷിത വീട് എന്ന നിലയിൽ ഈ മദ്യശാല ഉപയോഗിച്ചിരുന്നു. മേരിക്ക് ഇത് യഥാർഥത്തിൽ അറിവുണ്ടായിരുന്നെന്ന് ചുരുക്കം ചില ഒരു എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നു. കോൺഫെഡറേറ്റ് സ്കൗട്ടും ചാരനുമായിരുന്ന തോമസ് നെൽസൺ കോൺറാഡ്, ആഭ്യന്തര യുദ്ധത്തിനുമുമ്പും യുദ്ധകാലത്തും സറാറ്റിന്റെ ബോർഡിംഗ് ഹൗസ് സന്ദർശിച്ചിരുന്നു.

1861 മാർച്ച് 7 ന് അബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്തു മൂന്നു ദിവസം കഴിഞ്ഞപ്പോൾ, ഇസാക്ക് മെരിലാൻഡ് വിട്ടുപോകുകയും ടെക്സസിലേക്ക് യാത്ര ചെയ്ത് അദ്ദേഹം കോൺഫെഡറേറ്റ് സ്റ്റേറ്റ് ആർമിയിൽ പേരു ചേർക്കുകയും ചെയ്തു (33 ആം അശ്വസേന, അല്ലെങ്കിൽ ഡഫ്സ് പാർട്ടിസാൻ റേഞ്ചേഴ്സ്, 14 അശ്വസേനാ ബറ്റാലിയൻ ). ജോൺ ജൂണിയർ 1861 ജൂലായിൽ സെന്റ് ചാൾസ് കോളേജിലെ പഠനം ഉപേക്ഷിക്കുകയും കോൺഫെഡറേറ്റ് സീക്രട്ട് സർവീസിന്റെ ഒരു സന്ദേകവാഹകൻ ആയി മാറുകയും സന്ദേശങ്ങളും പണവും അതോടൊപ്പം നിയമവിരുദ്ധമായി ചരക്കു നീക്കം നടത്തുന്ന ജോലികളിലുമേർപ്പെട്ടു. സറാട്ട് വില്ലയിലെയും പരിസരങ്ങളിലെയും കോൺഫെഡറേറ്റ് പ്രവർത്തനങ്ങൾ യൂണിയൻ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. 1861 അവസാനത്തോടെ യൂണിയൻ ഇന്റലിജൻസ് സർവ്വീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു ഡിറ്റക്ടീവായ ലഫായെറ്റ് സി. ബേക്കറും 300 യൂണിയൻ സൈനികരും സറാട്ട് വില്ലെക്കു സമീപം ക്യാമ്പ് ചെയ്ത് സറാട്ട് കുടുംബത്തിന്റേയും മറ്റുള്ളവരുടേയും കോൺഫെഡറേറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചു. പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു വലിയ കോൺഫെഡറേറ്റ് കൊറിയർ നെറ്റ്വർക്കിനെക്കുറിച്ച് അദ്ദേഹം പെട്ടെന്നുതന്നെ വെളിപ്പെടുത്തിയിരുന്നു. ചില അറസ്റ്റുകളും മുന്നറിയിപ്പുകളും ഉണ്ടായിട്ടും കൊറിയർ നെറ്റ്വർക്ക് കോട്ടമില്ലാതെ തുടർന്നു.

ജോൺ സറാട്ട് പെട്ടെന്നു ബോധംകെട്ടുവീഴുകുയും 1862 ൽ ഓഗസ്റ്റ് 25 അല്ലെങ്കിൽ ആഗസ്റ്റ് 26 നു (തീയതി സംബന്ധമായ ഉറവിടങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു) മരണമടയുകയും ചെയ്തു. മരണ കാരണം ഒരു ഹൃദയസ്തംഭനം ആയിരുന്നു. അദ്ദേഹത്തിൻറെ മരണത്തോടെ സറാട്ട് കുടുംബം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലായി. ജോൺ ജൂനിയറും അന്നയും സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കുകയും കുടുംബത്തിനു ബാക്കിയായുണ്ടായിരുന്ന കൃഷിയിടവും ബിസിനസുകളും സംരക്ഷിക്കാൻ മാതാവിനെ സഹായിക്കുകയും ചെയ്തു. 1862 സെപ്തംബർ 10 ന് ജോൺ ജൂനിയർ സറാട്ട്സ്വില്ലെ തപാലോഫീസിൻറെ പോസ്റ്റ്മാസ്റ്ററായി നിയമിതനായി. 1862 ൽ ലഫായേറ്റ് ബേക്കർ വീണ്ടും സറാട്ട്വില്ലെ പരിശോധിക്കുകയും അനേകം പോസ്റ്റ്മാസ്റ്റർമാർ രാജ്യദ്രോഹത്തിൻറെ പേരിൽ പുറത്താക്കപ്പെട്ടു, എന്നാൽ ജോൺ ജൂനിയർ അവരിൽ ഉൾപ്പെട്ടിരുന്നില്ല. 1863 ആഗസ്റ്റിൽ ഐക്യനാടുകളുടെ യുദ്ധകാര്യവകുപ്പിന്റെ പോസ്റ്റ്മാസ്റ്റർ ഡിപ്പാർട്ട്മെന്റിൽ ജോലി തെരഞ്ഞുവെങ്കിലും ർഅദ്ദേഹത്തിന്റെ അപേക്ഷ ഫെഡറൽ ഏജന്റുമാർക്ക് അവരുടെ കുടുംബത്തിനു യൂണിയനോടുള്ള വിശ്വാസ്യതയെക്കുറിച്ച് സംശയം ജനിപ്പിച്ചു. 1863 നവംബർ 17 ന് അദ്ദേഹം അവിശ്വസ്തനെന്ന മുദ്രകുത്തി പോസ്റ്റുമാസ്റ്റർ ജോലിയിൽനിന്നു നീക്കം ചെയ്യപ്പെട്ടു.

പോസ്റ്റ്മാസ്റ്റർ എന്ന നിലയിൽ ജോൺ ജൂനിയറിന്റെ ജോലി നഷ്ടപ്പെട്ടതോടെ സറാട്ട് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടു. 1862 നവംബർ അവസാനത്തോടെ ജോൺ സീനിയറിന്റെ എസ്റ്റേറ്റ് നിരീക്ഷണത്തിലായിരുന്നതിനാൽ കുടുംബത്തിന്റെ ഉടമസ്ഥതയിൽ രണ്ട് മധ്യവർഗ പ്രായക്കാരായ അടിമകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, 1863 ആയപ്പോൾ, ചാൾസ് കോളേജിൽ നിന്നുള്ള ജോൺ ജൂനിയറുടെ ഒരു സുഹൃത്ത് ലൂയിസ് ജെ. വീച്ച്മാൻ, ആ കുടുംബത്തിലെ തോട്ടങ്ങളിൽ ആറോ അതിലധികമോ അടിമകൾ ജോലി ചെയ്യുന്നതായി നിരീക്ഷിച്ചിരുന്നു. 1864 ആയപ്പോൾ മേരി സറാട്ട് തന്റെ ഭർത്താവിന്റെ കൊടുത്തു തീർക്കാനുള്ള കടങ്ങളും മോശമായ ബിസിനസ്സ് ഇടപാടുകളും കാരണമായി അനേകം പേർക്ക് കടം വീട്ടേണ്ടതായിട്ടുണ്ടെന്നു കണ്ടെത്തി. ഇക്കാലത്ത് അവരുടെ പല അടിമകളും ഓടിപ്പോയിരുന്നു. നഗരത്തിലെ കോൺഫെഡറേറ്റ് അനുഭാവികളുമായി കൂടിക്കാഴ്ച നടത്താതിരിക്കുന്ന സമയത്ത് കുടുംബത്തിന് പണം സമ്പാദിക്കാൻ അവരുടെ മകൻ പച്ചക്കറി വിൽപ്പന നടത്തിയിരുന്നു. മകന്റെ സഹായമില്ലാതെ കൃഷിയിടം, മദ്യശാല മറ്റു ബിസിനസുകൾ എന്നിവ നടത്തുന്നതിനു മേരിക്കു പ്രയാസം നേരിട്ടു. 1864 അവസാനത്തോടെ, അവർ നഗരത്തിലെ തൻറെ ടൗൺ ഹൗസിലേക്ക് മാറുന്നതിനെക്കുറിച്ചു ചിന്തിച്ചു.

1864 ഒക്ടോബർ 1-ന് വാഷിംഗ്ടൺ ഡി.സി.യിലെ 604 എച്ച് സ്ട്രീറ്റ് NW വിലെ ടൗൺ ഹൌസ് അവർ തന്റെ അധീനതയിലാക്കി. ചാര ഇഷ്ടികകൊണ്ടു പടുത്തുയർത്തിയിരുന്ന ഈ വീടിന് 29 അടി (8.8 മീറ്റർ) വീതിയും 100 അടി (30 മീ.) നീളവും, നാല് നിലകളുമാണുണ്ടായിരുന്നത്. തെരുവിനു സമാന്തരമായിരുന്ന ആദ്യ നിലയ്ക്ക് അടുക്കളയായും ഡൈനിംഗ് റൂമുമായി ഉപയോഗിച്ചിരുന്ന രണ്ടു വലിയ മുറികൾ ഉണ്ടായിരുന്നു. രണ്ടാമത്തെ നിലയിൽ മുന്നിലും പിന്നിലും സന്ദർശക ശാലയുള്ള പിന്നിലായുള്ള മുറി മേരി സറാട്ടിന്റെ കിടപ്പുമുറിയായി ഉപയോഗിക്കുന്നതായിരുന്നു. മൂന്നാമത്തെ നിലയിൽ ആകെ മൂന്നു മുറികൾ ഉണ്ടായിരുന്നു: രണ്ടുമുറികൾ മുൻവശത്തും പിന്നിലായി ഒരു വലിയ മുറിയും. ഒരു മച്ചായി കണക്കാക്കപ്പെട്ടിരുന്ന നാലാം നിലയിൽ രണ്ടു വലിയ മുറികളും ഒരു ചെറി മുറിയുമായിരുന്നു ഉണ്ടായിരുന്നത്. ഈ ചെറിയ മുറി ഒരു ഭൃത്യൻ ഉപയോഗിച്ചുവന്നു. ആ മാസംതന്നെ സറാട്ട് ടൗൺഹൌസിലെ തന്റെ ഭവനത്തിലേയ്ക്കു തന്റെ വസ്തുക്കൾ നീക്കാൻ തുടങ്ങി, 1864 നവംബർ 1-ന് അന്നയും ജോൺ ജൂനിയറും അവിടെ താമസിച്ചു തുടങ്ങുകയും ചെയ്തു. മേരി സറാട്ട് ഡിസംബർ 1 ന് താമസിക്കാനെത്തി. അതേ ദിവസം തന്നെ സറാട്ട് തന്റെ സറാട്ട്‍വില്ലെയിലെ സത്രം ഒരു പഴയ വാഷിംഗ്ടൺ ഡി.സി., പോലീസുകാരനും കോൺഫെഡറേറ്റ് അനുഭാവിയുമായിരുന്ന ജോൺ എം. ലോയ്ഡിന് പ്രതിവർഷം 500 ഡോളറിനു വാടകക്കു കൊടുത്തിരുന്നു. നവംബർ 30, ഡിസംബർ 8, ഡിസംബർ 27 എന്നീ തീയതികളിൽ മേരി സറാട്ട് ഡെയ്ലി ഈവനിംഗ് സ്റ്റാർ ദിനപത്രത്തിൽ വാടകക്കാരെ ആവശ്യമുണ്ടെന്നു  പരസ്യം നൽകിയിരുന്നു. തനിക്കു വ്യക്തിപരമായി പരിചയമുള്ളവരോ സുഹൃത്തുക്കൾ ശുപാർശ ചെയ്തിട്ടുള്ളവരോ മാത്രമായിരിക്കും ഇവിടെ താമസ സൌകര്യം ലഭിക്കുക എന്നാണ് അവർ പ്രാരംഭത്തിൽ പറഞ്ഞിരുന്നത്. പക്ഷേ തന്റെ പരസ്യങ്ങളിൽ, "4 മാന്യന്മാർക്ക് മുറികൾ ലഭ്യമാണ്" എന്ന് അവർ കുറിച്ചിരുന്നു.

ചില പണ്ഡിതന്മാർ മേരി സറാട്ടിന്റെ നഗരത്തിലേക്കുള്ള കൂടുമാറ്റത്തേക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചരിത്രകാരമാരായ കെയ്റ്റ് ലാർസൺ, റോയ് ചാംലീ എന്നിവർ കുറിക്കുന്നത്  കൃത്യമായ തെളിവുകളില്ലെങ്കിൽപ്പോലും തന്റേയും പുത്രന്മാരുടേയും ഗൂഢപ്രവൃത്തികൾ വിപുലമാക്കാനായിരിക്കണം അവർ നഗരത്തിലേയ്ക്കു ചേക്കേറാനായി ഒരു കാരണം കണ്ടെത്തിയതെന്നാണ്. ഉദാഹരണത്തിന്, 1864 സെപ്തംബർ 21 ന് ജോൺ സറാട്ട് , ലൂയിസ് ജെ. വിച്ച്മാന് നഗരത്തിലേക്കു നീങ്ങാനുള്ള തന്റെ കുടുംബത്തിന്റെ പദ്ധതികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ് എന്നു കത്തെഴുതിയിരുന്നതായി ലാർസണും ചാംലിയും നിരീക്ഷിക്കുന്നു. ചില ആകസ്മിക സംഭവങ്ങൾ വന്നുപെടുന്നതിന്റെ അടിസ്ഥാനത്തിൽ എന്നു തുടങ്ങുന്ന ഈ കത്ത് ഒരുപക്ഷേ, അദ്ദേഹത്തിന്റെ കോൺഫെഡറേറ്റ് പ്രവർത്തനങ്ങളേക്കുറിച്ചു പൊതുവായുളളതോ അല്ലെങ്കിൽ ലിങ്കണെ തട്ടിക്കൊണ്ടുപോവുകയോ കൊല്ലുകയോ ചെയ്യാനുള്ള ഗൂഢാലോചന ഉൾക്കൊള്ളുന്നതായ ഒരു ഗൂഢാർത്ഥ പ്രയോഗം പരാമർശിക്കുന്നതായിരിക്കാമെന്നാണ് അവരുടെ അഭിപ്രായം. നഗരത്തിലേയ്ക്കുള്ള ഈ മാറ്റം സറാട്ടിന് ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക ഭദ്രത നൽകുമായിരുന്നെങ്കിൽപ്പോലും ചെറിയ കാലയളവു വച്ചു നോക്കുമ്പോൾ വീടുമാറ്റത്തിന്റെ ചെലവുകളോടൊപ്പം തനിക്കു ഉടനടി വഹിക്കുവാൻ സാധിക്കാത്തതായ ടൗൺഹൗസിലെ 10 മുറികൾ സജ്ജീകരിക്കുവാനുള്ള അധികച്ചെലവുംകൂടി വരുമായിരുന്നുവെന്നും ലാർസൻ നിരീക്ഷിച്ചിട്ടുണ്ട്.

നഗരത്തിലേക്കു നീങ്ങാനുള്ള സാമ്പത്തിക കാരണം അല്പ മാത്രമായിരുന്നവെന്നു തുടരുന്ന ചാംലി, എച്ച് സ്ടീറ്റിലെ ബോർഡിംഗ് ഹൌസ് പൂർണ്ണമായി സറാട്ട് വാടകക്കാർക്കു നൽകിയിരുന്നെങ്കിൽ ഇതിൽക്കൂടുതൽ ലാഭകരമാകുമായിരുന്നുവെന്നു നിഗമനം നടത്തി ഉപസംഹരിക്കുന്നു. നഗരത്തിലെ തന്റെ താമസകാലത്ത് പ്രതികൂല സ്വാധീനങ്ങളേക്കുറിച്ചു ബോധവതിയായിരുന്ന സറാട്ട് തന്റെ മകളെ ഈ സാഹചര്യങ്ങളിൽനിന്നു മാറ്റി നിറുത്തുവാൻ ശ്രമിച്ചിരുന്നു. മദ്യ ശാലയ്ക്കും ടൌൺഹൌസിനുംമേൽ നേരത്തേതന്നെ കടബാദ്ധ്യതയുണ്ടായിരുന്ന സറാട്ട് 1865 ജനുവരിയിൽ ടൌൺഹൌസിനുമേൽ മറ്റൊരു കടബാദ്ധ്യതകൂടി ഏറ്റെടുത്തു.  1865 ജനുവരിയിൽ ജോൺ ജൂനിയർ കുടുംബസ്വത്തിനുമേലുള്ള തനിക്കുള്ള മുഴുവൻ അവകാശങ്ങളും മാതാവിനു കൈമാറിയിരുന്നു. അത്തരം പ്രവർത്തിക്ക് ദൂരവ്യാപകമായ  അർത്ഥങ്ങൾ ഉണ്ടായിരുന്നിരിക്കാം. ഒരു രാജ്യദ്രോഹിയുടെ വസ്തുവകകൾ സർക്കാരിനു പിടിച്ചെടുക്കുവാൻ കഴിയുമായിരുന്നു. ജോണിന്റെ ചാരപ്രവൃത്തികളേക്കുറിച്ചുള്ള അവബോധമായിരിക്കാം തന്റെ വീടിനും ഭൂസ്വത്തിനും മേലുള്ള അവകാശം ഒഴിയുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മേരിക്കും അദ്ദേഹത്തിന്റെ ആന്തരോദ്ദേശ്യത്തേക്കുറിച്ച് ഒരുപക്ഷേ അറിവുണ്ടായിരിക്കുകയോ അല്ലെങ്കിൽ കുറഞ്ഞത് അറിവുണ്ടെന്നു പൊതുവായി സംശയിക്കുകയും ചെയ്യാം. അവർക്ക് ഗൂഢാലോചനയെക്കുറിച്ച് വസ്തുതാപരമായ അറിവുമുണ്ടായിരുന്നിരിക്കാമെന്നു പൊതുവേ നിരീക്ഷിക്കപ്പെടുന്നു.

ഗുഢാലോചനാ സിദ്ധാന്തം തിരുത്തുക

Surratt's boarding house, c. 1890, little changed from how it looked during her occupancy.
Surratt's boarding house, which now houses a restaurant, is in the Chinatown neighborhood of Washington, D.C.

1864 നവംബർ 1 ന് ലൂയിസ് ജെ. വെയ്ച്ച്മാൻ മേരി സറാട്ടിന്റെ ബോർഡിംഗ് ഹൗസിലേക്ക് താമസം മാറിയെത്തി. 1864 ഡിസംബർ 23-ന് ഡോ. സാമുവൽ മഡ്ഡ്, ജോൺ സറാട്ട് ജൂനിയറിനെ ജോൺ വിൽക്കിസ് ബൂത്തിനു പരിചയപ്പെടുത്തി. ബൂത്ത്, ജോൺ ജൂണിയറെ ലിങ്കൺ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയയിൽ പങ്കെടുക്കാനായി റിക്രൂട്ട് ചെയ്തു. ബോർഡ് ഹൌസിലേയ്ക്ക് പലപ്പോഴും കോൺഫെഡറേറ്റ് ഏജന്റുമാരുടെ നിരന്തര സന്ദർശനം ആരംഭിച്ചു. അടുത്ത ഏതാനും മാസങ്ങൾ ബൂത്ത് പല തവണ ബോർഡിംഗ് ഹൌസ് സ്വയം സന്ദർശിക്കുകയും ചിലപ്പോൾ മേരി സറാട്ടിന്റെ അഭ്യർത്ഥനപ്രകാരവും സന്ദർശിച്ചിരുന്നു.

ജോർജ് ആറ്റ്സെറോഡ്റ്റ്സ്, ലൂയിസ് പവൽ എന്നിവർ ടൗൺഹൌസിൽ ചെറിയ കാലയളവിൽ താമസിച്ചിരുന്നു. ബൂത്തിന്റേയും ജോൺ ജൂണിയറിന്റേയും സുഹൃത്തും അബ്രഹാം ലിങ്കണെ തട്ടിക്കൊണ്ടു പോകാനുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നയാളുമായ അറ്റസെറോട്സ് 1865 ലെ ആദ്യ രണ്ട് മാസങ്ങളിൽ നിരവധി തവണ ബോർഡിംഗ് ഹൌസ് സന്ദർശിച്ചിരുന്നു. 1865 ഫെബ്രുവരിയിൽ സറാട്ട് ബോർഡിംഗ് ഹൗസിൽ അദ്ദേഹം താമസിച്ചു (ഒരു രാത്രി അല്ലെങ്കിൽ നിരവധി തവണ, സ്രോതസ്സുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു), പക്ഷേ അദ്ദേഹം ഒരു മുഴുക്കുടിയനാണെന്നു ബോദ്ധ്യപ്പെട്ടതിനാൽ  കുറച്ചു ദിവസങ്ങൾക്കു ശേഷം മേരി സറാട്ട് അദ്ദേഹത്തെ പുറത്താക്കി.

എന്നിരുന്നാലും പിന്നീടും അദ്ദേഹം ഇടയ്ക്കിടെ ടൗൺഹൗസ് സന്ദർശിക്കുകയുണ്ടായി. പവൽ ഒരു ബാപ്റ്റിസ്റ്റ് വൈദികനെന്ന ഭാവത്തിൽ 1865 മാർച്ച് മാസത്തിൽ ബോർഡിംഗ് ഹൗസിൽ 3 ദിവസങ്ങൾ താമസിച്ചു. ഡേവിഡ് ഹരോൾഡും ഈ വീട്ടിലേയ്ക്കു പല തവണ വിളിക്കപ്പെട്ടിരുന്നു.

1865 മാർച്ചിൽ ലിങ്കണനെ തട്ടിക്കൊണ്ടു പോകാനുള്ള ഗൂഢാലോചനയുടെ ഭാഗമായി, ജോൺ, അറ്റ്സെറോട്സ്, ഹെറോൾഡ് എന്നിവർചേർന്ന് സറാട്ട്വില്ലെയിലെ സറാട്ട് മദ്യശാലയിൽ രണ്ടു സ്പെൻസർ ബ്രാണ്ട് തോക്കുകളും വെടിക്കോപ്പുകളും മറ്റു ചില സാധനങ്ങളും ഒളിപ്പിച്ചിരുന്നു. ഏപ്രിൽ 11 ന് മരിയ സറാട്ട് ഒരു വണ്ടി വാടകക്കെടുക്കുകയും സറാട്ട് മദ്യശാലയിലേയ്ക്കു പോകുകയും ചെയ്തു.  ഒരു മുൻ അയൽക്കാരൻ അനുവദിച്ച കടം വാങ്ങാനായാണ് ആ യാത്രയെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ, അവരുടെ വാടകക്കാരനായിരുന്ന ജോൺ ലോയ്ഡ് പറഞ്ഞതനുസരിച്ച്, "വെടിക്കോപ്പുകൾ”  എടുത്തുകൊണ്ടുപോകാൻ തയ്യാറാണെന്നു സറാട്ട് പറഞ്ഞുവെന്നാണ്. ഏപ്രിൽ 14 ന് സറാട്ട പറഞ്ഞത് താൻ ഒരിക്കൽ കൂടി ഒരു കടം വാങ്ങാനായി സറാട്ട്വില്ലെയിലെ കുടുംബവകയായ മദ്യശാല സന്ദർശിക്കുമെന്നാണ്. പട്ടണത്തിൽ നിന്ന് അവർ പുറപ്പെടുന്നതിനു തൊട്ടുമുമ്പ്, ബൂത്ത് ബോർഡിംഗ് ഹൌസ് സന്ദർശിക്കുകയും സ്വകാര്യമായി സറാട്ടിനോടു സംസാരിക്കുകയും ചെയ്തു. പിന്നീടു വൈകുന്നേരം ലോയിഡിനെ ഏൽപ്പിക്കുവാനായി അയാൾ അവരുടെ കയ്യിൽ ഒരു പൊതി കൊടുത്തു (ഇതു പിന്നീട് ബൈനോക്കുലറുകളാണെന്ന് തിരിച്ചറിഞ്ഞിരുന്നു) സറാട്ട് അപ്രകാരം ചെയ്തു. ലോയ്ഡിന്റെ വിവരണമനുസരിച്ച്, ‘വെടിക്കോപ്പുകൾ’ കൊണ്ടുപോകുവാൻ തയ്യാറാണ് എന്ന് അവർ ലോയിഡിനോട് വീണ്ടും പറയുകയം ബൂത്ത് ഏൽപ്പിച്ച പൊതി അയാളെ ഏൽപ്പിക്കുകയും ചെയ്തുവെന്നാണ്.

ബൂത്തിന്റെ പദ്ധതിയനുസരിച്ച് അയാൾ ലിങ്കണനെ വധിക്കുവാനും അറ്റ്സെറോട്റ്റ് വൈസ് പ്രസിഡന്റ് ആൻഡ്രൂ ജോൺസണേയും പവൽ വില്ല്യം എച്ച്. സെവാർഡിനേയും കൊല്ലപ്പെടുത്തുവാനായിരുന്നു. പദ്ധതി പ്രകാരം ലിങ്കണെ ബൂത്ത് കൊലപ്പെടുത്തി. അറ്റ്സെറോട്റ്റ് ഒരിക്കലും ജോൺസനണെ കൊല്ലാൻ ശ്രമിച്ചില്ല. പവൽ സിവാർഡിനെ ആവർത്തിച്ച് കുത്തിയെങ്കിലും വധിക്കുന്നതിൽ പരാജയപ്പെട്ടു. ലിങ്കണന്റെ കൊലപാതകത്തിനു ശേഷം അവർ പട്ടണത്തിൽ നിന്ന് ഓടിപ്പോയപ്പോൾ ബൂത്തും ഹെറോൾഡും സറാട്ടിന്റെ മദ്യശാലയിൽനിന്ന് തോക്കുകൾക്കും ബൈനോക്കുലറുകൾക്കും എടുത്തിരുന്നു. സറാട്ട് യാത്രയാകുന്നതിനുമുമ്പ് അവർ സഞ്ചരിക്കാനുള്ള വാഹനത്തിന്റെ ഒരു  തകർന്ന ഒരു സ്പ്രിംഗിന്റെ കേടുപാടുകൾ ലോയ്ഡ് പരിഹരിച്ചിരുന്നു.

അറസ്റ്റും തടവും തിരുത്തുക

 
Lewis Powell was the co-conspirator whose untimely arrival at the Surratt boarding house on April 17 convinced many of Mary Surratt's guilt.

1865 ഏപ്രിൽ 15 ന് വെളുപ്പിന് ഏകദേശം 2 മണിയോടെ ഡിസ്ട്രിക്റ്റ് ഓഫ് കൊളമ്പിയ പോലീസ് അംഗങ്ങൾ ജോൺ വിൽകിസ് ബൂത്തിനേയും ജോൺ സറാട്ടിനെയും അന്വേഷിച്ച് സറാട്ട് ബോർഡിംഗ് ഹൌസ് സന്ദർശിച്ചിരുന്നു. പോലീസ് ഈ വീട്ടിലേയ്ക്കു വരുന്നത് എന്തിനെന്നു പൂർണ്ണമായും വ്യക്തമല്ലായിരുന്നു. ലൂയിസ് ജെ. വീച്ച്മാന്റെ സുഹൃത്തും യുദ്ധകാര്യ വകുപ്പിലെ ജോലിക്കാരനുമായിരുന്ന ഡാനിയേൽ ഗ്ലീസൺ സറാട്ട് ഹൌസ് കേന്ദ്രീകരിച്ചുള്ള കോൺഫെഡറേറ്റ് പ്രവർ‌ത്തനങ്ങളെക്കുറിച്ച് ഫെഡറൽ അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നത്. എന്നാൽ ഫെഡറൽ ഏജന്റുമാർക്കു പകരം പോലീസുകാർ അവിടെ പ്രത്യക്ഷപ്പെട്ടതെന്തുകൊണ്ടാണ് എന്നതിനെക്കുറിച്ചു വ്യക്തതയില്ലായിരുന്നു. (എന്നിരുന്നാലും ചരിത്രകാരൻ റോയ് ചാംലി പറയുന്നതനുസരിച്ച്, അനവധി ദിവസങ്ങൾ വീച്ച്മാനെക്കുറിച്ചുള്ള തന്റെ സംശയം ഗ്ലീസൺ പൊലീസിനെ അറിയിച്ചിരുന്നില്ല എന്നതിന് തെളിവുണ്ടെന്നാണ്). ലിങ്കന്റെ മേൽ ആക്രമണമുണ്ടായി 45 മിനിട്ടിനുള്ളിൽ സ്റ്റേറ്റ് സെക്രട്ടറി വില്യം എച്ച്. സെവാർഡിന്റെ മേലുള്ള ആക്രമണവുമായി ബന്ധപ്പെടുത്തി ജോൺ സറാട്ടിന്റെ നാമം പുറത്തുവന്നിരുന്നു. പോലീസിനും പ്രൊവസ്റ്റ് മാർഷലിന്റെ ഓഫീസിനും ജോൺ സറാട്ട് ജൂണിയറിനെക്കുറിച്ചുള്ള ഫയൽലഭ്യമായിരുന്നതൊടൊപ്പം  അദ്ദേഹം ബൂത്തിന്റെ അടുത്ത സുഹൃത്താണെന്നതും അറിയാമായിരുന്നു. (ഫോർഡ്സ് തിയറ്ററിലെ പ്രോപ്പർട്ടി സൂപ്പർവൈസറും ബൂത്തിന്റെ ഒരു സുഹൃത്തുമായിരുന്ന ജയിംസ് എൽ. മാഡോക്സ്, അല്ലെങ്കിൽ നടൻ ജോൺ മാത്യൂസ് എന്നീ രണ്ടുപേർക്ക് സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നുവേണം ധരിക്കുവാൻ. ഇവരായിരിക്കണം സറാട്ടിന്റെ പേര് സൂചിപ്പിച്ചത്) ഓട്ടോ ഈസെൻഷിമിൽ എന്ന ചരിത്രകാരൻ വാദിക്കുന്നത് ജോൺ ഫ്ലെച്ചറിൽ നിന്നും ഒരു കുതിരയെ മോഷ്ടിക്കുവാനുള്ള ഡേവിഡ് ഹെറോൾഡിന്റെ ശ്രമമായിരിക്കാം  അവരെ സറാട്ട് ബോർഡിംഗ് ഹൗസിലേക്ക് നയിച്ചതെന്നാണ്. എന്നാൽ ചുരുങ്ങിയത് ഒരു പണ്ഡിതനെങ്കിലും ഈ കണ്ണിയുടെ വിശ്വാസ്യത അനിശ്ചിതത്വത്തിലാണെന്ന് പ്രസ്താവിക്കുന്നു. ലിങ്കണെ ആക്രമിച്ചത് ബൂത്താണെന്ന് ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞതായി മറ്റു ഉറവിടങ്ങൾ അവകാശപ്പെടുന്നുണ്ട്. കൂടാതെ അപസർപ്പകർക്ക് ജോൺ ജൂണിയറെ ബൂത്തുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ ലഭ്യമായിരുന്നു (പേരില്ലാത്ത നടൻ, ബാറിലെ ഒരു വിളമ്പുകാരൻ എന്നിവരിൽനിന്നുള്ള രഹസ്യവിവരം) രണ്ടാഴ്ചയായി തന്റെ മകൻ കാനഡയിലായിലാണെന്ന് മേരി സറാട്ട് അപസർപ്പകരോട് നുണ പറഞ്ഞിരുന്നു. ബൂത്തിനുവേണ്ടി താൻ ഒരു പൊതി മദ്യശാലയിൽവച്ച് ഏതാനും മണിക്കൂറുകൾക്കുമുമ്പു കൈമാറിയ കാര്യവും അവർ അപസർപ്പകരോടു വെളിപ്പെടുത്തിയില്ല.

ഏപ്രിൽ 17 ന് സറാട്ടിന്റെ ഒരു അയൽക്കാരൻ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞത്, ലിങ്കൺ കൊല്ലപ്പെട്ട രാത്രിയിൽ മൂന്നുപേർ വീട്ടിലേയ്ക്ക് എത്തിയെന്നും ബൂത്ത് ഒരു നാടകവേദിയിലുണ്ടെന്നും സറാട്ടിന്റെ ഒരു വേലക്കാരൻ പറയുന്നതുകേട്ടുവെന്നാണ്.  (ജോൺ സറാട്ട് ജൂനിയർ ന്യൂയോർക്കിലെ എൽമിറയിൽ ഒരു കോൺഫെഡറേറ്റ് ജനറലിനുവേണ്ടിയുള്ള ദൗത്യത്തിൽ ആയിരുന്നതുകൊണ്ട്, ഈ വേലക്കാരന് തീയതി തെറ്റിപ്പോയിരുന്നു). മറ്റ് വിവരശേഖരങ്ങളും ഗൂഢാലോചനക്കാരുടെ ഒരു പ്രധാന താവളമായി ബോർഡിംഗ് ഹൗസിനെ പരാമർശിച്ചിട്ടുണ്ട്. കൊളംബിയ ഡിസ്ട്രിക്റ്റിലെ പ്രൊവസ്റ്റ് മാർഷൽ (സൈനിക പോലീസിന്റെ തലവൻ) കേണൽ ഹെൻറി എച്ച് വെൽസോ, അല്ലെങ്കിൽ ജനറൽ ക്രിസ്റ്റഫർ സി. അഗൂറോ ആയിരിക്കണം കേണൽ ഹെൻറി സ്റ്റീൽ ഒൽകോട്ടിനോട് ആ വീട്ടിലുള്ള എല്ലാവരേയും അറസ്റ്റുചെയ്യാൻ പറഞ്ഞത്. ഏപ്രിൽ 17 രാത്രി വൈകി ഫെഡറൽ സൈനികർ സറാട്ട് ബോർഡിംഗ് ഹൌസ് വീണ്ടും സന്ദർശിച്ചു. അവർക്ക് ജോൺ ജൂനിയർ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ വീട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ മേരിയുടെ മുറിയിൽനിന്ന് മറ്റൊരു ചിത്രത്താൽ മറയ്ക്കപ്പെട്ട രീതിയിൽ ബൂത്തിന്റെ ഒരു ചിത്രവും, ജെഫേഴ്സൺ ഡേവിസ് ഉൾപ്പെടെയുള്ള കോൺഫെഡറേറ്റ് നേതാക്കളുടെ ചിത്രങ്ങൾ, ഒരു പിസ്റ്റൾ, വെടിയുണ്ടകൾ ഉണ്ടാക്കുന്നതിനുള്ള ഒരു അച്ച്, ഒപ്പം പെർക്കൂസിയൻ ക്യാപ്സ് (ഒരു തരം പ്രാകൃതമായ തോക്ക്) എന്നിവ കണ്ടെടുത്തിരുന്നു.

ലിങ്കണെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി മേരിയെ അറസ്റ്റു ചെയ്തപ്പോൾ പവൽ വാതിൽക്കൽ വേഷപ്രഛന്നനായി പ്രത്യക്ഷപ്പെട്ടു. സറാട്ട് അദ്ദേഹത്തെ അറിയില്ലെന്നു പറഞ്ഞുവെങ്കിലും അടുത്ത ദിവസം രാവിലെ ഒരു കുഴിയെടുക്കുവാൻ സറാട്ട് വാടകക്കെടുത്തിരുന്ന തൊഴിലാളിയാണെന്ന് അദ്ദേഹം അവരോടു നുണ പറഞ്ഞു. വിവരണവും തൊഴിലാളിയേക്കാളുപരിയായുള്ള അദ്ദേഹത്തിന്റെ മോടിയായ വസ്ത്രധാരണവും തമ്മിലുള്ള  വൈരുദ്ധ്യം, പവലിന്റെ അറസ്റ്റിലേയ്ക്കു നയിച്ചു. പിന്നീട് ഇദ്ദേഹം സ്റ്റേറ്റ് സെക്രട്ടറി വില്യം സിവാർഡിനെ വധിക്കാൻ ശ്രമിച്ച ആളാണെന്നു പിന്നീടു തിരിച്ചറിയപ്പെട്ടു.

അറസ്റ്റു ചെയ്തതിനുശേഷം ഏപ്രിൽ 30 ന് വാഷിംഗ്ടൺ ആയുധപ്പുരയിലേയ്ക്കു മാറ്റുന്നതിനുമുമ്പായി അവരെ ഓൾഡ് ക്യാപ്പിറ്റോൾ ജയിലിന്റെ ഒരു അനുബന്ധ കെട്ടിടത്തിൽ തടവിലിട്ടിരുന്നു. തടവിലിട്ടതു മുതൽ തൂക്കിലേറ്റപ്പെടുന്നതുവരെയുള്ള കാലത്ത് രണ്ടു സായുധ കാവൽക്കാർ തടവറയുടെ വാതിൽക്കൽ കാവലിനുണ്ടായിരുന്നു. സറാട്ടിന്റെ തടവറ, മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് അൽപ്പം വലുതും വായു സഞ്ചാരമുള്ളതും ഒരു വൈക്കോൽ കിടക്ക, മേശ, വാഷ് ബേസിൻ, കസേര, ഒരു ബക്കറ്റ് എന്നവയടങ്ങിയതും ലഘുവായി സജ്ജീകരിപ്പെട്ടതുമായിരുന്നു. ഒരു ദിവസം നാലു തവണ ഭക്ഷണം നൽകിയിരുന്നു. മിക്കപ്പോഴും റോട്ടി, ഉപ്പിട്ടുണക്കിയ പോർക്ക്, ബീഫ് അല്ലെങ്കിൽ ബീഫ് സൂപ്പ്, ചായ അല്ലെങ്കിൽ വെള്ളം എന്നിവയുൾപ്പെട്ടതായിരുന്നു ഭക്ഷ്യ വിഭവങ്ങൾ. ആത്മഹത്യാശ്രമം തടയുന്നതിനായി അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവരെ ചണത്തുണികൊണ്ടുള്ള സഞ്ചി തലയിലൂടെ ധരിപ്പിച്ചിരുന്നു.  സറാട്ടും അതു ധരിക്കാൻ നിർബന്ധിതയായിരുന്നോ എന്നതിനെക്കുറിച്ച്  ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നിരുന്നാലും മറ്റുള്ളവരുടെ കൈകാലുകളിൽ ഇരുമ്പു വിലങ്ങുകൾ ധരിപ്പിച്ചിരുന്നുവെങ്കിലും സറാട്ടിന്റെ കൈകാലുകൾ സ്വതന്ത്രമായിരുന്നുവെന്നു പറയപ്പെടുന്നു. നേരേ മറിച്ച് അവരെ കാണാനോ നിജസ്ഥിതി മനസ്സിലാക്കാനോ അനുവദിക്കപ്പെട്ടിരുന്നില്ല എന്നു വിചാരണ സമയത്ത് റിപ്പോർട്ടർമാർ വാദമുഖങ്ങളുയർത്തിയിരുന്നു. ഈ കിംവദന്തികൾ പലതവണ അന്വേഷിക്കുകയും തള്ളപ്പെടുകയും ചെയ്തു. തടവുകാലത്ത് അവർ ശാരീരികമായ അസ്വസ്ഥതകൾ അനുഭവിക്കുകയും ശരീരം ദുർബലമാകുകയും ചെയ്തിരുന്നു. അവർക്ക് ഒരു ആടുന്ന കസേര അനുവദിക്കപ്പെടുകയും മകൾ അന്നയ്ക്ക് സന്ദർശനം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ പത്രമാധ്യമപ്രവർത്തകരിൽനിന്ന് ഏറ്റവും ശ്രദ്ധ നേടിയത് സറാട്ടും പവലുമായിരുന്നു. വടക്കൻ പത്രങ്ങൾ അവളെ അതിനിശിതമായ വിമർശിച്ചിരുന്നു. അവരുടെ ചെറിയ വായയും കറുത്ത കണ്ണുകളും അവർക്ക് ഒരു "ക്രിമിനൽ മുഖം" നൽകുന്നുണ്ടെന്ന് അവർ അവകാശപ്പെട്ടു.

ലിങ്കന്റെ വധസമയത്ത് ജോൺ സറാട്ട് ജൂണിയർ, ഒരു കോൺഫെഡറേറ്റ് ജനറലിനു വേണ്ടി സന്ദേശങ്ങൾ കൈമാറുന്നതിനായി എൽമിറയിലായിരുന്നു. ലിങ്കന്റെ മരണവാർത്തയറിഞ്ഞതിനുശേഷം അദ്ദേഹം കാനഡയിലെ ക്യുബെക്കിലുള്ള മോൺട്രിയലിലേക്ക് പലായനം ചെയ്തു.

വിചാരണ തിരുത്തുക

ആരോപണവിധേയരായ ഗൂഢാലോചനക്കാരുടെ വിചാരണ മെയ് 9 ന് ആരംഭിച്ചു.[64] വിചാരണയ്ക്കായി സിവിലിയൻ കോടതിക്ക് പകരം ഒരു സൈനിക ട്രൈബ്യൂണൽ തീരുമാനിക്കപ്പെട്ടു. ഒരു വലിയ ഗൂഢാലോചനയായി പൊതുജനങ്ങളാൽ തിരിച്ചറിയപ്പെട്ട ഈ കേസിൽ കൂടുതൽ തെളിവുകൾ നൽകി കോടതിയെ സഹായിക്കുവാൻ സിവിലിയൻ കൊടതിയേക്കാളുപരി ഒരു സൈനിക ട്രിബ്യൂണലിനു സാധിക്കുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ വിചാരിച്ചത്.[65] ആരോപണവിധേയരായ എട്ടുപേരേയും ഒരേസമയം വിചാരണക്കു വിധേയരാക്കിയിരുന്നു.[66] സറാട്ടിന്റെ നിരപരാധിത്വത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. ചരിത്രകാരനായ ലോറി വെർജ് അഭിപ്രായപ്പെട്ടതനുസരിച്ച്  ഡോ. സാമുവൽ അലക്സാണ്ടർ മുഡ്ഡിൻറെ കാര്യത്തിൽ മാത്രമേ കുറ്റാരോപിതരിൽ ഒരാൾ അപരാധിയോ നിരപരാധിയോ  എന്ന നിലയിൽ എതിർകക്ഷികളുടെയിടയിൽ വിവാദമുണ്ടായിരുന്നുള്ളുവെന്നാണ്.[67] ഇക്കാര്യത്തിൽ മറ്റൊരു പണ്ഡിതനായിരുന്ന തോമസ് റീഡ് ടർണർ പറയുന്നത്  ലിങ്കണെ വധിക്കുവാൻ ഗൂഢാലോചന നടത്തിയ എട്ടുപേരിൽ സറാട്ടിനെതിരേയുള്ള കേസ് അക്കാലത്തും ശേഷമുള്ള കാലത്തും ഏറ്റവും വിവാദപരമായതായിരുന്നുവെന്നാണ്.[68]

ആയുധപ്പുരയുടെ മൂന്നാമത്തെ നിലയിലെ വടക്കുകിഴക്കു ഭാഗത്തുള്ള ഒരു മുറി കോടതി മുറിയായി നിശ്ചയിക്കപ്പെടുകയും കാഴ്ചക്കാരുടെ കടന്നുകയറ്റമോ തടസ്സപ്പെടുത്തലോ ഒഴിവാക്കുന്നതിനായി തടവുപുള്ളകളെ ഒരു അരികു വാതിലിലൂടെ കോടതിമുറിയിലെത്തിക്കുകയും ചെയ്തു.[69][70] സറാട്ടിന് വിചാരണ വേളയിൽ അവരുടെ അസുഖത്താലും വനിതയായതിനാലും പ്രത്യേക പരിഗണന നൽകപ്പെട്ടു. കോടതിമുറിയിൽ മറ്റു തടവുകാരിൽനിന്നു വേർ‌തിരിച്ചാണ് അവരെ ഇരുത്തിയിരുന്നത്.[71][72] വിചാരണ സമയത്ത് മറ്റു തടവുകാരുടെ ഇരുവശങ്ങളിലും സായുധരായ കാവൽക്കാരുണ്ടായിരുന്നതുപോലെ സറാട്ടിനുമുണ്ടായിരുന്നോ എന്ന കാര്യത്തിൽ രേഖകളുടെ ഉറവിടങ്ങളിൽ വൈജാത്യം കാണപ്പെടുന്നു.[73][74] മറ്റുള്ളവരുടെ കൈത്തണ്ടയും കണങ്കാലും ചങ്ങലകളാൽ ബന്ധിച്ചിരുന്നു. എന്നാൽ സറാട്ടിന്റെ കൈകാലുകൾ സ്വതന്ത്രമായിരുന്നു.[75][76][77] അരുകില്ലാത്ത തൊപ്പി ധരിക്കുവാനും കാഴ്ചക്കാരിൽനിന്നു മുഖം മറയ്ക്കുക്കുന്നതിന് ഒരു മൂടുപടവും അവർക്ക് അനുവദിക്കപ്പെട്ടിരുന്നു.[78] വിചാരണാ സമയത്ത് അവരുടെ രോഗം വഷളാകുകയും കൂടുതൽ വലുതും മെച്ചപ്പെട്ടതുമായ ഒരു തടവറയിലേയ്ക്കു മാറ്റപ്പെടുകയും ചെയ്തിരുന്നു.[79]

മേരി സറാട്ടിന്റെമേൽ ചുമത്തപ്പെട്ടത് പ്രേരണാക്കുറ്റം, സഹായം ചെയ്യൽ, സത്യം മറക്കൽ, പ്രബോധനം, കൂട്ടുപ്രതികൾക്കു സുരക്ഷിതസ്ഥാനമൊരുക്കൽ എന്നിവയായിരുന്നു. ഫെഡറൽ സർക്കാർ തുടക്കത്തിൽ അവർക്കും മറ്റുള്ളവർക്കും നിയമോപദേശം തേടാൻ ശ്രമിച്ചിരുന്നു. എന്നാൽ യൂണിയനോട് അവിശ്വസ്തത ആരോപിക്കപ്പെടുമെന്നുള്ള ഭീതിയാൽ അറ്റോർണി ജനറൽമാർ ഈ ജോലി ഏറ്റെടുക്കുവാൻ തയ്യാറായില്ല. സറാട്ട് തന്റെ നിയമോപദേഷ്ടാവായി റിവേർഡി ജോൺസനെ നിലനിർത്തിയിരുന്നു. 1864-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാരിൽ നിന്നു വിശ്വസ്തതയ്ക്കുള്ള സത്യവാങ്മൂലം ആവശ്യപ്പെട്ടുകൊണ്ട്, സറാട്ടിനു കോടതിയിൽ പ്രതിരോധിക്കുവാൻ അനുവദിക്കുവാനുള്ള ജോൺസന്റെ അവകാശത്തെ ഒരു സൈനിക കമ്മീഷന്റെ അംഗം വെല്ലുവിളിക്കാൻ ശ്രമിച്ചിരുന്നു. വളരെയധികം ചർച്ചകൾക്കു ശേഷം, ഈ എതിർപ്പു പിൻവലിക്കപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ സ്വാധീനത്തിന് ക്ഷതം സംഭവിക്കുകയും, കോടതിയിലെ മിക്ക സെഷനുകളിലും അദ്ദേഹം  പങ്കെടുക്കാതിരിക്കുകയും ചെയ്തു. സറാട്ടിന്റെ നിയമപരിരക്ഷയുടെ ഭൂരിഭാഗവും മറ്റ് രണ്ട് അഭിഭാഷകരായ ഫ്രെഡറിക് ഐകെൻ, ജോൺ വെസ്ലി ക്ലാമ്പ്ലിറ്റ് എന്നിവരാണ് അവതരിപ്പിച്ചത്.

 
Louis J. Weichmann, whose testimony proved critical in convicting Mary Surratt.

ഗൂഢാലോചനയുമായി സറാട്ടിനെ ബന്ധിപ്പിക്കുകയെന്നതായിരുന്നു പ്രധാന പ്രോസിക്യൂഷൻ തന്ത്രം. പ്രസിഡന്റിന്റെ കൊലപാതകത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം പവൽ സറാട്ടിന്റെ ബോർഡിംഗ് ഹൌസിലെത്തിയത് അവർക്കുനേരേയുള്ള നിർണ്ണായകമായ തെളിവ് ആണെന്നു സർക്കാർ വാദിച്ചു. പ്രോസിക്യൂഷൻ ഒൻപത് സാക്ഷികളെ ഹാജരാക്കിയെങ്കിലും ഇവരുടെ കേസുകൾ ജോൺ എം. ലോയ്ഡ്, ലൂയിസ് ജെ. വെയ്ച്ച്മാൻ എന്നീ രണ്ടു പേരുടെ മാത്രം സാക്ഷ്യത്തെ ആശ്രയിച്ചായിരുന്നു. മാർച്ച് മാസത്തിൽ തോക്കുകളും മറ്റു വസ്തുക്കളും മദ്യശാലയിൽ ഒളിപ്പിച്ചുവെച്ചിരുന്നുവെന്നും ‘വെടിക്കോപ്പുകൾ തയ്യാറാണ്’ എന്നുള്ള സറാട്ടും താനുമായുള്ള രണ്ടു സംഭാഷണങ്ങളെക്കുറിച്ചും 1865 മാർച്ച് 13, 15, 15 തീയതികളിലായി ലോയ്ഡ് സാക്ഷ്യപ്പെടുത്തി. ഇതിൽ വെയ്ച്ച്മാന്റെ സാക്ഷ്യപ്പെടുത്തൽ പ്രാധാന്യമർഹിക്കുന്നതായിരുന്നു. കാരണം സറാട്ടിനും മറ്റ് ഗൂഢാലോചനക്കാർക്കുമിടയിൽ ഒരു അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് ഈ സാക്ഷ്യപ്പെടുത്തലിനു സാധിച്ചു. 1864 നവംബർമുതൽ താൻ ബോർഡിംഗ് ഹൌസിലെ താമസക്കാരനായിരുന്നുവെന്നും ജോൺ ജൂനിയർ, അറ്റ്സെറോഡ്റ്റ്, ബൂത്ത്, പവൽ എന്നിവരുമായി സമാഗമം നടത്തുകയും സംഭാഷണം നടത്തുകയും ചെയ്യുന്നത് താൻ കാണുകയോ അല്ലെങ്കിൽ പറഞ്ഞു കേട്ടതായോ അയാൾ മെയ് 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സാക്ഷ്യപ്പെടുത്തി.

ഏപ്രിൽ 11, 14 തീയതികളിൽ വീച്ച്മാൻ സറാട്ടിനെ മദ്യശാലയിലെത്തിച്ചിരുന്നതായും അവരും ലോയ്ഡും തമ്മിൽ ഏറെസമയം സ്വകാര്യ സംഭാഷണത്തിലേർപ്പെട്ടിരുന്നതായും വീച്ച്മാൻ സ്ഥിരീകരിച്ചു പറയുകയും ബൂത്ത് ബൈനോക്കുലറടങ്ങിയ ഒരു പൊതി സറാട്ടിനു കൈമാറുന്നതും  അത് അവർ ലോയിഡിനു കൈമാറുന്നതു കണ്ടതായും വീച്ച്മാൻ കോടതിയിൽ സാക്ഷ്യപ്പെടുത്തി.  പ്രദേശത്തു പ്രവർത്തിച്ചിരുന്ന കോൺഫെഡറേറ്റ് ചാരപ്രവർത്തനങ്ങൾ, വാർത്താ വാഹക ശൃഖലകൾ എന്നിവയും അതിലെ സറാട്ട് കുടുംബത്തിന്റെ ബന്ധവും അറ്റ്സെറോഡ്റ്റ്,പവൽ എന്നിവരുമായുള്ള അടുപ്പത്തേക്കുറിച്ചും വിശദമായ സാക്ഷ്യപ്പെടുത്തൽത്തന്നെ അയാൾ നൽകി.  ബൂത്ത്, ജോൺ എന്നിവരോടൊപ്പം താനും കൂടി സംബന്ധിച്ച ഡിസംബർ 23 ലെ കൂടിക്കാഴ്ചയെക്കുറിച്ചും അനന്തരം നാഷണൽ ഹോട്ടലിലെ ബൂത്തിന്റെ മുറിയിൽ മറ്റുള്ളവരും ബൂത്തുമായി നടത്തിയ മറ്റൊരു കൂടിക്കാഴ്ച്ചയെക്കുറിച്ചും അയാൾ കോടതിയിൽ സാക്ഷ്യപ്പെടുത്തി. അന്തിമമായി, 1865 മാർച്ചിൽ ലിങ്കനെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം വിഫലമായതിനെത്തുടർന്ന് ബോർഡിംഗ് ഹൌസിൽ പൊതുവായുണ്ടായ  വികാരവിക്ഷോഭത്തേക്കുറിച്ചും അയാൾ സൈനിക ട്രൈബ്യൂണലിനുമുന്നിൽ വെളിപ്പെടുത്തൽ നടത്തി.

മറ്റ് പ്രോസിക്യൂഷൻ സാക്ഷികൾ വീച്ച്മാന്റെ സാക്ഷ്യത്തെ ശക്തിപ്പെടുത്തുന്ന പ്രസ്താവനകളാണു നടത്തിയത്. ബോർഡിംഗ് ഹൌസിലെ ഒരു താമസക്കാരനായിരുന്ന ഹോണോറ ഫിറ്റ്സ്പാട്രിക്ക്, അറ്റ്സെറാഡ്റ്റിന്റേയും, ബൂത്ത്, പവൽ എന്നിവരുടേയും ബോർഡിംഗ് ഹൌസിലേയ്ക്കുള്ള സന്ദർശനത്തെ സ്ഥിരീകരിച്ചു.  ലോയ്ഡിന്റെ സഹോദരപത്നിയായിരുന്ന എമ്മാ ഓഫുട്ട്  ഏപ്രിൽ 11 നും 14 നും ലോയ്ഡും സറാട്ടുമായി ദീർഘനേരം സംസാരിക്കുന്നതു കണ്ടുവെന്ന് (പക്ഷേ കേട്ടില്ല) സാക്ഷ്യപ്പെടുത്തുകയുണ്ടായി.  സറാട്ടിന്റെ അറസ്റ്റും ആ സമയത്തെ പവലിന്റെ കടന്നുവരവും താൻ പവലിനെ അറിയില്ലെന്ന സറാട്ടിന്റെ നിഷേധവും സർക്കാർ ഏജൻറുമാർ കോടതിയിൽ സാക്ഷ്യപ്പെടുത്തി.  സത്യത്തിൽ ലിങ്കൺ കൊല്ലപ്പെട്ടശേഷം പവൽ ബോർഡിംഗ് ഹൌസിൽ അഭയം തേടിയെത്തിയത് സറാട്ടിനുമേൽ മോശം സ്വാധീനം ചെലുത്തിയെന്നുവേണം കരുതുവാൻ.  പവലിനെ അറിയില്ലെന്നുള്ള സറാട്ടിന്റെ നിഷേധവും (അല്ലെങ്കിൽ  തിരിച്ചറിയാൻ സാധിക്കുന്നതിലെ അവരുടെ പരാജയം) അവർക്ക് എതിരായി ഭവിച്ചു.  വീടിനുള്ളിൽ നടത്തിയ തങ്ങളുടെ  തിരച്ചിലും അങ്ങനെ ലഭിച്ചുവെന്നു പറയപ്പെടുന്ന തെളിവുകളെക്കുറിച്ചും (ഫോട്ടോഗ്രാഫുകൾ, ആയുധങ്ങൾ മുതലായവ)  ഏജൻസികൾ സാക്ഷ്യപ്പെടുത്തി.  ലിങ്കണിന്റെ മരണത്തിനു മുമ്പുള്ള കാലങ്ങളിൽ സറാട്ട് ഗൂഢാലോചനയിൽ സജീവ പങ്കുവഹിച്ചിട്ടുണ്ട് എന്ന രീതിയിലുള്ള ലോയിഡിന്റെ സാക്ഷ്യപ്പെടുത്തൽ പ്രോസിക്യൂഷനു കേസിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. വിചാരണ നടപടികൾ മെയ് 22 ന് അവസാനിപ്പിച്ചു.

പ്രധാന പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ലോയിഡ്, വീച്ച്മാൻ എന്നിവരുടെ മൊഴികളെ  സംശയംവച്ച് ചോദ്യംചെയ്യുകയെന്നതായിരുന്നു പ്രതിരോധ തന്ത്രം. സറാട്ടിനു യൂണിയനോട് വിശ്വസ്തതയുണ്ടായിരുന്നുവെന്നും സറാട്ട്വില്ലെയിലേയ്ക്കുള്ള അവരുടെ യാത്രകൾ വെറും നിർദ്ദോഷപരമായിരുന്ന ഒന്നായിരുന്നുവെന്നും  ബൂത്തിന്റെ പദ്ധതികളേക്കുറിച്ച് അവർക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും തെളിയിക്കാൻ തങ്ങൾക്കു സാധിക്കുമെന്നു പ്രതിവിഭാഗം പ്രത്യാശിച്ചു. പ്രതിരോധ നിരയിലുണ്ടായിരുന്ന 31 സാക്ഷികളും സറാട്ട് നിരപരാധിയാണെന്നു സാക്ഷ്യപ്പെടുത്തി.  കടം കൊടുക്കുവാൻ സർറാറ്റിനെ പ്രേരിപ്പിച്ചിരുന്നുവെന്ന് ജോർജ്ജ് എച്ച്. കാൾവർട്ട് സാക്ഷ്യപ്പെടുത്തി. അതുപോലെതന്നെ കാൽവർട്ടിന്റെ പണാവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിനായി ജോൺ നോത്തിയിൽനിന്ന്  പണം വാങ്ങുവാൻ സറാട്ട് ശ്രമിച്ചതായി ബെന്നെറ്റ് ഗ്വിൻ പറഞ്ഞു.  കടം വാങ്ങുന്നതിനായി ഏപ്രിൽ 11 ന് മദ്യശാലയിൽ ഏപ്രിൽ 11 നു എത്തിച്ചേരുവാൻ സറാട്ടിൽനിന്നു ഒരു കത്തു ലഭിച്ചിരുന്നതായും നോത്തേയും വെളിപ്പെടുത്തി.

നിരവധി സാക്ഷികൾ ലോയിഡിന്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ചും അമിതമായ മദ്യപാനത്തെക്കുറിച്ചുമുള്ള സാക്ഷ്യപ്പെടുത്തലുകൾ നടത്തി. മറ്റു സാക്ഷികളിൽ ചിലർ, ലിങ്കന്റെ കൊലപാതകം നടന്ന ദിവസം, ആ ദിവസത്തെ സംഭവവികാസങ്ങളേക്കുറിച്ച് കൃത്യമായി ഓർമ്മിക്കുവാൻപോലും സാധിക്കാത്ത രീതിയിൽ അയാൾ കൂടിയ അളവിൽ മദ്യം സേവിച്ചിരുന്നുവെന്നും സാക്ഷ്യപ്പെടുത്തി. കോൺഫെഡറേറ്റ് ഏജന്റായിരുന്ന അഗസ്റ്റസ് ഹൊവെൽ സാക്ഷ്യപ്പെടുത്തിയത്, വീച്ച്മാൻ ഒരു കോൺഫെഡറേറ്റ് ചാരനായുംകൂടി പ്രവർത്തിച്ചിരുന്നതിനാൽ ഒരു വിശ്വാസയോഗ്യനായ സാക്ഷിയല്ല എന്നായിരുന്നു. (ഹൊവെൽ ഒരു കോൺഫെഡറേറ്റ് ചാരനായിരുന്നുവെന്നും അയാളുടെ വാക്കുകൾ വിശ്വസിക്കാൻ പാടില്ലെന്നും  പ്രോസിക്യൂഷൻ ഇതിനിടെ വാദിക്കുവാൻ ശ്രമിക്കുകയും ചെയ്തു.) അറ്റ്സെറോഡ്റ്റിനെ ബോർഡിംഗ് ഹൗസിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നത് വീച്ച്മാൻ ആണെന്ന് അന്ന സറാട്ട് സാക്ഷ്യപ്പെടുത്തി. വീട്ടിൽനിന്നു കണ്ടെടുത്ത ബൂത്തിന്റെ ഫോട്ടോ അവളുടേതാണെന്നും യൂണിയൻ രാഷ്ട്രീയ, സൈനിക നേതാക്കളുടെ ഫോട്ടോഗ്രാഫുകളും അവൾ സൂക്ഷിച്ചിരുന്നുവെന്നും അന്ന സാക്ഷ്യപ്പെടുത്തി. ബോർഡിംഗ് ഹൌസിലെ രാഷ്ട്ര വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഒരിക്കലും കേൾക്കാനിടയായിട്ടില്ല എന്നും ബൂത്തിന്റെ അവിടുത്തെ സന്ദർശനങ്ങൾ വെരും ഹ്രസ്വമായിരുന്നുവെന്നും അന്ന വെളിപ്പെടുത്തി. തന്റെ മാതാവിന്റെ കാഴ്ച്ച ശക്തിക്കു തകരാറുണ്ടായിരുന്നതിനാൽ പവലിനെ തിരിച്ചറിയുന്നതിൽ മാതാവിനു സംഭവിച്ച പരാജയത്തെക്കുറിച്ചും  അന്ന സാക്ഷ്യപ്പെടുത്തി. അഗസ്റ്റ ഹോവെൽ, ഹൊണോറ ഫിറ്റ്സ്പാട്രിക് എന്നീ മുൻ വാല്യക്കാരിയും അടിമയും മേരി സറാട്ടിന്റെ കാഴ്ച്ചക്കുറവിനേക്കുറിച്ചു സാക്ഷ്യം പറഞ്ഞു. മുൻ വാല്യക്കാരിയും അടിമയും മേരി സറാട്ട് യൂണിയൻ സൈനികർക്ക് ഭക്ഷണം നൽകിയിരുന്നതായും വെളിപ്പെടുത്തി. കോടതിയിലെ വിസ്താരത്തിന്റെ അവസാനത്തിൽ, അവരുടെ യൂണിയനോടുള്ള കൂറും അടിയുറച്ച ക്രിസ്തീയവിശ്വാസവും ദയാവായ്പുകളും സാക്ഷ്യപ്പെടുത്തുന്നതിന് അനേകർ വിളിക്കപ്പെടുകയും വിസ്തരിക്കപ്പെടുകയും ചെയ്തു. പ്രോസിക്യൂഷൻ പ്രതിവാദം നടത്തുമ്പോൾ, ഗവൺമെന്റ് അഭിഭാഷകർ തങ്ങളുടെ നിലപാടിനെ സാധൂകരിക്കുവാൻ നാലു സാക്ഷികളെ വിളിക്കുകയും അവർ വീച്ചമാന്റേത് വിശ്വാസയോഗ്യായ പ്രസ്താവനകളാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

പ്രതിഭാഗത്തിന്റെ അവസാന വാദം അവതരിപ്പിച്ചത് ജോൺസണും ഐക്കനും ചേർന്നായിരുന്നു. ഒരു സിവിലിയൻ കോടതിക്കെതിരേ ഒരു മിലിട്ടറി ട്രിബ്യൂണലിനുള്ള അധികാരത്തെ ജോൺസൺ ചോദ്യംചെയ്തു. മഡ്ഡിന്റെ അഭിഭാഷകനും ഇതേകാര്യത്തെത്തന്നെ ചോദ്യം ചെയ്തിരുന്നു.  കോടതിയുടെ അധികാരപരിധിയെയും ഐക്കൻ വെല്ലുവിളിച്ചിരുന്നു. ലോയ്ഡ്, വീച്ച്മാൻ എന്നിവർ അവിശ്വസനീയരായ സാക്ഷികളാണെന്നും സറാട്ടിനെതിരേയുള്ളതെല്ലാം സാഹചര്യത്തെളിവുകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിങ്കണെ വധിക്കാനുള്ള ഗൂഢാലോചനയിലേക്ക് സറാട്ടിനെ ബന്ധിപ്പിക്കുന്ന ഒരേയൊരു തെളിവ് ലോയ്ഡ്, വിച്ച്മാൻ തുടങ്ങിയവരുടെ സാക്ഷ്യപ്പെടുത്തലുകളിൽനിന്നു മാത്രമാണെന്നും രണ്ടുപേരും കള്ളസാക്ഷ്യമാണു പറഞ്ഞതെന്നും അദ്ദേഹം സമർത്ഥിച്ചു. (ഡൊറോത്തി കുൻഹാർഡ്റ്റ് എഴുതിയിരിക്കുന്നത് രണ്ടാമന്റെ കള്ള സാക്ഷ്യം യുദ്ധകാര്യ സെക്രട്ടറി എഡ്വിൻ എം. സ്റ്റാൻഡന്റെ പ്രേരണയാലാണെന്നു തെളിവുണ്ടെന്നാണ്).

ജഡ്ജി അഡ്വക്കറ്റ് ജോൺ ബിംഗ്ഹാം പ്രോസിക്യൂഷനുവേണ്ടിയുള്ള ക്ലോസിംഗ് വാദം അവതരിപ്പിച്ചു. വിചാരണയുടെ തുടക്കം മുതൽ കേസ് ഈ മിലിട്ടറി കോടതിയുടെ അധികാരത്തിലായിരുന്നതുകൊണ്ടു മാത്രമല്ല ഒരു സൈനിക അധികാര പരിധിയിലുള്ള പ്രദേശത്തു യുദ്ധകാലത്തു നടന്ന കുറ്റകൃത്യമായിരുന്നതിനാലും ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥർക്കെതിരെ നടന്ന രാജ്യദ്രോഹ പ്രവർത്തനങ്ങളായതിനാലും ഈ കേസിൽ ഒരു സൈനിക കോടതിക്ക് അധികാര പരിധിയുണ്ട് എന്ന് അദ്ദേഹം വാദിച്ചു. ഗൂഢാലോചന നടന്നത് സറാട്ട് ബോർഡിങ് ഹൗസിലാണെന്നും അറ്റ്സെറോഡ്റ്റ്, ബോത്ത്, പവൽ എന്നിവരെല്ലാംതന്നെ സറാട്ടുമായി കണ്ടുമുട്ടിയിരുന്നുവെന്നും ബിംഗ്ഹാം ചൂണ്ടിക്കാട്ടി. സറാട്ട് ഓരോ തവണ സറാട്ട്വില്ലെയിലേയ്ക്കു വാഹനം വാടകക്കെടുത്തു പോകുമ്പോഴും ബൂത്ത് പണം കൊടുത്തിരുന്നു. സറാട്ടിന്റെ ഈ യാത്രകൾ ഗൂഢാലോചനയിൽ നിർണ്ണായകമായിരുന്നുവെന്നു തെളിവുകൾ ഉണ്ടായിരുന്നും അദ്ദേഹം പറഞ്ഞു. ലോയ്ഡിന്റെ മൊഴി കൃത്യത്തിൽ പങ്കെടുത്ത മറ്റുള്ളവരെ ശരിവെക്കുന്നതാണെന്ന് ബിങ്ഹാം പറഞ്ഞു. അതുപോലെതന്നെ മദ്യശാലയിലെ ആയുധങ്ങൾ മറച്ചുവച്ചിരിക്കുന്ന സ്ഥലം വെളിപ്പെടുത്താനുള്ള അയാളുടെ വൈമുഖ്യം വാടകക്കാരനെന്ന നിലയിൽ ലോയ്ഡിന് സറാട്ടിനോടുള്ള വിധേയത്വവുമായിരിക്കാമെന്ന് ബിംഗ്ഹാ പറഞ്ഞു. സറാട്ടിനെ തേടി പവൽ സറാട്ട് ഹൗസിൽ പവൽ തിരിച്ചെത്തിയതു മാത്രംമതി അവർ കുറ്റക്കാരിയെന്നു തെളിയിക്കാനെന്നും ഗൂഢാലോചനാ നിയമപ്രകാരം ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തിലെ എല്ലാ ഗൂഢാലോചനക്കാരും അതേ കുറ്റകൃത്യത്തിൽ ഒരുപോലെ കുറ്റവാളികളാണെന്നുമുള്ള ഗവൺമെന്റിന്റെ പ്രധാന വാദമുഖങ്ങളോടെ ബിങ്ഹാം പറഞ്ഞവസാനിപ്പിച്ചു.

1865 ജൂൺ 28-ന് വിചാരണ അവസാനിച്ചു. വിചാരണയുടെ അവസാന നാലു ദിവസങ്ങളെയാണ് സറാട്ടിനു കടുത്ത അസുഖം ബാധിക്കുകയും തടവടയിൽത്തന്നെ കഴിയുവാൻ അവരെ അനുവദിക്കുകയും ചെയ്തിരുന്നു.  ചരിത്രകാരനായ റോയ് ഇസഡ് ചാംലിയുടെ അഭിപ്രായത്തിൽ, ഇരുവിഭാഗങ്ങളിലെ വാദങ്ങളിലും പഴുതുകളുണ്ടായിരുന്നു. റിവേർഡ് ജോൺസന്റെ കാര്യത്തിലൊഴികെ,  അതിയായ വൈദഗ്ദ്യമുള്ള അറ്റോർണിമാർ രണ്ടുവിഭാഗത്തിലും ഉൾപ്പെട്ടിരുന്നില്ല. ലോയ്ഡും സറാട്ടുമായി സംഭാഷണത്തിലേർപ്പെട്ട സമയം ലോയ്ഡിനോടൊപ്പം വണ്ടിയിൽ സഹയാത്ര ചെയ്തുവെന്ന പറഞ്ഞയാളെ ഒരു സാക്ഷിയെന്ന നിലയിൽ ഹാജരാക്കാൻ സാധിക്കാതെയിരുന്നത് സർക്കാരിന്റെ കേസ് ദുർബ്ബലപ്പെടുത്തിയിരുന്നു. അതുപോലെതന്നെ ലോയ്ഡിന്റെ വെളിപ്പെടുത്തലിലെ “വെടിക്കോപ്പുകൾ തയ്യാറാണ്” എന്ന കഥയുടെ നിജസ്ഥിതിയോ ആദ്യകാലങ്ങളിൽ ഏറ്റവുമധികം വിജയകരമായ അന്വേഷണങ്ങൾ നടത്തിയ മെട്രോപോളിറ്റൻ പോലീസ് മേധാവി എ.ആർ. റിച്ചാർഡ്സിന്റെ അന്വേഷണങ്ങളോ തെളിയിക്കുവാനും പ്രോസിക്യൂഷനു സാധിച്ചിരുന്നില്ല. സറാട്ടുമായുള്ള ബൂത്തിന്റെ കണ്ടുമുട്ടൽ നടന്നത് ഉച്ചയ്ക്കാണോ അല്ലെങ്കിൽ കൊലപാതകത്തിന്റെയന്നു വൈകുന്നേരമാണോ എന്ന കാര്യത്തിലും സർക്കാർ പൂർണമായി അന്വേഷണം നടത്തിയില്ല. സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തത് ശരിയായി തയ്യാറെടുക്കാതെയും ദുർബലവുമായിട്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ടത്, ചരിത്രകാരനായ റോയ് സി. ചേമ്പർ ജൂനിയർ പറയുന്നതനുസരിച്ച്, ജോൺ ജൂണിയറിനെ പിടികൂടാനുള്ള ഗവണ്മെന്റിന്റെ ശ്രമവും വിഫലമായിയെന്നുള്ളതാണ്. പ്രതിവിഭാഗത്തിന്റെ കേസിലും ഒരു പ്രശ്നമുണ്ടായിരുന്നു. മേരിയുടെ മദ്യശാലയിലേയ്ക്കുള്ള അവസാനത്തെ സന്ദർശനത്തിന്റെ കാര്യത്തിൽ വീച്ച്മാന്റെ മൊഴിയിലെ കാലഗണനയിലെ വൈരുദ്ധ്യത്തെ പ്രതിവിഭാഗം ഒരിക്കലും പിന്തുടരുകയോ അന്വേഷിക്കുകയോ ചെയ്തില്ല. ഇതുവഴി  വീച്ച്മാന്റെ മൊഴിയുടെ വിശ്വാസ്യതക്കു മുഴുവൻ  തുരങ്കം വയ്ക്കാമായിരുന്നു.

സൈനിക ട്രൈബ്യൂണൽ ജൂൺ 29 നും 30 നും കുറ്റക്കാർക്ക് ശിക്ഷ വിധിച്ചു. സറാട്ടിന്റെ കുറ്റം രണ്ടാം ഘട്ടത്തിലാണു പരിഗണിക്കപ്പെട്ടത്. അവരുടെ കേസിൽ തെളിവുകളുടേയും സാക്ഷികളുടെ വിശ്വസനീയതകളുടേയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജൂൺ 30 നാണ് ശിക്ഷ വിധിച്ചത്. സൈനിക കോടതി രണ്ടു കുറ്റങ്ങളൊഴികെ ബാക്കി എല്ലാ കുറ്റങ്ങളിലും അവർ കുറ്റവാളിയെന്നു വിധിച്ചു ന്യായാധിപന്മാരുടെ ഒമ്പത് വോട്ടിൽ ആറുപേർ വധശിക്ഷയാണ് ആവശ്യപ്പെട്ടത്.  ഫെഡറൽ ഗവൺമെൻറ് വധ ശിക്ഷക്കു വധിച്ച ആദ്യത്തെ വനിതയായിമാറി സറാട്ട്. ജൂലായ് അഞ്ചിനാണ് ഈ വിധിയുടെ പൊതുപ്രഖ്യാപനം ഉണ്ടായത്. പവൽ ഈ വിധിയെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് എല്ലാ കുറ്റങ്ങളിലും സറാട്ട് പൂർണമായും നിരപരാധിയാണെന്നാണ്. വധശിക്ഷയ്ക്ക് മുമ്പുള്ള രാത്രിയിൽ, സറാട്ടിന്റെ പുരോഹിതന്മാരും അന്ന സറാട്ടും പവലിനെ സന്ദർശിക്കുകയും അയാളിൽനിന്നു മേരി നിരപരാധിയായാണെന്നു പ്രഖ്യാപിക്കുന്ന ശക്തമായ ഒരു പ്രസ്താവന പുറത്തുകൊണ്ടുവന്നു. വധശിക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്ന ക്യാപ്റ്റൻ ക്രിസ്ത്യൻ റാത്തിന് ഈ വിവരം കൈമാറ്റം ചെയ്യപ്പെട്ടിരുന്നെങ്കിലും പവലിന്റെ പ്രസ്താവന മേരി സറാട്ടിന്റെ മരണശിക്ഷയെ തടയാൻ അധികാരമുള്ള ഒരുത്തരെയും സ്വാധീനിച്ചില്ല. ഗൂഢാലോചനയിലേയ്ക്ക് അവരെ കൂടുതൽ ഉൾപ്പെടുത്തുന്ന രീതിയിൽ ജോർജ് അറ്റ്സെറോഡ്റ്റ് അവളെ പുഛിച്ചു സംസാരിച്ചു. സറാട്ടിനെ ഗൂഢാലോചനയിൽനിന്ന് ഒഴിവാക്കുന്ന പ്രസ്താവന നടത്തിയ കുറ്റവാളികളിലെ ഒരേയൊരാൾ പവൽ മാത്രമായിരുന്നു.

ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ജോസഫ് ഹോൾട്ടിനോട് മാതാവിന്റെ ജീവനുവേണ്ടി അന്നാ സർറാത്ത് ആവർത്തിച്ച് അപേക്ഷിച്ചുവെങ്കിലും ദയാവായ്കപു നൽകാൻ വിസമ്മതിക്കപ്പെട്ടു.  ദയാഹർജിക്ക് വേണ്ടി അപേക്ഷിക്കാനായി പ്രസിഡന്റ് ആൻഡ്രൂ ജോൺസണെ പല തവണ കാണുവാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കാണാൻ ഒരിക്കലും അനുവദിക്കപ്പെട്ടില്ല

സറാട്ടിന്റെ പ്രായവും ലിംഗവും പരിഗണിച്ച് ശിക്ഷയിൽ ഇളവുണ്ടാകണമെന്നും മരണശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യണമെന്നും കാണിച്ച് ഒൻപതു ജഡ്ജിമാരിൽ അഞ്ചുപേർ ഒപ്പുവച്ച ഒരു കത്ത് പ്രസിഡന്റ് ജോൺസണ് കൊടുക്കുവാൻ തയ്യാറാക്കിയിരുന്നു. സറാട്ടും മറ്റുള്ളവരു തൂക്കിക്കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ്, അതായത് ജൂലൈ 5 വരെ ഹോൾട്ട് ഈ കത്ത് ജോൺസണു കൈമാറിയില്ല. വധശിക്ഷ നടപ്പാക്കാനുള്ള നിർദ്ദേശം ജോൺസൻ ഒപ്പിട്ടെങ്കിലും സറാട്ടിന്റെ ദയാഹർജിക്കുവേണ്ടി ഉത്തരവിട്ടില്ല. ജോൺസൺ പിന്നീടു പറഞ്ഞത് അദ്ദേഹം ഒരിക്കലും ഈ ദയാഹർജി കണ്ടിട്ടില്ലെന്നാണ്. എന്നാൽ ഹോൾട്ട് വാദിക്കുന്നത് താൻ ദയാഹർജി ജോൺസണെ കാണിച്ചുവെന്നും ഒപ്പിടാൻ വിസമ്മതിച്ചുവെന്നുമാണ്.

വധശിക്ഷ തിരുത്തുക

വധശിക്ഷക്കു വിധിക്കപ്പെട്ടവരെ തൂക്കിലേറ്റുന്നതിനുള്ള കഴുമരങ്ങളുടെ നിർമ്മാണം ജൂലൈ 5 ന് വധശിക്ഷയ്ക്കുള്ള ആജ്ഞാപത്രം ഒപ്പിട്ട ഉടൻതന്നെ ആരംഭിച്ചു. ആയുധപ്പുര വളപ്പിനു തെക്കുഭാഗത്തായി 12 അടി (3.7 മീറ്റർ) ഉയരത്തിലും, 20 ചതുരശ്ര അടി (1.9 ചതുരശ്ര മീറ്റർ) വലിപ്പത്തിലുമാണ് ഇവ നിർമ്മിച്ചത്. വധശിക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്കു മേൽനോട്ടം വഹിച്ചിരുന്ന റാത്ത് ആണ് കുരുക്കുകൾ നിർമ്മിച്ചത്. കുരുക്കുകൾ നിർമ്മിച്ചു മടുത്ത റാത്ത്,  ഒരു വനിതയെ സർക്കാർ ഒരിക്കലും തൂക്കിലിടുകയില്ലെന്ന് ചിന്തിക്കുകയും  സറാട്ടിനുവേണ്ടിയുള്ള കുരുക്ക് തൂക്കിക്കൊലയുടെ തലേന്നു രാത്രി മാത്രം നിർമ്മിക്കുകയും  സാധാരണയായുള്ള ഏഴു കെട്ടുകൾക്കു പകരം കുരുക്കിൽ അഞ്ചു കെട്ടുകൾ മാത്രം ഉൾപ്പെടുത്തുകയും ചെയ്തു. ആ രാത്രിയിൽത്തന്നെ അയാൾ കൊലക്കയറുകളിൽ ചാക്കിനുള്ളിൽ ഭാരം നിറച്ച് (വെടിത്തിരകൾ) ഒരു വൃക്ഷ ശാഖയിൽ കെട്ടി താഴേയ്ക്കിട്ട് പരീക്ഷിച്ചിരുന്നു.  അന്ധവിശ്വാസാധിഷ്‌ഠിതമായ ഭീതിയാൽ സാധാരണ തൊഴിലാളികൾ ശവക്കുഴിയെടുക്കാൻ മടിച്ചിരുന്നു.  അതിനാൽ ആയുധപ്പുരയിലെ പട്ടാളക്കാരുടെയിടയിലെ സന്നദ്ധസേവകരുടെ സേവനം റാത്ത്  ആവശ്യപ്പെടുകയും അവർ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സഹായം നൽകുകയും ചെയ്തു.

ജൂലൈ 6 ന് ഉച്ചയ്ക്കു തന്നെ സറാട്ടിനെ അടുത്ത ദിവസം തൂക്കിലേറ്റാൻ പോവുകയാണെന്ന് അവരെ അറിയിച്ചിരുന്നു. സറാട്ട് വിങ്ങിക്കരയുകയും ഏറെ കണ്ണീരൊഴുക്കുകയും ചെയ്തു. രണ്ടു കത്തോലിക്കാ പുരോഹിതന്മാരും (ജേക്കബ് വാൾട്ടർ, ബി.എഫ്.വിഗറ്റ്), മകൾ അന്നയും സറാട്ടിനൊപ്പം നിലയുറപ്പിച്ചു.  ഫാദർ ജേക്കബ് അവരുടെ മരണസമയംവരെ അടുത്തുണ്ടായിരുന്നു. അവളുടെ ശാരീരികമായ പ്രശ്നങ്ങൾ കൂടുതൽ വഷളായി. അവർക്ക് സന്ധികൾ കോച്ചിവലിക്കലും കഠിനമായ വേദനയും അനുഭവിച്ചിരുന്നതിനാൽ  ജയിൽ ഡോക്ടർ അവർക്ക് വീഞ്ഞും മരുന്നും നൽകിയിരുന്നു. തന്റെ നിരപരാധിത്വം അവർ പലതവണ ആവർത്തിച്ചു പറഞ്ഞു. അവർ രാത്രി കിടക്കയിൽ കഴിച്ചുകൂട്ടി. വിലപിക്കുകയും ഞരങ്ങുകയും ചെയ്തു.   സഭാ പുരോഹിതന്മാർ അവരെ ശുശ്രൂഷിച്ചു. അന്ന ജൂലെ 7 ന് എട്ടു മണിയോടെ  മാതാവിന്റെ അരികിൽനിന്നു പോകുകയും  വൈറ്റ് ഹൗസിൽ അമ്മയുടെ ജീവനുവേണ്ടി ഒരു അവസാനവട്ട അപേക്ഷ സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. അവളുടെ യാചന നിരസിക്കപ്പെടുകയും അവൾ ജയിലിലേയ്ക്കു തിരിച്ചു ചെല്ലുകയും മാതാവിനെ പാർപ്പിച്ചിരുന്ന തടവറയിൽ ഏകദേശം പകൽ 11 മണിയോടെ എത്തുകയും ചെയ്തു. സൈനികർ തൂക്കുമരങ്ങൾ പരിശോധിക്കുകയും  ഇതിന്റെ ശബ്ദം തടവുകാരുടെ ചെവിയിൽ പതിച്ചതോടെ അവരുടെ ആത്മധൈര്യം ചോർന്നു പോകുകയും ചെയ്തു.  മദ്ധ്യാഹ്നത്തിനുമുൻപുതന്നെ മേരി സറാട്ടിനെ അവരുടെ സെല്ലിൽ നിന്നും പുറത്തേക്കു കൊണ്ടുപോകുകയും ആയുധപ്പുരവളപ്പിന്റെ വാതിലിനു സമീപം ഒരു കസേരയിൽ ഇരിക്കാൻ അനുവദിക്കുകയും ചെയ്തു. ആ ദിവസം നഗരത്തിലെ ചൂട് ദുസ്സഹമായിരുന്നു. ഉച്ചയോടെ, ചൂട് 92.3 ° F (33.5 ° C) ലേയ്ക്ക് എത്തിയിരുന്നു. എല്ലാ സന്ദർശകരോടും 12:30 ന് സ്ഥലത്തുനിന്നു ഒഴിഞ്ഞുപോകുവാൻ കാവൽക്കാർ ആവശ്യപ്പെട്ടു.  മാതാവിന്റെ സമീപത്തു നിൽക്കാൻ  നിർബന്ധിതയായ അന്നയുടെ അപസ്മാര ബാധിതയേപ്പോലെയുള്ള നിലവിളി ജയിൽവളപ്പിൽ മുഴുവൻ മുഴങ്ങിക്കേട്ടു.

എന്നിരുന്നാലും ക്ലാമ്പിറ്റ്, ഐയ്ക്കൻ എന്നിവർ അവരുടെ കക്ഷിയെ രക്ഷിക്കാനുള്ള ശ്രമം അവസാനിപ്പിച്ചിരുന്നില്ല.  

അവലംബം തിരുത്തുക

  1. Cashin, p. 287.
  2. Trindal, p. 13.
  3. Larson, p. 11.
  4. Griffin, p. 152.
  5. Buchanan, p. 60.
  6. Cashin, p. 287.
  7. "Surratt, Mary," in The New Encyclopædia Britannica, p. 411.
  8. Steers, 2010, p. 516.
  9. Griffin, p. 152.
  10. Buchanan, p. 60.
  11. Johnson, p. 96.
  12. Heidler, Heidler, and Coles, p. 1909.
  13. Phelps, p. 709.
  14. Griffin, p. 152.
  15. Buchanan, p. 60.
  16. Van Doren and McHenry, p. 1010.
  17. "Surratt, Mary," in The New Encyclopædia Britannica, p. 411.
  18. Trindal, p. 13.
  19. Larson, p. 11.
  20. Cashin, p. 287.
  21. Trindal, p. 13.
  22. Larson, p. 11.
  23. Trindal, p. 14.
  24. Larson, p. 11.
  25. "Surratt, Mary E. Jenkins (1823–1865)" in Women in the American Civil War, p. 532.
  26. Leonard, p. 43.
  27. Cashin, p. 287.
  28. Trindal, p. 14.
  29. Larson, p. 11.
  30. Larson, p. 11.
  31. "Surratt, Mary E. Jenkins (1823–1865)" in Women in the American Civil War, p. 532.
  32. Cashin, p. 287.
  33. Trindal, p. 17.
  34. Cashin, p. 287.
  35. Leonard, p. 43.
  36. Larson, p. 11.
  37. Trindal, p. 17.
  38. Cashin, p. 287.
  39. Leonard, p. 43.
  40. Leonard, p. 43.
  41. Cashin, p. 288.
  42. Larson, p. 12.
  43. Leonard, p. 43.
  44. Cashin, p. 288.
  45. Larson, p. 12.
  46. Trindal, p. 19.
  47. Larson, p. 12.
  48. Trindal, p. 19.
  49. Larson, p. 12.
  50. Leonard, p. 43.
  51. Cashin, p. 288.
  52. Larson, p. 12.
  53. Cashin, p. 288.
  54. Larson, p. 12.
  55. Trindal, p. 20.
  56. Leonard, p. 43.
  57. Cashin, p. 288.
  58. Cashin, p. 288.
  59. One source says it is not clear that they married in a Catholic church. See: Jampoler, p. 25. Another claims they were married in a private home on Good Hope Road in Prince George's County, Maryland. See: Trindal, p. 20.
  60. Larson, p. 12.
  61. Steers, 2001, p. 138-40.
  62. Trindal, p. 20, 22.
  63. Gillespie, p. 68.
  64. Schroeder-Lein and Zuczek, p. 286.
  65. Boritt and Forness, p. 351.
  66. Cashin, p. 291.
  67. Verge, p. 51.
  68. Turner, p. 155.
  69. Trindal, p. 147.
  70. Watts, p. 89-90; Federal Writers' Project, p. 326.
  71. Trindal, p. 147.
  72. Jampoler, p. 21.
  73. Jampoler, p. 21.
  74. Watts, p. 91.
  75. Watts, p. 88.
  76. Turner, p. 158-159.
  77. Chamlee, p. 440.
  78. Chamlee, p. 440.
  79. Chamlee, p. 440.
"https://ml.wikipedia.org/w/index.php?title=മേരി_സറാട്ട്&oldid=3265516" എന്ന താളിൽനിന്ന് ശേഖരിച്ചത്